Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദാതാവിന്റെ ശരീരത്തിൽ നിന്നു വൃക്ക വേർപെടുത്തിയാൽ വിവിധ മരുന്നു ഘടകങ്ങൾ അടങ്ങിയ തണുപ്പിച്ച ദ്രാവകം കുത്തിവയ്ക്കും; പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഐസ് ബാഗിലേക്ക് മാറ്റും; അവയവം എത്തുംമുൻപു ഓപ്പറേഷൻ തിയറ്റർ സജ്ജമാക്കണം; തിരുവനന്തപുരത്ത് സംഭവിച്ചത് വൃക്ക എത്തിച്ച ശേഷം മൂന്നര മണിക്കൂർ വൈകി നടന്ന ശസ്ത്രക്രിയ; പൂർത്തിയാകാൻ എടുത്തത് എട്ട് മണിക്കൂറും

ദാതാവിന്റെ ശരീരത്തിൽ നിന്നു വൃക്ക വേർപെടുത്തിയാൽ വിവിധ മരുന്നു ഘടകങ്ങൾ അടങ്ങിയ തണുപ്പിച്ച ദ്രാവകം കുത്തിവയ്ക്കും; പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഐസ് ബാഗിലേക്ക് മാറ്റും; അവയവം എത്തുംമുൻപു ഓപ്പറേഷൻ തിയറ്റർ സജ്ജമാക്കണം; തിരുവനന്തപുരത്ത് സംഭവിച്ചത് വൃക്ക എത്തിച്ച ശേഷം മൂന്നര മണിക്കൂർ വൈകി നടന്ന ശസ്ത്രക്രിയ; പൂർത്തിയാകാൻ എടുത്തത് എട്ട് മണിക്കൂറും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകൾ കേരളത്തിൽ സാധാരയായി തുടങ്ങിയിട്ട് കുറച്ചു കാലമേ ആയിട്ടൂള്ളൂ. എന്നാൽ ഈ രംത്തെ വിദഗ്ദ്ധർ തന്നെ കേരളത്തിൽ ഉണ്ടു താനും. എന്നിട്ടു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർമാരുടെ പിഴവു കാരണം രോഗി മരിക്കേണ്ട സാഹചര്യമുണ്ടയി. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ സ്വീകരിക്കാതെ പോയതാണ് രോഗി മരിക്കാൻ ഇടയാക്കിയതെന്ന ആരോപണമാണ് ഉയർന്നത്. ഈ സാഹചര്യത്തിൽ വൃക്ക മാറ്റിവെക്കൽ നടത്തുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

വൃക്ക ദാതാവിന്റെ ശരീരത്തിൽനിന്ന് എടുത്തുകഴിഞ്ഞാൽ കഴിയുന്നതും വേഗം സ്വീകരിക്കുന്ന ആളുടെ ശരീരത്തിൽ വച്ചുപിടിപ്പിക്കണമെന്നു ശസ്ത്രക്രിയാ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്ന പ്രധാന കാര്യം. തിരുവനന്തപുരത്ത് സംഭഴിച്ചത് മറിച്ചായിരുന്നു. വൈകുംതോറും വൃക്ക കേടാകാനും ഗുണനിലവാരം കുറയാനും സാധ്യതയുണ്ട്.

ദാതാവിന്റെ ശരീരത്തിൽ നിന്നു വൃക്ക വേർപെടുത്തിയാൽ പിന്നെയതിൽ രക്തയോട്ടമില്ല. ആ സമയം അതിനെ സംരക്ഷിക്കാൻ വൃക്കയിലെ രക്തക്കുഴലുകളിലേക്ക് ആദ്യം വിവിധ മരുന്നു ഘടകങ്ങൾ അടങ്ങിയ തണുപ്പിച്ച ദ്രാവകം കുത്തിവയ്ക്കും. പരമാവധി വേഗം ഈ ദ്രാവകം കുത്തിവച്ച് പ്ലാസ്റ്റിക് ബാഗിലേക്കു മാറ്റണം. സാധാരണ ഒരു മിനിറ്റിനകം ഇതു കഴിയും. തുടർന്ന് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഐസ് ബാഗ് വച്ച് ഫ്രീസർ ബോക്‌സിനുള്ളിലാണു കൊണ്ടുപോകുന്നത്.

തണുപ്പിച്ച അവസ്ഥയിലാണെങ്കിലും കഴിയുന്നതും വേഗം അതു സ്വീകരിക്കുന്ന ആളുടെ ശരീരത്തിൽ വച്ചുപിടിപ്പിച്ച് രക്തയോട്ടം സാധ്യമാക്കണം. അവയവം എത്തുംമുൻപു തന്നെ ഓപ്പറേഷൻ തിയറ്റർ സജ്ജമാക്കി അവയവം സ്വീകരിക്കേണ്ട ആളിനെ ഓപ്പറേഷൻ ടേബിളിൽ എത്തിക്കണം.

അവയവം തിയറ്ററിൽ എത്തിച്ച ശേഷമാണ് അനസ്തീസിയ നൽകുന്നത്. ഇതിന് അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ സമയമെടുക്കും. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സാധാരണ 3 - 4 മണിക്കൂർ നീളാം. സങ്കീർണ സാഹചര്യമെങ്കിൽ വീണ്ടും നീളാം. അതേസമയം ഞായറാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളജിൽ വൃക്ക എത്തിച്ച ശേഷം മൂന്നര മണിക്കൂർ വൈകി നടന്ന ശസ്ത്രക്രിയ പൂർത്തിയാകാൻ എട്ട് മണിക്കൂർ എടുത്തതായി ആരോഗ്യ വകുപ്പ് പറയുന്നു.

അതേസമയം മെഡിക്കൽ കോളജിൽ അവയവമാറ്റം വൈകിയ വിവാദത്തിൽ വകുപ്പുമേധാവി മാരെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ ഡോക്ടർമാർക്ക് പ്രതിഷേധവും ശക്താണ്. പരിമിതികൾ മറയ്ക്കാൻ ഡോക്ടർമാരെ ബലിയാടാക്കിയെന്ന് കെജിഎം സിടിഎ ആരോപിച്ചു. വിശദമായ അന്വേഷണം നടത്താതെയാണ് നടപടിയെടുത്തത്. ആശുപത്രിയിലെ ഡോക്ടർമാരുടെ കുറവ് ഉൾപ്പെടെയുള്ള അസൗകര്യങ്ങളെക്കുറിച്ച് ചർച്ച വേണം. നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും സംഘടന അറിയിച്ചു.

അതേസമയം, അവയവ മാറ്റം വൈകിയതിന് പിന്നാലെ മരിച്ച കാരക്കോണം സ്വദേശി സുരേഷ്‌കുമാറിന്റെ മൃതദേഹം ഇന്ന് പോസ്റ്റ് മോർട്ടം ചെയ്യും. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസ് നടത്തുന്ന സമഗ്ര അന്വേഷണത്തിന്റെ ഭാഗമായുള്ള നടപടികളും ഇന്ന് ആരംഭിക്കും.

മരിച്ച സുരേഷിന്റെ സഹോദരന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരുന്നത്. യൂറോളജി, നെഫ്രോളജി വകുപ്പ് മേധാവിമാർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഡോ. വാസുദേവൻ പോറ്റി, ഡോ. ജേക്കബ് ജോർജ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ യൂറോളജി, നെഫ്രോളജി വിഭാഗങ്ങളിലെ തലവന്മാരെ സസ്പെൻഡ് ചെയ്തിരുന്നു. സുരേഷിന്റെ ശസ്ത്രക്രിയ നാലുമണിക്കൂർ വൈകിയതായാണ് ആക്ഷേപം. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ കൊച്ചിയിൽ നിന്ന് വൃക്ക എത്തിച്ചെങ്കിലും രാത്രി 9നു ശേഷമാണ് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയകരമാകാത്തതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെയാണ് സുരേഷ് മരിച്ചത്. വൃക്ക സൂക്ഷിച്ചിരുന്ന പെട്ടി ആശുപത്രി ജീവനക്കാർ ഏറ്റുവാങ്ങിയശേഷം വീഴ്ചയുണ്ടായെന്നാണ് ആക്ഷേപം.

എറണാകുളം രാജഗിരി ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്‌ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നത്. ശനിയാഴ്ചയായിരുന്നു ഇയാളുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചത്. തുടർന്ന് ഒരു വൃക്ക കോട്ടയം മെഡിക്കൽ കോളേജിനും മറ്റൊരു വൃക്കയും പാൻക്രിയാസും കൊച്ചി അമൃത ആശുപത്രിയിലേക്കും കരൾ രാജഗിരി ആശുപത്രിക്കും അനുവദിച്ചു. എന്നാൽ കോട്ടയം മെഡിക്കൽ കോളേജിൽ അനുയോജ്യമായ രോഗി ഇല്ലാതിരുന്നതിനെ തുടർന്നാണ് വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിന് അനുവദിച്ചത്.

എന്നാൽ ഞായറാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക എത്തിച്ചെങ്കിലും ശസ്ത്രക്രിയയ്ക്ക് താമസമുണ്ടായി. പിന്നീട് ശസ്ത്രക്രിയ നടത്തിയെങ്കിലും രോഗി മരിച്ചു. തിരുവനന്തപുരം കാരക്കോണം സ്വദേശി സുരേഷാണ് മരിച്ചത്. മൂന്ന് മണിക്കൂറുകൊണ്ടാണ് എറണാകുളത്ത് നിന്ന് മാറ്റിവെക്കേണ്ട വൃക്കയുമായി ആംബുലൻസ് മെഡിക്കൽ കേളേജിലെത്തിയത്.

ഞായറാഴ്ച ഉച്ചയ്ക്ക് 2.50നാണ് എറണാകുളത്തെ രാജഗിരി ആശുപത്രിയിൽനിന്ന് വൃക്കയുമായി സംഘം പുറപ്പെട്ടത്. ഇക്കാര്യം രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ അറിയിച്ചിരുന്നു. വൈകിട്ട് 5.30ന് ആംബുലൻസ് പൊലീസ് സുരക്ഷയിൽ മെഡിക്കൽ കോളജിലെ സൂപ്പർ സ്‌പെഷാലിറ്റി ബ്ലോക്കിനു മുന്നിലെത്തി. എന്നാൽ, വൃക്ക സൂക്ഷിച്ചിരുന്ന പെട്ടി വാങ്ങാൻ ആരും ഉണ്ടായിരുന്നില്ല.

തുടർന്ന് അവിടെയുണ്ടായിരുന്ന ആംബുലൻസ് ജീവനക്കാർ വൃക്ക സൂക്ഷിച്ചിരുന്ന പെട്ടിയുമായി റിസപ്ഷനിൽ എത്തിയെങ്കിലും എവിടെയാണ് എത്തിക്കേണ്ടതെന്നു നിർദ്ദേശിക്കാനും ആരുമുണ്ടായിരുന്നില്ല. പിന്നീട് ഓപ്പറേഷൻ തിയേറ്റർ മുകളിലാണെന്നു വിവരം ലഭിച്ചതിനെ തുടർന്നു വൃക്കയുമായി ഇവർ ലിഫ്റ്റിൽ മുകളിലെത്തി. ഓപ്പറേഷൻ തിയറ്റർ അടഞ്ഞു കിടന്നതിനാൽ കാത്തു നിൽക്കേണ്ടിവന്നു. പിന്നീട് ചില ജീവനക്കാരെത്തിയാണ് പെട്ടി വാങ്ങിയത്.

വൃക്ക സൂക്ഷിച്ചിരുന്ന പെട്ടി ആശുപത്രി ജീവനക്കാർ ഏറ്റുവാങ്ങിയശേഷമാണ് വീഴ്ചയുണ്ടായതെന്നാണ് ആക്ഷേപം. വൈകിട്ട് അഞ്ചരയോടെ വൃക്ക എത്തിച്ചെങ്കിലും രാത്രി ഒൻപതിനു ശേഷമാണ് ശസ്ത്രക്രിയ നടന്നത്. വൃക്കപോലെയുള്ള നിർണായക അവയവങ്ങൾ മാറ്റിവെക്കുമ്പോൾ എത്രയും നേരത്തെ വെക്കാൻ സാധിക്കുമോ അത്രയും കാര്യക്ഷമതയോടെ പ്രവർത്തിക്കാൻ അതിന് സാധിക്കും. എന്നാൽ ഇവിടെ ഉണ്ടായ ഉദാസീനതമൂലം വിലപ്പെട്ട സമയമാണ് രോഗിക്ക് നഷ്ടമായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP