Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പയ്യന്നൂർ പാർട്ടി ഫണ്ട് വിവാദം; ശുദ്ധി കലശത്തിന് ഒരുങ്ങി സിപിഎം; കാരണം കാണിക്കൽ നോട്ടീസിന് വിശദീകരണം തൃപ്തികരമല്ലെങ്കിൽ തരംതാഴ്‌ത്തൽ; അടിയന്തര നടപടി എടുത്തില്ലെങ്കിൽ പ്രവർത്തകരിൽ അതൃപ്തി കൂടുമെന്ന് ഭയന്ന് നേതൃത്വം

പയ്യന്നൂർ പാർട്ടി ഫണ്ട് വിവാദം; ശുദ്ധി കലശത്തിന് ഒരുങ്ങി സിപിഎം; കാരണം കാണിക്കൽ നോട്ടീസിന് വിശദീകരണം തൃപ്തികരമല്ലെങ്കിൽ തരംതാഴ്‌ത്തൽ; അടിയന്തര നടപടി എടുത്തില്ലെങ്കിൽ പ്രവർത്തകരിൽ അതൃപ്തി കൂടുമെന്ന് ഭയന്ന് നേതൃത്വം

അനീഷ് കുമാർ

പയ്യന്നൂർ: പയ്യന്നൂർ പാർട്ടിയിൽ ശുദ്ധികലശത്തിനൊരുങ്ങി സി.പി. എം കണ്ണൂർ ജില്ലാനേതൃത്വം. പൊന്മരമാണെങ്കിലും പാർട്ടിക്ക് മുകളിൽ ചാഞ്ഞാൽ മുറിച്ചു മാറ്റണമെന്ന ശക്തമായ വികാരമാണ് സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ ഉൾപ്പെടെയുള്ളവർക്കുള്ളതെന്നാണ് വിവരം.

പാർട്ടി ജില്ലാകമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മീഷൻ പയ്യന്നൂർ പാർട്ടി ഫണ്ട് വിവാദത്തിൽ സത്യാവസ്ഥ കണ്ടെത്തിയിട്ടുണ്ടെന്നും കുറ്റാരോപിതർക്കെതിരെ അടിയന്തരമായി നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രവർത്തകർക്കിടയിലും പാർട്ടി ബന്ധുക്കൾക്കിടയിലും തെറ്റായ സന്ദേശമുണ്ടാക്കാനിടയാക്കുമെന്നാണ് ജില്ലാകമ്മിറ്റിയിൽ ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്.

എന്നാൽ ആരോപണങ്ങൾക്കു പിന്നിൽ പയ്യന്നൂർ ഏരിയാകമ്മിറ്റിയിലെ ഗ്രൂപ്പിസമാണെന്ന വാദം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജൻ ഉയർത്തിയെങ്കിലും പാർട്ടി ജില്ലാനേതൃത്വം തന്നെ ഇതു കഴിഞ്ഞ ജില്ലാകമ്മിറ്റിയോഗത്തിൽ തള്ളിക്കളയുകയായിരുന്നു.കേന്ദ്രകമ്മിറ്റിയംഗങ്ങളായ പി.കെ ശ്രീമതി, കെ.കെ ശൈലജ എന്നിവരുൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നുവെങ്കിലും അവരും ഇ.പിയെ പിൻതുണച്ചു രംഗത്തു വന്നില്ല. എന്തുതന്നെയായാലും ഈ മാസം 12ന് വീണ്ടും ചേരുന്ന ജില്ലാകമ്മിറ്റിയോഗത്തിൽ പയ്യന്നൂർ ഫണ്ട് വിവാദത്തിൽ നിർണായകമായ അച്ചടക്ക നടപടിക്കൊരുങ്ങുകയാണ് സി.പി. എം നേതൃത്വം.

സി.പി. എമ്മിനെ പിടിച്ചുകുലുക്കിയ പയ്യന്നൂർ ഫണ്ടുവിവാദത്തിൽ ഉന്നത നേതാവ് ഉൾപ്പെടെ ആറുപേർക്കെതിരെ പാർട്ടി നടപടി വരുന്നത് പാർട്ടിക്കുള്ളിൽ അസാധാരണ സാഹചര്യമാണ് നിലനിൽക്കുന്നത്. ഇവർ നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ പാർട്ടി സ്ഥാനങ്ങളിൽ നിന്നും തരംതാഴ്‌ത്താനാണ് നീക്കം. നടപടി നേരിടേണ്ടിവരുന്നവരിൽ കടുത്ത പിണറായി പക്ഷക്കാരനായ ജില്ലാസെക്രട്ടറിയേറ്റ് അംഗമായ ഒരു എം. എൽ.എയുമുണ്ടെന്നതാണ് ശ്രദ്ധേയം. മെയ് ആറിന് കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിന് മുൻപെ നടപടി വേണമെന്നു സി.പി. എമ്മിനുള്ളിൽ നിന്നും വാദമുയർന്നിരുന്നുവെങ്കിലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം കാത്തുനിൽക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന ജില്ലാകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയ സി.പി. എംസംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പയ്യന്നൂർ മുൻ എംഎൽഎ, ടി.കൃഷ്ണൻ, പി.സന്തോഷ്. വി.നാരായണൻ എന്നിവരുമായി കൂടിയാലോചന നടത്തിയിരുന്നു. സാമ്പത്തിക ക്രമക്കേട് നടന്നുവെന്നത് പകൽ പോലെ വ്യക്തമായിട്ടും നടപടിയെടുത്തില്ലെങ്കിൽ അതു പയ്യന്നൂരിലെ പാർട്ടിയെ തകർക്കുമെന്നു ഇവർ കോടിയേരിയോട് പറഞ്ഞുവെന്നാണ് സൂചന.

2021- ലെ നിയമസഭാതെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി ആരോപണം, രക്തസാക്ഷി ധനരാജ് കുടുംബസഹായ ഫണ്ട് വകമാറ്റൽ, പാർട്ടി ഏരിയാകമ്മിറ്റി ഓഫിസ് നിർമ്മാണത്തിനായി നടത്തിയ ചിട്ടി നടത്തിപ്പിലെ ക്രമക്കേട് എന്നിങ്ങനെ രണ്ടു കോടിയുടെ ഗുരുതര ആരോപണമാണ് ഉയർന്നിട്ടുള്ളത്. പയ്യന്നൂർ മണ്ഡലം എംഎൽഎ ടി.ഐ.മധുസൂദനൻ ഉൾപ്പെടെയുള്ള ആറ് പേർക്കാണ് അച്ചടക്ക നടപടി എടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ പാർട്ടി ജില്ലാകമ്മിറ്റി നോട്ടീസ് നൽകിയത്.

കഴിഞ്ഞയാഴ്‌ച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മറ്റി യോഗം വിഷയം ഒരു ദിവസം മുഴുവൻ ചർച്ച ചെയ്തിരുന്നു. അച്ചടക്ക നടപടിയിലേക്ക് കടന്ന് പാർട്ടിയുടെ പ്രതിച്ഛായ കളയാതെ പ്രശ്നം ഒത്തുതീർക്കണമെന്ന നിർദ്ദേശം കേന്ദ്രകമ്മിറ്റിയംഗമായ ഇ.പി.ജയരാജൻ മുന്നോട്ടുവച്ചെങ്കിലും ജില്ലാകമ്മിറ്റിയിലെ ബഹുഭൂരിപക്ഷം പേരുംതള്ളി കളയുകയായിരുന്നു.

ആരോപണത്തിന്റെ ഗൗരവം കണക്കിലെടുത്ത് കർശന നടപടി വേണമെന്ന് പയ്യന്നൂരിൽ നിന്നുൾപ്പെടെയുള്ള നേതാക്കൾ നിലപാട് എടുത്തതോടെയാണ് നോട്ടീസ് നൽകാൻ തീരുമാനിച്ചത്.പയ്യന്നൂർ എംഎൽഎ, ടിഐ മധുസൂധനൻ, ഏരിയ കമ്മറ്റി അംഗങ്ങളായ ടി.വിശ്വനാഥൻ, കെ.കെ.ഗംഗാധരൻ, ഓഫീസ് സെക്രട്ടറി കരിവെള്ളൂർ കരുണാകരൻ, മുൻ ഏരിയ സെക്രട്ടറി കെ.പി.മധു , എംഎൽഎയുടെ സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഫ്രാക്ഷൻ കമ്മിറ്റിഅംഗം പി.സജീഷ് തുടങ്ങിയവരാണ് വിശദീകരണം നൽകേണ്ടത്.

നോട്ടീസ് കൈപ്പറ്റിയവരിൽ നിന്നും മറുപടി വാങ്ങിയശേഷം 12 ന് ചേരുന്ന ജില്ലാ കമ്മറ്റിയിൽ അച്ചടക്കലംഘനത്തിന് നടപടി ഉണ്ടാകുമെന്നാണ് വിവരം.2021ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫണ്ട്, ഏരിയ കമ്മറ്റി ഓഫീസ് കെട്ടിട നിർമ്മാണ ഫണ്ട്, ധനരാജ് രക്തസാക്ഷി കുടുംബസഹായ ഫണ്ട് എന്നിവയിലെ പണം തിരിമറി നടത്തിയെന്നാണ് ഉയർന്ന ആരോപണം.

കെട്ടിട നിർമ്മാണ ഫണ്ടിൽ 80 ലക്ഷം തിരിമറി നടത്തിയെന്ന പരാതിയിൽ ജില്ലാകമ്മിറ്റി നിയോഗിച്ച സംസ്ഥാന കമ്മിറ്റിയംഗംടി.വി രാജേഷ്, പി.വി ഗോപിനാഥ്, എന്നിവരുൾപ്പെടുന്ന മൂന്നംഗ ഉപസമിതിയാണ് റിപ്പോർട്ട് നൽകിയത്. തെരഞ്ഞെടുപ്പ് ഫണ്ടിൽ കൃത്രിമ രസീതിയുണ്ടാക്കി അറുപത് ലക്ഷം തട്ടിയെന്ന ആരോപണം അന്വേഷിച്ച് റിപ്പോർട്ടിൽ വാസ്തവമുണ്ടൈന്ന് കണ്ടെത്തിയിട്ടുണ്ട്. പയ്യന്നൂരിലെ ഫണ്ട് ക്രമക്കേട് വിഷയം പരിഹരിക്കാൻ ഇത് രണ്ടാം തവണയാണ് കോടിയേരിയുടെ സാന്നിധ്യത്തിൽ അടിയന്തര ജില്ലാകമ്മിറ്റി യോഗം ചേർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP