Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സരിത്തിനെ ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്തതിലൂടെ വിജിലൻസ് സ്ഥിരീകരിക്കുന്നത് ലൈഫ് മിഷൻ അഴിമതി; പിണറായിക്ക് കീഴിലെ അന്വേഷണ സംഘം ഇനി അനിൽ അക്കരെയുടെ പഴയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പോകുമോ? പാവപ്പെട്ടവർക്ക് വീട് വയ്ക്കുന്നതിന്റെ പേരിൽ പലരും തട്ടിക്കൊണ്ടു പോയത് കോടികൾ; വമ്പന്മാരെ വിജിലൻസ് തൊടുമോ?

സരിത്തിനെ ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്തതിലൂടെ വിജിലൻസ് സ്ഥിരീകരിക്കുന്നത് ലൈഫ് മിഷൻ അഴിമതി; പിണറായിക്ക് കീഴിലെ അന്വേഷണ സംഘം ഇനി അനിൽ അക്കരെയുടെ പഴയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പോകുമോ? പാവപ്പെട്ടവർക്ക് വീട് വയ്ക്കുന്നതിന്റെ പേരിൽ പലരും തട്ടിക്കൊണ്ടു പോയത് കോടികൾ; വമ്പന്മാരെ വിജിലൻസ് തൊടുമോ?

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ഒടുവിൽ സംസ്ഥാന വിജിലൻസും അനിൽ അക്കരയുടെ വാദങ്ങളെ അംഗീകരിക്കുകയാണ്. അതിന് തെളിവാണ് ലൈഫ് മിഷനിലെ കേസിൽ പി എസ് സരിത്തിനെ വിജിലൻസ് കസ്റ്റഡിയിൽ എടുത്ത രീതി. കേസ് സിബിഐയുടെ അന്വേഷണത്തിലാണ്. അതിനിടെയാണ് വിജിലൻസും കേസിലെ ഏഴാം പ്രതിയെ പൊക്കി കൊണ്ടു പോകുന്നത്. അഴിമതിയിലെ ഇടനിലക്കാരനാണ് സരിത്ത്. പണം കൊടുത്തതും വാങ്ങിയതുമെല്ലാം വമ്പൻ സ്രാവുകൾ. സരിത്തിനെ വിജിലൻസ് അറസ്റ്റ് ചെയ്താൽ ബാക്കിയുള്ള പ്രതികളേയും അറസ്റ്റു ചെയ്ത് ജയിലിൽ അടയ്‌ക്കേണ്ടി വരും. അതിസങ്കീർണ്ണ സാഹചര്യത്തിലേക്കാണ് അതുകൊണ്ട് തന്നെ ഈ കേസ് പോകുന്നത്.

നോട്ടീസ് നൽകിയാണ് സരിത്തിനെ കൊണ്ടു പോയതെന്ന് വിജിലൻസ് പറയുന്നു. ഇതെല്ലാം വലിയ ചർച്ചകൾക്ക് ഇനി വഴിവയ്ക്കും. ഈ കേസിൽ വീണ്ടും അന്വേഷണം ആരംഭിക്കുമ്പോൾ നിർണ്ണായകമാകുക തദ്ദേശ വകുപ്പിന്റെ ചുമതലയുള്ള മുൻ സെക്രട്ടറി കൂടിയായ ലൈഫ് മിഷൻ മുൻ സിഇഒ യുവി ജോസിന്റെ മൊഴിയാകും. ലെഫ് മിഷനുമായി ബന്ധപ്പെട്ട വിവരാവകാശ മറുപടി സർക്കാരിനും തലവേദനയാണ്. മുഖ്യമന്ത്രി പിണറായി വിജയനും മുൻ തദ്ദേശ മന്ത്രി എസി മൊയ്ദീനും മൊഴി കൊടുക്കേണ്ട സാഹചര്യവും ഉണ്ടാകും. ഈ കേസിൽ സിബിഐയും അന്വേഷണം നടത്തുന്നുണ്ട്. സരിത്തിനെ വിജിലൻസ് വിട്ടയച്ചിട്ടുണ്ട്. ഫോൺ ഉൾപ്പെടെ പിടിച്ചെടുത്തിട്ടാണ് വിട്ടയച്ചത്. അതുകൊണ്ട് തന്നെ ആ കേസിൽ വിജിലൻസിന് അന്വേഷണവുമായി മുമ്പോട്ട് പോകേണ്ടി വരും.

സർക്കാരിന്റെയും യുണിടാക്കിന്റെയും ഹർജികൾ തള്ളിക്കൊണ്ടാണ് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. ഇത് സുപ്രീംകോടതിയും ശരിവച്ചിട്ടുണ്ട്. ലൈഫ് മിഷൻ പദ്ധതിയിൽ ഉദ്യോഗസ്ഥ തലത്തിൽ ക്രമക്കേടുകൾക്ക് കൂട്ടുനിന്നു. സ്വർണക്കടത്ത് പ്രതികളായ സ്വപ്ന, സന്ദീപ് എന്നിവരടക്കം ഇതിൽ ഭാഗഭാക്കായിട്ടുണ്ട് എന്നീ കാര്യങ്ങൾ ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു. ആദ്യഘട്ടത്തിൽ സിബിഐ. അന്വേഷണം രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്യുകയാണ് ഹൈക്കോടതി ചെയ്തത്. അതുവരെ ലൈഫ് മിഷൻ സിഇഒയ്ക്ക് എതിരായ അന്വേഷണം നിർത്തിവെക്കണമെന്നുമാണ് കോടതി വ്യക്തമാക്കിയത്. എന്നാൽ ഇത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു സിബിഐ വാദം. സിബിഐ അപ്പീൽ നൽകുകയും ചെയ്തിരുന്നു. ഇതെല്ലാം അംഗീകരിക്കപ്പെട്ടു.

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സിബിഐ. രജിസ്റ്റർചെയ്ത എഫ്.ഐ.ആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷൻ സിഇഒ. യു.വി. ജോസ് ആണ് ഹർജി നൽകിയത്. എഫ്.സി.ആർ.എ. ലംഘിച്ചെന്നു കാട്ടി സിബിഐ. രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ. നിയമപരമായി നിലനിൽക്കില്ലെന്നായിരുന്നു ലൈഫ് മിഷന്റെ വാദം. ലൈഫ് മിഷനെ കേസിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നെന്നും ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ, പദ്ധതിയുടെ മറവിൽ സ്വർണക്കടത്ത് കേസിലെ പ്രതികൾകൂടി പങ്കാളികളായ അധോലോക ഇടപാടാണ് നടന്നതെന്നായിരുന്നു സിബിഐയുടെ വാദം. ഇത് കോടതി ഫലത്തിൽ അംഗീകരിച്ചിട്ടുണ്ട്. ഇതോടെ യുവി ജോസ് കേസിൽ പ്രതിയാകാനുള്ള സാധ്യതയുണ്ട്. പ്രതിപ്പട്ടികയിൽ ലൈഫ് മിഷനിലെ ഉന്നതൻ എന്ന പേര് യുവി ജോസായി മാറാനാണ് സാധ്യത. യുവി ജോസിന്റെ മൊഴി എം ശിവശങ്കറിനേയും അഴിമതിയിൽ കുരുക്കും. ഈ കേസാണ് വിജിലൻസിനും ഇനി അന്വേഷിക്കേണ്ടി വരുന്നത്.

വടക്കാഞ്ചേരിയിൽ പാർപ്പിട സമുച്ചയം പണിയാൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ലൈഫ് മിഷൻ സിഇഒ ഒപ്പിട്ട ധാരണാപത്രം ആരാണ് തയാറാക്കിയതെന്ന് 'അറിയില്ലെന്ന' വിചിത്ര ഉത്തരവുമായുള്ള വിവരാവകാശ മറുപടി ചർച്ചയായിരുന്നു. സാധാരണ പലതരത്തിലുള്ള നിയമ പരിശോധനകൾക്ക് ശേഷമാണ് സർക്കാർ കരാറുകളും ധാരണാപത്രങ്ങളും ഒപ്പിടാറുള്ളത്. എന്നാൽ ഈ ഉത്തരവ് ആരാണ് തയ്യാറാക്കിയെന്ന് പോലും ലൈഫ് മിഷന് അറിയില്ല. അപ്പോൾ ആരു പറഞ്ഞിട്ടാണ് കരാറിൽ ഒപ്പിട്ടതെന്ന ചോദ്യം ബാക്കിയാകും. ജൂലൈയിൽ തദ്ദേശ സെക്രട്ടറി ലൈഫ് മിഷന് അയച്ച കത്തിൽ റെഡ് ക്രസന്റാണ് ധാരണാപത്രം തയാറാക്കിയതെന്നു വ്യക്തമാക്കിയിട്ടും അതറിയില്ലെന്ന നിലപാടിലാണ് പരസ്യമായി ലൈഫ് മിഷൻ എടുക്കുന്നതെന്നാണ് ഉയരുന്ന വാദം. ഇതെല്ലാം സിബിഐയ്‌ക്കൊപ്പം വിജിലൻസിനും പരിശോധിക്കേണ്ടി വരും.

ധാരണാപത്രം ഒപ്പിട്ട അന്ന് രാവിലെ തദ്ദേശസെക്രട്ടറിയുടെ കത്ത് ലഭിച്ചപ്പോൾ മാത്രമാണ് ഇതിനെക്കുറിച്ച് സിഇഒ: യു.വി.ജോസ് അറിഞ്ഞതെന്നും വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു. അങ്ങനെ ഒരു ധാരണാപത്രവും വ്യക്തതയില്ലാതെ ആരും ഒപ്പിടാൻ പാടില്ല. ഇത് ഹൈക്കോടതിയും തിരിച്ചറിയുന്നു. ഈ സാഹചര്യത്തിലാണ് വിധിയിൽ ഉദ്യോഗസ്ഥ തല ഇടപെടലുകളെ കുറിച്ച് ആരോപണം ഉയരുന്നത്. ഈ ചടങ്ങിന്റെ മിനിറ്റ്സ് ലഭിച്ചിട്ടില്ലെന്നും ലൈഫ് മിഷൻ അറിയിച്ചു. ധാരണാപത്രത്തിനു ശേഷം ഓരോ പദ്ധതിക്കും പ്രത്യേക കരാർ വേണമെന്നു വ്യവസ്ഥയുണ്ടെങ്കിലും അതും ഉണ്ടായിട്ടില്ല.

സംയുക്തമായി നടപ്പാക്കുന്ന പദ്ധതികൾക്കും വ്യത്യസ്തമായ നിബന്ധനകളാണുള്ളതെന്നാണു വിശദീകരണം. ധാരണാപത്രത്തിലെ ആറാം അനുച്ഛേദ പ്രകാരം റെഡ് ക്രസന്റ് നേരിട്ട് നടപ്പാക്കുന്ന പദ്ധതിക്കു തുടർ കരാർ വേണ്ടെന്നാണു വാദം. 20 കോടി രൂപയുടെ പദ്ധതിയിൽ ഒമ്പതു കോടിയുടെ അഴിമതി നടന്നതായി അനിൽ അക്കര എംഎൽഎ സിബിഐ കൊച്ചി യൂനിറ്റ് എസ്‌പിക്കും പരാതി നൽകിയത്. ലൈഫ് മിഷൻ അധ്യക്ഷനായ മുഖ്യമന്ത്രി, സഹ അധ്യക്ഷനായ തദ്ദേശമന്ത്രി, മുൻ സിഇഒ, ഇപ്പോഴത്തെ സിഇഒ, സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് നായർ, നിർമ്മാണ കരാർ കമ്പനിയായ യുനിടാക് എം.ഡി എന്നിവർക്കെതിരെ കേസെടുക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം.

വിദേശസഹായം സ്വീകരിക്കൽ നിയമം ലംഘിച്ചതായി സിബിഐയും കണ്ടെത്തിയിട്ടുണ്ട്. സിബിഐ.യുടെ അന്വേഷണം വിദേശസഹായ നിയന്ത്രണനിയമം ലംഘിച്ചതിൽ ഊന്നിയുള്ളതായതിനാൽ പ്രാഥമിക പരിശോധന തുടരാൻ വിജിലൻസ് തീരുമാനിക്കുകയായിരുന്നു. ഹൈക്കോടതി വിധിയോടെ ലൈഫ് മിഷൻ കേസിൽ സിബിഐയുടെ സമ്പൂർണ്ണ ഇടപെടൽ വരികയാണ്. അഴിമതി നിരോധന നിയമ പ്രകാരമുള്ള തെളിവ് കിട്ടിയാൽ സിബിഐയ്ക്ക് അതിന്മേലും കേസെടുക്കാനാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP