Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പട്ടിണി മരണം നടന്ന രാജ്യം ഇപ്പോൾ ഭക്ഷ്യ സ്വയം പര്യാപ്തതം; ആളോഹരി വരുമാനം നാലിരട്ടിയായി ഉയർന്നു; ഒരു ദശാബ്ദത്തിലേറെ ആറ് ശതമാനം വാർഷിക വളർച്ച; 2041ഓടെ വികസിത രാജ്യം; രക്ഷിച്ചത് ഇസ്ലാമിക ശാസനകളെ തള്ളി ജോലിക്കിറങ്ങിയ സ്ത്രീകൾ; പാക്കിസ്ഥാൻ പിച്ചയെടുക്കുമ്പോൾ വൻ കുതിപ്പിലേക്ക്; ബംഗ്ലാദേശിന്റെ അതിജീവന കഥ!

പട്ടിണി മരണം നടന്ന രാജ്യം ഇപ്പോൾ ഭക്ഷ്യ സ്വയം പര്യാപ്തതം; ആളോഹരി വരുമാനം നാലിരട്ടിയായി ഉയർന്നു; ഒരു ദശാബ്ദത്തിലേറെ ആറ് ശതമാനം വാർഷിക വളർച്ച; 2041ഓടെ വികസിത രാജ്യം; രക്ഷിച്ചത് ഇസ്ലാമിക ശാസനകളെ തള്ളി ജോലിക്കിറങ്ങിയ സ്ത്രീകൾ; പാക്കിസ്ഥാൻ പിച്ചയെടുക്കുമ്പോൾ വൻ കുതിപ്പിലേക്ക്; ബംഗ്ലാദേശിന്റെ അതിജീവന കഥ!

എം റിജു

ഭൂമിയിലെ നരകം! പത്തുവർഷം മുമ്പുവരെ ലോകത്തിന്റെ മുന്നിൽ ബംഗ്ലാദേശിന്റെ പ്രതിഛായ അതായിരുന്നു. അടിക്കടിയുണ്ടാവുന്ന തീവ്രവാദി ആക്രമങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, സ്ഫോടനപരമ്പരകൾ.... നല്ലതൊന്നും ഈ നാടിനെപ്പറ്റി കേൾക്കാൻ ഉണ്ടായിരുന്നില്ല. ഇസ്ലാമിക മതമൗലികവാദികൾ പുളക്കുന്ന സ്ഥലമായിരുന്നു ഈ രാജ്യം. ഇസ്ലാമിനെ വിമർശിച്ചുവെന്നപേരിൽ അഭിഷേക് മുഖർജിയെന്ന യുക്തിവാദിയെയൊക്കെ പരസ്യമായി തലയറുത്തുകൊന്ന രാജ്യം. അങ്ങനെയാണ് ഭൂമിയിലെ നരകം എന്ന പേര് ബംഗ്ലാദേശിന് കൈവന്നത്. എന്നാൽ ഇന്ന് ബംഗ്ലാദേശ് പഴയ ബംഗ്ലാദേശല്ല. കെടുതികളിൽനിന്ന് പുരോഗതിയിലേക്ക് കുതിക്കുകയാണ ഈ കൊച്ചു രാഷ്ട്രം.

ലോകത്ത് എറ്റവും വേഗത്തിൽ വളരുന്ന രാജ്യമായി ഇന്ത്യയെയാണ് എഡിബി കണക്കാക്കിയിരുന്നത്. പക്ഷേ തൊട്ടുപിന്നിൽ ബംഗ്ലാദേശ് ഉണ്ട്. 71ൽ സ്വതന്ത്രമായപ്പോൾ പട്ടിണി മരണം നടന്ന രാജ്യം ഇപ്പോൾ ഭക്ഷ്യ സുരക്ഷിതമാണ്. ആളോഹരി വരുമാനം നാലിരട്ടിയായി ഉയർന്നു. ഒരു ദശാബ്ദത്തിലേറെ ആറ് ശതമാനം വാർഷിക വളർച്ചയുണ്ടാക്കി ബംഗ്ലാദേശ് ലോകത്തെ ഞെട്ടിക്കുകയാണ്. ഇക്കണക്കിന് പോവുകയാണെങ്കിൽ 2041ഓടെ ബംഗ്ലാദേശ് പുർണ്ണമായും ഒരു വികസിത രാജ്യമായി മാറുമെന്നും വിലയിരുത്തലുകൾ ഉണ്ട്.


ഒരു സാമ്പത്തിക മാജിക്ക്

നോക്കണം തൊട്ട് അയൽപക്കത്തെ രാജ്യങ്ങളെക്കൊ സാമ്പത്തിക പ്രതിസന്ധിയിൽ കൈകാലിട്ട് അടിക്കുമ്പോഴാണ്, ബംഗ്ലാദേശ് ഈ രീതിയിൽ മുന്നേറുന്നത് എന്നോർക്കണം. ബംഗ്ലാദേശിന്റെ കൂടി മാതൃരാജ്യമായിരുന്നു പാക്കിസ്ഥാൻ അക്ഷരാർഥത്തിൽ പിച്ചയെടുക്കേണ്ട പരിതാപകരമായ അവസ്ഥയാണ്. ശ്രീലങ്കയിൽ ആവട്ടെ ഒരു ചായക്ക് 240 രൂപവരെ വില ഉയർന്ന് ജനം തെരുവിലിറങ്ങി കലാപം നടത്തുകയാണ്. തൊട്ടടുത്ത നിൽക്കുന്ന നേപ്പാളിനും ഏതാണ്ട് സമാനമായ അവസ്ഥയാണ്. ഈ രീതിയിൽ നോക്കുമ്പോൾ ശരിക്കും ഒരു സാമ്പത്തിക മാജിക്ക് തന്നെയാണ് ബംഗ്ലാദേശിൽ സംഭവിച്ചിരിക്കുന്നത്.

ഇന്ത്യയിൽ 140 കോടി ജനസംഖ്യയുണ്ടെങ്കിൽ ബംഗ്ലാദേശിൽ 16.5 കോടിയേ ഉള്ളൂ.
പക്ഷേ ഇന്ത്യയുടെ മൂന്നിരട്ടി ജനസാന്ദ്രതയുള്ള രാജ്യമാണ് ബംഗ്ലാദേശ്. നമ്മുടെ തമിഴ്‌നാടിനേക്കാൾ അൽപ്പം കൂടിമാത്രം വലിപ്പമുള്ള രാജ്യം. 16.5 കോടി ജനം. ജനസാന്ദ്രത ഒരു സ്വകയർ കിലോമീറ്റർ 2650 പേർ എന്ന നിലയിലാണ്. ഇന്ത്യയിൽ നാനൂറ്പേരും. അത്രയും തിങ്ങിനിറഞ്ഞു നിൽക്കുന്ന രാജ്യമാണ് ഈ രീതിയിൽ പുരോഗമിക്കുന്നത് എന്നോർക്കണം. പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയുടെ സഹായത്തോടെ ബംഗ്ലാദേശ 1971ൽ രൂപീകൃതമായപ്പോൾ ,ഹെൻട്രി കിസ്സിംഗർ പറഞ്ഞത് അത് വെറും ബാസ്‌ക്കറ്റ് കേസ് ആണെന്നാണ്. ശരിയാണ,് എണ്ണയില്ല, പ്രകൃതിവാതകമില്ല, കാര്യമായ ധാതുസമ്പത്ത് ഇല്ല. ആകെയുള്ളത് പട്ടിണിയും ദാരിദ്രവും ജനപ്പെരുപ്പവും.

പാക്കിസ്ഥാന്റെ അതിക്രൂരമായ അവഗണയാണ് ബംഗ്ലാദേശിന്റെ പിറവിക്കുപോലും ഇടയാക്കിയത് എന്ന് ഏവർക്കും അറിയാം. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട മുജീബുർ റഹ്മാനെയും അവാമി ലീഗ് പാർട്ടിയെയും ഭരിക്കാൻ പോലും അനുവദിച്ചില്ല. തുടർന്ന് ബംഗാളി നോൺ ബംഗാളി എന്ന രീതിയിൽ രാജ്യം വിഭജിക്കപ്പെട്ടതിനെ തുടർന്നുണ്ടായ ആഭ്യന്തര യുദ്ധത്തിൽ, ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ ഇടപെടുകയും ബംഗ്ലാദേശ് എന്ന രാജ്യം ഉണ്ടാവുകയും ചെയ്തതാണ് ചരിത്രം. 71ൽ ബംഗ്ലാദേശ് ഉണ്ടാകുമ്പോൾ, പാക്കിസ്ഥാൻ ബംഗ്ലാദേശിന്റെ 70 മടങ്ങ് സമ്പന്നമായിരുന്നു. ഇന്ന് ബംഗ്ലാദേശ് പാക്കിസ്ഥാന്റെ 40 ഇരട്ടി സമ്പന്നമാണ്. 2030 പാക്കിസ്ഥാൻ ബംഗ്ലാദേശിൽനിന്ന് കടം വാങ്ങിച്ചു തുടങ്ങുമെന്നാണ് ചില സാമ്പത്തിക വിദഗധർ പറയാറുള്ളത്! അതായത് വിഭജനകാലത്ത് അവഗണനയാണ് ഞങ്ങളുടെ പ്രശ്നം എന്ന് ബംഗ്ലാദേശികൾ പറഞ്ഞത് ശരിയാവുകയാണ്. പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ ഇടക്കിടെ എടുത്തിടുന്ന വിഷയമായിരുന്നു, ബംഗ്ലാദേശിന്റെ സാമ്പത്തിക പുരോഗതി.

എവിടെയാണ് ബംഗ്ലാദേശിന്റെ വിജയം തുടങ്ങുന്നത്. ആദ്യ കൈയടി ഷേക്ക് ഹസീനയുടെ നേതൃത്വത്തിലുള്ള ഗുഡ് ഗവേണൻസിന് കൊടുക്കണം. അടുത്തത്് സ്ത്രീസ്ത്രീ ശാക്തീകരണവും ഗ്രാമീണ ബാങ്കിങ്ങുമാണ്. ഇസ്ലാമിക ആശയങ്ങളിൽ നിന്ന് മാറി ചിന്തിച്ച് സ്ത്രീകൾക്ക് ഗാർമെന്റ്സ് മേഖലയിടക്കം കൂടുതൽ തൊഴിലെടുക്കാൻ തുടങ്ങിയതാണ് ആ രാജ്യം ഈ രീതിയിൽ മാറിയത്.

ചോരയിൽ പിറന്നുവീണ രാഷ്ട്രം

അക്ഷരാർഥത്തിൽ ചോരയിൽ പിറന്നവീണ ഒരു രാജ്യമായിരുന്നു ബംഗ്ലാദേശ്. പാക്കിസ്ഥാൻ ആർമിയും പ്രാദേശികമായ ജമാഅത്തെ ഇസ്ലാമിക്കാരും അത്രയെറെ കൊടിയ പീഡനങ്ങളാണ് ആ രാജ്യത്തോട് ചെയ്്തത്. കാൽലക്ഷത്തോളം ബംഗ്ലാദേശി സ്ത്രീകളെ ഇവർ ബലാത്സഗം ചെത്തുവെന്നാണ് കണക്ക്. പതിനായിരങ്ങളെ കൊന്നൊടുക്കി. ഇന്ത്യൻ സൈന്യം തക്കസമയത്തിന് എത്തിയില്ലായിരുന്നെങ്കിൽ, ജനലക്ഷങ്ങളെ പാക്ക് സൈന്യം കൊന്ന് ഒടുക്കുമായിരുന്നു.

1970ൽ അഭിഭക്ത പാക്കിസ്ഥാന്റെ ഭാഗമായിരിക്കേ, ബംഗ്ലാദേശിൽ വീശിയടിച്ച ചുഴലിക്കൊടുങ്കാറ്റ് 5,00,000 ഓളം ആളുകളുടെ ജീവനെടുത്തു. പാക്ക് നേതൃത്യമാവട്ടെ, രക്ഷാപ്രവർത്തനങ്ങളിൽ വലിയ താൽപ്പര്യം കാണിച്ചില്ല. ഇത് ജനങ്ങളിൽ കടുത്ത അതൃപ്തി വളർത്തി. പാർലമെന്റ് തിരഞ്ഞെടുപ്പിനു ശേഷം ഷേയ്ഖ് മുജീബ് ഉർ റഹ്മാനെ പ്രധാനമന്ത്രിപഥത്തിൽ നിന്നും തഴഞ്ഞതോടെ രോഷം അണപൊട്ടിയൊഴുകി. , ഈ സമയം പ്രസിഡന്റ് യാഹ്യാ ഖാൻ കിഴക്കൻ പാക്കിസ്ഥാനിൽ ഓപ്പറേഷൻ സെർച്ച്‌ലൈറ്റ് നടത്താൻ പദ്ധതിയിടുകയായിരുന്നു. പട്ടാളക്കാരുടെ അഴിഞ്ഞാടലിൽ പല ബംഗാളികൾക്കും ജീവനും സ്വത്തും നഷ്ടമായി. ബുദ്ധിജീവികളും വിദ്യാർത്ഥികളും പീഡിപ്പിക്കപ്പെട്ടൂ. പത്ത് ലക്ഷത്തോളം അഭയാർത്ഥികൾ ഇന്ത്യയിലേക്കു പലായനം ചെയ്തു. പട്ടാളനടപടിയിൽ കൊലചെയ്യപ്പെട്ടവരുടെ എണ്ണം 30,000 മുതൽ 3 ലക്ഷം വരെയാണ്. ഈ സാഹചര്യത്തിലാണ് ഇന്ദിര ദുർഗയാവുന്നതും പാക്കിസ്ഥാനെ തോൽപ്പിച്ച് പുതിയ രാജ്യം പിറക്കുന്നതും.

അതിനുശേഷം 15 വർഷത്തെ പട്ടാളഭരണം. രാജ്യത്തെ 80 ശതമാനം ജനങ്ങളും അന്ന് പട്ടിണിയിലായിരുന്നു. രൂക്ഷമായ ഭക്ഷ്യക്ഷാമം. പോഷകാഹാരക്കുറവിനെ തുടർന്ന് കുട്ടികളുടെ മരണം. ആരോഗ്യ, വിദ്യാഭ്യാസ രംഗം തീർത്തും തകർന്ന നിലയിൽ. പറയത്തക്ക നല്ല വിശേഷങ്ങളൊന്നും കുറേക്കാലത്തേക്ക് അവിടെ നിന്ന് ആരും കേട്ടിരുന്നില്ല. ഇന്ന് രാജ്യം സുവർണജൂബിലി പിന്നിടുമ്പോൾ ബംഗ്ലാദേശ് പഴയ ബംഗ്ലാദേശ് അല്ല. ബംഗ്ലാദേശികൾ പഴയ ബംഗ്ലാദേശികളുമല്ല.

പ്രതികൂല കാലാവസ്ഥയോടും വെല്ലുവിളികളോടും മല്ലടിച്ച ജനത. രാഷ്ട്രീയ അസ്ഥിരതയ്ക്ക് ശേഷം ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിൽ ഇച്ഛാശക്തിയുള്ള ഭരണകൂടത്തിന്റെ തണൽ. അഴിമതിയുടെ കറകളേറെയുണ്ടെങ്കിലും ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നുവെന്ന വിമർശം നിലനിൽക്കുമ്പോഴും ബംഗ്ലാദേശ് കൈവരിച്ച പുരോഗതി കണ്ണുതുറപ്പിക്കുന്നതാണ്. ബംഗ്ലാദേശ് രാജ്യമായി മാറിയപ്പോൾ 98 ശതമാനം വിദേശ സഹായത്തിലാണ് അഭയം തേടിയത്. അത്രയും ഗതികെട്ട അവസ്ഥയിൽ നിന്ന് ഇന്നവർ വാങ്ങുന്ന വിദേശ സഹായം കേവലം മൂന്ന് ശതമാനത്തിന് താഴെ മാത്രമാണെന്ന് അറിയുമ്പോൾ ആ വളർച്ചയുടെ വ്യാപ്തി മനസ്സിലാവും. സ്വയംപര്യാപ്തതയിലേക്കുള്ള കുതിപ്പ്. അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്നാണ് ലോകബാങ്കും ബംഗ്ലാദേശിനെ വിശേഷിപ്പിക്കുന്നത്.

450 ബില്യൺ ഡോളർ സമ്പദ് വ്യവസ്ഥ

മതം പുളക്കുന്ന പാക്കിസ്ഥാനിൽ നിന്ന് വ്യത്യസ്തമായി സ്ത്രീകൾക്ക് വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തും കൊടുത്ത പരിഗണയാണ് ബംഗ്ലാദേശിന് നിർണ്ണയകമായത്. 98 ശതമാനം കുട്ടികളും ഇന്ന് പ്രൈമറി വിദ്യാഭ്യാസം നേടുന്നു. സെക്കൻഡറി സ്‌കൂളുകളിൽ ആൺകുട്ടികളെക്കാൾ കൂടുതൽ പെൺകുട്ടികൾ പഠിക്കുന്നു. 1974 ലിൽ കൊടിയ പട്ടിണിയിലായിരുന്നെങ്കിൽ ഇന്ന് ഭക്ഷ്യ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിച്ചു. 2009 ന് ശേഷം ആളോഹരി വരുമാനം നാലിരട്ടിയായി വർധിച്ചു. അതിദരിദ്രരുടെ നിരക്ക് ഗണ്യമായി കുറഞ്ഞു. അവികസിത രാജ്യത്തിൽ നിന്ന് 2026 ലോടെ വികസ്വര രാജ്യങ്ങളുടെ ഗണത്തിലേക്ക് ബംഗ്ലാദേശ് കടക്കാനുള്ള ഒരുക്കത്തിലാണ് യു.എൻ മാനദണ്ഡമനുസരിച്ച് ഇപ്പോഴത്തെ രീതിയിൽ വളർച്ച തുടർന്നും കൈവരിക്കാനായാൽ 2041 ഓടെ വികസിത രാജ്യങ്ങളുടെ പട്ടികയിൽ ബംഗ്ലാദേശ് ഇടംപിടിച്ചാലും അത്ഭുതപ്പെടാനില്ല.

കോവിഡിന് മുമ്പ് വളർച്ചാനിരക്ക് ഏഴു ശതമാനത്തിന് മുകളിലായിരുന്നു. ഒരു ദശാബ്ദത്തിലേറെ ആറ് ശതമാനം വാർഷിക വളർച്ച സ്ഥായിയായി നിലനിർത്താൻ കഴിഞ്ഞു. ഒന്നല്ല തുടർച്ചയായി നാല് വർഷം ഇന്ത്യ, ചൈന, പാക്കിസ്ഥാൻ എന്നീ അയൽരാജ്യങ്ങളെക്കാൾ കൂടുതൽ വളർച്ചാനിരക്ക് കൈവരിച്ചു.

കോവിഡിന്റെ പിടിയിൽ വളർച്ചാനിരക്ക് ഇടിഞ്ഞെങ്കിലും ഈ വർഷം വീണ്ടും ഏഴ് ശതമാനത്തിലേക്ക് തിരിച്ചെത്തി. ആവർത്തിക്കുന്ന പ്രകൃതി ദുരന്തങ്ങൾ സൃഷ്ടിച്ച വെല്ലുവിളികളേയും മറികടക്കാൻ ആ ജനത പരിശീലിച്ചു. കുടുംബാസൂത്രണം ഫലപ്രദമായി നടപ്പാക്കി. ജനങ്ങൾ ആ സന്ദേശം പോസിറ്റീവായി ഏറ്റെടുത്തു. ഇത്ര കുട്ടികൾ എന്ന നിബന്ധനയോ നിയമമോ ഇല്ലാതെ തന്നെ പ്രത്യുത്പാദന നിരക്ക് 7 ശതമാനത്തിൽ നിന്ന് 2.03 ശതമാനമായി കുറഞ്ഞു. ശിശുമരണനിരക്കും ഗണ്യമായി കുറച്ചുകൊണ്ടുവരാനായി. അരിയുടെ കാര്യത്തിൽ ലോകത്ത് ഉത്പാദനത്തിൽ ഇന്ന് ബംഗ്ലാദേശിന് നാലാം സ്ഥാനമാണ്. പച്ചക്കറികളുടെ കാര്യത്തിൽ മൂന്നാം സ്ഥാനം. മത്സ്യത്തിന്റെ കാര്യത്തിൽ ലോകത്ത് നാലാം സ്ഥാനം. രാജ്യം പിറന്നകാലത്ത് 6 ബില്യൺ ഡോളറായിരുന്നു ജിഡിപിയെങ്കിൽ ഇന്നത് 450 ബില്യൺ ഡോളർ സമ്പദ് വ്യവസ്ഥയായി. 2030 ഓടെ ഇത് ഇരട്ടിയാകുമെന്നാണ് പ്രതീക്ഷ. 2030 ഓടെ ലോകത്തെ 28 ാമത്ത വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്നാണ് വിലയിരുത്തൽ. ബംഗ്ലാദേശിന്റെ വിദേശ നാണ്യശേഖരം 5000 കോടി ഡോളറിനടുത്തെത്തി. 2010 ൽ ഇത് 900 കോടി മാത്രമായിരുന്നു.


രാജ്യം പിറക്കുമ്പോൾ ദുർബലമായ ഒരു കാർഷിക സമ്പദ് രംഗമായിരുന്നു. ഇപ്പോൾ ജിഡിപിയിലേക്ക് ഏറ്റവും അധികം സംഭാവന നൽകുന്നത് വ്യവസായ, സേവന മേഖലകളാണ്. കാർഷിക രംഗത്തിന്റെ സംഭാവന 13 ശതമാനം മാത്രമാണ്. മധ്യപൂർവ ദേശങ്ങളിലേക്കും സിംഗപ്പൂർ മലേഷ്യ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം. ഈ വർഷം രാജ്യം കണക്കുകൂട്ടുന്ന ലക്ഷ്യം 5100 കോടി ഡോളറിന്റെ കയറ്റുമതിയാണ്. വിദേശങ്ങളിൽ തൊഴിൽതേടി പോയ ബംഗ്ലാദേശികൾ കഴിഞ്ഞ സാമ്പത്തിക വർഷം 2470 കോടി ഡോളറാണ് രാജ്യത്തേക്ക് ഒഴുക്കിയത്. ആളോഹരി വരുമാനം കൂടി. ഇന്ത്യയെ വരെ ആളോഹരി വരുമാനത്തിൽ അവർ പിന്തള്ളി. കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യ പക്ഷേ മുന്നിലെത്തി. 38 ഡോളറാണ് വ്യത്യാസം. എന്നാൽ അടുത്ത ആറ് വർഷവും ആളോഹരി വരുമാനത്തിൽ ഇന്ത്യയെക്കാൾ മുന്നിലായിരിക്കും ബംഗ്ലാദേശ് എന്നാണ് ഐഎംഎഫിന്റെ അനുമാനം. പക്ഷേ സമ്പന്നരും പാവങ്ങളും തമ്മിലുള്ള അന്തരം വർധിക്കുന്നു. മറ്റൊരു വെല്ലുവിളി വികസനം പ്രധാനമായും ധാക്കയേയും ചിറ്റഗോങ്ങിലുമായി പരിമിതപ്പെടുന്നു എന്നതാണ് ഇത് നഗര-ഗ്രാമ വേർതിരിവ് വർധിക്കാൻ കാരണമാകുകയും നഗരങ്ങളിൽ ദാരിദ്ര്യം കൂടാനും ഇടയാക്കി.


ഇസ്ലാമിക നയങ്ങളിൽ നിന്ന് ക്യാപിറ്റലിസത്തിലേക്ക്

ഒരു മതേതര രാജ്യമാണെന്ന് പറയുന്നുണ്ടെങ്കിലും 2010ൽ ഷേക്ക് ഹീസന അധികാരത്തിൽ വരുന്നതവരെയും ഇസ്ലാമിക രാജ്യം പോലൊണ് ബംഗ്ലാദേശ് പ്രവർത്തിച്ചത്. ഇപ്പോഴും മതമൗലികവാദികൾക്ക് വൻ സാധ്യതയുള്ള രാജ്യമാണ് ഇത്. പക്ഷേ സ്ത്രീ വിദ്യഭ്യാസം, ബാങ്കിങ്ങ് തുടങ്ങിയ കുറച്ചു കാര്യങ്ങളിൽ ഹസീന ഇസ്ലാമിക നയങ്ങൾ മാറ്റിവെച്ചു.

ബംഗ്ലാദേശിന്റെ പുരോഗതിയിൽ സർക്കാരിന്റെ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ പോലെ തന്നെ എൻജിഒകൾക്കുള്ള പങ്കും എടുത്തുപറയേണ്ടതാണ്. പാവങ്ങൾക്ക് ഈടില്ലാതെ തന്നെ ചെറുകിട വായ്പകൾ നൽകി ഒരു സമൂഹത്തെ സാമ്പത്തിക സ്വയം പര്യാപ്തതയിലേക്ക് നയിച്ച കഥയാണ് ബംഗ്ലാദേശ് ഗ്രാമീൺ ബാങ്കിനും മുഹമ്മദ് യൂനുസിനുമുള്ളത്. അവർ നൽകിയ സേവനം കണക്കിലെടുത്ത് 2006 ൽ ഗ്രാമീൺ ബാങ്കിനും മുഹമ്മദ് യൂനുസിനും സംയുക്തമായി സമാധാനത്തിനുള്ള നൊബേൽ ലഭിച്ചു. ബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കാൻ ശേഷിയുള്ള പണയവസ്തുക്കളോ ഇല്ലാത്ത വലിയൊരു സമൂഹത്തിന് ഇത് നൽകിയ കൈത്താങ്ങ് ചെറുതല്ല. കൊള്ളപ്പലിശക്കാരുടെ കൈയിലെ പണയവസ്തുവായി ജീവിതം നരകിച്ചവർക്ക് അത് വലിയ ആശ്വാസമായി. 27 അമേരിക്കൻ ഡോളറിന് തുല്യമായ തുകയാണ് യൂനുസ് ആദ്യ ഘട്ടത്തിൽ ദരിദ്രരായ സ്ത്രീകൾക്ക് ഈടില്ലാതെ വായ്പ നൽകിയത്

വസ്ത്ര നിർമ്മാണം എന്ന ഒരൊറ്റ വ്യവസായത്തിലൂടെ ബംഗ്ലാദേശ് രക്ഷപ്പെടുകയായിരുന്നു എന്ന് പറഞ്ഞാലും തെറ്റില്ല. 45 ലക്ഷം പേരാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്. ഇന്ന് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ വസ്ത്രകയറ്റുമതി രാജ്യമായി. ലക്ഷക്കണക്കിന് സ്ത്രീകളാണ് ഈ മേഖലയിൽ തൊഴിലെടുക്കുന്നത്. ഇത് സ്ത്രീകൾക്ക് നിശ്ചിത വരുമാനം ഉറപ്പാക്കാനും സ്ത്രീ ശാക്തീകരണത്തിനും അതുവഴി സാമൂഹ്യ പുരോഗതിയുടെ പുതിയ മാതൃകയാകാനും ബംഗ്ലാദേശിന് കഴിഞ്ഞു. ഇന്ന് കയറ്റുമതി വരുമാനത്തിന്റെ 80 ശതമാനത്തിലധികവും ടെക്‌സ്റ്റൈൽ രംഗത്ത് നിന്നാണ്. ജിഡിപിയുടെ 11 ശതമാനം ഈ ഒറ്റ മേഖലയിൽ നിന്ന് മാത്രമാണ്. വസ്ത്ര നിർമ്മാണ യൂണിറ്റുകളുടെ ഒരു സാമ്രാജ്യം തന്നെയാണുള്ളത്. തുടക്കത്തിൽ 300 ഫാക്ടറികളുണ്ടായിരുന്നത്. ഇന്ന് 5000 ത്തിലധികം. തുടക്കത്തിൽ കയറ്റുമതി മൂന്നു കോടി ഡോളറിന്റെ മാത്രമായിരുന്നു. ഇന്ന് 3000 കോടിയിലേറെ രൂപയുടെ കയറ്റുമതിയുണ്ട്. 2005 ന് ശേഷം ചെരുപ്പ് അനുബന്ധ ഉത്പന്നങ്ങളിലേക്കും അവർ ശ്രദ്ധതിരിച്ചു. ഈ മേഖലയിലും വലിയ മുന്നേറ്റമുണ്ടായി. കയറ്റുമതിയിൽ ലക്ഷ്യമിട്ടതിലും മുന്നേറാൻ രാജ്യത്തിനായി. കോവിഡ് തിരിച്ചടിച്ചെങ്കിലും കോവിഡിന് ശേഷവും വളരെ വേഗം തിരിച്ചുവന്നു. കാർഷികം, വ്യവസായം സേവന മേഖല അതോടൊപ്പം റെഡിമെയ്ഡ് വസ്ത്രകയറ്റുമതിയിലൂടെ ലഭിക്കുന്ന കയറ്റുമതി വരുമാനമാണ് രാജ്യത്തിന്റെ പുരോഗതിയുടെ ആണിക്കല്ല്. 80 കളിൽ ഇന്ത്യയെക്കാൾ അഞ്ച് വർഷം മുന്നെ പുതിയ വ്യവസായനയം അവതരിപ്പിച്ചു. ലൈസൻസ് രാജ് അവസാനിപ്പിച്ചു. 50 വർഷം മുമ്പ് വ്യവസായ മേഖലയുടെ ജിഡിപിയിലേക്കുള്ള സംഭാവന കേവലം 13 ശതമാനമായിരുന്നെങ്കിൽ ഇന്നത് 52 ശതമാനമാണ്. ഭക്ഷ്യ ഉത്പന്നങ്ങളുടെ ഉത്പാദനം നാലിരട്ടിയായി. പിന്നെ പ്രവാസികളുടെ പണം.

1984 ലെ ബംഗ്ലാദേശ് ആസൂത്രണ കമ്മീഷന്റെ ഗ്രാമീണ വികസനത്തിനായുള്ള പദ്ധതിരേഖയെ ആധാരമാക്കിയാണ് സർക്കാർ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിൽ നിർണായക ചുവടുവച്ചത്. ടെലികോം രംഗത്തെ പരിഷ്‌കാരങ്ങൾ. ഇന്ന് ജനസംഖ്യയെക്കാൾ കൂടുതൽ മൊബൈൽ ഫോൺ കണക്ഷനുണ്ട്. 2007 ൽ 3700 മെഗാവാട്ട് ഊർജോത്പാദനം 2019 ലേക്കെത്തുമ്പോൾ 13,000 മെഗാവാട്ടായി വർധിച്ചു.

വസ്ത്ര നിർമ്മാണമാണ് ഇന്നത്തെ ബംഗ്ലാദേശിനെ സൃഷ്ടിച്ചതെങ്കിൽ അടുത്ത വളർച്ചയുടെ ഏടായി രാജ്യം ലക്ഷ്യമിടുന്നത് ഫാർമസ്യൂട്ടിക്കൽ മേഖലയാണ്. ടാബ്ലറ്റുകൾ, കാപ്‌സ്യൂളുകൾ, സിറപ്പുകൾ, ഇൻസുലിൻ, ഹോർമോണുകൾ, അർബുദത്തിനുള്ള മരുന്നുകൾ. ആഭ്യന്തര ആവശ്യത്തിനുള്ള 97 ശതമാനം മരുന്നുകളും ഇന്ന് അവിടെ ഉത്പാദിപ്പിക്കുന്നു. ആഗോള വിപണിയിലേക്ക് പ്രത്യേകിച്ച് യൂറോപ്പിലേക്കുമായി 79 രാജ്യങ്ങളിലേക്കാണ് കയറ്റുമതി. ചൈന അടക്കമുള്ള രാജ്യങ്ങളുമായി കരാറിൽ ഏർപ്പെട്ടുകഴിഞ്ഞു. വസ്ത്ര നിർമ്മാണം പോലെ ഫാർമസ്യൂട്ടിക്കൽ രംഗം കയറ്റുമതി വരുമാനം ഗണ്യമായ തോതിൽ ഉയർത്താനുള്ള പദ്ധതികൾക്കാണ് സർക്കാർ ഊന്നൽകൊടുക്കുന്നത്. മെഡിസിൻ പഠനത്തിന്റെ കേന്ദ്രമായും ബംഗ്ലാദേശ് മാറുന്നു.. ഇപ്പോഴത്തെ ഭൂട്ടാൻ പ്രധാനമന്ത്രി വരെ ബംഗ്ലാദേശിൽ മെഡിസിൻ പഠിച്ചതാണ്. ദക്ഷിണേഷ്യയുടെ ഐ.ടി ഹബ്ബായി മാറാനുള്ള പരിശ്രമത്തിലുമാണ് രാജ്യം. ഓൺലൈൻ മേഖലയിൽ ഏറ്റവും കൂടുതൽ തൊഴിലാളികളെ സംഭാവന ചെയ്യുന്നതിൽ രണ്ടാം സ്ഥാനമാണ് ബംഗ്ലാദേശിന്. ഇന്ത്യയ്ക്ക് പോലും കോവിഡ് കാലത്ത് ആന്റിവൈറൽ മരുന്നുകളും പ്രതിരോധ സാമഗ്രികളും അടക്കം എത്തിച്ചു. പ്രതിസന്ധികാലത്ത് ശ്രീലങ്കയെ സഹായിച്ചു. വൻകിട പദ്ധതിയായ മറ്റർബാരി തുറമുഖം പൂർണമായി യാഥാർഥ്യമാകുന്നതോടെ ജിഡിപിയുടെ 3 ശതമാനം സംഭവാന ചെയ്യാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. വികസനത്തിന്റെ പടിഞ്ഞാറൻ മാതൃക പിന്തുടരാതെ അതിൽ നിന്ന് വേണ്ടത് മാത്രം എടുത്ത് സ്വന്തമായി ആശയങ്ങളും പദ്ധതികളുമായിട്ടാണ് വളർന്നത്. കുത്തിവെയ്പിൽ മാതൃക. പല കറൻസികളുടെയും മൂല്യം കുറയുമ്പോൾ ബംഗ്ലാദേശ് ടാക്ക വലിയ പരിക്കില്ലാതെ നിൽക്കുന്നു.

രക്ഷിച്ചത് ഷെയ്ഖ് ഹസീന യുഗം

ബംഗ്ലാദേശിന്റെ പുരോഗതിയിൽ എടുത്തുപറയേണ്ട പേരാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടേത്. രാഷ്ട്രീയ അസ്ഥിരതയിൽ നിന്ന് രാജ്യത്തെ പ്രതിപക്ഷ ശബ്ദം പോലും അടിച്ചമർത്തി അവർ അധികാരത്തിൽ തുടരുന്നു. ബംഗ്ലാദേശ് രാഷ്ട്രീയം നിയന്ത്രിച്ചിരുന്നത് ഖാലിദാസിയയുടെ ബംഗ്ലാദേശ് നാഷണൽ പാർട്ടിയും അവാമി ലീഗിന്റെ ഷെയ്ഖ് ഹസീനയുമായിരുന്നു. വനിതാ മുന്നേറ്റത്തെക്കുറിച്ച് ലോകം ചർച്ചചെയ്യുമ്പോളും രണ്ട് വനിതകൾ മാറി മാറി രാജ്യം ഭരിച്ച കഥയാണ് ബംഗ്ലാദേശിനുള്ളത്. പട്ടാളഭരണത്തിന് ശേഷമുള്ള ബംഗ്ലാദേശ് രാഷ്ട്രീയം ഇവർക്ക് ചുറ്റുമായിരുന്നു. അതോടൊപ്പം ഇവർ തമ്മിലുള്ള വൈര്യത്തിന്റെ കഥയുമുണ്ട്.

ഏറ്റവും സ്വാധീനമുള്ള വനിതകളുടെ ഫോർബ്‌സിന്റെ പട്ടികയിൽ വരെ ഇടംപിടിച്ചു ഖാലിദാസിയ. എന്നാൽ 2009 ൽ ഷെയ്ഖ് ഹസീന അധികാരം തിരിച്ചുപിടിച്ച ഹസീന പ്രതിപക്ഷത്തെ ശിഥിലമാക്കി. ഖാലിദാസിയയെ അടക്കം ജയിലിലടച്ചു. അഴിമതിക്കേസിൽ 18 വർഷം ശിക്ഷിക്കപ്പെട്ട ഖാലിദാസിയ ഇന്നും വീട്ടുതടങ്കലിലാണ്. പ്രതിപക്ഷ ശബ്ദങ്ങളെയും മാധ്യമസ്വാതന്ത്ര്യത്തെയും അഴർ വരിഞ്ഞുമുറുക്കി. തിരഞ്ഞെടുപ്പ് പോലും അവർ ഹൈജാക്ക് ചെയ്തുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. അട്ടിമറി ആരോപിച്ച് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി കഴിഞ്ഞ തിരഞ്ഞെടുപ്പ് പോലും ബഹിഷ്‌കരിച്ചു. 2009 മുതൽ അധികാരത്തിൽ തുടരുന്ന ഷെയ്ഖ് ഹസീന തുടർച്ചയായി ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ച വനിതാ നേതാവ് കൂടിയാണ് ഷെയ്ഖ് ഹസീന. അവർ ഉണ്ടാക്കിയ ഗുഡ് ഗവേണൻസിന്റെ ഫലാണ് ഇപ്പോൾ രാജ്യം അനുഭവിക്കുന്നത്.


റാഹിങ്ക്യകളും ആഗോളതാപനവും വെല്ലുവിളി

1971 കാലത്ത് കിഴക്കൻ പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് അന്നുണ്ടായ അയാർഥികളുടെ ഒഴുക്ക് ആധുനിക ലോകം ഏറ്റവും വലിയ അഭയാർഥി പ്രവാഹമായിരുന്നു. ബംഗാളിലും ത്രിപുരയിലും മേഘാലയിലും അസമിലുമായി ആയിരങ്ങളാണ് എത്തിയത്. ഔദ്യോഗികമായി രണ്ട് ലക്ഷത്തോളം പേർ ഇന്ത്യയിൽ വസിക്കുന്നതായാണ് കണക്ക്. റൊഹിങ്ക്യൻ അഭയാർഥികളുടെ ഒഴുക്ക് ഇന്ത്യയും ബംഗ്ലാദേശും ഒരു കണ്ടു. ആറ് ലക്ഷത്തോളം അഭയാർഥികൾ ബംഗ്ലാദേശിൽ ക്യാമ്പുകളിൽ കഴിയുന്നതായാണ് കണക്ക്. വളർച്ചയുടേയും പുരോഗതിയുടേയും കണക്ക് ഒരു വശത്ത് കീർത്തിയായി പ്രതിഛായ സൃഷ്ടിക്കുമ്പോഴും മറുവശത്ത് ഇപ്പോഴും തൊഴിൽതേടി ബംഗ്ലാദേശികൾ മറ്റ് രാജ്യങ്ങളിലേക്ക ഒഴുകുന്നു എന്ന വസ്തുതയും നിലനിൽക്കുന്നു.

മ്യാന്മറിൽ നിന്ന് റൊഹിങ്ക്യൻ മുസ്ലിങ്ങളുടെ അഭയാർഥി പ്രവാഹം. അഞ്ച് ലക്ഷത്തോളം പേർ അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ ദൂഷ്യഫലം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന രാജ്യമാണ് ബംഗ്ലാദേശ്. പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യതയുള്ള രാജ്യങ്ങളിൽ ലോകത്ത് ഏഴാം സ്ഥാനത്താണ് രാജ്യം. 10 വർഷത്തിനിടെ 400 കോടി ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടായി. കണ്ടൽക്കാടുകളാൽ സമൃദ്ധം. യുനസ്‌കോ ലോകപൈതൃക ഭൂപടത്തിൽ ഉൾപ്പെടുന്നു ഈ ജൈവവൈവിധ്യം. ഇതൊക്കെയാണെങ്കിൽ കടൽ ജലനിരപ്പ് ഉയരുന്നു ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം ഇതൊക്കെ പതിവാണ്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ പുതിയിലധികവും കാലാവസ്ഥാ മാറ്റത്തിന്റെ പ്രതിഫലനം അനുഭവിക്കുന്നവരാണ്. 2050 ഓടെ ഇത് രൂക്ഷമാകുകയും ബംഗ്ലാദേശികളിൽ ഏഴിൽ ഒരാൾക്കെങ്കിലും വാസസ്ഥാനം ഉപേക്ഷിച്ച് മാറിതാമസിക്കേണ്ടി വന്നേക്കാം. ചിന്തിക്കുന്നതിനപ്പുറമുള്ള നഗരവത്കരണവും ഇതിനോടകം നടന്നുവരുന്നു. സുരക്ഷിത സ്ഥാനത്തേക്കുള്ള കുടിയേറ്റത്തിന്റെ ഒഴുക്ക് ഇപ്പോൾ തന്നെ തുടങ്ങിക്കഴിഞ്ഞു. 50 സെന്റീമീറ്റർ കടൽജലനിരപ്പ് വർധിച്ചാൽ രാജ്യത്തിന്റെ 11 ശതമാനം ഭൂമി കടലെടുക്കും. ഓരോ വർഷവും നാല് ലക്ഷത്തോളം പേർ തലസ്ഥാനമായ ധാക്കയിലേക്ക് കുടിയേറുന്നുവെന്നാണ് ലോകബാങ്കിന്റെ റിപ്പോർട്ട്. വെല്ലുവിളികളെ അതിജീവിക്കാൻ ശീലിച്ച ജനതയാണ് ബംഗ്ലാദേശികൾ. നഷ്ടങ്ങളെക്കുറിച്ച് വേവലാതിപ്പെടാതെ അവസരങ്ങൾ സൃഷ്ടിക്കുകയും അത് ഉപയോഗിക്കുകയും പുരോഗതി കൈവരിക്കുകയും ചെയ്യുന്ന ശീലമുള്ളവർ. വനിതാ ശാക്തീകരണമാണ് ബംഗ്ലാദേശിന്റെ ജാതകം തിരുത്തിയെഴുതിയത്.

പക്ഷേ ഇത് എത്രകണ്ട് മുന്നോട്ട് കൊണ്ടുപോകാൻ കഴിയും എന്നതിനെ കുറിച്ചും സംശയമുണ്ട്. കാരണം അടുത്തകാലത്തായി ബംഗ്ലാദേശിന്റെ കരുതൽ ധന ശേഖരവും കറുയുകയാണ്. മതവെറിയും കുറയുന്നുണ്ടെങ്കിലും ഇല്ലാതാവുന്നില്ല.


മതമൗലിക വാദത്തിന്റെ ആസ്ഥാനം

പക്ഷേ ബംഗ്ലാദേശിൽ ഇന്നും മാറ്റമില്ലാത്ത ഒരു കാര്യം മറവെറി തന്നെയാണ്. സെക്യുലറിസം ഭരണഘടനയിൽ ഉണ്ടെങ്കിലും, അത് ഒരു മതരാജ്യം പോലെയാണ് പ്രവർത്തിച്ചിരുന്നത്.ഷേക്ക് ഹസീന ഭരണത്തിൽ മതമൗലികവാദം കുറയുന്നുണ്ടെങ്കിലും, ഇന്നും ഇസ്ലാമകി തീവ്രവാദികൾക്ക് വൻ വേരുള്ള രാജ്യം തന്നെയാണ് ഇത്.സാമ്പത്തിക പുരോഗതികൊണ്ടുമാത്രം ജനത്തിന്റെ അടിസ്ഥാനപരമായ മനോഗതിയിൽ മാറ്റം ഉണ്ടാക്കാൻ കഴിയില്ല എന്നതിന്റെ ഏറ്റവും നല്ല അടിസ്ഥാനമാണ ബംഗ്ലാദേശ്.

ഇന്നും ഇവിടെ മതമൗലിക വാദികൾ അഴിഞ്ഞാടാറുണ്ട്. പാക്കിസ്ഥാനിലെപോലെ, ന്യുനപക്ഷങ്ങളിൽ ന്യുനപക്ഷമായ ഹിന്ദു സമൂഹത്തിനെതിരെ ഇടക്കിടെ ആക്രമണം നടക്കാറുള്ള സ്ഥലമാണ് ഇവിടവും. ക്ഷേത്രങ്ങൾ തകർക്കുക, അവിടേക്ക് പശുമാംസം എറിയുക, ഹിന്ദുക്കളും സിഖുകാരും ക്രിസ്ത്യാനികളും താമസിക്കുന്ന കേന്ദ്രങ്ങൾ ആക്രമിക്കുക തുടങ്ങിയ പരിപാടികൾ ഇപ്പോഴും നിർബാധം തുടരുന്നു. പക്ഷേ പാക്കിസ്ഥാനിൽ നിന്ന് വ്യത്യസ്തമായ ഒരു കാര്യം ഇവിടെ ഭരണകൂടം ഇത്തരം കാര്യങ്ങളെ പരോക്ഷമായി പിന്തുണക്കുന്നില്ല എന്നതാണ്. ഷേക്ക് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാർ കിട്ടുന്നിടത്ത്വെച്ച് ഇസ്ലാമിക മതമൗലികവാദികളെ അടിച്ച മർത്താറുണ്ട്. താലിബാന്റെ അടക്കം വോട്ട് കിട്ടണം എന്ന് കരുതി പ്രവർത്തിക്കുന്ന പാക്കിസ്ഥാന്റെ നേതാക്കളെപ്പോലെയല്ല അവർ. തീവ്രാവാദ പ്രവർത്തനം നടത്തിയതിന്റെ പേരിൽ നിരവധിപേരെയാണ് കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ ബംഗ്ലാദേശിൽ തൂക്കുകയറിന് ഇരയാക്കിയത്. ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിക്കാരാണ് ഇതിൽ ഏറിയ പങ്കും.

ബംഗ്ലാദേശ് വളരുന്നുണ്ടെങ്കിലും മതമൗലിക വാദം അവസാനിക്കുന്നില്ല അന്നത് ആശങ്കാ ജനകമാണെന്നാണ്, പ്രവാചക നിന്ദയുടെപേരിൽ ആ രാജ്യത്ത്നിന്ന് പുറത്താക്കപ്പെട്ട എഴുത്തുകാരി തസ്ലീമ നസ്റീൻ പറയുന്നത്. ബംഗ്ലാദേശിലേക്ക് തിരിച്ചപോകാൻ തനിക്ക് ഇനിയും പേടിയാണെന്നും, സാമ്പത്തിക പുരോഗതി രാജ്യത്തിന്റെ സാമൂഹിക അവസ്ഥയെ ബാധിച്ചിട്ടില്ല എന്നും അവർ പറയുന്നു.

തകർച്ചയും ആസന്നമോ?

പക്ഷേ എല്ലാവിധത്തിലുള്ള ഈ പോസറ്റീവ് വിലയിരുത്തലുകൾക്കിടയിലും ബംഗ്ലാദേശ് നേരിടുന്ന പ്രതിസന്ധിക്കളെക്കുറിച്ചും ആ രാജ്യത്തും പുറത്തുമുള്ള സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നുണ്ട്. ഒന്നാമത്് പൂർണ്ണമായി വിപണി തുറന്ന രാജ്യമല്ല, ബംഗ്ലാദേശ്. കാപ്പിറ്റലിസത്തിന്റെ സാധ്യതകൾ അവർ ആ അർഥത്തിൽ പുർണ്ണമായും പ്രയോജനപ്പെടുത്തിയിട്ടില്ല. ഇന്നും എവിടെയും ഗവൺമെന്റ് ഇടപെടൽ നടക്കുന്ന രാജ്യമാണിത്. അത് പലപ്പോഴും ഗുണത്തേക്കാൾ ദോഷമാണ് ചെയ്യുക.

ഗാർമെന്റ്സ് ബിസിനസാണ് ഇപ്പോൾ ബംഗ്ലാദേശ് സമ്പദ് വ്യവസ്ഥയുടെ ജീവനാഡി. പക്ഷേ വിയറ്റ്നാം പോലുള്ള രാജ്യങ്ങൾ ഈ മേഖലയിൽ കുതിച്ച് വരുന്നുണ്ട്. ക്യാപിറ്റലിസത്തിന്റെ അടിസ്ഥാന തത്വമാണ് കോമ്പറ്റീഷന്റെ ഭാഗമായി വരുന്ന ക്രിയേറ്റീവ് ഡിസ്ട്രക്ഷൻ. കുറച്ചുകൂടി നല്ല കോമ്പറ്റീറ്റർ ആഗോള വിപണിയിൽ വന്നാൽ, തിരിച്ചടി നേരിടുന്ന ഗാർമെന്റസ് ബിസിനസിന്റെ കാര്യത്തിൽ ഒരു പ്ലാൻ ബി രാജ്യത്തിന് ഇല്ല.

മാത്രമല്ല അടുത്തകാലത്തായി രാജ്യത്തിന്റെ വിദേശനാണ്യശേഖരം അപകടകരമാം വിധം കുറഞ്ഞു വരികയാണ്. ഇതുമൂലം ഭാവിയിൽ ശ്രീലങ്കക്ക് സമാനമായ അവസ്ഥ ഉണ്ടാകുമോ എന്ന ചർച്ച നടക്കുന്നുണ്ട്. അതിനുകാരണം ഇറക്കുമതി കയറ്റുമതിയേക്കാൾ കൂടിയതാണ്. ഇറക്കുമതി 41.9 ശതമാനമായപ്പോൾ, കയറ്റുമതി വെറും 32 ശതമാനമാണ്. ഈ ട്രേഡ് ഡെഫിസിറ്റി ഭാഗമായി രാജ്യത്തിന്റെ കരുതൽ ധന ശേഖരം കുറഞ്ഞുകൊണ്ടിരിക്കയാണ്.

ഇപ്പോൾ 6 ബില്യൺ ഡോളറിന്റെ ഇടിവാണ് ബംഗ്ലാദേശിന്റെ വിദേശ നാണ്യശേഖരത്തിൽ സംഭവിച്ചത്. ഇപ്പോഴുള്ള 42 ബില്ല്യൺ ഡോളറിൽനിന്ന് താഴെപ്പോയാൽ കാര്യങ്ങൾ കൈവിടുമെന്ന് ബംഗ്ലാദേശ് സാമ്പത്തിക വിദഗധൻ പ്രൊഫസർ മുയിനുൽ ഇസ്ലാം ചൂണ്ടിക്കാട്ടുന്നുണ്ട്. അതുപോലെ സർക്കാർ ഏറ്റെടുത്ത റഷ്യയിൽ നിന്നുള്ള ന്യൂക്ളിയർ പവർ പ്ലാന്റ് അടക്കമുള്ളവ ഉണ്ടാക്കുന്ന പലിശക്കെണി ഭാവിയിൽ വലിയ ബാധ്യതയുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. യുഎൻഡിപി ഓഫീസ് ധാക്ക ഡോ നസീന അഹമ്മദും വിദേശ നാണ്യ കരുതൽ ശേഖരം കുറയുന്നത് ആശങ്കയോടെയാണ് കാണുന്നത്.

അതേസമയം ഈ വിദേശനാണ്യശേഖരം കുറയുന്നതിന്റെ ഒറ്റ കാര്യം എടുത്ത് ബംഗ്ലാദേശ് ശ്രീലങ്കക്ക് സമാനമാവുമെന്ന് പറയുന്നതിൽ കഥയില്ലെന്ന് ചൂണ്ടിക്കാട്ടുന്ന സാമ്പത്തിക വിദഗ്ധരും ഉണ്ട്. കാരണം ജൈവകൃഷിയിലേക്ക് മാറിയത്, ചൈനയുടെ കടക്കെണിയിൽപെട്ടത്, കാര്യക്ഷമതയില്ലാത്ത ഭരണകൂടം ഇങ്ങനെ നിരവധി കാരണങ്ങൾ ശ്രീലങ്കയുടെ പതനത്തിന് കാരണമായി ഉണ്ട്. ഈ ഘടകങ്ങൾ ഒന്നും ബംഗ്ലാദേശിൽ ഇല്ല. അതിനാൽ കൂടുതൽ വിപണി സ്വതന്ത്രമാക്കി, പുതിയ തൊഴിൽ മേഖലകളിലേക്ക് കടുന്നുചെന്നാൽ ബംഗ്ലാദേശ് ഉയരങ്ങിലേക്ക് ചലിക്കും എന്നാണ് ഇവർ പറയുന്നത്.

വാൽക്കഷ്ണം: സിപിഎം മൂന്നു പതിറ്റാണ്ട് ഭരിച്ച ബംഗാളിന്റെ അവസ്ഥയും, പണ്ട് ഒന്നായിരുന്നു ബംഗ്ലാദേശിന്റെയും അവസ്ഥ ഒന്ന് താരതമ്യം ചെയ്യുന്നതും നന്നായിരിക്കും. ബംഗാളിലെ തൊഴിലാളിയുടെ പ്രതിശീർഷവരുമാനത്തേക്കൾ ഏറെ മുന്നിലാണ് ഇന്ന് ബംഗ്ലാദേശി. ബംഗാളി കേരളത്തിലേക്ക് അടക്കം തൊഴിൽ തേടിയെത്തുമ്പോൾ, ബംഗ്ലാദേശി യുവാക്കൾക്ക് ഒരു പരിധിവരെ സ്വന്തം നാട്ടിൽ തൊഴിൽ കൊടുക്കുന്നതിൽ ആ രാജ്യം വിജയിച്ചിരിക്കുന്നു. ഇപ്പോൾ മമത അധികാരത്തിൽ ഏറിയിട്ടും കാര്യമായ ഒരു മാറ്റവും ബംഗാളിന് ഉണ്ടായിട്ടില്ല. ഷേക്ക് ഹസീനയിൽനിന്ന് മമതക്കും പഠിക്കാൻ ഏറെയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP