Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാളെ തൃക്കലശാട്ട്; ഭക്തിനിർഭരമായ അനുഷ്ഠാന ചടങ്ങുകളോടെ കൊട്ടിയൂർ രേവതിമഹോത്സവം പരിസമാപ്തിയിലേക്ക്

നാളെ തൃക്കലശാട്ട്; ഭക്തിനിർഭരമായ അനുഷ്ഠാന ചടങ്ങുകളോടെ കൊട്ടിയൂർ രേവതിമഹോത്സവം പരിസമാപ്തിയിലേക്ക്

അനീഷ് കുമാർ

കൊട്ടിയൂർ: ഭക്തി നിർഭരമായ അനുഷ്ഠാനചടങ്ങുകൾ നടന്നുകൊണ്ടു കൊട്ടിയൂർ രേവതിമഹോത്സവം അതിന്റെ പരിസമാപ്തിയിലേക്ക് കടന്നു. കഴിഞ്ഞ രണ്ടുവർഷം കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ വെറും ചടങ്ങുകളിൽ ഒതുങ്ങിയ കൊട്ടിയൂർ വൈശാഖമഹോത്സവത്തിന് ഇക്കുറി ജനലക്ഷങ്ങളാണ് പങ്കെടുത്തത്.

വൈശാഖ മഹോത്സവത്തിലെ നാലു നിവേദ്യങ്ങളിൽ അവസാനത്തേതായ അത്തം ചതുശ്ശത നിവേദ്യം വ്യാഴാഴ്ച പെരുമാൾക്ക് നിവേദിച്ചു. ഉച്ചശീവേലി നടക്കവേ വാളാട്ടം എന്ന ചടങ്ങു നടന്നു. ഭണ്ഡാര അറയിൽ സൂക്ഷിച്ചിരിക്കുന്ന സപ്തമാതൃ പുരത്തെ ചപ്പാരം ഭവതിയുടെ വാളുകളുമായി വാളശന്മാർ കിഴക്കെ നടയിലെ തിരുവൻ ചിറയിലെത്തി. ദേവി ദേവൻ മാരുടെ തിടമ്പുകൾക്ക് മുന്നിലായി വടക്കോട്ട് തിരിഞ്ഞ് നിന്നാണ് വാളാട്ടം നടത്തിയത്. സപ്തമാതൃക്കളുടെ ശക്തി ആവാഹിച്ചാണ് ദേവനും ദേവിക്കും മുൻപിലായി വാളാട്ടം നടത്തിയത്. വാളുമായി തിരുവൻ ചിറയിൽ ഓരോ പ്രദക്ഷിണം നടത്തി.

തുടർന്ന് അമ്മാറക്കൽ തറക്കും പൂവറക്കും ഇടയിൽ പ്രത്യേക സ്ഥാനത്ത് കുടിപതികൾ തേങ്ങയേറ് നടത്തി. പ്രായ ക്രമത്തിലാണ് തേങ്ങയേറ് നടത്തിയത്. ഉത്സവാഘോഷങ്ങളുടെ അവസാനം എന്നറിയിക്കുന്ന ചടങ്ങാണിത്. വ്യാഴാഴ്ച നടന്ന ആയിരം കുടം ജലാഭിഷേകത്തോടെയാണ് ഉത്സവ ചിട്ടകൾ പൂർത്തീകരിച്ചത്. സന്ധ്യയോടെ കലശപൂജകൾക്കും തുടക്കമായി.

ഇരുപത്തിയേഴുനാൾ നീണ്ട കൊട്ടിയൂർ വൈശാഖ മഹോത്സവം ജൂൺ പത്തിന് തൃക്കലശാട്ടോടെ സമാപിക്കും. ക്ഷേത്രമില്ല ക്ഷേത്രമെന്നറിയപ്പെടുന്ന കൊട്ടിയൂരിൽ മണിത്തറയിലെ സ്വയംഭൂവിന് മുകളിൽ കെട്ടിയുണ്ടാക്കിയ താത്കാലിക ശ്രീകോവിൽ പിഴുത് തിരുവൻ ചിറയിൽ നിക്ഷേപിക്കുന്നതോടെ ഉത്സവകർമ്മങ്ങൾ അവസാന ഘട്ടത്തിലെത്തും.

വെള്ളിയാഴ്‌ച്ച പുലർച്ചെ വരെ കിഴക്കെ നടയിൽ കലശപൂജകൾ നടക്കും. രാവിലെയോടെ കിഴക്കെ നടയിലുള്ള പ്രവേശനത്തിനും നിയന്ത്രണങ്ങൾ വരും. കലശ മണ്ഡപത്തിൽ നിന്നും മണിത്തറയിലേക്ക് എഴുന്നെള്ളിച്ച് കൊണ്ടുവരുന്ന കളഭം, സ്വർണം, വെള്ളി കുടങ്ങളിൽ നിന്നാകും അഭിഷേകം ചെയ്യുക. തന്ത്രിമാരും ബ്രാഹ്മണരും ഒന്നുചേർന്ന് നടത്തുന്ന കളഭാഭിഷേകത്തിനൊപ്പം സമൂഹ പുഷ്പാഞ്ജലിയും, പൂർണ്ണപുഷ്ഞ്ജലിയും നടത്തും.

തുടർന്ന് തറ ശുദ്ധീകരിച്ചതിന് ശേഷം നിവേദ്യ സമർപ്പണവും പിന്നീട് കുടിപതികളുടെ തണ്ടിന്മേൽ ഊണും നടക്കും. തിടപ്പള്ളിയിലെ തണ്ടിൽ ഇരുന്ന് കുടിപതികൾ കടുംപായസം അടക്കമുള്ള വിഭവങ്ങൾ ചേർത്താകും ഊണുകഴിക്കുക. വീണ്ടും തിടപ്പള്ളിയും തറയും ശുദ്ധീകരിച്ചതിന് ശേഷം മുതിരേരി വാൾ മടക്കത്തിനുള്ള കർമ്മങ്ങൾ ആരംഭിക്കും.

മുതിരേരി വാൾ മടങ്ങിയാൽ അമ്മാറക്കൽ തറയിൽ തൃച്ചന്ദന പൊടി അഭിഷേകം നടത്തും. ഭണ്ഡാരങ്ങൾ തിരിച്ചെഴുന്നെള്ളത്തിനായി കാവുകളാക്കി കൂത്തമ്പലത്തിൽ വയ്കും. തുടർന്ന് തന്ത്രിയുടെ യാത്രാബലിയും നടത്തും. ഇതിന് മുമ്പ് എല്ലാവരും ഇക്കരയിലേക്ക് കടക്കും. ഓച്ചറും പന്തക്കിടാങ്ങളും മുന്നിൽ നീങ്ങിയാൽ ഹവിസ് തൂവി ഏറ്റവും ഒടുവിലായി ഇക്കരെ കടക്കും. പാമ്പറപ്പാൻ തോട് വരെ ഹവിസ് വിതറിയ ശേഷം തിരിഞ്ഞ് നോക്കാതെ തന്ത്രി കൊട്ടിയൂരിന് പുറത്തേക്ക് പോരും.

ശനിയാഴ്‌ച്ച ബ്രാഹ്മണർ അക്കരെയെത്തി നിവേദ്യം ഒരുക്കി പൂജകൾ നടത്തും. അഷ്ടബന്ധം കൊണ്ട് സ്വയം ഭൂവിനെ ആവരണം ചെയ്യും. തുടർന്ന് ഇവർ ഇക്കരക്ക് മടങ്ങിയാൽ ഒറ്റപ്പിലാനും സംഘവും മണിത്തറയിലെത്തി നിവേദ്യച്ചേറ് അവിടെ വച്ച് തന്നെ ഭക്ഷിക്കും. വറ്റടി എന്നാണ് ഈ ചടങ്ങുകളെ വിളിക്കുക. ഇത് കൂടി കഴിഞ്ഞാൽ അടുത്ത വൈശാഖ മഹോത്സവ കാലം വരെ മനുഷ്യർ അക്കരയിലേക്ക് പ്രവേശിക്കില്ല. യാത്രാ ബലി മുതൽ ആചാരപരമായി അനുവദിക്കപ്പെട്ടിട്ടുള്ളവർക്ക് അല്ലാതെ മറ്റാർക്കും അവിടെ പ്രവേശനമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP