Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുഖ്യമന്ത്രിക്കൊപ്പം ദുബായിലേക്ക് പോയത് ഔദ്യോഗിക യാത്ര; മറ്റൊന്നിനെ കുറിച്ചും അറിയില്ല; കൂടുതൽ പ്രതികരിക്കാനില്ലെന്ന് നളിനി നെറ്റോ; കാര്യമാക്കുന്നില്ലെന്ന് ശിവശങ്കർ

മുഖ്യമന്ത്രിക്കൊപ്പം ദുബായിലേക്ക് പോയത് ഔദ്യോഗിക യാത്ര; മറ്റൊന്നിനെ കുറിച്ചും അറിയില്ല; കൂടുതൽ പ്രതികരിക്കാനില്ലെന്ന് നളിനി നെറ്റോ; കാര്യമാക്കുന്നില്ലെന്ന് ശിവശങ്കർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തനിക്കും കുടുംബാംഗങ്ങൾക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി. വിവാദത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ഉറക്കെ ചോദ്യം ഉന്നയിച്ചെങ്കിലും മാധ്യമപ്രവർത്തകർ നിൽക്കുന്ന ഭാഗത്തേക്ക് തിരിഞ്ഞ് നോക്കുക പോലും ചെയ്യാതെ മുഖ്യമന്ത്രിയും സംഘവും വിമാനത്താവളത്തിന് പുറത്തേക്ക് പോവുകയായിരുന്നു.

ഇന്ന് വൈകീട്ട് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രിയെ, മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് രക്ഷിക്കാൻ പൊലീസ് സംഘം കയർ കെട്ടി അതിർ തിരിച്ചിരുന്നു. മാധ്യമപ്രവർത്തകരെ ദൂരെ മാറ്റിനിർത്തിയ ശേഷമാണ് മുഖ്യമന്ത്രിക്ക് അനായാസം പോകാൻ വഴിയൊരുക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ 2016-ൽ നടത്തിയ ഔദ്യോഗിക വിദേശസന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന ഗുരുതര ആരോപണവുമാണ് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ, സെക്രട്ടറി സി എം രവീന്ദ്രൻ, നളിനി നെറ്റോ ഐഎഎസ്, മുൻ മന്ത്രി കെ ടി ജലീൽ എന്നിവർക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകളാണ് സ്വപ്ന സുരേഷ് നടത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ വിദേശസന്ദർശനത്തിനിടെ കറൻസി കടത്തിയതായും ഈ സമയത്ത് കറൻസിയടങ്ങിയ ഒരു ബാഗ് മറന്നതുമായി ബന്ധപ്പെട്ടാണ് ആദ്യമായി ശിവശങ്കറുമായി ബന്ധമുണ്ടാകുന്നതെന്നുമാണ് സ്വപ്മയുടെ വെളിപ്പെടുത്തൽ. കള്ളപ്പണക്കേസിൽ രഹസ്യമൊഴി നൽകിയ ശേഷമാണ് സ്വപ്ന മാധ്യമങ്ങൾക്ക് മുന്നിൽ ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

അതേ സമയം 2016 ൽ മുഖ്യമന്ത്രിക്കൊപ്പം ദുബായിലേക്ക് പോയത് ഔദ്യോഗിക യാത്ര മാത്രമായിരുന്നുവെന്നാണ് നളിനി നെറ്റോ വിശദീകരിക്കുന്നത്. ഔദ്യോഗിക യാത്രയാണ് മുഖ്യമന്ത്രിക്കൊപ്പം നടത്തിയത്. മറ്റൊന്നിനെ കുറിച്ചും തനിക്കറിയില്ലെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും നളിനി നെറ്റോ കൂട്ടിച്ചേർത്തു.
എന്നാൽ സ്വപ്നയുടെ രഹസ്യ മൊഴി കാര്യമാക്കുന്നില്ലെന്നാണ് ആരോപണവിധേയനായ എം ശിവശങ്കറിന്റെ പ്രതികരണം. ഇത്തരം ഒരുപാട് മൊഴികൾ നേരത്തെ വന്നതല്ലേ എന്നും ശിവശങ്കർ കൂട്ടിച്ചേർത്തു.

രഹസ്യമൊഴി അന്വേഷണത്തിന്റെ നിർണായകഭാഗമായതിനാൽ എല്ലാക്കാര്യങ്ങളും വെളിപ്പെടുത്താനാകില്ലെന്നും, തനിക്ക് പറയാനാകുന്ന കാര്യങ്ങൾ പറയാം എന്നും പറഞ്ഞാണ് സ്വപ്ന സുരേഷ് മാധ്യമങ്ങളോട് സംസാരിച്ചത്. സ്വപ്ന പറയുന്നതിങ്ങനെ: ''2016-ൽ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ പോകുന്ന സമയത്താണ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ ആദ്യമായി എന്നെ ബന്ധപ്പെടുന്നത്. അന്ന് ഞാൻ കോൺസുൽ ജനറലിന്റെ സെക്രട്ടറിയായിരിക്കുന്ന കാലത്തായിരുന്നു ഇത്. ചീഫ് മിനിസ്റ്റർ ഒരു ബാഗ് മറന്ന് പോയി. ആ ബാഗ് എത്രയും പെട്ടെന്ന് ദുബായിലെത്തിച്ച് തരണം എന്നാണ് ശിവശങ്കർ ആവശ്യപ്പെട്ടത്. അത് നിർബന്ധമായി എത്തിക്കണമെന്നും പറഞ്ഞു. അന്ന് കോൺസുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കയ്യിലാണ് ഈ ബാഗ് കൊടുത്തുവിടുന്നത്. ആ ബാഗ് കോൺസുലേറ്റ് ഓഫീസിൽ കൊണ്ടുവന്നപ്പോൾ നമ്മൾ മനസ്സിലാക്കിയത് അത് കറൻസിയായിരുന്നു എന്നാണ്. അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്. ബാക്കിയുള്ള കാര്യങ്ങളൊന്നും എനിക്കിപ്പോൾ പറയാൻ പറ്റുന്നതല്ല. അതിനൊപ്പം തന്നെ വളരെ സർപ്രൈസിംഗായിട്ട് ബിരിയാണി പാത്രങ്ങളും കോൺസുലേറ്റിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. വലിയ വെയ്റ്റുള്ള പാത്രങ്ങളാണ് ഇതിലുണ്ടായിരുന്നത്. പാത്രം മാത്രമല്ല, മറ്റെന്തൊക്കെയോ ലോഹവസ്തുക്കൾ ഉണ്ടായിരുന്നതായിട്ടാണ് സൂചന. ഇങ്ങനെ നിരവധി തവണ കോൺസുലേറ്റിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഇങ്ങനെ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്'', എന്ന് സ്വപ്‌ന.

''എം ശിവശങ്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, സെക്രട്ടറി സി എം രവീന്ദ്രൻ, നളിനി നെറ്റോ ഐഎഎസ്, അന്നത്തെ മന്ത്രി കെ ടി ജലീൽ - കേസിൽ ഇങ്ങനെയുള്ള എല്ലാവരുടെയും എന്താണോ ഇൻവോൾവ്‌മെന്റ്, ഇത് എന്റെ രഹസ്യമൊഴിയിൽ വിശദമായി പറഞ്ഞിട്ടുണ്ട്'', എന്ന് സ്വപ്ന സുരേഷ് പറയുന്നു. തനിക്ക് വധഭീഷണിയുണ്ട് എന്നും സ്വപ്ന സുരേഷ് പറയുന്നു.

ഇത് മുഖ്യമന്ത്രിക്കറിയാമായിരുന്നോ എന്ന ചോദ്യത്തിന്, ക്ലിഫ് ഹൗസിൽ കൊണ്ടുപോകുമ്പോൾ കോമൺ സെൻസനുസരിച്ച് ഇത് സിഎമ്മിനറിയാമല്ലോ എന്ന് സ്വപ്ന. ഇതല്ലാതെ പല വിവരങ്ങളും വിശദമായി ഞാൻ രഹസ്യമൊഴിയിൽ നൽകിയിട്ടുണ്ട്. സമയം വരുമ്പോൾ എല്ലാ കാര്യങ്ങളും ഞാൻ പുറത്തുപറയാം.

എറണാകുളം ജില്ലാ കോടതിയിൽ എത്തിയാണ് സ്വപ്ന മൊഴി നൽകിയത്. ഇഡിക്കെതിരെ സംസാരിക്കാൻ സംസ്ഥാന പൊലീസ് നിർബന്ധിച്ചു എന്നടക്കം വെളിപ്പെടുത്തലിൽ സ്വപ്ന മൊഴി നൽകിയതായാണ് വിവരം. തന്റെ ജീവന് ഭീഷണിയുണ്ടെന്നും, വധിക്കപ്പെടുമെന്ന് ഭയമുള്ളതിനാൽ സുരക്ഷ വേണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടതായും സ്വപ്ന സുരേഷ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP