Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിമാനത്തിലെ പ്രതിഷേധം മുഖ്യമന്ത്രി ഇറങ്ങിയ ശേഷമെന്നു പറഞ്ഞ കോടിയേരി മലക്കം മറിഞ്ഞു; മുഖ്യമന്ത്രിക്കെതിരെ നടന്നത് വധശ്രമം; ഇ പിയുടെയും മറ്റും ഇടപെടൽ കൊണ്ട് പിണറായിയെ തൊടാൻ കഴിഞ്ഞില്ല; മുഖ്യമന്ത്രി പുറത്തിറങ്ങും മുമ്പാണ് കോൺഗ്രസ് അക്രമികൾ പാഞ്ഞുചെന്നതെന്ന് ദേശാഭിമാനി ലേഖനത്തിൽ

വിമാനത്തിലെ പ്രതിഷേധം മുഖ്യമന്ത്രി ഇറങ്ങിയ ശേഷമെന്നു പറഞ്ഞ കോടിയേരി മലക്കം മറിഞ്ഞു; മുഖ്യമന്ത്രിക്കെതിരെ നടന്നത് വധശ്രമം; ഇ പിയുടെയും മറ്റും ഇടപെടൽ കൊണ്ട് പിണറായിയെ തൊടാൻ കഴിഞ്ഞില്ല; മുഖ്യമന്ത്രി പുറത്തിറങ്ങും മുമ്പാണ് കോൺഗ്രസ് അക്രമികൾ പാഞ്ഞുചെന്നതെന്ന് ദേശാഭിമാനി ലേഖനത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വന്തം വാക്കുകൾ വിഴുങ്ങി മലക്കം മുറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിമാനത്തിൽ വെച്ച് മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസുകാർ നടത്തിയ പ്രതിഷേധത്തലെ മുൻനിലപാടിൽ നിന്നാണ് കോടിയേരി മലക്കം മറിഞ്ഞത്. മുഖ്യമന്ത്രി വിമാനത്തിൽ നിന്നും ഇറങ്ങിയതിന് ശേഷമാണ് പ്രതിഷേധം നടന്നതെന്ന വാദമാണ് കോടിയേരി തിരുത്തിയത്.

മുഖ്യമന്ത്രിയെ ആക്രമിക്കാൻ അക്രമികൾ പാഞ്ഞടുത്തുവെന്നാണ് കോടിയേരി ദേശാഭിമാനി ലേഖനത്തിൽ വ്യക്തമാക്കുന്നത്. ഇ പി ജയരാജന്റെയും മറ്റും സന്ദര്‌ഭോചിതമായ ഇടപെടൽ കൊണ്ടാണ് അവരെ തടയാൻ സാധിച്ചതെന്നും കോടിയേരി വ്യക്തമാക്കി. കോടേയരി ഇതേക്കുറിച്ച് എഴുതിയത് ഇങ്ങനെ:

'മുഖ്യമന്ത്രിയെ ആക്രമിക്കാൻ ക്രിമിനലുകളായ മൂന്ന് കോൺഗ്രസുകാർ വിമാനത്തിൽ ശ്രമിച്ചത് നിസ്സാരസംഭവമല്ല. പഞ്ചാബിലെ ഭിന്ദ്രൻവാലാ ശൈലിയിലേക്ക് കേരളത്തെ മാറ്റാനാണ് ഇവിടത്തെ കോൺഗ്രസുകാർ ശ്രമിക്കുന്നത്. ഇതിനെ ജനാധിപത്യപരമായ പ്രതിഷേധമായി കാണാനാകില്ല. കോൺഗ്രസ് നടപടിയോട് ബിജെപി വിയോജിച്ചിട്ടില്ല. പകരം അടുത്തദിവസം ക്ലിഫ്ഹൗസ് ലാക്കാക്കി മഹിളാമോർച്ചയുടെ അരാജകത്വ പ്രകടനമായിരുന്നു.

വിമാനത്തിൽ മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി നടത്തിയത് വധശ്രമമായിരുന്നു. ഇ പി ജയരാജന്റെയും മറ്റും സന്ദർഭോചിതമായ ഇടപെടൽകൊണ്ടാണ് അക്രമികൾക്ക് പിണറായി വിജയനെ തൊടാൻ കഴിയാത്തത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും അതിനുമുമ്പ് തദ്ദേശഭരണ തെരഞ്ഞെടുപ്പിലും രണ്ട് പ്രതിപക്ഷ മുന്നണിക്കാരും ഭീകരമായി എൽഡിഎഫിനും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പ്രചരിപ്പിച്ചതും ജനങ്ങൾ തള്ളിയതുമായ നുണകളാണ് വീണ്ടും അവതരിപ്പിച്ച് നാട്ടിൽ കലാപമുണ്ടാക്കാൻ നോക്കുന്നത്. ഇത് തിരിച്ചറിയാനുള്ള വിവേകം കേരള ജനതയ്ക്കുണ്ട്.

വിമാനത്തിൽനിന്ന് മുഖ്യമന്ത്രി പുറത്തിറങ്ങും മുമ്പാണ് കോൺഗ്രസ് അക്രമികൾ മുഖ്യമന്ത്രിയെ ലാക്കാക്കി പാഞ്ഞുചെന്നത്. ഉയർന്ന നിരക്കിൽ ടിക്കറ്റെടുത്ത് വിമാനത്തിൽ കയറിയവർ കൃത്യമായ ഗൂഢാലോചനയും ആസൂത്രണവും നടത്തിയാണ് കുറ്റകൃത്യത്തിനെത്തിയത്. സീറ്റ് ബെൽറ്റ് ഊരാൻ അനൗൺസ്‌മെന്റ് ഉണ്ടാകുന്നതിനുമുമ്പ് ബെൽറ്റഴിച്ച് നിരവധി വരികൾ കടന്ന് മുഖ്യമന്ത്രിയുടെ അടുത്ത് എത്തുകയായിരുന്നു. എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ അനിൽകുമാറും പിഎ സുനീഷും അവരെ തടയുകയായിരുന്നു. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ശരീരത്തിൽ തൊടാൻ കഴിയാതെ വന്നത്. 'ഈ മുഖ്യമന്ത്രിയെ വച്ചേക്കില്ല 'എന്ന ആക്രോശം കേട്ട് വിമാനത്തിലെ സ്ത്രീകളുൾപ്പെടെയുള്ള യാത്രികർ പരിഭ്രാന്തരാകുകയും ഭയപ്പെടുകയും ചെയ്തുവെന്ന് യാത്രക്കാർ സമൂഹമാധ്യമങ്ങളിൽ കുറിച്ചിട്ടുണ്ട്.- കോടിയേരി വ്യക്തകാക്കി.

നേരത്തെ കോഴിക്കോട് നടന്ന പരിപാടിയിൽ കോടിയേരി പറഞ്ഞത് ഇങ്ങനെ:

''വിമാനം നിർത്തിയപ്പോൾ തന്നെ മുഖ്യമന്ത്രി ആദ്യം പുറത്തേക്കിറങ്ങി. അപ്പോൾ അവർ (യൂത്ത് കോൺഗ്രസുകാർ) വളരെ ധൃതികൂട്ടി പിന്നിലേക്കു വരാൻ ശ്രമിച്ചപ്പോൾ, അവർക്കു മനസ്സിലായി മുഖ്യമന്ത്രിയുടെ അടുത്തേക്ക് വരാൻ പ്രയാസമാണ്. അപ്പോൾ വിമാനത്തിൽ വച്ച് അവർ മുദ്രാവാക്യം വിളിക്കുകയാണ്. അപ്പോൾ ജയരാജനും ആളുകളും അവരെ തടഞ്ഞു.'' ഇ.പി.ജയരാജന്റെയും ആദ്യപ്രതികരണം ഇതുതന്നെ ആയിരുന്നു. യൂത്ത് കോൺഗ്രസുകാരുടേത് വധശ്രമമാണെന്ന വാദം ദുർബലമാക്കുന്നതാണ് രണ്ടു പ്രതികരണങ്ങളും.

ഉന്നത ഗൂഢാലോചന പരിശോധിക്കും

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച സംഭവം അന്വേഷിക്കുന്ന പൊലീസ് പ്രത്യേക സംഘം എറണാകുളത്ത് യോഗം ചേർന്നിട്ടുണ്ട്. കേസിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്താനും സംഭവത്തിനു പിന്നിൽ ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നു പരിശോധിക്കാനും തീരുമാനിച്ചു.

റിമാൻഡിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് നേതാക്കളായ യു.ഫർസീൻ മജീദ്, ആർ.കെ.നവീൻകുമാർ എന്നിവരെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തും. കസ്റ്റഡി അപേക്ഷ നൽകി. അന്വേഷണ സംഘത്തലവൻ കണ്ണൂർ ക്രൈംബ്രാഞ്ച് എസ്‌പി.പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് പൊലീസ് ക്ലബ്ലിൽ യോഗം ചേർന്നത്. വിമാനത്തിലുണ്ടായിരുന്ന മറ്റു യാത്രക്കാരുടെ മൊഴിയെടുക്കൽ പുരോഗമിക്കുകയാണെന്ന് എസ്‌പി പറഞ്ഞു.

അറസ്റ്റിലായ പ്രതികൾക്കു സാമ്പത്തിക സഹായം നൽകിയവരെയും ടിക്കറ്റ് എടുത്തവരെയും കണ്ടെത്തിയിട്ടില്ല. വിമാനത്തിൽ വിശദ പരിശോധന നടത്താനും യോഗം തീരുമാനിച്ചു. കൂത്തുപറമ്പ് എസിപി. പ്രദീപൻ കണ്ണിപ്പൊയിൽ, ശംഖുമുഖം എസിപി: ഡി.കെ.പൃഥ്വിരാജ്, വലിയതുറ ഇൻസ്‌പെക്ടർ ടി.സതികുമാർ, കൂത്തുപറമ്പ് ഇൻസ്‌പെക്ടർ പി.എ. ബിനു മോഹൻ, മട്ടന്നൂർ ഇൻസ്‌പെക്ടർ എം. കൃഷ്ണൻ എന്നിവരാണു യോഗത്തിൽ പങ്കെടുത്തത്.

കേസിൽ ഒളിവിലായ മൂന്നാം പ്രതി യൂത്ത് കോൺഗ്രസ് കൂടാളി മണ്ഡലം സെക്രട്ടറി സുനിത് നാരായണനെ കണ്ടെത്താൻ പൊലീസ് ലുക് ഔട്ട് നോട്ടിസ് തയാറാക്കി. വിമാനത്താവളങ്ങളിൽ പരിശോധന നടത്താൻ നോട്ടിസ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിക്ക് (ബിസിഎഎസ്) കൈമാറി. ലോക്കൽ പൊലീസ് സ്റ്റേഷനുകളിലേക്കു പ്രസിദ്ധീകരണത്തിനായും കൈമാറും. സംഭവം നടന്ന ഇൻഡിഗോ വിമാനത്തിന്റെ മഹസർ ഇന്നലെ പൊലീസ് തയാറാക്കി. വിമാനത്താവളത്തിൽ ഇതിനായി വിമാനം പിടിച്ചിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP