Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കല്ലുവാതുക്കൽ മദ്യദുരന്ത കേസിലെ മുഖ്യ പ്രതി മണിച്ചൻ അടക്കം 33 തടവുകാർക്ക് മോചനം; ഗവർണ്ണർ ഫയലിൽ ഒപ്പിട്ടു; മോചനം, നാലാഴ്‌ച്ചക്കുള്ളിൽ തീരുമാനം എടുക്കണമെന്ന സുപ്രീം കോടതി നിർദ്ദേശത്തിന് പിന്നാലെ; പരിഗണിച്ചത്, 20 വർഷം തടവ് പിന്നിട്ടവരെയും പ്രായാധിക്യം ഉള്ളവരെയും

കല്ലുവാതുക്കൽ മദ്യദുരന്ത കേസിലെ മുഖ്യ പ്രതി മണിച്ചൻ അടക്കം 33 തടവുകാർക്ക് മോചനം; ഗവർണ്ണർ ഫയലിൽ ഒപ്പിട്ടു; മോചനം, നാലാഴ്‌ച്ചക്കുള്ളിൽ തീരുമാനം എടുക്കണമെന്ന സുപ്രീം കോടതി നിർദ്ദേശത്തിന് പിന്നാലെ; പരിഗണിച്ചത്, 20 വർഷം തടവ് പിന്നിട്ടവരെയും പ്രായാധിക്യം ഉള്ളവരെയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കല്ലുവാതുക്കൽ മദ്യദുരന്ത കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുഖ്യപ്രതി മണിച്ചൻ അടക്കം 33 തടവുകാർക്ക് മോചനം. മണിച്ചൻ അടക്കമുള്ള തടവുകാരെ മോചിപ്പിക്കാനുള്ള ഫയൽ ഗവർണ്ണർ ഫയലിൽ ഒപ്പിട്ടു. മണിച്ചന്റെ മോചനത്തിൽ നാലാഴ്‌ച്ചക്കുള്ളിൽ തീരുമാനം എടുക്കണം എന്ന് സുപ്രീം കോടതിയും നിർദ്ദേശിച്ചിരുന്നു.

33 പേരെ തെരെഞ്ഞെടുത്തതിന്റെ കാരണം തേടി ഗവർണ്ണർ ഫയൽ തിരിച്ചയച്ചിരുന്നു.എന്നാൽ വിദഗ്ദ സമിതി വിശദമായി പരിശോധിച്ചാണ് 64 പേരിൽ 33 പേരെ വിടാൻ തീരുമാനം എടുത്തത് എന്നായിരുന്നു സർക്കാർ വിശദീകരണം. 20 വർഷം തടവ് പിന്നിട്ടവരെയും പ്രായാധിക്യം ഉള്ളവരെയും രോഗികളെയും ആണ് പരിഗണിച്ചത് എന്നായിരുന്നു വിശദീകരണം.

മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനുൾപ്പെടെ 33 തടവുകാരുടെ മോചനത്തിനായി എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ടാണ് തീരുമാനമെന്നാണ് സർക്കാർ പറയുന്നത്. എല്ലാ ചട്ടങ്ങളും പാലിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വിശദമായ പരിശോധന നടത്തിയതുകൊണ്ടാണ് ഉദ്യോഗസ്ഥ സമിതി ശുപാർശ ചെയ്ത 64 പട്ടിക 33 ആയി ചുരുങ്ങിയതെന്നും സർക്കാർ വിശദീകരിച്ചിരുന്നു.

ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട മണിച്ചന്റെ ജയിൽവാസം 22 വർഷം പിന്നിട്ടു. ഇപ്പോൾ നെട്ടുകാൽത്തേരി തുറന്ന ജയിലിലാണ്.മണിച്ചന്റെ ജയിൽ മോചനത്തിന് ഭാര്യ ഉഷയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്ന പേരറിവാളൻ കേസിലെ ഉത്തരവ് മണിച്ചന്റെ മോചനത്തിലും പരിഗണിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പതിന്നാലു വർഷം തടവുശിക്ഷ അനുഭവിച്ച ജീവപര്യന്തം തടവുകാരെ, നല്ലനടപ്പ് പരിഗണിച്ച് മോചിപ്പിക്കുന്നുണ്ടെന്നും ഗവർണറുടെ തീരുമാനം വൈകുന്നത് മോചിപ്പിക്കാൻ മതിയായ കാരണമാണെന്നും പേരറിവാളൻ കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതാണ് മണിച്ചന് അനുകൂലമായത്.

22 വർഷമായി ജയിലിലുള്ള മണിച്ചൻ മാതൃകാ കർഷകനെന്ന് പേരെടുത്തിട്ടുണ്ട്. തടവുകാലത്തും പരോളിലും പ്രശ്‌നങ്ങളുണ്ടാക്കിയില്ല. 65 വയസായി. ഇതും മോചനശുപാർശയ്ക്ക് പരിഗണിച്ചിരുന്നു. ജീവപര്യന്തം തടവിലായിരുന്ന മണിച്ചന്റെ രണ്ട് സഹോദരങ്ങളെ മദ്യവ്യാപാരം നടത്തില്ലെന്ന വ്യവസ്ഥയോടെ മോചിപ്പിച്ചിരുന്നു. 31പേർ മരിച്ച കല്ലുവാതുക്കൽ മദ്യദുരന്തത്തിൽ മണിച്ചനെ ജീവപര്യന്തം ശിക്ഷിച്ചത് അബ്കാരി നിയമപ്രകാരമാണ്.

2000 ഒക്ടോബർ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തം ഉണ്ടായത്. 31 പേർ മരിച്ചു , ആറ് പേർക്ക് കാഴ്ച പോയി, 150 പേർ ചികിത്സ തേടി. മണിച്ചൻ വീട്ടിലെ ഭൂഗർഭ അറകളിലാണ് വ്യാജമദ്യം സൂക്ഷിച്ചത്. വിഷസ്പിരിറ്റ് കലർത്തിയതാണ് ദുരന്തകാരണം വീര്യം കൂട്ടാൻ കാരണം. മണിച്ചനും കൂട്ടു പ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. കൂട്ടുപ്രതി ഹൈറുന്നീസ 2009 ൽ ശിക്ഷയ്ക്കിടെ മരിച്ചു. 

കേരളത്തെ ഞെട്ടിച്ച കല്ലുവാതുക്കൽ വിഷ മദ്യദുരന്തം

ആഭ്യന്തര വകുപ്പും എക്‌സൈസും പരാജയപ്പെട്ടപ്പോൾ നായനാർ സർക്കാരിനെ പൂർണ്ണമായും പ്രതിക്കൂട്ടിലാക്കിയ സംഭവമായിരുന്നു കല്ലുവാതുക്കൽ വിഷ മദ്യദുരന്തം. 31 പേർ മരിച്ചു. മാസപ്പടി കണക്കുകൾ കൂടി പുറത്ത് വന്നതോടെ രാഷ്ട്രീയ മദ്യ മാഫിയകൾ തമ്മിലെ അഭേദ്യ ബന്ധവും പുറത്തായി. നായനാർ സർക്കാരിന്റെ കാലത്ത് അകത്തായ മുഖ്യപ്രതി മണിച്ചൻ പിണറായി സർക്കാരിന്റെ ഭരണത്തിൽ പുറത്തിറങ്ങുകയാണ്.

കൊല്ലം കല്ലുവാതുക്കലിൽ ഹയറുന്നീസ എന്ന സ്ത്രീ നടത്തിയിരുന്ന വാറ്റ് കേന്ദ്രത്തിൽ നിന്ന് മദ്യം കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. പലരും കുഴഞ്ഞു വീണു. നൂറിലേറെ പേരെ തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചു. മണിക്കൂറുകൾക്കുള്ളിൽ കേരളത്തെ ഞെട്ടിച്ച് ആ വാർത്ത പുറത്ത് വന്നു. മദ്യ ദുരന്തത്തിൽ 31 പേർ മരിച്ചു. ചിലർക്ക് കാഴ്ച നഷ്ടമായി.

വാറ്റു കേന്ദ്രം നടത്തിയ ഹയറുന്നൂസയും കൂട്ടാളികളും പൊലീസ് പിടിയിലായി. വ്യാജ വാറ്റു കേന്ദ്രത്തിന് രാഷ്ട്രീയ സഹായമുണ്ടായിരുന്നുവെന്ന ഹയറുന്നീസയുടെ വെളുപ്പെടുത്തൽ കൂടി വന്നതോടെ സർക്കാരിനെ പിടിച്ചുലച്ച വൻ വിവാദമായി കല്ലുവാതുക്കൽ വിഷമദ്യ ദുരന്തം മാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP