Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യ ഗോതമ്പു കയറ്റുമതി നിരോധിച്ചതോടെ കരുതലോടെ ഗൾഫ് രാജ്യങ്ങളും; യുഎഇയിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് ഇന്ത്യൻ ഗോതമ്പിന്റെ കയറ്റുമതിക്കു വിലക്കുമായി യുഎഇ; ഗോതമ്പ് ശേഖരം ആഭ്യന്തര ആവശ്യത്തിനു മാത്രമായി നീക്കിവെക്കും; യൂറോപ്പിൽ ഗോതമ്പ് വില പുതിയ റെക്കോർഡിൽ

ഇന്ത്യ ഗോതമ്പു കയറ്റുമതി നിരോധിച്ചതോടെ കരുതലോടെ ഗൾഫ് രാജ്യങ്ങളും; യുഎഇയിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക്  ഇന്ത്യൻ ഗോതമ്പിന്റെ കയറ്റുമതിക്കു വിലക്കുമായി യുഎഇ; ഗോതമ്പ് ശേഖരം ആഭ്യന്തര ആവശ്യത്തിനു മാത്രമായി നീക്കിവെക്കും; യൂറോപ്പിൽ ഗോതമ്പ് വില പുതിയ റെക്കോർഡിൽ

മറുനാടൻ ഡെസ്‌ക്‌

അബുദാബി: ആഗോള ഭക്ഷ്യ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയുടെ ഗോതമ്പ് കയറ്റുമതി നിരോധിച്ചതോടെ ലോകത്ത് വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചതോടെ യൂറോപ്യൻ വ്യാപാരത്തിൽ ഗോതമ്പ് വില പുതിയ റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയോട് തീരുമാനം മാറ്റണമെന്ന് വിവിധ ലോകരാജ്യങ്ങൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ലോകം ഗോതമ്പ് ക്ഷാമത്തിലേക്ക് നീങ്ങുകയാണോ എന് സംശയമാണ് ലോകത്തെ വമ്പൻ രാജ്യങ്ങൾ സൂചിപ്പിക്കുന്നത്. ലോകത്ത് ഏറ്റവുമധികം വിളയുന്ന ധാന്യമാണ് ഗോതമ്പ്. യുക്രൈൻ യുദ്ധത്തിന് പിന്നാലെ ലോകത്ത് ഗോതമ്പ് വില 40 ശതമാനംവരെ കുതിച്ചുയർന്നു. ഇതിന് പിന്നാലെയാണ് ലോകത്ത് ഏറ്റവുമധികം ഗോതമ്പ് ഉൽപ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമായ ഇന്ത്യ കയറ്റുമതി നിരോധിച്ചത്. ഇതോടെ ആഗോള മാർക്കറ്റിൽ വീണ്ടും വില കുതിക്കുകയാണ്.

ഉഷ്ണതരംഗം രാജ്യത്തെ ഗോതമ്പ് ഉത്പാദനത്തെ ദോഷകരമായി ബാധിക്കുകയും രാജ്യത്ത് ഭക്ഷ്യധാന്യ വില കുതിച്ചുയരുകയും ചെയ്തതോടെയാണ് ഇന്ത്യ ഗോതമ്പിന്റെ കയറ്റുമതി തടഞ്ഞത്. ലോകത്തെ മിക്ക രാജ്യങ്ങളിലും ഭക്ഷ്യധാന്യ വില ഉയർന്നു നിൽക്കുമ്പോഴുള്ള നിരോധനത്തിന്റെ ആഘാതം ലോക വിപണിയിൽ അതിവേഗത്തിലാണ് അനുഭവപ്പെട്ടത്. ഇന്ത്യയുടെ പ്രഖ്യാപനം വന്നതോടെ അമേരിക്കൻ വിപണിയിൽ ഗോതമ്പ് വില അഞ്ചു ശതമാനം ഉയർന്നു.

അതേസമയം ഇന്ത്യയിൽ നിന്നെത്തിക്കുന്ന ഗോതമ്പ് മറ്റു രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നതിനു യുഎഇ വിലക്കേർപ്പെടുത്തി കൊണ്ടാണ് കരുതൽ നടപടി സ്വീകരിച്ചത്. നാലു മാസത്തേയ്ക്കാണു പുനർ കയറ്റുമതിക്കു വിലക്കേർപ്പെടുത്തിയതെന്നു യുഎഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ഗോതമ്പ് ആഭ്യന്തര ആവശ്യത്തിനു മാത്രമായി നീക്കിവയ്ക്കുകയും ചെയ്യും.

യുഎഇയിലേക്കു കൊണ്ടുവരുന്ന ഒരു ഗോതമ്പും വിദേശത്ത് പുനർവിൽപന നടത്തില്ല എന്നാണു തീരുമാനം. ആഗോള ഗോതമ്പിന്റെയും ധാന്യത്തിന്റെയും ദൗർലഭ്യത്തിന്റെയും ലോകത്തെങ്ങുമുള്ള ഭക്ഷ്യ ലഭ്യതയെക്കുറിച്ചുള്ള ആശങ്കകളുടെയും പശ്ചാത്തലത്തിലാണു തീരുമാനം. എല്ലാ ഗോതമ്പ് ഇനങ്ങൾക്കും (സ്‌പെൽറ്റ്), ഹാർഡ്, സാധാരണ, മൃദുവായ ഗോതമ്പ്, ഗോതമ്പ് മാവ് (സ്‌പെൽറ്റ് മാവ്) എന്നിവയ്ക്കും തീരുമാനം ബാധകമാണ്. മെയ്‌ 13 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഈ തീരുമാനമെന്നു സാമ്പത്തിക മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ ശക്തമായ താപനില വിളകളെ മോശമായി ബാധിച്ചു. ഇതുമൂലം മെയ്‌ 13ന് ഇന്ത്യയിൽ ഗോതമ്പ് കയറ്റുമതി നിരോധനം നടപ്പിലാക്കി. ഗോതമ്പിന്റെ പ്രാദേശിക വില റെക്കോർഡ് തലത്തിലേയ്ക്ക് ഉയരുകയും ചെയ്തു.

യുഎഇയും ഇന്ത്യയും തമ്മിലുള്ള സമീപകാല വ്യാപാര കരാറിൽ ആഭ്യന്തര ഉപഭോഗത്തിനായി യുഎഇയിലേയ്ക്ക് ഗോതമ്പ് കയറ്റുമതി ചെയ്യാനുള്ള ഇന്ത്യൻ സർക്കാരിന്റെ അനുമതി ഉൾപ്പെടുന്നുവെന്ന് യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസി വാം റിപ്പോർട് ചെയ്തു. മേയിൽ കയറ്റുമതി നിരോധനം ഏർപ്പെടുത്തിയതിന് ശേഷം ഇത് മൂന്നാം തവണയാണ് ഇന്ത്യ രാജ്യാന്തര ഗോതമ്പ് കയറ്റുമതി അനുവദിക്കുന്നത്. മെയ്‌ 13നു മുൻപു രാജ്യത്തേക്കു കൊണ്ടുവരുന്ന ഇന്ത്യൻ ഗോതമ്പ്, ഗോതമ്പ് മാവ് ഇനങ്ങൾ കയറ്റുമതി ചെയ്യാനോ വീണ്ടും കയറ്റുമതി ചെയ്യാനോ ആഗ്രഹിക്കുന്ന കമ്പനികൾ പെർമിറ്റിന് അപേക്ഷിക്കണമെന്നു സാമ്പത്തിക മന്ത്രാലയം അറിയിച്ചു.

യുക്രൈൻ യുദ്ധത്തെ തുടർന്നുള്ള സാഹചര്യത്തിൽ റഷ്യയിൽ നിന്നുള്ള ഗോതമ്പ് വരവ് പല രാജ്യങ്ങളിലും കുറഞ്ഞിരുന്നു. ഇന്ത്യയും ചൈനയും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ഗോതമ്പ് വിളയിക്കുന്നത് റഷ്യയാണ്. അമേരിക്ക , ഫ്രാൻസ് , കാനഡ തുടങ്ങി ഗോതമ്പ് ഉൽപ്പാദിപ്പിക്കുന്ന പല രാജ്യങ്ങളിലും ഇത്തവണ ഉൽപ്പാദനം കുറയുകയും ചെയ്തു. കോടിക്കണക്കിന് ദരിദ്രർ പട്ടിണിയിലാവുന്ന സാഹചര്യമാണെന്ന് ഐക്യരാഷ്ട്രസഭ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ അതീവ ഗുരുതര സാഹചര്യത്തിൽ ഇന്ത്യ കയറ്റുമതി നിർത്തരുതായിരുന്നുവെന്ന് പല രാജ്യങ്ങളും വാദിക്കുന്നു. എന്നാൽ രാജ്യത്തിനുള്ളിൽ ഗോതമ്പ് വില റെക്കോഡിലേക്ക് കുതിക്കുമ്പോൾ ഇതല്ലാതെ കേന്ദ്രത്തിനു മുന്നിൽ മറ്റു വഴികൾ ഇല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP