Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൈക്കൂലിക്കേസിൽ പിടിയിലായ വില്ലേജ് ഓഫീസർക്ക് സോഷ്യൽ മീഡിയയിൽ രക്തസാക്ഷി പരിവേഷം; അഴിമതിക്കെതിരേ പ്രതികരിക്കുന്ന തന്നെ കുടുക്കാൻ അണിയറ നീക്കമെന്ന വില്ലേജ് ഓഫീസറുടെ ഫേസ് ബുക്ക് പോസ്റ്റ്; സഹപ്രവർത്തകൻ നിരപരാധിയെന്ന് രണ്ടു വില്ലേജ് ഓഫീസർമാർ; രാജീവ് പ്രമാടം പെരുങ്കള്ളനെന്ന് സാക്ഷ്യപ്പെടുത്തി വിജിലൻസും

കൈക്കൂലിക്കേസിൽ പിടിയിലായ വില്ലേജ് ഓഫീസർക്ക് സോഷ്യൽ മീഡിയയിൽ രക്തസാക്ഷി പരിവേഷം; അഴിമതിക്കെതിരേ പ്രതികരിക്കുന്ന തന്നെ കുടുക്കാൻ അണിയറ നീക്കമെന്ന വില്ലേജ് ഓഫീസറുടെ ഫേസ് ബുക്ക് പോസ്റ്റ്; സഹപ്രവർത്തകൻ നിരപരാധിയെന്ന് രണ്ടു വില്ലേജ് ഓഫീസർമാർ;  രാജീവ് പ്രമാടം പെരുങ്കള്ളനെന്ന് സാക്ഷ്യപ്പെടുത്തി വിജിലൻസും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കൈക്കൂലിക്കേസിൽ പിടിയിലായ വില്ലേജ് ഓഫീസർ നിരപരാധിയാണെന്നും കുടുക്കിയതാണെന്നുമുള്ള തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം. തങ്ങളുടെ വിശ്വാസ്യത തകർക്കുന്ന പ്രചാരണത്തിനെതിരേ വിജിലൻസും പ്രതികരിച്ചതോടെ വില്ലേജ് ഓഫീസറുടെ ചെമ്പ് തെളിഞ്ഞു. 1.62 ഏക്കർ വസ്തു പോക്കുവരവ് ചെയ്യുന്നതിന് 5000 രൂപ കൈക്കൂലി ചോദിച്ചു വാങ്ങി വിജിലൻസ് പിടിയിലായ ചെറുകോൽ വില്ലേജ് ഓഫീസർ എസ്. രാജീവ് പ്രമാടത്തിന് വേണ്ടിയാണ് ചില സോഷ്യൽ മീഡിയ ഗ്രൂപ്പിൽ വ്യാപക പ്രചാരണം നടന്നത്.

ഫേസ് ബുക്കിൽ സജീവമായ രാജീവിന്റെ ചില മുൻകാല പോസ്റ്റുകൾ ഉദ്ധരിച്ചാണ് രക്തസാക്ഷി പരിവേഷം ചമച്ചത്. എന്നാൽ, ഇയാൾ നമ്പർ വൺ കള്ളനാണെന്നും പിടിക്കപ്പെടുമ്പോൾ പിടിച്ചു നിൽക്കാനുള്ള അടവായിരുന്നു ഫേസ് ബുക്ക് പോസ്റ്റെന്നും വിജിലൻസ് വ്യക്തമാക്കി. കോട്ടാങ്ങൽ വില്ലേജ് ഓഫീസർ ആയിരിക്കുമ്പോഴും രാജീവിനെതിരേ പരാതി ഉണ്ടായിരുന്നു. യഥാർഥ ജീവിതത്തിൽ അഴിമതിക്കാരനായ രാജീവ് അത് മറയ്ക്കാൻ സോഷ്യൽ മീഡിയയിൽ അഴിമതിക്കെതിരായ പോരാളിയുടെ വേഷം അണിയുകയായിരുന്നു. ഫെബ്രുവരി ഒന്നിന് രാജീവ് ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിലാണ് തന്നെ കുടുക്കാൻ പോകുന്നുവെന്ന പരാമർശമുള്ളത്.

ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഞാൻ കുറേ നാളുകളായി അഴിമതിക്കാർക്കെതിരെ കടിഞ്ഞാണിടുന്നതിനു വേണ്ടി പോരാടുന്നു. നമ്മുടെ കൂട്ടത്തിൽ തന്നെ ചിരിച്ചു കൊണ്ടിരിക്കുന്ന പല ഉദ്യോഗസ്ഥ മുഖങ്ങൾ എന്നെ എന്തിനാണ് സപ്പോർട്ട് ചെയ്യുന്നത് അവൻ വലിയ പ്രശ്നക്കാരനാണ് നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ എന്നുള്ള രീതിയിൽ ചർച്ചകൾ കാര്യമായി നടക്കുന്നുണ്ടെന്ന് അറിഞ്ഞു.

ഈ പറയുന്ന കൂട്ടർ എനിക്കെതിരെ പല കുടുക്കു പണികളുമായി വരുമെന്ന് എനിക്ക് നല്ല ബോദ്ധ്യമുണ്ട്. അല്ലെങ്കിൽ ആരെ കൊണ്ടെങ്കിലും ചെയ്യിപ്പിക്കും.എനിക്ക് അതൊന്നും ഒരു പ്രശ്നമല്ല. എന്നെ ഒറ്റപ്പെടുത്തിയാലും എനിക്ക് ഒന്നും ഇല്ല. എനിക്ക് പൊതുജനം മാത്രം മതി. അഴിമതിക്കെതിരെ ഞാൻ വീണ്ടും പോരാടും. കൂലി വേല ചെയ്ത് ജീവിച്ചു കൊള്ളാം. മരണത്തിൽ ഭയമില്ല. സ്നേഹ നിധിയായ യേശുക്രിസ്തുവിനെ വരെ കള്ളനെന്ന് പറഞ്ഞ് കുരിശിലേറ്റിയ സമൂഹം ആണ് നമ്മുടേത്.

പണവും സ്വാധീനവും ഉള്ളവർക്ക് ഇവിടെ ഒന്നും സംഭവിക്കുന്നില്ല. നേരെ വാ നേരെ പോ അതാണ് എന്റെ പോളിസി. എന്റെ പ്രിയപ്പെട്ടവർക്ക് എന്ത് ആവശ്യമുണ്ടെങ്കിലും നിങ്ങൾക്ക് ഒരോരുത്തർക്കും എന്നെ ബന്ധപ്പെടാം. കരക്കിരുന്ന് ഏഷണി പറയുന്നവർ മുട്ടാൻ വരുന്നവർ നേരിട്ട് വരണം: ഒളിച്ചും പാത്തും വരരുത്. ഈ ലോകത്തു നിന്നും ആരും ഒന്നും കൊണ്ടുപോകുന്നില്ല.

കൃത്യമായ പരാതിയുടെയും വ്യക്തമായ തെളിവിന്റെയും അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് വിജിലൻസ് ഡിവൈ.എസ്‌പി ഹരിവിദ്യാധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇയാളെക്കുറിച്ചുള്ള ചില പരാതികൾ ആധാരമാക്കിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാജീവിനെ വിജിലൻസ് പിടിച്ചുവെന്നറിഞ്ഞ് ചിലർ വില്ലേജ് ഓഫീസിൽ ഓടിയെത്തി വിജിലൻസ് ഉദ്യോഗസ്ഥരുമായി തങ്ങളുടെ അനുഭവങ്ങൾ പങ്കു വച്ചു. മാതാപിതാക്കൾ മരിച്ചു പോയതിനാൽ മൂന്ന് ആധാരം പോക്കുവരവ് ചെയ്തു കിട്ടുന്നതിന് വേണ്ടി വില്ലേജ് ഓഫീസറെ സമീപിച്ചവരോട് ആവശ്യപ്പെട്ട കൈക്കൂലി 40,000 രൂപയായിരുന്നു.

ഇതിനായി അപേക്ഷകന് മനസിലാകാത്ത വാക്കുകളും ഉപയോഗിച്ചു. ഒമ്പതു തവണ കയറിയിറങ്ങിയിട്ടും കാര്യം സാധിക്കാതെ വന്നപ്പോഴാണ് 40,000 രൂപ കൈക്കൂലി തന്നാൽ എല്ലാം ശരിയാക്കാമെന്ന് രാജീവ് പറഞ്ഞത്. ഒടുവിൽ 30,000 രൂപയ്ക്ക് ഉറപ്പിച്ചു. ആദ്യ ഗഡുവായി 15,000 രൂപ കൈപ്പറ്റിയിരുന്നു. ബാക്കി തുക രണ്ടു ദിവസം കഴിഞ്ഞ് കൊടുക്കാനിരിക്കേയാണ് വിജിലൻസ് പിടിയിലായത്. തങ്ങളുടെ കാര്യം നടക്കാൻ ബുദ്ധിമുട്ടാകുമെന്ന് കരുതിയാണ് വില്ലേജ് ഓഫീസർക്ക് വഴങ്ങേണ്ടി വന്നതെന്നും ഇവർ വിജിലൻസ് ഡിവൈ.എസ്്പിയോട് പറഞ്ഞു.

പ്രതികൾ അറസ്റ്റിലാകാൻ കാരണമായത് വയലത്തല സ്വദേശി ഷാജി ജോണിന്റെ പരാതിയാണ്. 1.62 ഏക്കർ പോക്കുവരവ് ചെയ്യുന്നതിന് 5000 രൂപയാണ് വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടത്. തുടർന്നാണ് ഷാജി വിജിലൻസിൽ പരാതി നൽകിയതും നാഫ്ത്തലിൻ പുരട്ടിയ നോട്ട് വിജിലൻസ് നൽകിയതും. കൈക്കൂലിപ്പണം രാജീവും വില്ലേജ് അസിസ്റ്റന്റ് ജിനുവും വാങ്ങിയതിന് ശേഷമായിരുന്നു വിജിലൻസ് ഉദ്യോഗസ്ഥർ ചെന്നത്.

ലായനിയിൽ കൈമുക്കിയപ്പോൾ തന്നെ പണം വാങ്ങിയെന്ന് തെളിഞ്ഞു. ആ പണം എവിടെയെന്ന് ചോദിച്ചപ്പോൾ ഒളിപ്പിച്ചു വച്ചിടത്തു നിന്ന് എടുത്തു കൊടുത്തതും രാജീവായിരുന്നു. ബ്രൗൺ കവറിലാക്കിയ കണക്കിൽപ്പെടാത്ത 2500 രൂപ കൂടി വിജിലൻസ് സംഘം കണ്ടെടുത്തു. വിജിലൻസ് ചെല്ലുന്നതിന് മുൻപ് മണ്ണെടുപ്പുകാരിൽ നിന്ന് കൈപ്പറ്റിയ കൈക്കൂലിപ്പണമായിരുന്നു അതെന്നും ഡിവൈ.എസ്‌പി പറഞ്ഞു. ആരെയും മനഃപൂർവം കുടുക്കാൻ വിജിലൻസിന് കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേ സമയം കഴിഞ്ഞ ദിവസം ഉച്ചയോടെ രാജീവ് നിരപരാധിയാണെന്ന് പറഞ്ഞ് രണ്ടു വില്ലേജ് ഓഫീസർമാർ പത്തനംതിട്ട വിജിലൻസ് ഓഫീസിൽ എത്തി. ഇവർ രണ്ടു പേരും വിജിലൻസ് അന്വേഷണം നേരിടുന്നവരാണ് എന്നതാണ് ഏറെ രസകരം. രാജീവിനെ ന്യായീകരിച്ച് സംസാരിക്കാനെത്തിയവർ മദ്യലഹരിയിലായിരുന്നുവെന്നും പറയുന്നു. വിജിലൻസ് ഉദ്യോഗസ്ഥർ ഇവരെ അനുനയിപ്പിച്ചു മടക്കി വിടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP