Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കലാപമുണ്ടാക്കി രക്തസാക്ഷികളെ സൃഷ്ടിക്കാൻ സിപിഎം ശ്രമം; മുഖ്യമന്ത്രിക്ക് നേരെ വധശ്രമം ഉണ്ടായിട്ടില്ല; ഇ.പി.ജയരാജന്റെ വാക്കുകൾ തന്നെ തെളിവ്; പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് ക്രിമിനലുകളെ അയച്ച ആദ്യ മുഖ്യമന്ത്രിയായി പിണറായിയെ ചരിത്രം രേഖപ്പെടുത്തും എന്നും വി.ഡി.സതീശൻ

കലാപമുണ്ടാക്കി രക്തസാക്ഷികളെ സൃഷ്ടിക്കാൻ സിപിഎം ശ്രമം; മുഖ്യമന്ത്രിക്ക് നേരെ വധശ്രമം ഉണ്ടായിട്ടില്ല; ഇ.പി.ജയരാജന്റെ വാക്കുകൾ തന്നെ തെളിവ്; പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് ക്രിമിനലുകളെ അയച്ച ആദ്യ മുഖ്യമന്ത്രിയായി പിണറായിയെ ചരിത്രം രേഖപ്പെടുത്തും എന്നും വി.ഡി.സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ യു.ഡി.എഫ് നടത്തുന്ന സമരത്തിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിന് വേണ്ടി രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേട്ടുകേൾവിയില്ലാത്ത കിരാത നടപടികളുമായി സർക്കാരും കലാപമുണ്ടാക്കാൻ സിപിഎമ്മും ശ്രമിക്കുകയാണ്. സിപിഎം ക്രിമിനലുകൾ കേരളത്തിൽ അഴിഞ്ഞാടുകയാണ്. കോൺഗ്രസ് ഓഫീസുകൾക്കും പ്രവർത്തകർക്കും എതിരെ വ്യപക ആക്രമണമാണ് സിപിഎം നടത്തുന്നത്.

കെപിസിസി ഓഫീസ് അടിച്ച് തകർത്തതിന് പിന്നാലെ പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്കും ഗുണ്ടകളെ വിട്ടു. പ്രതിപക്ഷ നേതാവിന്റെ വീട്ടിലേക്ക് ക്രിമിനലുകളെ പറഞ്ഞു വിട്ട ആദ്യ മുഖ്യമന്ത്രിയെന്ന് പിണറായി വിജയനെ ചരിത്രം രേഖപ്പെടുത്തും. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് അതിക്രമിച്ച് വീട് കയറാൻ നിർദ്ദേശിച്ചതും അവരെ ജാമ്യത്തിൽ വിടാൻ ആവശ്യപ്പെട്ടതും. അമിതാധികാര ശക്തികൾ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. അവർ മുഖ്യമന്ത്രിയെയും കൊണ്ടേ പോകൂ. ഭരിക്കുന്നവരാണ് കലാപം നടത്തുന്നതും തീവെയ്പ് നടത്തുന്നതും ബോബെറിയുമെന്നും പറയുന്നത്. മുഖ്യമന്ത്രി എത്തപ്പെട്ടിരിക്കുന്ന അവസ്ഥയിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമമാണ് നടത്തുന്നത്.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ വധശ്രമം ഉണ്ടായെന്ന പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് ഇ.പി ജയരാജൻ പത്രസമ്മേളനത്തിന് മുൻപ് പറഞ്ഞ ശബ്ദരേഖ പുറത്ത് വന്നതോടെ വ്യക്തമായിരിക്കുകയാണ്. മുഖ്യമന്ത്രി ഇറങ്ങിയതിന് ശേഷമാണ് പ്രതിഷേധ മുദ്രാവാക്യം വിളിച്ചതെന്നാണ് ജയരാജൻ ആദ്യം പറഞ്ഞത്. കൊല്ലുമെന്ന് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രിക്ക് അടുത്തേക്ക് പാഞ്ഞടുത്തെന്ന് ആരോപിച്ച് മുഖ്യമന്ത്രിയുടെ ഗൺമാൻ നൽകിയ പരാതി വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. അവർ മദ്യപിച്ചില്ലെന്ന് തെളിഞ്ഞതോടെ ജയരാജന്റെ ആ നുണ പ്രചരണവും പൊളിഞ്ഞു. നുണ പ്രചരണം നടത്തി യു.ഡി.എഫ് നടത്തുന്ന സമരത്തെ കളങ്കപ്പെടുത്താൻ നടത്തിയ ശ്രമം പൂർണമായും പരാജയപ്പെട്ടിരിക്കുകയാണ്. വിമാനത്തിൽ പ്രതിഷേധിച്ചവർക്കെതിരെ വധശ്രമം ആരോപിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് കൊടുത്തിരിക്കുന്ന കള്ളക്കേസ് പിൻവലിച്ച് മാപ്പ് പറയണം. നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ കേസെടുക്കണം. അവരെ ആക്രമിച്ച ജയരാജനെതിരെയും കേസെടുക്കണം. പരാതിയിൽ കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കും.

കെപിസിസി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും കൈക്കരുത്ത് അറിയിക്കുമെന്നാണ് അമ്പലപ്പുഴയിലെ എംഎ‍ൽഎ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്. എന്നിട്ട് കേസെടുക്കാൻ പോലും പൊലീസ് തയാറായിട്ടില്ല. മുഖ്യമന്ത്രിയെ അടിക്കുമെന്ന് ഒരാൾ പോസ്റ്റിട്ടാൽ അറസ്റ്റ് ചെയ്യില്ലേ? കോഴിക്കോട് തിക്കോടിയിൽ, വീട്ടിൽ കയറി കൊത്തിക്കീറുമെന്നും ശരത്ലാലിനെയും കൃപേഷിനെയും ഓർമ്മയില്ലേ എന്നുമാണ് ഡിവൈഎഫ്ഐ മുദ്രാവാക്യം വിളിച്ചത്. ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് മുദ്രാവാക്യത്തിൽ നിന്നും എന്ത് വ്യത്യാസമാണ് ഇതിനുള്ളത്.

ശിശുക്ഷേമ സമിതിയിൽ കൊച്ചിനെ കടത്തിയ നേതാവും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു. നെന്മാറ എംഎ‍ൽഎ സ്ത്രീ ശരീരത്തിന്റെ വിവിധ ഭാഗങ്ങളുടെ പര്യായപദം നിഘണ്ടുവിൽ തേടുന്ന ആളായി മാറിയിരിക്കുകയാണ്. പ്രതിഷേധ സമരങ്ങളിൽ പങ്കെടുത്ത സ്ത്രീകളെ സമൂഹ മാധ്യമങ്ങളിൽ കേട്ടാലറയ്ക്കുന്ന തെറി വിളിക്കുകയാണ് സിപിഎം സൈബർ ഗുണ്ടകൾ. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി വീണ എസ് നായരെ സൈബറിടങ്ങളിൽ വലിച്ചു കീറുന്നു. പുറത്ത് പറയാൻ പറ്റാത്ത പച്ചത്തെറി വിളിക്കുകയാണ്. എറണാകുളത്ത് അശ്ലീല വീഡിയോ ഇറക്കിയവർ തന്നെയാണ് ഇതിന് പിന്നിലും. ഇവരാണോ സ്ത്രീപക്ഷ വാദികൾ? സിപിഎമ്മിലെ വനിതാ നേതാക്കളും വനിതാ കമ്മിഷനും എവിടെ പോയി? പ്രതിഷേധ പ്രകടനത്തിന് സ്ത്രീകൾ പങ്കെടുത്തതിന്റെ പേരിൽ എംഎ‍ൽഎമാർ ഉൾപ്പെടെയുള്ളവരാണ് അധിക്ഷേപിക്കുന്നത്. നാട്ടിൽ കലാപം ഉണ്ടാക്കുകയെന്ന ലക്ഷ്യം മാത്രമാണ് അവർക്കുള്ളത്.

പൊലീസും സിപിഎമ്മും ഗുണ്ടകളും ചേർന്ന് യു.ഡി.എഫ് സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണ്. പറവൂരിലും ഒരു പ്രകോപനവുമില്ലാതെ സിപിഎം- ഡിവൈ.എഫ്.ഐ ഗുണ്ടാകൾ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ കയറിയും മർദ്ദിച്ചു. ആക്രമണത്തിന്റെ സി.സി ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും ജാമ്യം കിട്ടുന്ന കേസുകളാണ് ഡിവൈഎഫ്ഐ ഗുണ്ടകൾക്കെതിരെ എടുത്തിരിക്കുന്നത്. ലോക കേരള സഭയിൽ പങ്കെടുക്കണമോയെന്ന് യു.ഡി.എഫിൽ ആലോചിച്ച ശേഷം തീരുമാനിക്കും.

മോദി ഭരണകൂടത്തിന്റെ കിരാത നടപടികൾക്കെതിരെ രാജ്യവ്യാപകമായി ഉയർന്നു വരുന്ന പ്രക്ഷോഭ കേരളത്തിലും ശക്തമാക്കും. സംഘപരിവാർ, ഫാസിസ്റ്റ് വിരുദ്ധതയുടെ ഏറ്റവും വലിയ പ്രതീകമാണ് രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്താനും അപമാനിക്കാനുമുള്ള ശ്രമമാണ് കേന്ദ്ര ഭരണകൂടം നടത്തുന്നത്. അതിനെതിരായ ചെറുത്ത് നിൽപ്പിലും പോരാട്ടത്തിലും യു.ഡി.എഫും അണിചേരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP