Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംസ്ഥാനത്തുടനീളം കെ.എസ്.ഇ.ബി.യുടെ ചാർജിങ് പോർട്ടുകൾ വരുന്നു; 140 നിയോജകമണ്ഡലങ്ങളിലുമായി സജ്ജമാകുന്നത് 1140 എണ്ണം

സംസ്ഥാനത്തുടനീളം കെ.എസ്.ഇ.ബി.യുടെ ചാർജിങ് പോർട്ടുകൾ വരുന്നു; 140 നിയോജകമണ്ഡലങ്ങളിലുമായി സജ്ജമാകുന്നത് 1140 എണ്ണം

സ്വന്തം ലേഖകൻ

കൊല്ലം: വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനായി സംസ്ഥാനത്തുടനീളം കെ.എസ്.ഇ.ബി.യുടെ ചാർജിങ് പോർട്ടുകൾ വരുന്നു. സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലുമായി 1140 ചാർജിങ് പോർട്ടുകളാണ് ഒരുങ്ങുന്നത്. കെ.എസ്.ഇ.ബി. സജ്ജമാക്കുന്ന വൈദ്യുത തൂൺ ചാർജിങ് സ്റ്റേഷനുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. 1140 ചാർജിങ് പോർട്ടുകളിൽ 1100-ഓളം എണ്ണം പ്രവർത്തനസജ്ജമായി. ജൂലായ് 31-നകം ഇവ പൂർണതോതിൽ പ്രവർത്തനമാരംഭിക്കും.

കെ.എസ്.ഇ.ബി. യുടെ 'റിന്യൂവബിൾ എനർജി ആൻഡ് എനർജി സേവിങ്‌സ്' (റീസ്) വിഭാഗത്തിനു കീഴിലാണ് ചാർജിങ് സ്റ്റേഷനുകൾ പ്രവർത്തിക്കുക. സ്വകാര്യ ഏജൻസിയായ 'ജെനെസിസ്' ആണ് 'ചാർജ് മോഡ്' എന്ന ആപ്പുമായി ചേർന്ന് ചാർജിങ് പോർട്ടുകൾ സ്ഥാപിക്കുന്നത്.

മലയോരമേഖലയുൾപ്പെടെ തിരഞ്ഞെടുത്ത ഇടങ്ങളിൽ സ്ഥാപിക്കുന്ന ചാർജിങ് സ്റ്റേഷനുകൾ പ്രീ-പെയ്ഡ് സംവിധാനത്തിലാണ് പ്രവർത്തിക്കുക. ദേശീയപാത, എം.സി.റോഡ് എന്നിവിടങ്ങളിലെ പ്രധാന ഓട്ടോ സ്റ്റാൻഡുകൾക്കുസമീപം വാഹന പാർക്കിങ് സൗകര്യമുള്ളയിടത്താണ് ഇവ സ്ഥാപിക്കുക. പച്ച, മഞ്ഞ പെയിന്റ് അടിച്ചാണ് പോസ്റ്റുകൾ തയ്യാറാക്കിയിട്ടുള്ളത്. ക്യാമറ, മോഡം, ഇന്റർനെറ്റ് എന്നിവ ഉൾപ്പെട്ട കേന്ദ്രീകൃതസംവിധാനമാണ് ചാർജിങ് സ്റ്റേഷനുകളിലേത്.

ഒരുനിയോജകമണ്ഡലത്തിൽ അഞ്ചെണ്ണംവീതവും തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂർ കോഴിക്കോട്, കണ്ണൂർ കോർപ്പറേഷനുകളിൽ 15 എണ്ണം വീതവും ചാർജിങ് പോർട്ടുകളാണ് തൂണുകളിൽ സജ്ജമാക്കുക. ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളെ അപേക്ഷിച്ച് കുറച്ചുകൂടി സമയം വേണ്ടിവരുമെന്നതൊഴിച്ചാൽ, കാർയാത്രക്കാർക്കും വൈദ്യുത തൂൺ ചാർജിങ് അനുഗ്രഹമാകും.

കണ്ണൂർ, പാലക്കാട് ജില്ലകളിലായി 177 ചാർജിങ് പോർട്ടുകൾ തുറന്നിട്ടുണ്ട്. കോട്ടയത്ത് 51, പത്തനംതിട്ടയിൽ 33, തിരുവനന്തപുരത്ത് 140 എന്നിവ രണ്ടാഴ്ചയ്ക്കകം തുറന്നുകൊടുക്കും. സർക്കാർ കണക്കുപ്രകാരം സംസ്ഥാനത്ത് 23,000 വൈദ്യുതവാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എവിടെയും ചാർജിങ് സൗകര്യമെത്തുന്നതോടെ വൈദ്യുതവാഹന വിപണിയും ഉണരും.

ചാർജിങ് പോർട്ട് ഉപയോഗം ഇങ്ങനെ

മൊബൈലിൽ 'ചാർജ് മോഡ്' എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യണം. നിശ്ചിത തുക റീചാർജ് ചെയ്തശേഷം പോർട്ടബിൾ ചാർജർ വാഹനവുമായി കണക്ട് ചെയ്യണം. തുടർന്ന് മൊബൈൽ ചാർജിങ് മോഡ് ഓപ്പൺ ചെയ്ത് ക്യു ആർ കോഡ് സ്‌കാൻ ചെയ്ത് ചാർജ് ചെയ്യാം. ആവശ്യമായ ചാർജായാൽ 'ആപ്പി'ൽ സ്റ്റോപ്പ് ചാർജിങ് കൊടുത്ത് വാഹനം ഡിസ്‌കണക്ട് ചെയ്ത് യാത്ര തുടരാം.

ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സർട്ടിഫിക്കേഷൻ ഉള്ള ചാർജർ ആണ് ഉപഭോക്താവിന്റെ സുരക്ഷ മുൻനിർത്തി സജ്ജമാക്കിയിട്ടുള്ളത്. വാഹനത്തിന്റെ ശേഷി അനുസരിച്ച് പൂർണമായി ചാർജ് ചെയ്യാൻ ബൈക്കുകൾക്ക് രണ്ടുമുതൽ നാലുവരെയും ഓട്ടോയ്ക്ക് നാലുമുതൽ ഏഴുവരെയും യൂണിറ്റ് വേണ്ടിവരും.

യൂണിറ്റൊന്നിന് ഒൻപതുരൂപയാണ് കെ.എസ്.ഇ.ബി.യുടെ നിരക്ക്. ജി.എസ്.ടി. കൂടി വരുമ്പോൾ 10.60 രൂപയോളം യുണിറ്റൊന്നിന് ചെലവാകും. ഓട്ടോയ്ക്ക് 70 രൂപയ്ക്ക് 120 കിലോമീറ്റർവരെ സഞ്ചരിക്കാനാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP