Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാർക്കോട്ടിക് ജിഹാദ് അടക്കമുള്ള കഴമ്പില്ലാത്ത വിദ്വേഷ പ്രചരണങ്ങൾക്കും വേദിയായത് ആരാധനാലയങ്ങൾ തന്നെയെന്ന് വി.ടി.ബൽറാം; പരാമർശത്തിൽ ചൊടിച്ച് കെസിബിസി; പാലാ ബിഷപ്പിന്റേത് വിദ്വേഷ പ്രചാരണമല്ല ബോധപൂർവം നൽകിയ മുന്നറിയിപ്പ്; ബൽറാമിനെ പോലെയുള്ളവർ കൂടുതൽ പഠിക്കണം

നാർക്കോട്ടിക് ജിഹാദ് അടക്കമുള്ള കഴമ്പില്ലാത്ത വിദ്വേഷ പ്രചരണങ്ങൾക്കും വേദിയായത് ആരാധനാലയങ്ങൾ തന്നെയെന്ന് വി.ടി.ബൽറാം; പരാമർശത്തിൽ ചൊടിച്ച് കെസിബിസി; പാലാ ബിഷപ്പിന്റേത് വിദ്വേഷ പ്രചാരണമല്ല ബോധപൂർവം നൽകിയ മുന്നറിയിപ്പ്; ബൽറാമിനെ പോലെയുള്ളവർ കൂടുതൽ പഠിക്കണം

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശവുമായി ബന്ധപ്പെട്ട് വി.ടി.ബൽറാമിന്റെ ഫേസബുക്ക് കുറിപ്പിലെ പരാമർശങ്ങൾ തെറ്റിദ്ധാരണാജനകവും പ്രതിഷേധാർഹവുമാണെന്ന് കേരള കാത്തലിക് ബിഷപ്‌സ് കൗൺസിൽ. കണ്ണൂർ മയ്യിൽ പൊലീസ് നൽകിയ വിവാദ സർക്കുലറിൽ പ്രതികരിക്കവേയാണ് ബൽറാം കെസിബിസിയെ ചൊടിപ്പിച്ച പരാമർശം നടത്തിയത്. 'നാർക്കോട്ടിക് ജിഹാദ് അടക്കമുള്ള കഴമ്പില്ലാത്ത വിദ്വേഷ പ്രചരണങ്ങൾക്കും വേദിയായത് ആരാധനാലയങ്ങൾ തന്നെയാണ്. സാമുദായിക സൗഹാർദ്ദം തകർക്കുന്ന രീതിയിൽ ദുരാരോപണമുന്നയിച്ച ആ ബിഷപ്പിനെ താമസസ്ഥലത്തെത്തി സമാശ്വസിപ്പിക്കുകയായിരുന്നു സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായ മന്ത്രി.

പിന്നെന്തിനാണ് മുസ്ലിം ആരാധനാലയങ്ങൾക്ക് മാത്രമായി കേരള പൊലീസിന്റെ ഇങ്ങനെയൊരു ഇണ്ടാസ്? ശശികലയടക്കമുള്ള വിദ്വേഷ പ്രചാരകരെ വിലക്കുന്ന രീതിയിൽ കേരളത്തിലെ അമ്പലകമ്മിറ്റികൾക്ക് നോട്ടീസ് നൽകാൻ പിണറായി വിജയന്റെ പൊലീസ് തയ്യാറാകുമോ?'-ബൽറാം ചോദിച്ചു.

പാലാ രൂപതാദ്ധ്യക്ഷൻ ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ച് തന്റെ വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിൽ അതൊരു വിദ്വേഷ പ്രചരണത്തിനുള്ള ശ്രമമായിരുന്നില്ല എന്ന് കെസിബിസി ജാഗ്രതാ സമിതിയുടെ കുറിപ്പിൽ പറയുന്നു. ഇപ്പോൾ കേരളം അഭിമുഖീകരിക്കുകയും ചെയ്യുന്ന ചില പ്രതിഭാസങ്ങളുടെ പശ്ചാത്തലത്തിൽ ബോധപൂർവ്വം നൽകിയ മുന്നറിയിപ്പാണത് എന്നും കെസിബിസി പറഞ്ഞു.

കെസിബിസി ജാഗ്രതാ സമിതിയുടെ കുറിപ്പിന്റെ പൂർണരൂപം:

വി.ടി ബൽറാമിന്റെ പരാമർശങ്ങൾ അപക്വം, അപലപനീയം

കഴിഞ്ഞ ചില ദിവസങ്ങളായി നിലനിൽക്കുന്ന സാമുദായിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വി.ടി ബൽറാം പ്രസിദ്ധീകരിച്ച ഫേസ്‌ബുക്ക് പോസ്റ്റിലെ ചില പരാമർശങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും പ്രതിഷേധാർഹവുമാണ്. ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ച് ഒരു രൂപതാധ്യക്ഷൻ തന്റെ വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിൽ അതൊരു വിദ്വേഷ പ്രചരണത്തിനുള്ള ശ്രമമായിരുന്നില്ല.

കഴിഞ്ഞ അനേക വർഷങ്ങളായി ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുകയും, ഇപ്പോൾ കേരളം അഭിമുഖീകരിക്കുകയും ചെയ്യുന്ന ചില പ്രതിഭാസങ്ങളുടെ പശ്ചാത്തലത്തിൽ ബോധപൂർവ്വം നൽകിയ മുന്നറിയിപ്പാണത്. സാമൂഹിക സൗഹാർദ്ദത്തിനും മത മൈത്രിക്കും ഏറ്റവും കൂടിയ പരിഗണന നൽകിയിട്ടുള്ള ക്രൈസ്തവ സമൂഹം പോലും അത്തരം ഗൗരവമുള്ള മുന്നറിയിപ്പുകൾ നൽകാൻ നിർബ്ബന്ധിതരാകുന്ന പശ്ചാത്തലത്തെക്കുറിച്ച് ശ്രീ. വി.ടി ബൽറാമിനെപ്പോലുള്ള രാഷ്ട്രീയ നേതാക്കൾ കൂടുതൽ പഠിക്കേണ്ടതുണ്ട്.

ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ചും തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചും ഒട്ടേറെ മുന്നറിയിപ്പുകൾ ഇതിനകം നമുക്ക് ലഭിച്ചുകഴിഞ്ഞു. മുൻ ഡിജിപിമാർ പലരും ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. കേരളത്തിൽ ഡീ റാഡിക്കലൈസേഷൻ പ്രവർത്തനങ്ങൾ വർഷങ്ങളായി നടക്കുന്നു എന്ന് മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. വർഷങ്ങളോളം അച്ചടിച്ച് വിതരണം ചെയ്യപ്പെട്ടിട്ടുള്ള ചില ഗ്രന്ഥങ്ങൾ കേരളത്തിൽ നിരോധിക്കപ്പെടുകയുണ്ടായിട്ടുണ്ട്.

തീവ്രവാദ പ്രവർത്തനങ്ങൾക്ക് പ്രേരകമാകുന്നു എന്ന് കണ്ടെത്തി നിരോധിക്കണമെന്ന് പൊലീസ് മേധാവി ആവശ്യപ്പെട്ട 'വിജയത്തിന്റെ വാതിൽ, വാളിന്റെ തണലിൽ' എന്ന ഗ്രന്ഥം അവസാനത്തെ ഉദാഹരണമാണ്. മയക്കുമരുന്നും തീവ്രവാദവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അന്തർദേശീയ പഠനങ്ങൾ ഒട്ടേറെ ഉണ്ടായിട്ടുണ്ട്.

കേരളത്തിൽ മയക്കുമരുന്നിന്റെ ഉപഭോഗവും വിപണനവും ഭീതിജനകമാം വിധം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ അത്തരം ആശങ്കകൾ ഉയരുന്നെങ്കിൽ അത് തള്ളിക്കളയേണ്ട കാര്യമല്ല, മറിച്ച് ഗൗരവമായി ചിന്തിക്കുകയും അന്വേഷണങ്ങൾ നടത്തുകയും ചെയ്യേണ്ട വിഷയമാണ്. ഇത്തരം പശ്ചാത്തലങ്ങൾ മനഃപൂർവ്വം അവഗണിച്ചുകൊണ്ട് രാഷ്ട്രീയ മുതലെടുപ്പുകൾ നടത്താനുള്ള പ്രവണത നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് അപലപനീയമാണ്.

വി.ടി.ബൽറാമിന്റെ പോസ്റ്റ്:

കേരളത്തിൽ ഈയടുത്ത കാലത്ത് എപ്പോഴെങ്കിലും ഏതെങ്കിലും മുസ്ലിം പള്ളികളിലെ വെള്ളിയാഴ്ച ജുമാ നമസ്‌ക്കാരത്തിന് ശേഷം 'സാമുദായിക സൗഹാർദ്ദം തകർക്കുന്നതോ വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലോ ഉള്ളതായ പ്രഭാഷണങ്ങൾ' നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ? പെട്ടെന്ന് ഓർമ്മയിൽ വരുന്നില്ല.

എന്നാൽ പി.സി.ജോർജിനെ വെണ്ണലയിലെ ക്ഷേത്ര കമ്മിറ്റി ആദരിച്ച് ക്ഷണിച്ചുകൊണ്ടുവന്ന് പ്രസംഗിപ്പിച്ച കാര്യം കേരളം ഈയിടെ ചർച്ച ചെയ്തതാണ്. ആ പ്രസംഗത്തിലെ കണ്ടന്റ് എത്രത്തോളം വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലായിരുന്നു എന്നത് ഇവിടത്തെ നിയമ സംവിധാനത്തിനുമറിയാം. അങ്ങനെയെടുത്ത കേസിൽ ജോർജിനെ ജാമ്യത്തിലെടുത്തതും ഇതേ ക്ഷേത്ര കമ്മിറ്റിക്കാർ തന്നെയായിരുന്നു എന്നും വാർത്തകളുണ്ടായിരുന്നു. അതായത് ജോർജിന്റെ പ്രസംഗത്തെ സംഘാടകർ ശരിവയ്ക്കുന്നു എന്നർത്ഥം.

നാർക്കോട്ടിക് ജിഹാദ് അടക്കമുള്ള കഴമ്പില്ലാത്ത വിദ്വേഷ പ്രചരണങ്ങൾക്കും വേദിയായത് ആരാധനാലയങ്ങൾ തന്നെയാണ്. സാമുദായിക സൗഹാർദ്ദം തകർക്കുന്ന രീതിയിൽ ദുരാരോപണമുന്നയിച്ച ആ ബിഷപ്പിനെ താമസസ്ഥലത്തെത്തി സമാശ്വസിപ്പിക്കുകയായിരുന്നു സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായ മന്ത്രി.

പിന്നെന്തിനാണ് മുസ്ലിം ആരാധനാലയങ്ങൾക്ക് മാത്രമായി കേരള പൊലീസിന്റെ ഇങ്ങനെയൊരു ഇണ്ടാസ്? ശശികലയടക്കമുള്ള വിദ്വേഷ പ്രചാരകരെ വിലക്കുന്ന രീതിയിൽ കേരളത്തിലെ അമ്പലകമ്മിറ്റികൾക്ക് നോട്ടീസ് നൽകാൻ പിണറായി വിജയന്റെ പൊലീസ് തയ്യാറാകുമോ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP