Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഗ്‌നിപഥ് പ്രതിഷേധം കത്തുന്നു; ബിഹാറിലെ അക്രമത്തിൽ റെയിൽവേയ്ക്ക് നഷ്ടം 200 കോടി; ആയിരത്തിലേറെ പേർ അറസ്റ്റിൽ; സേനാമേധാവിമാരെ കണ്ട് രാജ്‌നാഥ്; പ്രക്ഷോഭത്തിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ; വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന പദ്ധതിയെന്നും കേന്ദ്ര പ്രതിരോധ മന്ത്രി

അഗ്‌നിപഥ് പ്രതിഷേധം കത്തുന്നു; ബിഹാറിലെ അക്രമത്തിൽ റെയിൽവേയ്ക്ക് നഷ്ടം 200 കോടി; ആയിരത്തിലേറെ പേർ അറസ്റ്റിൽ; സേനാമേധാവിമാരെ കണ്ട് രാജ്‌നാഥ്; പ്രക്ഷോഭത്തിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ; വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന പദ്ധതിയെന്നും കേന്ദ്ര പ്രതിരോധ മന്ത്രി

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ഹ്രസ്വകാല സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ 'അഗ്‌നിപഥ്' കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉന്നതതല യോഗം വിളിച്ചു. സേനാമേധാവിമാർ പങ്കെടുക്കുന്ന യോഗം പ്രതിരോധമന്ത്രിയുടെ വീട്ടിൽ വച്ചാണ് നടക്കുന്നതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിനിടെ, കേന്ദ്രയുവജനകാര്യ മന്ത്രാലയം പദ്ധതിയെക്കുറിച്ച് വൻ പ്രചാരണം നടത്താനും തീരുമാനമായിട്ടുണ്ട്. സമൂഹമാധ്യമങ്ങൾ വഴിയായിരിക്കും പ്രചാരണം.

കരസേനാമേധാവി മനോജ് പാണ്ഡേ, ചീഫ് ഓഫ് എയർ സ്റ്റാഫ് വി ആർ ചൗധരി, ചീഫ് അഡ്‌മിറൽ ആർ ഹരികുമാർ എന്നിവർ അടക്കം പങ്കെടുക്കുന്ന ഉന്നതതലയോഗത്തിൽ പ്രതിഷേധങ്ങൾക്കിടെ റിക്രൂട്ട്‌മെന്റ് നടപടികൾ എങ്ങനെ നടപ്പാക്കണമെന്ന കാര്യമാണ് ചർച്ച ചെയ്യുന്നത്.

അഗ്‌നിപഥ് പദ്ധതിക്കെതിരെ പരക്കുന്ന 'തെറ്റിദ്ധാരണകൾ'ക്കു പിന്നിൽ രാഷ്ട്രീയ കാരണങ്ങളാണെന്ന് രാജ്നാഥ് സിങ് ആരോപിച്ചു. മുൻ സൈനികർ ഉൾപ്പെടെയുള്ളവരുമായി വിശദമായ കൂടിയാലോചന നടത്തിയാണ് പദ്ധതി പ്രഖ്യാപിച്ചതെന്ന് രാജ്നാഥ് സിങ് പറഞ്ഞു.

സൈനിക റിക്രൂട്ട്മെന്റിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതാണ് പദ്ധതി. അഗ്‌നിപഥ് പദ്ധതി പ്രകാരം സൈന്യത്തിൽ ചേരുന്നവർക്കുള്ള പരിശീലനത്തിന്റെ ഗുണനിലവാരത്തിൽ ഒരുവിധത്തിലുള്ള വീഴ്ചയും ഉണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു.

അഗ്‌നിപഥ് പുതിയ പദ്ധതിയാണ്. അതുകൊണ്ടുതന്നെ ജനങ്ങൾക്കു ചില ആശയക്കുഴപ്പങ്ങൾ ഉണ്ടാവാം. രണ്ടു വർഷത്തെ കൂടിയാലോചനകൾക്കു ശേഷമാണ് പദ്ധതിക്കു രൂപം നൽകിയത്. മുൻ സൈനികർ ഉൾപ്പെടെയുള്ളവരുമായി ആലോചിച്ച് സമവായത്തിലെത്തിയിരുന്നെന്ന് മന്ത്രി പറഞ്ഞു.

രാഷ്ട്രീയ കാരണങ്ങളാവാം ഇപ്പോഴത്തെ പ്രതിഷേധങ്ങൾക്കു കാരണം. പ്രതിപക്ഷത്തായാലും ഭരണപക്ഷത്തായാലും രാഷ്ട്രീയം രാജ്യത്തിനു വേണ്ടിയാവണമെന്ന് രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടു. സൈനികരുടെ ആത്മവിശ്വാസം ചോർത്തുന്ന നടപടികൾ ഉണ്ടാവരുത്. അഗ്‌നിപഥ് പദ്ധതി പ്രകാരം സൈന്യത്തിൽ ചേരുന്നവർക്കു നാലു വർഷം കഴിഞ്ഞാൽ മറ്റു സർക്കാർ ജോലികളിൽ മുൻഗണന ലഭിക്കും. സംസ്ഥാന സർക്കാരുകളും സ്വകാര്യ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും ഇവർക്കു നിയമനത്തിൽ മുൻഗണന നൽകും.- രാജ്നാഥ് സിങ് പറഞ്ഞു.

സേവനകാലാവധി കഴിയുമ്പോൾ 11.71 ലക്ഷം രൂപയാണ് അഗ്‌നിവീരർക്കു ആനുകൂല്യമായി നൽകുക. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ഇവർക്കു കുറഞ്ഞ പലിശനിരക്കിൽ വായ്പ നൽകുന്നതും പരിഗണിക്കുമെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി.

സേനാമേധാവിമാർ ഈ പദ്ധതി നടപ്പാക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. നിലവിൽ മൂന്ന് സേനകളിലെയും ശരാശരി പ്രായം 32 വയസ്സാണ്. ഇത് കുറച്ച് 24 മുതൽ 26 വയസ്സ് വരെ ശരാശരി പ്രായമാക്കി കുറയ്ക്കുകയാണ് ഈ പദ്ധതിയിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്.

അഗ്‌നിപഥ് പദ്ധതിയിലൂടെ റിക്രൂട്ട് ചെയ്യപ്പെട്ട് സേനയിൽ നിന്ന് നാല് വർഷത്തിന് ശേഷം പുറത്ത് വരുന്ന അഗ്‌നിവീർ അംഗങ്ങൾക്ക് പിന്നീട് അർദ്ധസൈനിക വിഭാഗങ്ങളിലടക്കം സംവരണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും പ്രതിഷേധം തണുപ്പിക്കുന്ന മട്ടില്ല.

ആദ്യം 17 മുതൽ 21 വയസ്സ് വരെയുള്ളവർക്ക് സൈനികസേവനത്തിനായി അപേക്ഷിക്കാമെന്ന വിജ്ഞാപനമാണ് പുറത്തിറങ്ങിയതെങ്കിലും പ്രതിഷേധം തുടങ്ങിയതോടെ പ്രായപരിധി 23 വയസ്സാക്കി ഉയർത്തി. ഈ വർഷം 46,000 തൊഴിലവസരങ്ങളാണ് മൂന്ന് സേനകളിലുമായി അഗ്‌നിപഥ് പദ്ധതി വഴി ഒരുക്കുക. അപ്പോഴും 2018-19 വർഷത്തിൽ കരസേനയിലേക്ക് മാത്രം എൺപതിനായിരത്തോളം പേരെ റിക്രൂട്ട് ചെയ്തിരുന്നുവെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് സമരക്കാർ കനത്ത പ്രതിഷേധവുമായി മുന്നോട്ട് പോകുന്നത്.

ഉത്തരേന്ത്യൻ ബെൽറ്റിൽ, പ്രത്യേകിച്ച് ബിഹാറിൽ നിന്ന് തുടങ്ങിയ പ്രതിഷേധം മറ്റിടങ്ങളിലേക്കും പടർന്നിരുന്നു. ഇത് തണുപ്പിക്കാനായി, പ്രത്യേകസംവരണമുൾപ്പടെയുള്ള പ്രഖ്യാപനങ്ങളാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയത്.

അഗ്‌നിവീർ പദ്ധതി വഴി സൈനിക സേവനം പൂർത്തിയാക്കുന്നവർക്ക് അർദ്ധസൈനിക വിഭാഗങ്ങളിൽ സംവരണം നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഇതനുസരിച്ച് അർദ്ധസൈനിക വിഭാഗങ്ങളിലെ പത്തു ശതമാനം ഒഴിവുകൾ നാല് വർഷത്തെ സേവനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന അഗ്‌നിവീറുകൾക്കായി മാറ്റിവയ്ക്കാനാണ് തീരുമാനം. അസം റൈഫിൾസിലും ഇവർക്ക് സംവരണം നല്കും.

രണ്ട് അർദ്ധസൈനിക വിഭാഗങ്ങളിലേക്കുള്ള പ്രായപരിധിയിൽ അഗ്‌നിവീറുകൾക്ക് മൂന്ന് വർഷത്തെ ഇളവ് നൽകും. ഇതോടൊപ്പം ഈ വർഷം മാത്രം അഗ്‌നിപഥ് വഴി സേനയിൽ ചേരുന്നവർക്ക് 5 വയസ്സിന്റെ ഇളവും ലഭിക്കുമെന്നാണ് പ്രഖ്യാപനം. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷം റിക്രൂട്ട്‌മെന്റ് നടന്നിട്ടില്ല എന്നതിനാലാണ് ആദ്യബാച്ചിന് മാത്രമായി ഇളവ് നൽകുന്നത്.

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്), സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്), ഇൻഡോ - ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി), ശസ്ത്ര സീമാബൽ (എസ്എസ്ബി), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) എന്നീ ഫോഴ്‌സുകളിലായി നിലവിൽ 73,000 പോസ്റ്റുകളാണ് നിലവിൽ ഒഴിവുള്ളത്.

അഗ്‌നിപഥ് പദ്ധതിയുടെ ഭാഗമായുള്ള റിക്രൂട്ട്‌മെന്റ് നടപടികൾക്കുള്ള തയ്യാറെടുപ്പുകളുമായി കേന്ദ്രസർക്കാർ മുൻപോട്ട് പോകുകയാണ്. രണ്ട് ദിവസത്തിനുള്ളിൽ വിജ്ഞാപനം പുറത്തിറങ്ങും. പിന്നാലെ റാലികളുടെ തീയതി പ്രഖ്യാപിക്കും. ഈ ഡിസംബറിൽ തന്നെ പരിശീലനം തുടങ്ങും. പരിശീലനം പൂർത്തിയാക്കുന്നവർ 2023 പകുതിയോടെ സേനയുടെ ഭാഗമാകുമെന്നും കരസേന മേധാവി മനോജ് പാണ്ഡെ വ്യക്തമാക്കി.

വലിയൊരു വിഭാഗം യുവാക്കൾക്ക് പദ്ധതി പ്രയോജനപ്പെടുമെന്ന വാദമുയർത്തി അഗ്‌നിപഥിനെതിരായ രോഷം ശമിപ്പിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. പദ്ധതി കൊണ്ടു വന്നതിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ച അമിത് ഷാ രാജ്യസേവനത്തിനൊപ്പം യുവാക്കൾക്ക് ശോഭനമായ ഭാവിയുണ്ടാകുമെന്ന് ട്വിറ്ററിൽ കുറിച്ചു. പ്രായപരിധി 23 ആക്കി ഉയർത്തിയത് മികച്ച തീരുമാനമാണെന്നും അവസരം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി രാജ്‌നാഥ് സിംഗും പറഞ്ഞു.

പദ്ധതിയെ കേന്ദ്രം ന്യായീകരിക്കുമ്പോൾ പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ് തിരിഞ്ഞു. രാജ്യത്തിന് വേണ്ടതെന്തെന്ന് പ്രധാനമന്ത്രിക്ക് മനസിലാക്കാൻ കഴിയുന്നില്ലെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. പ്രതിരോധ സ്റ്റാൻഡിങ് കമ്മിറ്റിയോഗം ഉടൻ വിളിച്ചു ചേർക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളിലെ സംഘർഷ സാഹചര്യം നിരീക്ഷിക്കുന്ന കേന്ദ്രം ഉദ്യോഗാർത്ഥികളല്ല പ്രതിപക്ഷ കക്ഷികളാണ് കലാപത്തിന് പിന്നിലെന്നാണ് വിലയിരുത്തുന്നത്.

അതേസമയം, അഗ്‌നിപഥ് സ്‌കീമിനെതിരെ സുപ്രീം കോടതിയിൽ ഹർജിയുമായി ഡൽഹിയിലെ അഭിഭാഷകൻ എത്തി. സ്‌കീമിനെക്കുറിച്ച് പഠിക്കാനായി വിരമിച്ച സുപ്രീം കോടതി ജഡ്ജിയെ അധ്യക്ഷനായി വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ അഭിഭാഷകൻ വിശാൽ തിവാരിയാണ് കോടതിയെ സമീപിച്ചത്. രാജ്യമെങ്ങും അരങ്ങേറിയ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാൻ നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ബിഹാറിൽ റെയിൽവേ സ്റ്റേഷനുകളിൽ കേന്ദ്രീകരിച്ചു നടത്തിയ അക്രമത്തിൽ 200 കോടി രൂപയുടെ നാശനഷ്ടങ്ങൾ വന്നതായാണ് വിലയിരുത്തൽ. 50 കോച്ചുകളും 5 എൻജിനുകളും പൂർണമായി കത്തിനശിച്ചുവെന്ന് ധനാപുർ റെയിൽ ഡിവിഷൻ ഡിആർഎം പ്രഭാത് കുമാർ പറഞ്ഞു. ഇവ ഇനി ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. പ്ലാറ്റ്‌ഫോമുകളും കംപ്യൂട്ടറുകളും, വിവിധ ഉപകരണങ്ങളുടെ ഭാഗങ്ങളും നശിച്ചു. ചില ട്രെയിനുകൾ റദ്ദാക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിഹാറിൽ കുറഞ്ഞത് 325 പേർ അറസ്റ്റിലായിട്ടുണ്ടെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 18 ജില്ലകളിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കിയിരിക്കുകയാണ്. യുപിയിൽ പ്രതിഷേധം നടത്തിയ 260 പേർ അറസ്റ്റിലായി. ആറ് എഫ്‌ഐആറുകളാണ് നാലു ജില്ലകളിലായി യുപി പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മധ്യപ്രദേശിൽ 15 പേരും പൊലീസിന്റെ പിടിയിലായി.

എട്ട് സംസ്ഥാനങ്ങളിൽ വൻ പ്രക്ഷോഭമാണ് നടക്കുന്നത്. ഏറ്റവും കൂടുതൽ പേർ സേനകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലാണ് പ്രക്ഷോഭം കത്തിപ്പടരുന്നത് എന്നതാണ് ശ്രദ്ധേയം. ബിഹാറിൽ തുടങ്ങിയ പ്രതിഷേധം യുപി, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്ക് വ്യാപകമായി പടരുകയാണ്. തെലങ്കാനയിൽ പൊലീസ് വെടിവെപ്പിൽ ഇന്നലെ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ രാത്രിയോടെ ബിഹാറിലെ ലഖ്‌സരായിൽ പ്രതിഷേധക്കാർ കത്തിച്ച ട്രെയിനിനുള്ളിൽ വിഷപ്പുക ശ്വസിച്ച് യാത്രക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു.

ഉത്തർ പ്രദേശിൽ ഇതുവരെ പ്രതിഷേധിച്ച 260 പേർ അറസ്റ്റിലായി. യുപിയിൽ അറസ്റ്റിലായത് 507 പേരാണ്. പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഇന്ന് ബിഹാറിൽ പ്രതിപക്ഷ പാർട്ടികൾ ബീഹാർ ബന്ദ് ആചരിക്കുകയാണ്. തെലങ്കാനയിൽ ഇന്നലെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു. 94 എക്സ്‌പ്രസ് ട്രെയിനുകളും 140 പാസഞ്ചർ ട്രയിനുകളുമാണ് സംഘർഷത്തെ തുടർന്ന് ഇന്നലെ റദ്ദാക്കിയത്. 340 ട്രയിൻ സർവീസുകളെ പ്രതിഷേധം ബാധിച്ചെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP