Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കണ്ണൂരിലെ പരിപാടികൾ കഴിഞ്ഞ് കറുപ്പിന് വിലക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ചു; പിന്നാലെ വിമാനത്തിൽ കയറിയ യൂത്ത് കോൺഗ്രസുകാരെ വിലക്കേണ്ടെന്ന് പറഞ്ഞും മുഖ്യമന്ത്രി തന്നെ; പണി പാളിയപ്പോൾ 'പ്രതിഷേധം, പ്രതിഷേധം' മുദ്രാവാക്യത്തിൽ വധശ്രമത്തിന് കേസെടുത്തു മൈലേജ് ഉണ്ടാക്കാനും ശ്രമം

കണ്ണൂരിലെ പരിപാടികൾ കഴിഞ്ഞ് കറുപ്പിന് വിലക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ചു; പിന്നാലെ വിമാനത്തിൽ കയറിയ യൂത്ത് കോൺഗ്രസുകാരെ വിലക്കേണ്ടെന്ന് പറഞ്ഞും മുഖ്യമന്ത്രി തന്നെ; പണി പാളിയപ്പോൾ 'പ്രതിഷേധം, പ്രതിഷേധം' മുദ്രാവാക്യത്തിൽ വധശ്രമത്തിന് കേസെടുത്തു മൈലേജ് ഉണ്ടാക്കാനും ശ്രമം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ തുടർച്ചയായ പൊതു പരിപാടികൾക്ക് ശേഷമാണ് കണ്ണൂരിൽ നിന്നും വിമാനത്തിൽ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്. ഈ വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്ത വേളയിലാണ് പ്രതിഷേധം അരങ്ങേറിയതും. യൂത്ത് കോൺഗ്രസുകാർ വിമാനത്തിൽ യാത്ര ചെയ്യുന്നുണ്ടെന്ന വിവരം മുഖ്യമന്ത്രിക്കും അറിവുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

കണ്ണൂരിൽ വെച്ച് എല്ലാ പരിപാടികളും തീർന്നപ്പോഴാണ് കറുപ്പിന് വിലക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇതിന് ശേഷമാണ് കറുത്തു ഷർട്ടു ധരിച്ച യൂത്ത് കോൺഗ്രസുകാർ അടക്കമുള്ളവർക്കൊപ്പം ഒരേ വിമാനത്തിൽ പിണറായി യാത്രതിരിച്ചത. കണ്ണൂരിൽനിന്നു പുറപ്പെട്ട വിമാനത്തിൽ കയറിപ്പറ്റിയ യൂത്ത് കോൺഗ്രസുകാരെ വിലക്കേണ്ടതില്ലെന്നു മുഖ്യമന്ത്രി തന്നെ നിർദേശിച്ചതായി പൊലീസ് നൽകുന്ന വിവരം.

സംശയകരമായ നിലയിൽ ടിക്കറ്റെടുത്ത് 3 പേർ കയറിയ കാര്യം വിമാനത്താവള അധികൃതരും സുരക്ഷാ ചുമതല ഉള്ളവരും മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്തു ചെയ്യണമെന്നു ചോദിക്കുകയും ചെയ്തു. എന്നാൽ ആർസിസിയിൽ പോകാനായി ടിക്കറ്റെടുത്തു യാത്ര ചെയ്യുന്നവരെ തടയേണ്ട കാര്യമില്ലെന്നാണു മുഖ്യമന്ത്രിയും അഭിപ്രായപ്പെട്ടത്. വിമാനത്തിനുള്ളിൽ ഒന്നും സംഭവിക്കാൻ പോകുന്നില്ലല്ലോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തെക്കുറിച്ച് ആരാഞ്ഞ നേതാക്കളോടാണു മുഖ്യമന്ത്രി ഇക്കാര്യം പങ്കുവച്ചത്.

അതേസമയം അപ്രതീക്ഷിത പ്രതിഷേധം ഉണ്ടായപ്പോൾ മുഖ്യമന്ത്രിയും എൽഡിഎഫും അത് മുതലെടുക്കാനും ശ്രമം തുടങ്ങി. മുദ്രാവാക്യം വിളി വധശ്രമമായി കണ്ടാണ് കേസെടുത്തതത്. ഇത് വീണു കിട്ടിയ അവസരം മുതലെടുക്കാനും ശ്രമം നടത്തുകയായിരുന്നു. അതേസമയം ഇ.പി. ജയരാജനും മുഖ്യമന്ത്രിയുടെ സ്റ്റാഫും ആക്രമിച്ചുവെന്നാണ് യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ പറയുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദും, നവീൻ കുമാറും സ്വകാര്യ ആവശ്യത്തിന് വിമാനത്തിൽ യാത്ര ചെയ്യവെ ഇവരെ ഇ.പി. ജയരാജൻ ദേഹോപദ്രവം ഏൽപ്പിച്ചെന്നാണ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് നൽകിയ പരാതിയിൽ ആരോപിക്കുന്നു.

ഇ.പി. ജയരാജൻ കഴുത്തിന് കുത്തിപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. മാത്രമല്ല ഫർസീനും മജീദിനുമെതിരെ കളവായ വിവരങ്ങൾ ചേർത്ത് രജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടികൾ നിർത്തിവെക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ഇ.പി. ജയരാജനെതിരെ യാത്രാ നിരോധനം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഏവിയേഷൻ അഥോറിറ്റിക്ക് പരാതി നൽകാനും യൂത്ത് കോൺഗ്രസ് പദ്ധതിയിടുന്നുണ്ട്. ഇക്കാര്യം ഷാഫി പറമ്പിൽ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് ഇ.പി. ജയരാജനെതിരെ ഡിജിപിക്ക് പരാതി നൽകിയ വിവരങ്ങൾ പുറത്തുവന്നത്.

വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയ സമയത്ത് ഈ വിമാനത്തിലെ മറ്റൊരു യാത്രക്കാരനായ ഇ.പി.ജയരാജൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അടിക്കുകയും കഴുത്തിൽ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും ശക്തിയായി പിടിച്ചുതള്ളി വിമാനത്തിന്റെ സീറ്റിലേക്കും തുടർന്ന് പ്ലാറ്റ്‌ഫോമിലേക്കും തലയടിച്ച് വീണ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസിൻ മജീദ്, നവീൻ കുമാർ എന്നിവരുടെ തലയ്ക്കും കഴുത്തിനും നെഞ്ചിനും പരുക്കേറ്റുവെന്നും യൂത്ത് കോൺഗ്രസിന്റെ പരാതിയിൽ പറയുന്നു.

ഗുരുതര കുറ്റകൃത്യം ചെയ്ത ജയരാജനെതിരെ പരാതി നൽകിയെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചില്ലെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ ആരോപിക്കുന്നു. ജയരാജനെതിരെ നിയമനടപടി സ്വീകരിക്കാത്തത് കൃത്യവിലോപവും നിയമവിരുദ്ധവുമാണന്നും പരാതിയിൽ സൂചിപ്പിക്കുന്നു. യഥാർഥ കുറ്റവാളികളെ സംരക്ഷിച്ച് നിരപരാധികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഗുരുതര കുറ്റകൃത്യങ്ങൾ കളവായി ആരോപിച്ച് കേസെടുത്തിരിക്കുകയാണെന്നും പരാതിയിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP