Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇംഗ്ലീഷ് പ്രീമിയർ ലീഗിനെക്കാളും കൂടുതൽ വരുമാനം ഐ.പി.എൽ നേടുന്നുവെന്ന് സൗരവ് ഗാംഗുലി; നാഷനൽ ഫുട്‌ബോൾ ലീഗിന് പിന്നിൽ ലോകത്തെ രണ്ടാമത്തെ അതിസമ്പന്ന കായിക ലീഗായി ഐപിഎൽ മാറുമെന്ന് ജെയ് ഷാ; പണക്കിഴി വലുതാക്കി ഐപിഎൽ കുതിക്കുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗിനെക്കാളും കൂടുതൽ വരുമാനം ഐ.പി.എൽ നേടുന്നുവെന്ന് സൗരവ് ഗാംഗുലി; നാഷനൽ ഫുട്‌ബോൾ ലീഗിന് പിന്നിൽ ലോകത്തെ രണ്ടാമത്തെ അതിസമ്പന്ന കായിക ലീഗായി ഐപിഎൽ മാറുമെന്ന് ജെയ് ഷാ; പണക്കിഴി വലുതാക്കി ഐപിഎൽ കുതിക്കുന്നു

സ്പോർട്സ് ഡെസ്ക്

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത അഞ്ച് വർഷത്തേക്കുള്ള സംപ്രേഷണ അവകാശത്തിനുള്ള ലേലനടപടികൾ അടുത്തിരിക്കെ, വരുമാനത്തിന്റെ കാര്യത്തിൽ ലോകത്തെ രണ്ടാമത്തെ അതിസമ്പന്ന കായിക ലീഗായി ഐപിഎൽ മാറുമെന്ന് ബിസിസിഐ അധികൃതർ. നാഷനൽ ഫുട്‌ബോൾ ലീഗിന് പിന്നിൽ ഐപിഎൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചുയരുമെന്നാണ് ബിസിസിഐ നേതൃത്വം പ്രതീക്ഷിക്കുന്നത്.

ലോകത്തിലെ തന്നെ ഗ്ലാമർ ലീഗുകളിൽ ഒന്ന് എന്ന പദവി ഐ.പി.എൽ ഇതിനോടകം തന്നെ നേടിയെടുത്തിട്ടുണ്ട്. കാണികളുടെ കാര്യത്തിലായാലും ഒഴുകുന്ന പണത്തിന്റെ കാര്യത്തിലായാലും ഐ.പി.എൽ മുൻപന്തിയിൽ തന്നെ ഉണ്ട്. ക്രിക്കറ്റ് ഫ്രാഞ്ചൈസി ലീഗുകളിൽ ബിഗ് ബാഷ് ലീഗിനെയും കടത്തി വെട്ടി ഒന്നാമതെത്തിനിൽക്കുന്ന ഐ.പി.എൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ്, സ്പാനിഷ് ലീഗ് പോലുള്ള ഫുട്ബോൾ ലീഗുകളോടും പണത്തിന്റെയും കാണികളുടെയും കാര്യത്തിൽ വരും നാളുകളിൽ മുന്നിൽ എത്തുമെന്നാണ് ബിസിസിഐ പ്രതീക്ഷ പങ്കുവയ്ക്കുന്നത്.

മാധ്യമ സംപ്രേഷണത്തിൽനിന്നുള്ള വരുമാനത്തിന്റെ കണക്കിൽ, നാഷനൽ ഫുട്‌ബോൾ ലീഗ് (എൻഎഫ്എൽ), ഇംഗ്ലിഷ് പ്രീമിയർ ലീഗ് (ഇപിഎൽ), മേജർ ലീഗ് ബേസ്‌ബോൾ (എംഎൽബി) എന്നിവയ്ക്കു പിന്നിൽ നാലാം സ്ഥാനത്താണു നിലവിൽ ഐപിഎൽ. ഇതിൽനിന്നു രണ്ടാം സ്ഥാനത്തേക്കുള്ള കുതിച്ചു കയറ്റമാണു ബോർഡ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. അടിസ്ഥാന വിലയ്ക്കാണു സംപ്രേഷണാവകാശത്തിനുള്ള കരാർ നൽകുന്നതെങ്കിൽപ്പോലും ഈ നേട്ടത്തിലെത്താൻ സാധിക്കുമെന്നു ബിസിസിഐ സെക്രട്ടറി ജെയ് ഷാ 'ദ് ഇന്ത്യൻ എക്സ്‌പ്രസി'നോടു പ്രതികരിച്ചു.

'നിലവിൽ ഒരു എൻഎഫ്എൽ മത്സരത്തിനായി സംപ്രേഷകർ ഏകദേശം 17 ദശലക്ഷം ഡോളർ (ഏകദേശം 133 കോടി രൂപ) നൽകേണ്ടതായുണ്ട്. ഏതൊരു സ്പോർട്സ് ലീഗിലെയും ഏറ്റവും ഉയർന്ന തുകയാണിത്. ഇംഗ്ലിഷ് പ്രീമിയർ ലീഗ് (ഏകദേശം 11 ദശലക്ഷം ഡോളർ), മേജർ ലീഗ് ബേസ്‌ബോൾ എന്നിവയാണു രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കഴിഞ്ഞ 5 വർഷ കാലയളവിൽ ഏകദേശം 9 ദശലക്ഷം ഡോളറാണ് ഒരു മത്സരത്തിന്റെ സംപ്രേഷണാവകാശത്തിൽനിന്നു ഞങ്ങൾക്കു ലഭിച്ചത്.

അടുത്ത 5 വർഷത്തേക്ക്, അടിസ്ഥാന വില കണക്കാക്കി നോക്കിയാൽപോലും ഒരു മത്സരത്തിൽനിന്നു 12 ദശലക്ഷം ഡോളർ (ഏകദേശം 94 കോടി രൂപ) ബിസിസിഐക്കു ലഭിക്കും. ആഗോള തലത്തിൽ നോക്കുമ്പോൾ ഇന്ത്യയുടെ വലിയ കുതിച്ചുചാട്ടമാണിത്. ഇനി എൻഎഫ്എൽ മാത്രമാകും നമുക്കു മുന്നിൽ' ജെയ് ഷായുടെ വാക്കുകൾ.

ഇംഗ്ലീഷ് പ്രീമിയർ ലീഗിനേക്കാളും കൂടുതൽ കാശ് വാരുന്നത് ഐപിഎൽ ആണെന്ന് മുൻ ഇന്ത്യൻ നായകനും ബി.സി.സിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയും വ്യക്തമാക്കുന്നു. 'കാലം പോകും തോറും ക്രിക്കറ്റിന് പരിണാമം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. താരങ്ങൾ കോടിക്കണക്കിന് രൂപയാണ് ഇപ്പോൾ സമ്പാദിച്ചുകൊണ്ടിരിക്കുന്നത് ഈ രാജ്യത്തെ ആളുകളും ആരാധകരുമാണ് ഐ.പി.എല്ലിനെ മുന്നോട്ട് കൊണ്ടുപോകുന്നത്, ഇതിനെ നിയന്ത്രിക്കുന്നതാകട്ടെ ആരാധകർ രൂപീകരിച്ച ബി.സി.സിഐയും. ഇംഗ്ലീഷ് പ്രീമിയർ ലീഗിനെക്കാളും കൂടുതൽ വരുമാനമാണ് ഐ.പി.എൽ നേടിക്കൊണ്ടിരിക്കുന്നത്,' ഗാംഗുലി പറയുന്നു.

ടീമുകളിൽ നിന്നുള്ള വരുമാനവും പുതിയ ടീമുകളെ ഉൾക്കൊള്ളിച്ചതിന്റെ ഭാഗമായി നേടിയ തുകയും സംപ്രേഷണാവാകാശത്തിനുള്ള മീഡിയ ലേലവുമടക്കം (50,000 കോടി ലഭിക്കണമെന്ന് ഗാംഗുലി നേരത്തെ ആവശ്യപ്പെട്ടിരുന്നു) ബി.സി.സിഐ ഈ സീസണിൽ മാത്രം കൈക്കലാക്കിയ പണത്തിന് കൈയും കണക്കുമില്ല. കഴിഞ്ഞ സീസണെ അപേക്ഷിച്ച് അൽപം കൂടി വലിയ ക്യാൻവാസിലായിരുന്നു ഇത്തവണത്തെ മത്സരം നടന്നത്. പുതിയ രണ്ട് ടീമുകളെ കൂടി ഉൾപ്പെടുത്തിയതിന് പിന്നാലെ 74 മത്സരങ്ങളാണ് ഗ്രൂപ്പ് ഘട്ടത്തിൽ നടന്നത്. അടുത്ത സീസൺ മുതൽ ഐ.പി.എല്ലിലെ മത്സരങ്ങളുടെ എണ്ണമടക്കം വർധിപ്പിച്ച് വരുമാനവും പ്രശസ്തിയും വർധിപ്പിക്കാനാണ് ബി.സി.സി ഐ ലക്ഷ്യമിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP