Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒന്നര വർഷത്തിനകം രാജ്യത്ത് 10 ലക്ഷം തൊഴിലവസരം എന്ന മോദിയുടെ പ്രഖ്യാപനം തട്ടിപ്പ്; വിലക്കയറ്റവും തൊഴിലില്ലായ്മയും വർഗ്ഗീയ ചേരിതിരിവുകൊണ്ട് മറച്ചുവയ്ക്കാൻ പറ്റാത്ത പ്രതിസന്ധിയായി; ഇതിന്റെ സാക്ഷ്യപത്രമാണ് ഈ പ്രഖ്യാപനമെന്ന് തോമസ് ഐസക്

ഒന്നര വർഷത്തിനകം രാജ്യത്ത് 10 ലക്ഷം തൊഴിലവസരം എന്ന മോദിയുടെ പ്രഖ്യാപനം തട്ടിപ്പ്; വിലക്കയറ്റവും തൊഴിലില്ലായ്മയും വർഗ്ഗീയ ചേരിതിരിവുകൊണ്ട് മറച്ചുവയ്ക്കാൻ പറ്റാത്ത പ്രതിസന്ധിയായി; ഇതിന്റെ  സാക്ഷ്യപത്രമാണ് ഈ പ്രഖ്യാപനമെന്ന് തോമസ് ഐസക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അടുത്ത ഒന്നര വർഷത്തിനകം രാജ്യത്തു 10 ലക്ഷം തൊഴിലവസരം ഒരുക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ സർക്കാർ വകുപ്പുകൾക്കു നിർദ്ദേശം നൽകി. ദൗത്യമായി കണക്കാക്കി മന്ത്രാലയങ്ങളും വകുപ്പുകളും നിയമനങ്ങൾ നൽകണമെന്നാണു പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിർദ്ദേശം. എട്ടാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണു സർക്കാർ തീരുമാനം. 18 മാസത്തിനകം 10 ലക്ഷം തൊഴിലുകൾ ലഭ്യമാക്കുന്നതിനായി വിവിധ വകുപ്പ് മേധാവികളുമായി മോദി ചർച്ച നടത്തിയെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നു. എന്നാൽ, 18 മാസംകൊണ്ട് 10 ലക്ഷം ജീവനക്കാരെ സർക്കാരിലേക്ക് റിക്രൂട്ട് ചെയ്യുമെന്ന മോദിയുടെ പ്രഖ്യാപനം മാധ്യമങ്ങളി

അടുത്ത 18 മാസംകൊണ്ട് 10 ലക്ഷം ജീവനക്കാരെ സർക്കാരിലേക്ക് റിക്രൂട്ട് ചെയ്യുമെന്ന മോദിയുടെ പ്രഖ്യാപനം വലിയ തട്ടിപ്പാണെന്നാണ് സംസ്ഥാനത്തെ മുൻ ധനമന്ത്രി തോമസ് ഐസകിന്റെ വിമർശനം. 18 മാസം കഴിഞ്ഞാൽ ലോക് സഭാ തെരഞ്ഞെടുപ്പിന്റെ സമയമായി. വിലക്കയറ്റവും തൊഴിലില്ലായ്മയും വർഗ്ഗീയ ചേരിതിരിവുകൊണ്ട് മറച്ചുവയ്ക്കാൻ പറ്റാത്ത പ്രതിസന്ധിയായി രൂപംകൊണ്ടിരിക്കുന്നു എന്നതിന്റെ സാക്ഷ്യപത്രമാണ് ഈ പ്രഖ്യാപനമെന്നും ഐസക് ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അടുത്ത 18 മാസംകൊണ്ട് 10 ലക്ഷം ജീവനക്കാരെ സർക്കാരിലേക്ക് റിക്രൂട്ട് ചെയ്യുമെന്ന മോദിയുടെ പ്രഖ്യാപനം മാധ്യമങ്ങളിൽ വലിയ തലക്കെട്ടു നേടിയിട്ടുണ്ട്. 18 മാസം കഴിഞ്ഞാൽ എന്താണു സംഭവിക്കുക? ലോക് സഭാ തെരഞ്ഞെടുപ്പിന്റെ സമയമായി. വിലക്കയറ്റവും തൊഴിലില്ലായ്മയും വർഗ്ഗീയ ചേരിതിരിവുകൊണ്ട് മറച്ചുവയ്ക്കാൻ പറ്റാത്ത പ്രതിസന്ധിയായി രൂപംകൊണ്ടിരിക്കുന്നു എന്നതിന്റെ സാക്ഷ്യപത്രമാണ് ഈ പ്രഖ്യാപനം.


ഇന്നത്തെ ബിസിനസ് സ്റ്റാൻഡേർഡ് മുഖലേഖനത്തിൽ വ്യക്തമാക്കുന്നതുപോലെ കഴിഞ്ഞ എട്ടുവർഷം പിന്തുടർന്ന തൊഴിൽ നയത്തിൽ നിന്നുള്ള പിന്നോക്കം പോക്കാണിത്. നിയോലിബറലിസത്തിന്റെ കാതലായ നിലപാടുകളിലൊന്ന് സർക്കാരിന്റെ വലിപ്പം വെട്ടിച്ചുരുക്കൽ (down sizing) ആണ്. 2014-ൽ മോദി അധികാരത്തിൽ വരുമ്പോൾ നികത്താതെ കിടന്നിരുന്ന സർക്കാർ ഒഴിവുകൾ 4.2 ലക്ഷമായിരുന്നു. മോദിയുടെ എട്ടുവർഷംകൊണ്ട് അത് ഇരട്ടിയിലേറെ വർദ്ധിച്ചു. പാർലമെന്റിൽ ചോദ്യത്തിന് ഉത്തരമായി നൽകിയ കണക്കു പ്രകാരം 2020 മാർച്ച് 1-ന് ഇത് 9 ലക്ഷം വരുമായിരുന്നു. ഇതിനുശേഷമുള്ള രണ്ടുവർഷത്തെ കണക്കുകൾകൂടി ചേർത്താൽ ചുരുങ്ങിയത് 11 ലക്ഷം വേക്കൻസികൾ സർക്കാരിൽ നികത്താതെ ഒഴിഞ്ഞു കിടക്കുകയാണ്. 40 ലക്ഷം അനുവദിക്കപ്പെട്ട തസ്തികകൾ ഉള്ളതിൽ നാലിലൊന്ന് ഒഴിഞ്ഞു കിടക്കുന്ന അവസ്ഥയാണ്. ഇത് യാദൃശ്ചികമായി സംഭവിച്ചതല്ല. വളരെ വ്യക്തമായ നയത്തിന്റെ ഫലമാണ്.

മേൽപ്പറഞ്ഞത് സർക്കാർ ഉദ്യോഗങ്ങളെക്കുറിച്ചാണ്. തസ്തികകൾ വെട്ടിച്ചുരുക്കൽ മാത്രമല്ല, നിലവിലുള്ള തസ്തികകളിലെ ഒഴിവുകൾ നികത്തുന്നുമില്ല. പൊതുമേഖലാ കമ്പനികളിലെയും തൊഴിലവസരങ്ങൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. സ്വകാര്യവൽക്കരണം വലിയ തോതിൽ തൊഴിൽ നഷ്ടപ്പെടുന്നതിലേക്ക് എത്തിച്ചു. ഇതിന്റെ ഫലമായി സംഘടിത മേഖലയെടുത്താൽ നിയോലിബറൽ കാലത്ത് പൊതുമേഖലകളുടെ പങ്ക് സ്വകാര്യമേഖലയേക്കാൾ താഴ്ന്നു. സ്വകാര്യമേഖലയിലെ തൊഴിലവസര വർദ്ധനയുടെ വേഗതയും ഇടിഞ്ഞു. അസംഘടിത മേഖലയിലെ സ്ഥിതി ഇതിനേക്കാൾ പരിതാപകരമാണ്.

റിസർവ് ബാങ്കിന്റെ കണക്കു പ്രകാരം 1980-81 മുതൽ 1990-91 വരെയുള്ള പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതിന് മുമ്പുള്ള പതിറ്റാണ്ടിൽ തൊഴിലവസരങ്ങൾ പ്രതിവർഷം 2.02 ശതമാനം വീതം വളർന്നു. എന്നാൽ സാമ്പത്തിക വളർച്ചയുടെ വേഗത വർദ്ധിച്ചപ്പോൾ തൊഴിലവസര വർദ്ധന താഴുകയാണ് ഉണ്ടായത്.

പരിഷ്‌കാരത്തിന്റെ ആദ്യ പതിറ്റാണ്ടായ 1991-92/199900 കാലത്ത് തൊഴിലവസര വർധനവ് പ്രതിവർഷം 1.54 ശതമാനമായി ചുരുങ്ങി. പക്ഷേ, 1999-00/200910 കാലയളവിൽ തൊഴിലവസര വർധന 1.47 ശതമാനമായി വീണ്ടും കുറഞ്ഞു. 2009-10 മുതൽ 2017-18 വരെയുള്ള കാലമെടുത്താൽ ദേശീയ തൊഴിലവസര വർധനവ് നാമമാത്രമായിരുന്നു - പ്രതിവർഷം 0.03 ശതമാനം വീതം. അങ്ങനെ നിയോലിബറൽ നയങ്ങൾ എത്തിച്ചേർന്നിരിക്കുന്നതു തൊഴിൽരഹിത വളർച്ചയുടെ ഘട്ടത്തിലാണ്.

ഇതിന്റെ ഫലമായി തൊഴിലില്ലായ്മ പെരുകിക്കൊണ്ടിരിക്കുകയാണ്. 1972-73-ൽ അഖിലേന്ത്യാ തൊഴിലില്ലായ്മ നിരക്ക് 1.25 ശതമാനമായിരുന്നു. പരിഷ്‌കാരങ്ങൾ ആരംഭിക്കുമ്പോൾ തൊഴിലില്ലായ്മ നിരക്ക് 2.85 ശതമാനമായി ഉയർന്നു. പിന്നീട് മോദി സർക്കാർ അധികാരത്തിൽ വരുന്നതുവരെ ഏതാണ്ട് ഈ നിലയിൽ തൊഴിലില്ലായ്മ നിരക്ക് തത്തിക്കളിച്ചു നിന്നു. എന്നാൽ 2017-18-ൽ തൊഴിലില്ലായ്മ നിരക്ക് 6.55 ശതമാനമായി ഉയർന്നു. ഇതു മറച്ചുവയ്ക്കാൻ കുറച്ചുനാൾ ഈ കണക്കുകൾ പ്രസിദ്ധീകരിക്കാൻ ഇന്ത്യാ സർക്കാർ തയ്യാറായില്ല. ഇപ്പോൾ ലഭ്യമായിട്ടുള്ള സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമിയുടെ കണക്കു പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ 7.4 ശതമാനം ആണ്. ഇത് ചരിത്രത്തിൽ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ്.

ഈ സാഹചര്യത്തിൽ സർക്കാർ മേഖലയിൽ വേക്കൻസികൾ പൂർത്തീകരിക്കാതെ കിടക്കുന്നതിനെതിരെ യുവജനങ്ങളുടെ ഇടയിൽ വലിയരോഷം പതഞ്ഞു പൊങ്ങുന്നുണ്ട്. ഇതിനു തെളിവാണ് സമീപകാലത്ത് ബീഹാറിലുണ്ടായ യുവജന ലഹള. 10 ലക്ഷം പേർക്ക് അടിയന്തരമായി തൊഴിൽ നൽകുമെന്ന പ്രഖ്യാപനത്തിന്റെ പശ്ചാത്തലം ഇതാണ്.

പക്ഷേ ഈ ലക്ഷ്യം കൈവരിക്കാൻ ഒരു സാധ്യതയുമില്ല. സാധാരണഗതിയിൽ യു.പി.എസ്.സി, റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് തുടങ്ങിയ ഏജൻസികൾക്കു പ്രതിവർഷം ഒരുലക്ഷം വീതം നിയമനങ്ങൾ നടത്തുന്നതിനുള്ള ശേഷിയാണ് ഉള്ളത്. അവിടെയാണ് 10 ലക്ഷം നിയമനം നടത്തുമെന്ന പ്രഖ്യാപനം. അതുകൊണ്ട് ഈ പ്രഖ്യാപനം മറ്റൊരു മോദി പ്രഹസനം ആകുന്നതിനാണു സാധ്യത. അതുകൊണ്ടായിരിക്കണം മാതൃഭൂമി പത്രം എഡിറ്റോറിയൽ തലവാചകമായി ''ഒഴിവുകൾ നികത്തണം വാക്കുപാലിക്കണം'' എന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP