Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുതലാളിത്തപ്രതിസന്ധിയും ഇക്കോ - സോഷ്യലിസ്റ്റ് സ്വപ്നവും

മുതലാളിത്തപ്രതിസന്ധിയും ഇക്കോ -  സോഷ്യലിസ്റ്റ് സ്വപ്നവും

ഷാജി ജേക്കബ്‌

'The last capitalist we hang shall be the one who sold us the rope', Karl Marx.

'Capitalism, as a result of its own inner contradictions, moves toward a point when it will be unbalanced, which it will simply became impossible', Rosa Luxemburg.

'Human beings are not efficiently designed for a capitalist system of production', Eric Hobsbawm.

വ്യവസായമുതലാളിത്തത്തിന്റെ കാലമായി കാണാവുന്ന ഇക്കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളിലുടനീളം മുതലാളിത്തത്തിന്റെ വിപര്യയങ്ങളെയും പ്രതിസന്ധികളെയും കുറിച്ചുള്ള സിദ്ധാന്തങ്ങൾകൊണ്ടും സമൃദ്ധമായിരുന്നു ലോകം. മാർക്‌സിസ്റ്റുകൾ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായി അതിനു ബദലായി മുന്നോട്ടു വച്ചത് സോഷ്യലിസമാണ്. അതിലേക്കെത്തിപ്പെടാനുള്ള കമ്യൂണിസ്റ്റ് മാതൃകകളായി മുന്നോട്ടുവയ്ക്കപ്പെട്ട സംവിധാനങ്ങൾ പക്ഷെ ഒന്നൊന്നായി തകരുകയോ മുതലാളിത്ത വഴിയിലേക്ക് സ്വയം പരിണമിക്കുകയോ ചെയ്തതാണ് ചരിത്രം. എങ്കിലും സോഷ്യലിസമെന്ന ഉട്ടോപ്യൻ സ്വപ്നം പുതിയ രൂപ, ഭാവങ്ങളിൽ മുതലാളിത്തവിമർശനങ്ങളിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. മാർക്‌സിസത്തിന്റെ താവഴിയിൽ ഹരിത രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയിലൂന്നുന്ന ഒരു സോഷ്യലിസ്റ്റ് മാതൃക മുന്നോട്ടുവയ്ക്കപ്പെടുന്നത് ഇക്കഴിഞ്ഞ മൂന്നുനാലു പതിറ്റാണ്ടുകളിലാണ്. മുതലാളിത്തപ്രതിസന്ധിയിൽ നിന്നുരുവംകൊള്ളുന്ന ഭാവിയെക്കുറിച്ചുള്ള സാമൂഹ്യചിന്ത എന്ന നിലയിൽ ഇക്കോ-സോഷ്യലിസം ഭാവനചെയ്യപ്പെടുന്നത് മുഖ്യമായും മുതലാളിത്തവിമർശനം, മാർക്‌സിസം, പരിസ്ഥിതിരാഷ്ട്രീയം, ഭാവിപഠനങ്ങൾ തുടങ്ങിയ വൈജ്ഞാനികവ്യവഹാരങ്ങളുടെ ചുവടുപിടിച്ചാണ്. മലയാളത്തിൽ ഈയൊരു വിഷയം സമഗ്രവും സൂക്ഷ്മവുമായി അവതരിപ്പിക്കുന്ന ആദ്യ പഠനഗ്രന്ഥമാണ് ജി. മധുസൂദനന്റെ 'മുതലാളിത്തവളർച്ച: സർവനാശത്തിന്റെ വഴി'. മുൻപ് എൻ.എം. പിയേഴ്‌സണാണ് സാമാന്യമായെങ്കിലും മാർക്‌സിസവും പരിസ്ഥിതിവാദവും തമ്മിലുള്ള ബന്ധം മലയാളത്തിൽ ചർച്ചചെയ്തിട്ടുള്ളത്.

          മുതലാളിത്തവ്യവസ്ഥയുടെ പ്രതിസന്ധികൾ മനുഷ്യവംശത്തിന്റെയും ജൈവലോകത്തിന്റെയും സമ്പൂർണനാശത്തിലേക്കാണ് ചുവടുവയ്ക്കുന്നതെന്നും കാലാവസ്ഥാവ്യതിയാനം മുതൽ ഫോസിൽ ഇന്ധനങ്ങളുടെ അന്ത്യം വരെയുള്ള പാരിസ്ഥിതിക ദുരന്തങ്ങൾ സൃഷ്ടിക്കാൻ പോകുന്ന ഈ സർവനാശം അത്ര വിദൂരത്തിലല്ലെന്നും സവിസ്തരം, സയുക്തികം പ്രതിപാദിക്കുന്ന അക്കാദമിക ഗവേഷണസ്വഭാവമുള്ള ശ്രദ്ധേയമായ പഠനമാണ് ഈ ഗ്രന്ഥം.

          മുതലാളിത്തത്തിലുണ്ടായ അപാരമായ വിശ്വാസനഷ്ടവും സോഷ്യലിസത്തെക്കുറിച്ചുള്ള അപാരമായ പ്രത്യാശയുമാണ് മധുസൂദനന്റെ രാഷ്ട്രീയമൂലധനം. മുതലാളിത്തത്തിന്റെ പ്രതിസന്ധികളെക്കുറിച്ചാകട്ടെ, പാരിസ്ഥിതിക സോഷ്യലിസത്തെക്കുറിച്ചാകട്ടെ, ഇത്രമേൽ വൈജ്ഞാനിക സമഗ്രതയോടെയും വിവരസമൃദ്ധിയോടെയും ഈ വിഷയം മലയാളത്തിൽ ഇന്നോളം അവതരിപ്പിക്കപ്പെട്ടിട്ടില്ല.

അങ്ങേയറ്റം പ്രസക്തമായ പഠനമേഖല. അന്തർവൈജ്ഞാനികമായ രീതിശാസ്ത്രം. സാമ്പത്തികശാസ്ത്രം, സാമൂഹ്യശാസ്ത്രം, മാർക്‌സിസം, ആധുനികതാവിശകലനം, ഊർജ്ജപഠനം, ലോഹശാസ്ത്രം, പരിസ്ഥിതിവാദം, രാഷ്ട്രതന്ത്രം, വിപണിസമ്പദ്ശാസ്ത്രം, ഭാവിപഠനങ്ങൾ തുടങ്ങിയ വിജ്ഞാനമേഖലകളിൽ നിന്നുള്ള നൂറുകണക്കിനു റഫറൻസുകൾ. ചരിത്രനിഷ്ഠവും രാഷ്ട്രീയസൂക്ഷ്മവും പ്രത്യയശാസ്ത്രബദ്ധവുമായ വിശകലനം. തെളിഞ്ഞ നിരീക്ഷണങ്ങൾ. ദൃഢതയുള്ള നിലപാടുകൾ. മുതലാളിത്തത്തെക്കുറിച്ചുള്ള കടുത്ത പെസിമിസത്തിനിടയിലും സോഷ്യലിസത്തെക്കുറിച്ചുള്ള കടുത്ത ഓപ്റ്റിമിസം-മധുസൂദനന്റെ അധ്വാനം അസാധാരണമാണ്. മുതലാളിത്തത്തിന്റെ നാനാതരം പ്രതിസമാപ്തികളെക്കുറിച്ച് നാളിതുവരെയുണ്ടായിട്ടുള്ള പ്രസിദ്ധങ്ങളായ സിദ്ധാന്തങ്ങളും പാരിസ്ഥിതിക സോഷ്യലിസത്തെക്കുറിച്ച് രൂപം കൊള്ളുന്ന ശ്രദ്ധേയങ്ങളായ ചിന്തകളും സമന്വയിക്കുന്ന അസാധാരണമായ ഒരു വൈജ്ഞാനികാന്വേഷണവും രാഷ്ട്രീയപ്രബന്ധവുമാണ് ഈ പുസ്തകം.

          ഈ വിഷയത്തിന്റെയും പഠനത്തിന്റെയും പുസ്തകത്തിന്റെയും പ്രസക്തി ചൂണ്ടിക്കാണിച്ചുകൊണ്ട് മധുസൂദനൻ ആമുഖത്തിൽ എഴുതുന്നു:

          'വളർന്നുപന്തലിച്ച അസമത്വങ്ങളും അനീതിയും മുതൽ ജീവന്റെ ഉന്മൂലനത്തിന് കാരണമാകാവുന്ന കാലാവസ്ഥാവ്യതിയാനമെന്ന ഓർവെല്ലിയൻ പേടിസ്വപ്നംവരെ മുതലാളിത്ത സാമ്പത്തികവളർച്ചയുടെ സൃഷ്ടികളായി നമ്മെ ഇപ്പോൾ വേട്ടയാടുന്നു. അത് മറന്നുകൊണ്ട്, 'നിരന്തരവളർച്ച'യെന്ന വിശ്വാസംപകരാൻ കാരണക്കാരായ മാധ്യമങ്ങളും ഭരണവർഗങ്ങളും അവരുടെ ഉപദേശകരായ സാമ്പത്തികവിദഗ്ധരും ഈ മിഥ്യ നിരന്തരം പ്രചരിപ്പിക്കുന്നു. സുപ്രസിദ്ധ സാമ്പത്തികശാസ്ത്രജ്ഞനായിരുന്ന ജോൺ കെന്നത്ത് ഗാൽബ്രയ്ത്തിന്റെ വാക്കുകൾ കടമെടുത്തു പറഞ്ഞാൽ, 'പരിമിതമായ ഭൂമിയിൽ അപരിമികവളർച്ചയെന്ന പ്രചാരണം നിർദോഷമായ വഞ്ചനയാണ് (Innocent Fraud)'.

പ്രശ്‌നങ്ങൾക്കുള്ള പരിഹാരം വൈയക്തികശീലങ്ങളുടെ തിരുത്തലാണെന്ന്, നിരന്തരം പ്രചരിപ്പിക്കപ്പെടുന്നു: 'ഹരിത' ഉൽപന്നങ്ങൾ വാങ്ങിയും വിഭവങ്ങൾ പനഃചക്രണം ചെയ്തും മാലിന്യം സംസ്‌കരിച്ചും മരം വച്ചുപിടിപ്പിച്ചും നടത്താവുന്ന തിരുത്തലുകൾ. ചില 'പരിസ്ഥിതിവാദി'കൾ പോലും ഇതേ വൈരുധ്യങ്ങൾ പേറി നടക്കുന്നവരാണ്. അതിനൊരുകാരണം പരിസ്ഥിതിയെയും വികസനത്തെയും കുറിച്ചുള്ള സംവാദങ്ങളിലെ അരാഷ്ട്രീയതയും തെളിമയില്ലാത്ത സൈദ്ധാന്തികതയുമാണെന്ന് (Theoretical underspecificity) എനിക്കുതോന്നുന്നു. ആധുനികാലത്തെ അറിവിന്റെ അംശീകരണവും ഇതിനൊരു കാരണമാണ്.

21-ാം നൂറ്റാണ്ടിൽ വളർന്നുവികസിച്ച നിരവധി പുതിയ ജ്ഞാനമേഖലകൾ പ്രയോഗസിദ്ധമായ തെളിവുകൾ നിരത്തി വ്യക്തമാക്കുന്നത്, കഴിഞ്ഞ 70 വർഷങ്ങളിലെ ചരിത്രമല്ല, അടുത്ത 30 വർഷങ്ങളിൽ നമ്മെ കാത്തിരിക്കുന്നത് എന്നാണ്. അത്തരം പുതിയ അറിവുകളിലൂടെയുള്ള യാത്രയാണ് ഈ കൃതിയിൽ നടത്തുന്നത്. നിരന്തര സാമ്പത്തികവളർച്ചയെന്ന രേഖീയതയുടെ ബൂർഷ്വാനിശ്ചിതത്വം തകർന്നിരിക്കുന്നു. ലാഭത്തിന്റെ ദൈവങ്ങൾ എത്ര കള്ളങ്ങൾ പറഞ്ഞാലും സത്യം നമ്മെ തേടിയെത്തും. ലാഭത്തിനായുള്ള നിരന്തരവളർച്ച തകർത്തെറിഞ്ഞ നമ്മുടെ പ്രകൃതിയുടെയും കാലാവസ്ഥയുടെയും ദുരന്തങ്ങൾ നമ്മെ വേട്ടയാടിത്തുടങ്ങിയിരിക്കുന്നു. ക്രമാതീതമായി വർധിക്കുന്ന പ്രകൃതിദുരന്തങ്ങളുടെ രൂപത്തിൽ ഭാവി ഇപ്പോൾതന്നെ സമകാലികതയിലേക്ക് ഇരച്ചുകയറുന്നു.

70 വർഷത്തെ മുതലാളിത്തവളർച്ചയുടെ കെട്ടുകാഴ്ചകൾക്കുശേഷം, നാമിപ്പോൾ ഒരു സംക്രമണ സന്ധിയിലാണ്. ദശലക്ഷക്കണക്കിനുവർഷങ്ങളിലെ പ്രകൃതിയുടെ പ്രതിപ്രവർത്തനത്തിലൂടെ ഭൂമിക്കടിയിൽ അടിഞ്ഞുകൂടിയവയാണ് അശ്മക ഇന്ധനങ്ങൾ-കൽക്കരി, എണ്ണ, പ്രകൃതിവാതകം എന്നിവ. അവയുടെ ജ്വലനം സൃഷ്ടിച്ച-ചരിത്രത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന- ഊർജധാരാളിത്തമാണ് ഈ മുതലാളിത്ത ആധുനികത സൃഷ്ടിച്ചത്. ഈ അശ്മകവിഭവങ്ങൾ പകുതിയോളം നാം ഇതുവരെ പുകച്ചുതീർത്തു; അവയിൽ ചിലത് 'പീക്ക്' ചെയ്തുകഴിഞ്ഞു.  മറ്റുള്ളവ താമസിയാതെ 'പീക്ക്' ചെയ്യും. അടുത്ത മൂന്ന് ദശകങ്ങളിൽ അവയുടെ ലഭ്യത കുറഞ്ഞുകുറഞ്ഞുവരും. വൈദ്യുതി നിർമ്മിതിക്കായി ബദൽ ഊർജസ്രോതസ്സുകൾ വികസിപ്പിക്കാമെങ്കിലും, ഊർജസാന്ദ്രത തീരെ കുറഞ്ഞ അവയ്ക്ക് അശ്മക ഇന്ധനങ്ങൾക്ക് പകരംനിൽക്കാൻ കഴിയില്ല.

അശ്മക ഇന്ധനങ്ങൾ (fossil fuels) മാത്രമല്ല, സാമ്പത്തികവളർച്ചക്കു നിദാനമായ ലോഹങ്ങളും ധാതുക്കളും ഉപയോഗിച്ചുതീർക്കുകയാണ്. മുതലാളിത്തവളർച്ച ഊർജ-ലോഹ-ധാതു വ്യയംചെയ്യുന്ന പ്രക്രിയയാണെന്ന് (Entropic process) ഇന്ന് തിരിച്ചറിയപ്പെടുന്നു. അത് മനസ്സിലാക്കാൻ നാം പരാജയപ്പെടുന്നു. സാങ്കേതികവിദ്യകൾ സൃഷ്ടിച്ച സങ്കീർണ്ണതകൾക്കു നടുവിൽ നാം നേരിടുന്ന 'കല്പനാ വൈദഗ്ധ്യത്തിലെ വിടവ്' (Ingenuity Gap) എന്നാണ് അതേ പേരുള്ള തന്റെ പ്രസിദ്ധകൃതിയിൽ തോമസ് ഹോമർ ഡിക്‌സൺ ഇതിനെ വിളിക്കുന്നത്. 'എൻട്രോപി'യെക്കുറിച്ചുള്ള തിരിച്ചറിവ് സമൂഹവും പ്രകൃതിയും തമ്മിലുള്ള പുതിയൊരു വൈരുധ്യാത്മക ബന്ധത്തെക്കുറിച്ചുള്ള ചിന്തക്ക് കാരണമാകുന്നു-രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തിന്റെ ഏറ്റവും പുതിയ വിശകലനത്തിന്റെ രീതിശാസ്ത്രമാണത്. അതിന്റെ തുടക്കം മാർക്‌സിന്റെ ചിന്തകളെ ശരിയായി വീണ്ടും പുനർവായിച്ചു കണ്ടെത്തുന്നതിൽനിന്ന് ആരംഭിക്കുന്നു.

അശ്മക മുതലാളിത്ത ഉൽപാദനവ്യവസ്ഥയ്ക്കുപകരം, ഭൂമിയിലെ മനുഷ്യരുടെ വാഴ്‌വിനെ ശരിയായി മനസ്സിലാക്കാനും, നീതിയും സമത്വവും പുലരുന്നൊരു സമൂഹം സൃഷ്ടിക്കാനും നമുക്കൊരു 'വിശകലന എതിർബലം' (Analytical counterbalance) വേണം. അതിനുവേണ്ടിയുള്ള ബോധപൂർവവും സമഗ്രവുമായ അറിവിന്റെ പുനർനിർമ്മിതിയാണ് ഇന്നാവശ്യം. അത് അറിവിനുവേണ്ടിയുള്ള അറിവല്ല; ലോകത്തെ പരിവർത്തിപ്പിക്കാനുള്ള അറിവാണ്. നമുക്കും വരുംതലമുറകൾക്കും സമസ്ത ജീവജാലങ്ങൾക്കും വാസയോഗ്യമാകും വിധം നമ്മുടെ ഒരേയൊരു ഗ്രഹമായ ഭൂമിയെയും സമൂഹത്തെയും രാഷ്ട്രീയത്തെയും സമ്പദ്‌വ്യവസ്ഥയെയും പുനർനിർമ്മിക്കുന്നതിനുള്ള അറിവ്. വിജ്ഞാനസിദ്ധാന്തപരമായ അത്തരമൊരു വലിയ കുതിച്ചുചാട്ടത്തിലൂടെ സമൂഹ-സംസ്‌കാര-രാഷ്ട്രീയ നിർമ്മിതിയുടെ പുതിയ വിശിഷ്ടമാതൃകകൾ (New Paradigms) കണ്ടെത്താനാകും. ഈ പരിവർത്തനത്തിന്റെ കേന്ദ്രകീലം (pivot), അശ്മക ഊർജസ്രോതസ്സുകളിൽനിന്ന് കാർബൺ-അനന്തര (Post-carbon) ഭാവിയിലേക്കും മുതലാളിത്താനന്തരഭാവിയിലേക്കുമുള്ള മാറ്റമാണ്.

          ഒരു തലത്തിൽ ഈ കൃതിയിലെ വിശകലനം, ഏറ്റവും പുതിയ ശാസ്ത്രീയ അറിവുകളും പരിസ്ഥിതിചിന്തയും ഭാവിയെക്കുറിച്ചുള്ള പഠനങ്ങളും (Future Studies) പുതിയ മാർക്‌സിയൻ വിശകലനങ്ങളും തമ്മിലുള്ള പരാഗണത്തിന്റെ സന്തതിയാണ്. മറ്റൊരുതലത്തിൽ ഇത് ഇക്കോളജിയും മുതലാളിത്തവും തമ്മിലുള്ള സംഘർഷങ്ങളുടെ വിശകലനമാണ്. ഇവിടുത്തെ വിശകലനത്തിന്റെ മൂന്നാംതലം നിതാന്തമുതലാളിത്തവളർച്ചയുടെ ആസന്നമായ അന്ത്യത്തെക്കുറിച്ചാണ്. വളർച്ച മന്ദീഭവിച്ചതുകൊണ്ട് മുതലാളിത്തം താനേ അസ്തമിക്കുകയില്ല. വളർച്ച കുറെക്കൂടി നീട്ടുന്നതിനായി മിച്ചമുള്ള വന്യസ്ഥലങ്ങളിലെ വിഭവങ്ങളും കവർന്ന്, സർവനാശത്തിലേക്കുള്ള വഴി തുറക്കുകയാണ് മൂലധനശക്തികൾ-അതായത് മുതലാളിത്തത്തിന്റെ കലാശക്കളി. പിടിച്ചുനിൽക്കാൻ മൂലധനശക്തികൾ എല്ലാ അടവുകളും പയറ്റും. അതിനെ ചെറുക്കാൻ ശക്തമായ ജനകീയ ഇടപെടലുകൾ ആവശ്യമാണ്. പ്രതിസന്ധി അഥവാ ക്രൈസിസ് (Crisis) എന്ന ഇംഗ്ലീഷ് വാക്കിന്റെ ഗ്രീക്ക് മൂലപദത്തിന്റെ (Krisis) അർത്ഥം 'സുനിശ്ചിതമായ ഇടപെടലിന്റെ നിമിഷം' എന്നാണ്. ആസന്നമായ ആ 'സുനിശ്ചിത ഇടപെടലി'ന് ഇടതുപക്ഷത്തെ സജ്ജമാക്കേണ്ട സമയമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു'.

          തുടർന്ന്, ആദ്യ രണ്ടധ്യായങ്ങളിൽ ഈ ഗ്രന്ഥത്തിന്റെ വിപുലമായ രണ്ട് അടിത്തറകൾ രൂപപ്പെടുത്തുകയാണ് മധുസൂദനൻ. ഒന്നാമധ്യായത്തിൽ സാമ്രാജ്യത്തം, മുതലാളിത്തം, കൊളോണിയലിസം എന്നിവയുടെ ചരിത്രം സംക്ഷിപ്തമായി സൂചിപ്പിച്ച് അഞ്ചുനൂറ്റാണ്ടു നീളുന്ന മുതലാളിത്തത്തിന്റെ യൂറോപ്യൻ ചരിത്രത്തെ സാമാന്യമായും 19, 20 നൂറ്റാണ്ടുകളിലെ വ്യവസായമുതലാളിത്തത്തെയും 1950 മുതലുള്ള മുതലാളിത്തത്തിന്റെ ഉച്ചഘട്ടത്തെയും സവിശേഷമായും ചർച്ചചെയ്യുന്നു.

         

'500-ലധികം വർഷങ്ങൾ പഴക്കമുള്ള വ്യവസ്ഥയാണ് മുതലാളിത്തം. അതൊരു പാശ്ചാത്യനിർമ്മിതിയുമാണ്. മുതലാളിത്തവളർച്ചയെ നാല് ഘട്ടങ്ങളായി ഇങ്ങനെ തരംതിരിക്കാം. വാണിജ്യമുതലാളിത്തം (1492-1784), വ്യവസായമുതലാളിത്തം (1784-1973), നവലിബറൽമുതലാളിത്തം (1973-2008), പ്രേതമുതലാളിത്തം (2008 >). കൊളംബസ് 1492-ൽ തന്റെ ഗോളാന്തര യാത്രയ്‌ക്കൊടുവിൽ 'അമേരിക്ക' കണ്ടെത്തിയതും. 1497-നുശേഷമുള്ള വാസ്‌കോ ഡ ഗാമയുടെ ആഫ്രിക്കൻ-ഇന്ത്യൻ യാത്രകളും ലോക ചരിത്രത്തിലെ രണ്ട് മഹത്തായ സംഭവങ്ങളായിരുന്നുവെന്ന് ആദം സ്മിത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ലോകനാവികപര്യടനങ്ങൾ മുതൽ, ജയിംസ് വാട്ട് നീരാവിയന്ത്രം കണ്ടുപിടിച്ചതുവരെയുള്ള കാലമാണ് വാണിജ്യമുതലാളിത്തത്തിന്റേത്. അന്നുവരെ പരസ്പരയുദ്ധങ്ങളിൽ ഏർപ്പെട്ടിരുന്ന യൂറോപ്യൻ രാജ്യങ്ങൾ, ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും നാടുകൾ കീഴടക്കുന്നതിനായി പുറപ്പെട്ടു. കച്ചവടക്കാരായിരുന്നു ഈ പുതിയ യുദ്ധത്തിലെ മുന്നണിപ്പടയാളികൾ-വ്യാപാരം യുദ്ധത്തിന്റെ പുതിയ രൂപമായി. അധിനിവേശകരുടെ ഹിംസയിലൂടെയും അക്രമത്തിലൂടെയും നേടിയ ഭരണകൂടത്തിന്റെയും സ്വകാര്യസ്വത്തിന്റെയും വർധനവ്, മിച്ചമൂല്യ-മൂലധന വളർച്ച, അടിമവ്യാപാരം, സ്ത്രീവിരുദ്ധമായ പിതൃത്വാധിപ ഘടനകളുടെ വളർച്ച എന്നിവയാണ് ഈ ഘട്ടത്തിന്റെ പ്രത്യേകതകൾ.

          1784-ൽ ജയിംസ് വാട്ട് നീരാവിയന്ത്രത്തിന് പേറ്റന്റ് എടുത്തതോടെ വ്യവസായമുതലാളിത്തയുഗം ആരംഭിച്ചു. വാണിജ്യമുതലാളിത്ത കാലത്ത് സ്വരൂപിച്ച മൂലധനം, കൽക്കരിയിൽ തുടങ്ങി എണ്ണ, പ്രകൃതിവാതകം എന്നിവയിലേക്ക് വ്യാപിച്ച പുതിയ അശ്മക ഊർജസ്രോതസ്സുകളുടെ കണ്ടെത്തൽ, നീരാവിയന്ത്രം തൊടുത്തുവിട്ട നവീനയതന്ത്രനിർമ്മിതി, അധിനിവേശിത നാടുകളിൽനിന്ന് കടത്തിക്കൊണ്ടുപോയ വിഭവങ്ങൾ ഇവയെല്ലാം അഭൂതപൂർവമായ സാമ്പത്തികവളർച്ചക്ക് കാരണമായി. ഇടയ്ക്കിടെ സാമ്പത്തികമാന്ദ്യങ്ങൾ നേരിട്ടുവെങ്കിലും, 1973-ലെ എണ്ണ ആഘാതംവരെ മുതലാളിത്തവ്യവസായവളർച്ചയുടെ ഈ യുഗം തുടർന്നുവെന്ന് പറയാം. 1929-ലെ വലിയ സാമ്പത്തികമാന്ദ്യത്തിനുശേഷം സാമ്പത്തികവളർച്ചക്ക് ശക്തിപകർന്ന കെയ്‌നേഷ്യനിസം (ബ്രിട്ടീഷ് സാമ്പത്തികവിദഗ്ധനായിരുന്ന ജോൺ മയ്‌നാർഡ് കെയ്ൻസിന്റെ തന്ത്രങ്ങൾ) 1973-നകം പരാജയപ്പെട്ടുതുടങ്ങിയിരുന്നു. ഈ പരാജയത്തിൽനിന്ന് മുതലാളിത്തത്തെ കരകയറ്റാൻ കണ്ടെത്തിയ പുതിയ തന്ത്രമാണ് നവലിബറലിസം. പുതിയ സാങ്കേതികവിദ്യകൾ, മുതലാളിത്തവളർച്ചയുടെയും വിപണിയുടെയും ആഗോളവ്യാപനം എന്നിവയിലൂടെ 1980 മുതൽ ആരംഭിച്ച സാമ്പത്തികവളർച്ച, കുറഞ്ഞ തോതിലാണെങ്കിലും നിലനിർത്താൻ നവലിബറലിസത്തിന്റെ കാലത്ത് കഴിഞ്ഞു. 2008-ൽ തുടങ്ങിയ നിലയ്ക്കാത്ത സാമ്പത്തികമാന്ദ്യത്തിനുശേഷം മുതലാളിത്തം പ്രതിസന്ധിയിലാണ് - പ്രേതമുതലാളിത്തത്തിന്റെ കാലം. അതിനെ ഒരു ചിന്തകൻ മുതലാളിത്തത്തിന്റെ 'കാൻസർ ഘട്ടം' എന്നും വിളിക്കുന്നുണ്ട്'.

മാർക്‌സിന്റെയും മാർക്‌സിസത്തിന്റെയും കാഴ്ചപ്പാടുകൾ മാത്രമല്ല, ഇരുപത്തൊന്നാം നൂറ്റാണ്ടിലുണ്ടായ നിരവധിയായ മുതലാളിത്തവിമർശനങ്ങളെയും സൂക്ഷ്മമായി ചൂണ്ടിക്കാട്ടി മുതലാളിത്ത ആധുനികത എത്തിച്ചേർന്നിരിക്കുന്ന വഴിത്തിരിവ് വിശദീകരിക്കുന്ന മധുസൂദനൻ തന്റെ നിരീക്ഷണം ഇങ്ങനെ സംഗ്രഹിക്കുന്നു:

          'മുതലാളിത്തവളർച്ചയുടെ മഹായന്ത്രം നിലച്ച കാഴ്ചയാണ് ഈ അടച്ചുപൂട്ടൽ കാലത്ത് ലോകമാസകലം കണ്ടത്. ഫാബിയൻ ഷീഡ്‌ലറുടെ 'മഹായന്ത്രത്തിന്റെ അന്ത്യം' എന്ന കൃതി (ജർമൻ ഒറിജിനൽ 2015-ലും ഇംഗ്ലീഷ് പരിഭാഷ 2020-ലും) ഞാൻ ഓർത്തുപോകുന്നു. വികസിതരാജ്യങ്ങളിൽപ്പോലും അടച്ചുപൂട്ടലിനുശേഷം സമ്പദ്‌വ്യവസ്ഥ 25%ത്തിലധികംവരെ ചുരുങ്ങി. ലോകമാസകലം കോടിക്കണക്കിനാളുകൾക്ക് തൊഴിൽ നഷ്ടമായി. രാഷ്ട്രാന്തര-ആഭ്യന്തര പ്രവാസികൾ ഏറെപ്പേർ മരണഭീതിയിൽ സ്വന്തം നാടുകളിലേക്ക് മടങ്ങി. എലികളെപ്പോലെ സ്വന്തം മാളങ്ങളിലേക്ക് പിൻവാങ്ങാൻ മനുഷ്യർ നിർബന്ധിതരായി. ഭരണകൂടങ്ങൾ പൂർവാധികം സ്വേച്ഛാധികാരങ്ങൾ സ്വന്തമാക്കി. എണ്ണയുഗാനന്തരലോകം ഈ നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽതന്നെ വന്നെത്താൻപോകുന്ന യാഥാർത്ഥ്യമാണെന്ന് തിരിച്ചറിഞ്ഞ്, അതിലേക്കുള്ള ആസൂത്രിത പരിവർത്തനം നയമായി സ്വീകരിച്ച് ഇപ്പോൾത്തന്നെ നടപ്പാക്കിത്തുടങ്ങുകയും മുതലാളിത്തവളർച്ചയെ തുടച്ചുനീക്കി, പുതിയൊരു ഇക്കോസോഷ്യലിസ്റ്റ് വ്യവസ്ഥ നിലവിൽവരികയും ചെയ്തില്ലെങ്കിൽ ഒരു സമ്പൂർണതകർച്ച അനിവാര്യമാകും. കൊറോണക്കാലത്തെ അടച്ചുപൂട്ടൽ ആ തകർച്ചയുടെ ഭാവിസാധ്യത ഓർമപ്പെടുത്തുകയും, അതിനെ പ്രതിരോധിക്കാനുള്ള ഘടനാപരമായ മാറ്റങ്ങളിലേക്ക് വിരൽ ചൂണ്ടുകയും ചെയ്യുന്ന പാഠമാകണം'.

ഇത്തരം ഒരു ഭാവിയെ കരുപ്പിടിപ്പിക്കുന്ന പന്ത്രണ്ട് ജ്ഞാനമേഖലകളെ ഹ്രസ്വമായി പരിചയപ്പെടുത്തുകയാണ് രണ്ടാമധ്യായം. ഏതൊക്കെയാണവ?

          lആധുനികതയുടെ ചരിത്രത്തിന്റെ പുനർവായനകൾ.

          lഭാവിപഠനങ്ങൾ (Future studies or Futurology).

          lപരിസ്ഥിതി പഠനങ്ങൾ (Environmental Studies).

          lവളർച്ചയുടെ പരിധികളെക്കുറിച്ചുള്ള പഠനങ്ങൾ (Studies on Limits to Growth).

          lഅശ്മക ഇന്ധന ഉൽപാദനം 'പീക്ക്' ചെയ്യുന്നതിനെക്കുറിച്ചുള്ള പഠനങ്ങൾ (Peak                           fossil fuel studies).

          lഅശ്മകാനന്തര ഭാവിയിലെ ഊർജലഭ്യതയെക്കുറിച്ചുള്ള 'മിച്ച ഊർജവിശകലനം' (Net                       energy analysis).

          lമുതലാളിത്തവളർച്ച അശ്മക ഇന്ധനജ്വലനത്തിന്റെ സൃഷ്ടിയാണെന്ന വിശകലനം                         (Fossil capitalism).

          lതാപഗതികത്തിലെ വസ്തു-ഊർജവ്യയനിയമവും സാമ്പത്തികപ്രക്രിയയും (Entropy                        law and the economic process).

          l 'ജൈവ-ഭൗതിക സമ്പദ്ശാസ്ത്രം' (Bio-physical Economics).

          lവ്യവസായ ഇക്കോളജി (Industrial Ecology).

          lവ്യവസായ ഇക്കോളജിയുടെ ഉപശാഖകളെന്ന് വിളിക്കാവുന്ന വിഭവ നിർണായകതയുടെ    ശാസ്ത്രവും (Resource criticality studies), വിഭവങ്ങളുടെ ആഗോള ഒഴുക്കിന്റെ വിശകലനവും (Material Flow Analysis).

          lമുതലാളിത്തത്തിന്റെ 'ഒടുങ്ങൽ പ്രതിസന്ധി'യെന്ന മാർക്‌സിയൻ സിദ്ധാന്തത്തിന്റെ                      പാരിസ്ഥിതിക വിപുലനം'.

          ഊർജ്ജം, വികസനം, പരിസ്ഥിതി എന്ന ത്രികോണത്തിൽ വ്യാഖ്യാനിക്കാൻ കഴിയും ഈയധ്യായത്തിന്റെയും ഒരുപക്ഷെ ഗ്രന്ഥത്തിന്റെ തന്നെയും രീതിശാസ്ത്രത്തെ. വ്യവസായാധുനികതയുടെ വിമർശനവും പാരിസ്ഥിതിക സാമ്രാജ്യത്തത്തിന്റെ വിശകലനവും മുതലാളിത്ത/പിൽക്കാല മുതലാളിത്ത സമ്പദ്ഘടനയുടെ വിചാരണയുമാണ് ഇതിന്റെ താല്പര്യം. നിരവധി പഠനങ്ങൾ ചൂണ്ടിക്കാണിച്ച് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഈ വിഷയത്തിൽ രൂപംകൊണ്ടിട്ടുള്ള ആശയധാരകൾ തന്റെ പഠനത്തിനാധാരമാക്കുകയാണ് മധുസൂദനൻ.

മൂന്നാമധ്യായം ഊർജ്ജത്തെക്കുറിച്ചാണ്. വക്ലാവ് സ്മില്ലിന്റെ 'ഊർജ്ജവും മനുഷ്യസംസ്‌കാരവും' എന്ന കൃതിയിൽ നിന്നാരംഭിക്കുന്ന മധുസൂദനൻ വ്യവസായവിപ്ലവത്തിന്റെയും മുതലാളിത്തത്തിന്റെയും ആധുനികതയുടെ തന്നെയും ചാലകശക്തിയായ ഊർജ്ജത്തെ വിശദീകരിക്കുന്നു. ഫോസിൽ ഇന്ധനങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ഇ.എ. റിഗ്ലി, റോൾഫ് പീറ്റർ സിയെഫേൾ തുടങ്ങിയവരുടെ നിരീക്ഷണങ്ങൾ പിൻപറ്റി മുതലാളിത്തം നേരിടാൻ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധിയുടെ ചർച്ച നടത്തുന്നു, തുടർന്നങ്ങോട്ട്. കൽക്കരി, എണ്ണ, പ്രകൃതിവാതകം എന്നിവയുൾക്കൊള്ളുന്ന കാർബൺ വൃക്ഷത്തിന്റെ പതനം ചൂണ്ടിക്കാണിച്ചുകൊണ്ടും വ്യവസായം, ഗതാഗതം, പ്ലാസ്റ്റിക്, നിർമ്മാണമേഖല എന്നിവ വിശദമായി ചർച്ചചെയ്തും, കാറിന്റെ കഥയിലൂടെ വ്യവസായമുതലാളിത്തം ഊർജ്ജത്തെയും സാങ്കേതികവിദ്യയെയും കൂട്ടിയിണക്കി സൃഷ്ടിച്ച വിസ്മയങ്ങളുടെ ചരിത്രം സൂചിപ്പിച്ചും ഇരുപതാം നൂറ്റാണ്ടിൽ മുതലാളിത്തം നിർവഹിച്ച ആസുരമായ ധർമ്മങ്ങൾ അപഗ്രഥിക്കുന്നു, ഗ്രന്ഥകാരൻ. ഈ പുസ്തകത്തിലെ ഏറ്റവും സമഗ്രവും സൂക്ഷ്മവുമായ വിഷയാവതരണങ്ങളിലൊന്നാണിത്.

          നാലാമധ്യായം മുതലാളിത്തത്തിന്റെ പ്രതിസമാപ്തി(counter finality)കളെക്കുറിച്ചാണ്. സാർത്രിന്റെ പ്രയോഗമാണ് പ്രതിസമാപ്തി. മൂന്നു വിഭാഗങ്ങളിൽ ഈ പ്രതിസമാപ്തികൾ സംഗ്രഹിച്ചവതരിപ്പിക്കുകയാണ് മധുസൂദനൻ. സാമ്പത്തികം, സാമൂഹികം, പാരിസ്ഥിതികം-എന്നിങ്ങനെ. വർധിക്കുന്ന സാമ്പത്തികാസമത്വവും പെരുകുന്ന കടക്കെണിയുമാണ് പ്രധാനപ്പെട്ട സാമ്പത്തിക പ്രതിസന്ധികൾ. മുതലാളിത്തവളർച്ച സൃഷ്ടിച്ച ഹിംസകൾ, തൊഴിലില്ലായ്മയുടെ പെരുപ്പം, യന്ത്രവൽക്കരണത്തിന്റെ വ്യാപനം, ജനാധിപത്യസ്ഥാപനങ്ങളുടെ തകർച്ച എന്നിവയാണ് സാമൂഹിക പ്രത്യാഘാതങ്ങൾ. വ്യാപകമായ പാരിസ്ഥിതികനാശവും മലിനീകരണവും, വിഭവപ്രതിസന്ധി, ഊർജ്ജപ്രതിസന്ധി എന്നിവയുമാണ് പാരിസ്ഥിതികപ്രത്യാഘാതങ്ങൾ. ഡേവിസ് വാലസ് വെൽസിന്റെ പുസ്തകത്തിലും മറ്റും ചൂണ്ടിക്കാണിക്കുന്ന ഭീതിദമായ വിവരങ്ങളും സമഗ്രമായ വസ്തുതകളും ആധികാരികമായ രേഖകളും അമ്പരപ്പിക്കുന്ന കണക്കുകളും ഓർമ്മിപ്പിച്ചുകൊണ്ട് മധുസൂദനൻ ഈ വിഷയം ചർച്ചചെയ്യുന്നു. ഒരു ഭാഗം നോക്കുക:

          'മനുഷ്യരാശിയും ഹിംസയും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രം പറയുന്ന ആയിരം പേജുള്ള കൃതിയിൽ, സ്റ്റീവൻ പിങ്കർ പറയുന്നത്. നാം ജീവിക്കുന്നത് താരതമ്യേന ഹിംസ വളരെ കുറഞ്ഞ കാലഘട്ടത്തിലാണെന്നാണ്. ജനാധിപത്യത്തിന്റെ ഈറ്റില്ലമെന്നു പറയുന്ന ഗ്രീക്ക് സംസ്‌കാരത്തിൽ- പെരിക്ലിസിന്റെ കാലത്തെ ഏതൻസിൽ 35% ജനങ്ങൾ അടിമകളായിരുന്നു. റോമൻ റിപ്പബ്ലിക്കിന്റെ കഥയും അതുതന്നെ. 16-ാം നൂറ്റാണ്ടിനും 19-ാം നൂറ്റാണ്ടിനും ഇടയ്ക്കുള്ള കാലഘട്ടത്തിൽ, അടിമവ്യാപാരംമൂലമുണ്ടായ കൊടും പീഡനങ്ങളും കോടിക്കണക്കിനാളുകളുടെ മരണവും സംഭവിച്ചിരുന്നു. മിക്കപ്പോഴും ഭരണകൂടം നേരിട്ടോ, അവരുടെ ഒത്താശയോടെയോ ആണ് പൗരാണികഹിംസ പ്രയോഗിച്ചിരുന്നത്. പുരാതന ഇന്ത്യയിലെ രാഷ്ട്രീയ ഹിംസയെക്കുറിച്ചുള്ള ഒരു പുതിയ ചരിത്രത്തിൽ പ്രകൃതിക്കെതിരെ ഭരണാധികാരികൾ നടത്തിയിരുന്ന ഹിംസയുടെ 93 പേജുള്ള ദീർഘചരിത്രവുമുണ്ട്. അതിൽ കിരാതന്മാർ, നിഷാദർ, മ്ലേച്ഛന്മാർ, ചണ്ഡാളർ, അസുരന്മാർ എന്നൊക്കെ വർഗീകരിക്കപ്പെട്ടിരുന്ന വനവാസികളായ ആദിമ ജനതകൾക്കെതിരെയുള്ള ഹിംസയുമുണ്ട്. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടാണ്, സ്റ്റീവൻ പിങ്കർ 1945-നുശേഷമുള്ള കാലഘട്ടത്തെ 'നീണ്ട സമാധാന'ത്തിന്റെ കാലമായി കരുതുന്നത്.

മുതലാളിത്ത വളർച്ചയുടെ ഹിംസ നമ്മുടെ കാലത്ത് പുതിയ രൂപങ്ങളും ഭാവങ്ങളും നേടിയിരിക്കുന്നത് പിങ്കർ കാണുന്നില്ല. മുതലാളിത്തത്തിന്റെ ഉദയത്തിന് കാരണമായ 'പ്രാകൃതമൂലധനശേഖരണ'ത്തെക്കുറിച്ച് (Primitve accumulation) ചർച്ചചെയ്യവേ, മൂലധനത്തിന്റെ ഒന്നാം വാല്യത്തിലെ 26-ാം അധ്യായത്തിൽ മാർക്‌സ് ഇങ്ങനെ രേഖപ്പെടുത്തുന്നുണ്ട്: ''ശരിയായ ചരിത്രം പരിശോധിക്കുമ്പോൾ അത് (പ്രാകൃതശേഖരണം) സാധ്യമാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചത് അക്രമിച്ചു കീഴടക്കലും അടിമത്തവും കൊള്ളയും കൊലയുമാണ്; ചുരുക്കത്തിൽ ഹിംസയാണ് എന്ന കുപ്രസിദ്ധമായ സത്യം വെളിപ്പെടുന്നു.... ബലംപ്രയോഗിച്ചുള്ള ഈ കൈവശപ്പെടുത്തൽ മനുഷ്യചരിത്രത്തിൽ എഴുതപ്പെട്ടിരിക്കുന്നത് രക്തത്തിലും അഗ്‌നിയിലുമാണ്. വ്യവസായ മുതലാളിത്തത്തിന്റെ ഉദയം വിശകലനംചെയ്യുന്ന 31-ാം അധ്യായം മാർക്‌സ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: ''അടിമുടി ഓരോ സുഷിരത്തിൽനിന്നും രക്തവും അഴുക്കും തുളിച്ചുകൊണ്ടാണ് മൂലധനം നിലവിൽ വരുന്നത്''. അധിനിവേശത്തിന്റെ കാലത്തും പിന്നീടും, മുതലാളിത്തവ്യാപനത്തിനായി മനുഷ്യർക്കുനേരെ മാത്രമല്ല, പ്രകൃതിക്കുനേരെയും ഈ ഹിംസ പ്രയോഗിക്കപ്പെട്ടു.

അധിനിവേശാനന്തരം പ്രാദേശികഭരണകൂടങ്ങളും, അവരുടെ പിന്തുണയോടെ അധിനിവേശകരുടെയും സ്വദേശീയരുടെയും കുത്തകസ്ഥാപനങ്ങളും ഈ ഹിംസ തുടരുകതന്നെ ചെയ്തു. ജനങ്ങൾക്കും (പ്രത്യേകിച്ച് ആദിമ ജനതകൾക്കെതിരെ) പ്രകൃതിക്കുമെതിരെയുള്ള ഈ നവീന ഭരണകൂടഹിംസ ന്യായീകരിക്കപ്പെടുന്നത് 'വളർച്ച'യുടെയും 'വികസന'ത്തിന്റെയും 'പ്രത്യയ ശാസ്ത്ര' രൂപീകരണത്തിലൂടെയാണ് (Legitimisation through ideologies of growth and development). നാൻസി ലീ പെലുസോയും മൈക്കൽ വാട്‌സും ചേർന്ന് എഡിറ്റുചെയ്ത 'ഹിംസയുടെ പരിസരങ്ങൾ' എന്ന കൃതിയിൽ ലോകത്തെമ്പാടുമുള്ള പാരിസ്ഥിതിക ഹിംസയുടെ ചരിത്രങ്ങൾ നമുക്കുവായിക്കാനാകും. ഇതിൽ അമേരിക്കൻ ആദിമനിവാസികളായ 'റെഡ് ഇന്ത്യ'ക്കാർക്കെതിരെയുള്ള 'പാസ്റ്ററൽ' ഹിംസ മുതൽ, ആമസോണിയൻ കാടുകളിൽ പരിസ്ഥിതി പ്രതിരോധത്തിലേർപ്പെട്ടിരുന്ന ട്രേഡ് യൂണിയൻ നേതാവായിരുന്ന ഷിക്കോ മെൻഡസിന്റെ കൊലപാതകത്തിലെത്തിയ 'വർഗസംഘർഷ' ഹിംസ മുതൽ, നൈജീരിയയിലെ ഒഗോണി ഗോത്രക്കാരുടെ മണ്ണും ജീവിതവും ഇല്ലായ്മചെയ്ത പാശ്ചാത്യ എണ്ണക്കമ്പനികൾക്കെതിരെ പൊരുതിയതിന് നൈജീരിയൻ ഏകാധിപതിയായ അബാച്ചയുടെ ഭരണകൂടം കെൻസാരോവിവയെ തൂക്കിലേറ്റിയ 'പെട്രോഹിംസ' (Petro violence) വരെയുണ്ട്. എണ്ണനിക്ഷേപങ്ങൾ തങ്ങളുടെ ബഹുരാഷ്ട്രക്കമ്പനികൾക്ക് സ്വന്തമാക്കാനായി അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും അറേബ്യൻ ഗൾഫ് രാജ്യങ്ങളിൽ നടത്തുന്ന യുദ്ധങ്ങളിൽ ലക്ഷക്കണക്കിനാളുകൾ മരണമടയുകയും, രാജ്യങ്ങൾ തന്നെ നാമാവശേഷമാവുകയും ചെയ്യുന്നതും 'പെട്രോ ഹിംസ' തന്നെയാണ്. എണ്ണ കൂടാതെ നിരവധി ഇതരവിഭവങ്ങൾക്കായും ഇനി വൻയുദ്ധങ്ങളുണ്ടാകും. നമുക്ക് ഇന്ത്യയിലെ കഥതന്നെ പരിശോധിക്കാം.

          ആധുനിക ഇന്ത്യയിൽ, മുതലാളിത്തവളർച്ചയുടെ പേരിൽ പ്രകൃതിക്കും ജനങ്ങൾക്കുമെതിരെ നടക്കുന്ന ഹിംസയുടെ നിരവധി ചരിത്രങ്ങൾ ഇപ്പോൾ എഴുതപ്പെടുന്നുണ്ട്. പ്രകൃതിക്കെതിരെയുള്ള ഹിംസ പലപ്പോഴും ജനങ്ങളുടെ നിലനില്പിനെതിരെയുള്ള ഹിംസയാണ്. ഇന്ത്യയിലെ ആദ്യത്തെ 'പാരിസ്ഥിതിക ചരിത്രകൃതി' എന്നുപറയാവുന്ന രാമചന്ദ്ര ഗുഹയുടെ 'അശാന്തമായ വനങ്ങൾ' എന്ന 'ചിപ്‌കോ' സമരത്തിന്റെ ചരിത്രം തെളിയിക്കുന്നതും അതാണ്. കേരളത്തിന്റെ പ്രഥമ സമഗ്രപാരിസ്ഥിതിക ചരിത്രം ഇതെഴുതുന്നയാളും സമീപകാലത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. ചത്തീസ്ഗഢ് സംസ്ഥാനത്തിന്റെ ബസ്തർ എന്ന വന-ആദിവാസി മേഖലയിലെ ഭരണകൂട ഭീകരതയുടെ കഥപറയുന്ന 'കത്തുന്ന വനങ്ങൾ' പേരിലുള്ള നന്ദിനി സുന്ദറിന്റെ 2016-ൽ പ്രസിദ്ധീകരിച്ച കൃതിയെ നോബൽ ജേതാവായ സുപ്രസിദ്ധ സാമ്പത്തികവിദഗ്ധൻ അമർത്യ സെൻ വിശേഷിപ്പിച്ചത്, 'പരക്കെ വായി ക്കപ്പെടേണ്ടുന്ന വളരെ പ്രധാനപ്പെട്ട കൃതി' എന്നാണ്.

ഒഡീഷയിലെയും ആന്ധ്രയിലെയും കിഴക്കൻ മലകളിലെ ബോക്‌സൈറ്റ് (അലുമിനിയത്തിന്റെ അസംസ്‌കൃത വസ്തു) ഖനനത്തിനായി പാരിസ്ഥിതി - മനുഷ്യാവകാശലംഘനങ്ങൾക്ക് പേരുകേട്ട 'വേദാന്ത'യെപ്പോലുള്ള ബഹുരാഷ്ട്ര കമ്പനികൾ സൃഷ്ടിക്കുന്ന ഭീകരതയെക്കുറിച്ചുള്ള ചരിത്രമാണ് ഫെലിക്‌സ് പാഡലും (ചാൾസ് ഡാർവിൻ ഇദ്ദേഹത്തിന്റെ മുതുമുത്തച്ഛനാണ്) സമരേന്ദ്ര ദാസും ചേർന്നെഴുതിയ 'ഈ ഭൂമിയിൽനിന്ന്' എന്ന കൃതി. 2018 മെയ് 22-ാം തീയതി തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ, ഇതേ 'വേദാന്ത'യുടെ 'സ്റ്റെർലൈറ്റ്' കമ്പനി സൃഷ്ടിക്കുന്ന വ്യാപകമായ വായു-ജല-മണ്ണ് പ്രദൂഷണത്തിനെതിരെ നൂറിലധികം ദിവസം സമരം നടത്തിയ ആയിരക്കണക്കിന് ഗ്രാമീണർക്കുനേരെ ഭരണകൂടം ഉതിർത്ത വെടിയുണ്ടകളേറ്റ് 12-ലധികം പേർ കൊലചെയ്യപ്പെട്ടു. സമാനമായ ഒരു സംഭവം 2006 ജനുവരി 2-ന് ഒഡീഷയിലെ കലിംഗനഗറിലും നടന്നിരുന്നു. ടാറ്റ ഗ്രൂപ്പിന്റെ സ്റ്റീൽ പ്ലാന്റ് സ്ഥാപിക്കുന്നതിനെ എതിർത്ത ജനങ്ങൾക്കെതിരെ വെടിയുതിർത്ത ഭരണകൂടം 13 പേരെ കൊലചെയ്തു. ലോകത്താകമാനമുള്ള പാരിസ്ഥിതിക പ്രതിരോധങ്ങൾ പിന്തുടരുന്ന പാരിസ്ഥിതികനീതിയുടെ അറ്റ്‌ലസ് (Environmental Justice Atlas) അനുസരിച്ച്, ലോകത്തിലേറ്റവുമധികം പാരിസ്ഥിതികസംഘർഷങ്ങൾ നടക്കുന്ന രാജ്യം ഇന്ത്യയാണ്. ലോകത്തിലെ 180 രാജ്യങ്ങളുടെ പാരിസ്ഥിതികസൗഹ്യദ നിലവാരം കണക്കുകൂട്ടുമ്പോൾ ഇന്ത്യ 177-ാംസ്ഥാനത്താണ്. നാനാവിധമായ 'വികസന'പദ്ധതികളുടെ പേരിൽ ലക്ഷക്കണക്കിനാളുകള അവരുടെ മണ്ണിൽനിന്നും നിഷ്‌കാസനം ചെയ്ത് (Politics of dispossession) തങ്ങളുടെ ദേശങ്ങൾക്കുള്ളിൽതന്നെ അഭയാർത്ഥികളാക്കുന്നതും ഹിംസയാണ്.

          ഭരണകൂടവും ഹിംസയുമായുള്ള ബന്ധത്തെ ഉദാഹരിക്കാനായി ലോകപ്രശസ്ത ചിത്രകാരനായ പിക്കാസോയുടെ ജീവിതത്തിലെ ഒരു കഥ സ്ലാവോസ് സിസെക്ക് 'ഹിംസ' എന്ന തന്റെ കൃതിയിൽ എടുത്തെഴുതുന്നുണ്ട്. രണ്ടാംലോകമഹായുദ്ധകാലത്ത് പാരീസ് പിടിച്ചടക്കിയ ജർമൻ നാസി പട്ടാളത്തിലെ ഒരുദ്യോഗസ്ഥൻ പിക്കാസോയുടെ പാരീസിലെ സ്റ്റുഡിയോവിൽ 'ഗ്വേർണിക്ക' (Guernica) എന്ന പ്രസിദ്ധ ചിത്രത്തിലെ അക്രാമകമായ ആധുനിക ക്രമഭംഗം (Mordernist chaos) കണ്ടിട്ട് പിക്കാസോയോട് ചോദിച്ചു: ''ഇത് ചെയ്തത് നിങ്ങളാണോ?'' അതിന് പിക്കാസോയുടെ മറുപടി, ''അല്ല നിങ്ങളാണിത് ചെയ്തത്'' എന്നായിരുന്നു. മുതലാളിത്തത്തിന്റെ കീഴിൽ നടക്കുന്ന വിവിധതരം ഹിംസകളെക്കുറിച്ച് സിസെക്ക് ഇതേകൃതിയിൽ വർണിക്കുന്നുണ്ട് പിൽക്കാല മുതലാളിത്തം സൃഷ്ടിക്കുന്ന അദൃസ്യമായ, 'മന്ദമായ ഹിംസ'(Slow violence)യെക്കുറിച്ച് റോബ് നിക്‌സൺ എഴുതിയ കൃതി ഇപ്പോൾ ഏറെ പ്രസിദ്ധമാണ്. മുതലാളിത്തവളർച്ച സൃഷ്ടിക്കുന്ന കാർബൺ ഉത്സർജനം പോലുള്ള അദൃശ്യമായ ആഘാതങ്ങൾ, ഏറെ വർഷങ്ങളുടെ കാലയളവിൽ ആഗോളതാപനം പോലുള്ള ഭയാനക പ്രത്യാഘാതങ്ങളായി തിരിച്ചുവരുന്ന പ്രക്രിയയെയാണ് 'മന്ദമായ ഹിംസ' എന്നു പറയുന്നത്. അതിനെ റോബ് നിക്‌സൺ നിർവചിക്കുന്നത് ഇങ്ങനെയാണ്: ''ഘടനാപരമായ ഹിംസയ്‌ക്കൊപ്പംതന്നെ വളരെ മന്ദമായി, ഏറെ വർഷങ്ങളിലൂടെ, പ്രത്യക്ഷപ്പെടുന്ന സങ്കീർണമായ ഹിംസയുടെ സംവർഗങ്ങളെ ഒട്ടാകെയാണ് മന്ദമായ ഹിംസ എന്നുവിളിക്കുന്നത്''. ഇത് ജീവനുള്ള എന്തിന്റെയും കോശതലംമുതൽ (ആരോഗ്യത്തെ ഇല്ലായ്മ ചെയ്യുന്ന പ്രദൂഷണം) അന്താരാഷ്ട്രതലംവരെ (ആഗോളതാപനം) വിവിധ രൂപങ്ങളിൽ പ്രത്യക്ഷപ്പെടാം. ജലവ്യൂഹങ്ങളും ആവാസവ്യവസ്ഥയും എല്ലാം ഇങ്ങനെ തകരുന്നത് വർഷങ്ങളിലൂടെ സംഭവിക്കുന്ന അദൃശ്യമായ പാരിസ്ഥിതികപ്രത്യാഘാതങ്ങളിലൂടെയാണ്. ആഗോളതാപനം വരുംതലമുറകളെ വേട്ടയാടിക്കൊണ്ട് ആയിരക്കണക്കിന് വർഷങ്ങൾ നിലനിൽക്കും. അതുപോലെ തന്നെയാണ് 10000 വർഷമെങ്കിലും മാരകമായ വികിരണം സൃഷ്ടിച്ചുകൊണ്ട് ഭൂമിയിൽ നിലനിൽക്കാൻപോകുന്ന ആണവവിസർജ്യങ്ങളുടെ കഥയും. ഇത്തരത്തിൽ പ്രത്യക്ഷവും പരോക്ഷവും, മൂർത്തവും അമൂർത്തവും, ദൃശ്യവും അദൃശ്യവും, ഭൗതികവും ലാക്ഷണികവുമായ ഹിംസ മുതലാളിത്ത വളർച്ചയുടെ ഭാഗമാണ്. ഹിംസ നമ്മുടെ കാലത്ത് ആപേക്ഷികമായി കുറഞ്ഞിരിക്കുന്നുവെന്ന് സ്റ്റീവൻ പിങ്കറെപ്പോലെ ആശ്വസിക്കുമ്പോൾ ഭാവിതലമുറകളുടെ മേൽ നാം ചാർത്തിക്കൊടുക്കുന്ന ഭീകരമായ 'മന്ദമായ ഹിംസ' ഒരു പേടിസ്വപ്നമായി അവശേഷിക്കും'.

അഞ്ചാമധ്യായം ഫോസിൽ ഇന്ധനങ്ങളുടെ നിക്ഷേപത്തിന്റെയും ഉപഭോഗത്തിന്റെയും ആഗോളസ്ഥിതിവിവരക്കണക്കുകളും കൽക്കരി, എണ്ണ, പ്രകൃതിവാതകം എന്നിവയുടെ ഭാവിയെക്കുറിച്ചുള്ള ചിന്തകളും ആണവ ഇന്ധനത്തിന്റെ വരുംവരായ്കകളെക്കുറിച്ചുള്ള ചർച്ചയും ഉൾക്കൊള്ളുന്നു. വായിക്കൂ:

          'ശാസ്ത്രീയ പഠനങ്ങളിലെ കണ്ടെത്തലുകളുടെ കണക്കുകൾ ഉപയോഗിച്ച് ഇതുവരെ നടത്തിയ വിശകലനം തെളിയിക്കുന്നത് 2050-നകം പ്രധാനപ്പെട്ട പാരമ്പര്യ ഊർജവിഭവങ്ങൾ ഇല്ലാതാകുകയോ, ഇറക്കുമതി ചെയ്യുന്നവർക്ക് ലഭ്യമല്ലാതാവുകയോ ചെയ്യും എന്നാണ്. ഇനി കൂടുതൽ ശുഭാപ്തിവിശ്വാസമുള്ള മറ്റൊരു പഠനം നോക്കാം. വളരെ വിശദമായി ശാസ്ത്രീയവസ്തുതകളും കണക്കുകളും ഉപയോഗിച്ച് 2014-ൽ നടത്തിയ ഈ പഠനത്തിൽ വിവിധ പാരമ്പര്യസ്രോതസ്സുകളുടെ അന്ത്യം പ്രവചിക്കുന്നുണ്ട്-ഏകദേശം വർഷക്കണക്ക് നൽകിക്കൊണ്ട്. പഠനം നടത്തിയ വിദഗ്ദ്ധർ ഈ രംഗത്ത് ലോകപ്രശസ്തരും ദുരന്തപ്രവചനങ്ങൾക്ക് കൂട്ടുനിൽക്കുന്നവരുമല്ല; പക്ഷേ സത്യമറിയുന്നത്, ഭാവി മുൻകൂട്ടിക്കണ്ട് പ്രവർത്തിക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്നവരാണ്. മറ്റുപല പാശ്ചാത്യപഠിതാക്കളെയും പോലെ മുതലാളിത്തവളർച്ചയെക്കുറിച്ച് ഒന്നും പറയാതെ ജനസംഖ്യാവർധനവിനെ അവർ ആവർത്തിച്ച് പഴിക്കുന്നുവെന്നതൊഴിച്ചാൽ, വളരെ ശാസ്ത്രീയ ഗഹനതയുള്ള വിശദമായ പഠനമാണിത്. തോറിയം ഒഴികെയുള്ള വിഭവങ്ങളെല്ലാം 21-ാം നൂറ്റാണ്ടിൽതന്നെ ഉപയോഗിച്ചുതീരും. മുമ്പ് വിശകലനം ചെയ്തതുപോലെ അവസാന തുള്ളിയും ഇടിഞ്ഞുതുടങ്ങുമെന്നതാണ്.

ചുരുക്കത്തിൽ, 2020-25-നുശേഷം ലോകത്തിലെ അശ്മക ഇന്ധന ഉൽപാദനം ഇടിഞ്ഞുതുടങ്ങും. 2050 ആകുമ്പോഴേക്കും 1950-ലെ തോതിലേക്ക് ചുരുങ്ങും. ഓരോ രാജ്യത്തും ഇതിന്റെ ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കും. പൊതുവെയുള്ള സമ്മതിപ്രകാരം, 2025-ൽ അശ്മക ഇന്ധനങ്ങൾ പീക്ക് ചെയ്തുകഴിഞ്ഞാൽ, മിക്ക രാജ്യങ്ങളിലും മുതലാളിത്തവളർച്ച നീണ്ട ഇറക്കത്തില്ലേക്കുള്ള യാത്ര ആരംഭിക്കും. അവസാനത്തെ വന്യസ്ഥലങ്ങളിലുള്ള അശ്മക സ്രോതസ്സുകൾകൂടി കവർന്നെടുക്കാൻ മുതലാളിത്തം തയ്യാറെടുക്കുന്ന കഥ 10-ാം അധ്യായത്തിൽ പറയുന്നുണ്ട്. അത് ജീവന്റെ ഉന്മൂലനത്തിലേക്ക് നയിക്കാം.

          അശ്മകവിഭവങ്ങൾ അസ്തമിക്കുമെന്ന ശാസ്ത്രീയപഠനങ്ങളെ നിരാകരിക്കുന്ന അമിതശുഭാപ്തിവിശ്വാസികളുടെ നിലപാട് വാദത്തിനുവേണ്ടി സ്വീകരിച്ചാലും, മറ്റൊരു വലിയ പ്രതിസന്ധി നമുക്ക് മുന്നിലുണ്ട്. അശ്മക ഇന്ധനങ്ങളുടെ തുടർന്നുള്ള ജ്വലനം ആഗോളതാപനത്തെ രൂക്ഷമാക്കും എന്നതാണത്. 2009-ൽ വന്ന ഒരു പ്രധാന ശാസ്ത്രീയപഠനം കണ്ടെത്തിയത് ആഗോളതാപനം 20c-ൽ നിയന്ത്രിച്ചുനിർത്തണമെങ്കിൽ, മിച്ചമുള്ള അശ്മക ഇന്ധനങ്ങളിൽ 25% മാത്രമേ നമുക്ക് ഉപയോഗിക്കാനാവുകയുള്ളൂ എന്നാണ്. മിച്ചമുള്ള അശ്മക ഇന്ധനങ്ങളിലെ കാർബൺ ഉത്സർജനസാധ്യത 279500 കോടി ടണ്ണാണ്. 2050-നകം താപവർധനവ് 20യായി നിയന്ത്രിക്കണമെങ്കിൽ ഇതിൽ 179500 കോടി ടൺ കാർബൺ നിർഗമനസാധ്യതയുള്ള (75%) അശ്മക ഇന്ധനങ്ങൾ മണ്ണിനടിയിൽ ഉപേക്ഷിക്കണം. ഐക്യരാഷ്ട്രസംഘടന നേതൃത്വം നൽകുന്ന ഏറ്റവും വലിയ ശാസ്ത്രീയ കാലാവസ്ഥാപഠനസംഘമായ ഐ.പി.സി.സിയുടെ (IPCC) 2018 ഒക്ടോബറിലെ റിപ്പോർട്ട് ഏറ്റവും ഭയപ്പാടോടെ മാത്രമേ നമുക്ക് വായിക്കാൻ കഴിയുകയുള്ളൂ. ഹരിതഗൃഹവാതകങ്ങളുടെ 2017-ലെ വാർഷിക ഉത്സർജനം 5200 കോടി ടണ്ണായിരുന്നു. 2018-ൽ ഇത് 5600 കോടി ടണ്ണായി വർധിച്ചു. ഈ നില വർധിക്കാതെ തുടർന്നാൽ 2030-ൽ ആഗോള ശരാശരി താപനില 1.50c കവിയുമെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. 2030-ൽ വർധനവ് 1.50cൽ നിർത്തണമെങ്കിൽ ഇനി ഏറിയാൽ 57000 കോടി ടൺ ഹരിതഗൃഹവാതകങ്ങൾ മാത്രമേ പുറത്തുവിടാൻ കഴിയുകയുള്ളൂ; ഇപ്പോഴത്തെ വാർഷിക ഉത്സർജനം അതേതോതിൽ തുടർന്നാൽ ബാക്കിയുള്ളത് 10 വർഷങ്ങൾ മാത്രം. അശ്മകജ്വലനം ഇനിയും തുടരുന്നത് ആത്മഹത്യാപരമാണ്'.

          ഫോസിൽ ഇന്ധനങ്ങൾക്കു ബദലായി മുന്നോട്ടുവയ്ക്കപ്പെടുന്ന പ്രകൃത്യോർജ്ജങ്ങളുടെ സാധ്യതകളെക്കുറിച്ചുള്ള ചർച്ചയാണ് ആറാമധ്യായം. സൂര്യപ്രകാശം, കാറ്റ്, ജലം, തിരമാല... ഇവയുടെ ആഗോള വിതരണ, വിനിയോഗക്കണക്കുകളും ലഭ്യതാവിവരങ്ങളും വിശദമായവലോകനം ചെയ്യുന്നു ഗ്രന്ഥകാരൻ.

          ഫോസിൽ ഇന്ധനങ്ങൾ തീർന്നാൽ ഭാവിയിൽ പ്രസക്തമാകാവുന്ന മൂന്ന് ഊർജ്ജസ്രോതസുകളെയും അവയുടെ പരിമിതികളെയും കുറിച്ചുള്ള സമഗ്രാവലോകനമാണ് ഏഴാമധ്യായത്തിൽ. ജൈവ ഇന്ധനങ്ങൾ, ഹൈഡ്രജൻ സമ്പദ്‌വ്യവസ്ഥ, ന്യൂക്ലിയർ ഫ്യൂഷൻ എന്നിവയാണ് ഈ മൂന്നു സ്രോതസുകൾ. മുൻ അധ്യായത്തിലേതുപോലെ, ഓരോ ബദൽസാധ്യതയെയും അവയുടെ ധനപരവും ഋണപരവുമായ സ്വഭാവങ്ങൾ മുൻനിർത്തിയാണ് മധുസൂദനൻ അപഗ്രഥിക്കുന്നത്.

എട്ടാമധ്യായം 'ലോഹങ്ങൾ, ധാതുക്കൾ, നവസാങ്കേതികവിദ്യകൾ' എന്ന വിഷയത്തെക്കുറിച്ചുള്ള വിസ്തരിച്ചുള്ള ചർച്ചയാണ്. ലോഹങ്ങളുടെ ലഭ്യത, സുലഭവും അസുലഭവുമായ ലോഹങ്ങൾ, അവയുടെ ഉപയോഗങ്ങൾ, ഇരുമ്പൊഴികെയുള്ള മുഴുവൻ ലോഹങ്ങൾക്കും സമീപഭാവിയിൽ തന്നെ വരാവുന്ന വൻ ദൗർലഭ്യം.... സമാന്തരമായ ഒരു വിജ്ഞാനശാഖയുടെ സൂക്ഷ്മലോകം തുറന്നിടുകയാണ് ഗ്രന്ഥകാരൻ.

          മൂന്നു മുതൽ എട്ടുവരെയുള്ള അധ്യായങ്ങളിൽ ചർച്ചചെയ്ത ഊർജ്ജത്തിന്റെയും വ്യവസായ മുതലാളിത്തത്തിന്റെയും പ്രശ്‌നങ്ങളും പ്രതിസന്ധികളും പരിഹരിക്കാനുള്ള പന്ത്രണ്ട് പ്രതിവിധികൾ ചൂണ്ടിക്കാണിക്കുന്നു, ഒൻപതാമധ്യായം. വികസിത, മുതലാളിത്ത രാജ്യങ്ങൾ സാമ്പത്തിക വളർച്ചയെ ഊർജ്ജത്തിൽനിന്നും വസ്തുതകളിൽ നിന്നും വിഘടിപ്പിച്ച് നിർഭൗതീകരണം (De-materialisation) നടത്തുന്നതു മുതൽ ഈ രംഗത്ത് മുന്നോട്ട് വയ്ക്കപ്പെട്ടിട്ടുള്ള ശ്രദ്ധേയങ്ങളായ പരിഹാരമാർഗങ്ങളെ വിമർശനാത്മകമായി നോക്കിക്കാണുന്നു മധുസൂദനൻ.

പത്താമധ്യായം, ഭാവിയിൽ അതിരൂക്ഷമാകാൻ പോകുന്ന കാലാവസ്ഥാവ്യതിയാനത്തിന്റെ കാരണങ്ങളും മേഖലകളും വർഗീകരിച്ചു ചർച്ചചെയ്യുന്നതോടൊപ്പം ഇപ്പോഴും തുടരുന്ന ഏറ്റവും ഹാനികരമായ ആറു നീക്കങ്ങൾ അക്കമിട്ടു വിശദീകരിക്കുകയും ചെയ്യുന്നു. ഭൂമിയെ അകംപുറം തകർക്കുന്ന, പ്രകൃതിയെ അടപടലം താളംതെറ്റിക്കുന്ന, മുതലാളിത്ത താല്പര്യങ്ങളുടെയും ശക്തികളുടെയും സ്ഥാപനങ്ങളുടെയും പ്രപഞ്ചമാണ് ഇവിടെ ഗ്രന്ഥം തുറന്നിടുന്നത്.

          ഈ പ്രതിസന്ധികൾ തിരിച്ചറിയുമ്പോൾ മുതലാളിത്തം തന്നെ മുന്നോട്ടുവയ്ക്കുന്ന നാല് പരിഹാരമാർഗങ്ങളെക്കുറിച്ചാണ് പതിനൊന്നാമധ്യായം. മുതലാളിത്തത്തിന്റെ വക്താക്കളോ വിമർശകരോ ആയ വിഖ്യാത സാമ്പത്തികശാസ്ത്രജ്ഞരെ പിൻപറ്റി സുസ്ഥിരവികസനം, ഹരിതമുതലാളിത്തം, സ്ഥിരസ്ഥിതിയും ചാക്രികസമ്പദ്‌വ്യവസ്ഥയും, അപവളർച്ച എന്നീ മാർഗങ്ങളുടെ ഗുണദോഷങ്ങളും സൈദ്ധാന്തികവശങ്ങളും പ്രായോഗിക പ്രശ്‌നങ്ങളും മധുസൂദനൻ ചൂണ്ടിക്കാണിക്കുന്നു.

          മുതലാളിത്തവ്യവസ്ഥയെ അനുകൂലിക്കുന്ന സാമ്പത്തികശാസ്ത്രജ്ഞരുടെ സിദ്ധാന്തങ്ങൾ സംഗ്രഹിച്ചവതരിപ്പിക്കുന്ന അടുത്ത അധ്യായത്തിൽ ഏറ്റവും ശ്രദ്ധേയമായിത്തോന്നിയത് 'വളർച്ചയുടെ അന്ത്യം' പ്രവചിക്കുന്ന ഗ്രന്ഥങ്ങളുടെ സൂചന നൽകുന്ന ഭാഗമാണ് (പുറം 338-341). റിച്ചാർഡ് ഹൈൻബർഗ്, ജഫ് റൂബിൻ, റോബർട്ട് ജെ. ഗോർഡൻ, ജയിംസ് കെ. ഗാൽബ്രെയ്ത്ത്, ടൈലർ കോനൻ, സത്യജിത് ദാസ്... എന്നിങ്ങനെ നിരവധിപേരുടെ രചനകൾ.

         

ഈ പുസ്തകത്തിന്റെ ആദ്യ രണ്ടധ്യായങ്ങൾ ഈ പഠനത്തിന്റെ ബലിഷ്ഠമായ ചരിത്രപശ്ചാത്തലവും സൈദ്ധാന്തികാടിത്തറയും ഉറപ്പിച്ചെടുക്കുന്നുവെങ്കിൽ, അവസാന രണ്ടധ്യായങ്ങൾ അതിന്റെ രാഷ്ട്രീയ, സാമ്പത്തിക, പാരിസ്ഥിതിക നിലപാടുകൾ വെളിപ്പെടുത്തുന്നു. മുതലാളിത്ത വളർച്ചയുടെ അന്ത്യത്തെക്കുറിച്ചുള്ള മാർക്‌സിയൻ വീക്ഷണങ്ങൾ സംഗ്രഹിച്ചവതരിപ്പിക്കുന്ന  മധുസൂദനൻ, 2008ലാരംഭിച്ച ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ വിശകലനവും അതു സൃഷ്ടിച്ചുകഴിഞ്ഞ മുതലാളിത്ത പ്രതിസന്ധിയുടെ നാനാ തലങ്ങളും ചർച്ചചെയ്യുന്നു. പാരിസ്ഥിതിക ചിന്തയിലാണ്, കുറെക്കൂടി കൃത്യമായി പറഞ്ഞാൽ പാരിസ്ഥിതിക സോഷ്യലിസത്തിലാണ് മധുസൂദനന്റെ അന്വേഷണങ്ങൾ ചെന്നെത്തുന്നത്. മുതലാളിത്തത്തെ വിമർശിക്കുന്ന മാർക്‌സിയൻ സാമ്പത്തികശാസ്ത്രത്തിന്റെ സൂക്ഷ്മവിചിന്തനവും പാരിസ്ഥിതിക രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥക്കു പ്രാധാന്യം കൈവരുന്ന ഇക്കോ-സോഷ്യലിസത്തിന്റെ പ്രത്യാശാഭരിതമായ സാധ്യതകളുമാണ് ഈയധ്യായങ്ങളുടെ കാതൽ. ഇതുതന്നെയാണ് ഈ പഠനത്തിന്റെ ഊന്നലും പ്രബന്ധത്തിന്റെ തീസിസും.

          മുഴുവൻ പാരിസ്ഥിതിക പ്രതിസന്ധികളെയും മുതലാളിത്തത്തിന്റെ ആസുരതകളെയും ഭീതിദമാംവിധം വെളിപ്പെടുത്തുന്ന നാനാതരം മലിനീകരണങ്ങളെക്കുറിച്ചും അവയുടെ അപായങ്ങളെക്കുറിച്ചുമുള്ള ഒരധ്യായം കൂടി ഈ പുസ്തകത്തിൽ വേണ്ടിയിരുന്നു.

          നിശ്ചയമായും സാമ്പത്തികമായ കുത്തകവൽക്കരണം, അസമത്വത്തിന്റെ അഗാധഗർത്തങ്ങൾ, വംശീയാധിനിവേശം, വിഭവചൂഷണം, മലിനീകരണം തുടങ്ങിയവയുടെ പടയോട്ടം മാത്രമല്ല മുതലാളിത്തം. വ്യക്തിസ്വാതന്ത്ര്യം, ദേശീയത, ജനാധിപത്യം, യുക്തിചിന്ത, ശാസ്ത്രസാങ്കേതികതകൾ തുടങ്ങിയ ആധുനികതയുടെ സാംസ്‌കാരിക കൊടിയടയാളങ്ങൾ മിക്കതും മുതലാളിത്തത്തിന്റെ സൃഷ്ടിയാണ്. ഫ്യൂഡലിസത്തിന്റെ നാരകീയയുക്തികൾ റദ്ദാക്കി മുതലാളിത്തം സൃഷ്ടിച്ച നവലോകം തീർച്ചയായും മുകളിൽ പറഞ്ഞ പ്രതിലോമപ്രത്യയശാസ്ത്രങ്ങൾക്കൊപ്പം ആധുനികതയുടെ മാനവിക രാഷ്ട്രീയ മണ്ഡലങ്ങൾക്കും രൂപം കൊടുത്ത ഒന്നാണ്. എങ്കിലും പല സാമ്പത്തികശാസ്ത്രപണ്ഡിതരും ചൂണ്ടിക്കാണിക്കുന്നതുപോലെ, നിയന്ത്രണമില്ലാത്ത ഉപഭോഗത്വര, ലോകത്തെ സർവനാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നു എന്നതും വസ്തുതയാണ്. അതിനുള്ള പരിഹാരം എന്ന നിലയിൽ ഈ പുസ്തകം മുന്നോട്ടുവയ്ക്കുന്ന ഹരിതസമത്വവാദത്തിന്റെ രാഷ്ട്രീയം നമ്മുടെ സ്വപ്നങ്ങളിലും സംവാദങ്ങളിലും ഇനിയും വേണ്ടവിധം കടന്നുവന്നിട്ടില്ല.

         

ഒരു കാര്യം കൂടി. മാനദണ്ഡം എന്തായാലും മലയാളത്തിൽ പുസ്തകപ്രസാധനം ഗുണനിലവാരത്തിന്റെ നെല്ലിപ്പടി കണ്ടുകഴിഞ്ഞിരിക്കുന്നു. പക്ഷെ കേരളശാസ്ത്രസാഹിത്യപരിഷത്ത് ഇതുവരെ ഈ ദുരവസ്ഥക്കു പുറത്താണ്. ഉയർന്ന ഗുണനിലവാരമുള്ള നിർമ്മിതി, ആകർഷകമായ രൂപകല്പന, മികച്ച എഡിറ്റിങ് എന്നിവയിലൊക്കെ ശാസ്ത്രസാഹിത്യപരിഷത്തിന്റെ ഏഴയലത്തെത്താൻ കഴിയുന്ന മറ്റൊരു പ്രസാധകസ്ഥാപനം മലയാളത്തിലില്ല. ഈ പുസ്തകവും ഇതിനൊരുദാഹരണമാണ്.

പുസ്തകത്തിൽ നിന്ന്

'മുതലാളിത്താനന്തരമുള്ള ഒരു ലോകം വിഭാവനചെയ്യുമ്പോൾ സോവിയറ്റ്-ചൈനീസ് മാതൃകയിലുള്ള സാമ്പത്തികവളർച്ച, 'മാർക്‌സിയൻ' ആണെന്ന തെറ്റിദ്ധാരണ തിരുത്തേണ്ടതുണ്ട്. ഒരുവിഭാഗം മാർക്‌സിസ്റ്റ് ചിന്തകരും അടുത്തകാലംവരെ അങ്ങനെ തെറ്റായി വിശ്വസിച്ചിരുന്നു. മാർക്‌സിനെ പുനർവായിച്ചുകൊണ്ട് മാർക്‌സിസം 'പ്രൊമിത്തിയൻ' അല്ലെന്നും, പാരിസ്ഥിതികമായ ഉൾക്കാഴ്ചകൾകൊണ്ട് ധന്യമായ ദർശനമാണെന്നും ഇപ്പോൾ നിർധാരണം ചെയ്തുകഴിഞ്ഞു. ''നമ്മുടെ കാലത്തെ പരിസ്ഥിതിചിന്തകർ മാർക്‌സിനെ വായിച്ചില്ലെന്നുള്ളത് ഏറെ ദുഃഖകരമാണ്... സോഷ്യലിസം ഇക്കളോജിക്കൽ ആയിരിക്കണം. അത് ഇക്കളോജിക്കൽ അല്ലാതെ മറ്റൊന്നുമാകാൻ കഴിയില്ല'' എന്ന് സമീർ അമീൻ പറയുന്നുണ്ട്. പരിസ്ഥിതിചിന്തകരിൽ ഏറെയും മാർക്‌സിനെ വായിച്ചിരുന്നില്ലെങ്കിലും, മാർക്‌സിസ്റ്റുകളിൽ ഒരു വിഭാഗം മാർക്‌സിന്റെ പരിസ്ഥിതിചിന്തയെ തിരിച്ചറിഞ്ഞില്ലെങ്കിലും, മറ്റൊരു വിഭാഗം മാർക്‌സിസ്റ്റുകൾ മാർക്‌സിസത്തിലെ പാരിസ്ഥിതികാവബോധം ഉൾക്കൊണ്ടവരാണ്. ബോൾഷെവിക്കുകളിൽ ഒരു പ്രമുഖവിഭാഗം വിപ്ലവാനന്തര റഷ്യയിൽ അത്തരമൊരു ബദൽ വികസനപരിപ്രേക്ഷ്യത്തിനുവേണ്ടി നിലകൊണ്ടവരായിരുന്നു. സ്റ്റാലിന്റെ അധികാരഗ്രഹണത്തോടെ ഇക്കോളജിയെ ഒരു പ്രതിലോമശാസ്ത്രമായി കാണുകയും ഹരിത ബോൾഷെവിക്കുകള തടവിലാക്കുകയോ ഉന്മൂലനംചെയ്യുകയോ ചെയ്യുകയും ഉണ്ടായി. ഇക്കോ സോഷ്യലിസത്തിന്റെ ആ പൂർവചരിത്രത്തിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

          മാർക്‌സിന്റെ ശരിയായ പാരിസ്ഥിതികവായനക്ക് തുടക്കം കുറിച്ചത് 1977-ൽ ഹോവാർഡ് പാർസൺസ് പ്രസിദ്ധീകരിച്ച 'ഇക്കോളജിയെക്കുറിച്ച് മാർക്‌സും ഏംഗൽസും' എന്ന കൃതിയാണ്. അതിനുശേഷം 1980 മുതൽ 'ഇക്കോസോഷ്യലിസം' എന്നൊരു മാർക്‌സിയൻ ദർശനം വികസിതമായിത്തുടങ്ങി. ഇക്കോസോഷ്യലിസത്തിന്റെ വികാസത്തെ ജോൺ ബെല്ലമി ഫോസ്റ്റർ മൂന്നുഘട്ടങ്ങളായി വിഭജിക്കുന്നുണ്ട്. ജയിംസ് ഒ കൊണോർ, ടെഡ് ബന്റൺ, ആന്ദ്രേ ഗോർ തുടങ്ങിയവരുടെ സൈദ്ധാന്തിക സംഭാവനകളുടേതാണ് ഒന്നാം ഘട്ടം. ഈ ഒന്നാംഘട്ടത്തിൽ പ്രധാനമായും പരിസ്ഥിതിചിന്തയെ മാർക്‌സിസത്തിലേക്ക് വിളക്കിച്ചേർക്കാനുള്ള ശ്രമമാണുണ്ടായതെന്ന് ഫോസ്റ്റർ കുറ്റപ്പെടുത്തുന്നുണ്ട്. ആന്ദ്രേ ഗോർ, മാർക്‌സിസ്റ്റ് വിരുദ്ധമായി ചിലതൊക്കെ എഴുതുകയും ചെയ്തു. എങ്കിലും ഒന്നാംഘട്ട ഇക്കോ-സോഷ്യലിസ്റ്റ് ചിന്തയിൽ വ്യാപകമായ അംഗീകാരം നേടിയത് ജയിംസ് ഒ കൊണോറിന്റെ 'മുതലാളിത്തത്തിന്റെ രണ്ടാംവൈരുധ്യം' (Second contradiction of capitalism) എന്ന സിദ്ധാന്തമാണ്. അതെക്കുറിച്ച് കഴിഞ്ഞ അധ്യായത്തിൽ പറഞ്ഞിരുന്നു.

ഇക്കോസോഷ്യലിസത്തിന്റെ 2-ാംഘട്ടത്തിന് തുടക്കമിട്ട 2 കൃതികൾ പ്രസിദ്ധീകരിക്കപ്പെട്ടത് 21-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ്. 1999-ൽ ഇറങ്ങിയ പോൾ ബർക്കറ്റിന്റെ 'മാർക്‌സും പ്രകൃതിയും' ആണ് അതിൽ ആദ്യത്തേത്. 2000-ൽ പ്രസിദ്ധീകരിച്ച ജോൺ ബെല്ലമി ഫോസ്റ്ററിന്റെ 'മാർക്‌സിന്റെ ഇക്കോളജി'യാണ് രണ്ടാമത്തേത്. മാർക്‌സിയൻ കൃതികളുടെ ഗാഢമായ പാരിസ്ഥിതികവായനയിലൂടെ, മാർക്‌സിനെ ഭൗതികപരിസ്ഥിതിവാദത്തിന്റെ പ്രയോക്താവായി യുക്തിയുക്തം ഇവർ വായിച്ചെടുക്കുന്നു. പ്രകൃതിയുമായി സംഭവിക്കുന്ന ചയാപചയ പിളർപ്പ് (Metabolic Rift) എന്ന കല്പനയെ കേന്ദ്രബിന്ദുവാക്കിയാണ് ബെല്ലമി ഫോസ്റ്റർ മാർക്‌സിന്റെ പരിസ്ഥിതിചിന്ത വികസിപ്പിക്കുന്നത്. മുതലാളിത്തത്തിന്റെ ഈ നശീകരണവാസന മറികടക്കാൻ പുതിയൊരു മെറ്റബോളിക്‌വ്യവസ്ഥ വേണമെന്ന് മാർക്‌സ് കരുതി. അതാണ് 'മെറ്റബോളിക് റിഫ്റ്റ്' പരിഹരിക്കുന്നതിനുള്ള പുനർനിർമ്മിതിക്കായി, ജീവന്റെ ദീർഘകാല നിലനില്പിനുതകുന്ന സാമൂഹികവും പ്രകൃതിപരവുമായ അടിസ്ഥാനവ്യവസ്ഥകൾ പാലിക്കുന്ന, സ്വതന്ത്രവും സംഘടിതവുമായി ഉൽപാദനം നടത്തുന്ന മനുഷ്യരുടെ സമൂഹം (Society of freely associated producers) മാർക്‌സ് വിഭാവനം ചെയ്തത്. 'രണ്ടാംഘട്ട' ഇക്കോസോഷ്യലിസത്തിന് തുടക്കമിട്ട ഈ കൃതികൾ ഇപ്പോൾ ക്ലാസിക്കുകളായി മാറിയിരിക്കുന്നു. പോൾ ബർക്കറ്റ് പിന്നീട് മാർക്‌സിയൻ ഹരിത സമ്പദ്ശാസ്ത്രത്തിനും അടിത്തറയിട്ടു.

          മാർക്‌സിയൻ ഭൗതികവാദത്തിന്റെ അടിത്തറയിൽനിന്നുകൊണ്ട്, പ്രകൃതിയുമായി മനുഷ്യന്റെ വൈരുധ്യാത്മകബന്ധമെന്ന സങ്കല്പത്തെ വികസിപ്പിക്കുകയാണ് അവർ ചെയ്തത്. ''ചരിത്രത്തിന്റെ വൈരുധ്യാത്മക ഭൗതികതയും പ്രകൃതിയുമായുള്ള ബന്ധത്തിലെ വൈരുധ്യാത്മക ഭൗതികതയും ഒത്തുചേരുന്ന'' (Integrating the materialist conception of history with the materialist conception of nature) ഒരു ദർശനത്തെ മാർക്‌സിൽതന്നെ അവർ കണ്ടെത്തുന്നു. 'മെറ്റബോളിക് റിഫ്റ്റ്' എന്ന സങ്കല്പം മാർക്‌സിന്റെ അന്യവത്കരണം (Alienation) എന്ന സങ്കല്പത്തിൽ വേരുകളുള്ള ഒന്നാണ്. മുതലാളിത്തവ്യവസ്ഥയിൽ മനുഷ്യന് ജീവിതത്തിന്റെ ഭൗതികാടിത്തറയിൽ-അതായത് പ്രകൃതിയിൽ-നിന്ന് അന്യവത്കരണം സംഭവിക്കുന്നു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ തൊഴിലിൽനിന്നുള്ള അന്യവത്കരണവും പ്രകൃതിയിൽനിന്നുള്ള അന്യവത്കരണവും ഇക്കോസോഷ്യലിസ്റ്റ് ചിന്തയിൽ സംഗമിക്കുന്നു. മനുഷ്യരുടെ പ്രകൃതിയുമായുള്ള ജീവൽബാന്ധവം, ഭൗതികവാദത്തിന്റെ അടിസ്ഥാന സങ്കല്പമായി ബർക്കറ്റും ഫോസ്റ്ററും കാണുന്നു; മാർക്‌സിന്റേത് ഒരു പാരിസ്ഥിതിക ഭൗതികവാദമാണ് (Ecological materialism). സമൂഹവും പ്രകൃതിയും തമ്മിൽ നിരന്തരമായ വൈരുധ്യാത്മകവിനിമയം നടക്കുന്നു. അതിനാൽ മനുഷ്യസമൂഹം, പാരിസ്ഥിതികമായും ചരിത്രപരമായും ഭൗതികലോകത്ത് അഥവാ പ്രകൃതിയിൽ ബന്ധിതമായിരിക്കുന്നു (Ecologically and historically embedded in the physical world). ചരിത്രപരമായ ഭൗതികവാദവും, പാരിസ്ഥിതിക ഭൗതികവാദവും വൈരുധ്യാത്മകമായി ഒത്തുചേർന്നിരിക്കുന്നു. അന്തിമമായി അവ രണ്ടും ഒരേ സങ്കല്പത്തിന്റെ രണ്ടു വശങ്ങൾ മാത്രം. 'ജർമൻ പ്രത്യയശാസ്ത്രം' എന്ന കൃതിയിൽ മാർക്‌സും ഏംഗൽസും പറയുന്നു: ''ഞങ്ങൾക്ക് ഒരു ശാസ്ത്രമേ അറിയൂ-ചരിത്രത്തിന്റെ ശാസ്ത്രം. ചരിത്രത്തെ രണ്ടുവിധത്തിൽ വീക്ഷിക്കാം: പ്രകൃതിയുടെ ചരിത്രമായും മനുഷ്യന്റെ ചരിത്രമായും. എന്നാലവ രണ്ടും സ്വതന്ത്രമായി നിലനിൽ ക്കുന്നവയല്ല. മനുഷ്യചരിത്രത്തിലുടനീളം മനുഷ്യനും പ്രകൃതിയും അന്യോന്യം പ്രതിപ്രവർത്തനം നടത്തിയിരുന്നു''.

ഉൽപാദന മാതൃക (Mode of production) ചരിത്രപരമായ ഭൗതികവാദത്തിലെ നായകസങ്കല്പമാണ്. കൽക്കരിയുടെ വർധിച്ച ഉപയോഗം നഗരങ്ങളിലേക്ക് ഉൽപാദനത്തെ കേന്ദ്രീകരിക്കുന്നതിനും, ഗ്രാമങ്ങളിലെ സ്വയംപര്യാപ്തമായ കൈത്തറി-പാരമ്പര്യവ്യവസായങ്ങളെ തകർക്കുന്നതിനും, ഉൽപാദനത്തിന്റെ ജ്യാമിതീയ വർധനവിനും, ചരക്കുകളുടെ വമ്പിച്ച ഉൽപാദനത്തിനും കാരണമായതും മറ്റും മൂലധനത്തിന്റെ ഒന്നാം വാല്യത്തിൽ ('യന്ത്രങ്ങളും വൻകിട വ്യവസായവും' എന്ന 15-ാം അധ്യായം) മാർക്‌സ് കൃത്യമായി വിശകലനം ചെയ്യുന്നുണ്ട്. റെയിൽവേയുടെയും സ്റ്റീംബോട്ടുകളുടെയും വ്യാപനത്തോടെ ഭൗമപരിധികളെ ലംഘിച്ച് സൃഷ്ടിച്ച പുതിയ പുതിയ വിപണികളിലേക്ക് ചാക്കുകളുടെ വിപണനം വ്യാപിക്കുന്നതിനും (Circulation of commodities) അശ്മക ഉപയോഗം കാരണമായതും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. മാർക്‌സിന്റെ ഇത്തരം ഉൾക്കാഴ്ചകളുടെ അടിത്തറയിൽനിന്നുകൊണ്ട് എൽമാർ അൾട്ട് വാട്ടർ 'അശ്മക മുതലാളിത്തം' (Fossil capitalism) എന്ന സൈദ്ധാന്തിക വിപുലനം നടത്തിയത് 2-ാം അധ്യായത്തിൽ പറഞ്ഞിരുന്നു.

          മറ്റനവധി ചിന്തകർ വ്യത്യസ്തമായ ഇക്കോ സോഷ്യലിസ്റ്റ് ചിന്താധാരകൾ വികസിപ്പിച്ചിട്ടുണ്ട്. 2015-നുശേഷം ഈ നവമാർക്‌സിയൻ ദർശനം എങ്ങനെ പ്രയോഗിക്കാമെന്നതിന്റെ ഒരു മൂന്നാംഘട്ടം വികസിതമാകുന്നുണ്ട്. ഒടുങ്ങുന്ന ഖനനാധിഷ്ഠിത മുതലാളിത്തം (Extractive capitalism), ജൈവ വൈവിധ്യ ശോഷണം, അശ്മകാനന്തരഭാവിയിൽ കൃഷി ഉൽപാദനത്തിന്റെ കേന്ദ്രസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നത്, അമിത മത്സ്യബന്ധനംമൂലം തകരുന്ന മത്സ്യസമ്പത്ത്, കാലാവസ്ഥാവ്യതിയാനം തുടങ്ങിയ ഗുരുതരപ്രശ്‌നങ്ങൾക്ക് സോഷ്യലിസ്റ്റ് മാർഗത്തിലൂടെയുള്ള പരിഹാരങ്ങൾ തുടങ്ങിയവയാണ് ഈ മൂന്നാംഘട്ടത്തിൽ പഠനവിധേയമാകുന്നത്. ഇവയെല്ലാം തന്നെ മുതലാളിത്തവളർച്ചക്ക് അന്ത്യംകുറിക്കുമെന്ന് ഇക്കോ സോഷ്യലിസം തിരിച്ചറിയുന്നു''. 

മുതലാളിത്ത വളർച്ച: സർവനാശത്തിന്റെ വഴി
ജി. മധുസൂദനൻ
കേരള ശാസ്ത്രസാഹിത്യപരിഷത്ത്
2021
800 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP