Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിമാന വിവാദ കേസിൽ പ്രതികൾ 23 വരെ പൊലീസ് കസ്റ്റഡിയിൽ; പ്രതികളെ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കരുതെന്നും മൂന്നാം മുറ പ്രയോഗിക്കരുതെന്നും കോടതി

വിമാന വിവാദ കേസിൽ പ്രതികൾ 23 വരെ പൊലീസ് കസ്റ്റഡിയിൽ; പ്രതികളെ  മാനസികമായോ ശാരീരികമായോ പീഡിപ്പിക്കരുതെന്നും മൂന്നാം മുറ പ്രയോഗിക്കരുതെന്നും കോടതി

അഡ്വ.പി.നാഗരാജ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതിന് പൊലീസെടുത്ത വ്യോമയാന - വധശ്രമ കേസിൽ ഈ മാസം 23 വരെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകി. പ്രതികളെ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കരുതെന്നും മൂന്നാം മുറ പ്രയോഗിക്കരുതെന്നും കോടതി അന്വേഷണ ഉദ്യോഗസ്ഥന് നിർദ്ദേശം നൽകി.

പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന പൊലീസ് അപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി. വി.ബാലകൃഷ്ണൻ അനുവദിക്കുകയായിരുന്നു. വ്യോമയാന കേസ് കേൾക്കാൻ തലസ്ഥാന ജില്ലയിൽ ഡെസിഗ്‌നേറ്റഡ് സ്‌പെഷ്യൽ കോടതി രൂപീകരിച്ചിച്ചതായ ഗസറ്റ് നോട്ടിഫിക്കേഷൻ ഇല്ലെന്ന് സർക്കാർ കോടതിയിൽ ബോധിപ്പിച്ചു. നോട്ടിഫിക്കേഷൻ ഉണ്ടെങ്കിൽ ചൊവ്വാഴ്ച ഹാജരാക്കാൻ കോടതി ഉത്തരവിട്ടിരുന്നു. അപ്രകാരം നോട്ടിഫിക്കേഷൻ ഇല്ലെങ്കിൽ മാത്രമേ ഈ കോടതിക്ക് സ്‌പെഷ്യൽ കോടതിയുടെ അധികാരം പ്രയോഗിച്ച് ഈ കേസിൽ വാദം കേൾക്കാനും വിചാരണ ചെയ്യാനും സാധിക്കൂവെന്ന് വ്യക്തമാക്കിയ കോടതി പ്രതികളെ ജയിലിലേക്ക് തിരിച്ചയച്ചിരുന്നു. പ്രതികളെ ചൊവ്വാഴ്ച ഹാജരാക്കാനും ഇയിൽ സൂപ്രണ്ടിന് നിർദ്ദേശം നൽകിയത് പ്രകാരം പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു.

ഗൂഢാലോചന തെളിയിക്കാനും കൂടുതൽ പ്രതികൾ കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിനും പ്രതികളെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിനാൽ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകണമെന്നും സർക്കാർ അഭിഭാഷകൻ വെമ്പായം .എ. ഹക്കിം കോടതിയിൽ വാദമുന്നയിച്ചിരുന്നു. ഒളിവിൽ കഴിയുന്ന മൂന്നാം പ്രതിയുടെ ഒളിയിടം കണ്ടു പിടിക്കുന്നതിനും സാക്ഷികളെ കാണിച്ച് തിരിച്ചറിയിക്കുന്നതിനും പ്രതികളുടെ സാന്നിദ്ധ്യത്തിലുള്ള അന്വേഷണം അനിവാര്യമായതിനാൽ കസ്റ്റഡി അപേക്ഷ അനുവദിക്കണമെന്നും ബോധിപ്പിച്ചു.

അതേസമയം രാഷ്ട്രീയ എതിരാളികളെ ഉന്മൂലനാശനം ചെയ്യാൻ സർക്കാർ സ്വാധീനത്താൽ പൊലീസ് തിരക്കഥയിൽ വ്യാജ വധശ്രമക്കുറ്റമാരോപിച്ച് ഫിറ്റ് ചെയ്ത് എടുത്ത കള്ളക്കേസാണിതെന്നും പ്രതികൾ ബോധിപ്പിച്ചു. മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ഹവാല - അഴിമതി ആരോപണങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനും അഴിമതിയാരോപണം നേരിടുന്ന മുഖ്യമന്ത്രിക്ക് വില കുറഞ്ഞ പബ്ലിസിറ്റിയും വ്യാജ ഇമേജും സൃഷ്ടിക്കാൻ മെനഞ്ഞെടുത്ത കള്ളക്കേസാണിത്.

നിരായുധരായും സമാധാനപരമായും യാതൊരു ദേഹോപദ്രമോ നാശനഷ്ടമോ വരുത്താതെ വിമാനത്തിനുള്ളിൽ വെറും മുദ്രാവാക്യം മാത്രം വിളിച്ച് പ്രതിഷേധിച്ച തങ്ങൾക്കെതിരെ വധശ്രമക്കേസ് നിലനിൽക്കില്ല. വിമാനത്തിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതിന് സിവിൽ ഏവിയേഷൻ നിയമപ്രകാരമുള്ള കുറ്റത്തിന് തങ്ങളെ പൊലീസ് കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യേണ്ട ആവശ്യമില്ല.

വധശ്രമക്കേസ് നിലനിൽക്കണമെങ്കിൽ ശരീരത്തിന്റെ വൈറ്റൽ ഭാഗങ്ങളിലോ ശരീരത്തിലെ ഏതെങ്കിലും അവയവങ്ങൾക്കോ മരണകാരണമായേക്കാവുന്ന മുറിവുകൾ ഉണ്ടാകണം. മുഖ്യമന്ത്രിയുടെ അടുത്ത് പോലും പോകാത്ത തങ്ങൾക്കെതിരെ വധശ്രമമാരോപിച്ച് എടുത്ത കള്ള കേസിൽ തങ്ങളെ കസ്റ്റഡിയിൽ വിട്ടു നൽകേണ്ട ആവശ്യമില്ല. തങ്ങളെ കസ്റ്റഡി ആവശ്യപ്പെടുന്നത് തങ്ങളെ മാനസികമായും ശാരീരികമായി പീഡിപ്പിക്കാനാണ്. അതിനാൽ ചെയ്യാത്ത കുറ്റത്തിനുള്ള കസ്റ്റഡി ആപേക്ഷ തള്ളണമെന്നും പ്രതികൾ ബോധിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP