Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഗ്‌നീപഥ് പദ്ധതി: ഉത്തരേന്ത്യയിൽ പ്രതിഷേധം പടരുന്നു; ട്രെയിനുകൾക്ക് തീയിട്ടു; ബിഹാറിലും ഉത്തർപ്രദേശിലും മധ്യപ്രദേശിലും റോഡ്, റെയിൽ ഗതാഗതം സ്തംഭിപ്പിച്ചു; നവാഡയിലെ ബിജെപി ഓഫീസ് അടിച്ചുതകർത്തു; തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട നിസാമുദീൻ എക്സ്‌പ്രസിന് നേരെ അക്രമം; മലയാളികൾ അടക്കം യാത്രക്കാർക്ക് പരിക്ക്

അഗ്‌നീപഥ് പദ്ധതി:  ഉത്തരേന്ത്യയിൽ പ്രതിഷേധം പടരുന്നു; ട്രെയിനുകൾക്ക് തീയിട്ടു; ബിഹാറിലും ഉത്തർപ്രദേശിലും മധ്യപ്രദേശിലും റോഡ്, റെയിൽ ഗതാഗതം സ്തംഭിപ്പിച്ചു; നവാഡയിലെ ബിജെപി ഓഫീസ് അടിച്ചുതകർത്തു;  തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട നിസാമുദീൻ എക്സ്‌പ്രസിന് നേരെ അക്രമം; മലയാളികൾ അടക്കം യാത്രക്കാർക്ക് പരിക്ക്

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഹ്രസ്വകാല സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ 'അഗ്‌നീപഥ്' നടപ്പാക്കുന്നതിനെതിരെ ഉത്തരേന്ത്യയിൽ പ്രതിഷേധം പടരുന്നു. ബിഹാറിലും ഉത്തർപ്രദേശിലും മധ്യപ്രദേശിലും പ്രതിഷേധക്കാർ തെരുവിലിറങ്ങി. റോഡ്, റെയിൽ ഗതാഗതം സ്തംഭിപ്പിച്ചു.

ബിഹാറിലെ സരൻ ജില്ലയിലെ ഛപ്രയിലും ബാബുവയിലും പ്രതിഷേധക്കാർ ട്രെയിനിന് തീയിട്ടു. അഗ്‌നിപഥ് റിക്രൂട്ട്മെന്റ് പിൻവലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ആര റെയിൽവേ സ്റ്റേഷന് നേരെ കല്ലേറുമുണ്ടായി. ബാബുവയിൽ നിർത്തിയിട്ട ട്രെയിൻ കോച്ചിന് പ്രതിഷേധക്കാർ തീയിടുകയും കോച്ചുകൾ അടിച്ചുതകർക്കുകയും ചെയ്തു.

ഡൽഹിയിലും ഉത്തർപ്രദേശിലും ജമ്മു കശ്മീരിലും പുതിയ പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് 22 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി. അഞ്ചു ട്രെയിനുകൾ നിർത്തിയിട്ടിരിക്കുകയാണ്.

ഭാഭുവ റോഡ് റെയിൽവേ സ്റ്റേഷനിൽ ഉദ്യോഗസ്ഥർ ഇന്റർസിറ്റി എക്സ്പ്രസിന്റെ ജനൽച്ചില്ലുകൾ തല്ലിത്തകർത്തു. കോച്ചിന് തീവെക്കുകയും ചെയ്തു. കൈമൂർ, ചപ്ര എന്നിവിടങ്ങളിലും സമരക്കാർ ട്രെയിനിന് തീയിട്ടു. ജഹാനാബാദിലും ആരായിലും സമരക്കാർ റെയിൽവേ ട്രാക്ക് ഉപരോധിക്കുകയും, പൊലീസിന് നേർക്ക് കല്ലെറിയുകയും ചെയ്തു. തുടർന്ന് ജഹാനാബാദിൽ സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് വെടിയുതിർത്തു.

തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനിന് നേരെ മധ്യപ്രദേശിൽ വെച്ച് അക്രമണമുണ്ടായി. ചൊവ്വാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട 12643 നിസാമുദീൻ എക്സ്‌പ്രസിന് നേരെയാണ് ഗ്വാളിയോർ സ്റ്റേഷനിൽ വെച്ച് അക്രമമുണ്ടായത്. കൂട്ടത്തോടെയെത്തിയ പ്രതിഷേധക്കാർ ഗ്ലാസുകൾ അടിച്ചു തകർത്തു. സെക്കന്റ് എസി, തേർഡ് എസി കമ്പാർട്ടുമെന്റുകളിലെ മിക്ക ഗ്ലാസുകളും തകർന്നു. സ്റ്റേഷനിൽ വെച്ച് പൂർണമായും തകർന്ന ഗ്ലാസിൽ താൽക്കാലികമായി കാർഡ്‌ബോർഡ് വെച്ച് ട്രെയിൻ യാത്ര തുടരുകയാണ്.

ട്രെയിനിൽ നിരവധി മലയാളികളാണ് യാത്രചെയ്യുന്നത്. സ്ലീപ്പറിലും ജനറൽ കംപാർട്ടുമെന്റിലും യാത്ര ചെയ്യുന്ന നിരവധി പേർക്ക് പരിക്കേറ്റതായി യാത്രക്കാർ വിശദീകരിച്ചു. ഇരുമ്പ് വടികളും മറ്റുമായി കൂട്ടത്തോടെ ഓടി വന്ന് ട്രെയിനിന് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് യാത്രക്കാർ വിശദീകരിക്കുന്നത്. പ്ലാറ്റ് ഫോമിലും പ്രതിഷേധക്കാർ ആക്രമണം നടത്തി.

ബിഹാറിൽ ഗയ, മുംഗർ, സിവാൻ, ബക്സർ, ബാഗൽപുർ എന്നിവിടങ്ങളിലാണ് ശക്തമായ പ്രതിഷേധങ്ങൾ നടക്കുന്നത്. ഹരിയാനയിലെ രേവാരിയിൽ പ്രതിഷേധക്കാർ ബസ് സ്റ്റാന്റ് ഉപരോധിച്ചു, ഗതാഗതം തടസ്സപ്പെടുത്തി. പ്രതിഷേധത്തിന്റെ ഭാഗമായി ഗുരുഗ്രാം-ജയ്പുർ ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. വാഹനങ്ങൾക്ക് നേരെയും പ്രതിഷേധക്കാർ അക്രമം അഴിച്ചുവിട്ടു.

ബിഹാറിലെ നവാഡയിൽ ബിജെപി എംഎൽഎ അരുണ ദേവിയുടെ വാഹനത്തിന് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. എംഎൽഎ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. നവാഡയിലെ ബിജെപി ഓഫീസും തകർക്കപ്പെട്ടിട്ടുണ്ട്.

മധ്യപ്രദേശിലെ ഗ്വാളിയോറിൽ ബിർളാനഗർ റെയിൽവേ സ്റ്റേഷൻ പ്രതിഷേധക്കാർ കൊള്ളയടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്റ്റേഷനിലെ ചവറ്റുകുട്ടികൾ കത്തിച്ച് റെയിൽവേ ട്രാക്കുകളിൽ ഉപേക്ഷിക്കുകയും നിർത്തിയിട്ട ട്രെയിനുകളുടെ ചില്ലുകൾ തകർക്കുകയും ചെയ്തു.

സ്റ്റേഷൻ മാസ്റ്ററുടെ മുറിയും ആക്രമിക്കപ്പെട്ടു. പ്രതിഷേധക്കാർ കൺട്രോൾ സിസ്റ്റം തകർത്തെന്നും അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നുമാണ് റെയിൽവേ അധികൃതർ പറയുന്നത്. ഗ്വാളിയോർ, ബിർളാനഗർ റെയിൽവേ സ്റ്റേഷനുകളിൽ ഏകദേശം 1200 യുവാക്കളാണ് പ്രതിഷേധിച്ചത്.

റെയിൽവേ സ്റ്റേഷനുകൾ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് ഡൽഹി-മുംബൈ റൂട്ടിൽ റെയിൽ ഗതാഗതം തടസ്സപ്പെട്ടു. ഏഴ് ട്രെയിനുകളുടെ സർവീസ് മുടങ്ങി. കണ്ണീർ വാതകം ഉൾപ്പെടെയുള്ളവ പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ പൊലീസ് നിയന്ത്രിക്കുന്നത്.

ബിഹാറിൽ രണ്ടാംദിവസവും എട്ടു ജില്ലകളിൽ പ്രതിഷേധം രൂക്ഷമാണ്. ബിഹാറിലെ ചപ്രയിൽ കുറുവടികളുമായി തെരുവിലിറങ്ങിയ സമരക്കാർ ബസ് തല്ലിത്തകർത്തു. ഹരിയാനയിലെ പൽവാലയിൽ ഡെപ്യൂട്ടി കമ്മീഷണറുടെ വീടിന് നേർക്ക് കല്ലെറിഞ്ഞ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിവെച്ചു. നിരവധി പൊലീസ് വാഹനങ്ങൾ സമരക്കാർ തല്ലിത്തകർത്തു.

കേന്ദ്രസർക്കാരിന്റെ അഗ്‌നിപഥ് പദ്ധതി പിൻവലിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. അഗ്നിപഥ് പദ്ധതി ഇന്ത്യയുടെ ദേശീയ സുരക്ഷയെ അപമാനിക്കുന്നു. ഒരു തൊഴിൽ സുരക്ഷിതത്വവുമില്ലാതെ യുവാക്കളോട് പരമമായ ത്യാഗം ചെയ്യാൻ ആവശ്യപ്പെടുന്നത് ക്രിമിനൽ കുറ്റമാണ്. സാധാരണ സൈനിക റിക്രൂട്ട്മെന്റ് ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും യെച്ചൂരി പറഞ്ഞു.

സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ബിഎസ്‌പി അധ്യക്ഷ മായാവതി തുടങ്ങിയവരും അഗ്‌നിപഥ് പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വന്നിട്ടുണ്ട്. അഗ്‌നിപഥ് പദ്ധതിയെ വിമർശിച്ച് ബിജെപി എംപി വരുൺഗാന്ധി നേരത്തെ രംഗത്തെത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP