Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'മഹേർ' 'അമ്മ വീടുകൾ ആലംബഹീനർക്ക് അഭയകേന്ദ്രങ്ങൾ: സിസ്റ്റർ ലൂസി കുര്യൻ

'മഹേർ' 'അമ്മ വീടുകൾ ആലംബഹീനർക്ക് അഭയകേന്ദ്രങ്ങൾ: സിസ്റ്റർ ലൂസി കുര്യൻ

ജീമോൻ റാന്നി

 

ഹൂസ്റ്റൺ: സമൂഹത്തിൽ ഒറ്റപ്പെട്ടു പോയവരും നിരാലംബരുമായവരെ ചേർത്ത് പിടിച്ച് സംരക്ഷിക്കുന്ന, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 63 'അമ്മ വീടുകൾ' സ്ഥാപിച്ച് 25 വർഷം പിന്നിടുന്ന 'മഹേർ' ട്രസ്റ്റിന്റെ സ്ഥാപകയും ഡയറക്റ്ററുമായ സിസ്റ്റർ ലൂസി കുര്യൻ മഹേറിനെ പറ്റി പറയുമ്പോൾ നൂറു നാവ് !

'മഹേർ' മറാത്തിഭാഷയിൽ 'അമ്മ വീട്' എന്നർത്ഥം. ''മഹേർ' ഇന്ന് മഹാരാഷ്ട്ര, ജാർഖണ്ഡ്, ആന്ധ്രപ്രദേശ്, കർണാടക, വെസ്റ്റ് ബംഗാൾ, കേരളം തുടങ്ങിയ 6 സംസ്ഥാനങ്ങളിൽ നൂറുകണക്കിന് നിരാലംബരായ സ്ത്രീകൾക്കും കുട്ടികൾക്കും അത്താണിയായി മാറുന്നു.

ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് ഓഫ് നോർത്ത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഒരുക്കിയ പ്രത്യേക വാർത്താ സമ്മേളനത്തിലാണ് സിസ്റ്റർ ലൂസി മഹേറിന്റെ ഉത്ഭവവും പ്രവർത്തനങ്ങളും വിവരിച്ചത്. മലയാളിയായ സിസ്റ്റർ ലൂസിയോടൊപ്പം മഹെറിന്റെ സാമൂഹ്യ പ്രവർത്തനങ്ങളിലും പ്രതിബദ്ധതയിലും ആകൃഷ്ടയായി അമേരിക്കയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ബ്രെൻഡാ ഹൗളിയും ഹൂസ്റ്റണിൽ നിന്നുള്ള റൂബി എസ്തപ്പാൻ കൈതമറ്റവും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

തെരുവോരങ്ങളിൽ അന്തിയുറങ്ങിയ നൂറു കണക്കിന് കുട്ടികൾ ഈ വീടുകളിൽ താമസിച്ച്, വിദ്യാഭ്യാസം നേടി, മിടുക്കരായി ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നുണ്ട് എന്ന് പറയുമ്പോൾ തന്നെ 'സിസ്റ്റർ ലൂസി' എന്ന അവരുടെ അമ്മയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു.

വിശക്കുന്ന കുട്ടികൾ, ആരോരുമില്ലാതെ തെരുവോരങ്ങളിൽ അലയുന്നവർ, ഭിക്ഷ യാചിക്കുന്നവർ, പരാശ്രയമില്ലാതെ ജീവിക്കുവാൻ നിർവാഹമില്ലാത്ത സ്ത്രീകൾ അങ്ങനെ സമൂഹത്തിൽ പാർശ്വൽക്കരിക്കപെട്ട നിരവധി പേരുടെ അതിജീവനത്തിന്റെ അനുഭവങ്ങളാണ് മഹെറിൽ കൂടി സിസ്റ്റർ ലൂസി തുറന്നു കാട്ടിയത്.

ഹോളി ക്രോസ്സ് മഠത്തിൽ അംഗമെങ്കിലും മഠത്തിന്റെ അനുവാദത്തോടു കൂടി 'മഹേർ (അമ്മ വീട്) എന്ന പ്രസ്ഥാനം 1997ൽ ആരംഭിച്ചു. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അന്ന് ഒരു മഹേർ വീടുമായി ആരംഭിച്ച് 63 വീടുകൾ സ്ഥാപിച്ച 'മഹേർ' അതിന്റെ മനുഷ്യനന്മയുടെ പ്രവർത്തനങ്ങൾ വിപുലമാക്കി. ഇതിൽ 6 വീടുകൾ അനാഥരായ പുരുഷന്മാർക്കായും സ്ഥാപിച്ചു. കേരളത്തിലും മഹേറിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു. മഹാരാഷ്ട്രയിലെ പൂനയാണ് സംഘടനയുടെ ആസ്ഥാനം.

ആലംബഹീനരായ സ്ത്രീകൾ, കുട്ടികൾ, പുരുഷന്മാർ ഇവർക്ക് മെഹർ ഭവനങ്ങളിൽ താമസമൊരുക്കുക, സ്വയം സഹായ ഗ്രൂപ്പുകൾ ഉണ്ടാക്കുക, സ്ത്രീ ശാക്തീകരണം, കൗൺസിലിങ് ക്ലാസുകൾ നൽകുക തുടങ്ങിയ ചില പ്രവർത്തങ്ങൾ മാത്രം. ഇപ്പോൾ ഈ വീടുകളിൽ 980 കുട്ടികളും, 640 സ്ത്രീകളും (സ്ത്രീകളിൽ 280 പേർ മാനസികാസ്വാസ്ഥ്യം ഉള്ളവരാണ്) 180 പുരുഷന്മാരും താമസിച്ചു വരുന്നു. 25 വർഷമായി 48,000 ൽ പേരെ സംരക്ഷിക്കുവാൻ കഴിഞ്ഞതായി സിസ്റ്റർ പറഞ്ഞു. 168 പേരുടെ വിവാഹങ്ങൾ നടത്തി കൊടുത്തു. മദ്യപാനിയായ ഭർത്താവ്, പൂർണ ഗർഭിണിയായ തന്റെ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയപ്പോൾ, അത് കാണേണ്ടി വരുകയും ആ സ്ത്രീയെയും കുഞ്ഞിനേയും രക്ഷിക്കുവാൻ കഴിയാതെ വന്നതിന്റെയും കുറ്റബോധത്തിൽ നിന്നാണ് മെഹ്റിന്റെ തുടക്കമെന്ന് സിസ്റ്റർ ലൂസി പറഞ്ഞു.

സിസ്റ്റർ ലൂസി, കണ്ണൂർ കോളയാട് വാക്കാച്ചാലിൽ കുടുംബാംഗമാണ്.

'സ്‌നേഹം' ആണ് മഹേറിന്റെ മതം. എല്ലാ മതങ്ങളെയും മതവിശ്വാസികളെയും ഉൾകൊള്ളുന്നു. അവരുടെ എല്ലാ ആഘോഷങ്ങൾക്കും പ്രാധാന്യം നൽകുന്നു.

കോവിഡ് - 19 പ്രതിസന്ധി കാലഘട്ടങ്ങളിൽ സംഘടന ചെയ്ത പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. 62,000 കുടുംങ്ങൾക്ക് ഭക്ഷണ കിറ്റുകൾ, ഹ്യൂമാനിറ്റി കിച്ചൺ പ്രോഗ്രാമിൽ കൂടി 30,000 ഭക്ഷണ പൊതികൾ, ആംബുലൻസ് സേവനങ്ങൾ, ക്വാറന്റൈൻ കേന്ദ്രങ്ങൾ തുടങ്ങിവയ ചിലതു മാത്രം. 43,000 മാസ്‌കുകൾ ഉണ്ടാക്കി വിതരണം ചെയ്തു.

സിസ്റ്റർ ലൂസി കുര്യന് 260 ൽ പരം അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ മുൻ രാഷ്രപതി ഡോ.പ്രണബ് മുഖർജിയിൽ നിന്നും സ്ത്രീ ശക്തി അവാർഡ്
(2016) ഏറ്റുവാങ്ങിയ സിസ്റ്റർ ലൂസി സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ഉന്നമനത്തിനും സംരക്ഷണ ത്തിനുമുള്ള പ്രവർത്തനങ്ങൾക്ക് പ്രശസ്തമായ 2021 ജംനാലാൽ ബജാജ് അവാർഡ് (10 ലക്ഷം) നോബൽ സമ്മാന ജേതാവ് കൈലാസ് സത്യാർത്ഥിയിൽ നിന്നും ഏറ്റുവാങ്ങി.

ഗ്ലോബൽ വിമൻസ് സമ്മിറ്റ് ലീഡർഷിപ് അവാർഡ് (2011) ശ്രീ സത്യസായി അവാർഡ് ഫോർ ഹ്യൂമൻ എക്‌സില്ലെന്‌സ് (2017) നാരീ ശക്തി അവാർഡ് (2016) വനിതാ മാസിക വുമൺ ഓഫ് ദി ഇയർ (2016) നീർജ ഭാനോട്ട് അവാർഡ് (2018) ജിജാഭായ് അചീവേഴ്‌സ് അവാർഡ് (2018) തുടങ്ങിയ അവാർഡുകളും ലഭിച്ചു. പ്രസിദ്ധ ഓസ്ട്രിയൻ മാസിക ഊം (OOOM), ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തുന്ന 100 വ്യക്തികളെ
തിരഞ്ഞെടുത്തപ്പോൾ അതിൽ ഒരാളാകാൻ സിസ്റ്ററിനു 3 പ്രാവശ്യം ഭാഗ്യം ലഭിച്ചു. കോവിഡ് കാലത്ത് 2020 ൽ 100 പേരിൽ 12 മത് സ്ഥാനത്തു സിസ്റ്റർ എൽസി കുര്യൻ തിരഞ്ഞെടുക്കപ്പെട്ടു.

സിസ്റ്ററിന്റെ വാക്കുകളിൽ ' തനിക്കു ലഭിച്ച എല്ലാ ബഹുമതികളെക്കാളും, അവാർ കളെക്കാളും ഞാൻ ഏറ്റവും അധികം വിലമതിക്കുന്നതും സന്തോഷിക്കുന്നതും, ഞങ്ങൾ, മഹേർ അഭയം നൽകിയ, ഇപ്പോൾ ജീവിതത്തിൽ സുരക്ഷിതത്വം അനുഭവിക്കുന്ന സ്ത്രീകളുടെ നിറഞ്ഞ പുഞ്ചിരിയും, ഞങ്ങൾ പഠിപ്പിച്ച്, വിദ്യാഭ്യാസം നൽകി ഇപ്പോൾ സ്വന്തം കാലിൽ നിൽക്കാൻ പാകമായ കുഞ്ഞുങ്ങളുടെ സ്‌നേഹം തുളുമ്പി ഒഴുകുന്ന പുഞ്ചിരിയും കാണുമ്പോഴാണ്' .

വത്തിക്കാൻ രണ്ടു പ്രാവശ്യം സന്ദർശിച്ച് ഫ്രാൻസിസ് മാർപാപ്പയിൽ നിന്നും അനുഗ്രഹം വാങ്ങിച്ചത് സിസ്റ്റർ നന്ദി യോടെ ഓർക്കുന്നു.

പത്രസമ്മേളനത്തിൽ ഐപിസിഎൻഎ പ്രസിഡണ്ട് ജോർജ് തെക്കേമല (ഏഷ്യാനെറ്റ്) , സെക്രട്ടറി ഫിന്നി രാജു (ഹാർവെസ്‌റ് ടി.വി), ട്രഷറർ മോട്ടി മാത്യു (കൈരളി ടിവി), ജോർജ് പോൾ (ഫ്ളവേഴ്സ് ടിവി) ഐപിസിഎൻഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും മാധ്യമ പ്രവർത്തകരുമായ ജീമോൻ റാന്നി, ജെ.ഡബ്ലിയു.വർഗീസ്, സജി പുല്ലാട് തുടങ്ങിയവരും സംബന്ധിച്ചു.

'മഹേർ' നെ പറ്റി കൂടുതൽ അറിയുവാൻ അവരുടെ വെബ്‌സൈറ്റുകൾ http://www.maherashram.org, usmaherfriends.org സന്ദർശിക്കാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP