Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഗ്‌നിപഥ് റിക്രൂട്ട്മെന്റ് തീയതികൾ പ്രഖ്യാപിച്ച് പ്രതിരോധ സേനകൾ; കരസേനയിൽ വിജ്ഞാപനം തിങ്കളാഴ്ച; സേനയിലേക്ക് വനിതകളും; അഗ്‌നിവീരന്മാർക്ക് ജീവഹാനി സംഭവിച്ചാൽ നഷ്ടപരിഹാരം ഒരുകോടി; ഭാവിയിൽ പ്രതിവർഷം ഒന്നേകാൽ ലക്ഷം നിയമനം; കലാപകാരികൾക്ക് സ്ഥാനമുണ്ടാകില്ലെന്നും പ്രതിരോധ മന്ത്രാലയം

അഗ്‌നിപഥ് റിക്രൂട്ട്മെന്റ് തീയതികൾ പ്രഖ്യാപിച്ച് പ്രതിരോധ സേനകൾ; കരസേനയിൽ വിജ്ഞാപനം തിങ്കളാഴ്ച; സേനയിലേക്ക് വനിതകളും; അഗ്‌നിവീരന്മാർക്ക് ജീവഹാനി സംഭവിച്ചാൽ നഷ്ടപരിഹാരം ഒരുകോടി; ഭാവിയിൽ പ്രതിവർഷം ഒന്നേകാൽ ലക്ഷം നിയമനം; കലാപകാരികൾക്ക് സ്ഥാനമുണ്ടാകില്ലെന്നും പ്രതിരോധ മന്ത്രാലയം

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ഹ്രസ്വകാല സൈനികസേവന പദ്ധതിയായ അഗ്‌നിപഥിനായി അഗ്‌നിവീർ റിക്രൂട്ട്‌മെന്റ് തീയതികൾ പ്രഖ്യാപിച്ച് പ്രതിരോധ സേനകൾ. കരസേനയിൽ റിക്രൂട്ട്മെന്റ് റാലി ഓഗസ്റ്റ് പകുതിയോടെ നടത്തും. കരസേനയിൽ നിയമനവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വിജ്ഞാപനമിറക്കും.

കരസേനയിൽ റിക്രൂട്ട്‌മെന്റ് റാലി ഓഗസ്റ്റ് പകുതിയോടെ നടക്കുമെന്നും സൈനികകാര്യവകുപ്പ് അഡീഷണൽ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ അനിൽ പുരി അറിയിച്ചു. കരസേനയിൽ ഡിസംബർ ആദ്യവാരവും ഫെബ്രുവരി 23നുമായി രണ്ടു ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം.

വ്യോമസേനയിൽ അഗ്‌നിപഥ് രജിസ്‌ട്രേഷൻ ജൂൺ 24-നാണ്. ആദ്യബാച്ചിന്റെ പരിശീലനം ഡിസംബർ 30-ന് തുടങ്ങും. ഓൺലൈൻ പരീക്ഷ ജൂലൈ പത്തിന് നടക്കും. അതായത് ഓൺലൈൻ പരീക്ഷ ഒരു മാസത്തിനുള്ളിൽ നടത്തുമെന്നർത്ഥം.

നാവികസേനയിൽ 25-നായിരിക്കും റിക്രൂട്ട്‌മെന്റ് പരസ്യം നൽകുക. നാവികസേനയിലും ഓൺലൈൻ പരീക്ഷ ഒരു മാസത്തിനുള്ളിൽത്തന്നെ നടക്കും. നവംബർ 21-ന് നാവികസേനയിൽ പരിശീലനം തുടങ്ങും.

അഗ്‌നീവീറുകളും മറ്റ് സൈനികരും തമ്മിൽ വിവേചനമില്ലെന്നും സേനയെ ചെറുപ്പമാക്കുകയാണ് ലക്ഷ്യമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ജോലിക്കിടെ ജീവഹാനി സംഭവിച്ചാൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകും. ഇപ്പോഴുള്ള 46,000 മാത്രമല്ല 1.25 ലക്ഷം വരെ അഗ്‌നിവീറുകളുടെ എണ്ണത്തിൽ വർധനവുണ്ടാക്കുമെന്നും പ്രതിരോധ മന്ത്രാലയത്തിന് വേണ്ടി സൈനിക പ്രതിനിധികൾ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച അഗ്‌നിപഥ് പദ്ധതിയെ സംബന്ധിച്ച് പ്രതിരോധ മന്ത്രാലയം വിശദീകരിച്ചിരുന്നു. സൈന്യത്തിന് കൂടുതൽ യുവത്വം നൽകാൻ പദ്ധതിക്ക് രൂപം നൽകിയതെന്ന് പ്രതിരോധവകുപ്പ് അഡീഷണൽ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ അനിൽ പുരി മാധ്യമങ്ങളോട് പറഞ്ഞു.

അഗ്‌നിപഥ് പദ്ധതി അനുസരിച്ച് തുടക്കത്തിൽ 46,000 പേരെയാണ് നിയമിക്കുക. ഭാവിയിൽ നിയമനം 1.25 ലക്ഷമായി ഉയർത്തും. അടുത്ത അഞ്ചുവർഷം ശരാശരി 60000 പേരെ വരെ പ്രതിവർഷം നിയമിക്കും. ഇത് പിന്നീട് 90000 ആയി ഉയർത്തും. ഭാവിയിൽ പ്രതിവർഷം ഒന്നേകാൽ ലക്ഷം പേരെ നിയമിക്കുന്ന തലത്തിലേക്ക് ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി പിൻവലിക്കുന്ന പ്രശ്‌നമില്ലെന്ന് പ്രതിരോധ മന്ത്രാലയം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇനി സൈന്യത്തിലേക്ക് റിക്രൂട്ട്‌മെന്റ് അഗ്‌നിപഥ് വഴി മാത്രമായിരിക്കും. രാജ്യത്തിന്റെ സൈന്യത്തിലേക്ക് കൂടുതൽ യുവാക്കളെത്തേണ്ടത് അത്യാവശ്യമാണെന്ന് സൈനികകാര്യവകുപ്പ് അഡീഷണൽ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ അനിൽ പുരി പറയുന്നു. സേനയിലെ ശരാശരി പ്രായം 26 ആക്കുകയാണ് പ്രധാനലക്ഷ്യം.

രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനം പേരും 35 വയസ്സിന് താഴെയാണ്. അതിനാൽത്തന്നെ ഈ രാജ്യത്ത് സേനയും ചെറുപ്പമാകേണ്ടത് അത്യാവശ്യമാണെന്നും അനിൽപുരി വ്യക്തമാക്കി. അഗ്‌നിപഥ് പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ മൂന്ന് സേനകളും സംയുക്തമായി വിളിച്ച വാർത്താസമ്മേളനത്തിലാണ് ലഫ്റ്റനന്റ് ജനറലിന്റെ വിശദീകരണം.

സേനയുടെ ശരാശരി പ്രായം കുറയ്‌ക്കേണ്ടതുണ്ട് എന്നത് ഇന്നും ഇന്നലെയും തുടങ്ങിയ ചർച്ചയല്ലെന്ന് ലഫ്. ജനറൽ അനിൽ പുരി വ്യക്തമാക്കുന്നു. കാർഗിൽ യുദ്ധകാലത്തിന് ശേഷം തുടങ്ങിയ ചർച്ചയാണിത്. ജനറൽ ബിപിൻ റാവത്തിന്റെ നേതൃത്വത്തിൽ രണ്ട് വർഷത്തെ ചർച്ചയ്ക്കു ശേഷം തയ്യാറാക്കിയതാണ് പദ്ധതി.

നിലവിൽ 14,000 പേർ കരസേനയിൽ നിന്ന് ഓരോ വർഷവും പുറത്തേക്ക് വരുന്നുണ്ട്. ഇവരിൽപ്പലരും സർവീസ് പൂർത്തിയാക്കുന്നതിന് മുമ്പേ വിരമിക്കുന്നവരാണ്. ഇവരുടെയും ശരാശരി പ്രായം 35 വയസ്സാണ്. അതിനാൽത്തന്നെ തൊഴിൽ ഇല്ലാതാകും എന്ന വാദത്തിന് അർത്ഥമില്ലെന്നും അനിൽ പുരി പറയുന്നു.

നാൽപ്പത്തിയാറായിരം പേരെ എടുക്കുന്നത് തുടക്കത്തിൽ മാത്രമാണെന്നാണ് അനിൽ പുരി അറിയിക്കുന്നത്. പിന്നീടിത് പ്രതിവർഷം അറുപതിനായിരം മുതൽ ഒന്നേകാൽ ലക്ഷം വരെയാകും. കഴിഞ്ഞ രണ്ട് വർഷമായി റിക്രൂട്ട്‌മെന്റ് ഇല്ലാത്തതിനാൽ നിലവിൽ പദ്ധതി നടപ്പാക്കാൻ നല്ല അവസരമാണെന്നും അനിൽ പുരി വ്യക്തമാക്കുന്നു.

അഗ്‌നിപഥ് പദ്ധതി വഴി കപ്പലുകളിലേക്കും വനിതകളെ നിയമിക്കുമെന്ന് നാവികസേന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കുന്നു. വനിതകളെ സെയിലർമാരായി നിയമിക്കുമെന്നാണ് അറിയിപ്പ്.

11.74 ലക്ഷം മാത്രമല്ല ഒരു അഗ്‌നിവീറിന്റെ വരുമാനം. സർവീസ് അടക്കമുള്ള കാലഘട്ടത്തിലേതും ചേർത്ത് ആകെ ഒരു അഗ്‌നിവീറിന് 23.24 ലക്ഷം രൂപ വരുമാനം കിട്ടും. സേവനകാലത്തിനിടെ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്താൽ ഇൻഷൂറൻസ് സേവാനിധി ഉൾപ്പടെ ഒരു കോടി രൂപയാണ് ഒരു അഗ്‌നിവീറിന് ആകെ ലഭിക്കുക. സിയാച്ചിനിൽ ഉൾപ്പടെ ജോലി ചെയ്യുന്ന സൈനികർക്ക് കിട്ടുന്ന അതേ തരത്തിലുള്ള ശമ്പളവും ആനുകൂല്യങ്ങളുമാണ് അഗ്‌നിവീറുകൾക്കും ലഭിക്കുക. ഒരു തരത്തിലുള്ള വിവേചനവുമുണ്ടാവില്ല.

വിവിധ മന്ത്രാലയങ്ങളിൽ അഗ്‌നിവീറുകൾക്ക് നൽകുന്ന സംവരണം നേരത്തേ ചർച്ച ചെയ്ത് തീരുമാനിച്ചതാണെന്നും, അക്രമങ്ങളോ സമരങ്ങളോ കണ്ട് നടപ്പാക്കിയതല്ല എന്നും ലഫ്റ്റനന്റ് ജനറൽ വ്യക്തമാക്കി. ചില സംസ്ഥാന സർക്കാരുകൾ മടങ്ങിവരുന്ന അഗ്‌നീവീറുകൾക്കാകെ തൊഴിൽ നല്കും എന്നറിയിച്ചിട്ടുണ്ട്. ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും പിന്തുണയ്ക്കും എന്നറിയിച്ചു.

വർഷങ്ങൾക്ക് മുന്നെ ചർച്ചയിലുള്ളതാണ് സേനയുടെ നവീകരണം. പെട്ടെന്നെടുത്ത തീരുമാനമായിരുന്നില്ല. ആദ്യ ബാച്ചിന്റെ രജിസ്ട്രേഷൻ നടപടികൾ ജൂൺ 24 മുതൽ ജൂലായ് 24 വരെയുള്ള സമയത്ത് പൂർത്തിയാക്കും. തുടർന്ന് ഓൺലൈൻ പരീക്ഷ നടത്തും. ആദ്യ ബാച്ച് ഡിസംബർ മാസത്തിൽ സേനയുടെ ഭാഗമാവും. ആ മാസം തന്നെ പരിശീലന പരിപാടികളും ആരംഭിക്കാൻ കഴിയുമെന്ന് എയർമാർഷൽ എസ്.കെ ഷാ വ്യക്തമാക്കി.

നവംബർ 21 ഓടെ അഗ്‌നിവീറുകളുടെ ആദ്യ നാവിക ബാച്ച് പരിശീലന പരിപാടികൾക്കായി ഒഡിഷയിലെ ഐ.എൻ.എസ് ചിൽക്കയിലെത്തും. അതിൽ പെൺകുട്ടികളും ആൺകുട്ടികളുമുണ്ടാവുമെന്ന് നാവിക സേനാ വൈസ് അഡ്‌മിറൽ ദിനേഷ് ത്രിപാഠി വ്യക്തമാക്കി.

അപേക്ഷകർ ഒരു തരത്തിലുമുള്ള വിധ്വംസക പ്രവർത്തനങ്ങളിലും ഉൾപെട്ടിട്ടില്ലെന്ന സത്യവാങ്മൂലം നൽകണം. പൊലീസ് പരിശോധന പൂർത്തിയാവാത്ത ഒരാൾക്കും സേനയുടെ ഭാഗമാവാൻ കഴിയില്ല. തീവെയ്‌പ്പുകാർക്കും കലാപക്കാർക്കും സേനയിൽ സ്ഥാനമില്ലെന്നും അധികൃതർ വ്യക്തമാക്കി. അച്ചടക്കമില്ലായ്മയ്ക്ക് സൈന്യത്തിൽ സ്ഥാനമില്ലെന്ന് ലഫ്റ്റനന്റ് ജനറൽ അനിൽ പുരി വ്യക്തമാക്കുന്നു. കോച്ചിങ് സെന്ററുകളും അക്രമി സംഘങ്ങളും അക്രമത്തിനു പിന്നിലെന്നാണ് പ്രാഥമിക വിലയിരുത്തൽ. അക്രമങ്ങളിൽ പങ്കുള്ളവർക്ക് സേനയിൽ സ്ഥാനമുണ്ടാവില്ല. പ്രതിഷേധങ്ങൾ നിറുത്തി റിക്രൂട്ട്‌മെന്റിന് തയ്യാറെടുക്കണമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP