Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിപിഎം തെരുവിൽ ഇറങ്ങിയതോടെ ക്രമസമാധാന നില തകർന്നു; 'സഖാക്കളെ' പിടിച്ചു മാറ്റാൻ പോലും ഭയന്ന് പൊലീസുകാർ; അടിക്ക് തിരിച്ചടിയെന്ന നിലപാടിലേക്ക് കോൺഗ്രസും; മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ മുദ്രാവാക്യം വിളിച്ചതു കൊലപാതക ശ്രമം; ഇപിക്കെതിരെ കേസില്ല; എല്ലാം നിരീക്ഷിച്ച് രാജ്ഭവൻ; ഗവർണ്ണർ കടുത്ത നടപടികളിലേക്ക്

സിപിഎം തെരുവിൽ ഇറങ്ങിയതോടെ ക്രമസമാധാന നില തകർന്നു; 'സഖാക്കളെ' പിടിച്ചു മാറ്റാൻ പോലും ഭയന്ന് പൊലീസുകാർ; അടിക്ക് തിരിച്ചടിയെന്ന നിലപാടിലേക്ക് കോൺഗ്രസും; മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ മുദ്രാവാക്യം വിളിച്ചതു കൊലപാതക ശ്രമം; ഇപിക്കെതിരെ കേസില്ല; എല്ലാം നിരീക്ഷിച്ച് രാജ്ഭവൻ; ഗവർണ്ണർ കടുത്ത നടപടികളിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളം കലാപ ഭൂമിയാകുന്നു. സ്വർണ്ണ കടത്തിലെ സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയുണ്ടായ പ്രതിഷേധമാണ് എല്ലാത്തിനും കാരണം. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചതിനു പിന്നാലെ സംസ്ഥാനത്ത് വ്യാപക അക്രമം. തലസ്ഥാന നഗരി കലാപഭൂമിയായി. സിപിഎം, കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചുകൾ സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശി. കറുത്ത മാസ്‌കും കറുത്ത വസ്ത്രവും വിലക്കേർപ്പെടുത്തിയായിരുന്നു മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് കാറിൽ പോയത്. കരിങ്കൊടി പ്രതിഷേധവുമായി എത്തിയ കോൺഗ്രസുകാരനെ ലക്ഷ്യമിട്ട് ചീറിയെത്തിയ കമാണ്ടോ വാഹനത്തേയും കണ്ടു. എന്നാൽ ഇപ്പോൾ എല്ലാം സിപിഎം ഏറ്റെടുക്കുകയാണ്. മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതിഷേധിച്ചവരെ നേരിടാൻ സിപിഎം തെരുവിൽ ഇറങ്ങുന്നു. ഇതോടെ പൊലീസ് നിസ്സഹായരായി. സിപിഎമ്മുകാരുടെ ദേഹത്ത് തൊട്ടാൽ പണി കിട്ടും. ഇതിനിടെ കോൺഗ്രസുകാരും സംഘടിക്കുന്നു. കേരളത്തിൽ ഉടനീളം അക്രമം നടക്കുകയാണ്.

തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്തിനു മുന്നിൽ കല്ലും കമ്പുമെറിഞ്ഞു സിപിഎം-കോൺഗ്രസ് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. സ്ഥിതി നിയന്ത്രിക്കാൻ ദ്രുതകർമസേന ഇറങ്ങി. അക്രമസംഭവങ്ങളെ തുടർന്ന് സംസ്ഥാന വ്യാപകമായി അതീവജാഗ്രതയ്ക്ക് ഡിജിപി നിർദ്ദേശം നൽകി. പരമാവധി പൊലീസുകാരെ വിന്യസിക്കും. പൊലീസ് ആസ്ഥാനത്തിന്റെ സുരക്ഷ വർധിപ്പിക്കുകയും ചെയ്തു. മുഴുവൻ സേനയോടും കരുതിയിരിക്കാൻ നിർദ്ദേശം നൽകി. അതിനിടെ രാജ്ഭവനും സ്ഥിതി ഗതികൾ നിരീക്ഷിക്കുകയാണ്. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിലെ ക്രമസമാധാനത്തിൽ കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയേക്കും. ഭരണ കക്ഷിയിൽ പെട്ടവർ അക്രമത്തിന് ഇറങ്ങിയത് അതിഗൗരവ സാഹചര്യമാണ് ഉണ്ടാക്കുന്നത്. രാഷ്ട്രപതിക്കാകും ഗവർണ്ണർ റിപ്പോർട്ട് നൽകുക. അങ്ങനെ വന്നാൽ വിഷയത്തിൽ കേന്ദ്ര ഇടപെടൽ ഉണ്ടാകും.

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളികളാണ് ഉയർന്നത്. ഇതിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. എന്നാൽ പ്രതിഷേധിച്ചവരെ അക്രമിച്ച ഇപി ജയരാജനെതിരെ കേസെടുത്തതുമില്ല. സിപിഎം നേതാവിനെതിരെ കേരളാ പൊലീസ് കേസെടുക്കില്ല. എന്നാൽ വിമാനത്തിനുള്ളിൽ നടന്ന സംഭവത്തിൽ വ്യോമയാന വകുപ്പ് എന്ത് നടപടി എടുക്കുമെന്നതാണ് നിർണ്ണായകം. ഇതെല്ലാം ഗവർണ്ണറും പരിശോധിക്കുന്നുണ്ട്. സംസ്ഥാനത്ത് സേനയോട് തയ്യാറായിരിക്കണമെന്ന ഡിജിപിയുടെ ജാഗ്രതാ നിർദ്ദേശവും രാജ് ഭവൻ ഗൗരവത്തോടെ എടുക്കും. കേരളത്തിലെ ക്രമസമാധാനത്തിൽ അതിശക്തമായ നടപടിക്ക് ഗവർണ്ണർ ശുപാർശ ചെയ്‌തേയ്ക്കും.

മുതിർന്ന നേതാവ് എ.കെ.ആന്റണി ഓഫിസിൽ ഉള്ളപ്പോഴായിരുന്നു കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനുനേരെ അക്രമണമുണ്ടായത്. സിപിഎം പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കെപിസിസി ഓഫിസ് ആക്രമണത്തിനു പിന്നാലെ പ്രതിഷേധപ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകർ വെള്ളയമ്പലംൃശാസ്തമംഗലം റോഡിലെ സിപിഎം പതാക നശിപ്പിച്ചു. ഇതേത്തുടർന്നു പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിവീശി. വെള്ളയമ്പലത്തെ സിഐടിയു ഓഫിസ് കോൺഗ്രസ് പ്രവർത്തകർ തകർത്തു. നേതാക്കളുടെ നിർദ്ദേശങ്ങൾ പോലും മറികടന്നാണ് യൂത്ത് കോൺഗ്രസുകാർ തെരുവിൽ സിപിഎമ്മിനെ നേരിട്ടത്.

തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രകടനത്തിനിടെ പ്രവർത്തകർ കോൺഗ്രസിന്റെ ഫ്‌ളക്‌സുകൾ നശിപ്പിച്ചു. ഡിവൈഎഫ്‌ഐ പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കറുത്ത മാസ്‌കിലെ പ്രതിഷേധങ്ങൾ കേരളത്തെ സംഘർഷത്തിലാക്കിയിരിക്കുന്നു. ഇതിന് അപ്പുറത്തേക്ക് കാര്യങ്ങളെ കൊണ്ടു പോകുകയാണ് വിമാനത്തിലെ പ്രതിഷേധവും തുടർന്നുള്ള അക്രമവും.

പൊലീസ് കസ്റ്റഡിയിലും സിപിഎം മർദ്ദനം

നേരത്തെ കണ്ണൂർ ഗവ. ഗെസ്റ്റ് ഹൗസിനു സമീപം മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ കരിങ്കൊടി വീശിയ കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരിയെ സിറ്റി പൊലീസ് കമ്മിഷണറുടെ കസ്റ്റഡിയിലിരിക്കെ സിപിഎം പ്രവർത്തകർ മർദിച്ചു. ഇതും നിയമം കൈയിലെടുക്കലാണ്. കരിങ്കൊടി പ്രതിഷേധം പോലും സിപിഎം അംഗീകരിക്കുന്നില്ലെന്നതിന് തെളിവാണ് ഇത്. തളിപ്പറമ്പിലേക്കുള്ള പുറപ്പെട്ട മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഗെസ്റ്റ് ഹൗസിൽ നിന്ന് കന്റോൺമെന്റ് റോഡിൽ 100 മീറ്റർ പിന്നിടുന്നതിനു മുൻപ്, ഡിഫൻസ് സെക്യൂരിറ്റി കോർ റെക്കോഡ്‌സ് ഓഫിസിനു മുന്നിൽ വച്ചാണു ഫർഹാൻ മുണ്ടേരി കരിങ്കൊടി വീശിയും മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചത്.

കൊടിയടിയാളം... കണ്ണൂർ പയ്യാമ്പലം ഗവ. ഗസ്റ്റ് ഹൗസിൽ നിന്നു തളിപ്പറമ്പിലേക്കു യാത്രതിരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിനു നേരെ ബർണശ്ശേരിയിൽ കരിങ്കൊടി കാണിക്കുന്ന കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരിയെ എസ്‌കോർട് വാഹനത്തിന്റെ ഡോർ തുറന്നു നേരിടാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയുടെ അംഗരക്ഷകർ. 2. മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിൽ ഫർഹാൻ. 3,4 പിന്നാലെയെത്തിയ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ പിടികൂടിയ ഫർഹാനെ സിപിഎം പ്രവർത്തകർ മർദിക്കുന്നു. പിന്നിലെ വാഹനത്തിലെത്തിയ സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോയുടെ നേതൃത്വത്തിൽ പൊലീസുകാർ ഫർഹാനെ പിടികൂടി വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെയാണു ചെങ്കൊടിയുമായി 3 സിപിഎം പ്രവർത്തകർ ഓടിയെത്തി മർദിച്ചത്.

ഫർഹാൻ കമ്മിഷണറുടെ പിടിയിലായിരുന്നപ്പോഴാണ് ആദ്യം മർദനമേറ്റത്. വാഹനത്തിൽ കയറ്റിയ ശേഷവും വലതു വശത്തെ ഡോർ തുറന്ന് ഒരു സിപിഎം പ്രവർത്തകൻ മർദിച്ചു. കാൽടെക്‌സിൽ, മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാട്ടുന്നതിനിടെയാണു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എം.കെ.സജീഷിന്, എസ്‌കോർട്ട് വാഹനത്തിലെ പൊലീസ് കമാൻഡോയുടെ ലാത്തിയടിയേറ്റത്. അടികൊണ്ട സജീഷ് റോഡരികിൽ വീണു. എഴുന്നേറ്റ് വീണ്ടും പ്രതിഷേധിച്ചു. വായന്തോട് വച്ചും പൊലീസ് കമാൻഡോ കാറിനു പുറത്തേക്കു ലാത്തി വീശി. കരിമ്പത്ത്, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രതിഷേധത്തിനിടെ സിപിഎം പ്രവർത്തകർ പൊലീസിനു നേരെ കല്ലെറിഞ്ഞതായി പ്രതിപക്ഷ സംഘടനകൾ ആരോപിച്ചു.

വ്യാപക ആക്രമണം

കണ്ണൂരിൽ ഡിസിസി ഓഫിസിനു നേരെ അക്രമണമുണ്ടായി. ബൈക്കിലെത്തിയ രണ്ടു പേർ കല്ലെറിഞ്ഞു. കല്ലേറിൽ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ സി.എച്ച്.ആസാദ്, ഷിബു ഫെർണാണ്ടസ് എന്നിവർക്കു പരുക്കേറ്റു.ഇരിട്ടിയിലും യൂത്ത് കോൺഗ്രസ്- ഡിവൈഎഫ്‌ഐ സംഘർഷമുണ്ടായി. ഒട്ടേറെ പേർക്ക് പരുക്കേറ്റു. യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്‌ഐ പ്രകടനങ്ങൾ ഇരുദിശയിലായി വരുമ്പോഴാണ് സംഘർഷമുണ്ടായത്. പയ്യന്നൂരിൽ കാറമേൽ പ്രിയദർശിനി ഓഫിസും അക്രമിച്ചു.

തളിപ്പറമ്പിൽ കോൺഗ്രസ് ഓഫിസ് പൂർണമായും അടിച്ചുതകർത്തു. തൃച്ചംബരം പാലക്കുളങ്ങരയിലെ പ്രിയദർശിനി മന്ദിരമാണ് പൂർണമായും അടിച്ചുതകർത്തത് ഉള്ളിലുണ്ടായിരുന്ന സ്‌കൂട്ടർ കത്തിച്ചു. കോൺഗ്രസ് ഓഫിസ് ആക്രമണത്തെ തുടർന്ന് തളിപ്പറമ്പിൽ സംഘർഷാവസ്ഥ. കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. കാസർകോട് നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസ് ഡിവൈഎഫ്‌ഐ പ്രവർത്തകർ അടിച്ചു തകർത്തു. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായി നടന്ന പ്രതിഷേധത്തിനെതിരായ ഡിവൈഎഫ്‌ഐയുടെ പ്രകടനത്തിനിടെയാണ് സംഭവം. ഓഫിസിൽ കയറി ഫർണിച്ചറുകൾ അടച്ചു തകർത്തു. ഈ സമയത്ത് ഓഫിസിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റും മറ്റൊരു ഭാരവാഹിയും മാത്രമാണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ച വൈകിട്ട് 7.30നാണ് സംഭവം.

ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി.മാത്യുവിന്റെ വാഹനത്തിനു നേരെ സിപിഎം ആക്രമണം. കാർ അടിച്ചു തകർത്തു. സി.പി.മാത്യു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പത്തനംതിട്ട അടൂരിൽ സിപിഎം പ്രവർത്തകർ കോൺഗ്രസ് ഓഫിസ് ആക്രമിച്ചു. കോൺഗ്രസ് നേതാവിനെ മർദിച്ചു. തടഞ്ഞ പൊലീസും സിപിഎം പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. കോഴഞ്ചേരിയിൽ ഇന്ദിര ഗാന്ധി പ്രതമയ്ക്കു സമീപത്തെ കോൺഗ്രസ് കൊടിമരം സിപിഎം പ്രവർത്തകർ തകർത്തു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP