Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിമാനത്തിനു നേരേ പാഞ്ഞടുത്ത് കൂറ്റൻ പരുന്തുകളും മൂങ്ങകളും കൊക്കുകളും; തിരുവനന്തപുരത്ത് വിമാനമിറക്കുന്നത് ഭയത്തോടെയെന്ന് പൈലറ്റുമാർ; വിമാനത്താവളത്തിന് ചുറ്റും അറവുശാലകളും ഇറച്ചിക്കടകളും മാലിന്യക്കൂട്ടവും; വോട്ടുബാങ്കിനെ പിണക്കാതെ, കണ്ണടച്ച് സർക്കാരും

വിമാനത്തിനു നേരേ പാഞ്ഞടുത്ത് കൂറ്റൻ പരുന്തുകളും മൂങ്ങകളും കൊക്കുകളും; തിരുവനന്തപുരത്ത് വിമാനമിറക്കുന്നത് ഭയത്തോടെയെന്ന് പൈലറ്റുമാർ; വിമാനത്താവളത്തിന് ചുറ്റും അറവുശാലകളും ഇറച്ചിക്കടകളും മാലിന്യക്കൂട്ടവും; വോട്ടുബാങ്കിനെ പിണക്കാതെ, കണ്ണടച്ച് സർക്കാരും

സായ് കിരൺ

തിരുവനന്തപുരം: പറക്കുന്നതിനിടെ പാട്‌ന- ഡൽഹി സ്‌പൈസ് ജെറ്റ് വിമാനത്തിൽ പക്ഷിയിടിച്ച് വിമാനത്തിൽ തീ പിടിച്ചത് കേരളത്തിന്റെയും കണ്ണു തുറപ്പിക്കേണ്ട അപകടമാണ്. ഏറ്റവുമധികം അപകടസാദ്ധ്യത തിരുവനന്തപുരത്താണ്. ഇവിടെ വിമാനങ്ങൾ ഇറങ്ങുമ്പോഴും പറന്നുയരുമ്പോഴും മുന്നിൽ പക്ഷിക്കൂട്ടമാണ്. നിരവധി തവണ പക്ഷിയുമായി വിമാനങ്ങൾ കൂട്ടിയിടിച്ചിട്ടുണ്ടെങ്കിലും ഭാഗ്യം കൊണ്ടാണ് തീപിടിക്കാതെ രക്ഷപെട്ടത്.

വിമാനത്തിന്റെ പിൻഭാഗത്ത് അനധികൃത അറവുശാലകളുണ്ട്. അവിടെ നിന്നുള്ള ഇറച്ചി മാലിന്യങ്ങൾ വിമാനത്താവളത്തിന്റെ മതിലിനോട് ചേർത്ത് ഉപേക്ഷിക്കുന്നതാണ് പക്ഷിക്കൂട്ടം പറന്നുയരാനാടയാവുന്നത്. അറവുശാലകൾ അടച്ചുപൂട്ടിക്കാനും മാലിന്യം നീക്കാനും നടപടിയെടുക്കാതെ യാത്രക്കാരുടെയും തലസ്ഥാന വാസികളുടെയും ജീവൻ വച്ച് പന്താടുകയാണ് സർക്കാർ. തിരുവനന്തപുരത്ത് വിമാനമിറക്കുന്നത് ഭയപ്പാടോടെയാണെന്ന് പൈലറ്റുമാർ പറയുന്നു. സർക്കാരിന് ഇതിന്റെ അപകടാവസ്ഥ അറിയാമെങ്കിലും വോട്ടുബാങ്കിന്റെ സമ്മർദ്ദത്തിന് വഴങ്ങി യാതൊരു നടപടിയുമെടുക്കാറില്ല.

കാക്കകൾ മാത്രമല്ല വലിപ്പമേറിയ പരുന്തകൾ, കൂറ്റൻ മൂങ്ങകൾ, പ്രാവ്, കൊക്കുകൾ എന്നിങ്ങനെ വിമാനങ്ങളുടെ സഞ്ചാരപാതയിൽ പക്ഷികൾ കൂട്ടത്തോടെ എത്തുകയാണ്. പക്ഷിയിടിച്ചാൽ വിമാനത്തിന്റെ എൻജിൻ തകരാറിലാവും, നിയന്ത്രണം തെറ്റാനുമിടയുണ്ട്. ഇടയ്ക്കിടെ ചെറിയ പക്ഷികളുമായി കൂട്ടിയിടിക്കൽ ഉണ്ടാവുന്നുണ്ടെങ്കിലും പൈലറ്റുമാർ റിപ്പോർട്ട് ചെയ്യാറില്ല. പതിനായിരം സർവീസുകളിൽ ഒറ്റ പക്ഷിയിടി മാത്രമാണ് അനുവദനീയം. ഇവിടെ അഞ്ചും ആറും പക്ഷിയിടി എല്ലാമാസവും ഉണ്ടാവുന്നു.

പക്ഷിയിടിയുണ്ടായാൽ അപകടമായാണ് കണക്കാക്കുക. പക്ഷിയിടിച്ചാൽ രണ്ടുദിവസത്തിനകം ചെന്നൈയിലെ സിവിൽ ഏവിയേഷൻ റീജിയണൽ എയർ സേഫ്റ്റി ഓഫീസിൽ റിപ്പോർട്ട് ചെയ്യണം. ഇതിന്റെ പകർപ്പ് സിവിൽ വ്യോമയാന ഡയറക്ടർക്ക് നൽകണം. പിന്നീട് എല്ലാമാസവും വ്യോമയാന സുരക്ഷാവിഭാഗത്തിന് പ്രത്യേക റിപ്പോർട്ടും നൽകണം. വ്യോമയാന ഡയറക്ടറുടെ അന്വേഷണവുമുണ്ടാവും. സങ്കീർണമായ നടപടിക്രമങ്ങളിൽ നിന്ന് രക്ഷപെടാൻ പക്ഷിയിടി പുറത്തറിയിക്കാതെ ഒതുക്കുകയാണ് പതിവ്. വിദേശ പൈലറ്റുമാർ റിപ്പോർട്ട് ചെയ്യുമ്പോൾ മാത്രമാണ് പക്ഷിയിടി ഔദ്യോഗികമാവുക. 2019ൽ 44വിമാനങ്ങളിൽ പക്ഷിയിടിച്ചെങ്കിലും 28എണ്ണം മാത്രമാണ് റിപ്പോർട്ട് ചെയ്തത്.

പക്ഷികളെ ഓടിക്കാൻ ഇടയ്ക്കിടെ വെടിശബ്ദം മുഴക്കുകയല്ലാതെ യാതൊരു നടപടിയുമില്ല. എയർക്രാഫ്റ്റ് റൂൾ പ്രകാരം വിമാനത്താവളത്തിന്റെ പത്ത് കിലോമീറ്റർ പരിധിയിൽ തുറന്ന അറവുശാലകളോ മാംസവിൽപ്പന ശാലകളോ പാടില്ല. ഇത് പാലിക്കാത്തവർക്കെതിരെ കേസെടുക്കാനാവും. വിമാനങ്ങൾ ലാൻഡിങ് നടത്തുന്ന പൊന്നറപാലത്തിനടുത്തെ റൺവേയ്ക്ക് പുറത്തെ മതിലിനോട് ചേർന്നാണ് ഏറ്റവുമധികം മാലിന്യശേഖരം.

വിമാനങ്ങളെത്തുമ്പോൾ വെടിശബ്ദം പുറപ്പെടുവിച്ച് പക്ഷികളെ തുരത്താൻ 'ബേർഡ് ചേസേഴ്‌സ്' എന്ന പേരിൽ കരാറുകാരുണ്ട്. പക്ഷേ വെടിശബ്ദം കേട്ട് പക്ഷികൾ റൺവേയ്ക്കടുത്തേക്ക് കൂട്ടമായെത്തുന്നതും അപകടകരമാണ്. എയർപോർട്ട് മതിലിനോട് ചേർന്നും അതിനടുത്ത പ്രദേശങ്ങളിലും പൊന്നറപാലത്തിനടുത്തെ തുറന്ന സ്ഥലത്തും ഇറച്ചിക്കടകളിൽ നിന്നുള്ള മാലിന്യ കൂമ്പാരമാണ്. അവിടുത്തെ അനധികൃത അറവുശാലകളും ഇറച്ചിക്കടകളും അടച്ചുപൂട്ടിക്കാൻ സർക്കാരും നഗരസഭയും ഒരു നടപടിയുമെടുക്കുന്നില്ല.

വിമാനത്തിൽ പക്ഷിയിടിച്ചാൽ വിമാനത്തിന്റെ എൻജിൻ പ്രവർത്തനരഹിതമാവും. തീപിടിക്കാനുള്ള സാദ്ധ്യതയേറും. ഡിജിറ്റൽ നിയന്ത്രണ സംവിധാനം തകരാറിലാവാം. വിമാനക്കമ്പനിക്ക് കോടികളുടെ നഷ്ടമുണ്ടാവും. തിരുവനന്തപുരത്ത് പക്ഷിയിടിച്ചുള്ള അപകടങ്ങൾ തുടർക്കഥയാണ്. ബഹ്റൈനിലേക്കുള്ള ഗൾഫ് എയർ പക്ഷിയിടിച്ചതിനെത്തുടർന്ന് തിരിച്ചിറക്കിയിരിന്നു. ലാൻഡിംഗിനിടെ സൗദി എയർലൈൻസിൽ പരുന്തുകളിടിച്ചു. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. ഇൻഡിഗോ വിമാനത്തിലും പക്ഷിയിടിച്ചെങ്കിലും ഭാഗ്യത്തിന് തകരാറുണ്ടായില്ല. സിംഗപ്പൂർ വിമാനത്തിൽ പക്ഷിയിടിച്ച് യന്ത്രത്തകരാറുണ്ടായി. പിന്നീട് ഏറെ പണിപ്പെട്ടാണ് വിമാനത്തിന്റെ യന്ത്രത്തകരാർ പരിഹരിക്കാനായത്.

താഴ്ന്ന ആകാശത്തുവച്ചാണ് സാധാരണ വിമാനങ്ങളിൽ പക്ഷികൾ ഇടിക്കാറ്. പരമാവധി 150 മീറ്ററിൽ താഴ്ന്ന പ്രദേശത്തുനിന്നാണ് ഭൂരിഭാഗം അപകടങ്ങളുമുണ്ടായിട്ടുള്ളത്. വിമാനങ്ങൾ പറന്നുയരുമ്പോഴോ ഇറങ്ങുമ്പോഴോ ആയിരിക്കും പക്ഷികൾ ഇടിക്കുക. ഈ രണ്ട് സമയത്തും വലിയ തോതിൽ ദിശാ മാറ്റങ്ങൾ വിമാനങ്ങൾ വരുത്താറില്ല. അതുകൊണ്ടു തന്നെ നിർദിഷ്ട പാതയിൽ പക്ഷികളുണ്ടെങ്കിൽ വിമാനവുമായി കൂട്ടിയിടിച്ചിരിക്കും.

വിമാനത്താവളങ്ങൾ പക്ഷികളെ ആകർഷിക്കുന്ന കേന്ദ്രങ്ങൾ കൂടിയാണ്. തുറസ്സായ ധാരാളം സ്ഥലവും മരങ്ങളാൽ ചുറ്റപ്പെട്ട അന്തരീക്ഷവും പുല്ലുകളുമൊക്കെ പക്ഷികളെ ആകർഷിക്കും. ഇതിനേക്കാളേറെ ആകർഷിക്കുക പലപ്പോഴും വിമാനത്താവളങ്ങളിലെ ഭക്ഷണ അവശിഷ്ടങ്ങളായിരിക്കും. ഇതിനു പുറമേയാണ് തിരുവനന്തപുരത്ത് വിമാനത്താവളത്തോട് ചേർന്നുള്ള അറവുശാലകളും ഇറച്ചിക്കടകളും മാലിന്യക്കൂട്ടവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP