Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗാന്ധി പ്രതിമ വരെ തകർത്ത സിപിഎമ്മിന്റെ കണ്ണൂരിലെ അക്രമം; ഭരണകക്ഷി ജനാധിപത്യ അവകാശങ്ങൾ ഹനിക്കുന്നു; പയ്യന്നൂരിൽ കോൺഗ്രസ് ഉപവാസം നടത്തും; വി. എം സുധീരൻ പങ്കെടുക്കും

ഗാന്ധി പ്രതിമ വരെ തകർത്ത സിപിഎമ്മിന്റെ കണ്ണൂരിലെ അക്രമം; ഭരണകക്ഷി ജനാധിപത്യ അവകാശങ്ങൾ ഹനിക്കുന്നു; പയ്യന്നൂരിൽ കോൺഗ്രസ് ഉപവാസം നടത്തും; വി. എം സുധീരൻ പങ്കെടുക്കും

അനീഷ് കുമാർ

കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധത്തിന് തിരിച്ചടിയായി ജില്ലയിൽ കോൺഗ്രസ് ഓഫിസുകൾക്കും പ്രവർത്തകർക്കുമെതിരെയുള്ള അക്രമത്തിനെ ചെറുക്കാൻ കോൺഗ്രസ് രാഷ്ട്രീയ പ്രതിരോധം ശക്തമാക്കി. ഭരിക്കുന്ന പാർട്ടി ജനാധിപത്യ അവകാശങ്ങൾ ഹനിക്കുന്നുവെന്ന സന്ദേശം ജനങ്ങളിലെത്തിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, വി. എം സുധീരൻ, തുടങ്ങിയ നേതാക്കൾ പാർട്ടി കണ്ണൂരിൽ നടത്തുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി എത്തും.

പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തലവെട്ടിയ സംഭവത്തിൽ പ്രതിഷേധിച്ചുകൊണ്ട് ജില്ലാകോൺഗ്രസ് കമ്മിറ്റി 15ന് നടത്തുന്ന ഉപവാസ സമരത്തിലാണ് സുധീരൻ പങ്കെടുക്കുക. രാവിലെ ഒൻപതരയ്ക്ക് ുടങ്ങുന്ന ഉപവാസ സമരം വൈകുന്നേരം മൂന്നിന് സമാപിക്കും. സുധീരൻ പരിപാടിയിൽ പ്രസംഗിക്കും. ഇതിനിടെ കണ്ണൂർ ഡി.സി.സി ഓഫിസ് ഉൾപ്പെടെയുള്ള പാർട്ടി കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് കണ്ണൂർ നഗരത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജ്, നേതാക്കളായ സതീശൻ പാച്ചേനി, പി.ടി മാത്യു എൻ.പി ശ്രീധരൻ, അഡ്വ.റഷീദ് കവ്വായി, സുരേഷ്ബാബു എളയാവൂർ, രാജീവൻ എളയാവൂർ , സി.ടി ഗിരിജ, കെ.സി മുഹമ്മദ് ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി.

മഹാത്മാ ഗാന്ധി പ്രതിമയുടെ തലവെട്ടിയ സി.പിഎമ്മിന്റെ രാഷ്ട്രീയസംസ്‌കാരം ആർഎസ്എസ് ഫാസിസത്തേയും കവച്ചു വെയ്ക്കുന്നതാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് പറഞ്ഞു. കണ്ണൂർ ജില്ലയിൽ വ്യാപകമായി കോൺഗ്രസ് ഓഫീസുകൾക്കും പ്രവർത്തകർക്കും നേരെ സിപിഎം നടത്തുന്ന ആക്രമണങ്ങൾ കേവലമൊരു വികാരത്തിന്റെ പുറത്തല്ല, നേതൃത്വം അറിഞ്ഞുള്ള കൃത്യമായ ആസൂത്രണം അതിനു പിന്നിലുണ്ട്.

സ്വർണകടത്തിലും ഡോളർകടത്തിലും പ്രതിരോധത്തിലായ പിണറായി വിജയനേയും കുടുംബത്തേയും രക്ഷിച്ചെടുക്കാൻ വ്യാപക അക്രമങ്ങൾ നടത്തി ശ്രദ്ധ തിരിച്ചുവിടാനാണ് സിപിഎം ശ്രമിക്കുന്നത്. അതിനായി പാർട്ടിയുടെ ക്രിമിനൽ സംഘങ്ങളെ കയറൂരി വിട്ടിരിക്കുകയാണ്. എതിരാളികളുടെ തല വെട്ടി ശീലമുള്ള ഈ അക്രമിസംഘങ്ങൾ പയ്യന്നൂരിൽ മഹാത്മജി പ്രതിമയുടെ തല വെട്ടിയതിൽ അത്ഭുതമില്ല. അവർ ശീലിച്ച സംസ്‌കാരമാണത്.

മുഖ്യമന്ത്രിയെ വിമാനത്തിനകത്ത് വധിക്കാൻ ശ്രമിച്ചെന്ന നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിച്ച് സംസ്ഥാനത്തുടനീളം അക്രമ തേർവാഴ്ച നടത്തുകയാണ് സിപിഎം. വിമാനത്തിനകത്ത് പ്രതിഷേധ മുദ്രാവാക്യം വിളിച്ചാൽ അത് വധശ്രമമായി വ്യാഖ്യാനിക്കുന്നവരുടെ മാനസികനില പരിശോധിക്കണം. വിമാനത്തിനകത്ത് ഗുണ്ടായിസം കാണിച്ചത് ഇ.പി ജയരാജനാണ്. മുദ്രാവാക്യം വിളിച്ചവരെ നിയമനടപടികൾക്കു വിട്ടു കൊടുക്കുന്നതിനു പകരം അവരെ കടന്നാക്രമിച്ച ജയരാജന്റെ പേരിലാണ് വധശ്രമത്തിന് കേസെടുക്കേണ്ടത്.

വിമാനത്തിനകത്ത് മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിരവധി കേസുകളിൽ പ്രതിയെന്നാണ് എം വിജയരാജന്റെ കണ്ടുപിടിത്തം. രാഷ്ട്രീയപ്രവർത്തനത്തിനിടയിൽ പ്രകടനം നടത്തിയാൽ കേസുകളുണ്ടാവുക സ്വാഭാവികമാണ്. എസ്.എഫ്.ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയെ പോലെ ക്രിമിനൽ കേസുകളിൽ പെട്ട് ജയിലിൽ കഴിയേണ്ട അവസ്ഥയൊന്നും ഇതുവരെ ജയരാജൻ പറയുന്ന യൂത്ത് കോൺഗ്രസ് നേതാവിനുണ്ടായിട്ടില്ല.

ജയരാജന്റെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്റെ മക്കളെ പോലെ മയക്കുമരുന്നു കേസിൽ ജയിലിൽ പോകേണ്ടി വന്നിട്ടില്ല. പീഡനക്കേസിലും സദാചാരവിരുദ്ധ പ്രവർത്തനങ്ങൾക്കും കുപ്രസിദ്ധി നേടിയവരെ അധികാരസ്ഥാനങ്ങളിലിരുത്തി കൊണ്ടു നടക്കുന്ന എം വിജയരാജൻ കോൺഗ്രസിനെ രാഷ്ട്രീയസദാചാരം പഠിപ്പിക്കേണ്ട.

പയ്യന്നൂരിൽ രക്തസാക്ഷി ധനരാജിനു വേണ്ടി ഫണ്ടു പിരിച്ച് തിരിമറി നടത്തിയതടക്കമുള്ള കോടികളുടെ വെട്ടിപ്പിൽ എംഎൽഎയെ വരെ തരംതാഴ്‌ത്തേണ്ടി വന്ന ഗതികേടിലാണ് സി.പിഎം. ഇത്തരം വിഷയങ്ങളെ മറച്ചു വെയ്ക്കാൻ കൂടിയാണ് പയ്യന്നൂരിലും പരിസരങ്ങളിലും സിപിഎം വ്യാപകമായ അക്രമങ്ങളഴിച്ചു വിട്ടത്.

സിപിഎമ്മിന്റെ ക്രിമിനലുകൾ അക്രമം തുടർന്നാൽ ജനാധിപത്യ രീതിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിരോധിക്കും. പാർട്ടി ഓഫീസുകൾ തകർത്തും പ്രവർത്തകരെ ആക്രമിച്ചും പിണറായി വിജയൻ നേതൃത്വം നൽകുന്ന കള്ളക്കടത്തു സംഘത്തിനെതിരായ പ്രക്ഷോഭത്തെ ഇല്ലാതാക്കിക്കളയാമെന്ന് സിപിഎം വ്യാമോഹിക്കേണ്ട. പ്രസ്ഥാനത്തെ വെല്ലുവിളിച്ച് സി.പിഎം ക്രിമിനലുകൾ അഴിഞ്ഞാട്ടം തുടർന്നാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും സഹനത്തിന് പരിധിയുണ്ടെന്ന് സിപിഎം നേതൃത്വം ഓർക്കുന്നത് നന്നായിരിക്കുമെന്നും മാർട്ടിൻ ജോർജ്ജ് പറഞ്ഞു.

അക്രമം നടന്ന പയ്യന്നൂർ, തലശേരി, തളിപ്പറമ്പ് മേഖലകളിൽ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജിന്റെ നേതൃത്വത്തിൽ നേതാക്കൾ സന്ദർശനം നടത്തി. അക്രമത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ നേതാക്കളായ സതീശൻ പാച്ചേനി, വി എ നാരായണൻ,സജീവ് മറോളി,പി ടി മാത്യു,ചന്ദ്രൻ തില്ലങ്കേരി, കെ സി മുഹമ്മദ് ഫൈസൽ,വി സി നാരായണൻ,എം പി അരവിന്ദാക്ഷൻ തുടങ്ങിയവർ സന്ദർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP