Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊരിവെയിലത്ത് കള പറിച്ച് നടുവൊടിഞ്ഞു; ടിവി പോലും കാണാതെ ജോലി കഴിഞ്ഞാൽ ശരണം തേടുന്നത് വായനയിൽ; സ്ത്രീധന മോഹത്തിൽ ഭാര്യയെ ആത്മഹത്യയ്ക്ക് തള്ളിവിട്ട ക്രൂരന് ഇന്ന് ഒരു ദിവസം ശമ്പളം 63 രൂപ; അഭ്യസ്ത വിദ്യനാണെന്നും ഓഫീസ് ജോലി വേണമെന്നും വാക്കാൽ അപേക്ഷിച്ച് വിസ്മയ കേസിലെ കുറ്റവാളി; കിരണിന്റെ ജയിൽ ജീവിതം തോട്ടക്കാരന്റെ റോളിൽ മുമ്പോട്ട്

പൊരിവെയിലത്ത് കള പറിച്ച് നടുവൊടിഞ്ഞു; ടിവി പോലും കാണാതെ ജോലി കഴിഞ്ഞാൽ ശരണം തേടുന്നത് വായനയിൽ; സ്ത്രീധന മോഹത്തിൽ ഭാര്യയെ ആത്മഹത്യയ്ക്ക് തള്ളിവിട്ട ക്രൂരന് ഇന്ന് ഒരു ദിവസം ശമ്പളം 63 രൂപ; അഭ്യസ്ത വിദ്യനാണെന്നും ഓഫീസ് ജോലി വേണമെന്നും വാക്കാൽ അപേക്ഷിച്ച് വിസ്മയ കേസിലെ കുറ്റവാളി; കിരണിന്റെ ജയിൽ ജീവിതം തോട്ടക്കാരന്റെ റോളിൽ മുമ്പോട്ട്

വിനോദ് പൂന്തോട്ടം

തിരുവനന്തപുരം. വിസ്മയ കേസിൽ 10 വർഷം കഠിന തടവിനു ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിലെത്തിയ കിരൺ കുമാർ ഇപ്പോൾ ജയിലിലെ തോട്ടക്കാരനാണ്. പൂന്തോട്ട പരിപാലനമാണെങ്കിലും പ്രധാന ജോലി കളപറിക്കലാണ്. രാവിലെ ഏഴ് മണിക്ക് സെല്ലിൽ നിന്നും ഇറക്കിയാൽ നാലു മണി വരെ പൂന്തോട്ട പരിപാലനവും പരിസരം വൃത്തിയാക്കലുമാണ് കിരണിന്റെ ഡ്യൂട്ടി. ഇതിനിടെ ഉച്ചക്ക് ഒരു മണിക്കൂർ ലഞ്ച് ബ്രേക്ക് കിട്ടും. കിരണിന് ജയിൽ വകുപ്പ് അനുവദിച്ചിരിക്കുന്ന ഒരു ദിവസത്തെ ശമ്പളം 63 രൂപയാണ്. ഇത് കിരണിന്റെ ജയിൽ അക്കൗണ്ടിൽ ഉണ്ടാകും. ജയിൽ കാന്റീനിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്യാനും സോപ്പ് , പേസ്റ്റ് ,അടക്കമുള്ള സാധനങ്ങൾ വാങ്ങാനും ഈ പണം കിരണിന് ഉപയോഗിക്കാം.

പൊരിവെയിലത്തും മഴയത്തുമൊക്കെ ചെടി പരിപാലനവും പൂന്തോട്ടം വൃത്തിയാക്കലുമായി നടക്കുന്ന കിരൺ പുതിയ മനുഷ്യനായെന്നാണ് ജയിലിലെ വാർഡന്മാർ പറയുന്നത്. പഴയ അഹങ്കാരമില്ല എല്ലാത്തിനോടും സമരസപ്പെട്ട് പറയുന്ന ജോലികൾ കൃത്യമായി ചെയ്തു പോകുന്നു. ആരോടും അധിക സംസാരമില്ല കുറ്റബോധം നിഴലിക്കുന്ന മുഖം , കളപറിക്കൽ കഴിഞ്ഞ് എട്ടാം ബ്ലോക്കിലെ സെല്ലിലെത്തിയാലും വായന തന്നെ. വൈകുന്നേരം അനുവദിച്ചിട്ടുള്ള ടിവി കാണൽ പരിപാടിക്ക് പോകാറില്ല. പൊരിവെയിലത്തെ കളപറിക്കൽ കിരണിന്റെ നടുവൊടിക്കുന്നുണ്ട്.

അതുകൊണ്ടാവാം വാർഡന്മാർക്കും സൂപ്രണ്ടിനും മുന്നിൽപുതിയ അപേക്ഷയുമായി കിരൺ എത്തിയത്. താൻ അഭ്യസ്തവിദ്യനാണെന്നും ഓഫീസ് സംബന്ധമായ മറ്റ് ജോലികൾ എന്തെങ്കിലും കിട്ടിയാൽ സഹായമായെന്നും. രേഖാമൂലമല്ല വാക്കാലാണ് കിരൺ തന്റെ അപേക്ഷ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ മാധ്യമ ശ്രദ്ധയുള്ള കേസായതിനാലും പുതിയ സൂപ്രണ്ട് തടവുകാർ ഓഫീസ് ജോലി ചെയ്യേണ്ട എന്ന നിലപാട് സ്വീകരിച്ചിരിക്കുന്നതിനാലും കിരൺ കുമാർ ഇനിയും കളപറിയ്‌ക്കേണ്ടി വരുമെന്നാണ് ജയിലിൽ നിന്നും ലഭിക്കുന്ന വിവരം.

ഏൽപ്പിക്കുന്ന ജോലി ആത്മാർത്ഥമായി ചെയ്ത് വാർഡൻ മാരുടെ പ്രശംസ പിടിച്ചു പറ്റാനും കിരൺ ശ്രമിക്കുന്നുണ്ട്. ആദ്യം അകറ്റി നിർത്തിയ തടവുകാർ കിരണിനെ അടുപ്പിക്കാൻ തയ്യാറാണെങ്കിലും എപ്പോഴും മ്‌ളാനമായി തന്നെയാണ് ഇരിപ്പ്. കഴിഞ്ഞ മാസം ശിക്ഷ ലഭിച്ച് സെൻട്രൽ ജയിലിലെത്തിയ കിരൺ കുമാറിന് ഏകാന്ത തടവൊരുക്കിയിരുന്നു. മാധ്യമ ശ്രദ്ധയുള്ള കേസായതിനാൽ മറ്റു തടവുകാർക്കൊപ്പം പാർപ്പിക്കരുതെന്ന് ജയിൽ ഡി ജി പി സുദേഷ്‌കുമാർ സുപ്രണ്ടിന് കർശന നിർദ്ദേശം നല്കിയിരുന്നു. കൂടാതെ മറ്റു തടവുകാർ കിരണിനെ ആക്രമിക്കാൻ സാധ്യതയുള്ളതു കൂടി മുൻ കൂട്ടി കണ്ടാണ് കിരൺ കുമാറിനെ അന്ന് ഒറ്റയ്ക്ക് ഒരു സെല്ലിലാക്കിയത്.

എട്ടാം നമ്പർ ബ്ലോക്കിലെ അഞ്ചാം നമ്പർ സെല്ലിലാണ് കിരൺകുമാറിനെ അന്ന് പാർപ്പിച്ചത്. ഈ സെല്ലിന് ഡിജിപി പറഞ്ഞ പ്രകാരം ജയിലധികൃതർ പ്രത്യേക സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. കിരണിന്റെ ജയിലിലെ നമ്പർ 5018 ആണ്. ഒരാഴ്ചയാണ് ഒറ്റയ്ക്ക് പാർപ്പിച്ചത്. അന്ന് ഒരു കുറ്റ ബോധവുമില്ലാതെ തന്നെയാണ് കിരൺ സെൻട്രൽ ജയിലിന് ഉള്ളിലേക്ക് കടന്നത്. കോടതി വെറുത വിടുമെന്ന അഭിഭാഷക ഉറപ്പിൽ ഉണ്ടായിരുന്ന പ്രതീക്ഷ നഷ്ടപ്പെട്ട മ്ളാനത് മാത്രമാണ് അന്ന് മുഖത്ത് പ്രകടമായത്. എത്തി കുറച്ചു കഴിഞ്ഞ് ഉച്ച ഭക്ഷണം വയറു നിറയെ കഴിച്ചു.

ജയിലിലെ പൊതു സ്ഥിതിയും കിരൺ കുമാറിന്റെ മാനസിക, ശാരീരിക അവസ്ഥകളും വിലയിരുത്തിയശേഷം മറ്റു തടവുകാർക്കൊപ്പം വേറെ സെല്ലിലേക്കു മാറ്റാനാണ് അന്ന് ആലോച്ചിരുന്നത്..ഒരാഴ്ച കഴിഞ്ഞാണ് കിരണിനെ മറ്റ് തടവുകാർക്ക് ഒപ്പമാക്കിയത്. നേരത്തെ മൂന്നു മാസത്തോളം കിരൺ സെന്ററൽ ജയിലിൽ റിമാന്റിൽ കഴിഞ്ഞിട്ടുണ്ട്. അന്നൊക്കെ ഉദ്യോഗസ്ഥരോടും സഹ തടവുകാരോടും താൻ ചെയ്ത കുറ്റകൃത്യത്തെ കിരൺ കുമാർ ന്യായീകരിച്ചിരുന്നു. ജോലി ചെയ്യാൻ കഴിയുമെന്ന് ഡോക്ടർ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയതിനെ തുടർന്നാണ് ജയിൽ വളപ്പിനുള്ളിലെ ജോലികളിൽ കിരണിന് നൽകി തുടങ്ങിയത്.

അപ്പീൽ നൽകാനുള്ള നീക്കത്തിലാണ് കിരൺകുമാർ. എന്നാൽ എല്ലാ കുറ്റവും സംശയത്തിന് അതീതമായി തെളിയിക്കാൻ പോന്ന തെളിവുകളുണ്ട്. അതും വിസ്മയയുടെ വാക്കുകൾ. അതുകൊണ്ട് തന്നെ മേൽക്കോടതിയും കനിവ് കാട്ടില്ല. നേരത്തെ വിചാരണ തടവുകാരനായ കിരണിന് കേരളത്തിലെ കോടതികളൊന്നും ജാമ്യം അനുവദിച്ചില്ല. വിധി വരും മുമ്പ് സുപ്രീംകോടതിയിൽ നിന്ന് ജാമ്യം കിട്ടി. ഇത് കേസിനെ സ്വാധീനിക്കുമെന്നും വിധി അനുകൂലമാകുമെന്നും കിരൺകുമാറും കരുതി. ഈ പ്രതീക്ഷകളാണ് സുപ്രീംകോടതിയിൽ നിന്ന് ജാമ്യം കിട്ടുമ്പോൾ കിരണിന്റെ മനസ്സിൽ നിറഞ്ഞത്. എന്നാൽ കൊല്ലം കോടതിയിലെ വിധി എതിരായി.

വിസ്മയ ജീവനൊടുക്കിയിട്ട് 11 മാസവും മൂന്നുദിവസവും തികഞ്ഞ ദെിവസമായിരുന്നു കേസിലെ ശിക്ഷാവിധി. പത്തുവർഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമാണ് കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി കിരൺകുമാറിന് ശിക്ഷയായി വിധിച്ചത്. സ്ത്രീധന പീഡനത്തിന് ഐപിസി 304 ബി പ്രകാരം പത്ത് വർഷം തടവും ആത്മഹത്യാപ്രേരണയ്ക്ക് ഐപിസി 306 പ്രകാരം ആറുവർഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാതിരുന്നാൽ ആറുമാസം കൂടി തടവ് അനുഭവിക്കണം. ഗാർഹിക പീഡനത്തിന് ഐപിസി 498 എ പ്രകാരം രണ്ടുവർഷം തടവും അരലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടക്കാതിരുന്നാൽ മൂന്നുമാസം കൂടി തടവ് അനുഭവിക്കണം. സ്ത്രീധന നിരോധന നിയമത്തിലെ സെക്ഷൻ മൂന്ന് പ്രകാരം ആറുവർഷം തടവും പത്ത് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടക്കാതിരുന്നാൽ 18 മാസം കൂടി തടവ് അനുഭവിക്കണം. സ്ത്രീധന നിരോധനത്തിലെ സെക്ഷൻ നാല് പ്രകാരം ഒരുവർഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടക്കാതിരുന്നാൽ 15 ദിവസം കൂടി തടവ് അനുഭവിക്കണം.

<ു>12.55 ലക്ഷം രൂപയാണ് പ്രതിക്ക് ചുമത്തിയ ആകെ പിഴ. ഇതിൽ രണ്ട് ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കൾക്ക് നഷ്ടപരിഹാരമായി നൽകണമെന്നും കോടതി വിധിച്ചു. തടവ് ശിക്ഷ പത്തുവർഷം ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. വിസ്മയ കേസിൽ കിരൺ കുമാർ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. സ്ത്രീധനപീഡനം (ഐ.പി.സി. 304ബി), ആത്മഹത്യാപ്രേരണ (306), ഗാർഹികപീഡനം (498 എ) എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരേ തെളിഞ്ഞത്. കൊല്ലം പോരുവഴിയിലെ ഭർത്തൃവീട്ടിൽ കഴിഞ്ഞ ജൂൺ 21-നാണ് വിസ്മയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തതിനാലും വാഗ്ദാനംചെയ്ത സ്വർണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്ന് വിസ്മയ ജീവനൊടുക്കിയെന്നാണ് കേസ്. വിചാരണ നാലുമാസം നീണ്ടു. കിരൺകുമാറിന്റെ ഫോണിൽ റെക്കോഡ് ചെയ്തിരുന്ന സംഭാഷണങ്ങൾ സൈബർ പരിശോധനയിലൂടെ വീണ്ടെടുത്തു. ഈ സംഭാഷണങ്ങൾ കോടതിയിൽ തെളിവായി ഹാജരാക്കി.

2020 മെയ് 31-നാണ് നിലമേൽ കൈതോട് സീ വില്ലയിൽ വിസ്മയയെ മോട്ടോർവാഹനവകുപ്പിൽ എ.എം വിഐ. ആയ ശാസ്താംനട ചന്ദ്രവിലാസത്തിൽ കിരൺകുമാർ വിവാഹം കഴിച്ചത്.വിസ്മയ, അച്ഛൻ ത്രിവിക്രമൻ നായരോട് 'ഇങ്ങനെ തുടരാൻ വയ്യെന്നും താൻ ആത്മഹത്യചെയ്തുപോകുമെന്നും' കരഞ്ഞുപറയുന്ന ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. അറസ്റ്റിലായ കിരണിനെ പിന്നീട് സർവീസിൽനിന്നു പിരിച്ചുവിട്ടു. പ്രോസിക്യൂഷൻ 41 സാക്ഷികളെ വിസ്തരിച്ചു.118 രേഖകളും 12 തൊണ്ടിമുതലുകളും കോടതിയിൽ സമർപ്പിച്ചു. പ്രതിയുടെ പിതാവ് സദാശിവൻ പിള്ള, സഹോദരപുത്രൻ അനിൽകുമാർ, ഭാര്യ ബിന്ദുകുമാരി, സഹോദരി കീർത്തി, ഭർത്താവ് മുകേഷ് എം.നായർ എന്നീ സാക്ഷികൾ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP