Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൊലീസ് പറഞ്ഞത് കള്ളം; വിമാനത്തിലെ പ്രതിഷേധം പൈലറ്റ് റിപ്പോർട്ട് ചെയ്തില്ല; യൂത്ത് കോൺഗ്രസുകാരെ സി ഐ എസ് എഫ് കസ്റ്റഡിയിലും എടുത്തില്ല; വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ചവർക്കെതിരേ എടുത്ത വധശ്രമക്കേസ് ബൂമാറാംഗ് ആയേക്കും

പൊലീസ് പറഞ്ഞത് കള്ളം; വിമാനത്തിലെ പ്രതിഷേധം പൈലറ്റ് റിപ്പോർട്ട് ചെയ്തില്ല; യൂത്ത് കോൺഗ്രസുകാരെ സി ഐ എസ് എഫ് കസ്റ്റഡിയിലും എടുത്തില്ല; വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ചവർക്കെതിരേ എടുത്ത വധശ്രമക്കേസ് ബൂമാറാംഗ് ആയേക്കും

സായ് കിരൺ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇൻഡിഗോ വിമാനത്തിൽ കരിങ്കൊടിയുമായി രണ്ട് യാത്രക്കാർ മുദ്രാവാക്യം വിളിച്ചത് വിമാനത്തിന്റെ പൈലറ്റ് വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളിൽ അറിയിച്ചില്ല. വിമാനം ലാൻഡ് ചെയ്തയുടൻ ഉണ്ടായ പ്രതിഷേധം പൈലറ്റ് അപ്പോൾ തന്നെ അറിഞ്ഞിരുന്നു. എന്നാൽ യാത്രക്കാർ പുറത്തേക്കിറങ്ങും വഴി നിസാരമായ മുദ്രാവാക്യം വിളിച്ചത് എയർ ട്രാഫിക് കൺട്രോളിൽ റിപ്പോർട്ട് ചെയ്യേണ്ട കാര്യമില്ലെന്നായിരുന്നു പൈലറ്റിന്റെ നിലപാട്.

മുദ്രാവാക്യമല്ല, അതിനു പിന്നാലെ മുദ്രാവാക്യം വിളിച്ച യാത്രക്കാരെ അതിക്രൂരമായി വിമാനത്തിനുള്ളിൽ തല്ലിച്ചതച്ചതാണ് ഗുരുതര കുറ്റകൃത്യമെന്ന് പൈലറ്റ് നിലപാടെടുത്തു. ഇതോടെ കുഴങ്ങിപ്പോയ പൊലീസ്, മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലിന്റെയും പി.എ സുനീഷിന്റെയും മൊഴി രേഖപ്പെടുത്തി അതുപ്രകാരമാണ് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചതിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച യൂത്ത്‌കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ.കെ നവീൻകുമാർ എന്നിവരെ പൈലറ്റിന്റെ നിർദ്ദേശപ്രകാരം സിഐ.എസ്.എഫ് വിമാനത്തിനുള്ളിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറിയെന്നാണ് ശംഖുമുഖം അസി.കമ്മിഷണർ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ പൊലീസ് പറഞ്ഞത് കളവാണെന്ന് തിരുവനന്തപുരം വിമാനത്താവള അധികൃതർ വെളിപ്പെടുത്തി.

വിമാനത്തിനുള്ളിൽ നടന്ന സംഭവങ്ങളൊന്നും പൈലറ്റ് എ.ടി.സിയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സിഐ.എസ്.എഫ് അല്ല യൂത്ത് കോൺഗ്രസുകാരെ തടഞ്ഞുവച്ചതെന്നും അവർ അറിയിച്ചു. വിമാനത്തിനുള്ളിൽ മർദ്ദനമേറ്റ് അവശ നിലയിലായിരുന്ന രണ്ട് പ്രവർത്തകരെ യാത്രക്കാരെയെല്ലാം ഇറക്കിയ ശേഷം വിമാന ജീവനക്കാരുടെ സഹായത്തോടെയാണ് പുറത്തെത്തിച്ചത്. റൺവേയ്ക്ക് അരികിൽ തളർന്നിരുന്നു പോയ ഇവരെ വിമാനത്താവളത്തിലെ ഡോക്ടറെത്തി പരിശോധിച്ചു.

കരിങ്കൊടി കാട്ടിയ പ്രവർത്തകനാണ് ഏറ്റവുമധികം മർദ്ദനമേറ്റത്. അയാളുടെ കണ്ണ് ഇടികൊണ്ട് ചതഞ്ഞു. ഇരുവർക്കും നടക്കാൻ പോലും കഴിയുമായിരുന്നില്ല. വിമാനത്തിന്റെ സീറ്റിന് താഴേക്കിട്ട് ഇരുവരെയും ചവിട്ടിക്കൂട്ടുകയായിരുന്നെന്ന് മറ്റ് യാത്രക്കാർ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗൺമാനും പി.എയുമാണ് മർദ്ദനത്തിന് നേതൃത്വം നൽകിയത്. ചില വിമാനത്താവള ജീവനക്കാർക്കും മർദ്ദനത്തിൽ പങ്കുള്ളതായി സൂചനയുണ്ട്. സംഭവത്തെക്കുറിച്ച് ഇൻഡിഗോ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

വിമാനത്തിലെ യാത്രക്കാരുടെയെല്ലാം മൊഴിയെടുത്ത ശേഷമാവും സംഭവത്തിന്റെ യഥാർത്ഥ ചിത്രം ഇൻഡിഗോ പുറത്തുവിടുക. പ്രതിഷേധക്കാരെ ഇ.പി. ജയരാജൻ പിടിച്ചുതള്ളിയതിന്റെ വീഡിയോ ഇതിനകം പുറത്തുവന്നിട്ടുണ്ട്. വിമാനത്തിലെ യാത്രക്കാരുടെ മൊഴിയെടുക്കുമ്പോൾ മർദ്ദിച്ചവരുടെ വിവരങ്ങൾ അറിയാനായാൽ വിമാനത്തിനുള്ളിലെ വധശ്രമക്കേസിന് ആന്റി ക്ലൈമാക്‌സുണ്ടാവും.

യൂത്ത് കോൺഗ്രസുകാരെ ഉടനടി ആശുപത്രിയിലെത്തിക്കണമെന്ന് വിമാനത്താവളത്തിലെ ഡോക്ടർ രേഖാമൂലം മുന്നറിയിപ്പ് നൽകിയ ശേഷമാണ് അവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇരുവരും മദ്യലഹരിയിലായിരുന്നെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ആരോപിച്ചിരുന്നതാണ്. എന്നിട്ടും മദ്യപിച്ചോയെന്നറിയാൻ വൈദ്യ പരിശോധന നടത്തിയതുമില്ല.

വിമാനത്താവളത്തിന് പുറത്ത് തമ്പടിച്ച സിപിഎമ്മുകാരുടെ പ്രതിഷേധം ഭയന്ന് കനത്ത പൊലീസ് കാവലിലാണ് പ്രതികളെ ആശുപത്രിയിലേക്ക് മാറ്റാനായത്. ഇന്നലെ ഉച്ചയ്ക്ക് 3.50ന് കണ്ണൂരിൽ നിന്ന് പറന്നുയർന്ന ഇൻഡിഗോ 6ഋ 7404 വിമാനം 5.10ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തയുടനെയായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാർക്കൊപ്പമുണ്ടായിരുന്ന മട്ടന്നൂർ മണ്ഡലം സെക്രട്ടറി സുനിത്ത് ഈ ദൃശ്യങ്ങളെല്ലാം മൊബൈലിൽ പകർത്തി. ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

ഇന്ത്യൻ എയർക്രാഫ്റ്റ് റൂൾസിലെ പൊതുസുരക്ഷാ വ്യവസ്ഥകളിലെ റൂൾ 29 പ്രകാരം പൈലറ്റിന്റെയോ ജീവനക്കാരുടെയോ ജോലിക്ക് തടസമുണ്ടാക്കുന്ന വിധത്തിലോ യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കുന്ന തരത്തിലോ യാത്രക്കാർ പെരുമാറാൻ പാടില്ല. രണ്ടുവർഷം വരെ തടവുശിക്ഷയോ പത്തു ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കിൽ ഇത് രണ്ടും കൂടിയോ ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യമാണിത്. ഇത്തരം സംഭവങ്ങൾ വിമാനക്കമ്പനി സിവിൽഏവിയേഷൻ ഡയറക്ടർ ജനറലിന് റിപ്പോർട്ട് ചെയ്തിരിക്കണം.

വിമാനക്കമ്പനി റിപ്പോർട്ട് ചെയ്തില്ലെങ്കിൽ അതും കുറ്റകൃത്യമാണ്. ആറുമാസം വരെ തടവിനോ രണ്ടു ലക്ഷം രൂപ പിഴയ്‌ക്കോ കമ്പനി അധികൃതരെ ശിക്ഷിക്കാനാവും. അതിനാൽ ആഭ്യന്തര അന്വേഷണം കഴിഞ്ഞാലുടൻ വിമാനത്തിനുള്ളിൽ നടന്നതെന്താണെന്ന് ഇൻഡിഗോ കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകും. അതോടെ പ്രതിഷേധിച്ചവരെ വിമാനത്തിനുള്ളിലിട്ട് ചവിട്ടിക്കൂട്ടിയവർക്കെതിരേ വധശ്രമത്തിനടക്കം കേസ് വരുമെന്നാണ് വ്യോമയാന രംഗത്തെ വിദഗ്ദ്ധർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP