Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓപ്പൺ ഫോറം ചർച്ചയാക്കി നോർക്ക കൈകഴുകി; സഭയ്ക്കുള്ളിൽ അനിതാ പുല്ലയിൽ എത്തിയത് വമ്പൻ സുരക്ഷാ വീഴ്ച; റോമിൽ നിന്നെത്തിയ പുല്ലയിലിനെതിരെ കേസെടുക്കാനുള്ള ശുപാർശ നൽകണമെന്ന ആവശ്യം ശക്തം; ഇനി നിർണ്ണായകം സിപിഎം നിലപാട് തന്നെ; ലോക കേരള സഭയുടെ നിറം മങ്ങിയതിൽ മുഖ്യമന്ത്രിക്കും അതൃപ്തി; പ്രതിസന്ധിയിലായി സ്പീക്കർ രാജേഷും

ഓപ്പൺ ഫോറം ചർച്ചയാക്കി നോർക്ക കൈകഴുകി; സഭയ്ക്കുള്ളിൽ അനിതാ പുല്ലയിൽ എത്തിയത് വമ്പൻ സുരക്ഷാ വീഴ്ച; റോമിൽ നിന്നെത്തിയ പുല്ലയിലിനെതിരെ കേസെടുക്കാനുള്ള ശുപാർശ നൽകണമെന്ന ആവശ്യം ശക്തം; ഇനി നിർണ്ണായകം സിപിഎം നിലപാട് തന്നെ; ലോക കേരള സഭയുടെ നിറം മങ്ങിയതിൽ മുഖ്യമന്ത്രിക്കും അതൃപ്തി; പ്രതിസന്ധിയിലായി സ്പീക്കർ രാജേഷും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിത പുല്ലയിൽ ലോക കേരള സഭ സമ്മേളനത്തിനെത്തിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. അനിതാ പുല്ലയിൽ സഭയിലെത്തിയ വാഹനം തിരിച്ചറിഞ്ഞു. സഭ ടിവിയുമായി സഹകരിക്കുന്ന ആളുടെ വാഹനത്തിലാണ് അവർ എത്തിയത്. സഭ ടിവിക്ക് സാങ്കേതിക സഹായം നൽകുന്ന പ്രവീണിനെതിരെ അന്വേഷണം ആരംഭിച്ചു. സിസിടിവി പരിശോധിക്കാൻ സ്പീക്കർ എംബി രാജേഷ് നിർദ്ദേശം നൽകി. സഭയിൽ അനിതാ പുല്ലയിൽ എത്തിയതിൽ സ്പീക്കർ തീർത്തും നിരാശനാണ്. ലോക കേരള സഭയിൽ എല്ലാം നിയന്ത്രിച്ചത് നോർക്കയായിരുന്നു. ഇത് പല കോണിൽ നിന്ന് തുടക്കത്തിൽ തന്നെ വിമർശനമായി മാറുകയും ചെയ്തു. ഇതിനെ എല്ലാം സ്പീക്കർ എംബി രാജേഷ് തള്ളി കളയുകയും ചെയ്തു. ഇതിനിടെയാണ് അനിതാ പുല്ലയിൽ സഭയിൽ എത്തിയത് വിവാദമായി മാറിയത്. ഇവിടെ എല്ലാത്തിനും ഉത്തരം പറയേണ്ടത് സ്പീക്കറുടെ ഉത്തരവാദിത്തവുമായി.

അനിത പുല്ലയിൽ എത്തിയ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് റവന്യൂമന്ത്രി കെ രാജൻ പറഞ്ഞിരുന്നു. നിയമസഭാ സമുച്ചയത്തിലേക്ക് അനിത എത്തിയത് ഗുണകരമായ കാര്യമല്ല. കർശനമായ അന്വേഷണം നടത്തുമെന്നും ഇത് സംബന്ധിച്ച് സ്പീക്കറുമായി സംസാരിച്ചുവെന്നും മന്ത്രി പ്രതികരിച്ചു. തന്റെ നിരാശ റവന്ാ മന്ത്രിയുമായി സ്പീക്കർ പങ്കുവച്ചതായാണ് സൂചന. അനിത പുല്ലയിലിനെ നോർക്ക ക്ഷണിച്ചിരുന്നില്ലെന്ന് വൈസ് ചെയർമാർ പി.ശ്രീരാമകൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു ഓപ്പൺ ഫോറത്തിലെ പാസ് ഉപയോഗിച്ചാകാം അവർ അകത്തു കടന്നതെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചിരുന്നു. അതായത് എല്ലാം നിയന്ത്രിച്ച നോർക്ക ഇക്കാര്യത്തിൽ പരസ്യമായി കൈകഴുകി രക്ഷപ്പെട്ടു. ഇതോടെ എല്ലാം നിയമസഭയിലെ വീഴ്ചയാണെന്ന പൊതുധാരണയും വന്നു. സഭയിലെ സുരക്ഷാ വീഴ്ചയിലേക്ക് പോലും കാര്യങ്ങൾ വിരൽ ചൂണ്ടുന്ന അവസ്ഥയുണ്ടായി. ലോക കേരള സഭയുടെ നിറം മങ്ങിയതിൽ മുഖ്യമന്ത്രി പിണറായി വിജയനും അസ്വസ്ഥനാണ്. ഇതു കാരണം പൊതു പരിപാടികളിൽ ഒന്നും പിണറായി പങ്കെടുക്കുന്നുമില്ല. പുല്ലയിൽ എത്തിയത് അറിഞ്ഞാണ് മുഖ്യമന്ത്രി ലോക കേരള സഭയിൽ സജീവമാകാത്തതെന്ന വാദവും സജീവമാണ്.

പ്രതിനിധി പട്ടികയിൽ ഉണ്ടായിരുന്നില്ലെങ്കിലും സഭാ സമ്മേളനം നടന്ന ശങ്കരനാരായണൻ തമ്പി ഹാളിന് പരിസരത്ത് മുഴുവൻ സമയവും അനിത പുല്ലയിൽ സജീവമായിരുന്നു. പ്രതിനിധികൾക്കൊപ്പം ഇവർ ഫോട്ടോയുമെടുത്തിരുന്നു. സഭ ടിവിയുടെ റൂമിലാണ് ഇവർ ഇരുന്നിരുന്നത്. മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെട്ടതോടെ വാച്ച് ആൻഡ് വാർഡ് എത്തി. പിന്നീട് അവർ പുറത്തേക്കും പോയി. മാധ്യമങ്ങൾ അനിതാ പുല്ലയിലിന്റെ വിവാദം വാർത്തയാക്കുമെന്ന തിരിച്ചറിവിലായിരുന്നു ഇതെല്ലാം. ഇത് സ്പീക്കറെ കുഴക്കുന്നുണ്ട്. എന്നാൽ സഭ ടിവിയിലെ പ്രമുഖനെതിരെ സിപിഎം അനുമതിയില്ലാതെ നടപടി എടുക്കാൻ സ്പീക്കർക്ക് കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഏതായാലും ലോക കേരള സഭയുടെ മാറ്റ് കുറയ്ക്കുന്നതായി അനിതാ പുല്ലയിലിന്റെ സാന്നിധ്യം. സഭയ്ക്കുള്ളിൽ ഇതു സംഭവിച്ചത് വലിയ പിഴവാണെന്ന് സ്പീക്കർ വിലയിരുത്തുന്നുണ്ട്. മുഖ്യമന്ത്രിയും ഈ നിലപാടിലാണ്. ഈ വിഷയത്തിൽ പ്രതിപക്ഷ എംഎൽഎമാർ പരാതിയുമായി സ്പീക്കറെ സമീപിക്കാനും സാധ്യത ഏറെയാണ്.

വരുന്ന നിയമസഭാ സമ്മേളനത്തിൽ അനിതാ പുല്ലയിൽ വിഷയവും ചർച്ചയാകും. ലോക കേരള സഭയിലേക്ക് പുരാവസ്തു തട്ടിപ്പ് കേസിൽ ആരോപണ വിധേയയായ പ്രവാസി വനിത അനിത പുല്ലയിലെത്തിയ സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തു വന്നിരുന്നു. സുരക്ഷാ കടമ്പകൾ മറികടന്ന് എങ്ങനെയാണ് അനിതയ്ക്ക് ലോക കേരളസഭയിൽ എത്താനായതെന്ന് ചോദിച്ച സതീശൻ സർക്കാരിന് ഇത്തരക്കാരുമായി അടുത്ത ബന്ധമാണെന്നും ആരോപിച്ചു. സർക്കാരുമായി ബന്ധമുള്ള ഇത്തരം വ്യക്തികൾ നിരന്തരമായി പുറത്തേക്ക് വരികയാണെന്നും ഇത്തരത്തിൽ പത്താമത്തെ അവതാരമായാണ് അനിത പുല്ലയിൽ എത്തിയതെന്നും വിഡി സതീശൻ പറഞ്ഞു. ഈ വിവാദത്തിൽ സഭയിൽ ചർച്ച വന്നാൽ സ്പീക്കർക്കും സത്യം പറയേണ്ടി വരും. നിയമസഭയിൽ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കേണ്ടിയും വരും. ഇതെല്ലാം വലിയ ചർച്ചയായി മാറും. സഭാ ടിവിയുടെ മുറിയിൽ പുല്ലയിൽ എത്തിയതും സഭയിലെ ചർച്ചകളിൽ നിറയും. ഇതാണ് വിഡി സതീശന്റെ പ്രതികരണത്തിലും എത്തുന്നത്.

'മുഖ്യമന്ത്രി 2016ൽ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തൊട്ടു മുമ്പ് പറഞ്ഞത് ഇനിയുള്ള ഭരണത്തിൽ അവതാരങ്ങളുണ്ടാവില്ലെന്നാണ്. ഷാജ് കിരൺ കൂടി വന്നതോടെ 9 അവതാരങ്ങളായി എന്ന് ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇപ്പോൾ പത്താമത്തെ അവതാരമെത്തി. ദശാവതാരമായി. ഈ അവതാരങ്ങളെ മുട്ടിയിട്ട് നടക്കാൻ വയ്യ. ഇത്തരം ആളുകളുമൊക്കെയായി അവർക്ക് ബന്ധമുണ്ട്. നിയമസഭാ മന്ദിരത്തിന്റെ സുരക്ഷാ നടപടികൾ നന്നായിട്ടറിയാവുന്ന ആളാണ് ഞാൻ. പ്രത്യേകിച്ച് ഈ പരിപാടി നടക്കുമ്പോൾ അവിടെ അതീവ സുരക്ഷാ മേഖലയാണ്. അവിടേക്ക് ഒരാൾ കയറുന്നു. രണ്ട് ദിവസമായി മുഴുവൻ സമയവും അവിടെ ഇരിക്കുന്നു. മാധ്യമപ്രവർത്തകർ പരാതിപ്പെട്ടപ്പോൾ മാത്രമാണ് അവരെ പുറത്തേക്കിറക്കി കൊണ്ട് പോയത്. ഇത്തരം അവതാരങ്ങൾക്കാണ് പിണറായി കാലത്ത് ഏറ്റവും കൂടുതൽ പ്രസക്തിയുള്ളത്. എത്ര അവതാരങ്ങളാണ് ഇങ്ങനെ പ്രത്യക്ഷപ്പെടുന്നത്. സ്വപ്ന സുരേഷിനെ ആരാണ് കൊണ്ട് നടന്നത്. യോഗ്യതയില്ലാഞ്ഞിട്ടും അവർക്ക് ലക്ഷക്കണക്കിന് രൂപയുടെ ജോലി കൊടുത്തത് മുഖ്യമന്ത്രിയുടെ വകുപ്പിൽ നിന്നാണ്. എല്ലാക്കാലത്തും ഇത്തരം അവതാരങ്ങളെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചയാളാണ് അദ്ദേഹം, വിഡി സതീശൻ പറഞ്ഞു.

ഇപ്പോൾ കേരളത്തിൽ കലാപം നടത്തേണ്ട എന്ത് കാര്യമാണുള്ളത്. ഭരണകക്ഷി തന്നെ കലാപം നടത്തുകയാണ്. സംസ്ഥാന വ്യാപകമായി അക്രമത്തിന് അഹ്വാനം ചെയ്യുകയാണ്. പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡന്റിനെയും കൊല്ലുമെന്ന് പ്രധാനേതാക്കൾ ഭീഷണിപ്പെടുത്തുകയാണ്. ഇങ്ങനെ ഭരണകക്ഷി അഴിഞ്ഞാടുന്ന കാലം കേരളത്തിൽ മുമ്പ് എപ്പോഴെങ്കിലമുണ്ടായിട്ടുണ്ടോ എന്നും വിഡി സതീശൻ ചോദിച്ചു. അനിത പുല്ലയിലിനെ ലോക കേരള സഭയിൽ എത്തിച്ചത് സഭാ ടിവിക്ക് സാങ്കേതിക സഹായം നൽകുന്ന ബിറ്റ് റേറ്റ് സൊല്യൂഷൻസുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പ്രവീൺ എന്നയാളാണെന്ന് റിപ്പോർട്ട്. പരിപാടിയുടെ ഉദ്ഘാടനം മുതൽ അനിത സഭയിൽ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ട് ചെയ്യുന്നു.

പ്രവീണിന് നിയമസഭാ പാസും ലോക കേരള സഭയിൽ പങ്കെടുക്കാനുള്ള പാസും ഉണ്ടായിരുന്നു. പ്രവീണിനൊപ്പമാണ് അനിത സഭയിൽ എത്തിയതെന്ന് ചീഫ് മാർഷൽ സ്ഥിരീകരിച്ചു. പാസില്ലാത്ത അനിത സഭയിൽ കടന്നത് പ്രവീണിന്റെ ശുപാർശപ്രകാരമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഓപ്പൺ ഫോറത്തിന്റെ പാസ് ഉപയോഗിച്ചാകാം അനിത സഭയിൽ പ്രവേശിച്ചത് എന്നാണ് നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ പറഞ്ഞത്. ഡെലിഗേറ്റുകളുടെ പട്ടിക നോർക്ക ഇതുവരെ പുറത്തു വിട്ടിട്ടുമില്ല. നിയമസഭയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം അന്വേഷണം നടത്താനാണ് സുരക്ഷാ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

നിയസഭാ മന്ദിരത്തിൽ അനിത എങ്ങനെ എത്തിപ്പെട്ടുവെന്നത് നേരത്തെ അവ്യക്തമായിരുന്നു. സഭാ സമുചയത്തിന്റെ പുറത്ത് കാർ പോർച്ചിനു സമീപം സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിൽ പൊതുജനത്തിന് പങ്കെടുക്കാം. എന്നാൽ അകത്തേക്ക് കടക്കാൻ അനുമതിയില്ല. ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാൻ നൽകുന്ന പാസ് ഉപയോഗിച്ചാകാം അനിത അകത്തേക്ക് കടന്നതെന്നായിരുന്നു നോർക്കയുടെ വിശദീകരണം. എന്നാൽ പാസ് ധരിക്കാതെയാണ് രണ്ട് ദിവസങ്ങളിലായി അനിത ലോക കേരള സഭയിൽ ചുറ്റിത്തിരിഞ്ഞത്.

മാധ്യമങ്ങളിൽ നിന്നും രക്ഷപെടാൻ സഭാ ടിവി ഓഫീസിനുള്ളിൽ രണ്ടര മണിക്കൂർ സമയമാണ് അനിത ചെലവഴിച്ചത്. സഭാ ടിവിക്ക് സാങ്കേതിക സഹായം നൽകുന്ന സ്വകാര്യ ഏജൻസിക്കെതിരെ അന്വേഷണം നടത്തിയപ്പോഴാണ് അനിതയെ സഭയിൽ എത്തിച്ചത് പ്രവീൺ ആണെന്ന് വ്യക്തമായത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് ചീഫ് മാർഷലിന്റെ നീക്കം. സഭയിൽ പുല്ലയിൽ അതിക്രമിച്ച് കയറിയെന്ന വ്യക്തമായ സാഹചര്യത്തിൽ പൊലീസിന് പരാതി നൽകാൻ നിയമസഭാ സെക്രട്ടറി തയ്യറാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. അങ്ങനെ വന്നാൽ റോമിൽ സ്ഥിര താമസമാക്കിയ പുല്ലയിലിനെതിരെ ജാമ്യമില്ലാ കേസും വരും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP