Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പരിസ്ഥിതിലോല വിഷയത്തിൽ സർക്കാരിന്റേത് ഇരട്ടത്താപ്പ് നിലപാട്; മുൻ മന്ത്രിസഭായോഗ തീരുമാനം മറച്ചുവച്ചുകൊണ്ടാണ് മുഖ്യമന്ത്രിയും വനംമന്ത്രിയും പച്ചക്കള്ളം പ്രചരിപ്പിക്കുന്നത്; ജനങ്ങളുടെ ആശങ്കയ്ക്ക് അറുതി വരുത്തണമെന്ന് കെ.സുധാകരൻ എംപി

പരിസ്ഥിതിലോല വിഷയത്തിൽ സർക്കാരിന്റേത് ഇരട്ടത്താപ്പ് നിലപാട്; മുൻ മന്ത്രിസഭായോഗ തീരുമാനം മറച്ചുവച്ചുകൊണ്ടാണ് മുഖ്യമന്ത്രിയും വനംമന്ത്രിയും പച്ചക്കള്ളം പ്രചരിപ്പിക്കുന്നത്; ജനങ്ങളുടെ ആശങ്കയ്ക്ക് അറുതി വരുത്തണമെന്ന് കെ.സുധാകരൻ എംപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പരിസ്ഥിതിലോല മേഖലയെ സംബന്ധിച്ച വിഷയത്തിൽ കേരള സർക്കാരിന്റെ നിലപാട് ഇരട്ടത്താപ്പാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.

പരിസ്ഥിതിലോല മേഖല (ഇഎസ്സെഡ്) നിശ്ചയിക്കുന്നതിൽ സർക്കാർ ഒളിച്ചുകളി നടത്തുകയാണ്. സംരക്ഷിത വനമേഖലക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കണമെന്ന് 2019 ഒക്ടോബർ ഇരുപത്തിമൂന്നിന് ചേർന്ന മന്ത്രിസഭായോഗ തീരുമാനം മറച്ചുവെച്ചുകൊണ്ടാണ് മുഖ്യമന്ത്രിയും വനംമന്ത്രിയും പച്ചക്കളം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്. ജനങ്ങളെ വിഡ്ഢികളാക്കുന്ന അവസരവാദ നിലപാടുകളാണ് കേരള സർക്കാർ സ്വീകരിക്കുന്നത്.

പശ്ചിമഘട്ട പ്രദേശങ്ങളിലുണ്ടായ ശക്തമായ എതിർപ്പും പ്രതിഷേധവും തിരിച്ചറിഞ്ഞാണ് സിപിഎമ്മും സർക്കാരും എൽഡിഎഫും ഇപ്പോൾ മുൻനിലപാടിൽ നിന്ന് മലക്കം മറിഞ്ഞത്. കുറ്റസമ്മതം പോലുള്ള വനംമന്ത്രി എകെ ശശീന്ദ്രന്റെ പ്രതികരണവും സർക്കാരിന്റെ ഉത്തരവിനെതിരെ സർക്കാർതന്നെ കോടതിയെ സമീപിക്കുന്ന നടപടിയും വിചിത്രമാണ്. സർക്കാരിന്റെ ഇപ്പോഴത്തെ നടപടി ഒട്ടും ആത്മാർത്ഥയില്ലാത്തതും കപടവുമാണെന്നും സുധാകരൻ പറഞ്ഞു.

വനവിസ്തൃതിയിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം.ജനസാന്ദ്രത കൂടുതലുള്ള കേരളത്തിൽ വന്യമൃഗശല്യം ഇപ്പോൾ തന്നെ വലിയ ഒരു ജീവൽപ്രശ്നമായി മാറിയിട്ടുണ്ട്.അതിനാൽ കൂടുതൽ പ്രദേശങ്ങളിലേക്ക് വനനിയമങ്ങൾ വ്യാപിപ്പിക്കുന്നത് കർഷകരെയും ഇവിടെങ്ങളിൽ താമസിക്കുന്ന സാധാരണക്കാരെയും വികസന പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും.പ്രകൃതിയെ സംരക്ഷിക്കുന്നതോടൊപ്പം ഈ മേഖലയിലെ ജനങ്ങളുടെ ജീവനോപാധിയും സുരക്ഷയും നിലനിർത്തേണ്ടതും പ്രധാനമാണ്. മലയോര കർഷകരുടെ നിരാശയും ആശങ്കയും അകറ്റുന്നതിന് കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ഒന്നും ചെയ്തില്ല.

സർക്കാരുകളുടെ നിസംഗനിലപാടുകളാണ് മലയോരമേഖവാസികളുടെ ഇന്നത്തെ ദുരിതങ്ങൾക്ക് കാരണം.വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്ക് ചുറ്റും പരിസ്ഥിതിലോല പ്രദേശം നിശ്ചയിക്കുമ്പോൾ ജനവാസ കേന്ദ്രങ്ങളെ ബാധിക്കാതിരിക്കാൻ നിയമനിർമ്മാണം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതിൽ ഗുരുതര വീഴ്ചയാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ബഫർ സോണിലെ നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടും അത് സമയബന്ധിതമായി സമർപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ല. കേരളത്തിന്റെ ഭൂഘടനയും ജനങ്ങളുടെ ദുരിതവും കോടതിയിൽ കൃത്യമായി വിശദീകരിച്ച് ബോധ്യപ്പെടുത്താനുള്ള അവസരം സർക്കാരിന്റെ ഉദാസീനത കൊണ്ട് നഷ്ടമായി.

സംരക്ഷിത വനാതിർത്തിയിൽനിന്ന് ഒരു കിലോമീറ്റർ പരിധി വരെ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കണമെന്ന സുപ്രീംകോടതി നിർദ്ദേശ പ്രകാരവും സംസ്ഥാന സർക്കാരിന്റെ മന്ത്രിസഭാ തീരുമാന പ്രകാരവും നാലുലക്ഷത്തോളം ഏക്കർ ഭൂമി ഇതിന്റെപരിധിയിൽ വരുകയും ഒരു ലക്ഷത്തോളം കുടുംബങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുകയും ചെയ്യും.ഈ മേഖലയിലെ ജനങ്ങളുടെ ആശങ്കയ്ക്കും ദുരിതത്തിനും പരിഹാരം കാണേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ജനവാസ മേഖലയേയും കൃഷി സ്ഥലങ്ങളേയും പൂർണ്ണമായി ഒഴിവാക്കികൊണ്ടുള്ളതായിരിക്കണം കേരളത്തിന്റെ ഇഎസ്സെഡെന്നും അത് മുൻനിർത്തിയുള്ള തീരുമാനം ഉടൻ ഉണ്ടാകണമെന്നും സുധാകരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP