Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം: ഡിവൈഎഫ്‌ഐ- യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി; സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ അക്രമസംഭവങ്ങൾ; കെപിസിസി ആസ്ഥാനത്തിന് നേരെ കല്ലേറ്; കാർ തകർത്തു; നീലേശ്വരത്ത് കോൺഗ്രസ് ഓഫീസ് അടിച്ചുതകർത്തു; പോസ്റ്റുകളും ബോർഡുകളും നശിപ്പിച്ചു

മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം: ഡിവൈഎഫ്‌ഐ- യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി; സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ അക്രമസംഭവങ്ങൾ; കെപിസിസി ആസ്ഥാനത്തിന് നേരെ കല്ലേറ്; കാർ തകർത്തു; നീലേശ്വരത്ത് കോൺഗ്രസ് ഓഫീസ് അടിച്ചുതകർത്തു; പോസ്റ്റുകളും ബോർഡുകളും നശിപ്പിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതിന് പിന്നാലെ പലയിടത്തും തെരുവിലിറങ്ങി ഡിവൈഎഫ്ഐ പ്രവർത്തകർ. സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ അക്രമസംഭവങ്ങൾ അരങ്ങേറി. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് ആക്രമണമുണ്ടായി. ഓഫിസ് വളപ്പിൽ നിർത്തിയിട്ടിരുന്ന കാറിന് കേടുപാട് വരുത്തി, ഫ്‌ളക്‌സുകൾ തകർത്തു.

തലസ്ഥാനത്ത് നടന്ന ഡിവൈഎഫ്‌ഐ മാർച്ചിൽ യൂത്ത് കോൺഗ്രസ്, കോൺഗ്രസ് ഫ്ളക്സുകൾ കീറിയെറിഞ്ഞ് റോഡിലിട്ടു. എം.ജി റോഡിന് ഇരുവശവുമുള്ള ബോർഡുകളും നശിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

സിപിഎം - ഡിവൈഎഫ്‌ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് ആക്രമണം ഉണ്ടായത്. മുഖ്യമന്ത്രിക്ക് എതിരെ വിമാനത്തിന് അകത്ത് പ്രതിഷേധം ഉണ്ടായതിനെതിരെ സംസ്ഥാനത്ത് പലയിടത്തും ഇടതുമുന്നണി പ്രവർത്തകർ പ്രതിഷേധിക്കുന്നുണ്ട്.

ആക്രമിച്ചത് സിപിഎം പ്രവർത്തകരെന്ന് കോൺഗ്രസ് ആരോപിച്ചു. തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രകടനത്തിനിടെ കോൺഗ്രസുകാർ സ്ഥാപിച്ച ഫ്‌ളക്‌സുകൾ പ്രവർത്തകർ നശിപ്പിച്ചു. ഡിവൈഎഫ്‌ഐ പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ഏഴ് മണിക്ക് ശേഷമാണ് കെപിസിസി ആസ്ഥാനത്തിന് നേരെ കല്ലേറുണ്ടായത്. സിപിഎം പ്രവർത്തകരുടെ വലിയ സംഘമാണ് ഓഫീസിന് മുന്നിലെത്തിയതെന്ന് നേതാക്കൾ പറഞ്ഞു. എകെ ആന്റണി ഈ സമയത്ത് ഇവിടെയുണ്ടായിരുന്നു. ഇന്ദിരാ ഭവന്റെ ഗേറ്റ് കടന്ന് അകത്തേക്ക് കയറിയ സിപിഎം പ്രവർത്തകർ നേതാക്കളെ അസഭ്യം പറഞ്ഞെന്നും കല്ലെറിഞ്ഞെന്നുമാണ് ആരോപണം. കാറിന്റെ ചില്ല് അടിച്ചുതകർക്കാൻ ശ്രമം ഉണ്ടായെന്നും ആരോപണമുണ്ട്. നിരവധി സിപിഎം പ്രവർത്തകർ ഈ സമയത്ത് പുറത്ത് റോഡിൽ ഉണ്ടായിരുന്നുവെന്നും നേതാക്കൾ പറഞ്ഞു.

സംഭവത്തിന് ശേഷം പുറത്തിറങ്ങിയ എകെ ആന്റണി കെപിസിസിയിൽ ഈ കാണിച്ചതിനെക്കുറിച്ച് മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചു. ഒരിക്കലും നടക്കാൻ പാടില്ലാത്ത സംഭവമാണ് നടന്നത്. പാർട്ടി ആസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ്-ഡിവൈഎഫ്‌ഐ പ്രവർത്തകർ പലയിടത്തും ഏറ്റുമുട്ടി. കൊല്ലം ചവറ പന്മനയിൽ കോൺഗ്രസ് - ഡിവൈഎഫ്‌ഐ സംഘർഷമുണ്ടായി. പത്തനംതിട്ട മുല്ലപ്പള്ളിയിൽ കോൺഗ്രസ് ഓഫീസിന് നേരെ കല്ലേറുണ്ടായി. നീലേശ്വരത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചുതകർത്തു.

കണ്ണൂർ ഇരിട്ടിയിൽ യൂത്ത് കോൺഗ്രസ് - ഡിവൈഎഫ്‌ഐ പ്രവർത്തകർ ഏറ്റുമുട്ടി. നിരവധി പേർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസിന്റെ പന്തം കൊളുത്തി പ്രകടനവും ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ പ്രകടനവും ഇരു ദിശയിലുമായി വരുമ്പോഴാണ് സംഘർഷമുണ്ടായത്. യൂത്ത് കോൺഗ്രസിനെതിരെ മുദ്രാവാക്യം വിളികളുമായി തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രതിഷേധം കടുപ്പിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരായ കോൺഗ്രസ് പോസ്റ്ററുകൾ പ്രവർത്തകർ വലിച്ചുകീറി

കാസർകോട് നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസ് ഡിവൈഎഫ്‌ഐ പ്രവർത്തകർ അടിച്ചു തകർത്തു. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായി നടന്ന പ്രതിഷേധത്തിനെതിരായ ഡിവൈഎഫ്‌ഐയുടെ പ്രകടനത്തിനിടെയാണ് സംഭവം. ഓഫിസിൽ കയറി ഫർണിച്ചറുകൾ അടച്ചു തകർത്തു. ഈ സമയത്ത് ഓഫിസിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റും മറ്റൊരു ഭാരവാഹിയും മാത്രമാണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ച വൈകിട്ട് 7.30നാണ് സംഭവം.

പത്തനംതിട്ട അടൂരിൽ സിപിഎം പ്രവർത്തകർ കോൺഗ്രസ് ഓഫിസ് ആക്രമിച്ചു. കോൺഗ്രസ് നേതാവിനെ മർദിച്ചു. തടഞ്ഞ പൊലീസും സിപിഎം പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. കണ്ണൂർ ഇരിട്ടിയിലും യൂത്ത് കോൺഗ്രസ് ഡിവൈഎഫ്‌ഐ സംഘർഷമുണ്ടായി. ഒട്ടേറെ പേർക്ക് പരുക്കേറ്റു. യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്‌ഐ പ്രകടനങ്ങൾ ഇരുദിശയിലായി വരുമ്പോഴാണ് സംഘർഷമുണ്ടായത്.

യൂത്ത് കോൺഗ്രസ്സ് നേതൃത്വത്തിൽ ലീഗ് - ബിജെപി ഐക്യ മുന്നണി നടത്തുന്ന കലാപ സമാനമായ പ്രതിഷേധ നാടകങ്ങൾ ഇന്ന് അതിന്റെ സർവ്വ സീമയും ലംഘിച്ചിരിക്കുകയാണെന്ന് ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു. വിമാനം പോലുള്ള അതീവ സുരക്ഷാ മേഖലയിൽ മുഖ്യമന്ത്രിക്കും എൽ.ഡി.എഫ് കൺവീനർക്കും നേരെ നടന്ന കയ്യേറ്റ ശ്രമം ഞെട്ടിപ്പിക്കുന്നതും അതീവ ഗൗരവത്തോടെ കാണേണ്ടതുമാണ്.

കെ. സുധാകരൻ ആർഎസ്എസ് വാടക കൊലയാളികളെ ഉപയോഗിച്ചാണ് ട്രെയിനിൽ വച്ച് മുൻപ് പിണറായി വിജയനെ വധിക്കാൻ ശ്രമിച്ചത്. സുധാകരൻ അതേ രണ്ട് പേരെ പുതിയ ഗൂണ്ടകളെ അയച്ചു വിമാനത്തിനകത്ത് വച്ച് നേരിടാൻ അയച്ചത് അതീവ ഗൗരവകരമായ വിഷയമാണെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.

നടന്നത് ഭീകര പ്രവർത്തനമാണ്. വിമാനത്തിനകത്ത് വെച്ച് അസ്വഭാവികമായ ഏത് പ്രവർത്തിയും അതീവ പ്രാധാന്യത്തോടെയുള്ള സുരക്ഷാ പ്രശ്നമായാണ് കാണുന്നത്. അതിനാലാണ് വിമാനത്തിനകത്ത് പ്രതിഷേധിച്ചവർക്ക് ആജീവനാന്ത യാത്രാ നിരോധനമടക്കം അടക്കം എവിയേഷൻ വകുപ്പ് നൽകുന്നത്. മുഖ്യമന്ത്രിക്കും എൽഡിഎഫ് കൺവീനർക്കും നേരെ വിമാനത്തിൽ വച്ച് നടന്ന അക്രമ ശ്രമവും സുരക്ഷാ വീഴ്‌ച്ചയും കേന്ദ്ര ഏവിയേഷൻ മന്ത്രാലയും കേന്ദ്ര സർക്കാരും അതീവ ഗൗരവത്തോടെ കാണണമെന്നും യൂത്ത് കോൺഗ്രസ്സ് ക്രിമിനൽ ഗൂണ്ടകളുടെ ഈ തരത്തിലുള്ള ഭീകര പ്രവർത്തനം കണ്ടു നിൽക്കില്ലെന്നും, ജനങ്ങളെ അണി നിരത്തി പ്രതിരോധിക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

കോൺഗ്രസ് നടത്തുന്നത് അതിരുവിട്ട കളിയെന്ന് ജില്ലാ സെക്രട്ടറി ഷിജുഖാൻ പറഞ്ഞു. മുഖ്യമന്ത്രിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചവർ കരുതിയിരിക്കണം. വി.ഡി.സതീശനും കെ.സുധാകരനും വസതിയിൽനിന്ന് ഇറങ്ങാൻ പ്രയാസപ്പെടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഡിവൈഎഫ്‌ഐ തുമ്മിയാൽ ഒലിച്ചുപോകുന്നതേ ഉള്ളൂ യൂത്ത് കോൺഗ്രസ്. നിയമസഭയിലേക്ക് സ്വച്ഛന്ദമായി കയറാൻ സതീശനാവില്ലെന്നും അദ്ദഹം പറഞ്ഞു. പ്രതിഷേധ പ്രകടനത്തിൽ തിരുവനന്തപുരം മേയറും പങ്കെടുത്തു.

പ്രതിഷേധിച്ച യൂത്ത്കോൺഗ്രസ് പ്രവർത്തകരെ പാർട്ടി സംരക്ഷിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ വ്യക്തമാക്കി. മുൻകൂട്ടി പാർട്ടി നിശ്ചയിച്ച പ്രതിഷേധമായിരുന്നില്ല വിമാനത്തിനുള്ളിലേത്. എങ്കിലും നിയമപരമായും രാഷ്ട്രീയപരമായും എല്ലാ പിന്തുണയും പ്രവർത്തകർക്ക് നൽകുമെന്നും സുധാകരൻ വ്യക്തമാക്കി. പ്രതിഷേധക്കാരെ വലിയതുറ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരേ മെഡിക്കൽ പരിശോധനയ്ക്കും വിമാനത്താവള അധികൃതരുടെ റിപ്പോർട്ടിനും ശേഷം നടപടിയെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP