Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എംഎൽഎയുടെ ഫണ്ട് തിരിമറിക്കെതിരെ ശബ്ദിച്ചതിന് കടക്ക് പുറത്ത്! പയ്യന്നൂർ ഏരിയ സെക്രട്ടറി വി. കുഞ്ഞിക്കൃഷ്ണനെതിരായ നടപടിയിൽ കണ്ണൂർ സിപിഎമ്മിൽ അമർഷം പുകയുന്നു; സത്യം കണ്ടെത്തിയ വ്യക്തിയെ ശിക്ഷിച്ചത് പാർട്ടിക്കുള്ളിലെ 'മാഫിയ' എന്ന് വിമർശനം; ധനരാജ് ഫണ്ടിലെ 42 ലക്ഷം രൂപ എവിടെയെന്ന ചോദ്യത്തിന് ഇനിയും ഉത്തരമില്ല

എംഎൽഎയുടെ ഫണ്ട് തിരിമറിക്കെതിരെ ശബ്ദിച്ചതിന് കടക്ക് പുറത്ത്! പയ്യന്നൂർ ഏരിയ സെക്രട്ടറി വി. കുഞ്ഞിക്കൃഷ്ണനെതിരായ നടപടിയിൽ കണ്ണൂർ സിപിഎമ്മിൽ അമർഷം പുകയുന്നു; സത്യം കണ്ടെത്തിയ വ്യക്തിയെ ശിക്ഷിച്ചത് പാർട്ടിക്കുള്ളിലെ 'മാഫിയ' എന്ന് വിമർശനം; ധനരാജ് ഫണ്ടിലെ 42 ലക്ഷം രൂപ എവിടെയെന്ന ചോദ്യത്തിന് ഇനിയും ഉത്തരമില്ല

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സത്യസന്ധരായവർക്ക് പ്രവർത്തിക്കാൻ കഴിയാത്ത പാർട്ടിയായി സിപിഎം മാറിയോ? കണ്ണൂരിൽ എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ ഫണ്ട് തട്ടിപ്പിനെ കുറിച്ചുള്ള സത്യാവസ്ഥ പാർട്ടിക്കുള്ളിൽ തെളിവു നിരത്തി ഉന്നയിച്ചു തെളിയിച്ച നേതാവിനെ സിപിഎം ശിക്ഷിച്ച നടപടിയാണ് വിവാദത്തിലാകുന്നത്. സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റിയിലെ ഒരു കോടിയോളം രൂപയുടെ ഫണ്ട് തിരിമറി വിവാദത്തിൽ ടി.ഐ.മധുസൂദനൻ എംഎൽഎ തെറ്റുകാരനാണെന്ന് കണ്ടെത്തുകയായിരുന്നു.

മധൂസൂദനനെതിരെ നടപടി എടുത്തതിന് പിന്നാലെ പരാതിക്കാരനായ ഏരിയ സെക്രട്ടറി വി.കുഞ്ഞിക്കൃഷ്ണനെതിരെയും നടപടിയെടുത്തു സിപിംഎം. ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയതിൽ പ്രതിഷേധിച്ച് കുഞ്ഞിക്കൃഷ്ണൻ പൊതുപ്രവർത്തനം അവസാനിപ്പിച്ചു. കണക്കുകളും രേഖകളും സഹിതം തിരിമറി പാർട്ടിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നയാളാണ് കുഞ്ഞിക്കൃഷ്ണൻ. നഷ്ടമായ ഫണ്ട് സംബന്ധിച്ച ചോദ്യത്തിന് പക്ഷേ, നേതൃത്വം മറുപടി നൽകുന്നില്ല.

മധുസൂദനനെ ജില്ലാ സെക്രട്ടേറിയറ്റിൽനിന്നു ജില്ലാ കമ്മിറ്റിയിലേക്കു തരംതാഴ്‌ത്തി. മൊത്തം 6 പേർക്കെതിരെയാണ് അച്ചടക്ക നടപടി. ഇക്കാര്യം പാർട്ടി ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്തു. പാർട്ടി ഏരിയ കമ്മിറ്റി ഓഫിസ് കെട്ടിട നിർമ്മാണ ഫണ്ടിലും നിയമസഭാ തിരഞ്ഞെടുപ്പു ഫണ്ടിലും ധനരാജ് രക്തസാക്ഷി ഫണ്ടിലും തിരിമറി നടന്നുവെന്നാണു പരാതി. കെട്ടിട നിർമ്മാണ ഫണ്ട് തിരിമറിയിൽ ഏരിയ കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. പയ്യന്നൂർ ഏരിയ കമ്മിറ്റിയിലും കീഴിലെ 12 ലോക്കൽ കമ്മിറ്റികളിലുമാണു നടപടി റിപ്പോർട്ട് ചെയ്തത്. ജില്ലാ സെക്രട്ടറി എം വിജയരാജനാണ് ഏരിയ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തത്.

സംസ്ഥാന സമിതി അംഗം മുൻ എംഎൽഎ ടി.വി.രാജേഷിനെ പയ്യന്നൂർ ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ 3 തവണ ജില്ലാ കമ്മിറ്റി യോഗം ചേർന്ന് തീരുമാനിച്ച നടപടിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം ഫണ്ട് തിരിമറി വിവാദം പുറത്തുകൊണ്ട വന്നതിന് പിന്നാലെ കുഞ്ഞിക്കണ്ണനെതിരായ നടപടിയിൽ സിപിഎമ്മിനുള്ളിലും അമർഷം പുകയുകയാണ്.

തട്ടിപ്പു വ്യക്തമാക്കാൻ വേണ്ടി സിപിഎം പയ്യന്നൂർ ഏരിയ സെക്രട്ടറി വി.കുഞ്ഞിക്കൃഷ്ണൻ പയ്യന്നൂർ എംഎൽഎ ടി.ഐ.മധുസൂദനന്റെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റും ശേഖരിച്ചു. കുഞ്ഞിക്കൃഷ്ണനെതിരെ നടപടിയെടുക്കാൻ സിപിഎം ചൂണ്ടിക്കാട്ടിയ കാരണവും ഇതു തന്നെയാണ്. പരാതിക്ക് അടിസ്ഥാനമായ ഫണ്ട് തിരിമറിയുടെ ഗൗരവം ബോധ്യപ്പെടുത്തുന്നതിനായി ജില്ലാ നേതൃത്വത്തിലെ പ്രമുഖ നേതാവിന്റെ അറിവോടെയാണ് അങ്ങനെ ചെയ്തതെന്നായിരുന്നു കുഞ്ഞിക്കൃഷ്ണന്റെ വിശദീകരണം. എന്നാൽ, ജില്ലാ നേതൃത്വം ഇത് അംഗീകരിച്ചില്ല.

കുഞ്ഞിക്കൃഷ്ണനെ നീക്കാനുള്ള ജില്ലാ കമ്മിറ്റി തീരുമാനത്തിൽ ഏരിയ കമ്മിറ്റിയിലെ 21 അംഗങ്ങളിൽ 16 പേരും അതൃപ്തി അറിയിച്ചു. 5 പേർ അഭിപ്രായമൊന്നും പ്രകടിപ്പിച്ചില്ല. ആരോപണ വിധേയരെയും പരാതിക്കാരനെയും ഒരുപോലെ കണ്ടു നടപടിയെടുത്തതിൽ രൂക്ഷമായ എതിർപ്പാണുണ്ടായത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജനും ഉൾപ്പെടെയുള്ളവർക്കെതിരെ വിമർശനമുണ്ടായി.

ഗുരുതരമായ സാമ്പത്തിക തിരിമറി ശ്രദ്ധയിൽപെടുത്തിയിട്ടും ഉത്തരവാദികളെ തഴുകുന്ന തരത്തിലുള്ള നടപടിയാണു സ്വീകരിച്ചതെന്നും കുറ്റക്കാർ സംരക്ഷിക്കപ്പെടുന്നതും വീഴ്ച ചൂണ്ടിക്കാട്ടുന്നവർ ശിക്ഷിക്കപ്പെടുന്നതും പാർട്ടിക്കകത്ത് 'മാഫിയ' രൂപപ്പെട്ടതിന്റെ തെളിവാണെന്നും ചിലർ യോഗത്തിൽ വിമർശിച്ചതായാണു വിവരം. പ്രതിഷേധവും തർക്കവും കാരണം ഏരിയ കമ്മിറ്റി യോഗനടപടികൾ 10 മണിക്കൂറോളം നീണ്ടു.

നടപടി പ്രഖ്യാപിച്ചതോടെ രാഷ്ട്രീയം മതിയാക്കുകയാണെന്ന് യോഗത്തിൽ വച്ചുതന്നെ കുഞ്ഞിക്കൃഷ്ണൻ ജില്ലാ നേതൃത്വത്തെ അറിയിക്കുയയായിരുന്നു. പിന്നീട് അക്കാര്യം അദ്ദേഹം മാധ്യമങ്ങളോടു ശരിവച്ചു. പിന്നാലെ, വെള്ളൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ സ്ഥാനത്തുനിന്ന് സ്വമേധയാ ഒഴിവായി. മധുസൂദനൻ എംഎൽഎ, കുഞ്ഞിക്കൃഷ്ണൻ എന്നിവർക്കു പുറമേ പാർട്ടി നടപടി ഇവർക്കെതിരെയാണ്: ഏരിയ കമ്മിറ്റി അംഗം ടി.വിശ്വനാഥനെ ലോക്കൽ കമ്മിറ്റിയിലേക്കു തരംതാഴ്‌ത്തി. മറ്റൊരു ഏരിയ കമ്മിറ്റി അംഗം കെ.കെ.ഗംഗാധരൻ, ഓഫിസ് ജീവനക്കാരൻ കരിവെള്ളൂർ കരുണാകരൻ, പാർട്ടി അംഗം കെ.പി.മധു എന്നിവരെ താക്കീതു ചെയ്തു.

അതേസമയം പാർട്ടി നടപടി റിപ്പോർട്ട് ചെയ്യാൻ ഏരിയ കമ്മിറ്റി യോഗത്തിനെത്തിയ ജില്ലാ നേതാക്കളോട് കണക്കുകൾ നിരത്തി സുപ്രധാനമായ ചോദ്യമാണ് കമ്മിറ്റി അംഗങ്ങൾ ഉയർത്തിയത്: ധനരാജ് ഫണ്ടിലെ 42 ലക്ഷം രൂപ എവിടെ? എന്നായിരുന്നു. അതിന് ജില്ലാ നേതൃത്വത്തിനു വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫിസ് കെട്ടിട നിർമ്മാണത്തിനു വേണ്ടി ഉപയോഗിച്ചു എന്നു പറയുന്നുണ്ടെങ്കിലും കണക്കുകളിലും രേഖകളിലും അതു വ്യക്തമല്ലെന്നാണു പരാതി.

രക്തസാക്ഷി ധനരാജിന്റെ കുടുംബത്തിന്റെ 15 ലക്ഷത്തോളം രൂപയുടെ ബാധ്യത ഏറ്റെടുത്തു വീട്ടുമെന്നു പറഞ്ഞാണു ധനസമാഹരണം നടത്തിയത്. പക്ഷേ, ബാധ്യത വീട്ടിയിട്ടില്ലെന്നതും വിമർശനത്തിനു കാരണമായി. പയ്യന്നൂർ ഏരിയ കമ്മിറ്റി കെട്ടിട നിർമ്മാണ ഫണ്ടിൽ കണ്ടെത്തിയ തിരിമറിയുടെ കണക്കുകൾ കൃത്യമായി തന്നെ കുഞ്ഞിക്കൃഷ്ണൻ യോഗത്തിൽ വ്യക്തമാക്കി. തിരഞ്ഞെടുപ്പു ഫണ്ടിലും പൊരുത്തക്കേടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP