Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

സീമയുടെ ശബ്ദത്തിന്റെ ഉടമ; പ്രായത്തിന്റെ ചാപല്യത്തിലെ ഒന്നാം വിവാഹവും അച്ഛനെയും അമ്മയെയും പിരിഞ്ഞ് അഞ്ച് വർഷങ്ങളും; ഒരു സാരിയിൽ സ്നേഹം ഒളിപ്പിച്ച കൂട്ടുകാരി രാജി; വെളിച്ചംവീശിയ ശ്രീകുമാരൻ തമ്പിച്ചേട്ടനും രക്ഷകനായെത്തിയ സുകുമാരനും; മല്ലിക സുകുമാരൻ ജീവിതം പറയുന്നു

സീമയുടെ ശബ്ദത്തിന്റെ ഉടമ;  പ്രായത്തിന്റെ ചാപല്യത്തിലെ ഒന്നാം വിവാഹവും അച്ഛനെയും അമ്മയെയും പിരിഞ്ഞ് അഞ്ച് വർഷങ്ങളും; ഒരു സാരിയിൽ സ്നേഹം ഒളിപ്പിച്ച കൂട്ടുകാരി രാജി; വെളിച്ചംവീശിയ ശ്രീകുമാരൻ തമ്പിച്ചേട്ടനും രക്ഷകനായെത്തിയ സുകുമാരനും; മല്ലിക സുകുമാരൻ ജീവിതം പറയുന്നു

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: ഒരു വാണീജ്യ സിനിമാക്കഥപോലെ അതിന്റെ ചേരുവകൾ എല്ലാം നിറഞ്ഞതാണ് മല്ലിക സുകുമാരന്റെ ജീവിതം.പ്രായത്തിന്റെ ചാപല്യത്തിലെ പ്രണയവും ഒളിച്ചോട്ടവും രണ്ടാം വിവാഹവും ഉൾപ്പടെ സംഭവബഹുലമായ ജീവിതം.ജീവിതം അത്രമേൽ പ്രതിസന്ധി സൃഷ്ടിച്ചപ്പോഴും മനസാന്നിദ്ധ്യം കൊണ്ട് അതിനെയൊക്കെ അതിജീവിച്ച ഒരു സ്ത്രീയെയും ഈ സംഭാഷണത്തിൽ കാണാം.

ഒപ്പം സിനിമാ പ്രേമികൾക്ക് അധികമാർക്കും അറിയാത്ത നടി സീമയുടെ ശബ്ദത്തിന് പിന്നിലെ യഥാർത്ഥ മുഖം ആരെന്ന വെളിപ്പെടുത്തലുകളടക്കം രസകരമായ ചില തുറന്നുപറച്ചിലുകളും.. പ്രണയം വിവാഹം ഡിവോഴ്സ് രണ്ടാം വിവാഹം ..മല്ലിക സുകുമാരൻ ജീവതം പറയുയാണ്..

അഭിമുഖത്തിന്റെ രണ്ടാം ഭാഗം


രാഷ്ട്രീയപരമായും മറ്റും സജീവമായ ഒരു കുടുംബത്തിൽ അത്രകണ്ട് യോജിക്കാത്തതാണ് സിനിമ മേഖല.അത്തരമൊരു കുടുംബത്തിൽ നിന്ന് എങ്ങിനെ സിനിമയിലെത്തി?

സിനിമയിലേക്കെത്തിയത് പറയാം.കോളേജിൽ പഠിക്കുമ്പോൾ അറിയാമല്ലോ അത്യാവശ്യം കലാപ്രവർത്തനങ്ങളൊക്കെയായി സജീവമായിരുന്നു.അങ്ങിനെ ഇന്റർകോളേജ് ഫെസ്റ്റിനൊക്കെ പോകും.ആ പ്രായത്തിന്റെതായ എല്ലാ ചാപല്യങ്ങളും അന്നെനിക്കുണ്ടായിരുന്നു.അങ്ങിനെയാണ് പ്രണയം ഉണ്ടാകുന്നത്.യുത്ത്‌ഫെസ്റ്റിവൽ വേദിയിൽ കണ്ടുമുട്ടിയൊരാള്.അദ്ദേഹവും അന്ന് കോളേജിൽ പഠിക്കുകയായിരുന്നു.ഞാൻ എന്റെ കോളേജിനെ പ്രതിനിധീകരിച്ചും അദ്ദേഹം അദ്ദേഹത്തിന്റെ കോളേജിനെ പ്രതിനിധീകരിച്ചും എത്തുന്നു.

ബാലചന്ദ്രമേനോൻ,വേണുനാഗവള്ളി തുടങ്ങി ഒരുപാട് സുഹൃത്തുക്കൾ എനിക്കുണ്ടാകുന്നതും അക്കാലത്താണ്.അദ്ദേഹത്തെയും പരിചയപ്പെടുന്നത് അങ്ങിനെയാണ്.കണ്ടു സംസാരിച്ചു അങ്ങിനെ നല്ല പരിചയത്തിലായി.പക്ഷെ അപ്പോൾ തന്നെ ഈ കാര്യം വീട്ടിൽ സമ്മതിക്കില്ലെന്ന് എനിക്കുറപ്പായിരുന്നു.ഞാനും എന്റെ വീട്ടിൽ അവതരിപ്പിച്ചില്ല അദ്ദേഹവും അവതരിപ്പിച്ചില്ല. പക്ഷെ ഒരു സുപ്രഭാതത്തിൽ അദ്ദേഹം എന്നെയും കൊണ്ട് അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് ഇറങ്ങുകയായിരുന്നു.ഡിഗ്രി അവസാന വർഷമായിരുന്നു സംഭവം.

അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് എല്ലാംശരിയാക്കി എന്റെ വീട്ടിലും പറയാം എന്നായിരുന്നു പ്ലാൻ.പക്ഷെ എന്റെ വീട്ടിൽ പോകാനോ വിഷയം അവതരിപ്പിക്കാനോ ആരും ഇനീഷ്യേറ്റീവ് എടുത്തില്ല.അഞ്ച് വർഷത്തോളം അമ്മയെയും അച്ഛനെയും കാണാതെ നിന്നു.എന്റെ പഠനം മുടങ്ങി.വർഷം കഴിഞ്ഞതോടെ അവിടെ സാമ്പത്തിക പ്രശ്‌നങ്ങൾ വന്നുതുടങ്ങി.അന്ന് ഇദ്ദേഹത്തിനും ജോലിയൊന്നുമില്ല.അങ്ങിനെ കുടുംബത്തിൽ ചില പ്രയാസങ്ങൾ വന്ന് തുടങ്ങി.

ആ സമയത്താണ് തിക്കോടിയൻ സർ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ സിനിമയിൽ എനിക്കൊരു അവസരം വാഗ്ദാനം ചെയ്യുന്നത്.എന്റെ വല്ല്യച്ഛന്മാരുമായൊക്കെ അദ്ദേഹത്തിന് നല്ല ബന്ധമായിരുന്നു.അങ്ങിനെയാണ് എന്നെ അദ്ദേഹത്തിന് പരിചയം.ഉത്തരായനമായിരുന്നു ചിത്രം.പക്ഷെ എനിക്കൊരു ഉത്തരം ഇല്ലായിരുന്നു.കാരണം അദ്ദേഹത്തോട് അനുമതി ചോദിക്കണം പിന്നെ പരിചയമില്ലാത്ത മേഖല അങ്ങിനെ ഒരുപാട് ചിന്തകൾ.പക്ഷെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഞാൻ ഉത്തരം പറയും മുന്നെ അദ്ദേഹമാണ് മറുപടി നൽകിയത്.അതിനിപ്പൊ എന്താ ധൈര്യമായി ചെയ്‌തോളു എന്നായിരുന്നു മറുപടി.

ആ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്ന് വച്ചാൽ അരവിന്ദൻ സർന്റെ ആദ്യത്തെ സിനിമയായിരുന്നു.അത് എനിക്ക് വളരെ സന്തോഷവും ഒപ്പം പേടിയും ഉണ്ടാക്കുന്ന കാര്യമായിരുന്നു.അങ്ങിനെ ലോക്കെഷനിലെത്തി.അവിടെയും തുടക്കം ബഹുരസമായിരുന്നു. നായകൻ മോഹൻദാസ് സൈക്കിളിൽ വരുന്നു.എതിർവശത്ത് വരുന്ന എന്നോട് അവിടെ നിൽക്കാൻ പറയുന്നു.എന്നെ വീട്ടിൽ അന്വേഷിക്കും ഞാൻ പോട്ടെ എന്ന് പറഞ്ഞ് ഞാൻ നടന്നുപോകുന്നു.അതാണ് സീൻ.അരവിന്ദൻ സർന്റെ രീതി അറിയാമല്ലോ വളരെ പതുക്കയെ സംസാരിക്കു.അന്ന് ഇന്നത്തെപ്പോലെ മൈക്ക് ഉപയോഗിക്കുന്ന രീതിയൊന്നുമില്ലലോ.സർ പറഞ്ഞതൊന്നും എനിക്ക് മനസ്സിലായില്ല.കേൾക്കുന്നില്ല അതാണ് പ്രശ്‌നം.ഒടുവിൽ തിക്കോടിയൻ സർ എത്തി സംസാരിച്ചാണ് ആ രംഗം എടുത്തത്.

അത് കഴിഞ്ഞപ്പോ അരവിന്ദൻ സർ തന്നെ വന്നു പറഞ്ഞു മോള് മിടുക്കിയായി ചെയ്തല്ലോ നന്നായി എന്ന്.അത് കേട്ടപ്പോൾ എനിക്കൊരു ആത്മവിശ്വാസവും ധൈര്യവും ഒക്കെ വന്നു.അങ്ങിനെ കുറച്ച് ദിവസം കൊണ്ട് ഷൂട്ടിങ്ങ് തീർന്നു.പോകാൻ നേരം തിക്കൊടിയൻ സർ ഒരു അഞ്ഞുറു രൂപ കവറിലിട്ട് മോൾക്ക് ഇഷ്ടമുള്ളത് വാങ്ങിച്ചോ എന്ന് പറഞ്ഞ് തന്നു.അച്ഛനെ വിട്ട് ഇറങ്ങിയ ശേഷം ആദ്യമായാണ് എന്റെ കൈയിൽ കുറച്ച് പൈസ കിട്ടുന്നത്.ഇന്നത്തെ അമ്പതിനായിരത്തിന്റെ വിലയുണ്ട് അന്നത്തെ അഞ്ഞുറിന്.ഞാൻ ആ തുക അതേപടി അദ്ദേഹത്തിനെ എൽപ്പിക്കുകയും ചെയ്തു.

അത് തൊട്ടുപിന്നാലെയാണ് ഹമീദ് കാരശേരിയുടെ പടം കാർത്തിക വിളക്കിലേക്ക് ക്ഷണം വരുന്നത്.അതിൽ കുറച്ച് കൂടി പ്രധാനവേഷമായിരുന്നു.നായിക റാണിചന്ദ്രയുട കൂട്ടുകാരിയുടെ വേഷം.പക്ഷെ ആ ചിത്രത്തിന്റെ ഷൂട്ടിങ്ങ് തമിഴ്‌നാട്ടിലായിരുന്നു.അതായിരുന്നു ആകെ വിഷമം.അപ്പോഴേക്കും സാമ്പത്തിക പ്രശ്‌നങ്ങൾ കൊണ്ടുതന്നെ ഞങ്ങൾക്കിടയിൽ ചില അസ്വാരസ്യങ്ങൾ തുടങ്ങിയിരുന്നു.ആരുടെയും കുറ്റമല്ല.സാമ്പത്തിക പ്രശ്‌നങ്ങൾ തന്നെ കാരണം.അതുകൊണ്ട് തന്നെ ചെന്നയിലേക്ക് പോകാനും ഞങ്ങൾ കഷ്ടപ്പെട്ടു.അന്ന് ഞങ്ങളുടെ വീടിന്റെ അടുത്ത് ഏറാടി മഠം എന്നൊരു വീടുണ്ട്.അവർക്ക് നമ്മുടെ ബുദ്ധിമുട്ട് ഒക്കെ അവർക്കറിയാം.അവിടെ ഉള്ള ഒരു വയസ്സായ മനുഷ്യനുണ്ട്.അദ്ദേഹമാണ് തമിഴ്‌നാട്ടിലേക്ക് പോകാനുള്ള 500 രൂപ നമുക്ക് തരുന്നത്.അങ്ങിനെയാണ് ഞങ്ങൾ ചെന്നൈയിലേക്ക് പോകുന്നത്.

കെഎംകെ മേനോൻ അങ്കിൾ അന്ന് അവിടെയായിരുന്നു.അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു താമസം.അവിടെ താമസിച്ചാണ് കാർത്തികവിളക്കിൽ അഭിനയിക്കുന്നത്.അവിടെ നിന്ന് അദ്ദേഹവും സിനിമയിൽ ശ്രമം തുടങ്ങി.സിനിമയിലേക്ക് ഗൗരവത്തോടെ പോകാനുള്ള ഒരു ചിന്ത നമ്മളിൽ ഉണ്ടാക്കിയത് ശ്രീകുമാരൻ തമ്പി ചേട്ടനാണ്.അദ്ദേഹത്തെ എനിക്ക് ഈ ജീവിതത്തിൽ മറക്കാൻ സാധിക്കില്ല.അദ്ദേഹത്തിന്റെ ഭാര്യ രാജിചേച്ചി എന്റെ അടുത്ത സുഹൃത്താണ്.അവർ വഴിയാണ് ശ്രീകുമാരൻ തമ്പിച്ചേട്ടനെ പരിചയപ്പെടുന്നത്.എന്റെ സിനിമാ ജീവിതത്തിലെ തന്നെ ബ്രേക്കായ വിൻസന്റ് സാറുമായി പരിചയപ്പെടുന്നത് ശ്രീകുമാരൻ തമ്പിച്ചേട്ടൻ വഴിയാണ്.

വിൻസന്റ് സറിന്റെ സെറ്റിൽ തമാശകളൊന്നും ഇല്ല.സംഭാഷണങ്ങൾ കാണാതെ പഠിച്ച് പറയുന്നതാണ് രീതി. പ്രോംപ്റ്റിങ്ങ് ഇല്ല.മാത്രമല്ല അന്ന് ഡബ്ബിങ്ങ് ഇല്ല.അഭിനയിക്കുന്ന സ്ഥലത്ത് രണ്ട് മൈക്ക് ഫിറ്റ് ചെയ്ത് അതിലേക്ക് നേരിട്ട് റെക്കോർഡ് ചെയ്ത് ഉപയോഗിക്കുന്നതാണ് രീതി.അത്രയും ഉറക്കെ പറഞ്ഞാൽ മാത്രമെ അന്ന് ശബ്ദം കേൾക്കു.അന്ന് അതൊക്കെ ഒരു ബുദ്ധിമുട്ടായി തോന്നിയെങ്കിലും അങ്ങിനെ ചെയ്തതുകൊണ്ടാണ് ഇന്നും പ്രോംപ്റ്റ് ഇല്ലെങ്കിലും ഡയലോഗ് കാണാതെ പഠിച്ച് പറയാൻ ഞങ്ങൾക്കൊക്കെ സാധിക്കുന്നത്.

ആ സമയത്ത് തന്നെ അദ്ദേഹത്തിനും സിനിമയിൽ ചെറിയ ചെറിയ വേഷങ്ങൾ ലഭിച്ച് തുടങ്ങിയിരുന്നു.എനിക്കും പടങ്ങൾ കിട്ടുന്നുണ്ട്.അങ്ങിനെ സ്വന്തമായി ഒരു വീട്ടിലേക്ക് മാറാം എന്ന നിലവന്നു.അന്ന് വേറൊരു ഭാഗ്യം ഉണ്ടായത്.എന്റെ മലയാളം ഉച്ഛാരണം വലിയ പ്രശ്മില്ലാത്തതാണ് എന്നാണ് പലരും പറഞ്ഞിരുന്നത്.അങ്ങിനെ അഭയദേവ് സർ അക്കാലത്ത് കുറെ അന്യഭാഷ ചിത്രങ്ങൾ ഡബ് ചെയ്ത് മലയാളത്തിൽ ഇറക്കുമായിരുന്നു.അദ്ദേഹം വഴി അത്തരം സിനിമകളിൽ ഡബ്ബ് ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചു.അത് അത്യാവശ്യം നല്ല വരുമാനവുമായിരുന്നു.

നിങ്ങൾ തമ്മിലുള്ള ഭിന്നതയ്ക്ക് ചേച്ചിയുടെ ഈ വളർച്ച കാരണമായോ? ഈഗോ ഉണ്ടായിരുന്നോ?

ഈഗോ അല്ല.സാമ്പത്തീക പ്രതിസന്ധി തന്നെയായിരുന്നു ഞങ്ങൾക്കിടയിലെ പ്രശ്‌നം. ബുദ്ധിമുട്ട് വന്നപ്പോ എന്റെ സ്വർണ്ണമൊക്കെ വിൽക്കേണ്ടി വന്നു.അതിലൊക്കെ അദ്ദേഹത്തിന് കുറ്റബോധവും ഉണ്ടായിരുന്നു.(അതൊക്കെ വിട്ടുകളന്നേ.. നമ്മളെന്തിനാ ഈ ഒന്നാം ക്ലാസ് മുതലുള്ള കാര്യങ്ങളൊക്കെ വീണ്ടും ചർച്ചയാക്കുന്നുവെന്ന് പറഞ്ഞ് അ സംസാരം അവിടെ കട്ട് ചെയ്യുന്നു).അതിനൊക്കെ പുറമെ ആ സമയമാകുമ്പോഴേക്കും അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും അദ്ദേഹത്തെ വിളിക്കാനും സംസാരിക്കാനും ഒക്കെ തുടങ്ങി.പക്ഷെ എന്നെ വിളിക്കാനോ സംസാരിക്കാനോ ഒന്നും ആരും ഇല്ലാതെയായി.എന്റെ വീട്ടുകാരും ഇല്ല അദ്ദേഹത്തിന്റെ വീട്ടുകാരും ഇല്ല.

അപ്പോ സിനിമയിലൊക്കെ സജീവമായിട്ടും ചേച്ചിയുടെ വീട്ടുകാരുമായി കോൺടാക്ടൊന്നും ഇല്ലായിരുന്നോ?

അതിലൊരു കഥയുണ്ട്.എന്റെ അമ്മ അച്ഛനറിയാതെ അമ്മാവന്റെ മകളോടൊപ്പം പോയി എന്റെ സിനിമകൾ കാണുകയും എന്നെപ്പറ്റി അന്വേഷിക്കുകയും ചെയ്യും.അതിലേറെ രസം അമ്മയറിയാതെ എന്റെ കാര്യങ്ങളെല്ലാം അച്ഛനും അന്വേഷിച്ചിരുന്നു.രണ്ടുപേരും പരസ്പരം പറയത്തില്ല.ഒറ്റയ്ക്ക് കയറിച്ചെല്ലാനുള്ള ഭയം കൊണ്ട് ഞാൻ അങ്ങോട്ട് പോയേ ഇല്ല.പക്ഷെ അപ്പോഴേക്കും അദ്ദേഹം അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം കൂടുതൽ അടുത്തിരുന്നു. അപ്പോൾ ഷൂട്ടൊക്ക കഴിഞ്ഞാൻ അദ്ദേഹം കുറച്ച് ദിവസമൊക്കെ അവിടെപ്പോയി നിൽക്കും.അപ്പോൾ ഞാൻ ചെന്നൈയിൽ ഒറ്റയ്ക്ക്.

അന്ന് അവിടെ ഞങ്ങളുടെ അയൽവാസികളായി തിക്കുറിശ്ശിമാമൻ, ബഹദുർ ചേട്ടൻ ഒക്കെ ഉണ്ടായിരുന്നു.എന്റെ അവസ്ഥയറിഞ്ഞ് അവരൊക്കെ എന്നോട് ചോദിച്ചു കുഞ്ഞെ നിനക്ക് ഇതിന്റെ വല്ല കാര്യവുമുണ്ടോ? വീട്ടിൽ ചെന്ന് അച്ഛനോടും അമ്മയോടും ഒക്കെ കാര്യം പറയണം എന്താ നടന്നതെന്നൊക്കെ.അപ്പോഴും എനിക്ക് സഹായം തമ്പിച്ചേട്ടന്റെ ഭാര്യ രാജി തന്നെയായിരുന്നു.അവർ ഒരു സാരി വാങ്ങിയാൽ എന്നോട് ചോദിക്കും നിനക്കും ഒന്ന് വാങ്ങട്ടേന്ന് എന്ന്.. അത്രയ്ക്ക് സ്‌നേഹമായിരുന്നു.എനിക്ക് അതൊന്നും ഈ ജന്മം മറക്കാൻ പറ്റില്ല.

അപ്പോഴേക്കും നിങ്ങളുടെ ബന്ധത്തിൽ വിള്ളൽ വീണിരുന്നോ? അദ്ദേഹത്തിന്റെ വേറെ ചിലബന്ധങ്ങളെക്കുറിച്ചൊക്കെ അറിഞ്ഞിരുന്നോ?

ഞങ്ങളുടെ ബന്ധത്തിൽ വിള്ളൽ വീണിരുന്നു.അദ്ദേഹത്തെക്കുറിച്ച് ചില കാര്യങ്ങൾ അറിഞ്ഞിട്ടും അതിനെക്കുറിച്ചൊന്നും ഒന്നും ഞാൻ ചോദിച്ചിട്ടില്ല.അങ്ങിനെ കാര്യങ്ങൾ പോകുമ്പോഴാണ് എന്റെ അമ്മാവന്റെ മകൾക്ക് ശ്രീകുമാർ തമ്പിച്ചേട്ടന്റെ പടത്തിൽ അവസരം ലഭിക്കുന്നത്.ഷൂട്ടിന് അവർ ചെന്നൈയിലെത്തുന്നതും അപ്പോഴാണ്.അതിനുമുമ്പാണ് അവളുടെ രാവുകൾ വരുന്നത്.അതിൽ സീമയ്ക്ക് ഡബ്ബ് ചെയ്തിരിക്കുന്നത് ഞാനാണ്. ആദ്യകാലത്ത് സീമയ്ക്ക് ഒരുപാട് ചിത്രങ്ങളിൽ ഞാൻ ഡബ് ചെയ്തിട്ടുണ്ട്.പക്ഷെ ഭൂരിഭാഗം പേർക്കും അതറിയില്ല എന്നത് മറ്റൊരു സത്യം.

ആ ചിത്രത്തിൽ ഡബ് ചെയ്യാൻ പോയപ്പോഴാണ് സുകുവേട്ടൻ സീമയുടെ അമ്മയുടെ റോളിലേക്ക് എന്നെ നിർദ്ദേശിക്കുന്നത്.അന്ന് അദ്ദേഹം സിനിമയിൽ അത്യാവശ്യം തിരക്കുള്ള നടനായി മാറിയിരുന്നു.അന്ന് അദ്ദേഹം എന്നെ കൂറെ സിനിമയിലേക്ക് ഡബിങ്ങിനൊക്കെ നിർദ്ദേശിച്ചിരുന്നു.അപ്പോഴേക്കും ആദ്യത്തെ ബന്ധം ഏതാണ്ട് അവസാനിച്ചപോലെ തന്നെയായിരുന്നു.അദ്ദേഹം തോന്നുമ്പോൾ വരും അങ്ങിനെയോക്കെ ആയിരുന്നു.

അ സമയത്ത് എന്നെ സ്വന്തം വീട്ടിലേക്ക് പോകാൻ നിർബന്ധിച്ചത് സുകുവേട്ടനായിരുന്നു. ചിലപ്പോൾ അച്ഛനും അമ്മയും ഒന്നുതല്ലുമായിരിക്കും.അത് പക്ഷെ നിങ്ങളുടെ മനഃപൂർവ്വമുള്ള കുറ്റമല്ലലോ പ്രായത്തിന്റെ പ്രശ്‌നങ്ങളും അങ്ങിനെ ഒക്കെ ഉണ്ടല്ലോ എന്ന് പറഞ്ഞ് എന്നെ നിർബന്ധിച്ചത് സുകുവേട്ടനായിരുന്നു.അപ്പോ ഏത് സിനിമാ സെറ്റിൽ കണ്ടാലും സുകുവേട്ടൻ ആദ്യം ചോദിക്കുന്നത് എന്ന് വീട്ടിൽ പോകുന്നുവെന്നായിരുന്നു.

അന്നൊക്കെ സുകുവേട്ടനോട് ബഹുമാനം കലർന്നൊരു സ്‌നേഹമായിരുന്നു.മാത്രമല്ല അദ്ദേഹത്തിന്റെ സഹോദരി എന്റെ കൂടെ പഠിച്ചതുമാണ്.അങ്ങിനെ മുമ്പേ അദ്ദേഹത്തെ പരിചയുമുണ്ടായിരുന്നു.അതിലൊരു കഥയുണ്ട്.ഒരിക്കൽ ഞാൻ ഈ സഹോദരിക്കൊപ്പം അവരുടെ വീട്ടിൽ പോയിരുന്നു അന്ന് അവൾ എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തി.. ആ എന്നൊരു മുളൽ മാത്രമായിരുന്നു മറുപടി.അതായിരുന്നു സുകുവേട്ടന്റെ പ്രകൃതം.ഒരു മൂളൽ മാത്രം.അതുകൊണ്ടാണ് സുകുവേട്ടനെ അഹങ്കാരി എന്നൊക്കെയുള്ള ഒരു ധാരണ വരാൻ തന്നെ കാരണം.ഏതാണ്ട് അതേ രീതിയാണ് രാജുവിനും.എന്ത് പറഞ്ഞാലും ആ.. അതിൽ കൂടുതലൊന്നും ഇങ്ങോട്ട് ചോദിക്കത്തില്ല.

ഇങ്ങനെ സുകുവേട്ടനുമായി പരിചയം ഉണ്ടായിരുന്നു.അദ്ദേഹത്തിന്റെ നിർബന്ധം കൂടുമ്പോഴാണ് നേരത്തെ പറഞ്ഞ ശ്രീകുമാരൻ തമ്പിച്ചേട്ടന്റെ സിനിമയിൽ അഭിനയിക്കാൻ വല്യച്ചനും മകളും വരുന്നത്.അവരെ കണ്ടപ്പോൾ തന്നെ വീട്ടിൽ പോകണമെന്ന കാര്യം ഞാൻ അവതരിപ്പിച്ചു.അപ്പോൾ അവരും ഇതേ അഭിപ്രായമായിരുന്നു.അങ്ങിനെ ഞാൻ എന്റെ അമ്മാവന്റെ മകളെ വിളിച്ച് ഞാൻ പറഞ്ഞു എനിക്കെന്റെ അച്ഛനെയും അമ്മയെയും കാണണം പക്ഷെ ഒരു പേടി എന്നു.

അങ്ങിനെ അവർ കൂടെ വരാമെന്ന് സമ്മതിച്ചു.അപ്പോൾ സുകുവേട്ടൻ പറഞ്ഞു എന്റെ കാറ് ഞാൻ താരം. അതിൽ പൊയ്‌ക്കോളു എന്ന്.അങ്ങിനെ ആ ചേച്ചിയും ഞാനും കൂടി എന്റെ വീട്ടിലേക്ക് പോയി.അങ്ങിനെ വീട്ടിൽ ചെന്നിറങ്ങിയപ്പോൾ ചേച്ചി എന്നോട് പറഞ്ഞു ഇന്ന് അപ്പച്ചിക്ക് ഇഷ്്ടപ്പെട്ട ഒരാള് തന്നെ ഇവിടെ വരുന്നുണ്ടെന്ന്.അങ്ങിനെ വീട്ടിലേക്ക് കയറുമ്പോൾ അച്ഛൻ പുറത്ത് പത്രം വായിച്ചിരിക്കുന്നു.എന്നെക്കണ്ടതും ഒന്നും മിണ്ടാതെ അച്ഛൻ കുറേ സമയം എന്റെ മുഖത്ത് നോക്കി.ഞാൻ പറഞ്ഞു അച്ഛ എനിക്കൊന്നും പറയാനില്ല.. എന്നോട് ക്ഷമിക്കണമെന്ന്.അഞ്ച് വർഷം കഴിഞ്ഞാണ് വീട്ടിലേക്ക് വരുന്നത്..അമ്മ കരച്ചിലായിരുന്നു.

കഥകളൊക്കെ കേട്ടാണ് അച്ഛൻ തമ്പിച്ചേട്ടനെ കാണണം എന്നുപറയുന്നത്.അങ്ങിനെ തമ്പിച്ചേട്ടൻ അച്ഛനെ കാണാൻ വന്നു.സുകുവേട്ടന്റെ കാര്യം ആദ്യം വിട്ടിൽ പറയുന്നതും തമ്പിച്ചേട്ടനാണ്.അച്ഛനോട് തമ്പിച്ചേട്ടൻ പറഞ്ഞു സുകുമാരൻ എന്നോട് പറഞ്ഞിരുന്നു ഞാൻ നിർബന്ധിച്ച് അയച്ചത .. ആ കുട്ടി അങ്ങിനെ കഷ്ടപ്പെടാൻ പാടില്ല.. വിരോധമില്ലെങ്കിൽ ഢാൻ വിവാഹം ചെയ്തോളാം എന്നും അറിയിച്ചിട്ടുണ്ടെന്ന്.അങ്ങിനെയാണ് ശരിക്കും സുകുവേട്ടൻ എന്റെ ജീവിതത്തിലേക്ക് വരുന്നത്.ഒരിക്കലും രണ്ടാമതൊരു വിവാഹജീവിതം ഉണ്ടെന്ന് ഞാൻ ചിന്തിച്ചിട്ടുപോലുമില്ല.അവിടെയാണ് സുകുവേട്ടൻ എന്റെ രക്ഷകനാകുന്നത്.

അങ്ങിനെ എന്റെ വീട്ടിൽ നിന്നും സുകുവേട്ടനെക്കുറിച്ച് അന്വേഷിച്ചു.അപ്പോൾ എല്ലാവരും പറഞ്ഞ ഒരേ ഒരുകാര്യം ജീവിതത്തിൽ അഭിനയം കൊണ്ടുനടക്കാത്തവനെന്നാണ്.അ സമയത്ത് പലരും സുകുവേട്ടനും കല്യാണം അലോചിക്കുന്നുണ്ട്.പക്ഷെ വന്ന ആലോചനകൾ എല്ലാം തട്ടിക്കളഞ്ഞിട്ട് ഒടുവിൽ അദ്ദേഹത്തിന്റെ അമ്മയോട് പറഞ്ഞു ഞാൻ പറയാം ആരെയാണ് കല്ല്യാണം കഴിക്കുന്നതെന്ന്.വീട്ടിൽ അവതരിപ്പിച്ച ശേഷം സുകുവേട്ടന്റെ അച്ഛൻ എന്റെ അച്ഛനെ വിളിച്ചു എന്നിട്ട് പറഞ്ഞു സുകുമാരൻ ഒരു കാര്യം തീരുമാനിച്ചാൽ മാറ്റത്തില്ല എന്ന്.അതുകൊണ്ട് അവൻ മല്ലികയെ വിവാഹം ചെയ്യുവെന്നും അറിയാം.അങ്ങിനെയാണ് വിവാഹം നടക്കുന്നത്.

രാവിലെ 7.30 ഓടെ കല്ല്യാണവും കഴിച്ച് അപ്പൊ തന്നെ വേഷവും മാറി ലു്ങ്കിയും ഉടുത്ത് സിനിമയിൽ അഭിനയിക്കാൻ പോയ ആളാണ് സുകുവേട്ടൻ.സെറ്റിൽ വച്ച് സുകുവേട്ടനെ കണ്ട് മീനച്ചേച്ചി കല്ല്യാണക്കാര്യം ചോദിച്ചെങ്കിലും രണ്ടാഴ്‌ച്ചക്കാലത്തോളം ഈ കാര്യം സുകുവേട്ടൻ ആരോടും പറഞ്ഞില്ല.അങ്ങിനെയിരിക്കെ അടുത്ത പടത്തിന്റെ ഷൂട്ട് കണ്ണൂരാണ്.കണ്ണൂരേക്ക് പോകുന്നതിന്റെ കുറച്ച് ദിവസം മുൻപ് എന്നോട് വന്നു പറഞ്ഞു അടുത്തപടം കണ്ണൂരാണ് നീയും വന്നോ എന്ന്.

കണ്ണൂരേക്ക് യാത്ര പുറപ്പെടുന്നതിന് തലേദിസമാണ് ചേട്ടന്റെ അടുത്ത സുഹൃത്തുക്കളായ മലയാറ്റുർ ഉൾപ്പടെ ഉള്ളവരോട് കാര്യം പറയുന്നത്...വിവാഹം കഴിഞ്ഞെന്നും എന്നെയും കൊണ്ട് ഷൂട്ടിനായി കണ്ണൂരേക്ക് പോവുകയാണെന്നും.പിന്നെ എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ച വർഷങ്ങളാണ് കടന്നുപോയത് 1978 മുതൽ 1997 വരെ..

പിന്നെന്തുകൊണ്ടാണ് സിനിമ നിർത്തിയത്..അ സമയത്ത് ചേച്ചി തിളങ്ങി നിൽക്കുന്ന സമയമല്ലേ?

സുകുവേട്ടൻ ഒരിക്കലും എന്നോട് അഭിനയിക്കരുതെന്ന് പറഞ്ഞിട്ടില്ല.പക്ഷെ ഞാൻ അതുവരെയുള്ള ജീവിതത്തിൽ പൂർണ്ണമായും പരാജയപ്പെട്ട് വന്ന ഒരാളായിരുന്നല്ലോ.അതുകൊണ്ട് തന്നെ എന്റെ വാശി അതായിരുന്നു.സുകുവേട്ടനും മക്കളുമൊക്കെയായി നല്ലൊരു കുടുംബം ജീവിതം.അതുകൊണ്ട് തന്നെ സിനിമ ഒഴിവാക്കുന്നതിൽ എനിക്കു ദുഃഖമുണ്ടായില്ല എന്നുമാത്രമല്ല സന്തോഷവും കൂടിയായിരുന്നു.

ചേച്ചിക്ക് സിനിമാലോകത്തെ കൃത്യമായി അറിയാം..അപ്പൊ ചേച്ചി മക്കളുമൊത്ത് വീട്ടിൽ ഇരിക്കുന്നു..സുകുമാരൻ ആണേൽ സിനിമയിൽ തിളങ്ങി നിൽക്കുന്നു.ചേച്ചിക്ക് വിശ്വാസക്കുറവൊന്നും ഉണ്ടായില്ലേ?

ഒരിക്കലുമില്ല..കാരണം അത് സുകുവേട്ടന്റെ വാക്കിലും പ്രവൃത്തിയിലും ഉണ്ടായ എന്റെ വിശ്വാസമാണ്.അദ്ദേഹം എന്നു പറഞ്ഞ പ്രത്യേക വ്യക്തിത്വമാണ് ആരോടും നുണപറയത്തില്ല.മറ്റയാൾക്ക് ഇഷ്ടപ്പെടുമോ ഇല്ലയോ എന്നൊന്നും നോക്കത്തില്ല.പറയാനുള്ളത് ആരോടായാലും മുഖത്ത് നോക്കിപ്പറയും.ഇതാണ് സത്യം..ഞാൻ പറയുന്നത് വിശ്വസിക്കാമെങ്കിൽ വിശ്വസിക്ക് ഇതാണ് ആറ്റിറ്റിയൂട്.ഇത് എല്ലാവർക്കും അറിയുവേം ചെയ്യാം.

യുക്തിവാദി ആയിരുന്നോ സുകുമാരൻ?

അങ്ങിനെ അല്ല..രാജുവിനെപ്പോലെയാണ്. ഞാൻ അമ്പലത്തിൽ പോകുന്നതിനോ പ്രാർത്ഥിക്കുന്നതിനോ ഒന്നും ഒരു കുഴപ്പവുമില്ല.പക്ഷെ എന്റെ കൂടെ വരാറില്ല.ഒരു ദിവസം എന്റെ ആഗ്രഹപ്രകാരം ക്ഷേത്രത്തിൽ വന്നു.അന്ന് സുകുവേട്ടൻ കത്തി നിൽക്കുന്ന സമയം.സുകുവേട്ടനെ കണ്ടതോടെ ആൾക്കാർ കൂടി.അപ്പോ എന്നോട് പറഞ്ഞു.. കണ്ടില്ലെ.. ഇതാ ഞാൻ പറയുന്നത്.. ദൈവങ്ങളെ ശല്യപ്പെടുത്താനാ ഞാനൊക്കെ ഇങ്ങോട്ട് വരുന്നത്.. വീട്ടിൽ ഒരു വിളക്ക് കത്തിച്ച് പ്രാർത്ഥിച്ചാലും ഈശ്വരൻ കേൾക്കും.

തുടരും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP