Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യസഭാ തെരഞ്ഞെടുപ്പ്: രാജസ്ഥാനിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് സീറ്റിൽ കോൺഗ്രസിന് ജയം; ഭാഗ്യപരീക്ഷണത്തിൽ മുന്നേറി പ്രമോദ് തിവാരി; സുഭാഷ് ചന്ദ്രയ്ക്ക് പരാജയം; ബിജെപി എംഎൽഎ ശോഭ റാണി ഖുശ്വാഹയുടെ വോട്ട് കോൺഗ്രസിന്; ഹരിയാനയിലും മഹാരാഷ്ട്രയിലും ഫലം വൈകുന്നു

രാജ്യസഭാ തെരഞ്ഞെടുപ്പ്: രാജസ്ഥാനിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് സീറ്റിൽ കോൺഗ്രസിന് ജയം; ഭാഗ്യപരീക്ഷണത്തിൽ മുന്നേറി പ്രമോദ് തിവാരി; സുഭാഷ് ചന്ദ്രയ്ക്ക് പരാജയം; ബിജെപി എംഎൽഎ ശോഭ റാണി ഖുശ്വാഹയുടെ വോട്ട് കോൺഗ്രസിന്; ഹരിയാനയിലും മഹാരാഷ്ട്രയിലും ഫലം വൈകുന്നു

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ കോൺഗ്രസിന് മിന്നും ജയം. വാശിയേറിയ പോരാട്ടം നടന്ന രാജസ്ഥാനിലെ നിർണ്ണായകമായ മൂന്ന് സീറ്റിൽ കോൺഗ്രസ് ജയിച്ചപ്പോൾ ഒരു സീറ്റ് ബിജെപി നേടി.

ഹരിയാനയിൽ ഫലപ്രഖ്യാപനം വൈകുകയാണ്. കോൺഗ്രസ് എംഎൽഎമാർ വോട്ട് പരസ്യമാക്കിയെന്ന ബിജെപിയുടെ പരാതിയിൽ കമ്മീഷൻ റിപ്പോർട്ട് തേടിയ പശ്ചാത്തലത്തിലാണ് വൈകുന്നത്. ഇവിടെ കോൺഗ്രസ് പ്രതിനിധികളും തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. ബിജെപിയുടെ പരാതി തള്ളിയ വരണാധികാരിയുടെ റിപ്പോർട്ട് ഹാജരാക്കിയിട്ടുണ്ട്.

രാജസ്ഥാനിൽ മുകുൾ വാസ്നിക്, രൺദീപ് സിങ് സുർ ജേവാല, പ്രമോദ് തിവാരി എന്നീ കോൺഗ്രസ് സ്ഥാനാർത്ഥികളാണ് തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപി സ്ഥാനാർത്ഥി ഘനശ്യാം തിവാരിയും ജയിച്ചു. ബിജെപി സ്വതന്ത്രനും, സീ ന്യൂസ് ഉടമയുമായ സുഭാഷ് ചന്ദ്ര തോറ്റു. കക്ഷിനില കോൺഗ്രസ് 3 ബിജെപി 1 എന്നാണ്.

ഇവിടെ ബിജെപി എംഎൽഎ ശോഭ റാണി ഖുശ്വാഹ കോൺഗ്രസിന് വോട്ടു ചെയ്തു. കോൺഗ്രസിന്റെ പ്രമോദ് തിവാരിയും ബിജെപി പിന്തുണയോടെയുള്ള സ്വതന്ത്രൻ സുഭാഷ് ചന്ദ്രയും തമ്മിലായിരുന്നു രാജസ്ഥാനിൽ ഭാഗ്യപരീക്ഷണം. സുഭാഷ് ചന്ദ്ര പരാജയപ്പെട്ടു. 

രാജസ്ഥാനിൽ മൂന്നു സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രതികരിച്ചു. അതേസമയം, കോൺഗ്രസിന് വോട്ടു ചെയ്ത ധോൽപുർ എംഎൽഎ ശോഭ റാണി ഖുശ്വാഹയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയതായി ബിജെപി അറിയിച്ചു.

മഹാരാഷ്ട്രയിലും വോട്ടെണ്ണൽ വൈകുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം വന്ന ശേഷം മാത്രമേ വോട്ടെണ്ണൽ ആരംഭിക്കൂ. ഭരണ മുന്നണിയുടെ മൂന്ന് വോട്ടുകൾ അസാധുവായി കണക്കാക്കണമെന്ന ആവശ്യവുമായി ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതോടെയാണ് ഇത്.

കർണാടകയിൽ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നിർമല സീതാരാമൻ, കോൺഗ്രസിന്റെ മുതിർന്ന നേതാവ് ജയറാം രമേഷ് എന്നിവരും വിജയിച്ചു. കർണാടകയിൽ ജെഡിഎസ് എംഎൽഎ കോൺഗ്രസിന് വോട്ടുചെയ്തു. ജെഡിഎസിന്റെ മറ്റൊരു എംഎൽഎയായ എസ്.ആർ ശ്രീനിവാസ് ആർക്കും വോട്ടുചെയ്യാതെ അസാധുവാക്കി.

കർണാടകയിൽ ജെഡിഎസ് എംഎൽഎ എച്ച്ഡി ദേവണ്ണവോട്ടുരേഖപ്പെടുത്തിയ ശേഷം കോൺഗ്രസ് നേതാക്കളെ ബാലറ്റ് പേപ്പർ കാണിച്ചതിനാൽ വോട്ട് അസാധുവാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യസഭ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ആശങ്കയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസിന്റെ തിരിച്ചുവരവ് സൂചിപ്പിക്കുന്ന ഫലമാകും വരിക. പരാജയ ഭീതിയിലാണ് ബിജെപി വോട്ടെണ്ണൽ തടസപ്പെടുത്താൻ ശ്രമിക്കുന്നതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

പതിനഞ്ച് സംസ്ഥാനങ്ങളിലെ 57 രാജ്യസഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 11 സംസ്ഥാനങ്ങളിൽ എതിരില്ലാതെ 41 സ്ഥാനാർത്ഥികളെ തെരഞ്ഞെടുത്തിരുന്നു.16 സീറ്റുകളിലാണ് വോട്ടെടുപ്പ് നടന്നത്. ഇതിൽ രാജസ്ഥാൻ, ഹരിയാന, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിലെ നാലു സീറ്റുകളിലാണ് അപ്രവചനീയമായ പോരാട്ടം നടന്നത്.

മഹാരാഷ്ട്രയിലെ 6 സീറ്റുകളിലും, രാജസ്ഥാൻ, കർണ്ണാടക എന്നിവിടങ്ങളിലെ നാല് വീതം സീറ്റുകളിലും, ഹരിയാനയിലെ രണ്ട് സീറ്റുകളിലുമാണ് മത്സരം. ഇതിൽ ബിജെപി 6 സീറ്റുകളിലും, കോൺഗ്രസ് നാല് സീറ്റുകളിലും, ശിവസേന, എൻസിപി പാർട്ടികള് ഓരോ സീറ്റിലും ജയം ഉറപ്പിച്ചു . രാജസ്ഥാനിലെ മൂന്നാമത്തെ സീറ്റിൽ കോൺഗ്രസിന് ജയിക്കാൻ 15 വോട്ടുകൾ കൂടി അധികം വേണമായിരുന്നു. സ്വതന്ത്രരുടെ പിന്തുണയോടെ ജയം ഉറപ്പിക്കാൻ കോൺഗ്രസിന് സാധിച്ചു.

ഹരിയാനയിൽ വലിയ വെല്ലുവിളി നേരിടുന്ന അജയ് മാക്കന് കോൺഗ്രസിന്റെ മുഴുവൻ വോട്ടുകളും കിട്ടിയാൽ ജയിക്കാനാകും. പ്രതിഷേധമുയർത്തിയ കുൽദീപ് ബിഷ്‌ണോയി എംഎൽഎയെ രാഹുൽ ഗാന്ധി ഇടപെട്ട് അനുനയിപ്പിച്ചിട്ടുണ്ട്. ഈ രണ്ടിടങ്ങളിലും സ്വതന്ത്രന്മാരായി ഇറക്കിയ മാധ്യമ ഉടമകൾക്ക് ചെറുപാർട്ടികളുടെ പിന്തുണ കിട്ടിയാൽ സീറ്റുകൾ വെട്ടിപിടിക്കാമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ. മഹാരാഷ്ട്രയിലെ ആറാമത്തെ സീറ്റിൽ ശിവസേന-ബിജെപി പോരാട്ടം കടുക്കുകയാണ്. മഹാവികാസ് അഘാഡിയുടെ മുഴുവൻ വോട്ടുകളും കിട്ടിയാൽ സീററ് പിടിക്കാമെന്നാണ് ശിവസേനയുടെ പ്രതീക്ഷ. ഇഡി, സിബിഐ കേസുകളിൽ ജാമ്യം കിട്ടാത്തതിനാൽ എൻസിപി നേതാക്കളായ നവാബ് മാലിക്ക്, അനിൽ ദേശ് മുഖ് എന്നീ നേതാക്കൾ വോട്ട് ചെയ്തില്ല.

മഹാരാഷ്ട്രയിൽ 6 സീറ്റുകളിൽ മൂന്നെണ്ണത്തിൽ മഹാവികാസ് അഗാഡിക്കും രണ്ടെണ്ണത്തിൽ ബിജെപിക്കും ജയിക്കാം. ഇവിടെ ബിജെപിയുടെ ധനഞ്ജയ് മഹാധിക്കും ശിവസേനയുടെ സഞ്ജയ് പവാറും തമ്മിലാണ് അപ്രവചനീയ മത്സരം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP