Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലെന്ന് സർക്കാർ; എയർ ഇന്ത്യ വാങ്ങിയവർ എങ്ങനെ ലാഭത്തിലാക്കുമെന്ന് കോടതി; ശമ്പളം കിട്ടാതെ ജീവനക്കാർക്ക് എങ്ങനെ ജീവിക്കാനാകും?; കെഎസ്ആർടിസി മാനേജ്‌മെന്റിനെയും സർക്കാരിനെയും നിർത്തിപ്പൊരിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

രാജ്യത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലെന്ന് സർക്കാർ; എയർ ഇന്ത്യ വാങ്ങിയവർ എങ്ങനെ ലാഭത്തിലാക്കുമെന്ന് കോടതി; ശമ്പളം കിട്ടാതെ ജീവനക്കാർക്ക് എങ്ങനെ ജീവിക്കാനാകും?; കെഎസ്ആർടിസി മാനേജ്‌മെന്റിനെയും സർക്കാരിനെയും നിർത്തിപ്പൊരിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: കെഎസ്ആർടിസിയിലെ ഡ്രൈവർമാരും കണ്ടക്ടർമാരും അടക്കമുള്ള തൊഴിലാളികൾക്ക് ശമ്പളം നൽകാതെ സൂപ്പർവൈസറി തസ്തികയിലുള്ളവർക്ക് മാത്രം ശമ്പളം നൽകരുതെന്ന് ഹൈക്കോടതി. കെഎസ്ആർടിസിയുടെ ആസ്തിവിവരം വേണമെന്നും കോടതി ആവശ്യപ്പെട്ടു. കെഎസ്ആർടിസിയിൽ ജീവനക്കാർക്ക് ശമ്പളം വൈകുന്നതിന് എതിരായ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

ജീവനക്കാരുടെ കണ്ണീർ ആരെങ്കിലും കാണണമെന്ന് ഹൈക്കോടതി പറയുന്നു. ശമ്പളം കിട്ടാതെ ജീവനക്കാർക്ക് എങ്ങനെ ജീവിക്കാനാകും ഒരുപാട് ചുമതലകളുള്ള ഒരാളെ എന്തിനാണ് സിഎംഡി ആക്കിയത് കെഎസ്ആർടിസി പോലെ ഇത്രയും പ്രശ്‌നങ്ങൾ ഉള്ള ഒരു സ്ഥാപനത്തിൽ അത് വേണമായിരുന്നോ എന്നും ഹൈക്കോടതി ചോദിച്ചു. പൊതുഗതാഗതസംവിധാനങ്ങൾ നഷ്ടത്തിൽ പോകുമ്പോൾ വരാനിരിക്കുന്നവയെ ജനം വിമർശിക്കുമെന്നും, അത് സാധാരണമാണെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

സർക്കാർ ശമ്പളം നൽകുന്ന സിഎംഡിയുടെ കാര്യം തൽക്കാലം പറയുന്നില്ലെന്നും ഭാവിയിൽ അതും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ശമ്പളം കിട്ടിയില്ലെങ്കിൽ കെഎസ്ആർടിസി ജീവനക്കാർ എങ്ങിനെ ജീവിക്കുമെന്നായിരുന്നു കോടതിയുടെ ചോദ്യം. ഡീസലില്ലാതെ വണ്ടി ഓടുമോ എന്നു ചോദിച്ച കോടതി ശമ്പളം കൊടുക്കാതെ മനുഷ്യർ ഓടുമോ എന്നും ചോദിച്ചു. ജീവനക്കാരുടെ ശമ്പളം സമയബന്ധിതമായി നൽകണം.

കെഎസ്ആർടിസിയെ സ്വയംപര്യാപ്തമാക്കാൻ സർക്കാർ ഇടപെടലുണ്ടാകണം. പത്തുവർഷമായി കെഎസ്ആർടിസി നഷ്ടത്തിലാണ്. ഇത്രയും വർഷം കോർപ്പറേഷനു നേതൃത്വം നൽകിയത് ഐഎഎസുകാരുമാണ്. ലോൺ തിരിച്ചടയ്ക്കാൻ എന്തെങ്കിലും മാർഗം വേണം. കെഎസ്ആർടിസിയുടെ വായ്പാ ആവശ്യം സർക്കാർ പരിഗണിച്ചേ പറ്റൂ എന്നും വ്യക്തമാക്കി. എങ്ങനെ ഇത്തരത്തിൽ ഒരു കമ്പനി നടത്താൻ പറ്റുമെന്നു ചോദിച്ച കോടതി ബസുകൾ കൂടുതലും റോഡിലല്ല യാർഡിലാണുള്ളതെന്നു കുറ്റപ്പെടുത്തി.

ഇന്ത്യയിൽ എല്ലാ പൊതു മേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലാണെന്ന് കോടതിയിൽ സർക്കാർ വാദിച്ചപ്പോൾ, എയർ ഇന്ത്യ വാങ്ങിയവർ അതെങ്ങനെയാണ് ലാഭത്തിലാക്കുന്നതെന്ന് കോടതി തിരിച്ച് ചോദിച്ചു. ഇതിന് പിന്നാലെയാണ്, ഡ്രൈവർമാരും കണ്ടക്ടർമാരും അടക്കമുള്ള തൊഴിലാളികൾക്ക് ശമ്പളം നൽകാതെ കെഎസ്ആർടിസിയിൽ സൂപ്പർവൈസറി തസ്തികയിലുള്ളവർക്ക് മാത്രം ശമ്പളം നൽകരുതെന്ന് കോടതി ഇടക്കാല ഉത്തരവിട്ടത്. കേസ് ഇനി ഈ മാസം 21-ന് പരിഗണിക്കും.

കെഎസ്ആർടിസി മാനേജ്‌മെന്റിന് നേരെ രൂക്ഷവിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. മാനേജ്‌മെന്റ് എന്ന് പറഞ്ഞാൽ വെറുതെ ഒപ്പിട്ടാൽ മാത്രം പോരാ. കെഎസ്ആർടിസി ലാഭകരമാക്കാൻ ഉള്ള തന്ത്രങ്ങൾ കൂടി വേണം. പല ഡിപ്പോകളിലും അടിസ്ഥാനസൗകര്യങ്ങൾ പോലും ഇപ്പോഴില്ല. എന്തുകൊണ്ടാണ് സ്വകാര്യ ബസ്സുകൾ ഇവിടെ നല്ല രീതിയിൽ നിലനിൽക്കുന്നത് കെഎസ്ആർടിസി ഓരോ സമയത്ത് ഓരോന്ന് കാട്ടിക്കൂട്ടുകയാണ്. ആരുടെയൊക്കെയോ താത്പര്യം സംരക്ഷിക്കാനാണ് ഇത് ചെയ്യുന്നതെന്നും കോടതി വിമർശിച്ചു. ബസ്സുകൾ തുരുമ്പ് എടുക്കുമ്പോഴാണ് നിങ്ങൾ കൂടുതൽ ബസ്സുകൾ വാങ്ങുന്നത്. കെഎസ്ആർടിസി ഷോപ്പിങ് കോംപ്ലക്‌സുകളുടെ അവസ്ഥയെന്താണ് കോടതി ചോദിച്ചു.

ജീവനക്കാർ സമരത്തിലാണെന്നു സർക്കാർ ചൂണ്ടിക്കാട്ടി. സമരം മൂലം ബസ് സർവീസ് മുടങ്ങിയിട്ടുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. നിരത്തലിറങ്ങാത്ത ബസുകളെക്കുറിച്ച് എന്ത് പറയാനുണ്ടെന്നു ചോദിച്ച കോടതി ഡിപ്പോകളിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്നതും പരാമർശിച്ചു. ഇക്കാര്യത്തിൽ ജനങ്ങൾക്കു പരാതിയുണ്ടെന്നും പറഞ്ഞു. ഇത്തരത്തിൽ പോയാൽ കെഎസ്ആർടിസിക്ക് ഇടിച്ചു നിൽക്കേണ്ടിവരും. ലോണെടുത്തതു മുഴുവൻ ശമ്പളം കൊടുക്കാനാണോ എന്നു ചോദിച്ച കോടതി കെട്ടിടം പണിയാനായിരുന്നില്ലേ എന്നും ആരാഞ്ഞു.

ലാഭമില്ലാത്തതും കേടായതുമായ കെഎസ്ആർടിസി ബസ്സുകൾ ക്ലാസ് മുറികളാക്കുന്നതിനെ രൂക്ഷമായി വിമർശിച്ചു ഹൈക്കോടതി. സർക്കാർ ഈ വിഷയം ഇത്ര ലാഘവത്തോടെ എടുക്കരുത്. ഒരു യാഡിൽ ബസ്സ് തുരുമ്പ് എടുത്താൽ അതിന് ആർക്കെങ്കിലും ഉത്തരവാദിത്തം ഉണ്ടാകുമായിരുന്നെങ്കിൽ ഈ ദുരവസ്ഥ ഉണ്ടാകുമായിരുന്നില്ല. ഒരു കുട്ടിക്ക് ബസ്സിൽ എത്ര കാലം ഇരുന്നു പഠിക്കാൻ കഴിയും ക്ലാസ് നടത്തുന്നത് നിർത്തി സർവീസ് നേരെയാക്കാൻ ആണ് നിങ്ങൾ നോക്കേണ്ടത് - ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

സിഎംഡി മാത്രമാണ് സർക്കാർ ശമ്പളം വാങ്ങുന്നത് എന്ന് കെഎസ്ആർടിസി മറുപടിയായി വാദിച്ചു. 30 കോടി കിട്ടിയതല്ലേ, എന്നിട്ടും ഈ മാസത്തെ ശമ്പളം എന്തുകൊണ്ട് ജീവനക്കാർക്ക് നൽകിയില്ല എന്നും കോടതി ചോദിച്ചു. ഡീസൽ ഇല്ലാതെ വണ്ടി മുന്നോട്ടു പോകുമോ അതുപോലെ ശമ്പളമില്ലാതെ മനുഷ്യന് എങ്ങനെ മുന്നോട്ടു പോകാനാകും കെഎസ്ആർടിസിയുടെ വലിയ ബാധ്യതയിൽ സർക്കാർ മറുപടി നൽകണം - കോടതി പറഞ്ഞു.

യൂണിയനുകൾക്കെതിരെയും ഹൈക്കോടതി വിമർശനം ഉയർത്തി. എല്ലാത്തിനും ജയ് വിളികളും സമരവുമുണ്ട്, നന്നാവണമെങ്കിൽ എല്ലാവരും വിചാരിക്കണം. ജീവനക്കാരെ എല്ലാവരെയും ഒരുപോലെ കാണരുത്. രണ്ടുമാസം ശമ്പളം കിട്ടിയില്ലെങ്കിൽ എന്തിനാണ് പണിയെടുക്കുന്നതെന്ന് ജീവനക്കാർക്കും തോന്നും. മാനേജ്‌മെന്റ് ചുമ്മാ ഒപ്പിടുന്നവരല്ല. കമ്പനിയെ നന്നാക്കാൻ ഒരു ശ്രമം വേണം. ആരുെടയെല്ലാമോ താൽപര്യങ്ങൾ സംരക്ഷിക്കാൻ പലതും ചെയ്യും. പിന്നീട് അത് ബാധ്യതയാകുകയാണ്. ഇത്രയും വസ്തുവകകളുള്ള മറ്റൊരു കമ്പനിയില്ല.

നിങ്ങൾ സമരം ചെയ്താൽ അത് സാധാരണ ജനങ്ങളെയാണ് ബാധിക്കുകയെന്ന് ഹൈക്കോടതി തൊഴിലാളിയൂണിയനുകളോട് പറഞ്ഞു. സിഎംഡിക്ക് സ്വന്തം കാറുണ്ട്. അദ്ദേഹം ആ കാറിൽ വരും. ഇതുകൊണ്ടൊന്നും മാനേജ്‌മെന്‌റിനോട് നിങ്ങളുടെ പ്രശ്‌നം ഉന്നയിക്കാനാകില്ല - കോടതി പറഞ്ഞു. സർക്കാരിന് യൂണിയനുകൾക്ക് മേലെ നിയന്ത്രണം ഇല്ല - കോടതി വിമർശിച്ചു.

ആർക്കെതിരെ സമരം ചെയ്താലും നഷ്ടം ജനങ്ങൾക്കാണ്. സർക്കാരും യൂണിയനുകളും മാനജ്‌മെന്റും പരസ്പരം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. വണ്ടി യാർഡിൽ കിടന്നു തുരുമ്പെടുക്കുന്നതിൽ ആർക്കെങ്കിലും ഉത്തരവാദിത്വം വേണം. പെൻഷനും ശമ്പളവും കൊടുക്കാൻ വായ്പയെടുക്കുന്ന കമ്പനി എങ്ങിനെ മുന്നോട്ടുപോകുമെന്നും ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP