Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എയർഹോസ്റ്റസ് സുരക്ഷാ ഡെമോൺസ്‌ട്രേഷൻ നടത്തുമ്പോൾ കയ്യടിക്കുകയും വിസിലടിക്കുകയും ചെയ്തു; 8 വർഷം മുമ്പ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് കളിക്കാൻ പോയ ഭാവന-ഇടവേള ബാബു ടീമിനെ ഇറക്കി വിട്ടു; നിസ്സാരമല്ല ഏവിയേഷൻ നിയമങ്ങൾ; ജേക്കബ് കെ ഫിലിപ്പിന്റെ കുറിപ്പ്

എയർഹോസ്റ്റസ് സുരക്ഷാ ഡെമോൺസ്‌ട്രേഷൻ നടത്തുമ്പോൾ കയ്യടിക്കുകയും വിസിലടിക്കുകയും ചെയ്തു; 8 വർഷം മുമ്പ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് കളിക്കാൻ പോയ ഭാവന-ഇടവേള ബാബു ടീമിനെ ഇറക്കി വിട്ടു; നിസ്സാരമല്ല ഏവിയേഷൻ നിയമങ്ങൾ; ജേക്കബ് കെ ഫിലിപ്പിന്റെ കുറിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: മുഖ്യമന്ത്രി സഞ്ചരിച്ച കണ്ണൂർ-തിരുവനന്തപുരം വിമാനത്തിലുണ്ടായ അനിഷ്ട സംഭവങ്ങളെ കുറിച്ചുള്ള വിവാദങ്ങൾ തുടരുകയാണ്. തുടർ നടപടികളെ കുറിച്ച് ആശയക്കുഴപ്പവും തർക്കവും നിലനിൽക്കുന്നു. ഈ പശ്ചാത്തലത്തിൽ ഏവിയേഷൻ രംഗത്തെ വിദഗധനായ ജേക്കബ് കെ ഫിലിപ്പ് എഴുതിയ രണ്ടു കുറിപ്പുകൾ വായിക്കാം.

ഇൻഡിഗോ കണ്ണൂർ-തിരുവനന്തപുരം വിമാനസംഭവത്തിന്റെ തുടർനടപടികളെപ്പറ്റി ഒരുപാട് ആശയക്കുഴപ്പവും തർക്കവും ഇപ്പോഴുമുണ്ടെന്ന തിരിച്ചറിവിൽ ഒരു വിശദീകരണം കൂടി.

2010 ജനുവരി 27 ന് വ്യോമയാന ഡയറക്ടർ ജനറൽ പുറപ്പെടുവിച്ച ഉത്തരവു പ്രകാരം, ഇത്തരത്തിലുള്ള സംഭവങ്ങൾ വിമാനത്തിന്റെ കമാൻഡർ (അതായത് ക്യാപ്റ്റൻ) നിർബന്ധമായും റിപ്പോർട്ടു ചെയ്യേണ്ടതാണ്. വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന സംഭവങ്ങളെപ്പറ്റിയുള്ള റിപ്പോർട്ട് അയയ്ക്കുന്ന അതേ മാതൃകയിലാണ്, ശല്യമുണ്ടാക്കിയ, കുഴപ്പമുണ്ടാക്കിയ യാത്രക്കാരെപ്പറ്റിയുള്ള ഈ റിപ്പോർട്ട് അയയ്ക്കേണ്ടതെന്നും എയർക്രാഫ്ട് റൂൾസ് (1937) പറയുന്നു.

കമാൻഡർ അറിയിക്കുന്നതനുസരിച്ച്, ചീഫ് ഓഫ് ഫ്ലൈറ്റ് സേഫ്റ്റി അല്ലെങ്കിൽ കാബിൻ ക്രൂ നോഡൽ ഓഫിസർ ഉടൻ തന്നെ ഫോണിൽ ഡിജിസിഎ അറിയിക്കുകയും, വിമാനം ലാൻഡു ചെയ്ത് 12 മണിക്കൂറിനുള്ളിൽ രേഖാമൂലം അറിയിക്കുകയും വേണം.

റിപ്പോർട്ട് അയയ്ക്കേണ്ടിയത് ഇവർക്കാണ്-

1. Director Air Safety - Headquarters (Cabin Safety Division)

2. Director Air Safety / Regional Controller Air Safety in whose region the flight lands after the incident.

അയച്ചില്ലെങ്കിൽ എയർലൈനിനെതിരേ നടപടിയെടുക്കാം. നേരത്തേ തന്നെയുള്ള ഈ റിപ്പോർട്ടിങ്ങിനു പുറമേയാണ്, 2017 ൽ നടപ്പിലായ അൺറൂലി പാസഞ്ചേഴ്സ് നിയമ പ്രകാരമുള്ള റിപ്പോർട്ടിങ്ങ്.

കമാൻഡർ വിമാനക്കമ്പനിക്കു തന്നെ നൽകുന്ന റിപ്പോർട്ട്, വിമാനക്കമ്പനി തന്നെ രൂപീകരിക്കുന്ന ഒരു ഇന്റേണൽ കമ്മിറ്റിക്കു കൈമാറും.
കമ്മിറ്റിയുടെ രൂപം ഇതാണ്-

1. ചെയർമാൻ- റിട്ട ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ്

2. മറ്റൊരു എയർലൈനിൽ നിന്നുള്ള ഒരാൾ

3. പാസഞ്ചർ അസോസിയേഷനിൽ നിന്നോ ഉപഭോക്തൃ അസോസിയേഷനിൽ നിന്നുള്ള ഒരാൾ, അല്ലെങ്കിൽ
ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ നിന്ന് വിരമിച്ച ഒരാൾ.

ഇവിടെ ശ്രദ്ധിക്കേണ്ടിയ ഒരു കാര്യം. ഈ കമ്മിറ്റി തീരുമാനിക്കുക, യാത്രാവിലക്കു മാത്രമാണ് എന്നതാണ്. മറ്റു ശിക്ഷാവിധികളൊക്കെ തീരുമാനിക്കേണ്ടത് (അന്വേഷണത്തിനു ശേഷം) ആദ്യം പറഞ്ഞ റിപ്പോർട്ട് സ്വീകരിക്കുന്ന ഡിജിസിയയുടെ ശുപാർശയനുസരിച്ച് വ്യോമയാന മന്ത്രാലയം തന്നെയാണ്.

ഈ രണ്ട് അന്വേഷണത്തിനും പുറമേയാണ് പൊലീസ് അന്വേഷണം (ഉണ്ടെങ്കിൽ).

രണ്ടാമത്തെ പോസ്റ്റ്

കണ്ണൂർ-തിരുവനന്തപുരം ഇൻഡിഗോ വിമാന സംഭവത്തെപ്പറ്റി കൂടുതൽ ഉൾക്കാഴ്ച കിട്ടാൻ സഹായിക്കുന്ന രണ്ടു സംഭവങ്ങളെപ്പറ്റി-

1. 2018 സെപ്റ്റംബർ മൂന്ന്

ചെന്നൈയിൽ നിന്ന് തൂത്തുക്കുടിയിലേക്കു വന്ന ഒരു വിമാനം തൂത്തുക്കുടിയിൽ ലാൻഡു ചെയ്തയുടൻ വിമാനത്തിലുണ്ടായിരുന്ന ലോവിസ് സോഫിയ എന്നൊരു പെൺകുട്ടി സീറ്റിൽ എഴുന്നേറ്റു നിന്ന് മുദ്രാവാക്യം മുഴക്കി - 'Fascist BJP government down, down.' അന്തരീക്ഷ മലിനീകരണമുണ്ടായിരുന്ന സ്റ്റെർലൈറ്റ് കോപ്പർ എന്ന കമ്പനിക്കെതിരേ സമരം ചെയ്തവർക്കെതിരെ നാലുമാസം മുമ്പു നടന്ന പൊലീസ് വെടിവയ്പിൽ 12 പേർ മരിച്ചതിലുള്ള പ്രതിഷേധം അറിയിക്കുകയായിരുന്നു സോഫിയ. മുദ്രാവാക്യം തന്നെ ഉദ്ദേശിച്ചാണെന്ന് മനസിലായ, വിമാനത്തിലുണ്ടായിരുന്ന തമിഴ്‌നാട് ബിജെപി പ്രസിഡന്റ് തമിൾ ഇശൈ സൗന്ദർരാജൻ പക്ഷേ ഒന്നുമേ പ്രതികരിച്ചില്ല.

എന്നാൽ, വിമാനമിറങ്ങി ടെർമിനലിലെത്തിയ തമിൾ ഇശൈ സ്വീകരിക്കാനത്തിയ ബിജെപി പ്രവർത്തകരോട് പരാതി പറയുകയും അവർ സോഫിയയോട് തട്ടിക്കയറുകയും പിന്നാലെ നടന്ന് ബഹളം വയ്ക്കുകയും ചെയ്തു. പിന്നാലെ, ബിജെപി പരാതി കൊടുത്തതുനുസരിച്ച് സോഫിയയെ പൊലീസ് അറസ്റ്റു ചെയ്ത് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു.

വിമാനസംബന്ധമായ എന്തെങ്കിലും കാരണമല്ല, പൊതുസ്ഥലത്ത് ശല്യമുണ്ടാക്കി എന്ന വകുപ്പനുസരിച്ചായിരുന്നു അറസ്റ്റെന്നായിരുന്നു മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത്. കാനഡയിലെ ഗണിതശാസ്ത്ര പഠനത്തിനിടയിൽ അവധിക്കുവന്ന സോഫിയയ്ക്ക്, തമിഴ്‌നാട്ടിലെങ്ങുമുണ്ടായ വൻപ്രതിഷേധത്തെത്തുടർന്ന് പിന്നീടെന്തായാലും ജാമ്യം കിട്ടി.

2. 2014 ഫെബ്രുവരി 22

സെലിബ്രിറ്റി ക്രിക്കറ്റ്‌ലീഗ് കളിക്കായി ഹൈദരാബാദിലേക്കു പോകാൻ കേരളാ സ്‌ട്രൈക്കേഴ്‌സിനൊപ്പം കൊച്ചിയിൽ വിമാനം കയറിയ ഇടവേള ബാബു, ഭാവന തുടങ്ങിയവരുൾപ്പെട്ട സിനിമാ സംഘം, എയർഹോസ്റ്റസ് സുരക്ഷാ ഡെമോൺസ്‌ട്രേഷൻ നടത്തുമ്പോൾ കയ്യടിക്കുകയും വിസിലടിക്കുകയും ചെയ്തു. വിമാനം ടേക്കോഫ് ചെയ്യും മുമ്പായിരുന്നു ഇത്. ബഹളമുണ്ടാക്കരുതെന്നു പറഞ്ഞിട്ടും ഫലമുണ്ടാകാതെ വന്നപ്പോൾ, എയർഹോസ്റ്റസ് പെൺകുട്ടി ക്യാപ്റ്റനോട് പരാതിപ്പെടുകയും ക്യാപ്ൻ എടിസിയെ അറിയിച്ച്, വിമാനം തിരികെ ഏപ്രണിലെത്തിച്ച് എല്ലാവരെയും ഇറക്കിവിടുകയും ചെയ്തു.

ഒന്നു കയ്യടിച്ചതിനെന്തിനാ ഇറക്കിവിട്ടത്, കയ്യടിക്കുന്നത് ഇന്ത്യയിൽ കുറ്റമാണോ എന്നൊക്കെ പത്രക്കാരോട് പരിഭവം പറഞ്ഞെങ്കിലും പ്രയോജനമൊന്നുമുണ്ടായില്ല. സംഭവം അവിടെക്കൊണ്ട് അവസാനിക്കുകയും ചെയ്തു. രണ്ടു സംഭവങ്ങളിലെയും പൊതുവായ കാര്യം രണ്ടിലും ഇന്ത്യൻ വ്യോമയാന നിയമമനുസരിച്ചുള്ള ഒരു നടപടിയും ഉണ്ടായില്ല എന്നതാണ്.

സിനിമാക്കാരെ ഇറക്കിവിടാൻ ഇടയാക്കിയ സംഭവത്തിൽ ഈ നിയമമനുസരിച്ച്, ഒരു കൊല്ലത്തിൽ കവിയാത്ത തടവോ അഞ്ചുലക്ഷത്തിൽ കവിയാത്ത പിഴയോ രണ്ടും കൂടിയോ ലഭിക്കേണ്ടിയിരുന്ന ഗുരുതരമായ, വിമാന സുരക്ഷയെ ബാധിക്കും വിധം വിമാനജോലിക്കാരുടെ ജോലി തടസ്സപ്പെടുത്തി എന്ന കുറ്റമായിട്ടുകൂടി, വിമാനക്കമ്പനി കണ്ണടയ്ക്കുകയാണ് ചെയ്തത്. ശല്യക്കാരെ വിമാനത്തിൽ നിന്ന് ഇറക്കിവിടുക എന്ന തൽസമയ പ്രതികരണം പൈലറ്റിന്റെ ഭാഗത്തു നിന്നുണ്ടായെങ്കിലും രേഖാമൂലം ഡിജിസിഎയ്ക്ക് റിപ്പോർട്ടു കൊടുക്കാനോ നടപടിയെടുപ്പിക്കാനോ എയർലൈൻ തയ്യാറായില്ല.

തൂത്തുക്കുടിയിലുണ്ടായ ആദ്യ സംഭവത്തിൽ എയർലൈനിന്റെ ഭാഗത്തു നിന്ന് നടപടിയുണ്ടാകാതിരുന്നതിനു കാരണം, സംഭവം വെറും മുദ്രാവാക്യം വിളി മാത്രമായിരുന്നുവെന്നതും വിളിച്ചത് സ്വന്തം സീറ്റിൽ നിന്നായിരുന്നവെന്നതും വിളി ലക്ഷ്യം വച്ചയാൾ വിമാനത്തിനുള്ളിൽ പ്രതികരിക്കാതിരുന്നുവെന്നതുമാണ്. വിമാനത്തിന് ഉള്ളിലുള്ള ഒരാളെ വാക്കുകൾകൊണ്ട് ഉപദ്രവിക്കുക എന്ന, ഇന്ത്യൻ എയർക്രാഫ്റ്റ് റൂൾസ് അനുസരിച്ച് തടവും പിഴയും ലഭിക്കാൻ ഉതകുമായിരുന്ന കുറ്റം ചെയ്തു എന്ന് തെളിയിക്കാൻ ഇവിടെ ബുദ്ധിമുട്ടായിരുന്നതും എയർലൈൻ പ്രതികരിക്കാതിരുന്നതിന് കാരണമായിട്ടുണ്ട്.

തിരുവനന്തപുരത്തും 2018 ൽ തൂത്തുക്കുടിയിലും 2014 ൽ കൊച്ചിയിലുമുണ്ടായ സംഭവങ്ങളിലെല്ലാം, വിമാനക്കമ്പനി ഒന്നു തന്നെയായിരുന്നുവെന്നത് - ഇൻഡിഗോ - ഇതിന് കൗതുകകരമായ അനുബന്ധം. ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടാകുമ്പോൾ ഇൻഡിഗോ മാത്രമല്ല, സ്വകാര്യ വിമാനക്കമ്പനികളെല്ലാം ഇങ്ങനെ തന്നെയാണ് പ്രതികരിക്കാനിട. സിനിമാക്കാരെയും രാഷ്ട്രീയക്കാരെയും പോലെ ഇഷ്ടംപോലെ അനുയായികൾ ഉള്ളവരുൾപ്പെട്ട സംഭവങ്ങൾ കഴിയുന്നത്ര ഒതുക്കത്തിൽ അവസാനിപ്പിക്കുന്നത് ബിസിനസ് ബുദ്ധിമാത്രമാണ്, ഇന്ത്യയിൽ ഇന്നത്തെ സാഹചര്യത്തിൽ. ഇനി കേസെടുത്ത് സംഭവം മുന്നോട്ടു കൊണ്ടുപോകാൻ ലോക്കൽ പൊലീസിനു കഴിയുകയും ചെയ്യും. വിമാനത്താവളം ഉൾപ്പെട്ട സ്ഥലത്തിന്റെ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യാം. കേസ് നടത്താം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP