Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എൽ ജി ബി ടി ക്യു പ്ലസ് കമ്യൂണിറ്റി പ്രകൃതിവിരുദ്ധ ലൈംഗികതയിലേക്കുള്ള വാതിൽ എന്ന് ജമാഅത്തെ ഇസ്ലാമി; സംഘടനയുടെ വനിതാ വിഭാഗം സംഘടിപ്പിക്കുന്ന പ്രഭാഷണത്തിന് എതിരെ പ്രതിഷേധം; ഇതൊക്കെ നോർമൽ ആക്കാൻ പെടാപ്പാട് പെടുമ്പോഴോ എന്ന് ജിയോ ബേബി; ഫാസിസ്റ്റ് ചിന്തയെന്ന് ശീതൾ ശ്യാം

എൽ ജി ബി ടി ക്യു പ്ലസ് കമ്യൂണിറ്റി പ്രകൃതിവിരുദ്ധ ലൈംഗികതയിലേക്കുള്ള വാതിൽ എന്ന് ജമാഅത്തെ ഇസ്ലാമി; സംഘടനയുടെ വനിതാ വിഭാഗം സംഘടിപ്പിക്കുന്ന പ്രഭാഷണത്തിന് എതിരെ പ്രതിഷേധം; ഇതൊക്കെ നോർമൽ ആക്കാൻ പെടാപ്പാട് പെടുമ്പോഴോ എന്ന് ജിയോ ബേബി; ഫാസിസ്റ്റ് ചിന്തയെന്ന് ശീതൾ ശ്യാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്ത്യയിൽ സ്വവർഗ്ഗരതി ക്രിമിനൽ കുറ്റമല്ല എന്ന് 2018 ലാണ് സുപ്രീം കോടതി വിധിച്ചത്. ഒരാളുടെ ലൈംഗികത എന്നത് ഭയത്തോടുകൂടി ആകരുത്. ഞാൻ എന്താണോ അത് തന്നെയാണ് ഞാൻ എന്ന രീതിയിൽ ജീവിക്കാൻ ഒരു വ്യക്തിക്ക് സാധിക്കണം. അതിന് ഭരണഘടനാപരമായ അവകാശമുണ്ട്. ഒരു ജീവിതത്തിന്റെ അർത്ഥം എന്നത് സ്വതന്ത്രമായി ജീവിക്കുക എന്നത് കൂടിയാണ്. ഭയത്തോടുകൂടി ജീവിക്കലല്ല എന്നും വിധി പ്രസ്താവത്തിൽ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ബഞ്ച് പറഞ്ഞു. എന്നാൽ, സ്വവർഗരതിക്ക് നിയമാംഗീകാരം നൽകുന്ന നടപടി അംഗീകരിക്കാനാവില്ലെന്നാണ് അന്ന് ജമാഅത്തെ ഇസ്ലാമി പ്രതികരിച്ചത്. പ്രകൃതി നിയമങ്ങളെ വെല്ലുവിളിക്കുന്ന വലിയ സാമൂഹിക തിന്മയാണ് സ്വവർഗലൈംഗികതയെന്ന് അന്ന് സംഘടന അഭിപ്രായപ്പെട്ടിരുന്നു. ആ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നു എന്ന് സൂചിപ്പിച്ചുകൊണ്ട് കണ്ണൂരിലെ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം എൽ ജി ബി ടി ക്യു പ്ലസ് പ്രകൃതി വിരുദ്ധ ലൈംഗികതയിലേക്കുള്ള വാതിൽ എന്ന വിഷയത്തിൽ നാളെ പ്രഭാഷണം സംഘടിപ്പിക്കുകയാണ്. ലക്ച്ചററായ ഡോ.മുഹമ്മദ് നജീബാണ് പ്രഭാഷകൻ.

എൽ ജി ബി ടി ക്യു പ്ലസ് കമ്യൂണിറ്റിയെ അധിക്ഷേപിക്കുന്നതാണ് ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയെന്ന് വിമർശനം ഉയർന്നു കഴിഞ്ഞു. 'ഇവിടെ കുറേ മനുഷ്യർ ഇതൊക്കെ നോർമ്മൽ ആക്കാൻ കിടന്നു പെടാപ്പാട് പെടുകയാണ്..അതിന്റെ ഇടേലാ..?ഇവനൊക്കെ എവിടുത്തെ lecturer ആണോ എന്തോ ?- സംവിധായകൻ ജിയോ ബേബി ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, എൽ ജി ബി ടി ക്യൂ പ്ലസ് കമ്മ്യൂണിറ്റിയെ അധിക്ഷേപിച്ചുകൊണ്ടുള്ള ജമാഅത്തെ ഇസ്ലാമി പരിപാടിക്കെതിരെ രൂക്ഷ വിമർശനവുമായി ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാം രംഗത്തെത്തി. വൈവിധ്യങ്ങളെ അംഗീകരിക്കാനാകാത്ത ഏത് മനുഷ്യരും അടിസ്ഥാനപരമായി ഫാസിസ്റ്റുകളാണെന്ന് ശീതൾ പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.

പ്രായപൂർത്തിയായ രണ്ട് പേർക്കിടയിലുള്ള സ്നേഹത്തെ, പ്രണയത്തെ, ഒരുമിച്ചുള്ള ജീവിതത്തെ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം പ്രകൃതിവിരുദ്ധം എന്ന് വിശേഷിപ്പിക്കുന്നതിന്റെ യുക്തി എന്താണ്? രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധം പ്രത്യുൽപ്പാദനവും വംശവർധനവും മാത്രം ലക്ഷ്യമാക്കിയാണോ മുന്നോട്ടുപോകുന്നത്? ലോകം വളരെ വലിയ മാറ്റങ്ങളിലേക്ക് കുതിക്കുന്ന ഈ സാഹചര്യത്തിൽ സ്ത്രീകൾ, പെൺകുട്ടികൾ മുസ്ലിം മത നൂനപക്ഷങ്ങൾ ലിംഗ ലൈംഗിക നൂനപക്ഷങ്ങൾ ഇവർക്കൊക്കെ ഈ ലോകത്ത് ജീവിക്കാൻ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുമ്പോൾ ന്യൂനപക്ഷമായ മുസ്ലിം സ്ത്രീകൾ തന്നെ നേതൃത്വം കൊടുക്കുന്ന ഒരു സംഘടന എൽ.ജി.ബി.ടി.ക്യൂ കമ്മ്യൂണിറ്റിയുടെ അവകാശങ്ങൾക്ക് നേരെ ശബ്ദമുയർത്തുന്നത് പ്രതിഷേധാർഹമാണെന്നും ശീതൾ പറഞ്ഞു.

'തമിഴ്‌നാട്ടിൽ കുറച്ചുമാസങ്ങൾക്ക് മുൻപാണ് കൺവെൻഷൻ തോർപ്പി ബാൻ ചെയ്ത് ബഹുമാനപ്പെട്ട ഹൈക്കോടതി വിധി പറഞ്ഞത്, 'ജുഡീഷ്യറി, പൊലീസ്, ഫാമിലി, സ്‌കൂൾ, പബ്ലിക്, ഇൻസ്റ്റിറ്റിയൂഷൻ, എന്നിവിടങ്ങളിൽ ക്വീർ സമൂഹത്തെ കുറിച്ച് ബോധവൽക്കരണം നൽകേണ്ടത് ഗവൺമെന്റ് ചെയ്യേണ്ട ഉത്തരവാദിത്വമാണെന്നാണ്'

ഇവിടേയും എത്രയും പെട്ടെന്ന് അത്തരത്തിലുള്ള ഒരു ഇടപെടൽ ആവശ്യമാണ്. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ക്വീർ വിഭാഗങ്ങൾക്കെതിരെ സംഘടിപ്പിക്കുന്ന ജനാധിപത്യ വിരുദ്ധ പരിപാടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു,' ശീതൾ ഫേസ്‌ബുക്കിൽ എഴുതി.

ലോകത്ത് ലൈംഗിക ന്യൂനപക്ഷങ്ങളെ അംഗീകരിക്കുന്ന രാജ്യങ്ങളുടെ നേട്ടങ്ങളെക്കുറിച്ചും ശീതൾ കുറിപ്പിൽ എഴുതി.

'ഐസ്ലാൻഡ്

2009 ഫെബ്രുവരി ഒന്നിന് ഐസ്ലാൻഡിന്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി സിഗൂർദാർ ഡോട്ടിർ ഒരു ചരിത്രം സൃഷ്ടിച്ചു. ലോകത്തെ ആദ്യത്തെ സ്വവർഗാനുരാഗി മേധാവിയായിട്ടാണ് അവർ പ്രധാനമന്ത്രി പദം ഏറ്റെടുത്തത്. ഫോബ്സ് മാഗസിൻ ലോകത്തിലെ ശക്തരായ നൂറ് സ്ത്രീകളിൽ ഒരാളായി സിഗൂർദാർ ഡോട്ടിറെ തെരഞ്ഞെടുത്തിരുന്നു. 2002ൽ സിഗൂർദാർ അവരുടെ സ്ത്രീ സുഹൃത്ത് ജോണിനലെഡ്സിനെ വിവാഹം കഴിച്ചു.

ന്യൂസിലൻഡ്

ഏകദേശം രണ്ട് വർഷത്തിന് മുൻപാണ് ലോകപ്രസിദ്ധയായ ന്യൂസിലൻഡിന്റെ വനിതാ പ്രധാനമന്ത്രി ജെസിൻഡ ഉപപ്രധാനന്ത്രിയായി ഗ്രാന്റ് റോബർട്ട്‌സനെ പ്രഖ്യാപിച്ചത്. ജെസിൻഡയുടെ അഭാവത്തിൽ പ്രധാനമന്ത്രിയുടെ ചുമതലയുള്ള ഗ്രാന്റ് റോബർട്ട്‌സൻ ഒരു സ്വവർഗരതിക്കാരനാണെന്നത് ആ രാജ്യത്തെ ബാധിക്കുന്ന വിഷയമേയല്ല.

കഴിഞ്ഞ ഇരുപത് വർഷത്തിനുള്ളിൽ ലോകത്തിലെ ഏകദേശം ഇരുനൂറ് രാജ്യങ്ങളിൽ നിന്ന് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുന്നൂറ്റി ഇരുപതോളം സ്വവർഗരതിക്കാരിൽ ഉയർന്ന ഔദ്യോഗിക പദവികൾ വഹിച്ചവരിൽ കൂടുതലും ന്യുസിലാന്റിൽ നിന്നുള്ളവരാണ്.

അയർലൻഡ്

'അപാരമായ അസാന്മാർഗികതയ്ക്ക് ഓസ്‌കാർവൈൽഡ് രണ്ട് വർഷത്തോളം കഠിനതടവിന് ശിക്ഷിക്കപ്പെട്ടു!'വിക്കിപീഡിയയിൽ ലോകപ്രശസ്ത എഴുത്തുകാരൻ ഓസ്‌കാർ വൈൽഡിനെ പരിചയപ്പെടുത്തുന്ന ഒരു വാചകമാണിത്.

ലോർഡ് ആൽഫ്രഡ് ഡഗ്ലസ് എന്ന പ്രഭുകുമാരനുമായി ഓസ്‌കാർ വൈൽഡ് അനുരാഗത്തിലായത് അദ്ദേഹത്തിന്റെ ആരാധകരെ ഞെട്ടിച്ചിരുന്നു. സാമൂഹികതിരസ്‌കാരവും ജയിൽശിക്ഷയുമെല്ലാം അനുഭവിച്ച് ജന്മദേശമായ അയർലൻഡിൽ നിന്നും പാരീസിലേക്ക് പലായനം ചെയ്യേണ്ടി വന്ന ഗതികേട് ഓസ്‌കാർ വൈൽഡിനെപ്പോലൊരു വിഖ്യാതസാഹിത്യകാരനുണ്ടായത് അന്നത്തെ വിക്ടോറിയൻ സമൂഹത്തെ സംബന്ധിച്ചിടത്തോളം അത്ഭുതമേയല്ലായിരുന്നു.

ഓസ്‌കാർ വൈൽഡിനെ നാടുകടത്തിയ അതേ അയർലൻഡാണ് ജനവിധിയിലൂടെ സ്വവർഗവിവാഹത്തിന് നിയമസാധുത നൽകിയ ആദ്യത്തെ രാജ്യം.അതേ അയർലാൻഡിലാണ് സ്വവർഗാനുരാഗിയായ ഇന്ത്യൻ വംശജൻ ലിയോ വരാദ്ക്കർ 2017 മുതൽ 2020 വരെ പ്രധാനമന്ത്രിയായിരുന്നത്. എന്തൊരു കാവ്യനീതിയാണല്ലേ? കാലം മാറി എന്നർത്ഥം!
മാറാൻ നമ്മളും ശ്രമിച്ചേ മതിയാകൂ,' ശീതൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP