Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തകർത്തടിച്ച് ഗെയ്ക്വാദും കിഷനും; പ്രോട്ടീസ് നിരയെ എറിഞ്ഞിട്ട് ഹർഷലും ചാഹലും; നിർണായക മൂന്നാം ട്വന്റി 20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കി ഇന്ത്യ; 48 റൺസിന്റെ അവിസ്മരണീയ ജയം

തകർത്തടിച്ച് ഗെയ്ക്വാദും കിഷനും; പ്രോട്ടീസ് നിരയെ എറിഞ്ഞിട്ട് ഹർഷലും ചാഹലും; നിർണായക മൂന്നാം ട്വന്റി 20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കി ഇന്ത്യ; 48 റൺസിന്റെ അവിസ്മരണീയ ജയം

സ്പോർട്സ് ഡെസ്ക്

വിശാഖപട്ടണം: ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 48 റൺസിന് തകർത്ത് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 180 റൺസ് വിജലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 19.1 ഓവറിൽ 131 റൺസിന് ഓൾ ഔട്ടായി. 29 റൺസെടുത്ത ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ. ഇന്ത്യ ജയിച്ചെങ്കിലും അഞ്ച് മത്സര പരമ്പരയിൽ ദക്ഷിണാഫ്രിക്ക ഇപ്പോഴും 2-1ന് മുന്നിലാണ്. സ്‌കോർ ഇന്ത്യ 20 ഓവറിൽ 179-5, ദക്ഷിണാഫ്രിക്ക 19.1 ഓവറിൽ 131ന് ഓൾ ഔട്ട്.

ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ട ഇന്ത്യ ഈ വിജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ പ്രതീക്ഷ കാത്തു. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ വിജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. അർധസെഞ്ചുറി നേടിയ ഋതുരാജ് ഗെയ്ക്വാദും ഇഷാൻ കിഷനും നാല് വിക്കറ്റ് വീഴ്‌ത്തിയ ഹർഷൽ പട്ടേലും മൂന്നുവിക്കറ്റെടുത്ത ചാഹലുമാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്.

പവർ പ്ലേയിലെ നാലാം ഓവറിൽ ദക്ഷിണാഫ്രിക്കൻ നായകൻ ടെംബാ ബാവുമയെ(8) പുറത്താക്കി അക്‌സർ പട്ടേലാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ചാഹലിന്റെ അടുത്ത ഓവറിൽ ഹെൻഡ്രിക്കസിനെ റിഷഭ് പന്ത് കൈവിട്ടു. എന്നാൽ പവർ പ്ലേയിലെ അവസാന പന്തിൽ ഹെൻഡ്രിക്കസിനെ(23) മടക്കി ഹർഷൽ പട്ടേൽ വിക്കറ്റ് വേട്ട തുടങ്ങി. പവർ പ്ലേയിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 38 റൺസാണ് ദക്ഷിണാഫ്രിക്ക നേടിയത്.

ഹർഷൽ പട്ടേൽ തുടങ്ങിയ വിക്കറ്റ് വേട്ട യുസ്വേന്ദ്ര ചാഹൽ ഏറ്റെടുത്തു. ഏഴാം ഓവറിൽ വാൻ ഡർ ഡസ്സനെ(1) വീഴ്‌ത്തിയാണ് ചാഹൽ തുടങ്ങിയത്. വെറും ഒരു റൺ മാത്രമെടുത്ത ഡ്യൂസനെ മികച്ച ക്യാച്ചിലൂടെ ഋഷഭ് പന്ത് പുറത്താക്കി. ഇതോടെ ദക്ഷിണാഫ്രിക്ക 40 ന് മൂന്ന് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.

പിന്നീട് ക്രീസിലെത്തിയത് കഴിഞ്ഞ മത്സരത്തിലെ ഹീറോ ഹെന്റിച്ച് ക്ലാസനാണ്. ക്ലാസനെ കൂട്ടിപിടിച്ച് പ്രിട്ടോറിയസ് ടീം സ്‌കോർ 50 കടത്തി. തന്റെ തൊട്ടടുത്ത ഓവറിൽ പ്രിട്ടോറിയസിനെയും(16 പന്തിൽ 20) ചാഹൽ വീഴ്‌ത്തി. രണ്ടുപേരും പുറത്തായത് വിക്കറ്റിന് പിന്നിൽ റിഷഭ് പന്തിന്റെ അസാമാന്യ ക്യാച്ചിലായിരുന്നു. 16 പന്തിൽ നിന്ന് 20 റൺസെടുത്ത പ്രിട്ടോറിയസിനെ ചാഹൽ ഋഷഭ് പന്തിന്റെ കൈയിലെത്തിക്കുകയായിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്ക 57 റൺസിന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി.

അഞ്ചാം വിക്കറ്റിൽ ഡേവിഡ് മില്ലർ ക്ലാസന് കൂട്ടായെത്തി. മികച്ച ഫോമിൽ കളിക്കുന്ന മില്ലർക്കും അടിതെറ്റി. മികച്ച സ്ലോ ബോളിലൂടെ മില്ലറെ ഹർഷൽ പട്ടേൽ കുടുക്കി. വെറും മൂന്ന് റൺസ് മാത്രമെടുത്ത മില്ലറെ ഹർഷൽ ഋതുരാജ് ഗെയ്ക്വാദിന്റെ കൈയിലെത്തിച്ചു. ഇതോടെ ദക്ഷിണാഫ്രിക്ക അഞ്ചുവിക്കറ്റിന് 71 റൺസ് എന്ന നിലയിലായി. മില്ലർക്ക് പകരം വെയ്ൻ പാർനെൽ വന്നു. ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും ക്ലാസൻ പിടിച്ചുനിന്ന് ടീം സ്‌കോർ ഉയർത്തി. പക്ഷേ 15-ാം ഓവറിൽ ക്ലാസനും വീണു.

24 പന്തുകളിൽ നിന്ന് 29 റൺസെടുത്ത ക്ലാസനെ ചാഹൽ അക്ഷർ പട്ടേലിന്റെ കൈയിലെത്തിച്ചു. ഇതോടെ ഇന്ത്യൻ ക്യാമ്പിൽ വിജയപ്രതീക്ഷ വന്നു. പുതുതായി വന്ന കഗിസോ റബാദയെ (9) ഹർഷൽ പട്ടേൽ ചാഹലിന്റെ കൈയിലെത്തിച്ചു. ഇതോടെ ഇന്ത്യ വിജയമുറപ്പിച്ചു. പിന്നാലെ വന്ന കേശവ് മഹാരാജ് (11), ആന്റിച്ച് നോർക്യെ (0), തബ്റൈസ് ഷംസി (0) എന്നിവർ അതിവേഗം കൂടാരം കയറി. പാർനെൽ 22 റൺസെടുത്ത് പുറത്താവാതെ നിന്നു ഇന്ത്യക്കായി ഹർഷൽ പട്ടേൽ 3.1 ഓവറിൽ 25 റൺസിന് നാലു വിക്കറ്റെടുത്തപ്പോൾ യുസ്വേന്ദ്ര ചാഹൽ നാലോവറിൽ 20 റൺസിന് മൂന്നും ഭുവനേശ്വർ കുമാർ നാലോവറിൽ 21 റൺസിന് ഒരു വിക്കറ്റുമെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്തു. അർധസെഞ്ചുറി നേടിയ ഋതുരാജ് ഗെയ്ക്വാദും ഇഷാൻ കിഷനുമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. ഒരു ഘട്ടത്തിൽ ഇന്ത്യ 200 റൺസിന് മുകളിൽ സ്‌കോർ ചെയ്യുമെന്ന് തോന്നിച്ചെങ്കിലും മധ്യനിര ബാറ്റർമാർ നിറംമങ്ങി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ ഇഷാൻ കിഷനും ഋതുരാജ് ഗെയ്ക്വാദും ചേർന്ന് നൽകിയത്. ഇന്ത്യൻ ജഴ്സിയിൽ ആദ്യമായി ഫോമിലേക്കുയർന്ന ഋതുരാജ് തകർപ്പൻ ഷോട്ടുകളുമായി കളംനിറഞ്ഞു. കിഷനെ കാഴ്ചക്കാരനാക്കി ഋതുരാജ് അതിവേഗം സ്‌കോർ ഉയർത്തി. വെറും 30 പന്തുകളിൽ നിന്ന് താരം അർധസെഞ്ചുറി കുറിക്കുകയും ചെയ്തു. ഋതുരാജിന്റെ ആദ്യ അന്താരാഷ്ട്ര അർധസെഞ്ചുറിയാണിത്.

എന്നാൽ ടീം സ്‌കോർ 97-ൽ നിൽക്കേ ഋതുരാജിനെ മടക്കി കേശവ് മഹാരാജ് ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചു. സ്വന്തം പന്തിൽ മഹാരാജ് ഋതുരാജിനെ ക്യാച്ചെടുത്ത് പുറത്താക്കി. 35 പന്തുകളിൽ നിന്ന് എട്ട് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 57 റൺസെടുത്ത ശേഷമാണ് ഋതുരാജ് ക്രീസ് വിട്ടത്. ഓപ്പണിങ് വിക്കറ്റിൽ ഇഷാൻ കിഷനൊപ്പം 97 റൺസ് താരം കൂട്ടിച്ചേർക്കുകയും ചെയ്തു.

ഋതുരാജിന് പകരം ശ്രേയസ് അയ്യർ ക്രീസിലെത്തി. 10.5 ഓവറിൽ ടീം സ്‌കോർ 100 കടന്നു. ഋതുരാജിന് പകരം ഇഷാൻ കിഷൻ ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്തു. 31 പന്തുകളിൽ നിന്ന് കിഷൻ അർധസെഞ്ചുറി നേടി. എന്നാൽ മറുവശത്ത് ശ്രേയസ് അയ്യർക്ക് പിടിച്ചുനിൽക്കാനായില്ല. 11 പന്തുകളിൽ നിന്ന് 14 റൺസെടുത്ത ശ്രേയസ്സിനെ തബ്റൈസ് ഷംസി നോർക്യെയുടെ കൈയിലെത്തിച്ചു. പിന്നാലെ കിഷനും വീണു.

പ്രിട്ടോറിയസിന്റെ പന്തിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച കിഷൻ റീസ ഹെൻഡ്രിക്സിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 35 പന്തിൽ നിന്ന് അഞ്ച് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 54 റൺസെടുത്താണ് കിഷൻ ക്രീസ് വിട്ടത്. ഇഷാൻ പുറത്തായതോടെ നായകൻ ഋഷഭ് പന്തും സഹനായകൻ ഹാർദിക് പാണ്ഡ്യയും ക്രീസിലൊന്നിച്ചു. ഹാർദിക് പാണ്ഡ്യയുടെ അനായാസ ക്യാച്ച് ഡേവിഡ് മില്ലർ 15-ാം ഓവറിലെ മൂന്നാം പന്തിൽ പാഴാക്കി. തൊട്ടടുത്ത ഓവറിൽ ഋഷഭ് പന്തിന്റെ ക്യാച്ച് ഡ്യൂസൻ കൈവിട്ടു. എന്നാൽ അതേ ഓവറിൽ തന്നെ ഋഷഭ് പുറത്തായി. അനാവശ്യ ഷോട്ടിന് ശ്രമിച്ച ഋഷഭ് പ്രിട്ടോറിയസിന്റെ പന്തിൽ ബവൂമയ്ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. എട്ട് പന്തിൽ നിന്ന് ആറ് റൺസാണ് താരത്തിന്റെ സമ്പാദ്യം. ഈ മത്സരത്തിലും ഋഷഭ് പന്ത് പരാജയമായി.

പന്തിന് പകരം ദിനേശ് കാർത്തിക്കാണ് ക്രീസിലെത്തിയത്. 13 ഓവറിൽ 130 റൺസ് കണ്ടെത്തിയിരുന്ന ഇന്ത്യ 18-ാം ഓവറിലാണ് 150 റൺസിലെത്തിയത്. ഇഷാൻ കിഷൻ പുറത്തായശേഷം റൺറേറ്റിൽ ഗണ്യമായ കുറവുണ്ടായി. കാർത്തിക്കിനും പിടിച്ചുനിൽക്കാനായില്ല. ആറുറൺസെടുത്ത കാർത്തിക്ക് റബാദയുടെ പന്തിൽ പാർനെലിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി.

കാർത്തിക്കിന് പകരം വന്ന അക്ഷർ പട്ടേലിനെ കൂട്ടുപിടിച്ച് ഹാർദിക് ടീം സ്‌കോർ 180 ൽ എത്തിച്ചു. ഹാർദിക് 21 പന്തിൽ നിന്ന് 31 റൺസെടുത്തും അക്ഷർ അഞ്ച് റൺസ് നേടിയും പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി പ്രിട്ടോറിസ് രണ്ടുവിക്കറ്റെടുത്തപ്പോൾ ഷംസി, കേശവ് മഹാരാജ്, റബാദ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP