Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തൃക്കാക്കരയിലെ തോൽവിക്ക് പിന്നാലെ ഇടതു മുന്നണിയിൽ തമ്മിലടി തുടങ്ങി; ജനങ്ങളെ മറന്നുള്ള വികസനം വേണ്ട; ജനവിധിയാണ് വലുതെന്ന പാഠമാണ് തൃക്കാക്കര തോൽവി നൽകുന്നതെന്ന് പറഞ്ഞ് ബിനോയ് വിശ്വത്തിന്റെ ഒളിയമ്പ്; ക്യാപ്ടനെ വീഴ്‌ച്ചയില്ലാതെ രക്ഷിക്കാൻ ശ്രമിക്കവേ വെടിപൊട്ടിച്ചു സിപിഐ; മുഖ്യമന്ത്രി കടുംപിടുത്തം ഉപേക്ഷിക്കുമോ?

തൃക്കാക്കരയിലെ തോൽവിക്ക് പിന്നാലെ ഇടതു മുന്നണിയിൽ തമ്മിലടി തുടങ്ങി; ജനങ്ങളെ മറന്നുള്ള വികസനം വേണ്ട; ജനവിധിയാണ് വലുതെന്ന പാഠമാണ് തൃക്കാക്കര തോൽവി നൽകുന്നതെന്ന് പറഞ്ഞ് ബിനോയ് വിശ്വത്തിന്റെ ഒളിയമ്പ്; ക്യാപ്ടനെ വീഴ്‌ച്ചയില്ലാതെ രക്ഷിക്കാൻ ശ്രമിക്കവേ വെടിപൊട്ടിച്ചു സിപിഐ; മുഖ്യമന്ത്രി കടുംപിടുത്തം ഉപേക്ഷിക്കുമോ?

വരുൺ ചന്ദ്രൻ

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സിൽവർ ലൈനിനെതിരെ ഇടത് മുന്നണിക്കകത്ത് അമർഷം പുകയുന്നു. ജനങ്ങളെ മറന്നുള്ള വികസനം വിനാശമാണെന്നാണ് സിപിഐയുടെ പക്ഷം. കെ-റെയിൽ പദ്ധതിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും സിപിഐ നേതാക്കൾ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ സിപിഐ ദേശീയ നേതാവ് ബിനോയ് വിശ്വം കെ റെയിലിനെതിരെ പരസ്യമായി രംഗത്ത് വന്നു. ജനവിധിയാണ് വലുത് എന്നതാണ് തൃക്കാക്കരയിലെ ഇടതു തോൽവി നൽകുന്ന പാഠമെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പ്രതികരിച്ചു. ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള വികസന നയം വേണം നടപ്പാക്കാൻ. തൃക്കാക്കര ജനവിധി ഇടത് മുന്നണി ഒരുമിച്ചും പാർട്ടികൾ വെവ്വേറെയും വിശകലനം ചെയ്യുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

ജനകീയ പ്രതിഷേധങ്ങൾ കണ്ടില്ലെന്ന് നടിച്ച് സിൽവർ ലൈൻ സർവെയുമായി മുന്നോട്ട് പോകുന്നതിൽ മുതിർന്ന സിപിഐ നേതാക്കൾ നേരത്തെ തന്നെ കടുത്ത എതിർപ്പിലായിരുന്നു. പ്രക്ഷോഭങ്ങൾ കണ്ടില്ലെന്ന് നടിച്ച് ജനങ്ങൾക്ക് മേൽ അധികാരം സ്ഥാപിക്കുന്ന സർക്കാർ നടപടിക്കെതിരെ സിപിഐ സംസ്ഥാന നേതൃയോഗങ്ങളിൽ മുല്ലക്കര രത്‌നാകരൻ അടക്കമുള്ള നേതാക്കൾ വലിയ വിമർശനം ഉന്നയിച്ചു. പക്ഷെ കാനം പിണറായിക്കൊപ്പം നിന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടുത്തപ്പോൾ വികസന പ്രശ്‌നങ്ങളിൽ എതിർ ശബ്ദങ്ങൾ വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ നിലപാട് കൂടി കണക്കിലെടുത്താണ് എതിർപ്പ് തൽക്കാലത്തേക്ക് അടങ്ങിയത്. എന്നാൽ ഫലം വന്നതോടെ എല്ലാം തകിടം മറിഞ്ഞു. വികസനം വേണം പക്ഷെ, ജനാധിപത്യത്തിൽ വലുത് ജനങ്ങളാണെന്ന പാഠം മറക്കരുതെന്ന് പറഞ്ഞ് ബിനോയ് വിശ്വം ആദ്യ വെടി പൊട്ടിച്ചു.

മഞ്ഞക്കുറ്റിക്ക് പകരം ജിപിഎസ് സർവെ മതിയെന്ന റവന്യു വകുപ്പിന്റെ ഉത്തരവ് നിലവിലുണ്ട്. കെ റെയിലാകട്ടെ സർവെ പുനരാരംഭിച്ചിട്ടും ഇല്ല. തെരഞ്ഞെടുപ്പ് വിശകലന യോഗങ്ങൾ നടക്കാനിരിക്കെ സിൽവർ ലൈനിനെതിരായ എതിർപ്പ് സിപിഐ നേതാക്കൾ പാർട്ടിയോഗങ്ങളിൽ ശക്തമായി ഉന്നയിക്കുമെന്ന് ഉറപ്പാണ്. മുതിർന്ന നേതാക്കൾ എതിർപ്പുമായി കൂട്ടത്തോടെ എത്തിയാൽ പിണറായിക്കൊപ്പമെന്ന നിലപാട് കാനത്തിന് തിരുത്തേണ്ടിവരുമോ എന്നത് കാത്തിരുന്ന് കാണാം. ഘടകക്ഷി നേതാക്കളുടെ എതിർപ്പ് ഇടത് മുന്നണി മുഖവിലക്കെടുക്കുമോ എന്നതും കൗതുകം ഉയർത്തുന്ന വിഷയമാണ്. പ്രതിപക്ഷത്തെ മാത്രമല്ല സിൽവർ ലൈനിൽ വരും ദിവസങ്ങളിൽ സ്വന്തം പാളയത്തിലും പ്രതിരോധം തീർക്കേണ്ടിവരും സിപിഎമ്മിന്.

രണ്ട് മാസം മുൻപ് മൺമറഞ്ഞ സിപിഐ നേതാക്കളുടെ മക്കൾ പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രന് കെ റെയിൽ പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് തുറന്ന കത്ത് അയച്ചിരുന്നു. കെ റയിലുമായി ബന്ധപ്പെട്ട് സി പി എം നിലപാടുമായി യോജിച്ചു നിൽക്കാൻ സിപിഐക്ക് യാതൊരു ബാധ്യതയുമില്ലെന്നും ജനകീയ വികാരം അവഗണിച്ചുള്ള നയങ്ങളെ അംഗീകരിക്കരുതെന്നും ആവശ്യപ്പെട്ട് മുൻകാല സിപിഐ നേതാക്കളുടെ മക്കളാണ് കത്തയച്ചത്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ തുടർച്ചയായി പ്രതീക്ഷയോടെ കാണുന്ന സിപിഐയുടെ വർത്തമാന അവസ്ഥയെ കുറിച്ച് ആശങ്കയുള്ളതുകൊണ്ടാണ് ഇത്തരത്തിൽ കാനം രാജേന്ദ്രന് തുറന്ന കത്തെഴുതുന്നതെന്നും പറയുന്നു.

മുന്മുഖ്യമന്ത്രി സി അച്യുതമേനോന്റെ മകൻ ഡോ. വി രാമൻകുട്ടി,പാർട്ടിയുടെ താത്വിക ആചാര്യനായിരുന്ന കെ ദാമോദരന്റെ മകൻ കെ പി ശശി, എം എൻ ഗോവിന്ദൻ നായരുടെ മകൾ അംബിക നായർ, എൻ ഇ ബൽറാമിന്റെ മക്കളായ മേഘനാഥൻ ഇ, ആയ്ഷ ശശിധരൻ, ശർമാജിയുടെ മക്കളായ എസ് അനിത, ഡോ. എസ് ശാന്തി, എസ് അശോക്, ഡോ. എസ് ശങ്കർ, സി ഉണ്ണിരാജയുടെ മക്കളായ ശാരദ മൊഹന്തി, പി ബാബുരാജ്, കെ ഗോവിന്ദപ്പിള്ളയുടെ മകൾ ഡോ. കെ ജി താര, പി ടി പുന്നൂസിന്റേയും റോസമ്മ പുന്നൂസിന്റേയും മക്കളായ ഡോ. തോമസ് പുന്നൂസ്, ഡോ. ഗീത പുന്നൂസ്, കെ മാധവന്റെ മകൻ ഡോ. അജയകുമാർ കോടോത്ത്, പൊടോറ കുഞ്ഞിരാമൻ നായരുടെ മകൻ ഡോ. സത്യൻ പൊടോറ, പി രവീന്ദ്രന്റെ മകൾ ഡോ. പി ആർ ഷൈല, പവനന്റെ മകൻ ഡോ. സി പി രാജേന്ദ്രൻ, വി വി രാഘവന്റെ മകൾ പ്രൊഫ. സി വിമല, പുതുപ്പള്ളി രാഘവന്റെ മകൾ ഷീല രാഹുലൻ, കാമ്പിശ്ശേരി കരുണാകരന്റെ മകൾ ഡോ. കെ ഉഷ എന്നിവരാണ് കത്തിൽ ഒപ്പുവെച്ചത്.

കെ റെയിൽ വിരുദ്ധ സമിതി നടത്തിയ സമരത്തിൽ എറണാകുളം ജില്ലയിലെ പിറവം സിപിഐ ലോക്കൽ സെക്രട്ടറി കെ സി തങ്കച്ചൻ പങ്കെടുത്തത് വലിയ വിവാദമായിരുന്നു. പാർട്ടി തീരുമാനത്തിനൊപ്പം നിൽക്കില്ലെന്നും താൻ ജനങ്ങൾക്കൊപ്പം ആയിരിക്കുമെന്നും തങ്കച്ചൻ വ്യക്തമാക്കിയിരുന്നു. പിറവം പാഴൂരാണ് തങ്കച്ചന്റെ വീട്. പദ്ധതി നടപ്പാക്കുബോൾ തങ്കച്ചന്റെ വീടും സ്ഥലവും നഷ്ടമാകും. തങ്കച്ചന്റേത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി രാജു അന്ന് വ്യക്തമാക്കിയിരുന്നു. ഇങ്ങനെ സമരത്തിന്റെ ഭാഗമായി സിപിഐയുടെ പ്രാദേശിക നേതാക്കൾ അവരുടെ ഔദ്യോ?ഗിക സ്ഥാനംം വ്യക്തമാക്കാതെ കെ റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.

ഇപ്പോൾ നടക്കുന്ന സിപിഐയുടെ ലോക്കൽ, ഏരിയാ സമ്മേളനങ്ങളിൽ കെ റെയിലിനെതിരായ വിമർശനങ്ങൾ ശക്തമാണ്. അടുത്ത മാസം അവസാനത്തോടെ ജില്ലാ സമ്മേളനങ്ങൾ തുടങ്ങുന്നതോടെ കെ റെയിലിനെതിരായ നിലപാടുകൾ പാർട്ടിക്കുള്ളിൽ ചേരിതിരിവിന് പോലും ഇടയാക്കുമെന്നാണ് കരുതുന്നത്. ബിനോയ് വിശ്വത്തിന്റെ വെളിപ്പെടുത്തൽ ഈ പൊട്ടിത്തെറിയുടെ തുടക്കമായാണ് കരുതുന്നത്.

തൃക്കാക്കരയിലെ തോൽവി സിൽവർലൈൻ പദ്ധതിക്കെതിരായ ജനവിധി ആണെന്ന് കെ റെയിൽ വിരുദ്ധ സമിതി. കോട്ടയത്തെ മാടപ്പിള്ളി ഉൾപ്പെടെ പദ്ധതി നടപ്പിലാക്കുന്ന പ്രദേശങ്ങളിൽ വലിയ ആഘോഷമാണ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഉണ്ടായത്. വൻ ഭൂരിപക്ഷത്തിൽ ഉമ തോമസ് ജയിച്ചതിന് പിന്നാലെ പടക്കം പൊട്ടിച്ചും ലഡ്ഡു വിതരണം ചെയ്തും കെ റയിൽ വിരുദ്ധ സമിതി സംസ്ഥാനമാകെ ആഘോഷം നടത്തി. വികസനം പറഞ്ഞ് വോട്ട് പിടിക്കാനിറങ്ങിയ പിണറായിക്ക് തിരഞ്ഞെടുപ്പ് ഫലം നൽകുന്നത് അപായ സൂചനയാണെന്നാണ് കെ റയിൽ വിരുദ്ധരുടെ പക്ഷം. തൃക്കാക്കര ഫലം ഉൾക്കൊണ്ട് പദ്ധതിയിൽ നിന്ന് പിന്നാക്കം പോകണമെന്നാണ് ഇവരുടെ ആവശ്യം. സർക്കാർ മുന്നോട്ടുപോയാൽ ശക്തമായ ചെറുത്തു നിൽപ്പുണ്ടാകും എന്നും പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകുന്നു. തെരഞ്ഞെടുപ്പ് ഫലം പഠിച്ച് മുന്നോട്ടുപോകുമെന്ന സിപിഐ നേതാക്കളുടെ വാക്കുകളിൽ പ്രതീക്ഷ വയ്ക്കുകയാണ് കെ റെയിൽ വിരുദ്ധ സമര സമിതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP