Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കടകംപള്ളിക്ക് കൊടുത്തത് 60,000 രൂപ; ഭാർഗവി തങ്കപ്പന് 3,30,000 വും സത്യനേശന് 3,37,000 രൂപയും; എംഐ ഷാനവാസ് തൊട്ട് കോലിയക്കോടുവരെ ഡയറിയിൽ; പി ശശിക്കും, നായനാരുടെയും ശിവദാസമേനോന്റെയൂം വീട്ടുകാർക്കുമെതിരെ ആരോപണം; അന്ന് മണിച്ചൻ ഇന്ന് സ്വപ്ന; കേരളത്തെ ഞെട്ടിച്ച മദ്യ മാസപ്പടിയുടെ കഥ!

കടകംപള്ളിക്ക് കൊടുത്തത് 60,000 രൂപ; ഭാർഗവി തങ്കപ്പന് 3,30,000 വും സത്യനേശന് 3,37,000 രൂപയും; എംഐ ഷാനവാസ് തൊട്ട് കോലിയക്കോടുവരെ ഡയറിയിൽ; പി ശശിക്കും, നായനാരുടെയും ശിവദാസമേനോന്റെയൂം വീട്ടുകാർക്കുമെതിരെ ആരോപണം; അന്ന് മണിച്ചൻ ഇന്ന് സ്വപ്ന; കേരളത്തെ ഞെട്ടിച്ച മദ്യ മാസപ്പടിയുടെ കഥ!

എം റിജു

2000 ഒക്ടോബർ 21 രാത്രി. കൊല്ലം ജില്ലയിലെ കല്ലുവാതുക്കലിയെ ഒരു ക്വാറിയിലെ തൊഴിലാളിയാണ് ആദ്യം ഛർദിച്ച് ബോധരഹിതനായത്. അമിതമായി മദ്യപിച്ചതിന്റെ പേരിലാണെന്ന് കരുതി ആരും അത് ഗൗനിച്ചില്ല. അൽപ്പ സമയം കഴിഞ്ഞില്ല ഇയാളുടെ കുടെയുള്ള രണ്ടുപേരും വീണു. തൊട്ടുനോക്കുമ്പോൾ ജീവനില്ല. ഓൺ ദ സ്പോട്ട് മരണം! അപ്പോൾ അവർ അറിഞ്ഞില്ല, ആ ഗ്രാമത്തിൽ മരണം വേട്ടക്ക് ഇറങ്ങുകയായിരുന്നുന്നെന്ന്. അടുത്ത രണ്ടു ദിവസങ്ങളിലായി പലരും പലയിടങ്ങളിൽ കുഴഞ്ഞുവീണു മരിച്ചു. കല്ലുവാതുക്കൽ നടുങ്ങി, കേരളവും.

ഉൾക്കിടിലത്തോടെ നാട് ചോദിച്ചുകൊണ്ടിരുന്നു. അടുത്തത് ആര്...? പത്ത്, പന്ത്രണ്ട്, പതിനഞ്ച്,... മരണം പെരുകിപ്പെരുകി വന്നു. നാടൊന്നാകെ റോഡിലേക്ക് ഇറങ്ങി. ചരായം കഴിച്ച മുഴുവൻ ആളുകളെയും ബന്ധുക്കൾ ഉന്തിത്തള്ളി ആശുപത്രിയിലാക്കി. വാഹനങ്ങൾ മെഡിക്കൽ കോളജിലേക്കു പാഞ്ഞു. കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ, പട്ടാഴി, തിരുവനന്തപുരം ജില്ലയിലെ പള്ളിക്കൽ, പള്ളിപ്പുറം എന്നിവിടങ്ങളിലുമായി മരിച്ചവരുടെ ലിസ്റ്റ് കിട്ടിയപ്പോൾ കേരളം നടുങ്ങി. മൊത്തം 31പേർ. ആറുപേർക്ക് കാഴ്ച നഷ്ടമായി. 500 പേർക്ക് സാരമായി പരിക്കേറ്റു. വൈപ്പിൻ മദ്യദുരന്തത്തിന്ശേഷം കേരളം കണ്ട ഏറ്റവും വലിയ മദ്യദുരന്തം!

മരിച്ചവരിൽ ഭുരിഭാഗവും ഒരേ ഒരു സ്ഥലത്തുനിന്നാണ് ചാരായം കഴിച്ചത്. അത് കല്ലുവാതുക്കലെ താത്ത എന്നറിയപ്പെട്ടിരുന്ന ഹയറുന്നിസയുടെ കൈയിൽനിന്നായിരുന്നു. താത്തക്കെതിരെ ജനരോഷം ഇരമ്പി. അവർ അറസ്റ്റിലായി. അപ്പോഴാണ് അറിയുന്നത് മണിച്ചൻ എന്ന അബ്ക്കാരിയാണ് താത്തക്ക് ചാരയം എത്തിക്കുന്നത് എന്നത്. മണിച്ചന്റെ ചാരായമാണ് മരണം വിതച്ചത് എന്നറിഞ്ഞതോടെ പൊലീസ് അയാൾക്ക് പിന്നാലെ നീങ്ങി.

അതോടെ കേരളത്തെ ഞെട്ടിച്ച രാഷ്ട്രീയ നാടകങ്ങളുടെ കൂടി തുടക്കമായി. മണിച്ചനെ വളർത്തിയത് ഇവിടുത്തെ രാഷ്ട്രീയ നേതാക്കളാണെന്നും, പൊലീസിനും എക്സൈസിനും കൃത്യമായി കൈക്കുലി കിട്ടുന്നുണ്ടെന്നും ആരോപണം ഉയർന്നു. മണിച്ചന്റെ മാസപ്പടി ഡയറിയിലെ പേരുകൾ പുറത്തുവന്നതോടെ കേരളം ഞെട്ടി. ഇടതുവലതുഭേദമില്ലാതെ കേരളത്തിലെ പ്രമുഖ നേതാക്കൾ അതിൽ ഉണ്ടായിരുന്നു. ഒരുഘട്ടത്തിൽ, ഇന്നത്തെ സ്വർണ്ണക്കടത്തുപോലെ അന്നത്തെ മുഖ്യമന്ത്രി നായനാരുടെയും, എക്സൈസ് മന്ത്രി ശിവദാസമേനോന്റെയും വീട്ടുകാർ വരെ ആരോപിതരായി. അന്നത്തെയും ഇന്നത്തെയും പൊളിറ്റിക്കൽ സെക്രട്ടറിയായ പി ശശിക്ക് മണിച്ചൻ കോഴ കൊടുത്തൂവെന്നുവരെ ആരോപണം ഉയർന്നു. സ്വപ്നക്കേസുപോലെ, 22വർഷംമുമ്പ് പൊടിപ്പും തൊങ്ങലും വെച്ച് മാധ്യമങ്ങൾ എഴുതിയ, ഒരു സംഭവമായി മാറി മണിച്ചന്റെറ മാസപ്പടിക്കേസ്.

ഇപ്പോൾ 20 വർഷം നീണ്ടുനിന്ന ശിക്ഷ കഴിഞ്ഞ് മണിച്ചൻ പുറത്തിറങ്ങുകയാണ്. സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് വിവാദം കത്തിപ്പടരുന്ന സാഹചര്യത്തിലാണ് സമാനരീതിയിൽ ഇടതു സർക്കാരിനെതിരെ കത്തിക്കയറിയ മറ്റൊരു വിവാദത്തിലെ നായകൻ ജയിൽമോചിതനാകുന്നത് എന്നതും ശ്രദ്ധേയമാണ്.

ഒന്നാം പ്രതി ചാരായ നിരോധനം

കല്ലുവാതുക്കൽ മദ്യദുരന്തത്തിന്റെ ഒന്നാം പ്രതി ആരാണെന്ന് ചോദ്യത്തിൽ സത്യത്തിൽ അത് സർക്കാർ എന്നു തന്നെ പറയണം. 96 എപ്രിൽ ഒന്നിന് എ കെ ആന്റണി നടപ്പാക്കിയ ചാരായ നിരോധനം എന്ന തലതിരിഞ്ഞ നയത്തിന്റെ ഗുണഭോക്താവായിരുന്നു മണിച്ചൻ അടക്കമുള്ളവർ. ഒറ്റയടിക്ക് ചാരായം നിരോധിക്കുന്നതോടെ, കേരളത്തിന്റെ മുഖഛായ ആകെ മാറും എന്നായിരുന്ന എ കെ ആന്റണി സ്വപ്നം കണ്ടത്. ''കേരളത്തിൽ ചായക്കടപോലെ വളർന്നുകൊണ്ടിരിക്കുന്ന, ചാരായക്കടകൾ പൂട്ടിക്കാനാണ് തീരുമാനം എടുത്തിരിക്കുന്നത്. ഏപ്രിൽ ഒന്നാം തീയതി സൂര്യൻ ഉദിക്കുമ്പോൾ കേരളത്തിൽനിന്ന് ചാരായ ഷാപ്പുകൾ അപ്രത്യക്ഷമാവും. നാളെ ആര് അധികാരത്തിൽ വന്നാലും ഇത് തുറപ്പിക്കാൻ സാധ്യമല്ല. ലക്ഷക്കണക്കിന് വീട്ടമ്മമാരുടെ കണ്ണീരൊപ്പാനാണ് ഈ തീരുമാനം. ആയിരക്കണക്കിന് കുടുംബങ്ങളിലാണ് ചാരായം ഇല്ലാതാവുന്നതോടെ സ്വസ്തഥ ഉണ്ടാവുക''- ഇങ്ങനെയാണ് അന്ന് ആന്റണി പറഞ്ഞത്.

തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ തുറുപ്പ് ചീട്ടായിരുന്നു ചാരായ നിരോധനം. അടിമുടി ഗ്രൂപ്പിസത്തിൽ മുങ്ങി നിൽക്കുന്ന കോൺഗ്രസിന് 96ലെ നിയമസഭാ തെരഞ്ഞെടുപ്പ് ജയിക്കുമെന്ന് യാതൊരു ആത്മവിശ്വാസവും ഉണ്ടായിരുന്നില്ല. അവസാനത്തെ ഈ കടുംവെട്ടിലാവട്ടെ, അവർക്ക് സഭയുടെയും, മനോരമ അടക്കമുള്ള മാധ്യമങ്ങളുടെയും വലിയ പിന്തുണ കിട്ടി. അവർ ആന്റണിയെയും ചാരായ നിരോധനത്തെയും വാഴ്‌ത്തിപ്പാടി. പക്ഷേ അന്നേ സാമൂഹിക ശാസ്ത്രജ്ഞരും, ഗവേഷകരും പറഞ്ഞിരുന്നു ഈ നയം തെറ്റാണെന്ന്.

ഇതോടൊപ്പം മറ്റൊരു അബദ്ധം കൂടി ആന്റണി കാണിച്ചു. ചാരായം നിരോധിച്ച അന്നുതന്നെ ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ വില മൂന്നിരിട്ടി കൂട്ടി. ചാരായം കിട്ടാതായാൽ ജനം വിദേശമദ്യത്തിലേക്ക് തിരിയുന്നത് തടയാൻ ആയിരുന്നു അങ്ങനെ ചെയ്തത്. പക്ഷേ ആന്റണിയുടെ കണക്കുകൂട്ടലുകൾ തെറ്റിപ്പോകുന്നതാണ് പിൽക്കാലത്ത് കണ്ടത്. ചാരായ നിരോധനത്തോടെ വ്യാജ മദ്യമാഫിയ ശക്തമായി.കള്ളുഷാപ്പുകൾ ലേലത്തിന് എടുത്ത് അവിടെ ചാരായം വിൽക്കുക എന്നത് ഒരു നല്ല ബിസിനസായി വളർന്നു. മുക്കിലും മൂലയും അനധികൃത ചാരായം വിൽക്കുന്നവർ ഉയർന്നുവന്നു. സ്പരിറ്റ് കൊണ്ടുവന്നിരുന്ന മണിച്ചന്മാർ കോടീശ്വരന്മാരായി. പൊലീസുകാരും എക്സൈസുകാരും രാഷ്ട്രീയക്കാരും ലക്ഷങ്ങൾ പടി വാങ്ങി ഇതിന് കൂട്ടുനിന്നു. ഫലത്തിൽ ചാരായ നിരോധനം കൊണ്ട് ചാരായഷാപ്പുകൾ മാത്രമാണ് ഇല്ലാതായത്.

ഇതേ കാരണം കൊണ്ടാണ് മുമ്പ് നടപ്പാക്കിയ മദ്യ നിരോധനം അമേരിക്കയ്ക്ക് പോലും എടുത്തു കളയേണ്ടി വന്നത്. ലോകത്ത് എവിടെ സമ്പുർണ്ണ മദ്യ നിരോധനം വന്നാലും അവിടെ മാഫിയകൾ എത്തിയതാണ് ചരിത്രം. ആന്റണി സ്വപ്നം കണ്ടതുപോലെ, വീട്ടമ്മമാരുടെ കണ്ണീർ എവിടെയും തോർന്നില്ല. നൂറുരൂപക്ക് ജോലിക്ക്പോയി, 30രൂപ ഷാപ്പിൽ കൊടുത്ത് വന്നവർ, നൂറിൽ നൂറും വ്യാജമദ്യത്തിന് ചെലാവകുന്ന അവസ്ഥയെത്തി. ആ സാഹചര്യം മുതലെടുത്താണ് മണിച്ചനും അടിച്ച് കയറിയത്.

മദ്യ ദുരന്തത്തിന്റെ രസതന്ത്രം

ചാരായത്തിന് വീര്യം കുട്ടുക എന്നത് വലിയൊരു ടാസ്‌ക്കാണ്. ൻ കിട ബാറുകളിലേപ്പോലെ അല്ല പാവപ്പെട്ടവരാണ് ഇവിടുത്തെ ഉപഭോക്താക്കൾ. അവർക്ക് പെട്ടെന്ന് ലഹരി കിട്ടണം. രണ്ടു വലിക്ക് പൂസായില്ലെങ്കിൽ പിന്നെ ആളുകൾ ഇങ്ങോട്ട് എത്തില്ല. ഇതിനായി നല്ല വീര്യമുള്ള മദ്യം കൊടുക്കണം. അതിന് പല ടെക്ക്നിക്കുകളും നോക്കും. ബാറ്ററിയും, ചേരട്ടയം അടക്കവും പല ചേരുവകളും ഇതിനായി ഉണ്ട്.

ഈഥൈൽ ആൾക്കഹോൾ എന്ന രാസനാമം ഉള്ളതാണ് നാം കുടിക്കുന്ന ചാരായം. മീതൈൽ ആൾക്കഹോൾ എന്നത് വിഷച്ചാരയമാണ്. അത് കുടിക്കാൻ പാടില്ല. ഈഥൈൽ ആൾക്കഹോൾ വ്യവസായ ആവശ്യത്തിന് വൻ തോതിൽ ഉപയോഗിക്കുന്നുണ്ട്. ഇത് കുറഞ്ഞ വില നിരക്കിലാണ് കൊടുക്കുന്നത്. ഇത് കുടിയന്മാരിലേക്ക് മറിച്ച് വിൽക്കാതിരിക്കാനായി ആ ഈഥൈൽ ആൾക്കഹോളിൽ മീതൈൽ ആൾക്കഹോൾ കലർത്തി വിഷച്ചാരയമാക്കും. മെഥിലേഷൻ എന്നാണ് ഈ പക്രിയക്ക് പറയുക.

എന്നാൽ ഇത് കോയമ്പത്തൂരിൽനിന്നും മറ്റുമായി വൻ തോതിൽ അബ്ക്കാരികൾ ഇത് വ്യവസായ ശാലകളിൽനിന്ന് ബ്ലാക്കിൽ വാങ്ങിക്കൊണ്ടുവരും. എന്നിട്ട് അത് നേർപ്പിച്ച് ഉപയോഗിക്കും. പക്ഷേ ഇപ്പോഴും നേർപ്പിക്കലിന്റെ മാത്ര ശരിയാവണം. ഇല്ലെങ്കിൽ ദുരന്തം ഉണ്ടാവും. കല്ലുവാതുക്കലിൽ അടക്കം സംഭവിച്ചത് അതാണ്. പക്ഷേ താത്ത പറയുന്നത് താൻ സ്വന്തമായി ചാരായം ഉണ്ടാക്കിയിട്ടില്ല, മണിച്ചൻ തന്നത് ഉപയോഗിക്കുക മാത്രമാണ് ഉണ്ടായതെന്നാണ്.

കേരളത്തിലെ ഷാപ്പുകളിലെ ഒരു അന്തിക്കുപോലും തികയില്ല, ഇവിടെ ഉണ്ടാക്കുന്ന കള്ളയ്. അപ്പോൾ കള്ളുഷാപ്പിൽ ചാരായം വിൽക്കുക എന്നത് അന്നത്തെ ഒരു രീതിയായി. പതുക്കെ പിടിക്കുന്ന കള്ള് ആർക്കും വേണ്ടാതായി. ഉള്ളതിൽ തന്നെ പൊടി കലക്കിയുമാണ് കൊടുക്കുന്നത്. അങ്ങനെ അക്കാലത്തെ കള്ളുഷാപ്പുകൾക്ക് പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഫലത്തിൽ അത് ചാരായ ഷാപ്പു തന്നെ ആയാണ് പ്രവർത്തിച്ചത്. അബ്ക്കാരികളിൽനിന്നുള്ള പണം വാങ്ങി പൊലീസും എക്സൈസും രാഷ്ട്രീയക്കാരുമൊക്കെ ഇതിനെതിരെ കണ്ണടച്ചു. കല്ലുവാതുക്കൽ മദ്യ ദുരന്തം ഉണ്ടായപ്പോൾ മാത്രമാണ് ഈ വിഷയത്തിൽ ശക്തമായ ഇടപെടൽ ഉണ്ടായത്.


കഞ്ഞിക്കച്ചവടത്തിൽ നിന്ന് മദ്യരാജാവായി

ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ കഞ്ഞിക്കച്ചവടം നടത്തിയിരുന്ന ചന്ദ്രദാസ് എന്ന കൗമാരക്കാരനാണ് പിന്നീട് മണിച്ചനെന്ന മദ്യരാജാവായത്. ഒരുകാലത്ത് അഷ്ടിക്ക് വകയില്ലാതെ ജീവിച്ചിരുന്ന മണിച്ചന്റെ വളർച്ച ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. ഒരു ചാരായഷാപ്പിൽ ഇയാൾ തൊഴിലാളിയായതോടെയാണ് കാര്യങ്ങൾ മാറിമറയുന്നത്. പതുക്കെ, തൊഴിലാളി ആ ഷാപ്പിന്റെ ഉടമയായി. പിന്നീടങ്ങോട്ട് അതിവേഗമായിരുന്നു മണിച്ചന്റെ വളർച്ച. ഒരിക്കലും അബ്കാരി കരാറുകാരനായിരുന്നില്ല അയാൾ. എന്നാൽ തിരുവനന്തപുരത്തും കൊല്ലത്തും വിൽക്കപ്പെട്ടിരുന്ന ഓരോ തുള്ളി ചാരായത്തിലും മണിച്ചന്റെ നോട്ടമെത്തിയിരുന്നു. ഈ റേഞ്ചിലെ ഷാപ്പുകൾ ആര് ലേലത്തിനെടുക്കണം എന്നതടക്കം മണിച്ചൻ തീരുമാനിച്ച കാലം.

കൊല്ലം, തിരുവനന്തപുരം മേഖലകളിൽ എക്‌സൈസ് ഉദ്യോഗസ്ഥരായി ആര് വരണമെന്ന് തീരുമാനിക്കുന്നത് വരെ മണിച്ചനാണെന്നായിരുന്നു കിംവദന്തി. ഇതിനുപുറമേ ഉദ്യോഗസ്ഥർക്ക് നൽകുന്ന മാസപ്പടിയുടെ കണക്കുകൾ അടങ്ങിയ ഡയറിയും ഇയാളിൽനിന്ന് കണ്ടെടുത്തിരുന്നു. അതുകൊണ്ടുതന്നെ ആദ്യഘട്ടത്തിൽ തരെ ദുർബലമായിരുന്നു മണിച്ചെനെതിരായ അന്വേഷണം. പിന്നീട് സിബി മാത്യൂസ് ഈ കേസ് അന്വേഷണം ഏറ്റെടുത്തതോടെയാണ് കാര്യങ്ങൾ വേഗയിൽ ആയത്.

ഉദ്യോഗസ്ഥരെ പോലും ഞെട്ടിക്കുന്നവിധത്തിലായിരുന്നു മണിച്ചന്റെ രഹസ്യകേന്ദ്രങ്ങളിലെ സംവിധാനങ്ങൾ. കല്ലുവാതുക്കൽ മദ്യദുരന്തത്തിന് പിന്നാലെ ഈ ഹൈടെക്ക് സംവിധാനങ്ങൾ സിബി മാത്യൂസിന്റെ അന്വേഷണത്തിൽ ഒന്നൊന്നായി പുറംലോകമറിഞ്ഞു.

ചാരായ നിരോധനത്തിന് പിന്നാലെയാണ് മണിച്ചന്റെ ബിസിനസ് സാമ്രാജ്യം അതിവേഗം വളർന്നത്. ആറ്റിങ്ങലിലെ 'ഉഷസ്' എന്ന വീട് കേന്ദ്രീകരിച്ച് തെക്കൻ കേരളത്തിലെ അങ്ങോളമിങ്ങോളം സ്പിരിറ്റൊഴുകി. വീട്ടിലും ചിറയിൻകീഴിലെ ഹോളോബ്രിക്‌സ് ഫാക്ടറിയിലുമാണ് വൻതോതിൽ സ്പിരിറ്റ് സംഭരിച്ചിരുന്നത്. ഹോളോബ്രിക്‌സ് ഫാക്ടറിയിലെ ഭൂഗർഭ അറയിൽനിന്ന് ഏകദേശം 90000 ലിറ്റർ സ്പിരിറ്റാണ് എക്‌സൈസ് അന്ന് പിടിച്ചെടുത്തത്. അയൽവാസി അറിയാതെ അദ്ദേഹത്തിന്റെ പുരയിടവും കൈയേറിയായിരുന്നു മണിച്ചൻ ഭൂഗർഭ അറ നിർമ്മിച്ചിരുന്നത്. ഇവിടെ വെള്ളം സൂക്ഷിക്കാൻ നിർമ്മിച്ച വലിയ വാട്ടർടാങ്കുകളിലും സ്പിരിറ്റ് സംഭരിച്ചു. ഇതിനെല്ലാം പുറമേ കടവിളയിലെ മണിച്ചന്റെ ഗോഡൗണിലും അന്ന് ഭൂഗർഭ അറകൾ കണ്ടെത്തിയിരുന്നു.

മദ്യമുതലാളിയായി വളർന്നെങ്കിലും മണിച്ചൻ വന്നവഴി മറന്നിരുന്നില്ല. സ്പിരിറ്റ് കടത്തിലൂടെ കോടികൾ സമ്പാദിച്ചിട്ടും ആദ്യം ഉടമസ്ഥത വഹിച്ച ചാരായ ഷാപ്പ് അയാൾ സംരക്ഷിച്ചുപോന്നു. ഇതിനോട് ചേർന്ന് പിന്നീട് ഒരു ക്ഷേത്രവും നിർമ്മിച്ചു. ദാനശീലനായ മണിച്ചൻ മുതലാളി നാട്ടുകാർക്കും പ്രിയപ്പെട്ടവനായി. ഇതിനിടയിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സി.ബി മാത്യൂസിനെ കൊലചെയ്യാൻ പദ്ധതിയിട്ടതിനു മണിച്ചന് നാലുവർഷം ശിക്ഷവിധിച്ചിരുന്നു.


ഇനി കൃഷിയും കട നടത്തലും

2002 ജൂണിൽ ശിക്ഷാവിധി കേട്ട് കോടതിയിൽനിന്ന് മടങ്ങുമ്പോൾ തന്റെ കൈയിൽ ഇനി പണമൊന്നും ഇല്ലെന്നായിരുന്നു മണിച്ചന്റെ വാക്കുകൾ. പിന്നീട് സുപ്രീംകോടതിയിൽ കേസ് നടക്കുമ്പോൾ മണിച്ചനു മാനസാന്തരം വന്നുവെന്നും അദ്ദേഹം ഇനി മദ്യകച്ചവടം നടത്തില്ലെന്നും വക്കീൽ വ്യക്തമാക്കുകയും ചെയ്തു. ഇനി ജയിൽ മോചിതനയാതോടെ കൃഷിപ്പണിയിലേക്ക് കടക്കാനും തന്റെ കട നോക്കാനുമാണ് മണിച്ചന്റെ തീരുമാനം.

22 വർഷത്തെ ജയിൽ ജീവിതം അവസാനിപ്പിച്ച് മണിച്ചൻ നെട്ടുകാൽത്തേരി തുറന്ന ജയിലിൽനിന്ന് പുറത്തിറങ്ങുന്നത് മികച്ച കർഷകനായാണ്. ജീവപര്യന്തം തടവിന് ശിക്ഷിച്ച മണിച്ചൻ പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് 2011 മെയ്‌ 22 നാണ് നെട്ടുകാൽത്തേരിയിലെ തുറന്ന ജയിലിൽ എത്തിയത്. 2643ാം നമ്പർ കുപ്പായത്തിൽ തുറന്ന ജയിലിൽ എത്തിയ മണിച്ചൻ ചുരുങ്ങിയ കാലംകൊണ്ട് കൃഷിപ്പണിയിൽ തൽപരനായി. വാഴ, മരച്ചീനി, ഇഞ്ചി, മഞ്ഞൾ, പച്ചക്കറികൾ എന്നിവയെല്ലാം കൃഷി ചെയ്തു. 11 വർഷത്തെ തുറന്ന ജയിലിലെ ജീവിതം മണിച്ചനെ മികച്ച കർഷകനാക്കി.

ജയിൽ അന്തേവാസികളിൽ മണിച്ചന്റെ നേതൃത്വത്തിൽ പത്ത് ഏക്കർ സ്ഥലത്താണ് വിവിധതരം കൃഷികൾ ചെയ്യുന്നത്. മണിച്ചനൊപ്പം ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കുന്ന ഏഴു പേർകൂടി കൃഷിയിൽ സഹായിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഡ്രാഗൺ ഫ്രൂട്ടും കോളിഫ്‌ളവറുമാണ് മണിച്ചൻ കൃഷി ചെയ്യുന്നത്. പ്രതിദിനം 230 രൂപയാണ് മണിച്ചൻ സമ്പാദിക്കുന്നത്. പ്രതിമാസം 6900 രൂപ കൂലിയിനത്തിൽ ലഭിക്കും. ഇതിൽ ഒരു വിഹിതം കുടുംബത്തിനായി മാറ്റിവെയ്ക്കും. ഒരു വിഹിതം കാന്റീൻ വിഹിതമാണ്. മണിച്ചന് ഇപ്പോൾ 65 വയസ്സായി. ജയിൽമോചനത്തിന് വഴിതുറന്ന കാര്യം വാർത്തകളിലൂടെയാണ് മണിച്ചനറിയുന്നത്.
നേരത്തെ മണിച്ചന്റെ ഭാര്യ ഉഷ ജയിൽ മോചിതൻ ആയിരുന്നു. ''മണിച്ചൻ അന്നും ഇന്നും എന്നും ഈ കേസിൽ നിരപരാധിയാണ്. എങ്ങനെയാണ് മദ്യദുരന്ത കേസിൽ പ്രതിയായതെന്ന് ആർക്കും അറിയില്ല'' എന്നാണ് ഉഷപറയുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് മണിച്ചന്റെ മോചനത്തിനായി ഭാര്യ ഉഷ സുപ്രീം കോടതിയെ സമീപിച്ചത്. മണിച്ചൻ താമസിച്ചിരുന്ന പട്ടരുമഠം എന്ന വീട് വില്പന നികുതിയുമായി ബന്ധപ്പെട്ട കേസിൽ ജപ്തി നടപടി നേരിടുന്നതിനാൽ അടച്ചിട്ടിരിക്കുകയാണ്. സഹോദരി കുഞ്ഞുമോളുടെ പൂവൻവിളാകം എന്ന വീട്ടിലാണ് മണിച്ചന്റെ ഭാര്യ ഉഷയും മകൻ പ്രവീണും താമസിക്കുന്നത്. മകൾ റാണി കരുനാഗപ്പള്ളിയിലുള്ള ഭർത്താവിന്റെ വീട്ടിലും. ജയിൽ മോചിതനാകുമ്പോൾ ആറ്റിങ്ങൽ സ്വകാര്യ ബസ്സ്റ്റാൻഡിന് സമീപമുള്ള തന്റെ പഴക്കട നോക്കി നടത്താനാകും പപ്പ സമയം കണ്ടെത്തുകയെന്ന് മകൻ പ്രവീൺ പറഞ്ഞു. നെട്ടുക്കാൽത്തേരി തുറന്ന ജയിലിൽ നിന്ന് പരോളിലിറങ്ങിയപ്പോഴും മണിച്ചൻ മദ്യത്തിന് പകരം വിവിധതരം പഴം ജ്യൂസുകൾ ഇതേകടയിൽ ജോലിനോക്കിയത്.

പക്ഷേ അന്നും ഇന്നും മണിച്ചൻ ഉറപ്പിച്ച് പറയുന്ന മറ്റൊരുകാര്യമുണ്ട്. 'ഞാൻ വിറ്റ മദ്യത്തിൽ വിഷം ഉണ്ടായിരുന്നെങ്കിൽ പതിനായിരത്തിലേറെ പേർ ഒറ്റ ദിവസം തന്നെ മരിക്കുമായിരുന്നു.. കാരണം അത്രയേറെ കള്ള് ഷാപ്പുകൾ എനിക്കുണ്ടായിരുന്നു. ' ഇപ്പോൾ എനിക്കാരോടും പ്രതികാരമോ, വിദ്വേഷമോ ഇല്ല. ചതിച്ചവർക്ക് അതിന്റെ ശിക്ഷ ലഭിക്കുന്നുണ്ട്''. മുൻ ഡിജിപി ടി പി സെൻകുമാറിന്റെ ആത്മകഥയിലും സമാനമായ കാര്യങ്ങൾ പറയുന്നുണ്ട്.


സിനിമയെ വെല്ലുന്ന താത്തയുടെ കഥ

അതുപോലെ തന്നെ മണിച്ചന്റെ കൂട്ടുപ്രതിയായ ഹൈറുന്നീസ എന്ന കവറുത്താത്ത എന്നപേരിൽ അറിയപ്പെട്ടിരുന്ന കല്ലുവാതുക്കൽ താത്തയുടെ ജീവിതവും സിനിമയെ വെല്ലുന്നതാണ്. മദ്യ വിൽപ്പനയിലുടെ താത്തയും ലക്ഷങ്ങളാണ് ഉണ്ടാക്കിയത്. പൊലീസ് കയറാതിരിക്കാൻ രണ്ടരയാൾ പൊക്കത്തിൽ മതിൽ കെട്ടിയ, ഔട്ട്ഹൗസും എസിയും എല്ലാ സൗകര്യങ്ങളുമുള്ള ഇരുനിലവീട്ടിലാണ് ഇവർ ചാരായക്കളച്ചവടം നടത്തിയിരുന്നത്. സ്റ്റേഷനിൽനിന്നു പൊലീസുകാർക്കു പാഞ്ഞെത്താൻ മാത്രം ദൂരമുള്ള ആ വീട്ടിലായിരുന്നു കച്ചവടം. പരസ്യമായ രഹസ്യം തന്നെ. ഉദ്യോഗസ്ഥരടക്കം പലരും കാശുവാങ്ങി കണ്ണടച്ചു.

നാട്ടിലെ സമ്പന്നയായിരുന്നു താത്ത. സ്വത്തുക്കളും വാഹനങ്ങളും അനവധി. രാഷ്ട്രീയക്കാരുമായും അടുത്ത ബന്ധമെന്ന് ആരോപണം. പരവൂർ സ്വദേശിയായ അവർ ദുരന്തമുണ്ടാകുന്നതിനും രണ്ടു പതിറ്റാണ്ടുമുൻപാണ് ഭർത്താവ് രാജനൊപ്പം കല്ലുവാതുക്കലിൽ എത്തുന്നത്. പരവൂരിൽ ഹോട്ടൽ നടത്തിയ പരിചയം മാത്രമായിരുന്നു കൈമുതൽ. പിന്നീട് വീട്ടിൽ മദ്യക്കച്ചവടം തുടങ്ങിയതു നാട്ടുകാരും അറിഞ്ഞു. കുറഞ്ഞ വിലയ്ക്കു മദ്യം കിട്ടുമെന്നതിനാൽ, കൂലിപ്പണിക്കാരും മറ്റും ഇവിടേക്കൊഴുകി. സമീപത്തെ പാറക്വാറിയിൽ ജോലിചെയ്യുന്നവർക്ക് അൽപം ലഹരി വേണമായിരുന്നു, അത്യധ്വാനം ചെയ്യാൻ. ഇതു ഹയറുന്നിസയുടെ വളർച്ചയ്ക്കു വളമായി. ബസുകളും സമാന്തരസർവീസ് നടത്തുന്ന വണ്ടികളും അടക്കം ഒട്ടേറെ വാഹനങ്ങളും വീടുകളും അവർ വാങ്ങിക്കൂട്ടി. നിറം പിടിപ്പിച്ച പല കഥകളും അന്ന് താത്തയെക്കുറിച്ച് പ്രചരിച്ചു. പ്രദേശത്തെ ഒരു ലേഡി ഡോൺ ആയിപ്പോലും അവർ അറിയപ്പെട്ടു.

ഹയറുന്നീസയുടെ വീട്ടിൽ എക്സൈസ് സംഘം പരിശോധന നടത്താറുണ്ടായിരുന്നു. പക്ഷേ, തൊണ്ടിമുതൽ കിട്ടാറില്ല. പരിശോധനയ്ക്ക് ആളെത്തുന്നു എന്നറിഞ്ഞാലുടൻ വീട്ടിൽ സൂക്ഷിച്ച മദ്യം ശുചിമുറിയിൽ ഒഴുക്കിക്കളയുകയായിരുന്നു പതിവ്. പിന്നീട് റോഡിൽനിന്നു വീട്ടിലേക്കുള്ള ചെറുവഴിയിൽ ആർക്കും കയറാൻ പറ്റാത്തത്ര പൊക്കത്തിൽ മതിൽ കെട്ടി. ഗേറ്റിനും ഉണ്ടായിരുന്നു പ്രത്യേകതകൾ. മുഴുവൻ മറഞ്ഞ നീല ഗേറ്റ്. അകത്തുനിന്ന് ഇരുമ്പു തകിടു നീക്കിയാൽ മാത്രം കാണാവുന്ന ചെറുദ്വാരം. അതിലൂടെ നോക്കിയാണ് പുറത്തുള്ള ആളെ തിരിച്ചറിഞ്ഞിരുന്നത്. ഗേറ്റിനു താഴ്‌വശത്ത് ചെറിയ അഴികളുണ്ട്. പരിശോധനയ്ക്കു വരുന്നവർ പൊലീസുകാരാണോ എന്നറിയാൻ ഷൂസ് കാണാനാണ് ആ അഴികൾ സ്ഥാപിച്ചിരുന്നത്രെ. ടാങ്കിൽ ശേഖരിച്ച മദ്യമെടുക്കാനായി ടാപ്പുകളും വീട്ടിലുണ്ടായിരുന്നു. ഒഴിഞ്ഞ കന്നാസുകൾ കഴുകി വൃത്തിയാക്കി വഴിയരികിൽ ഉപേക്ഷിക്കുമായിരുന്നു. വീടിനുള്ളിൽ കന്നാസുകളുടെ ശേഖരം ഒഴിവാക്കാൻ കണ്ടുപിടിച്ച മാർഗമായിരുന്നു ഇത്. ദുരന്തമുണ്ടായശേഷം ഹയറുന്നിസയും രാജനും ഒളിവിൽപോയി. ആ വീട്ടിൽനിന്നു പൊലീസിനു തെളിവുകളൊന്നും കിട്ടിയില്ല. വീടാകെ കഴുകിത്തുടച്ചു വൃത്തിയാക്കിയിരുന്നു. പക്ഷേ, എവിടെനിന്നാണു മദ്യം കഴിച്ചതെന്ന ആളുകളുടെ മരണമൊഴി അവർക്കെതിരെ നിർണായക തെളിവായി.

ഒടുവിൽ കേസിൽ അറസ്റ്റിലായി, ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട ഹയറുന്നിസ കരൾ രോഗത്തോടും ജയിൽജീവിതത്തിലെ ദുരിതത്തോടും മല്ലടിച്ച് 2009 ൽ മരിച്ചു. അവർ ചെയ്തതിനെല്ലാം അവർ അനുഭവിച്ചുവെന്നാണ് നാട്ടുകാർ പറയുന്നത്. അവസാനകാലത്തെങ്കിലും വീട്ടിലെത്തണമെന്ന ആഗ്രഹം സാധിക്കാതെയാണ് അവരുടെ മരണം. ജയിലിൽ കഴിയുമ്പോഴാണു രോഗം തിരിച്ചറിയുന്നത്. പിന്നീട് മൂർച്ഛിച്ചു. കിടന്നാൽ പരസഹായമില്ലാതെ എഴുന്നേൽക്കാൻ പോലും കഴിയുമായിരുന്നില്ല. മകൾ മാത്രം കൂട്ട്. സർക്കാർ മികച്ച ചികിത്സയും പരിചരണവും അവർക്കു നൽകിയിരുന്നു.

സ്വന്തം വീട്ടിൽ കിടന്നു മരിക്കണമെന്നായിരുന്നു അവസാന ആഗ്രഹം. ജയിൽ മെഡിക്കൽ ബോർഡിന്റെ ശുപാർശ ലഭിച്ചാൽ അതു സാധിക്കുമെന്ന വിശ്വാസത്തിലുമായിരുന്നു. ബോർഡിന് അപേക്ഷ നൽകി കാത്തിരുന്നെങ്കിലും അതിനുമുൻപേ മരണമെത്തി. പരോൾ കഴിഞ്ഞ് തിരികെ ജയിലിലെത്തി, ആശുപത്രിയിലായിരുന്നു മരണം. കേസ് നടത്താനായി വീടുകളും വാഹനങ്ങളും നഷ്ടപ്പെട്ടു. ആഡംബരജീവിതത്തിൽനിന്നു ദുരിതങ്ങളിലേക്കു വീണ അനിവാര്യമായ വിധി.

കല്ലുവാതുക്കലിൽ ഹയറുന്നിസയുടെ വീട് ഇന്നുമുണ്ട്. റോഡിനോടു ചേർന്നു കഷ്ടിച്ചു രണ്ടുപേർക്കു കടന്നുപോകാവുന്ന ചെറു ഇടനാഴി. ഇടനാഴി അവസാനിക്കുന്നത് പഴയതുപോലെ രണ്ടരയാൾ പൊക്കത്തിലുള്ള ഇടുങ്ങിയ മതിലിലെ ഗേറ്റിനുമുൻപിൽ. അവിടെ പക്ഷേ പഴയതുപോലെ കാവൽക്കാരില്ല. ഗേറ്റ് പാടെ പൊളിഞ്ഞിളകിയിട്ടുണ്ട്. മുറ്റം കാണാം. മതിലിലെ കോളിങ് ബെൽ തകർന്ന നിലയിലാണ്. വീടിന്റെ ഔട്ട്ഹൗസ് തകർന്ന് ഉപയോഗശൂന്യമായി കിടക്കുന്നു. ചായം മങ്ങിയ വീട് പഴയതുപോലെതന്നെ. ഇപ്പോൾ അവിടെ ഹയറുന്നിസയുടെ മകൾ ഷീബയും കുടുംബവുമാണു താമസം.


അത് പടിയല്ല, പാർട്ടി ഫണ്ട്!

ഇതിനെല്ലാം പുറമെ വൻതോതിലുള്ള രാഷ്ട്രീയ വിവാദങ്ങൾക്കും ഈ കേസ് വഴിവെച്ചു. ഇന്ന് കാണുന്നപോലെ ക്ലിപ്പുകളും കോൾറിക്കാർഡുകളും ഒന്നും അന്നുണ്ടായിരുന്നില്ല. മാധ്യമങ്ങൾക്ക് വേണ്ടിയിരുന്നത് ഒരു ഡയറി ആയിരുന്നു. രാഷ്ട്രീയനേതാക്കൾക്ക് താൻ പണം കൊടുത്തതിന്റെ വിവരങ്ങൾ അടങ്ങുന്ന മണിച്ചന്റെ മാസപ്പടി ഡയറിയായിരുന്നു അത്.

അന്നത്തെ പത്രവാർത്തകൾ പ്രകാരം, കടകംപള്ളി സുരേന്ദ്രന് 60,000 രൂപയും, പല പ്രാവശ്യങ്ങളിലായി ഭാർഗവി തങ്കപ്പന് 3,30,000 രൂപയും, സത്യനേശന് ആകെ 3,37,000 രൂപയും മണിച്ചൻ നൽകിയിട്ടുണ്ടെന്ന് രേഖയിൽ പറയുന്നു.പേരൂർക്കട സദാശിവന് 1,00,000 രൂപയും, എംഎ ഷാനവാസിന് 50,000 രൂപയും, കോലിയക്കോട് കൃഷ്ണൻ നായർക്ക് 30,000, മുളാക്കൽ ശ്രീധരന് 2000 രൂപയും, അജിത് എന്നയാൾക്ക് 75,000 രൂപയും മണിച്ചൻ നൽകിയിട്ടുണ്ടെന്നും രേഖയിൽ വ്യക്തമാക്കുന്നുണ്ട്. ഇതിൽ ഷാനവാസ് മാത്രമാണ് കോൺഗ്രസ് നേതാവായി ഉണ്ടായിരുന്നു. ബാക്കിയുള്ളവർ സിപിഎം- സിപിഐ നേതാക്കളാണ്.

ഇൻകം ടാക്‌സ് അധികൃതർ മണിച്ചനിൽ നിന്നും പിടിച്ചെടുത്ത രേഖകളിൽ ഇവയെല്ലാം വിവരിച്ചതായി വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. ഇക്കാര്യം ഈയിടെ സാമൂഹിക പ്രവർത്തകനായ സി ആർ നീലകണ്ഠൻ ആവർത്തിച്ചിരുന്നു. ഇതിൽ ഭാർഗവി തങ്കപ്പനേയും കടകംപള്ളി സുരേന്ദ്രനേയുമാണ് പൊതു പ്രവർത്തകരായി അവതരിപ്പിച്ചിട്ടുള്ളതെന്നും സി ആർ നീലകണ്ഠൻ പറത്തുവിട്ട രേഖയിൽ പറയുന്നു.

മാസപ്പടി കേസിൽ 20 പ്രതികളുണ്ടായിരുന്നു. അന്ന് ബിജെപി അത്ര ശക്തമല്ലാത്തതുകൊണ്ടാവണം ബിജെപി നേതാക്കളുടെ പേര് ഡയറിൽ ഉണ്ടായിരുന്നില്ല. പക്ഷേ പിന്നീട് അതിലും വിവാദമായത് അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടിറി പി ശശി മണിച്ചനിൽനിന്ന് കൈക്കൂലിവാങ്ങിയെന്ന് ഒരു പത്രത്തിൽ അടിച്ചുവന്ന വാർത്തയാണ്. ഇതിനെതിരെ പി ശശി മാനനഷ്ടത്തിന് കേസ് കൊടുത്തു. ശശിക്ക് അനുകൂലമായാണ് വിധി വന്നത്. ഇന്ന് സ്വർണ്ണക്കടത്ത് വിവാദം ഉണ്ടാകുമ്പോൾ, ഇടക്ക് സിപിഎമ്മിൽനിന്ന് സ്ത്രീവിഷയത്തിൽ പുറത്തായ പി ശശി വീണ്ടും മുഖ്യമന്ത്രിയുടെ പൊളിറ്റക്കൽ സെക്രട്ടറിയായി ഉണ്ട് എന്നോർക്കണം. ഇതുമൂലം രാഷ്ട്രീയമായി ഏറ്റവും വലിയ തിരിച്ചടിയുണ്ടായത് ടി ശിവദാസമേനോനാണ്. മേനോന്റെ പാലക്കാട്ടെ ചില ബന്ധുക്കൾക്ക് മദ്യമാഫിയയുമായി ബന്ധമുണ്ടെന്നുവരെ പ്രതിപക്ഷം ആരോപിച്ചു. ചില മാധ്യമങ്ങൾ അത് കത്തിച്ചു. നായനാരുടെ മകന്റെ പേരിലും ബന്ധുക്കളുടെ പേരിലും സമാനമായ ആരോപണം ഉണ്ടായി.

കല്ലുവാതുക്കൽ മദ്യദുരന്തത്തെക്കുറിച്ച് അന്വേഷിച്ച വി.പി.മോഹൻ കുമാർ കമ്മിഷന്റെ റിപ്പോർട്ടിൽ ചില രാഷ്ട്രീയ നേതാക്കൾ പദവി ദുരുപയോഗപ്പെടുത്തി വ്യാജമദ്യക്കച്ചവടത്തിന് ഒത്താശ ചെയ്തു എന്നായിരുന്നു കണ്ടെത്തൽ. 20 പേരിൽ മൂന്നു പേരൊഴികെ ബാക്കിയെല്ലാ നേതാക്കളും മണിച്ചനിൽനിന്ന് പണം വാങ്ങിയതായി കമ്മിഷനോട് സമ്മതിച്ചു. പാർട്ടി ഫണ്ടായാണ് പണം വാങ്ങിയതെന്നാണ് അവർ പറഞ്ഞത്. തിരഞ്ഞെടുപ്പിനായാണ് പണം വാങ്ങിയതെന്ന വാദം യുക്തിപരമല്ലെന്ന് കമ്മിഷൻ നിരീക്ഷിച്ചു.

നേതാക്കൾക്കെതിരെ നടപടിക്കു കമ്മിഷൻ ശുപാർശ ചെയ്തെങ്കിലും ഒന്നും സംഭവിച്ചില്ല. റിപ്പോർട്ടിൽ പരാമർശിച്ച രാഷ്ട്രീയ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ വിജിലൻസ് അന്വേഷണം നടത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചെങ്കിലും അന്വേഷണം പാതിവഴിയിൽ അവസാനിച്ചു. മണിച്ചനിൽനിന്ന് പാർട്ടി നേതാക്കൾ കോടികൾ വാങ്ങിയെന്നായിരുന്നു സിപിഎം ചുമതലപ്പെടുത്തിയ കമ്മിഷന്റെയും കണ്ടെത്തൽ. പിരപ്പൻകോട് മുരളി കൺവീനറായ കമ്മിറ്റിയാണ് ഇക്കാര്യം പരിശോധിച്ചത്. പിബി നിർദ്ദേശപ്രകാരമായിരുന്നു അന്വേഷണം. പക്ഷേ ജില്ലാ സെക്രട്ടറിയായിരുന്ന എം.സത്യനേശനെ പുറത്താക്കിയതിൽ നടപടി ഒതുങ്ങി. പാർട്ടിഫണ്ടിലേക്കാണ് പണം വാങ്ങിയത് എന്ന് പറഞ്ഞാണ് കടകംപള്ളി രക്ഷപ്പെട്ടത് എന്നാണ് സിപിഎമ്മിലെ ഒരു വിഭാഗം പറയുന്നത്. എന്നാൽ സത്യനേശൻ സ്വകാര്യ ആവശ്യത്തിനാണത്രേ പണം വാങ്ങിയത്. സിപിഐ ഭാർഗവി തങ്കപ്പനെയും പുറത്താക്കി. അങ്ങനെ കേരളത്തെ ഞെട്ടിച്ച മാസപ്പടിക്കേസ് ഒന്നുമല്ലാതായി.

ഇപ്പോൾ മണിച്ചൻ തന്റെ 65ാം വയസ്സിൽ പുറത്തിറങ്ങുയാണ്. എൽഡിഎഫ് സർക്കാർ ഭരിച്ചപ്പോൾ സംഭവിച്ച വിഷമദ്യക്കേസിലെ പ്രതിയാണ് കാലങ്ങൾക്കു ശേഷം എൽഡിഎഫ് സർക്കാരിന്റെതന്നെ ശുപാർശയിൽ ജയിലിനു പുറത്തിറങ്ങുന്നത്. ഇനി സ്വസ്ഥമായി ജീവിക്കണം എന്ന് പറയുന്ന മണിച്ചൻ, താൻ ആർക്കൊക്കെയാണ് പടി കൊടുത്തത് എന്ന് ഇനി വെളിപ്പെടുത്താൻ ഒരു സാധ്യതയുമില്ല. എന്നാലും കേരള രാഷ്ട്രീയ എത്രമാത്രം മലീമസമായി എന്നതിന്റെ ലിറ്റ്മസ് ടെസ്റ്റുകൂടിയായിരുന്നു ഈ മാസപ്പടി വിവാദം.

വാൽക്ഷ്ണം: രാഷ്ട്രീയക്കാർ പ്രതിയാവുന്ന കേസുകളിൽ ഒന്നും കേരളത്തിൽ പൊതുവെ യാതൊരു വാലും തുമ്പും ഉണ്ടാവാറില്ല. ഐസ്‌ക്രീം പാർലർ, സൂര്യനെല്ലി തൊട്ട് ഉദാഹരണങ്ങൾ എത്രവേണമെങ്കിലും ഉണ്ട്. ബാലകൃഷ്ണ പിള്ളയല്ലാതെ എത്ര ശിക്ഷക്കപ്പെട്ട നേതാക്കൾ നമുക്കുണ്ട്. ഒരു സംശയവും വേണ്ട കറൻസിക്കടത്തും, ബിരിയാണിചെമ്പ് വിവാദവും ഇതുപോലെ ഒന്നും അല്ലാതാവും. സ്പിരിറ്റ് പച്ചവെള്ളമായതുപോലെ, മാസപ്പടി പാർട്ടി ഫണ്ട് അയതുപോലെ, കോടതിയിൽ എത്തുമ്പോൾ കേസ് ആവിയാവും. അതാണ് ഖേരളം!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP