Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കൈരളി ടിവിയിൽ ഫോൺ-ഇൻ പ്രോഗ്രാം വഴി തുടക്കം; അഭിനയത്തിലേക്ക് വന്നത് സത്യൻ അന്തിക്കാടിന്റെ നിർബന്ധത്തിൽ; തമിഴ്-തെലുങ്ക് ഹിറ്റുകളിലുടെ പാൻ ഇന്ത്യൻ നായിക; നടൻ ചിമ്പുവുമായി ടോക്‌സിക്ക്‌ബ്രേക്കപ്പ്; പ്രഭുദേവയുമായി പുലിവാൽ കല്യാണം; 2011ൽ ആര്യസമാജം വഴി ഹിന്ദുമതം സ്വീകരിച്ചു; മലയാളികൾക്ക അഹങ്കാരി, തമിഴർക്ക് തലൈവി; നയൻതാരയുടെ ജീവിത കഥ

കൈരളി ടിവിയിൽ ഫോൺ-ഇൻ പ്രോഗ്രാം വഴി തുടക്കം; അഭിനയത്തിലേക്ക് വന്നത് സത്യൻ അന്തിക്കാടിന്റെ നിർബന്ധത്തിൽ; തമിഴ്-തെലുങ്ക് ഹിറ്റുകളിലുടെ പാൻ ഇന്ത്യൻ നായിക; നടൻ ചിമ്പുവുമായി ടോക്‌സിക്ക്‌ബ്രേക്കപ്പ്; പ്രഭുദേവയുമായി പുലിവാൽ കല്യാണം; 2011ൽ ആര്യസമാജം വഴി ഹിന്ദുമതം സ്വീകരിച്ചു; മലയാളികൾക്ക അഹങ്കാരി, തമിഴർക്ക് തലൈവി; നയൻതാരയുടെ ജീവിത കഥ

എം റിജു

ലോകത്തിലെ ഏറ്റവും പ്രശസ്തനായ മലയാളി ആരാണെന്ന് അറിയാൻ അഞ്ചുവർഷം മുമ്പ സിഎൻഎൻ-ഐബിഎൻ ചാനൽ നടത്തിയ സർവേയിൽ ഒന്നാമത് എത്തിയത് നമ്മുടെ പ്രിയപ്പെട്ട ലാലേട്ടൻ ആയിരുന്നു. മമ്മൂട്ടി രണ്ടാമതും, ഗാനഗന്ധർവൻ യേശുദാസ് മൂന്നാമതുമായാണ് ആ സർവേയിൽ ഫനീഷ് ചെയ്തത്. എന്നാൽ ഈ പട്ടിക ശരിയല്ലെന്നാണ്, വ്ളോഗറും നിരുപകനുമായ സത്യൻ സന്താനം ഈയിടെ എഴുതിയത്. കാരണം അതിൽ തിരുവല്ലക്കാരിയായ ഡയാനമേരി കുര്യൻ ഉണ്ടായിരുന്നില്ല. ജയാ ടിവി നടത്തിയ സർവേയിൽ 50 ലക്ഷം വോട്ടാണ് ഡയാന മേരി കുര്യൻ എന്ന തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ നയൻതാരക്ക് കിട്ടിയത്! അതുകൊണ്ടുതന്നെ ഇപ്പോൾ ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രശസ്തയായ മലയാളി നയൻതാരയാണെന്നാണ് സന്താനത്തിന്റെ വാദം.

ശരിക്കും ഒരു ലേഡി സൂപ്പർസ്റ്റാർ തന്നെയാണ് ആരാധകരുടെ പ്രിയപ്പെട്ട നയൻസ്. രജനിയുടെ സിനിമയിലെന്നപോലെ, കമലിന്റെ സിനിമയിൽ എന്നപോലെ, തന്റെ ചിത്രത്തിന്റെ എല്ലാകാര്യവും തീരുമാനിക്കുന്നത് നയൻതാരയാണ്. കഥ മുതൽ പ്രമോഷൻ വരെയുള്ള സകലകാര്യങ്ങളിലും, 37ാം വയസ്സിലും ജ്വലിക്കുന്ന സൗന്ദര്യമുള്ള ഈ താരം ഇടപെടും. പുരുഷതാരങ്ങളെവെച്ച് സിനിമയുണ്ടാകുന്നപോലെ, നയൻതാരയെന്ന സ്ത്രീയെവെച്ച് തമിഴിലും തെലുങ്കിലും പ്രൊജക്റ്റുകൾ ഉണ്ടാവുന്നു. അതുപോലെതന്നെ പ്രതിഫലവും. അവസാനം ഒരു സിനിമക്ക് ആറുകോടി രൂപയാണ് അവർ വാങ്ങിയത് എന്നാണ് തമിഴ് സിനിമാ മാസികൾ പറയുന്നത്.

ആ തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാറിന്റെ വിവാഹമാണ് ഇപ്പോൾ പൊടിപൊടിച്ച് നടന്നത്. എല്ലാവിധ ആംഡംബരത്തിനുമൊപ്പം, തമിഴകത്തെ അഗതി മന്ദിരങ്ങളിലും അനാഥാലയങ്ങളിലുമായി ഉള്ള ഒന്നേകാൽ ലക്ഷം പേർക്കാണ് വിവാഹത്തിന്റെ ഭാഗമായി സദ്യ കൊടുത്തത്. ഏഴു വർഷത്തെ പ്രണയത്തിനു ശേഷമാണ് നയൻതാരയും സംവിധായകൻ വിഗ്‌നേഷ് ശിവൻ എന്ന വിക്കിയും വിവാഹിതരാവുന്നത് തെന്നിന്ത്യൻ സിനിമാ ലോകം ആഘോഷിക്കയാണ്. മഹാബലിപുരത്ത് ബംഗാൾ ഉൾക്കടലിന്റെ പശ്ചാത്തലത്തിൽ ഹിന്ദു ആചാരപ്രകാരമാണു വിവാഹം. അതിഥികൾക്കു പോലും മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുന്നതിൽ വിലക്കുണ്ടായിരുന്നു.

കോടികളുടെ ഒരു ബിസിനസ് പ്രൊജക്റ്റായി ഈ വിവാഹച്ചടങ്ങും മാറിയിരിക്കയാണ്. ബോളിവുഡ് സ്റ്റെലിനെ അനുകരിച്ച് കൊണ്ട്, വിവാഹ ചടങ്ങുകളുടെ ചിത്രീകരണ, പ്രദർശന അവകാശം നെറ്റ്ഫ്‌ളിക്‌സിന് നൽകിയിരിക്കയാണ്. ചലച്ചിത്ര സംവിധായകൻ ഗൗതം മേനോനാണ് ഈ ഡോക്യഫിക്ഷൻ നെറ്റ്ഫ്‌ളിക്‌സിനായി സംവിധാനം ചെയ്യുന്നത്. രജനിയും, കമലും, ഷാറുഖ് ഖാനും ഉൾപ്പെടുയുള്ള വൻ താര നിര പങ്കെടുത്ത ഇതുപോലെ ഒരു മാമാങ്കം അടുത്തകാലത്തൊനും ടോളിവുഡ് കണ്ടിട്ടില്ല.

പക്ഷേ നയൻതാരയുടെ ജീവിതം പുറമേനിന്ന് നോക്കുന്നതുപോലെ അത്ര നേർരേഖയിൽ ആയിരുന്നില്ല. പ്രണയും, ബ്രേക്കപ്പും, തിരിച്ചടികളും, പാരവെപ്പും, കുതികാൽ വെട്ടുമൊക്കെ അതിജീവിച്ചാണ് അവർ ഇന്നു കാണുന്ന താരസാമ്രാജ്യത്തിലേക്ക് നടന്ന് കയറിയത്. ഒരർഥത്തിൽ, പോരാട്ടം തന്നെയായിരുന്നു നയൻതാരയുടെ ജീവിതം. സിനിമാ പരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്ന് വെള്ളിത്തിരയിൽ എത്തിയ നടി, കഠിന പ്രയത്നത്തിലൂടെ സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തുക ആയിരുന്നു.

കണ്ടെത്തിയത് സത്യൻ അന്തിക്കാട്

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലുള്ള ഒരു ഓർത്തഡോക്സ് സിറിയൻ ക്രിസ്ത്യൻ കുടുംബത്തിലാണ് ഡയാന മറിയം കുര്യൻ എന്ന നയൻതാര ജനിച്ചത്. 1984 നവംബർ 18ാണ്, പിൽക്കാലത്ത് ആരാധകർ ആഘോഷമാക്കാറുള്ള, ആ ജന്മദിനം. തിരുവല്ല ബാലികാമഠം ഹൈസ്‌കൂളിലും, മാർത്തോമ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. കൈരളി ടി.വിയിൽ ചമയം എന്ന ഫോൺ-ഇൻ പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടായിരുന്നു ദൃശ്യ മാധ്യമ രംഗത്ത് തുടക്കമിട്ടത്. പിന്നെ ക്രമേണ മോഡലിങ്ങിലേക്ക് തിരിഞ്ഞു.

ഒരുപാട് നല്ല നടീനടന്മാരെ മലയാളത്തിന് സമ്മാനിച്ച സത്യൻ അന്തിക്കാടാണ്, നയതാരയെയും കണ്ടെത്തിയത്. സത്യന്റെ മനസ്സിനക്കരെ എന്ന ചിത്രത്തിൽ ജയറാമിന്റെ നായിക ആയിട്ടായിരുന്നു, അരങ്ങേറ്റം. ഇതേക്കുറിച്ച് ഒരു അഭിമുഖത്തിൽ സത്യൻ അന്തിക്കാട് ഇങ്ങനെ പറയുന്നു.

'മനസ്സിനക്കരെയിൽ നയൻതാര വരുമ്പോൾ ഇത്ര വലിയ സ്റ്റാറാകുമെന്നു ഞാൻ വിചാരിച്ചിരുന്നില്ല. ഒരു പരസ്യത്തിൽ അടിച്ചുവന്ന മുഖമാണ് ഞാൻ ആദ്യം കാണുന്നത്. ആത്മവിശ്വാസമുള്ള ആ മുഖം, അതാണ് ഞാനാദ്യം ശ്രദ്ധിക്കുന്നത്. അത് വനിതയിലാണ് അടിച്ചു വന്നത്. ആരാണ് ഈ കുട്ടി എന്നന്വേഷിച്ചു. വനിതയുടെ എഡിറ്ററായ മണർക്കാട് മാത്യുവിനെ വിളിച്ചു. ഡയാന എന്നാണ് ആളുടെ പേര്, തിരുവല്ലയിലുള്ള കുട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ നേരിട്ട് ഡയാനയെ വിളിച്ചു, അച്ഛന്റെയും അമ്മയുടെയും കൂടെയാണ് എന്നെ കാണാൻ വന്നത്. വലിയ അഭിനയമോഹമൊന്നും കൊണ്ടുനടക്കുന്ന ആളല്ല എന്ന് കണ്ടപ്പോൾ തന്നെ മനസ്സിലായി. പക്ഷേ അഭിനയത്തോട് ഇഷ്ടമുണ്ട് താനും.''

'അവർ വന്നു പോയി കഴിഞ്ഞ്, മനസ്സിനക്കരെയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ടെന്ന് പറയാൻ ഞാൻ വീണ്ടും വിളിച്ചു. നിങ്ങളെ ഫിക്സ് ചെയ്തു എന്നു പറഞ്ഞപ്പോൾ, 'ഇല്ല സാർ, ഞാൻ അഭിനയിക്കുന്നില്ല' എന്നായിരുന്നു മറുപടി. കാര്യം തിരക്കിയപ്പോൾ, എന്റെ ബന്ധുക്കൾക്കൊന്നും ഞാൻ സിനിമയിൽ അഭിനയിക്കുന്നതിനോട് താൽപ്പര്യമില്ലെന്നു പറഞ്ഞു.

ബന്ധുക്കളുടെ കാര്യം പോവട്ടെ, ഡയാനയ്ക്ക് ഇഷ്ടമാണോ, അച്ഛനുമമ്മയ്ക്കും ഇഷ്ടമാണോ? എന്നൊക്കെ ഞാൻ തിരക്കി. അതെ എന്നായിരുന്നു മറുപടി, എങ്കിൽ വരൂ എന്നു പറഞ്ഞു. അങ്ങനെയാണ് വന്നു അഭിനയിച്ചത്. പിന്നെ പേരു മാറ്റാൻ പറഞ്ഞപ്പോൾ ഞാൻ തന്നെ കുറച്ചു പേരുകൾ എഴുതി കൊടുത്തു, അതിൽ നിന്ന് ഡയാന തിരഞ്ഞെടുത്ത പേരാണ് നയൻതാര എന്നത്. ആ പേര് ഞാൻ വായിച്ച ഒരു ബംഗാളി നോവലിൽ നിന്നാണ് കിട്ടിയത്. ഈ പേര് തിരഞ്ഞെടുത്തത് നന്നായി, വേറെ ഭാഷകളിലേക്കു പോവുമ്പോഴും ഈ പേര് ഗുണം ചെയ്യുമെന്ന് അന്ന് ഞാനവരോട് പറഞ്ഞു. സൂപ്പർസ്റ്റാറായി മാറിയതിനു ശേഷവും ഇപ്പോഴും ഇടയ്ക്കൊക്കെ എന്നെ വിളിക്കും. അവസാനം കണ്ടപ്പോൾ കൃത്യനിഷ്ഠയെക്കുറിച്ച് സാർ തന്ന ഉപദേശം മറന്നുപോയിട്ടില്ലെന്ന് പറഞ്ഞു. പക്ഷേ ഞാൻ അത് മറന്നുപോയിരുന്നു.'' സത്യൻ അന്തിക്കാട് പറയുന്നു.

2011 ഓഗസ്റ്റ് 7ന് ചെന്നൈ ആര്യസമാജത്തിൽ നിന്നും അവർ ഹിന്ദുമതം സ്വീകരിച്ചു. ശേഷം നയൻതാര എന്ന പേര് ഔദ്യോഗികമായി സ്വീകരിച്ചു.

തമിഴിൽ വളർച്ച ശരവേഗത്തിൽ

ആദ്യ സിനിമയിൽ വേഷമിടുമ്പോൾ, വെറും 19 വയസ്സുമാത്രമായിരുന്നു ആ കുട്ടിയുടെ പ്രായം. ഇപ്പോൾ നീണ്ട 19 വർഷമായി അവർ ചലച്ചിത്രലോകത്ത് നിലനിൽക്കുന്നു. ഇത്രയും നീണ്ടകാലം ഹീറോയിൻ പദവി കിട്ടിയവരും ചുരുക്കമാണ്.

2003ൽ റിലീസായ മനസ്സിനക്കരെ ഒരു വലിയ ഹിറ്റായിരുന്നു. തുടർന്ന് നയൻതാര അഭിനയിച്ചത് മോഹൻലാൽ നായകനായി അഭിനയിച്ച നാട്ടുരാജാവ് എന്ന ചിത്രത്തിലാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഒരു സഹനടിയായാണ് നയൻതാര അഭിനയിച്ചത്. പിന്നീട് ഫാസിൽ സംവിധാനം ചെയ്ത വിസ്മയത്തുമ്പത്തിലും, പ്രമോദ് പപ്പൻ സംവിധാനം ചെയ്ത തസ്‌കരവീരനിലും, കമൽ സംവിധാനം ചെയ്ത രാപ്പകലിലും അഭിനയിച്ചു. ഇക്കാലഘട്ടത്തിൽത്തന്നെ തമിഴ് ചലച്ചിത്രത്തിലേക്കും ഇവർ പ്രവേശിച്ചു. പിന്നെ നയൻതാരക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

രജനികാന്തിന്റെ നായികയായി അഭിനയിച്ച ചന്ദ്രമുഖി, ശരത്കുമാറിന്റെ അയ്യാ, അജിത്തിന്റെ ബില്ല, ധനുഷിന്റെ യാരടീ നീ മോഹിനി, ഇരുമുഖൻ തുടങ്ങിയവ നയൻതാരയുടെ ശ്രദ്ധേയ തമിഴ് ചിത്രങ്ങളിൽ ഉൾപ്പെടുന്നു. തെലുങ്കു ചിത്രമായ ശ്രീരാമരാജ്യത്തിലെ അഭിനയത്തിനു മികച്ചനടിക്കുള്ള ആന്ധ്രാ സർക്കാരിന്റെ നന്തി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഈ സിനിമയിലെ സീതയായാണ് തെലുങ്ക് പ്രേക്ഷകർ ഇപ്പോഴും തന്നെ കരുതുന്നത് എന്നാണ് നയൻതാര, ഒരു അഭിമുഖത്തിൽ പറയുന്നത്.

മലയാളത്തിൽ ശാലീന സുന്ദരിയായി നിന്ന നയൻതാര തമിഴകത്ത് ശരിക്കും ഒരു ഹോട്ട് സ്റ്റാർ എന്ന പേരിലാണ് ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. ബില്ലയിലെയും, ചിലമ്പരശൻ ചിത്രങ്ങളിലെയുമൊക്കെ ചൂടൻ രംഗങ്ങളുടെ പേരിൽ അവർ സദാചാര മലയാളിയിൽനിന്ന് ഏറെ തെറികേട്ടു. പക്ഷേ ഗ്ലാമർ പ്രദർശനം ഒരിക്കലും ഒരു മോശം കാര്യമല്ല എന്നാണ് നയൻതാരയുടെ വാദം. ഏഷ്യാനെറ്റിലെ ഒരു അഭിമുഖത്തിൽ അവർ ഇങ്ങനെ പറയുന്നു. 'നിങ്ങൾക്ക് ഗ്ലാമർ കാണുന്നത് ഇഷ്ടമല്ലെങ്കിൽ എന്തിനാണ് അത് കാണാൻ വരുന്നത്. ഇത് കാണുകയും വേണം എന്നിട്ട് വിമർശിക്കുകയും വേണം. ഇത് ഇരട്ടത്താപ്പാണ്. ഞാൻ ആരെയും നിർബന്ധിപ്പിച്ച് തീയേറ്ററിൽ കയറ്റുകയാണോ''- ഇതാണ് അവരുടെ വാദം.

ഇത്തരം ബോൾഡായ നിലാപാടുകൾ കൊണ്ടുതന്നെ എന്നും ഒരു വിഭാഗം മാധ്യമങ്ങളുടെയും ചലച്ചിത്ര പ്രമാണിമാരുടെയും കണ്ണിലെ കരടായിരുന്നു നയൻസ്. അവരുമായി ഗോസിപ്പ് കോളത്തിൽ ഇടം പിടിക്കാത്ത നടന്മാരില്ല. പ്രണയവും ബ്രേക്കപ്പും തിരിച്ചടികളും, തിരിച്ചുവരവുമായി ഒരു പക്കാ തമിഴ് സിനിമ പോലെയായിരുന്നു, നയൻതാരയുടെ വ്യക്തി ജീവിതവും.

ചിമ്പുവുമായി പ്രണയത്തകർച്ച

നയൻതാരയുടെ ആദ്യത്തെ സിനിമാ പ്രണയം എന്ന രീതിയിൽ വാർത്തകൾ പുറത്തുവന്നത് നടൻ ചിലമ്പരശൻ എന്ന ചിമ്പുവുമൊത്തായിരുന്നു. തമിഴക ടാബ്ലോയിഡുകൾ ഏറെ ആഘോഷിച്ച ഒരു വാർത്തയായിരുന്നു ആ പ്രണയം.

ഇരുവരും ഒന്നിച്ചു അഭിനയിച്ച ചിത്രമായിരുന്നു 2006 ൽ പുറത്തു വന്ന വല്ലഭൻ. ഈ ചിത്രം വൻ വിജയമായിരുന്നു. വല്ലഭനിൽ ചിമ്പുവുമായുള്ള ലിപ്പ്ലോക്ക് വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. എന്നാൽ നയൻതാര അന്നെടുത്ത നിലപാട് ധീരമായിരുന്നുവെന്നാണ് ചിമ്പു പറഞ്ഞത്. ഏതു കഥാപാത്രത്തെയായാലും അത് ഉൾക്കൊള്ളാനുള്ള മനസ്സാണ് നയൻസിനെ തെന്നിന്ത്യൻ നിരയിലെ സൂപ്പർ താരമാക്കി മാറ്റിയതെന്ന് ചിമ്പു അഭിപ്രായപ്പെട്ടിരുന്നു.

തമിഴിലെ ചെറിയ ബാലചന്ദ്രമേനോനാണ് ചിമ്പു എന്ന ചിലമ്പരശൻ. കഥയും തിരക്കഥയുമെഴുതും. ഡാൻസ്, അടി തുടങ്ങിയ മേലങ്ങുന്ന പണികൾ എല്ലാം അറിയാം. സംവിധാനവും ചെയ്യും. അതും പോരാഞ്ഞ് എന്തിനും പോന്ന ടി രാജേന്ദ്രന്റെ മകനുമാണ് കക്ഷി. അതുകൊണ്ടുതന്നെ അവുടെ പ്രണയം മാധ്യമങ്ങൾ ആഘോഷിച്ചു. നയൻസ് മെയ്ഡ് ഫോർ ചിമ്പു എന്ന് പരസ്യവാചകം തിരുത്തിയെഴുതപ്പെട്ടു. ഇരുവരും ഒരുമിച്ച ചിത്രങ്ങൾ കാണാൻ ജനം കൂടി. ബ്രഹ്മാണ്ഡ വലിപ്പമുള്ള ഫ്ളക്സുകളിൽ ആരാധകർ മാലയിട്ട് ചന്ദനത്തിരി കത്തിച്ചു. പക്ഷേ പ്രണയം വൈകാതെ ബ്രേക്കപ്പായി.

പ്രണയം മുറിഞ്ഞ് അധികനാൾ കഴിയും മുമ്പ് കണ്ടത് ചിമ്പുവിന്റെയും നയസിന്റെയും പ്രണയ രംഗങ്ങൾ ലീക്കാവുന്നതാണ്. നൈറ്റ് ഡ്രസിൽ ഇവർ കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതുമൊക്കെ കണ്ട ആരാധകർ അന്തം വിട്ടു. ചിമ്പു ചെറ്റയാണെന്ന് നയൻതാര കലിതുള്ളി. താനൊന്നുമറിഞ്ഞില്ലേ എന്ന നിലപാടായിരുന്നു ചിമ്പുവിന്. പക്ഷേ ഈ ലീക്കിന് പിന്നിൽ ചിമ്പുവാണെന്ന് എല്ലാവർക്കും അറിയാമായിരുന്നു. നടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കമേൽക്കുന്നതിനും ഈ സംഭവം കാരണമായി.

അഭിമുഖങ്ങളിൽ നയൻതാര അധികം പ്രത്യക്ഷപ്പെടാറില്ല. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നയൻസ് തന്റെ പ്രണയ തകർച്ചകളെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് നടി ബ്രേക്കപ്പിനെ കുറിച്ചും അതിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും വെളിപ്പെടുത്തിയത്.

'വിശ്വാസമില്ലാത്ത സ്ഥലത്ത് സ്നേഹം നിലനിൽക്കില്ല. വിശ്വസിക്കാൻ കഴിയാത്ത ഒരാൾക്കൊപ്പം ജീവിക്കുന്നതിനെക്കാൾ നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ എന്റെ മുൻകാല ബന്ധങ്ങൾ അവസാനിപ്പിച്ചു,' നയൻസ് പറയുന്നു. വേർപിരിയൽ അത്ര എളുപ്പമായിരുന്നില്ലെന്നും തന്റെ കരിയറും സിനിമയിലെ സുഹൃത്തുക്കളുമാണ് ആ സങ്കടങ്ങളിൽ നിന്നൊക്കെ കര കയറാൻ തന്നെ സഹായിച്ചതെന്നും നടി പറയുന്നു.

സിനിമയിൽ നിന്ന് ഔട്ടാക്കാൻ ശ്രമം

ചിമ്പുവുമായി തെറ്റിയതോടെ നയൻതാരയെ തമിഴ് സിനിമയിൽ നിന്ന് ഔട്ടാക്കാനും ചിലർ ശ്രമം തുടങ്ങി. തമിഴകത്ത് കടന്നാൽ കാലുവെട്ടുമെന്നും കൊല്ലുമെന്നും ചിമ്പുവിന്റെ ആരാധകരുടെ ഭീഷണി മുഴങ്ങി. ഡിഎംകെ നേതാവായ ചിമ്പുവിന്റെ അച്ഛൻ ടി രാജേന്ദ്രന്റെ രാഷ്ട്രീയ ബന്ധവും ഇതിന് ഒത്താശ ചെയ്തു. പക്ഷേ നയൻതാര പൊരുതാൻ തന്നെ തീരുമാനിച്ചു. അവർ തെലുങ്ക് ഇൻഡസ്ട്രിയിലേക്ക് മാറി. ചെന്നെയിൽ ഷൂട്ടിംഗിന് വരാതായി. ഭീഷണി കൂടി വന്നപ്പോൾ ആന്ധ്രാ മുഖ്യമന്ത്രി രാജശേഖര റെഡിയെ നേരിൽ കണ്ട് പരാതി പറഞ്ഞു. അതാണ് ബ്രേക്കായത്.

ആന്ധ്രാ മുഖ്യമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രിയെ വിളിച്ച് കാര്യം പറയുന്നു. ഒരു സിനിമാ പ്രണയത്തിനിടയിൽ ഡിഎംകെയെ വലിച്ചിട്ടതിൽ കരുണാനിധി കലിതുള്ളുന്നു. പിതാവിന്റെ ക്രോധം മകനും, ഇന്നത്തെ മുഖ്യമന്ത്രിയുമായ സ്റാലിൻ ഏറ്റെടുക്കുന്നു. സ്റാലിന്റെ മുമ്പിൽ ചിമ്പുവിന്റെ അച്ഛൻ രാജേന്ദ്രൻ ഏത്തമിട്ടതോടെ നയൻതാരയെ വെറുതെ വിടാൻ തീരുമാനമായി. അതിനിടെ പ്രതീക്ഷിക്കാത്ത ഒരു സഹായവും നയൻസിന് കിട്ടി. അത് സാക്ഷാൽ രജനീകാന്തിന്റെ ഭാഗത്തുനിന്നായിരുന്നു. ചിമ്പുവിന്റെ ഏതു തകർച്ചയും രജനീകുടുംബത്തിന് ആഹ്ലാദമാണെന്നാണ് ചില തമിഴ് മാധ്യമങ്ങൾ എഴുതുന്നത്. ഇതിന് കാരണമായി അവർ പറയുന്നതും പഴയ ഒരു പ്രണയകഥായാണ്.

ചെന്നൈയിൽ ആശ്രം എന്നൊരു കോളജുണ്ട്. രജനീകാന്തിന്റെ സ്വന്തം സ്ഥാപനം. ലതാ രജനീകാന്താണ് ഈ സ്ഥാപനം നടത്തുന്നത്. വിദ്യാർത്ഥികളിൽ ഏറെയും സിനിമാക്കാരുടെ മക്കളാണ്. അവിടെ ചിമ്പു, ധനുഷ്, ഐശ്വര്യ എന്നിങ്ങനെ മൂന്നു സഹപാഠികൾ. രജനീ ലതാ ദമ്പതിമാരുടെ മകളാണ് ഐശ്വര്യ. സഹപാഠിയായ ചിമ്പുവിനോട് ഐശ്വര്യയ്ക്ക് ബാല്യകാല പ്രണയം ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. പക്ഷേ അത് പിന്നീട് പൊളിഞ്ഞു. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് അവളുടെ ജീവിതത്തിലേക്ക് ധനുഷ് എത്തുന്നത്. മകളെ ചതിച്ച ചിമ്പുവിനോട് രജനിക്കും കുടുംബത്തിനും അടങ്ങാത്ത ദേഷ്യം ഇന്നുമുണ്ടെന്നാണ് തമിഴ് സിനിമാ മാസികൾ എഴുതുന്നത്. അതുകൊണ്ട് ചിമ്പവിന്റെ ശത്രു എപ്പോഴും രജനി കുടുംബത്തിന്റെ മിത്രം ആവുമെന്നാണ് അവരുടെ കണക്കുകൂട്ടൽ.

അങ്ങനെയിരിക്കെയാണ് നയൻതാരയെ ഹൈദരാബാദിൽ വച്ച് രജനീകാന്ത് കാണുന്നത്. ചിമ്പുവിന്റെ പേരിൽ നയസിനെ ഔട്ടാക്കാൻ ശ്രമം നടക്കുന്നത് രജിനി അറിഞ്ഞിരുന്നു. അങ്ങനെയാണ് അദ്ദേഹം ചന്ദ്രമുഖിയിലെ നായികാ വാഗ്ദാനം കൊടുക്കുന്നത്. ആ പടം ഇറങ്ങിയതോടെ നയൻസ് താര റാണിയുമായി. ധനുഷുമായി നയസിന്റെ കോമ്പോകൾ ആവർത്തിക്കപ്പെട്ടു. ധനുഷിൻെ 'യാരെടീ നീ മോഹിനിയിൽ' ചിമ്പുവിന്റെ വല്ലവനെ വെല്ലുന്ന രംഗങ്ങളാണ് ഉണ്ടായിരുന്നത്.

പ്രഭുദേവയുമായി പുലിവാൽക്കല്യാണം

ചിമ്പവുമായി പിരിഞ്ഞശേഷമാണ് തെന്നിന്ത്യൻ മൈക്കിൾ ജാക്സൺ എന്ന പേരിൽ അറിയപ്പെടുന്ന നടനും നൃത്ത സംവിധാകനുമായ പ്രഭുദേവയുമായി നയൻസ് അടുക്കുന്നത്. 2010ൽ പ്രഭുദേവയുടെ പേരു നയൻസ് ശരീരത്തിൽ പച്ചകുത്തുക കൂടി ചെയ്തതോടെ കാര്യങ്ങൾ ആരാധകരും ഏറ്റെടുത്തു. പ്രഭുദേവയെ വിവാഹം കഴിക്കാനായി നയൻസ് താൽക്കാലികമായി സിനിമ ഉപേക്ഷിക്കുകയും ചെയ്തു. ഇരുവരും ചേർന്ന് സിനിമാ നിർമ്മാണ മടക്കമുള്ള ബിസിനസുകളും നടത്തിയിരുന്നു.

അതിനിടെ രണ്ട് കുഞ്ഞുങ്ങളുടെ അച്ഛനായ തന്റെ ഭർത്താവിനെ നയൻതാര തട്ടിയെടുക്കുകയാണെന്ന് പറഞ്ഞാണ് പ്രഭുദേവയുടെ ഭാര്യ റംലത്ത് രംഗത്ത് വന്നത് വലിയ വാർത്തയായി. ഇക്കാര്യം ചൂണ്ടികാണിച്ച് അവർ കോടതിയെ സമീപിച്ചിരുന്നു. 'മോഷണക്കേസിന് നയൻതാരയെ അറസ്റ്റ് ചെയ്യണം എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. നയൻതാരയെ കണ്ടാൽ കാണുന്ന ഇടത്ത് വച്ച് ഞാൻ തല്ലും. ഒരു സ്ത്രീ എങ്ങിനെയായിരിക്കരുത് എന്നതിന് ഉത്തമ ഉദാഹരണമാണ് നയൻതാര'- റംലത്ത് അന്ന് അങ്ങനെയാണ് പറഞ്ഞത്.

നർത്തകിയായ റംലത്തും പ്രഭുദേവയും പ്രണയിച്ച് വിവാഹം ചെയ്തതാണ്. പ്രഭുദേവയെ വിവാഹം ചെയ്ത ശേഷം അവർ മതം മാറി ലത എന്ന പേര് സ്വീകരിച്ചു. പ്രഭു ദേവയുടെ മൂന്ന് മക്കളുടെ അമ്മയാണ് റംലത്ത്. ഇവരുടെ മൂത്തകുട്ടി 2008ൽ കാൻസർ ബാധിച്ച് മരിക്കയായിരുന്നു. ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ശേഷം 2010 ൽ പ്രഭു ദേവയും ലതയും തമ്മിലുള്ള വിവാഹ മോചനം നിയമപരമായി നടന്നു.

പ്രഭുദേവയും നയൻതാരയും രണ്ടു വർഷത്തിനു ശേഷം വിവാഹിതരായി. വളരെ രഹസ്യമായ ചടങ്ങിൽ വച്ചായിരുന്നു വിവാഹം. അതുകൊണ്ട് ഇരുവരും വിവാഹം കഴിച്ചെന്നും ഇല്ലെന്നും പറയപ്പെടുന്നു. എന്തായാലും ദിവസങ്ങളുടെ ആയുസ് മാത്രമേ ആ ദാമ്പത്യ ജീവിത്തിനുണ്ടായിരുന്നുള്ളു.

നയൻതാരയിൽ നിന്നും വേർപിരിഞ്ഞ പ്രഭുദേവ ഹിന്ദി സിനിമയിലും സംവിധാനത്തിലും കൂടുതൽ ശ്രദ്ധിച്ചു. ആദ്യ ബന്ധത്തിലെ മക്കളെ കൂടെക്കൂട്ടണം എന്ന പ്രഭുവേദയുടെ ആവശ്യം, നയൻതാര നിരസിച്ചതു കലഹത്തിലേയ്ക്കു വഴിവച്ചുവെന്നാണ് തമിഴ് ചലച്ചിത്ര മാസികകൾ പറയുന്നത്. തുടർന്ന് ഇനി തന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടാകില്ല എന്നു പ്രഭുദേവ അടിവരയിട്ടു പറഞ്ഞു. മക്കൾക്കും മാതാപിതാക്കൾക്കും വേണ്ടിയാണ് ഇനിയുള്ള ജീവിതം എന്നാണ് അദ്ദേഹം പറയുന്നത്. എന്തായാലും പ്രഭുദേവയും നയൻസും ഇപ്പോൾ ശത്രുക്കളല്ല. നല്ല സുഹൃത്തുക്കളാണ് തങ്ങൾ എന്നാണ് പ്രഭുദേവ ഈയിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. താൻ വിശ്വസിച്ച പലരും ചതിച്ചുവെന്ന് ഒരു അഭിമുഖത്തിൽ പറയുകയല്ലാതെ മറ്റൊരു കമന്റും ഈ വിഷയത്തിൽ നയൻതാരയും നടത്തിയിട്ടില്ല.

വിഘ്നേഷ് ജീവിതത്തിലേക്ക് കടുന്നുവരുന്നു

പ്രഭു ദേവയുമായുള്ള പ്രണയ തകർച്ച നയൻസിലെ മാനസികമായി തളർത്തിയിരുന്നു. സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്ത താരം പിന്നീട് ശക്തമായി തിരിച്ചെത്തുകയായിരുന്നു. രണ്ടാം വരവിൽ നടിയുടെ വിജയ ചിത്രങ്ങളിലൊന്നായിരുന്നു വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത 'നാനും റൗഡി താൻ'. 2015 ൽ പുറത്തിറങ്ങിയ ചിത്രം വലിയ വിജയമായിരുന്നു. ഈ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലായത്.

ഈ ചിത്രത്തിന് വേണ്ടിയുള്ള കൂടിക്കാഴ്ചയിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെ ആ പരിചയം നല്ല സൗഹൃദമായി മാറുകയായിരുന്നു. ഇരുവരും നന്നായി അടുത്തു. സിനിമയുടെ ലൊക്കേഷനിൽ നിന്നുമുള്ള ഇരുവരുടേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പക്ഷെ തങ്ങൾക്കിടയിൽ പ്രണയമുള്ളതായി നയൻസോ വിക്കിയോ സമ്മതിച്ചിരുന്നില്ല.

നയൻതാരയും വിഘ്‌നേഷും തമ്മിലുള്ള പ്രണയത്തെക്കുറിച്ചുള്ള ചർച്ചകൾ പരസ്യമാകുന്നത് നടൻ മൻസൂർ അലിഖാന്റെ പ്രസ്താവനയിലൂടെയായിരുന്നു. നാനും റൗഡി താന്റെ പ്രൊമോഷന്റെ ഭാഗമായി നടന്നൊരു പത്രസമ്മേളനത്തിനിടെ 'നയൻതാരയും വിഘ്‌നേഷും പ്രണയത്തിലാണോ എന്നറിയില്ല, പക്ഷേ ഇരുവരും സിനിമയുടെ സെറ്റിൽ മണിക്കൂറുകളോളം സംസാരിച്ചിരിക്കുകയായിരുന്നു' എന്ന് മൻസൂർ അലി ഖാൻ പറയുകയായിരുന്നു.

ഇതോടെ നയൻസും വിക്കിയും തമ്മിലുള്ള പ്രണയം എല്ലായിടത്തും ചർച്ചയായി മാറുകയായിരുന്നു. എങ്കിലും വാർത്തകളോട് രണ്ടു പേരും പ്രതികരിച്ചിരുന്നില്ല. ഒടുവിൽ രണ്ട് വർഷത്തിന് ശേഷം 2017 ൽ തങ്ങളുടെ പ്രണയം വിക്കിയും നയൻസും പരസ്യമാക്കുകയായിരുന്നു. സിംഗപ്പൂരിൽ നടന്നൊരു അവാർഡുദാന ചടങ്ങിനിടെയായിരുന്നു സംഭവം. 'നാനും റൗഡി താൻ' എന്ന ചിത്രത്തിലൂടെ വിക്കി മികച്ച സംവിധായകൻ ആയപ്പോൾ അതേ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം നയൻസിനെ തേടിയുമെത്തി. നയൻതാരയ്ക്ക് നന്ദി പറഞ്ഞായിരുന്നു വിക്കി അവാർഡ് വാങ്ങിയത്. വിക്കിയുടെ കൈയിൽ നിന്നും അവാർഡ് വാങ്ങണമെന്നായിരുന്നു നയൻതാര പറഞ്ഞത്. ഈ ഷോയിലൂടെ ഇരുവരും തങ്ങളുടെ പ്രണയം പരസ്യമായത്.

നയൻസിനൊപ്പമുള്ള ചിത്രങ്ങൾ കൊണ്ട് നിറയുകയായിരുന്നു പിന്നീട് വിക്കിയുടെ സോഷ്യൽ മീഡിയ പേജ്. അങ്ങനെയിരിക്കെ പോയ വർഷം, 2021, മാർച്ചിൽ നയൻതാരയ്‌ക്കൊപ്പമുള്ളൊരു ചിത്രം വിഘ്‌നേഷ് പങ്കുവെച്ചു. ചിത്രത്തിൽ ആരാധകരുടെ കണ്ണുടക്കി നിന്നത് ഇരുവരുടേയും വിരലുകളിലുണ്ടായിരുന്ന മോതിരങ്ങളിലായിരുന്നു. വിക്കിയും നയൻതാരയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ വാർത്ത കാട്ടുതീ പോലെ പടർന്നു. അധികം വൈകാതെ ഇക്കാര്യം നയൻതാര തന്നെ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. നെട്രിക്കൺ എന്ന സിനിമയുടെ പ്രചരണാർഥം നൽകിയ അഭിമുഖത്തിലാണു വിവാഹക്കാര്യം സ്ഥിരീകരിച്ചത്.

താരവിവാഹത്തിൽ മമ്മൂട്ടിയും ലാലുമില്ല

അങ്ങനെ മഹാബലിപുരത്ത് താരമാമാങ്കംപോലെ, ലോകത്തിലെ ഏറ്റവും പ്രശസ്തയായ മലയാളിയുടെ വിവാഹം നടക്കുമ്പോഴും , മലയാളി താരങ്ങളുടെ വലിയ തോതിലുള്ള അസാന്നിധ്യം പ്രകടമായിരുന്നു. നടൻ ദിലീപ് മാത്രമാണ് കൊച്ചിയിൽ നിന്ന് എത്തിയത്. മലയാളത്തിൽ നയൻതാരയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ദിലീപ്. സൂപ്പർഹിറ്റ് ചിത്രമായ ബോഡി ഗാർഡിൽ ഇവർ ഒന്നിച്ച് അഭിനയിച്ചിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടിയിൽ അതിഥിവേഷത്തിലും നയൻതാര എത്തുകയുണ്ടായി.

അതോടൊപ്പം എന്തുകൊണ്ടാണ് മോഹൻലാലും മമ്മൂട്ടിയും എത്താത്തത് എന്നതും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. കരിയറിന്റെ തുടക്ക കാലത്ത് തന്നെ രണ്ട് മോഹൻലാൽ ചിത്രങ്ങളിൽ വേഷമിട്ട നായികയാണ് നയൻസ്. 2004 ൽ പുറത്തിറങ്ങിയ വിസ്മയത്തുമ്പത്തും നാട്ടുരാജാവും ആയിരുന്നു ആ സിനിമകൾ. പിന്നീട് മോഹൻലാലിന്റെ നായികയായി ഒരു സിനിമയിൽ പോലും അവർ അഭിനയിച്ചിട്ടില്ല.

മോഹൻലാലുമായി തന്നെ ചേർത്ത് മുമ്പുണ്ടായ ഗോസിപ്പുകളിൽ നയൻതാര നിലപാട് തുറന്നു പറഞ്ഞിരുന്നു. തുടക്കകാലത്ത് തന്നെ മോഹൻലാലിനോടൊപ്പം രണ്ട് ചിത്രങ്ങൾ അഭിനയിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചു. വളരെ പെട്ടെന്ന് തന്നെ മോഹൻലാലിനൊപ്പം അഭിനയിക്കാൻ തനിക്ക് അവസരങ്ങൾ ലഭിച്ചത് ചില നടിമാർക്ക് തന്നോട് അസൂയ ഉണ്ടായിരുന്നു. തന്നെയും അദ്ദേഹത്തെയും ചേർത്ത് പല ഗോസിപ്പുകളും അവർ പുറത്തിറക്കി എന്നാണ് നയൻതാര പറഞ്ഞത്. മമ്മൂട്ടിയുമായി അടുത്ത ബന്ധം നയൻതാരയ്ക്കുണ്ടായിരുന്നതുമില്ല. രണ്ടു സിനിമകളിൽ അഭിനയിച്ചുവെന്നതാണ് മറ്റൊരു വസ്തുത. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ തസ്‌കരവീരനിലും രാപ്പകലിലും അധികം വൈകാതെ നായികയായി അഭിനയിച്ചു. പിന്നീട് ഭാസ്‌ക്കർ ദ റാസ്‌ക്കലിലും. പക്ഷേ മമ്മൂട്ടിയുമായി അവർക്ക് വ്യക്തിബന്ധം അധികം ഉണ്ടായില്ല.

അതേസസമയം 'വിസ്മയത്തുമ്പത്ത്' എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ താൻ ശരിയാവുന്നില്ലെന്ന് പറഞ്ഞ്, സംവിധായകൻ ഫാസിലിന്റെ ഭാഗത്തുനിന്നുണ്ടായ ചില പരമാർശങ്ങളും തന്നെ തളർത്തിയതായി നയൻതാര സ്വകാര്യസംഭാഷണത്തിൽ പറഞ്ഞെന്ന് ചില തമിഴ് മാധ്യമങ്ങൾ എഴുതിയിരുന്നു. എന്തായാലും മലയാളത്തിലെ താരങ്ങളുമായി അവർക്ക് അത്രയൊന്നും വ്യക്തിബന്ധം ഉണ്ടായിരുന്നില്ല. എന്നുതന്നെ കൈപടിച്ച് ഉയർത്തിയത് തമിഴ്- തെലുങ്ക് ഇൻഡസ്ട്രിയാണെന്ന വാദമാണ് നയൻതാരക്കുള്ളത്. അത് ശരിയാണു താനും. നയൻതാരയെ പരിഹസിക്കാനും സൈബർ ആക്രമണം നടത്താനുമാണ് മലയാളി എന്നും മുന്നിൽ നിന്നിരുന്നതും.

അഹങ്കാരിയുടെ ഇമേജ്

രജനി, മമ്മൂട്ടി, മോഹൻലാൽ, അജിത്, വിജയ്, സൂര്യ, ചിരഞ്ജീവി, ശിവ കാർത്തികേയൻ എന്നു തുടങ്ങി തെന്നിന്ത്യൻ സിനിമയിലെ എല്ലാ സൂപ്പർസ്റ്റാറുകൾക്ക് ഒപ്പവും അഭിനയിച്ചിട്ടുള്ള അപൂർവ്വ നടിമാരിൽ ഒരാൾ കൂടിയാണ് നയൻതാര. എന്നാൽ ഈ സൂപ്പർസ്റ്റാറുകളിൽ നിന്നെല്ലാം നയൻതാരയെ വ്യത്യസ്തമാക്കുന്ന ഒരു കാര്യം അഭിമുഖങ്ങളോടും സിനിമാ പ്രമോഷൻ പരിപാടികളോടും മറ്റും കാണിക്കുന്ന വിമുഖതയാണ്. മാധ്യമങ്ങളുടെ വെള്ളിവെളിച്ചത്തിൽ നിന്നും മാറിനിൽക്കാൻ താരങ്ങൾ പോലും ആശങ്കപ്പെടുകയും, പ്രമോഷൻ കുറഞ്ഞാൽ അത് സിനിമയെ ബാധിക്കുമെന്ന് കരുതുകയും ചെയ്യുന്ന സിനിമയുടെ സാമ്പ്രദായിക രീതികളിൽ നിന്നും നയൻതാര മാറിനിന്നു.

നീണ്ട പത്തുവർഷത്തോളം ഒരു മാധ്യമത്തിനു പോലും അഭിമുഖം കൊടുക്കാതെ തന്നെ തന്റെ സ്റ്റാർഡം പരിപാലിച്ചു കൊണ്ടുപോവാൻ നയൻതാരയ്ക്ക് കഴിഞ്ഞുവെന്നതാണ് സത്യം. 'ഞാൻ ചിന്തിക്കുന്നത് എന്താണെന്നു ലോകം അറിയാൻ എനിക്ക് താൽപര്യമില്ല. ഞാൻ എപ്പോഴും സ്വകാര്യത ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. വലിയൊരു ആൾക്കൂട്ടത്തിനിടയിൽ എനിക്ക് നിൽക്കാനാവില്ല. പല തവണ മാധ്യമങ്ങൾ എന്നെ തെറ്റായി വ്യാഖ്യാനിച്ചിട്ടുണ്ട്. എനിക്ക് കൈകാര്യം ചെയ്യാൻ കഴിയാത്തത്ര പ്രശ്നങ്ങൾ ഉണ്ടായി. എന്റെ ജോലി അഭിനയമാണ്.എന്റെ സിനിമകൾ എനിക്ക് വേണ്ടി സംസാരിക്കും എന്നാണ് ഞാൻ കരുതുന്നത്.'' മാധ്യമങ്ങൾക്ക് അഭിമുഖം നൽകാത്തതിന്റെയും സിനിമാ പ്രൊമോഷനുകളിൽ പങ്കെടുക്കാത്തതിന്റെയും കാരണം നയൻതാര വ്യക്തമാക്കുന്നു.

നിലപാടുകളും ജോലിയുടെ കാര്യത്തിലെ കണിശതയും വിട്ടുവീഴ്ചയില്ലായ്മയും നയൻതാരയുടെ സൂപ്പർസ്റ്റാർ ഇമേജിന് തിളക്കമേകുന്നു. 'ഞാൻ മുഖ്യകഥാപാത്രമായ സിനിമകളിൽ, എല്ലാ തീരുമാനങ്ങളും എന്റേതാണ്. ചില സമയങ്ങളിൽ, സംവിധായകർ ഭർത്താക്കന്മാരെയോ കാമുകന്മാരെയോ ചുറ്റിപ്പറ്റിയുള്ള കഥകളുമായി വരും. അത് ആവശ്യമാണോയെന്ന് ഞാൻ ചോദിക്കാറുണ്ട്,'' ഒരു അഭിമുഖത്തിൽ നയൻതാര പറഞ്ഞ വാക്കുകളാണ് ഇവ.

'എന്തുകൊണ്ടാണ് എല്ലായ്‌പ്പോഴും പുരുഷന്മാർക്ക് മാത്രം അധികാരം ഉണ്ടായിരുക്കുന്നത്. പ്രശ്നമെന്തെന്നാൽ, സ്ത്രീകൾ ഇപ്പോഴും കമാൻഡിങ് റോളിലേക്ക് എത്തിയിട്ടില്ല. ഇതാണ് എനിക്ക് വേണ്ടത്, ഇതാണ് ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നതെന്നു പറയാൻ അവർക്ക് ഇപ്പോഴും കഴിയുന്നില്ല. ഇതൊരു ജെൻഡർ കാര്യമല്ല. നിങ്ങൾ പറയുന്നത് ഞാൻ കേൾക്കുന്നുണ്ടെങ്കിൽ, ഞാൻ പറയുന്നത് നിങ്ങളും കേൾക്കണം.'' - നയൻതാര പറയുന്നു. ഈ ബോൾഡ്നസ്സ്് പാട്രിയാർക്കൽ ടോക്സിക്ക് മല്ലു പൊതുബോധത്തിൽ അഹങ്കാരം എന്നാണ് പറയുക. എന്നാൽ തമിഴകം അവരെ ജൂനിയർ പുരെട്ച്ച് തലൈവി എന്നാണ് വിശേഷിപ്പിക്കുന്നത്! അതാണ് വ്യത്യാസം.

വാൽക്കഷ്ണം: സൈബർ മലയാളികൾക്ക് നയൻതാരയോടുള്ള വിദ്വേഷം അറിയണമെങ്കിൽ അവരുടെ വിവാഹവാർത്ത കീഴിലുള്ള ഹേറ്റ് കമൻസ് നോക്കിയാൽ മതി. 'ശരീരം മാത്രമല്ല വിവാഹംവരെ വിറ്റുകാശാക്കി' എന്നൊക്കെ കമന്റിടുന്ന മാന്യന്മാരെ നമുക്കവിടെ കാണാം. ചുമ്മാതല്ല, നയൻസ് അധികം മലയാളികളെ കല്യാണത്തിന് വിളിക്കാഞ്ഞതും!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP