Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭിന്നശേഷി ജീവനക്കാർക്ക് പ്രൊമോഷനിൽ സംവരണം ഏർപ്പെടുത്തണമെന്ന സുപ്രീം കോടതി ഉത്തരവ് അട്ടിമറിച്ച് സർക്കാർ; കോടതി അലക്ഷ്യം വന്നിട്ടും ഫയൽ മുഖ്യമന്ത്രിയെ കാണിക്കാതെ സാമൂഹ്യ നീതി വകുപ്പ്; ഭിന്നശേഷി ജീവനക്കാരുടെ സംവരണത്തിൽ ചുവന്ന വര വരച്ചത് ആർക്ക് വേണ്ടി?

ഭിന്നശേഷി ജീവനക്കാർക്ക് പ്രൊമോഷനിൽ സംവരണം ഏർപ്പെടുത്തണമെന്ന സുപ്രീം കോടതി ഉത്തരവ് അട്ടിമറിച്ച് സർക്കാർ; കോടതി അലക്ഷ്യം വന്നിട്ടും ഫയൽ മുഖ്യമന്ത്രിയെ കാണിക്കാതെ സാമൂഹ്യ നീതി വകുപ്പ്; ഭിന്നശേഷി ജീവനക്കാരുടെ സംവരണത്തിൽ ചുവന്ന വര വരച്ചത് ആർക്ക് വേണ്ടി?

വിനോദ് പൂന്തോട്ടം

തിരുവനന്തപുരം: ഭിന്നശേഷിക്കാരായ സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രൊമോഷനിൽ നാല് ശതമാനം സംവരണം ഉറപ്പുവരുത്തണമെന്ന 2016 ലെ സുപ്രീം കോടതി വിധി നടപ്പിലാക്കാതെ കേരളം ഒളിച്ചു കളി തുടരുന്നു. മറ്റു സംസ്ഥാനങ്ങളിൽ വിധി മാനിച്ച്നിയമനങ്ങൾ നടന്നുവരുമ്പോഴാണ് ഇവിടെ ഉത്തരവിറക്കാൻ ചുമതലപ്പെട്ട സാമൂഹ്യ നീതി വകുപ്പിന്റെ ഒളിച്ചു കളി. ബന്ധപ്പെട്ട ഫയൽ വകുപ്പ് സെക്രട്ടറി റാണി ജോർജിന്റെ അടുത്ത് എത്തുമെങ്കിലും പിന്നീട് കൂടുതൽ വ്യക്തത ആവിശ്യപ്പെട്ട് തിരികെ വരികയാണ് പതിവ്.

ഇത് പല്ലവിയായതോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർയ്ക്കും ഈ ഫയലിൽ ഇപ്പോൾ താൽപര്യം ഇല്ല. കൂടാതെ പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഫയൽ മുഖ്യമന്ത്രിക്ക് അയച്ച് അഭിപ്രായം തേടാൻ പോലും വകുപ്പ് സെക്രട്ടറി തയ്യാറായിട്ടില്ല. ഇത് സംബന്ധിച്ച് കോടതി അലക്ഷ്യ കേസിൽ അനുവദിച്ചിരിക്കുന്ന സമയവും കഴിയാറായി. വീണ്ടും സമയം ചോദിച്ച് കോടതിയുടെ കണ്ണിൽ പൊടിയിടാനാവും സർക്കാർ ശ്രമിക്കുകയെന്ന് ഭിന്നശേഷിക്കാരായ സർക്കാർ ഉദ്യോഗസ്ഥർ പറയുന്നു.

2016ലെ വിധി നടപ്പിലാക്കാത്തതിനെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിലാണ് സുപ്രീം കോടതി വീണ്ടും ഉത്തരവിട്ടിരിക്കുന്നത്. എന്നാൽ ഉത്തരവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ വീണ്ടും മൗനം തുടരുകയാണ് .കോടതി ഉത്തരവ് ലഭിച്ചിട്ടും തുടർ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടില്ല എന്നതാണ് ലഭിക്കുന്ന വിവരം. തുടർ നടപടിയെടുക്കാൻ നിർദ്ദേശങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥർ അനൗദ്യോഗികമായി പറയുന്നത് ' ഭിന്നശേഷിക്കാരായ സർക്കാർ ജീവനക്കാർക്ക് പ്രൊമോഷനിലും സംവരണം ഏർപ്പെടുത്തണമെന്ന് 2016 ൽ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചപ്പോൾ ഒൻപത് സംസ്ഥാനങ്ങൾ വിധി നടപ്പിലാക്കി.

കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളാണ് വിധി അവഗണിച്ചത്. പ്രതിഷേധം വ്യാപകമായതോടെ എൽഡിഎഫ് സർക്കാർ വിഷയം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഭിന്നശേഷിക്കാരായ സർക്കാർ ഉദ്യോഗസ്ഥർക്ക് സംവരണം നൽകുന്നതിനെതിരെ സമിതി റിപ്പോർട്ട് സമർപ്പിച്ചതുംസർക്കാർ കൈയൊഴിയാൻ കാരണമായി. സുപ്രീംകോടതിവിധി പ്രകാരം സംവരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് 2016ലെ കോടതി ഉത്തരവ് സഹിതം ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥരുടെ സംഘടന പ്രധാനമന്ത്രിയുടെ ഓഫീസിനും സംസ്ഥാന മുഖ്യമന്ത്രിക്കും സാമൂഹ്യനീതി മന്ത്രിക്കും അടക്കം നിവേദനം നൽകി.

തുടർന്ന് സാമൂഹ്യനീതി വകുപ്പ് നിയമ വകുപ്പിന്റെ അഭിപ്രായം തേടി ,എന്നാൽ ഇക്കാര്യത്തിൽകോടതി ഉത്തരവ് ഉണ്ടെന്നു പോലും പറയാതെ നിയമവകുപ്പ് പൊതു ഭരണ വകുപ്പിന് തീരുമാനം എടുക്കാം എന്ന ഒഴുക്കൻ മറുപടി നൽകിഫയൽ തിരിച്ചു നല്കുകയായിരുന്നു. 2016ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിലെ മുപ്പത്തിനാലാം വകുപ്പ് പ്രകാരമുള്ള നടപടികൾസ്വീകരിക്കണമെന്നതാണ് നിലവിലെ ഉത്തരവിലൂടെ സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രൊമോഷനിൽ ഉൾപ്പടെ നാലു ശതമാനത്തിൽ കുറയാത്ത സംവരണം ഭിന്ന ശേഷിക്കാർക്ക് നൽകണമെന്നാണ് മുപ്പത്തിനാലാം വകുപ്പിൽ പറയുന്നത്.

നിയമം വന്ന് അഞ്ചു വർഷമായിട്ടും സംസ്ഥാന നടപ്പിലാക്കിയില്ല എന്ന ഹർജിക്കാരുടെ പരാതി പരിഗണിച്ചാണ് നാലുമാസത്തിനകം നിർദ്ദേശം നടപ്പിലാക്കാൻ അടുത്തിടെ സുപ്രീംകോടതി ആവശ്യപ്പെട്ടത് . ഇനി ഒരു മാസം മാത്രമാണ് ശേഷിക്കുന്നത്. നിലവിൽ സർക്കാർ ജോലിയിൽ എൻട്രി കേഡറിൽ മാത്രമാണ് ഭിന്നശേഷിക്കാർക്ക് സംവരണം ഉള്ളത്. 1995ലാണ് പേഴ്‌സൺസ് വിത്ത് ഡിസബിലിറ്റീസ് ആക്ട് കേന്ദ്രസർക്കാർ കൊണ്ടുവന്നത്. അതിൽ പിന്നീട് 2016ൽ കേന്ദ്രസർക്കാർ ഭേദഗതി കൊണ്ടുവന്നു. ഭേദഗതി പ്രകാരം സർവീസിലുള്ള ഭിന്നശേഷിക്കാരുടെ സംവരണം മൂന്നിൽ നിന്നും നാല് ശതമാനമായി ഉയർത്തി. എന്നാൽ ഈ സംവരണം കേന്ദ്ര സർക്കാർനടപ്പിലാക്കുന്നില്ലയെന്ന ഹർജിയുമായി കർണാടക സ്വദേശി സിദ്ധരാജു സുപ്രീം കോടതിയെ സമീപിച്ചു.

സുപ്രീംകോടതിയിൽനിന്ന് ഇദ്ദേഹത്തിന് അനുകൂലമായ വിധി ലഭിച്ചു. വിധി നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം കൊടുക്കുകയും ചെയ്തു. വിധിക്കെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചിരുന്നു. അപ്പീൽ തള്ളിയ ഡിവിഷൻ ബഞ്ച് വിധി നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിന് 4 മാസത്തെ സമയം നൽകി. ഒടുവിൽ മെയ് മാസം അവസാനത്തോടെ കേന്ദ്ര സർവ്വീസിലെ ഭിന്നശേഷിക്കാരായ ജീവനക്കാർക്ക് പ്രൊമോഷനിൽ സംവരണം ഏർപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാന പൊലീസിൽ ക്യാഷ്യർ ആയിരുന്നു ലിസാമ്മ ജോസഫ് ഇതേ വിഷയം ഉന്നയിച്ച് സംസ്ഥാന അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. എന്നാൽ ലിസാമ്മയുടെ ഹർജി ട്രിബ്യൂണൽ തള്ളി. തുടർന്നു ഈ വിഷയത്തിൽ ലിസാമ്മ ഹൈക്കോടതിയെ സമീപിച്ചു.

ഹൈക്കോടതി ഹർജിക്കാരിക്ക് അർഹമായ പ്രമോഷൻ കൊടുക്കാൻ സർക്കാരിന് നിർദ്ദേശം നൽകി. ഈ വിധിക്കെതിരെ സംസ്ഥാന ആഭ്യന്തരവകുപ്പ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ സുപ്രീംകോടതി 1996 ലെ നിയമം അനുസരിച്ചുള്ള സംവരണം മുൻകാല പ്രാബല്യത്തോടെ നൽകാൻ ഉത്തരവിടുകയായിരുന്നു. ഈ ഉത്തരവാണ് നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ വിമുഖത കാണിക്കുന്നത്. ഇതേതുടർന്ന് ഇതിനെതിരെ വിവിധ കോടതി അലക്ഷ്യ ഹർജികൾ സുപ്രീം കോടതി പരിഗണിച്ചിരുന്നു. അതനുസരിച്ച് വിധി നടപ്പിലാക്കാൻ കോടതി നാലു മാസ സമയം സംസ്ഥാന സർക്കാരിന് നൽകിയിരിക്കുകയാണ് . ഇനി ഒരു മാസം മാത്രമാണ് ശേഷിക്കുന്നത്. ആകെ ആശങ്കയിലായ ഭിന്ന ശേഷി ഉദ്യോഗസ്ഥർ വിധി നടപ്പിലാക്കിയില്ലെങ്കിൽ സുപ്രീം കോടതിയെ വീണ്ടും സമീപിക്കാൻ തയ്യാറെടുക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP