Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പരിസ്ഥിത ലോല ഉത്തരവിൽ പ്രതിഷേധം ശക്തം; ഇടുക്കി, വയനാട് ജില്ലകളിൽ യുഡിഎഫ് ഹർത്താൽ പൂർണം; കൽപ്പറ്റയിലും ലക്കിടിയിലും നിലമ്പൂരിലും വാഹനങ്ങൾ തടഞ്ഞ് പ്രതിഷേധക്കാർ; മലപ്പുറത്ത് വാഹനം തടഞ്ഞവർ അറസ്റ്റിൽ

പരിസ്ഥിത ലോല ഉത്തരവിൽ പ്രതിഷേധം ശക്തം; ഇടുക്കി, വയനാട് ജില്ലകളിൽ യുഡിഎഫ് ഹർത്താൽ പൂർണം;  കൽപ്പറ്റയിലും ലക്കിടിയിലും നിലമ്പൂരിലും വാഹനങ്ങൾ തടഞ്ഞ് പ്രതിഷേധക്കാർ;  മലപ്പുറത്ത് വാഹനം തടഞ്ഞവർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

വയനാട്/ ഇടുക്കി: സുപ്രീംകോടതിയുടെ ബഫർ സോൺ ഉത്തരവിൽ പ്രതിഷേധം ശക്തം. ഇടുക്കി, വയനാട് ജില്ലകളിലും മലപ്പുറത്തെ മലയോര മേഖലകളിലും യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ പൂർണമാണ്. പലയിടത്തും വാഹനങ്ങൾ തടയുന്നു. മലപ്പുറത്ത് റോഡ് തടഞ്ഞവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ബഫർ സോൺ വിഷയത്തിലെ സുപ്രീം കോടതി ഉത്തരവിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് യുഡിഎഫ് ഹർത്താൽ. ഹർത്താലിനിടെ വയനാട്ടിലും നിലമ്പൂരിലും വാഹനങ്ങൾ തടഞ്ഞു. വയനാട്ടിൽ കൽപ്പറ്റ, ലക്കിടി എന്നിവിടങ്ങളിലാണ് വാഹനങ്ങൾ തടഞ്ഞത്. കൽപ്പറ്റയിൽ കെഎസ്ആർടിസി ബസുകളും ഹർത്താൽ അനുകൂലികൾ തടഞ്ഞു. നിലമ്പൂരിൽ വാഹനങ്ങൾ തടഞ്ഞവരെ പൊലീസെത്തി നീക്കി.

ബഫർ സോൺ പരിധിയിൽ നിന്ന് ജനവാസ മേഖലകളെ പൂർണമായി ഒഴിവാക്കണമെന്നാണ് ആവശ്യം. സുപ്രീംകോടതി വിധി കർഷകർക്ക് എതിരാകാതിരിക്കാൻ സർവകക്ഷിയോഗം വിളിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെടുന്നു.

വയനാട്ടിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. വിവിധയിടങ്ങളിൽ നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങൾ സമരാനുകൂലികൾ തടഞ്ഞു. കൽപ്പറ്റ നഗരത്തിൽ ഐഎൻടിയുസി പ്രവർത്തകർ ദീർഘദൂര സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ തടഞ്ഞുവെച്ചു. പൊലീസ് ഇടപെട്ടാണ് പിന്നീട് ബസ്സുകൾ കടത്തിവിട്ടത്.

കൽപ്പറ്റ, മാനന്തവാടി, ബത്തേരി നഗരങ്ങളിൽ യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി. തുടർച്ചയായുള്ള എൽഡിഎഫ്-യുഡിഎഫ് ഹർത്താലുകൾ വയനാട്ടിലെ വിനോദസഞ്ചാര മേഖലയെ സാരമായി ബാധിച്ചു.

ഇടുക്കിയിൽ കട്ടപ്പന, നെടുങ്കണ്ടം, ശാന്തൻപാറ മേഖലകളിൽ ഹർത്താൽ പൂർണ്ണമാണ്. കുമളിയിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുന്നു. ചുരുക്കം ചില സ്വകാര്യ, ടാക്‌സി വാഹനങ്ങൾ നിരത്തിലുണ്ട്. ദീർഘ ദൂര കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള ചരക്ക് വാഹനങ്ങളും ശബരിമല വാഹനങ്ങളും അതിർത്തി കടന്ന് എത്തുന്നുണ്ട്.

ബഫർ സോൺ ആശങ്ക അകറ്റാൻ ഇടപെടലുകൾ ആവശ്യപ്പെട്ട് മലപ്പുറം ജില്ലയിലെ മലയോര വനാതിർത്തി മേഖലകളിലും യുഡിഎഫ് ഹർത്താൽ ആചരിക്കുന്നുണ്ട്. ജില്ലയിലെ പതിനൊന്ന് പഞ്ചായത്തുകളിലും നിലമ്പൂർ മുനിസിപ്പാലിറ്റിയിലുമാണ് വൈകീട്ട് 6 വരെ ഹർത്താൽ. കെഎസ്ആർടിസി സർവ്വീസ് നടത്തുന്നുണ്ട്.

മലപ്പുറത്ത് കടകൾ ഭാഗികമായി തുറന്നിട്ടുണ്ട്. കരുവാരക്കുണ്ട്, കാളികാവ്, ചോക്കാട്, അമരമ്പലം, കരുളായി, മൂത്തേടം, വഴിക്കടവ്, എടക്കര, ചുങ്കത്തറ, പോത്തുക്കൽ, ചാലിയാർ പഞ്ചായത്തുകളിലാണ് മലപ്പുറം ജില്ലയിൽ ഹർത്താൽ നടക്കുന്നത്. പത്രം, പാൽ, വിവാഹം, മറ്റ് അവശ്യ സർവീസുകളെയും ഇന്നത്തെ ഹർത്തിൽ നിന്ന് ഒഴിവാക്കി.

കഴിഞ്ഞ ദിവസങ്ങളിലെ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഇടുക്കിയിൽ പൊലീസ് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. നിലമ്പൂർ നഗരസഭയിലും കരുവാരകുണ്ട്, കാളികാവ്, ചോക്കാട്, കരുളായി, മൂത്തേടം, വഴിക്കടവ്, പോത്തുകല്ല്, ചാലിയാർ, മമ്പാട്, എടവണ്ണ, ഊർങ്ങാട്ടിരി പഞ്ചായത്ത് പരിധികളിലുമാണ് മലപ്പുറം ജില്ലയിലെ ഹർത്താൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP