Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആ കല്യാണത്തിന് സ്വപ്ന എത്തിയിരുന്നോ എന്ന് ചോദിച്ച ഏക നേതാവ്; പുത്രവാത്സല്യത്താൽ അന്ധനായ ധൃതരാഷ്ട്രരെ പോലെ പുത്രീവാത്സല്യത്താൽ മുഖ്യമന്ത്രി നാടിനെ നശിപ്പിക്കരുതെന്ന് ഓർമ്മിപ്പിച്ചു; സ്വപ്നയുടെ തുറന്നു പറച്ചിൽ ചർച്ചയാക്കുന്നത് പി.ടിയുടെ പഴയ വെളിപ്പെടുത്തൽ

ആ കല്യാണത്തിന് സ്വപ്ന എത്തിയിരുന്നോ എന്ന് ചോദിച്ച ഏക നേതാവ്; പുത്രവാത്സല്യത്താൽ അന്ധനായ ധൃതരാഷ്ട്രരെ പോലെ പുത്രീവാത്സല്യത്താൽ മുഖ്യമന്ത്രി നാടിനെ നശിപ്പിക്കരുതെന്ന് ഓർമ്മിപ്പിച്ചു; സ്വപ്നയുടെ തുറന്നു പറച്ചിൽ ചർച്ചയാക്കുന്നത് പി.ടിയുടെ പഴയ വെളിപ്പെടുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തൃക്കാക്കരയുടെ മനസ്സ് പി.ടി.തോമസിനൊപ്പമായിരുന്നു. ഈ മനോഹര തീരത്ത് വീണ്ടും എത്താൻ കൊതിച്ചു മടങ്ങിയ പി.ടി. തോമസിന്റെ ഭാര്യ ഉമാ തോമസിന് തൃക്കാക്കര നൽകിയത് കാൽ ലക്ഷത്തിന്റെ ഭൂരിപക്ഷമാണ്. പി.ടി.ക്ക് കിട്ടിയതിനേക്കാൾ വലിയ സ്നേഹാദരവ്. അതിന് പിന്നിൽ കോൺഗ്രസിന്റെ കൂട്ടായ പ്രവർത്തനമുണ്ടായിരുന്നു. വിഡി സതീശനും കെ സുധാകരനും രാപകൽ അധ്വാനിച്ചു. എന്നാൽ മറുപക്ഷത്ത് അതിലും വലിയ പടയൊരുക്കമായിരുന്നു. അതും മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് നടത്തിയ പ്രചാരണം. പക്ഷേ ജനം അത് മുഖവിലയ്‌ക്കെടുത്തില്ല.പി.ടി.യെ ജയിപ്പിച്ചു. ഇതിന് പിന്നാലെ മറ്റൊരു ഭൂതമെത്തുന്നു. സ്വർണ്ണക്കടത്ത് ഭൂതം.

തൃക്കാക്കരയിലെ തോൽവിയിൽ ഇതുവരെ പിണറായി പ്രതികരിച്ചിട്ടില്ല. മാധ്യമങ്ങളെ ഒഴിവാക്കി പോകുന്നു. സ്വപ്നാ സുരേഷ് ഇപ്പോൾ നടത്തുന്ന വെളിപ്പെടുത്തൽ പിണറായിയെ നേരിട്ട് ബാധിക്കുന്നതാണ്. ഇതിനോടും മുഖ്യമന്ത്രി പ്രതികരിച്ചെന്ന് വരില്ല. എന്നാൽ കേന്ദ്ര ഏജൻസികൾ പിണറായിയേയും, ഭാര്യയേയും, മകളേയും ചോദ്യം ചെയ്യാനുള്ള സാഹചര്യം ഇത് ഒരുക്കും. അപ്പോൾ മലയാളിയുടെ മനസ്സിൽ നിറയുന്നത് പി.ടി.യുടെ പോരാട്ടമാണ്. സ്വർണ്ണ കടത്തിൽ മുഖ്യമന്ത്രിയെ ആദ്യം നേരിട്ട് കടന്നാക്രമിച്ചത് പി.ടി. തോമസായിരുന്നു. നടിയെ ആക്രമിച്ച കേസിലെ സത്യം പുറത്തു കൊണ്ടു വന്ന അതേ വീര്യത്തിൽ പി.ടി പോരടിച്ചിരുന്നു. പക്ഷേ അന്ന് സ്വപ്ന മൗനത്തിലായിരുന്നു. തൃക്കാക്കരയിലെ വിജയവുമായി ഉമാ തോമസ് നിയമസഭയിലേക്ക് കാലെടുത്ത് വയ്ക്കാനൊരുങ്ങുമ്പോൾ സ്വപ്ന ആഞ്ഞടിച്ചു. ഇനി നിയമസഭയിലെ അടുത്ത ചർച്ച കേൾക്കാൻ പി.ടിയുടെ പ്രതിനിധിയായി ഉമയുണ്ടാകും സഭയിൽ.

മുമ്പ് സ്വർണക്കടത്തിനെച്ചൊല്ലി നിയമസഭയിൽ ഭരണ, പ്രതിപക്ഷ വാക്പോരും സംഘർഷവും നടന്നിരുന്നു. ആദ്യ പിണറായി സർക്കാരിന്റെ കാലത്തായിരുന്നു അത്. ആരോപണ, പരിഹാസശരങ്ങൾ ഇരുവിഭാഗവും തൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും അടിയന്തര പ്രമേയത്തിന് അനുമതി തേടിയ പി.ടി. തോമസും അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തകർത്താടിയപ്പോൾ ഇരു വിഭാഗവും പോർവിളി മുഴക്കി. ഒടുവിൽ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കും. അടിയന്തര പ്രമേയത്തിന് അനുമതി തേടിയ പ്രസംഗത്തിൽ പി.ടി. തോമസ്, സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ആഞ്ഞടിച്ചു. അവയ്ക്കു മുഖ്യമന്ത്രി അക്കമിട്ടു മറുപടി നൽകി. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെ പരാമർശമുണ്ടായപ്പോൾ ഭരണപക്ഷം ബഹളം വച്ചു. പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി.

ശിവശങ്കറും സ്വപ്നയും 14 തവണ വിദേശത്തു പോയപ്പോൾ പച്ചക്കറി വാങ്ങാനാണോ പോയതെന്നു പോലും ചോദിക്കാത്ത മുഖ്യമന്ത്രിക്ക് ഉളുപ്പില്ലേയെന്നു പി. ടി.തോമസ് ചോദിച്ചു. ഏജൻസികൾ സത്യസന്ധമായി അന്വേഷിച്ചാൽ മുഖ്യമന്ത്രിയുടെ സ്ഥാനം ചവറ്റുകുട്ടയിലാകും. ആദ്യം ജയിലിൽ കിടന്ന മുഖ്യമന്ത്രി പിണറായി വിജയനാണെന്നു ചരിത്രം രേഖപ്പെടുത്തും. പുത്രവാത്സല്യത്താൽ അന്ധനായ ധൃതരാഷ്ട്രരെപ്പോലെ പുത്രീവാത്സല്യത്താൽ മുഖ്യമന്ത്രി നാടിനെ നശിപ്പിക്കരുതെന്നും തോമസ് പറഞ്ഞിരുന്നു. ഈ പുത്രീ വാൽസല്യത്തെയാണ് സ്വപ്നയുടെ വാക്കുകൾ വീണ്ടും ചർച്ചയാക്കുന്നത്. പിന്നീടും നിയമസഭയിൽ പിണറായിയെ പലതും പറഞ്ഞ് പി.ടി. കടന്നാക്രമിച്ചു. അതെല്ലാം വലിയ ചർച്ചയായി. പക്ഷേ പ്രതിപക്ഷത്തെ മറ്റൊരു നേതാവും പിണറായിയുടെ കുടുംബത്തെ ആരോപണ ശരത്തിൽ നിർത്തിയില്ല. നിയമസഭയ്ക്ക് പുറത്തും, പലതും തോമസ് ആരോപണമായി ഉയർത്തി.

സ്വപ്നാ സുരേഷ് മുഖ്യമന്ത്രിയുടെ വീട്ടിൽ എത്തിയിട്ടുണ്ടെന്നും ക്ലിഫ് ഹൗസിലെ സിസിടിവി പരിശോധിക്കണമെന്നും പി.ടി തോമസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിലെ അതിഥികളെ കുറിച്ചു ചർച്ചയാക്കി. എന്നാൽ ഇതെല്ലാം പരിഹസിച്ചു തള്ളുകയായിരുന്നു സിപിഎം. സ്വപ്നാ സുരേഷ് അന്നൊക്കെ മുഖ്യമന്ത്രിക്കെതിരെ ഒന്നും പറഞ്ഞിരുന്നില്ല. അതുകൊണ്ട് പി.ടി മുമ്പ് പറഞ്ഞതിന്റെ തെളിവുകൾ സ്വപ്നാ സുരേഷ് ഇനി പുറത്തു വിടുമോ എന്നതാണ് നിർണ്ണായകം. മുട്ടിൽ മരം മുറിയിൽ അടക്കം അടക്കം സത്യം പുറത്തു കൊണ്ടു വന്ന പി.ടിയുടെ വിയോഗം മലയാളിക്ക് തന്നത് വേദന മാത്രമാണ്. തൃക്കാക്കരയിൽ ഉമാ തോമസിന്റെ ജയത്തിനിടെ പി.ടി ഉയർത്തിയ മറ്റൊരു വിഷയവും പൊട്ടിത്തെറിയായി മാറുകയാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP