Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒന്നുകിൽ പണം വാങ്ങിയെന്ന് പറയണം; അല്ലെങ്കിൽ ഇല്ലെന്ന് പറയണം; നടേശൻ ഉത്തരംമുട്ടുമ്പോൾ കൊഞ്ഞനംകുത്തുന്നു! വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ നീക്കത്തെ കടന്നാക്രമിച്ച് വി എസ് വീണ്ടും: എസ്എൻഡിപിയുടെ പുതിയ പാർട്ടിയിലും കോരന് കുമ്പിളിൽ തന്നെയാകും കഞ്ഞിയെന്നും പ്രതിപക്ഷ നേതാവ്

ഒന്നുകിൽ പണം വാങ്ങിയെന്ന് പറയണം; അല്ലെങ്കിൽ ഇല്ലെന്ന് പറയണം; നടേശൻ ഉത്തരംമുട്ടുമ്പോൾ കൊഞ്ഞനംകുത്തുന്നു! വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ നീക്കത്തെ കടന്നാക്രമിച്ച് വി എസ് വീണ്ടും: എസ്എൻഡിപിയുടെ പുതിയ പാർട്ടിയിലും കോരന് കുമ്പിളിൽ തന്നെയാകും കഞ്ഞിയെന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: രാഷ്ട്രീയ മോഹങ്ങളുമായി ഇടതു പക്ഷ വോട്ട് ബാങ്കിനെ തകർക്കാൻ ഉദ്ദേശിച്ച് വെള്ളാപ്പള്ളി നടേശൻ നടത്തുന്ന നീക്കങ്ങളെ പ്രതിരോധിക്കുന്ന ഉത്തരവാദിത്തം പ്രതിപക്ഷ നേതാവ് വി എസ് അച്യൂതാനന്ദൻ തുടരും. സിപിഐ(എം) തന്ത്രത്തിന്റെ ഭാഗമായാണ് വി എസ് മുന്നിൽ നിന്ന് പടനയിക്കുന്നത്. സിപിഎമ്മിന്റെ രാഷ്ട്രീയ പ്രചരണത്തിന്റെ ചുക്കാൻ വി എസ് അച്യൂതാനന്ദന് വീണ്ടും നൽകുന്നുവെന്ന സൂചന നൽകി പാർട്ടി മുഖ പത്രത്തിൽ മുതിർന്ന സഖാവിന്റെ ലേഖനം. എസ്എൻഡിപിയുടെ രാഷ്ട്രീയ മോഹങ്ങളെ ചോദ്യം ചെയ്യുന്ന ലേഖനമാണ് ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന എന്ന തലക്കെട്ടിൽ വി എസ് എഴുതുന്നത്.

ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ ദുർവ്യാഖ്യാനം ചെയ്യുകയും സംഘികളുമായി കൂട്ടുകൂടാൻ വെമ്പൽകൊള്ളുകയും ചെയ്യുന്ന വെള്ളാപ്പള്ളി നടേശനും മകനും തെറ്റിദ്ധാരണാജനകമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയും എന്നെ കണക്കിനു ചീത്ത പറയുകയും ചെയ്യുക തൊഴിലാക്കിയിരിക്കുകയാണല്ലോ. ഞാൻ ഉന്നയിച്ച ഗുരുതരമായ കാര്യങ്ങൾക്കൊന്നിനും യുക്തിസഹമായോ ജനങ്ങൾക്ക് ബോധ്യംവരുന്ന രീതിയിലോ മറുപടി പറയാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെന്ന വിമർശനമാണ് ദേശാഭിമാനിയിൽ വി എസ് ഉയർത്തുന്നത്. നാട്ടുകാരോട് എസ്എൻ ട്രസ്റ്റിന്റെയും എസ്എൻഡിപി യോഗത്തിന്റെയും കണക്ക് ബോധിപ്പിക്കേണ്ട കാര്യമില്ല എന്നാണ് നടേശൻ പറയുന്നത്. ചില കണക്കുകളും തന്റെ ഭാഗം ന്യായീകരിക്കാൻ വി എസ് മുന്നോട്ട് വയ്ക്കുന്നു.

ഞാൻ ചോദിച്ചത് എസ്എൻ ട്രസ്റ്റിന്റെയും എസ്എൻഡിപി യോഗത്തിന്റെയും കണക്കിനെപ്പറ്റിയല്ല. ഈ രണ്ട് സ്ഥാപനങ്ങളുടെയും കീഴിലുള്ള സ്‌കൂളുകളിലും കോളേജുകളിലും നടത്തുന്ന നിയമനങ്ങൾക്കും വിദ്യാർത്ഥി പ്രവേശനത്തിനും വാങ്ങുന്ന കോഴയെപ്പറ്റിയാണ്. ആ പണം കണക്കിൽ വകയിരുത്തിയിട്ടുണ്ടോ? അതിന് നിയമവിധേയമായ നികുതി നൽകിയിട്ടുണ്ടോ? നികുതി നൽകിയിട്ടില്ലെങ്കിൽ അത് കള്ളപ്പണമായി കണക്കാക്കേണ്ടിവരും. കള്ളപ്പണം കൈയിൽ സൂക്ഷിച്ചാലും വിദേശത്തേക്ക് കടത്തിയാലും അത് കുറ്റകരമാണ്. സാമ്പിളിന് ചില ഉദാഹരണങ്ങൾ പറയാമെന്നും വി എസ് ലേഖനത്തിൽ പറയുന്നു. എല്ലാത്തിനുമുപരി പുതിയ രാഷ്ട്രീയ പാർട്ടി കുടുംബ പാർട്ടിയാകുമെന്ന കുത്തുമുണ്ട്. അങ്ങനെ എല്ലാ അർത്ഥത്തിലും വെള്ളാപ്പള്ളിയെ കടന്നാക്രമിക്കുകയാണ് വി എസ്.

രാഷ്ട്രീയത്തിൽ ഇറങ്ങാൻ തീരുമാനിച്ച സ്ഥിതിക്ക് പണം കൈകാര്യംചെയ്യുന്നത് സുതാര്യമായാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള നടേശന്റെ ഉത്തരവാദിത്തം വർധിച്ചിരിക്കുകയാണ്.ഡിസംബറിൽ നടേശനും കൂട്ടരും രാഷ്ട്രീയപാർട്ടി രൂപീകരിക്കുമെന്നു പറയുന്നുണ്ട്. ആ പാർട്ടി ഉണ്ടായാൽ അതിന്റെ ഘടനയും ഏതാണ്ട് ഇതുപൊലീരിക്കും. പ്രസിഡന്റ് അല്ലെങ്കിൽ സെക്രട്ടറി നടേശനല്ലാതെ മറ്റാരുമാകില്ല. വൈസ് പ്രസിഡന്റ് സ്ഥാനം മകൻ തുഷാറിനായിരിക്കും. ട്രഷററായി സ്വന്തം അളിയൻതന്നെ വരും. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മകളും മകന്റെ ഭാര്യാപിതാവും അനന്തരവനുമൊക്കെ ഉണ്ടാകും. പാർട്ടിയുടെ വനിതാസംഘം പ്രസിഡന്റായി നടേശന്റെ ഭാര്യ പ്രീതിയെയും പരിഗണിക്കും. അപ്പോഴും കോരനു കുമ്പിളിൽ കഞ്ഞി എന്നു പറയുന്നതുപോലെയാകും സാധാരണ എസ്എൻഡിപി പ്രവർത്തകരുടെ ഗതി.-ഇങ്ങനെയാണ് ലേഖനം തുടരുന്നത്.

വെള്ളാപ്പള്ളിയെ വി എസ് കടന്നാക്രമിക്കുന്നവെന്നതിൽ ഉപരി സിപിഎമ്മിൽ വിഎസിന് ലഭിക്കുന്ന പ്രാധാന്യത്തിന് തെളിവ് കൂടിയാണ് ഈ ലേഖനം. കേരളത്തലെ ഔദ്യോഗിക പക്ഷവുമായി തെറ്റിയ ശേഷം വിഎസിന്റെ വാക്കുകൾ ദേശാഭിമാനി ഏറെ പ്രാധാന്യത്തോടെ ഒരിക്കലും ഉയർത്തിക്കാട്ടിയിരുന്നില്ല. പലപ്പോഴും കുറ്റപ്പെടുത്തുകയും ചെയ്തു. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഇടപെടലിലൂടെ ഇതിന് മാറ്റം വരുകയാണ്.

വി എസ് അച്യൂതാനന്ദന്റെ ലേഖനത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെ

ഉത്തരംമുട്ടുമ്പോൾ കൊഞ്ഞനംകുത്തുന്നു
വി എസ് അച്യുതാനന്ദൻ

ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ ദുർവ്യാഖ്യാനം ചെയ്യുകയും സംഘികളുമായി കൂട്ടുകൂടാൻ വെമ്പൽകൊള്ളുകയും ചെയ്യുന്ന വെള്ളാപ്പള്ളി നടേശനും മകനും തെറ്റിദ്ധാരണാജനകമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയും എന്നെ കണക്കിനു ചീത്ത പറയുകയും ചെയ്യുക തൊഴിലാക്കിയിരിക്കുകയാണല്ലോ. ഞാൻ ഉന്നയിച്ച ഗുരുതരമായ കാര്യങ്ങൾക്കൊന്നിനും യുക്തിസഹമായോ ജനങ്ങൾക്ക് ബോധ്യംവരുന്ന രീതിയിലോ മറുപടി പറയാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.

ഞാൻ നടേശനോട് കുറെ ദിവസമായി ചോദിക്കുന്നത് എസ്എൻ ട്രസ്റ്റിന്റെയും എസ്എൻഡിപിയുടെയും കീഴിലുള്ള കോളേജുകളിലും സ്‌കൂളുകളിലും നടത്തിയ നിയമനങ്ങൾക്കും പ്രവേശനത്തിനും വാങ്ങിയ കോഴപ്പണത്തെക്കുറിച്ചായിരുന്നു. ഒന്ന്, കോടികളുടെ കോഴപ്പണം വാങ്ങി ജനങ്ങളെ കൊള്ളയടിച്ചു എന്ന കുറ്റം. രണ്ട്, അങ്ങനെ വാങ്ങിയ പണം കണക്കിൽകൊള്ളിക്കാതെ കള്ളപ്പണമാക്കി കടത്തി എന്നത്. ഇതിലൂടെ സർക്കാരിനെയും വഞ്ചിച്ചു. ഇതേപ്പറ്റി മറുപടി പറയണമെന്നാണ് ആവശ്യപ്പെടുന്നത്. കോഴപ്പണം എത്രകോടി എന്നതു സംബന്ധിച്ച് ഒരുപക്ഷേ, തർക്കമുണ്ടാകാം. ഞാൻ പറഞ്ഞ കണക്ക് തെറ്റിയിട്ടുണ്ടെങ്കിൽ കൃത്യമായ കണക്ക് നടേശൻ പറഞ്ഞാൽ മതി. അത് നിക്ഷേപിച്ചിരിക്കുന്നത് സ്വിസ് ബാങ്കിലല്ലെങ്കിൽ മറ്റെവിടെയാണെന്ന കാര്യവും അദ്ദേഹംതന്നെ വെളിപ്പെടുത്തട്ടെ. ഒന്നുകിൽ, ഇങ്ങനെ പണംവാങ്ങി എന്നു പറയണം. അല്ലെങ്കിൽ വാങ്ങിയിട്ടില്ല എന്നു പറയണം. എന്തേ നടേശൻ ഇത് രണ്ടും പറയാത്തത്? സംഗതി വശപ്പിശകായതുകൊണ്ടല്ലേ? ഏത് ധർമമനുസരിച്ചാണ് ഇങ്ങനെ ജനങ്ങളെ കൊള്ളയടിച്ച് പണമുണ്ടാക്കുന്നത്? വിദ്യകൊണ്ട് പ്രബുദ്ധരാകാനല്ലേ ശ്രീനാരായണ ഗുരു ആഹ്വാനംചെയ്തത്? അല്ലാതെ, വിദ്യകൊണ്ട് കൊള്ള നടത്താൻ പറഞ്ഞിട്ടില്ലല്ലോ? ഈവക കാര്യങ്ങൾക്കല്ലേ നടേശൻ യുക്തിസഹമായ മറുപടി പറയേണ്ടത്? അതുപറയാൻ എന്തേ നടേശന്റെ നാവ് പൊന്തുന്നില്ല?

നാട്ടുകാരോട് എസ്എൻ ട്രസ്റ്റിന്റെയും എസ്എൻഡിപി യോഗത്തിന്റെയും കണക്ക് ബോധിപ്പിക്കേണ്ട കാര്യമില്ല എന്നാണ് നടേശൻ പറയുന്നത്. ഞാൻ ചോദിച്ചത് എസ്എൻ ട്രസ്റ്റിന്റെയും എസ്എൻഡിപി യോഗത്തിന്റെയും കണക്കിനെപ്പറ്റിയല്ല. ഈ രണ്ട് സ്ഥാപനങ്ങളുടെയും കീഴിലുള്ള സ്‌കൂളുകളിലും കോളേജുകളിലും നടത്തുന്ന നിയമനങ്ങൾക്കും വിദ്യാർത്ഥി പ്രവേശനത്തിനും വാങ്ങുന്ന കോഴയെപ്പറ്റിയാണ്. ആ പണം കണക്കിൽ വകയിരുത്തിയിട്ടുണ്ടോ? അതിന് നിയമവിധേയമായ നികുതി നൽകിയിട്ടുണ്ടോ? നികുതി നൽകിയിട്ടില്ലെങ്കിൽ അത് കള്ളപ്പണമായി കണക്കാക്കേണ്ടിവരും. കള്ളപ്പണം കൈയിൽ സൂക്ഷിച്ചാലും വിദേശത്തേക്ക് കടത്തിയാലും അത് കുറ്റകരമാണ്. സാമ്പിളിന് ചില ഉദാഹരണങ്ങൾ പറയാം.

1996 മുതൽ 2013 വരെ എസ്എൻ ട്രസ്റ്റിന്റെ കീഴിലുള്ള കോളേജുകളിൽ ജോലി നൽകിയ വകയിൽ വാങ്ങിയ കോഴയുടെ കണക്കുമാത്രമാണ് ഇവിടെ രേഖപ്പെടുത്തുന്നത്. ഈ കാലയളവിൽ കേരള സർവകലാശാലയിൽ 645ഉം കലിക്കറ്റ് സർവകലാശാലയിൽ 167ഉം കണ്ണൂർ സർവകലാശാലയിൽ 92ഉം അദ്ധ്യാപകനിയമനം നടത്തിയിട്ടുണ്ട്. മൊത്തം 904. ഒരാളിൽനിന്ന് ശരാശരി 20 ലക്ഷം രൂപവീതം വാങ്ങിയാൽത്തന്നെ 180 കോടിയിലേറെ രൂപവരും കോഴപ്പണം. മറ്റു സ്ഥാപനങ്ങളിലും സ്‌കൂളുകളിലും നിയമനത്തിനും പ്രവേശനത്തിനും വാങ്ങിയ കോഴ ഇതിനുപുറമെ. അതുകൂടി കൂട്ടിയാൽ കോഴയുടെ കണക്ക് നൂറുകണക്കിനു കോടികളാകും. എന്നാൽ, ട്രസ്റ്റിന്റെ വരവുചെലവ് കണക്കിൽ ഓരോവർഷവും നിയമനങ്ങൾക്കും പ്രവേശനങ്ങൾക്കും സംഭാവനയായി ലഭിച്ചിരിക്കുന്നത് അഞ്ചും ആറും ലക്ഷം മാത്രമാണ്. എസ്എൻ സ്ഥാപനങ്ങളിൽ 2014ൽ ലക്ചറർമാരുടെ നൂറ് ഒഴിവാണ് റിപ്പോർട്ട് ചെയ്തത്. ഒരു പോസ്റ്റിന് 40 ലക്ഷമാണ് ഇപ്പോഴത്തെ നിലവാരം. അങ്ങനെയെങ്കിൽ ഈയിനത്തിൽ വരുന്നത് 40 കോടിയായിരിക്കും. ഇതിന്റെ നല്ലൊരു പങ്ക് ഇപ്പോൾത്തന്നെ അഡ്വാൻസായി വാങ്ങിയിട്ടുമുണ്ട്.

ഇക്കാര്യങ്ങളെല്ലാം അറിയാൻ കേരളത്തിലെ ഏതൊരു പൗരനും അവകാശമുണ്ട്. കാരണം, കോഴവാങ്ങി നിയമനം നടത്തിക്കഴിഞ്ഞാൽ, അവർക്കെല്ലാം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നത് സർക്കാരാണ്. കോഴവാങ്ങി നടേശൻ നിയമിക്കുന്നവർക്കൊക്കെ ശമ്പളമായി നൽകുന്നത് പൊതുജനങ്ങളുടെ പണമാണെന്നർഥം. സ്വകാര്യസ്‌കൂളുകളിലും കോളേജുകളിലും അദ്ധ്യാപകർക്കും മറ്റും സർക്കാർ നേരിട്ട് ശമ്പളംനൽകുന്ന സംവിധാനമുണ്ടായത് 1957ലും ഭ67ലും ഇ എം എസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലിരുന്നപ്പോഴായിരുന്നു എന്ന കാര്യവും നടേശനും മറ്റും ഓർക്കുന്നത് നല്ലത്. അങ്ങനെ വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ശ്രീനാരായണ ഗുരുവിന്റെ സന്ദേശം സാർഥകമാക്കിയത് കമ്യൂണിസ്റ്റ് സർക്കാരായിരുന്നു. ഇതുകൊണ്ടാണ് കോഴക്കണക്ക് ജനങ്ങളോട് തുറന്നുപറയണമെന്ന് ആവശ്യപ്പെട്ടത്.

ഇനി, എസ്എൻ ട്രസ്റ്റിന്റെയും എസ്എൻഡിപി യോഗത്തിന്റെയും കണക്കുകൾ ഈ സംഘടനകളുടെ സമ്മേളനങ്ങളിൽ അവതരിപ്പിക്കുന്നതിനെപ്പറ്റി നടേശൻ വാചാലനാകുന്നുണ്ടല്ലോ. എങ്ങനെയാണ് അവിടെ കണക്ക് അവതരിപ്പിക്കുന്നതെന്ന് ഞാൻ പറയണോ? അധ്യക്ഷവേദിയിലിരുക്കുന്നയാൾ കണക്ക് അവതരിപ്പിക്കാൻ നടേശനെ വിളിക്കും. നടേശൻ കണക്ക് വായിച്ചുതുടങ്ങുമ്പോൾത്തന്നെ ബോർഡ് അംഗങ്ങൾ സദസ്സിൽനിന്ന് വിളിച്ചു പറയും. ജനറൽ സെക്രട്ടറി എല്ലാം വായിക്കേണ്ട കാര്യമില്ല. ഞങ്ങൾ പാസാക്കിയിരിക്കുന്നു. ഉടൻവരും വമ്പിച്ച കരഘോഷം. അതോടെ കണക്കെല്ലാം പാസായതായി പ്രഖ്യാപിക്കും. ഇതേപ്പറ്റിയാണ് നടേശൻ വീമ്പിളക്കുന്നതെന്നോർക്കണം.

കണക്ക് വായിച്ചുതുടങ്ങുമ്പോൾത്തന്നെ ആരൊക്കെയാണ് കൈയടിച്ചു പാസാക്കുന്നത്? ഭൂരിപക്ഷംപേരും നടേശന്റെ കുടുംബക്ഷേമ യോഗക്കാർതന്നെ. യോഗത്തിന്റെയും എസ്എൻ ട്രസ്റ്റിന്റെയും ജനറൽ സെക്രട്ടറി നടേശൻ. എസ്എൻ ട്രസ്റ്റ് മെഡിക്കൽമിഷൻ ചെയർമാനും നടേശൻതന്നെ. യോഗം വൈസ് പ്രസിഡന്റ് നടേശന്റെ മകൻ തുഷാർ. എസ്എൻ യൂത്ത് മൂവ്‌മെന്റ് ചെയർമാനും തുഷാർതന്നെ. എസ്എൻഡിപി യോഗത്തിന് യുഡിഎഫ് സർക്കാർ നൽകിയ ഗുരുവായൂർ ദേവസ്വംബോർഡ് മെമ്പർസ്ഥാനവും തുഷാറിനാണ്. യോഗം പ്രസിഡന്റ് നടേശന്റെ ബന്ധു ഡോ. സോമൻ. എസ്എൻ ട്രസ്റ്റ് ബോർഡ് മെമ്പർ നടേശന്റെ ഭാര്യ പ്രീതി നടേശൻ. എസ്എൻ ട്രസ്റ്റ് ഡയറക്ടർമാരുടെ കൂട്ടത്തിലുള്ളത് ആശ തുഷാർ (നടേശന്റെ മരുമകൾ), വന്ദന ശ്രീകുമാർ (നടേശന്റെ മകൾ) എന്നിവരാണ്്. എസ്എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജയദേവൻ നടേശന്റെ അളിയനാണ്. ഇതേ ജയദേവൻതന്നെയാണ് എസ്എൻ മെഡിക്കൽ മിഷൻ സെക്രട്ടറിയും. നടേശന്റെ മകൾ വന്ദന ശ്രീകുമാർ എസ്എൻഡിപി യോഗം ഡയറക്ടർ ബോർഡ് മെമ്പറായുമുണ്ട്. നടേശന്റെ മകൻ തുഷാർ, അനന്തരവൻ ആർ കെ ദാസ്, മകന്റെ ഭാര്യാപിതാവ് അശോകപ്പണിക്കർ, അളിയൻ നടരാജൻ എന്നിവർ എസ്എൻ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളാണ്. എങ്ങനെയുണ്ട് എസ്എൻ ട്രസ്റ്റിന്റെയും യോഗത്തിന്റെയും ഭരണസമിതിയുടെ ഘടന? ഇതുകൊണ്ടാണ് ഇത് നടേശപരിപാലന യോഗമാണെന്നും നടേശ കുടുംബക്ഷേമയോഗമാണെന്നുമൊക്കെ ഞാൻ പറയുന്നത്. ഇങ്ങനെ കുടുംബക്കാർ പാസാക്കുന്ന കണക്കാണ് എല്ലാം ഭദ്രമെന്ന് നടേശന്റെ മകനും പറയുന്നത്. ഇതെങ്ങനെ നീതിപൂർവകമാകും?

ശ്രീനാരായണീയർമാത്രമല്ല, ജനങ്ങളാകെ ഇതിന്റെ വസ്തുത മനസ്സിലാക്കിയേ മതിയാകൂ. അതുകൊണ്ട് നടേശനും കൂട്ടർക്കും തട്ടാമുട്ടിപറഞ്ഞ് രക്ഷപ്പെടാനാവില്ല. രാഷ്ട്രീയത്തിൽ ഇറങ്ങാൻ തീരുമാനിച്ച സ്ഥിതിക്ക് പണം കൈകാര്യംചെയ്യുന്നത് സുതാര്യമായാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള നടേശന്റെ ഉത്തരവാദിത്തം വർധിച്ചിരിക്കുകയാണ്.ഡിസംബറിൽ നടേശനും കൂട്ടരും രാഷ്ട്രീയപാർട്ടി രൂപീകരിക്കുമെന്നു പറയുന്നുണ്ട്. ആ പാർട്ടി ഉണ്ടായാൽ അതിന്റെ ഘടനയും ഏതാണ്ട് ഇതുപൊലീരിക്കും. പ്രസിഡന്റ് അല്ലെങ്കിൽ സെക്രട്ടറി നടേശനല്ലാതെ മറ്റാരുമാകില്ല. വൈസ് പ്രസിഡന്റ് സ്ഥാനം മകൻ തുഷാറിനായിരിക്കും. ട്രഷററായി സ്വന്തം അളിയൻതന്നെ വരും. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മകളും മകന്റെ ഭാര്യാപിതാവും അനന്തരവനുമൊക്കെ ഉണ്ടാകും. പാർട്ടിയുടെ വനിതാസംഘം പ്രസിഡന്റായി നടേശന്റെ ഭാര്യ പ്രീതിയെയും പരിഗണിക്കും. അപ്പോഴും കോരനു കുമ്പിളിൽ കഞ്ഞി എന്നു പറയുന്നതുപോലെയാകും സാധാരണ എസ്എൻഡിപി പ്രവർത്തകരുടെ ഗതി.

അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് പറയുന്നതുപോലെ, ഇതിനൊന്നും മറുപടിയില്ലെന്നുവച്ച്, എന്നെ ഭള്ളു പറഞ്ഞതുകൊണ്ട് വല്ല കാര്യവുമുണ്ടോ? ഞാൻ തെരുവിൽ കിടക്കുന്നയാളാണെന്നു പറഞ്ഞാണ് നടേശൻ ആശ്വസിക്കുന്നത്. അങ്ങനെയെങ്കിലും നടേശൻ ആശ്വാസം കണ്ടെത്തുന്നത് നല്ലതാണ്. അദ്ദേഹം മണിമാളികയിൽ വാഴുന്നയാളാണെന്ന് എല്ലാവർക്കും അറിയാം. പക്ഷേ, നടേശൻ ഒരു കാര്യം ഓർക്കുന്നത് നല്ലത്. സാക്ഷാൽ ശ്രീനാരായണഗുരു തെരുവുകളും കാടുംമലയുമൊക്കെ താണ്ടിനടന്നാണ് മഹത്തായ ദർശനങ്ങൾ പ്രചരിപ്പിച്ചതെന്നു മറക്കരുത്. അതുകൊണ്ട് തെരുവുകളുമായി ബന്ധപ്പെട്ടവരെ നിന്ദിക്കുമ്പോൾ അവിടെയും ഗുരുനിന്ദയുണ്ടെന്ന കാര്യം മറക്കരുത്. പിന്നെ, ഞങ്ങളൊക്കെ തെരുവിലും പാടത്തും പറമ്പിലുമൊക്കെ കിടക്കുകയും പ്രകടനങ്ങൾ നടത്തുകയും പോരാടുകയും പൊലീസിന്റെയും പട്ടാളത്തിന്റെയുമൊക്കെ അടിയും ഇടിയും ഏറ്റുവാങ്ങുകയും ചെയ്തതിന്റെയെല്ലാം ഫലമായാണ് നടേശനും മറ്റും നെഞ്ചുവിരിച്ച് നിൽക്കാനും വായിൽ തോന്നുന്നതുപോലെ ഓരോന്നു പറയാനും കഴിയുന്നത് എന്ന കാര്യവും മറക്കരുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP