Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കഞ്ഞിക്കച്ചവടക്കാരൻ മദ്യരാജാവായി; താത്തയുടെ വീട്ടിൽനിന്ന് ചാരായം കുടിച്ചവർ മരിച്ചുവീണപ്പോൾ അഴിക്കുള്ളിൽ; മണിച്ചൻ മോചനവാർത്ത അറിഞ്ഞത് ടിവിയിൽ നിന്ന്; പുറത്തിറങ്ങാൻ 30.45 ലക്ഷം കെട്ടിവയ്ക്കണം; ഇളവ് ലഭിച്ചവരിൽ രണ്ട് ബലാത്സംഗക്കേസ് പ്രതികളും 14 രാഷ്ട്രീയ തടവുകാരും

കഞ്ഞിക്കച്ചവടക്കാരൻ മദ്യരാജാവായി; താത്തയുടെ വീട്ടിൽനിന്ന് ചാരായം കുടിച്ചവർ മരിച്ചുവീണപ്പോൾ അഴിക്കുള്ളിൽ; മണിച്ചൻ മോചനവാർത്ത അറിഞ്ഞത് ടിവിയിൽ നിന്ന്; പുറത്തിറങ്ങാൻ 30.45 ലക്ഷം കെട്ടിവയ്ക്കണം; ഇളവ് ലഭിച്ചവരിൽ രണ്ട് ബലാത്സംഗക്കേസ് പ്രതികളും 14 രാഷ്ട്രീയ തടവുകാരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാർ ശുപാർശയിൽ ഗവർണർ അനുകൂല തീരുമാനമെടുത്തെങ്കിലും കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചന്റെ ജയിൽ മോചനം വൈകിയേക്കും. കൊല്ലം സെഷൻസ് കോടതി വിധിച്ച പിഴയിൽ 30.45 ലക്ഷം രൂപ കെട്ടിവച്ചാലേ നെട്ടുകാൽത്തേരി തുറന്ന ജയിലിൽനിന്ന് മണിച്ചൻ മോചിതനാകൂ എന്ന് ജയിൽ അധികൃതർ പറഞ്ഞു.

സർക്കാർ ഉത്തരവ് ജയിൽ അധികൃതർക്കു ലഭിച്ചാൽ പട്ടികയിലുള്ള മറ്റു 32 തടവുകാർക്ക് ജയിലിനു പുറത്തിറങ്ങാം. ഇവരിൽ പിഴ അടയ്ക്കാനുള്ളവരുണ്ടെങ്കിൽ ആ തുക അടച്ചാൽ മാത്രമേ ജയിൽ മോചനം സാധ്യമാകൂ. മോചിപ്പിക്കപ്പെടുന്ന 33 തടവുകാരുടെ കൂട്ടത്തിൽ ബലാത്സംഗക്കേസിലെ രണ്ടു പ്രതികളും. മകളെ ബലാത്സംഗം ചെയ്തയാളും ശാരീരിക അവശതയുള്ള സ്ത്രീയെ പലതവണ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയ ആളുമുണ്ട്.

കുപ്പണ വിഷമദ്യ ദുരന്തക്കേസിലെ ഒന്നാം പ്രതി തമ്പിയും മോചിപ്പിക്കപ്പെടും.2003 ഏപ്രിൽ 9, 10 തീയതികളിലാണ് കൊല്ലം ജില്ലയിലെ കുപ്പണയിൽ വിഷമദ്യ ദുരന്തം ഉണ്ടാകുന്നത്. ഏഴു പേർ ദുരന്തത്തിൽ മരിച്ചു. 65 പേർ ആശുപത്രിയിലായി. മോചിപ്പിക്കപ്പെടുന്നവരിൽ 14 രാഷ്ട്രീയ തടവുകാരുണ്ട്. എട്ട് ആർഎസ്എസ് ബിജെപി പ്രവർത്തകരും ആറ് സിപിഎം പ്രവർത്തകരും. തടവുകാർ സെൻട്രൽ ജയിലുകളിലാണ്.

നെട്ടുകാൽത്തേരി ജയിലിൽ സ്ഥാപിച്ചിട്ടുള്ള ടിവിയിൽ നിന്നാണ് മോചനവാർത്ത മണിച്ചൻ അറിഞ്ഞത്. മോചന വാർത്തയോട് മണിച്ചൻ നിസ്സംഗമായാണ് പ്രതികരിച്ചതെന്നു ജയിൽ അധികൃതർ പറഞ്ഞു. നല്ല നടപ്പ് പരിഗണിച്ചാണ് മണിച്ചനെ സെൻട്രൽ ജയിലിൽനിന്ന് തുറന്ന ജയിലിലേക്കു മാറ്റിയത്. കൃഷിപ്പണികൾക്കു നേതൃത്വം നൽകുന്നത് മണിച്ചനാണ്.

വിഷമദ്യദുരന്തക്കേസിലെ 26 പ്രതികളിൽ മണിച്ചനും ഹയറുന്നീസയും ഉൾപ്പെടെ 14 പേർക്കാണ് സെഷൻസ് കോടതി ജീവപര്യന്തം തടവും പിഴയും വിധിച്ചത്. മറ്റു 12 പേർക്കു രണ്ടരവർഷവും ഒരാൾക്കു രണ്ടു വർഷം കഠിന തടവും പിഴയും വിധിച്ചു. ഏഴാം പ്രതിയായ മണിച്ചനാണ് ഏറ്റവും വലിയ ശിക്ഷ ലഭിച്ചത്. ജീവപര്യന്തവും 30.45 ലക്ഷംരൂപ പിഴയും. ഹയറുന്നീസയ്ക്ക് 7.35 ലക്ഷംരൂപയാണ് പിഴ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കൊലപാതകം, ഗൂഢാലോചന, പ്രേരണക്കുറ്റം, പരുക്കേൽപ്പിക്കൽ, അബ്കാരി നിയമത്തിലെ വിഷം കലർത്തൽ, വിഷവസ്തു കൈവശം വയ്ക്കൽ, വിൽപ്പന തുടങ്ങി 17 കുറ്റങ്ങൾക്കാണ് മണിച്ചനെ ശിക്ഷിച്ചത്. ശിക്ഷിക്കപ്പെട്ട 26 പ്രതികളിൽനിന്നായി 1,17,10,000 രൂപയാണ് പിഴയായി ലഭിക്കേണ്ടത്. ഇതിൽനിന്നും 32 ലക്ഷംരൂപ നഷ്ടപരിഹാരമായി നൽകാൻ കോടതി നിർദേശിച്ചിരുന്നു. മദ്യദുരന്തത്തിൽ മരിച്ചവരിൽ നാലു പ്രതികൾ ഒഴികെയുള്ളവരുടെ ആശ്രിതർക്കും കാഴ്ച നഷ്ടപ്പെട്ട 5 സാക്ഷികൾക്കും പ്രതികളിൽനിന്ന് ഈടാക്കുന്ന പിഴയിൽനിന്ന് ഒരു ലക്ഷംരൂപ നൽകാൻ കോടതി വിധിച്ചു.

ഔദ്യോഗിക കണക്കിൽ 32 പേരാണ് മരിച്ചത്. ഇതിൽ നാലുപേർ കേസിലെ പ്രതികളാണ്. മണിച്ചനും ഹയറുന്നീസയും ഉൾപ്പെടെ 8 പ്രതികളുടെ ജീവപര്യന്തം ശിക്ഷ പിന്നീട് ഹൈക്കോടതി ശരിവച്ചു. അതേസമയം, പ്രതികളെ കൊലക്കുറ്റത്തിൽനിന്ന് ഒഴിവാക്കി. കീഴ്‌ക്കോടതി ശിക്ഷിച്ച രണ്ടു പ്രതികളെ ഹൈക്കോടതി വിട്ടയച്ചു. കൊല്ലം തിരുവനന്തപുരം ജില്ലകളിലെ കല്ലുവാതുക്കൽ, പള്ളിക്കൽ, പട്ടാഴി, പള്ളിപ്പുറം എന്നിവിടങ്ങളിലായാണ് 2000 ഒക്ടോബർ 21,22, 23 തീയതികളിലായി മദ്യദുരന്തം ഉണ്ടായത്.

മദ്യ ദുരന്തത്തിൽ ആറുപേർക്ക് കാഴ്ച നഷ്ടപ്പെടുകയും അഞ്ഞൂറോളം പേർ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. കേസിലെ പ്രതികളായ മണിച്ചന്റെ രണ്ടു സഹോദരന്മാരെ കഴിഞ്ഞ വർഷം സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മോചിപ്പിച്ചിരുന്നു. മദ്യ വിതരണക്കാരിയായിരുന്ന ഹയറുന്നീസ ശിക്ഷ അനുഭവിക്കുന്നതിനിടെ 2009ൽ മരിച്ചു.

കേരളത്തെ നടുക്കിയ മദ്യ ദുരന്തം

1982-ലെ വൈപ്പിൻ വിഷമദ്യ ദുരന്തത്തിന് ശേഷം ഏറ്റവും കൂടുതൽപേർക്ക് ജീവൻ നഷ്ടമായ മറ്റൊരു മദ്യദുരന്തമായിരുന്നു കല്ലുവാതുക്കലേത്. ചാരായം കുടിച്ചവരുമായി ആശുപത്രികളിലേക്ക് ചീറിപ്പായുന്ന വാഹനങ്ങൾ, ചാരായം കുടിച്ചവരെല്ലാം നിർബന്ധമായും ആശുപത്രിയിൽ പോകണമെന്ന് ഉച്ചഭാഷിണി അറിയിപ്പുമായി പൊലീസ് ജീപ്പുകൾ... 2000 ഒക്ടോബർ 21-നും 22-നും കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ, പട്ടാഴി, പള്ളിപ്പുറം എന്നിവിടങ്ങളിലെ ജനങ്ങൾ സാക്ഷ്യംവഹിച്ചത് നടുക്കുന്ന കാഴ്ചകൾക്കായിരുന്നു.

കല്ലുവാതുക്കലിൽ ഹയറുന്നീസ എന്ന താത്തയുടെ വീട്ടിൽനിന്ന് വ്യാജമദ്യം കഴിച്ചവരാണ് രണ്ടുദിവസങ്ങളിലായി മരിച്ചുവീണത്. പള്ളിക്കൽ അമ്പലംഭാഗത്തുനിന്ന് മദ്യം കഴിച്ചവരും മരിച്ചവരിൽ ഉൾപ്പെടും. വിഷമദ്യം കഴിച്ച് സ്‌കൂൾ ഹെഡ്‌മാസ്റ്റർ അടക്കം 23 പേർ മരിച്ചെന്നായിരുന്നു ആദ്യദിവസത്തെ കണക്കുകൾ. പിന്നീട് മരണസംഖ്യം ഉയർന്നു. ആശുപത്രിയിൽ ചികിത്സ തേടി എത്തിയവരുടെ എണ്ണവും കൂടി. ഒരേ കേന്ദ്രത്തിൽനിന്ന് എത്തിച്ച മദ്യമാണ് എല്ലായിടത്തും ദുരന്തം വിതച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായി. മണിച്ചൻ എന്ന അബ്കാരിയാണ് ഇതിനുപിന്നിലെന്നും ഹയറുന്നീസയ്ക്ക് വിഷമദ്യം എത്തിച്ചുനൽകിയിരുന്നത് ഇയാളാണെന്നും തെളിഞ്ഞു.

ചാത്തന്നൂരിൽ ഹോട്ടൽ നടത്തിയാണ് ഹയറുന്നീസ് കച്ചവടരംഗത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് ഹോട്ടലിന് പകരം വ്യാജ മദ്യക്കച്ചവടം ആയെന്ന് മാത്രം. ചാത്തന്നൂരിൽ ആദ്യം തുടങ്ങിയ ഹോട്ടൽ മസ്താന വൈകാതെ അടച്ചുപൂട്ടി. പിന്നീട് പരവൂരിൽ 'സ്വാഗതം' എന്ന പേരിൽ പുതിയൊരു ഹോട്ടൽ ആരംഭിച്ചു. പക്ഷേ, അതും പൂട്ടിപ്പോയി. ഒടുവിൽ കയറി കിടക്കാൻ ഒരിടംപോലും ഇല്ലാതായതോടെ ഹയറുന്നീസയും ഭർത്താവ് രാജനും അയാളുടെ സ്വദേശമായ കല്ലുവാതുക്കലിൽ എത്തി. ബന്ധുക്കൾക്കെതിരേ കേസ് നടത്തി അഞ്ച് സെന്റ് ഭൂമി സ്വന്തമാക്കി. അതിലൊരു കൊച്ചുവീടും. എന്നാൽ ആ വീട് പിന്നീട് നാട്ടിലെ വ്യാജ മദ്യവിൽപ്പന കേന്ദ്രമായി മാറുകയായിരുന്നു.

താത്ത എന്ന പേരിലാണ് ഹയറുന്നീസ നാട്ടുകാർക്കിടയിൽ അറിയപ്പെട്ടിരുന്നത്. മദ്യകച്ചവടം ആരംഭിച്ച് പലതവണ എക്സൈസിന്റെയും പൊലീസിന്റെയും പിടിയിലായെങ്കിലും താത്ത കച്ചവടം നിർത്തിയില്ല. കച്ചവടം കൊഴുത്തതിനൊപ്പം സമ്പത്തും കൂടി. ഉദ്യോഗസ്ഥർക്ക് കൃത്യമായി മാസപ്പടിയെത്തി. കച്ചവടം പൊടിപിടിച്ചു. താത്തയുടെ സമ്പാദ്യവും കുമിഞ്ഞുകൂടി.

പണവും സ്വാധീനവുമെല്ലാം വർധിച്ചതോടെയാണ് കല്ലുവാതുക്കൽ മാർക്കറ്റിന് പിന്നിൽ 'ഷീബ മൻസിൽ' എന്നപേരിൽ താത്ത കൂറ്റൻ വീട് പണിതുയർത്തിയത്. ഇവിടെയും പരസ്യമായ രഹസ്യമദ്യവിൽപ്പന തകൃതിയായി നടന്നു. വീട്ടിലെ കൂറ്റൻ ഗേറ്റും കിളിവാതിലും കടന്നുവേണം അകത്തുചെല്ലാൻ. പ്രവേശനം വിശ്വസ്തരായ കുടിയന്മാർക്ക് മാത്രം. വി.ഐ.പി.കളാണെങ്കിൽ താത്തയുടെ പ്രത്യേക പരിഗണനയും ലഭിക്കും.

മാസപ്പടി മുടങ്ങാതെ നൽകി ഉദ്യോഗസ്ഥരെ 'ഷീബ മൻസിലി'ൽ നിന്ന് അകറ്റിനിർത്താനും താത്ത പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ബിസിനസ് വർധിച്ചതോടെ നാല് ബസുകളും സമാന്തര സർവീസ് നടത്തുന്ന മറ്റുവാഹനങ്ങളും വാങ്ങി. പല ബാങ്കുകളിൽനിന്നായി ലക്ഷക്കണക്കിന് രൂപ വായ്പയെടുക്കുകയും ചെയ്തു.

1996-ൽ ഹയറുന്നീസയുടെ വീട്ടിൽനിന്ന് മദ്യം കഴിച്ച അപ്പുവൈദ്യർ എന്നയാൾ മരിച്ചിരുന്നു. ഈകേസിൽ ആറുവർഷം കഠിനതടവിനാണ് ഹയറുന്നീസ ശിക്ഷിക്കപ്പെട്ടത്. എന്നാൽ പിന്നീട് ഹൈക്കോടതിയിൽനിന്ന് ജാമ്യം നേടി പുറത്തിറങ്ങി. ഇക്കാലയളവിലാണ് ഒട്ടേറെപേരുടെ ജീവൻ കവർന്ന കല്ലുവാതുക്കൽ വിഷമദ്യ ദുരന്തം സംഭവിച്ചത്.

കല്ലുവാതുക്കൽ ദുരന്തത്തിൽ മരിച്ചവരിൽ ഹയറുന്നീസയുടെ വീട്ടുജോലിക്കാരിയായ കൗസല്യയും ഉണ്ടായിരുന്നു. ഹയറുന്നീസയുടെ വീട്ടിൽനിന്ന് ചാരായവുമായി വന്ന കൗസല്യം സ്വന്തം വീട്ടിലെത്തിയ ശേഷമാണ് അത് കുടിച്ചത്. പിന്നാലെ തലക്കറക്കവും ഛർദിയുമുണ്ടായി. വൈകാതെ കാഴ്ചയും നഷ്ടപ്പെട്ടു. ഒടുവിൽ അവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഞ്ഞിക്കച്ചടക്കാരൻ ചന്ദ്രദാസ് മദ്യരാജാവായ മണിച്ചനായ കഥ

ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ കഞ്ഞിക്കച്ചവടം നടത്തിയിരുന്ന ചന്ദ്രദാസ് എന്ന കൗമാരക്കാരനാണ് പിന്നീട് മണിച്ചനെന്ന മദ്യരാജാവായത്. ഒരുകാലത്ത് അഷ്ടിക്ക് വകയില്ലാതെ ജീവിച്ചിരുന്ന മണിച്ചന്റെ വളർച്ച ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. ആ വളർച്ച കണ്ട് പലരും മൂക്കത്തുവിരൽവെച്ചു. മണിച്ചൻ മുതലാളിക്കൊപ്പം ആളും ആരവവുമായി. പക്ഷേ, 2000 ഒക്ടോബർ അവസാനവാരത്തോടെ മണിച്ചൻ മുതലാളി കെട്ടിപ്പൊക്കിയ താരപരിവേഷമെല്ലാം തകർന്നടിഞ്ഞു. അന്നേവരെ തന്റെ ചൊൽപ്പടിക്ക് നിന്നിരുന്ന രാഷ്ട്രീയക്കാരോ ഉദ്യോഗസ്ഥരോ അയാളെ രക്ഷിക്കാനെത്തിയില്ല. ഒടുവിൽ അയാൾക്ക് വിധിച്ചത് ആജീവനാന്ത കഠിനതടവും.

ചിറയിൻകീഴ് ആശുപത്രിയിൽ കഞ്ഞിക്കച്ചവടം നടത്തിയിരുന്ന മണിച്ചൻ ഒരു ചാരായഷാപ്പിൽ തൊഴിലാളിയായതോടെയാണ് കാര്യങ്ങൾ മാറിമറയുന്നത്. പതുക്കെ, തൊഴിലാളി ആ ഷാപ്പിന്റെ ഉടമയായി. പിന്നീടങ്ങോട്ട് അതിവേഗമായിരുന്നു മണിച്ചന്റെ വളർച്ച. ഒരിക്കലും അബ്കാരി കരാറുകാരനായിരുന്നില്ല അയാൾ. എന്നാൽ തിരുവനന്തപുരത്തും കൊല്ലത്തും വിൽക്കപ്പെട്ടിരുന്ന ഓരോ തുള്ളി ചാരായത്തിലും മണിച്ചന്റെ നോട്ടമെത്തിയിരുന്നു. ഈ റേഞ്ചിലെ ഷാപ്പുകൾ ആര് ലേലത്തിനെടുക്കണം എന്നതടക്കം മണിച്ചൻ തീരുമാനിച്ച കാലം.

ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും രാഷ്ട്രീയക്കാരുടെ പിന്തുണയുമാണ് മണിച്ചനെന്ന മദ്യമുതലാളി തഴച്ചുവളരാൻ കാരണമായതെന്ന് കല്ലുവാതുക്കൽ കേസിന്റെ ശിക്ഷാവിധിയിൽ കോടതി തന്നെ അഭിപ്രായപ്പെട്ടിരുന്നു. വിധിയിൽ ചില ഉദ്യോഗസ്ഥരെ പേരെടുത്ത് പരാമർശിക്കുകയും ചെയ്തു. കോടതിയുടെ ഈ പരാമർശം ശരിവെയ്ക്കുന്നതായിരുന്നു മണിച്ചന്റെ പൂർവകാലജീവിതം.

കൊല്ലം, തിരുവനന്തപുരം മേഖലകളിൽ എക്സൈസ് ഉദ്യോഗസ്ഥരായി ആര് വരണമെന്ന് തീരുമാനിക്കുന്നത് വരെ മണിച്ചനാണെന്നായിരുന്നു കിംവദന്തി. ഇതിനുപുറമേ ഉദ്യോഗസ്ഥർക്ക് നൽകുന്ന മാസപ്പടിയുടെ കണക്കുകൾ അടങ്ങിയ ഡയറിയും ഇയാളിൽനിന്ന് കണ്ടെടുത്തിരുന്നു.

മദ്യദുരന്തമുണ്ടായെന്ന വാർത്ത പരന്നതിന് പിന്നാലെ മണിച്ചൻ മുങ്ങി. ഒടുവിൽ 35 ദിവസങ്ങൾക്ക് ശേഷം നാഗർകോവിലിൽനിന്നാണ് മണിച്ചൻ പൊലീസിന്റെ പിടിയിലായത്. അതൊരു കീഴടങ്ങലായിരുന്നു. രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും ചൊൽപ്പിടിക്ക് നിർത്തി തന്റേതായ സാമ്രാജ്യം വളർത്തിയെടുത്ത സ്പിരിറ്റ് രാജാവിന്റെ കീഴടങ്ങൽ. ഒടുവിൽ രണ്ടുവർഷങ്ങൾക്കപ്പുറം 2002 ജൂണിൽ മണിച്ചൻ, ഹയറുന്നീസ എന്നിവരടക്കം കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ 13 പ്രതികളെ കൊല്ലം സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഐ.പി.സി. 302-ാം വകുപ്പ് പ്രകാരമാണ് മണിച്ചനെ ജീവപര്യന്തം ശിക്ഷിച്ചിരുന്നത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെയും അബ്കാരി നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം 43 വർഷത്തെ തടവ് കൂടി കോടതി വിധിച്ചിരുന്നു.

സർക്കാർ പ്രത്യേകചട്ടം നിർമ്മിച്ച് ഇളവ് അനുവദിക്കുന്നില്ലെങ്കിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവരുടെ ശിക്ഷാകാലാവധി ആജീവനാന്തമായി കണക്കാക്കണമെന്ന് കോടതി പ്രത്യേകം എടുത്തുപറഞ്ഞിരുന്നു. പിന്നീട് ഹൈക്കോടതിയും മണിച്ചന്റെ ശിക്ഷ ശരിവെച്ചു. സുപ്രീംകോടതിയും ജാമ്യം നിഷേധിച്ചു. ഒടുവിൽ അഴിക്കുള്ളിലായി 22 വർഷത്തിന് ശേഷം 2022 ജൂണിലാണ് മണിച്ചന് ജയിൽമോചനത്തിനുള്ള വഴിത്തുറക്കുന്നത്.

സ്പിരിറ്റൊഴുകി ആറ്റിങ്ങലിലെ 'ഉഷസ്',  ഹൈടെക്ക് സംവിധാനങ്ങൾ

ഉദ്യോഗസ്ഥരെ പോലും ഞെട്ടിക്കുന്നവിധത്തിലായിരുന്നു മണിച്ചന്റെ രഹസ്യകേന്ദ്രങ്ങളിലെ സംവിധാനങ്ങൾ. കല്ലുവാതുക്കൽ മദ്യദുരന്തത്തിന് പിന്നാലെ ഈ ഹൈടെക്ക് സംവിധാനങ്ങൾ ഒന്നൊന്നായി പുറംലോകമറിഞ്ഞു.

ചാരായ നിരോധനത്തിന് പിന്നാലെയാണ് മണിച്ചന്റെ ബിസിനസ് സാമ്രാജ്യം അതിവേഗം വളർന്നത്. ആറ്റിങ്ങലിലെ 'ഉഷസ്' എന്ന വീട് കേന്ദ്രീകരിച്ച് തെക്കൻ കേരളത്തിലെ അങ്ങോളമിങ്ങോളം സ്പിരിറ്റൊഴുകി. വീട്ടിലും ചിറയിൻകീഴിലെ ഹോളോബ്രിക്സ് ഫാക്ടറിയിലുമാണ് വൻതോതിൽ സ്പിരിറ്റ് സംഭരിച്ചിരുന്നത്. ഹോളോബ്രിക്സ് ഫാക്ടറിയിലെ ഭൂഗർഭ അറയിൽനിന്ന് ഏകദേശം 90000 ലിറ്റർ സ്പിരിറ്റാണ് എക്സൈസ് അന്ന് പിടിച്ചെടുത്തത്. അയൽവാസി അറിയാതെ അദ്ദേഹത്തിന്റെ പുരയിടവും കൈയേറിയായിരുന്നു മണിച്ചൻ ഭൂഗർഭ അറ നിർമ്മിച്ചിരുന്നത്. ഇവിടെ വെള്ളം സൂക്ഷിക്കാൻ നിർമ്മിച്ച വലിയ വാട്ടർടാങ്കുകളിലും സ്പിരിറ്റ് സംഭരിച്ചു. ഇതിനെല്ലാം പുറമേ കടവിളയിലെ മണിച്ചന്റെ ഗോഡൗണിലും അന്ന് ഭൂഗർഭ അറകൾ കണ്ടെത്തിയിരുന്നു.

മദ്യമുതലാളിയായി വളർന്നെങ്കിലും മണിച്ചൻ വന്നവഴി മറന്നിരുന്നില്ല. സ്പിരിറ്റ് കടത്തിലൂടെ കോടികൾ സമ്പാദിച്ചിട്ടും ആദ്യം ഉടമസ്ഥത വഹിച്ച ചാരായ ഷാപ്പ് അയാൾ സംരക്ഷിച്ചുപോന്നു. ഇതിനോട് ചേർന്ന് പിന്നീട് ഒരു ക്ഷേത്രവും നിർമ്മിച്ചു. ദാനശീലനായ മണിച്ചൻ മുതലാളി നാട്ടുകാർക്കും പ്രിയപ്പെട്ടവനായി. എന്നാൽ 2002 ജൂണിൽ ശിക്ഷാവിധി കേട്ട് കോടതിയിൽനിന്ന് മടങ്ങുമ്പോൾ തന്റെ കൈയിൽ ഇനി പണമൊന്നും ഇല്ലെന്നായിരുന്നു മണിച്ചന്റെ വാക്കുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP