Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലിതാരയുടെ മരണം: പരിശീലകൻ രവി സിംഗിന് എതിരായ ആരോപണത്തിൽ ഉറച്ച് ബന്ധുക്കൾ; ബിഹാറിൽ നിന്നുള്ള അന്വേഷണ സംഘം കോഴിക്കോടെത്തി മൊഴിയെടുത്തു; രവി സിങ് ഒളിവിലെന്ന് പൊലീസ്; ലിതാരയുടെ കൂട്ടുകാരുടെ മൊഴിയെടുക്കും

ലിതാരയുടെ മരണം: പരിശീലകൻ രവി സിംഗിന് എതിരായ ആരോപണത്തിൽ ഉറച്ച് ബന്ധുക്കൾ; ബിഹാറിൽ നിന്നുള്ള അന്വേഷണ സംഘം കോഴിക്കോടെത്തി മൊഴിയെടുത്തു; രവി സിങ് ഒളിവിലെന്ന് പൊലീസ്; ലിതാരയുടെ കൂട്ടുകാരുടെ മൊഴിയെടുക്കും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: റെയിൽവെയുടെ മലയാളി ബാസ്‌കറ്റ് ബോൾ താരം ലിതാര തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബിഹാറിൽ നിന്നുള്ള അന്വേഷണ സംഘം കോഴിക്കോട്ടെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. കോച്ചിന് എതിരായ ആരോപണത്തിൽ വീട്ടുകാർ ഉറച്ച് നിൽക്കുന്നുവെന്ന് ബീഹാർ പൊലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പറഞ്ഞു.

ബിഹാർ രാജ്നഗർ പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരാണ് കോഴിക്കോട് വട്ടോളിയിലെ വീട്ടിൽ എത്തി മൊഴിയെടുത്തത്. ഏപ്രിൽ 26 നാണ് ലിതാരയെ പാറ്റ്‌നയിൽ തന്റെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ബാസ്‌കറ്റ് ബോൾ കോച്ച് രവി സിങ് മാനസികമായി നിരന്തരം പീഡിപ്പിച്ചുവെന്ന് ലിതാരയുടെ മരണത്തിന് പിന്നാലെ വീട്ടുകാർ പരാതി നൽകിയിരുന്നു. സംഭവത്തിൽ ലിതാരയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

കോച്ച് രവി സിങ് ഒളിവിൽ ആണെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കായി അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തിൽ പരിശീലകന്റെ മൊഴിയും ലിതാരയുടെ കൂട്ടുകാരുടെ മൊഴിയും രേഖപ്പെടുത്തണം. വിശദമായ റിപ്പോർട്ട് വേഗത്തിൽ സമർപ്പിക്കുമെന്നും രാജീവ് നഗർ പൊലീസ് ഇൻസ്‌പെക്ടർ ശംഭു സിങ് വ്യക്തമാക്കി.

നിരന്തരം വിളിച്ചിട്ടും ലിതാര ഫോണെടുക്കാതിരുന്ന സാഹചര്യത്തിൽ, ഏപ്രിൽ 26 ന് വീട്ടുകാർ പാറ്റ്‌നയിൽ ലിതാര താമസിച്ച ഫ്‌ളാറ്റിന്റെ ഉടമയെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. ഇദ്ദേഹം സ്ഥലത്തെത്തിയപ്പോൾ ഫ്‌ളാറ്റ് ഉള്ളിൽ നിന്നും പൂട്ടിയ നിലയിലായിരുന്നു. ഫ്‌ളാറ്റുടമ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി വാതിൽ തുറന്നപ്പോളാണ് ലീതാരയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പൊലീസ് പരിശോധനയിൽ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. കുറ്റ്യാടി വട്ടോളി സ്വദേശി കരുണന്റെ മകളായ ലിതാര പാട്‌ന ദാനാപൂരിലെ ഡിആർഎം ഓഫീസിലെ ഉദ്യോഗസ്ഥയായിരുന്നു.

ലിതാരയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കത്തയച്ചിരുന്നു. ലിതാര ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ അറിയിച്ചതായി കത്തിൽ വ്യക്തമാക്കിയിരുന്നു. ലിതാരയുടെ മരണത്തിൽ കോച്ചിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലിതാരയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രി കത്തയച്ചത്.

ഒന്നര വർഷം മുമ്പാണ് ലിതാരയ്ക്ക് ബിഹാറിലെ പട്നയിൽ റെയിൽവേയിൽ ജോലി ലഭിക്കുന്നത്. അന്നത്തെ കോച്ചുമായി ലിതാരയ്ക്ക് വിവാഹം ആലോചിച്ചിരുന്നെങ്കിലും പിന്നീട് അത് വേണ്ടെന്ന് വെച്ചു. ഇതിനുശേഷം മാനസിക സംഘർഷം അനുഭവിച്ചിരുന്ന ലിതാര കൗൺസിലിങിന് വിധേയയാവുകയും ചെയ്തിരുന്നു. പഴയ കോച്ചുമായുള്ള ഈ ബന്ധത്തിന്റെ പേരിൽ ലിതാരയെ പുതിയ കോച്ച് നിരന്തരം ശല്യം ചെയ്യുകയായിരുന്നു എന്നും ആരോപണം ഉണ്ട്.

ഇരുപത്തിരണ്ടുകാരിയായ ലിതാരയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു. കോച്ച് രവി സിങ് നിരന്തരം ശല്യം ചെയ്തിരുന്നതായി ലിതാര വീട്ടുകാരോട് പറഞ്ഞിരുന്നു. ഇതിനിടയിലാണ് ഫ്‌ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ ലിതാരയെ കണ്ടെത്തിയത്. കൊൽക്കത്തയിലെ മത്സരത്തിനിടെ കോച്ച് കൈയിൽ കയറി പിടിച്ചതായി ലിതാര സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ലിതാരയെ ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല.

ലിതാരയുടെ മരണവിവരം അറിഞ്ഞ ബന്ധുക്കൾ പട്‌നയിൽ എത്തുന്നതിന് മുൻപ്പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കുകയാണ് ചെയ്തത്. മരണത്തിലെ ദുരൂഹത മാറ്റണമെന്നാവശ്യപ്പെട്ട് കുടുബം കേരള മുഖ്യമന്ത്രിക്കും പട്‌ന പൊലീസിനും പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ ഒരു പുരോഗതിയും ഇല്ലെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.

കടക്കെണിയിലാക്കി ഞങ്ങളുടെ മകൾ ആത്മഹത്യ ചെയ്യില്ലെന്നാണ് പിതാവ് പറയുന്നത്. ലിതാരയുടെ സഹോദരിയും ഇതേ കാര്യം തന്നെയാണ് ആവർത്തിക്കുന്നത്. കോച്ച് ശല്യം ചെയ്യുന്ന കാര്യം ലിതാര വീട്ടുകാരോട് സൂചിപ്പിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. ലിതാരയോട് ഒറ്റയ്ക്ക് കോർട്ടിൽ പരിശീലനത്തിന് എത്താൻ കോച്ച് നിർബന്ധിക്കാറുണ്ടായിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP