Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തൃക്കാക്കര ഫലത്തിന് മുമ്പ് ബിരിയാണി ചെമ്പ് എത്തിയിരുന്നുവെങ്കിൽ വിജയത്തിന്റെ ക്രെഡിറ്റ് എല്ലാം സ്വപ്‌ന കൊണ്ടു പോകുമായിരുന്നു; ഇന്നലെ വന്ന വെളിപ്പെടുത്തൽ നേരത്തെയാകാത്തത് ഭാഗ്യമായെന്ന വിലയിരുത്തലിൽ കോൺഗ്രസ്; ഇനി മുഖ്യമന്ത്രിയുടെ രാജിക്കായുള്ള പ്രതിഷേധം; പഴയ വീഞ്ഞ് പുതിയ കുപ്പിയിലോ?

തൃക്കാക്കര ഫലത്തിന് മുമ്പ് ബിരിയാണി ചെമ്പ് എത്തിയിരുന്നുവെങ്കിൽ വിജയത്തിന്റെ ക്രെഡിറ്റ് എല്ലാം സ്വപ്‌ന കൊണ്ടു പോകുമായിരുന്നു; ഇന്നലെ വന്ന വെളിപ്പെടുത്തൽ നേരത്തെയാകാത്തത് ഭാഗ്യമായെന്ന വിലയിരുത്തലിൽ കോൺഗ്രസ്; ഇനി മുഖ്യമന്ത്രിയുടെ രാജിക്കായുള്ള പ്രതിഷേധം; പഴയ വീഞ്ഞ് പുതിയ കുപ്പിയിലോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വപ്‌നാ സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളെ കുറിച്ച് പരസ്യമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കില്ല. സ്വപ്‌നയെ കടന്നാക്രമിക്കാതെയാകും സിപിഎമ്മും മുഖ്യമന്ത്രിക്ക് പ്രതിരോധം തീർക്കുക. ഇനി നിയമസഭ ചേരുമ്പോൾ ഈ വിഷയം പ്രതിപക്ഷം ഉന്നയിക്കും. എന്നാൽ കോടതി പരിഗണനയിലുള്ള ഈ വിഷയം ചർച്ചയ്‌ക്കെടുക്കാൻ സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ അവിടേയും മുഖ്യമന്ത്രിക്ക് മറുപടി നൽകേണ്ട സാഹചര്യം ഉണ്ടാകാനിടയില്ല. മുഖ്യമന്ത്രിയുടെ ഈ മൗനം പ്രതിപക്ഷവും മുൻകൂട്ടി കാണുന്നു. അതുകൊണ്ടാണ് പ്രതിഷേധം ശക്തമാക്കുന്നത്.

തൃക്കാക്കര തോൽവിയും കെ റെയിൽ വിവാദവും സർക്കാരിന് തിരിച്ചടിയാണ്. ഇതിനിടെയാണ് പുതിയ വിഷയവും കടന്നു വരുന്നത്. അതുകൊണ്ട് തന്നെ സർക്കാരിനെ പരമാവധി പ്രതിരോധത്തിലാക്കാനും പ്രതിപക്ഷം ശ്രമിക്കും. രാഷ്ട്രീയ ഗൂഢാലോചനയെന്ന വാദമാണ് മുഖ്യമന്ത്രി ഉയർത്തുന്നത്. അത് സ്വാഭാവികമാണ്. എന്നാൽ സ്വപ്‌നയ്ക്ക് പിന്നിൽ പ്രതിപക്ഷം ഇല്ലെന്ന് കോൺഗ്രസ് പറയുന്നു. തൃക്കാക്കര തെരഞ്ഞെടുപ്പിന് ശേഷം സ്വപ്‌ന ആരോപണവുമായി എത്തിയത് നന്നായെന്നും കോൺഗ്രസ് വിലയിരുത്തുന്നു. വോട്ടെടുപ്പിന് മുമ്പ് സ്വപ്‌ന ഈ വെളിപ്പെടുത്തൽ നടത്തിയിരുന്നുവെങ്കിൽ ഉമാ തോമസിന്റെ ജയത്തിന്റെ ക്രെഡിറ്റ് പോലും പല വഴിക്ക് പോകുമായിരുന്നു. പിടി തോമസിനോയുള്ള ജനങ്ങളുടെ സ്‌നേഹമെന്ന ചർച്ചയ്‌ക്കൊപ്പം കോൺഗ്രസിന്റെ സംഘടനാ മികവും തൃക്കാക്കരയിൽ നിറഞ്ഞു.

സ്വപ്‌നയുടെ വെളിപ്പെടുത്തൽ വോട്ടടെപ്പിന് മുമ്പു വന്നിരുന്നുവെങ്കിൽ ഈ ചിത്രമെല്ലാം അട്ടിമറിക്കപ്പെട്ടേനെ. തൃക്കാര്രയിലെ ഫലത്തിന്റെ അന്തിമ വിശകലനങ്ങളിൽ സ്വർണ്ണ കടത്ത് കേസ് മാത്രം നിറയുമായിരുന്നു. സ്വപ്‌നയുടെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ബുധനാഴ്ച കരിദിനം ആചരിക്കും. വൈകുന്നേരം കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവർത്തകർ കരിങ്കൊടികളുമായി മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തി കരിദിനം ആചരിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു.

ജൂൺ 10 വെള്ളിയാഴ്ച ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് നടത്തും. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധിച്ചു. പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് ആറുതവണ ജലപീരങ്കി പ്രയോഗിച്ചു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കണ്ണൂർ കലക്ടറേറ്റിലേക്കു നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിനു നേരെയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മുഖ്യമന്ത്രി മാറിനിന്ന് അന്വേഷണം നേരിടണമെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. ഉമ്മൻ ചാണ്ടിയോടു സ്വീകരിച്ച സമീപനം പിണറായിയോടും വേണമെന്നും സതീശൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയൻ നേരിടുന്ന ആരോപണങ്ങൾ രാജ്യത്തിനു നാണക്കേടെന്ന് ബിജെപിയും പറഞ്ഞു. ഗൂഢാലോചനാവാദികളെ കുറ്റപ്പെടുത്തി ഇനി രക്ഷപെടാനാവില്ലെന്നു സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. സത്യം തുറന്നുപറയാനും അന്വേഷണം നേരിടാനും മുഖ്യമന്ത്രി തയാറാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി വിദേശത്തേക്കു പോകുമ്പോൾ കൊടുത്തയച്ച ബാഗിൽ എന്താണുണ്ടായിരുന്നത്? മുഖ്യമന്ത്രി തിരിച്ചുവന്ന ശേഷം എന്താണു ചെമ്പു പാത്രത്തിൽ ക്ലിഫ് ഹൗസിലേക്കു കൊടുത്തയച്ചത്? വളരെ പ്രധാനപ്പെട്ട വിഷയമാണ്. അതുകൊണ്ട് മുഖ്യമന്ത്രി ആ സ്ഥാനം രാജിവച്ചു വിശദമായ അന്വേഷണത്തെ നേരിടുകയെന്നതാണ് അഭികാമ്യം.

ഒരു സംസ്ഥാന മുഖ്യമന്ത്രി സ്വർണക്കടത്ത് കേസിലും ഡോളർ കടത്തു കേസിലും പങ്കാളിയായി എന്നുള്ളതു വെറുമൊരു ആരോപണമല്ല. 164 മൊഴിയെ അടിസ്ഥാനമാക്കിയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിനു തന്നെ നാണക്കേടാണ്. മുഖ്യമന്ത്രി അന്വേഷണം നേരിടാൻ തയാറാകണം കെ. സുരേന്ദ്രൻ പറഞ്ഞു.എന്നാൽ പുതിയ വെളിപ്പെടുത്തലുകൾ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്ന് സിപിഎം പറയുന്നു. പുതിയ വെളിപ്പെടുത്തലുകൾ എന്ന പേരിൽ ഇപ്പോൾ അവതരിപ്പിക്കപ്പെട്ട കഥകൾ കേരള ജനത പുച്ഛിച്ചു തള്ളിയതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഘട്ടത്തിലും നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിലുമെല്ലാം ഇതേ വാദങ്ങൾ ഉയർത്തിക്കൊണ്ടു വന്നതാണ്. രാഷ്ട്രീയ താൽപര്യത്തോടെ പ്രചരിപ്പിച്ച നുണക്കഥകൾ ഇപ്പോൾ വീണ്ടും രംഗത്തിറക്കിയത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി പ്രചരിപ്പിച്ച നുണകൾ ചീട്ടുകൊട്ടാരം പോലെ തകർന്നപ്പോൾ പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്ന നിലയിൽ അവതരിപ്പിക്കാനുള്ള ശ്രമം ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയുമെന്ന് കോടിയേരി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP