Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സഭയുടെ ചിഹ്നമുള്ള ബാക്ക്‌ഡ്രോപ്പിന് മുന്നിൽ വൈദികനെ കൂട്ടി സിപിഎം വാർത്താ സമ്മേളനം; തുടക്കം മുതൽ ഒടുക്കംവരെ മതപ്രീണനം; മുഖ്യമന്ത്രിപോലും കടിച്ചു തൂങ്ങിയത് വർഗീയതയിൽ; ഇത് പിണറായിസത്തിന്റെയും അന്ത്യ കുദാശ; ഉമാ തോമസ് രക്ഷിച്ചത് മതേതര കേരളത്തെ; മലയാളി ഭയക്കണം, തൃക്കാക്കരയിലെ ഇടത് മോഡലിനെ!

സഭയുടെ ചിഹ്നമുള്ള ബാക്ക്‌ഡ്രോപ്പിന് മുന്നിൽ വൈദികനെ കൂട്ടി സിപിഎം വാർത്താ സമ്മേളനം; തുടക്കം മുതൽ ഒടുക്കംവരെ മതപ്രീണനം; മുഖ്യമന്ത്രിപോലും കടിച്ചു തൂങ്ങിയത് വർഗീയതയിൽ; ഇത് പിണറായിസത്തിന്റെയും അന്ത്യ കുദാശ; ഉമാ തോമസ് രക്ഷിച്ചത് മതേതര കേരളത്തെ; മലയാളി ഭയക്കണം, തൃക്കാക്കരയിലെ ഇടത് മോഡലിനെ!

എം റിജു

തൃക്കാക്കരയിലെ ഇടതു രാഷ്ട്രീയ മോഡലിന്റെ പരാജയം സത്യത്തിൽ രക്ഷിച്ചിരിക്കുന്നത് കേരളത്തെയാണ്! യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിന് വൻ വിജയം സമ്മാനിച്ച ഈ തെരഞ്ഞെടുപ്പിൽ, ഇത്തരം ഒരു വിലയിരുത്തൽ നടത്തുന്നത് ഒട്ടും അതിശയോക്തിപരമല്ല. കാരണം വികസനത്തിൽ തുടങ്ങി കടുത്ത വർഗീയതയിൽ അവസാനിച്ച ഒരു തെരഞ്ഞെടുപ്പ് പ്രചാരണമായിരുന്ന തൃക്കാക്കരയിലേത്.

കേരളത്തിൽ തന്നെ ഏറ്റവും നാഗരിക സ്വഭാവമുള്ള ഒരു മണ്ഡലമാണ് തൃക്കാക്കര. സാധാരണ പറയുക, ഇത്തരം മണ്ഡലങ്ങളിൽ ജാതിക്കും മതത്തിനുമൊന്നും കാര്യമായ പരിഗണന ആരും കൊടുക്കാറില്ല എന്നാണ്. എന്നാൽ ഇതുപോലെ ഒരു മണ്ഡലത്തിൽ സ്്ഥാനാർഥി നിർണ്ണയം തൊട്ടുള്ള മുഴുവൻ കാര്യങ്ങളുടെയും അടിസ്ഥാനം മതം ആണെന്നുവന്നത് എന്ത് സന്ദേശമാണ് നൽകുന്നത്. ശരിക്കും ഈ ഉപതെരഞ്ഞെടുപ്പ് ഒരു ദിശാ സൂചികയാണ്. ഇടതുമുന്നണിയുടെ ഈ തന്ത്രം വിജയച്ചിരുന്നെങ്കിൽ ഇനി 140 മണ്ഡലങ്ങളിലും പയറ്റുക, വികസനത്തിൽനിന്ന് വളരെ പെട്ടെന്ന് വർഗീയതയിലേക്ക് മാറിയ ഈ ഫോർമാറ്റ് ആയരുന്നു.

ഒരു നാഗരിക മണ്ഡലത്തിൽ പ്രചരാണത്തിനിടെ ഇത്രക്ക് നഗ്നമായി വർഗീയത ഉപയോഗിക്കപ്പെട്ടെങ്കിൽ, കേരളത്തിലെ മറ്റ് നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിൽ എങ്ങനെ ആയിരിക്കും, എന്ന് ഊഹിക്കേണ്ടതേയുള്ളൂ. പക്ഷേ എൽഡിഎഫ് നടത്തിയ ആ പരീക്ഷണം പൊളിഞ്ഞ് പാളീസായിരിക്കുന്നു. മതവും രാഷ്ട്രീയവുമായി കൂട്ടിക്കെട്ടുന്നവർക്കുള്ള ശക്തമായ താക്കീതാണിത്. തിരിച്ച് ഇടതുമുന്നണി നടത്തിയ ഈ പരീക്ഷണം വിജയിക്കുകയായിരുന്നെങ്കിലോ. നാളെ പള്ളിമേടകളിൽ പുരോഹിതർക്കൊപ്പവും, മോസ്‌ക്കുകളിൽ തങ്ങന്മാർക്കൊപ്പവും ഇരുന്ന് സ്ഥാനാർത്ഥി നിർണ്ണയം പ്രഖ്യാപിക്കുന്ന, ഗതികെട്ട കാഴ്ച നാം കാണേണ്ടി വരുമായിരുന്നു!

അവസാന ദിനങ്ങളിൽ വർഗീയത മാത്രം

കേരളം, വർഗീയമായി വിഭജിക്കപ്പെട്ടു കഴിഞ്ഞു എന്ന കാര്യത്തിൽ ഇപ്പോൾ ആർക്കും തർക്കമുണ്ടാകാൻ ഇടയില്ല. മലയാളിയുടെ മതനിരപേക്ഷ മനസ്സിനെക്കുറിച്ചുള്ള സങ്കൽപ്പമൊക്കെ പഴയ ആവേശത്തിൽ ഇപ്പോൾ സ്വീകരിക്കപ്പെടുന്നുമില്ല. ഒരു മതവിഭാഗത്തിന്റെ സ്ഥാപനത്തിൽ മതപുരോഹിതന്റെ സാന്നിധ്യത്തിൽ, സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതൊക്കെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലൂടെ ആദ്യമായാണ് നാം കണ്ടത്. ആദ്യം ഒരു സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതും, അയാൾക്കുവേണ്ടി ചുവരുഴെത്ത് തുടങ്ങുകയും, അവസാനം അയാളെ പിൻവലിച്ച് നാടകീയമായി മറ്റൊരു സഥാനാർഥിയെ കൊണ്ടുവരുന്നതിനും പിന്നിലും മതം മാത്രമായിരുന്നു, പ്രേരക ഘടകം.

ഇടതുപക്ഷം പോലും ഈ രീതിയിൽ മത പ്രീണനം കളിക്കയായിരുന്നെങ്കിൽ, സ്വതവേ മതത്തിൽ മുങ്ങിക്കുളിച്ച വലതുപക്ഷത്തിന് അത് എന്ത് അവേശമായേനെ! ഇത് ഒരു വിജയ ഫോർമുല ആവുകയാണെങ്കിൽ ഇനിയുള്ള തെരഞ്ഞെടുപ്പിൽ ജാതി-മത സംഘടനകൾ ശരിക്കും മുന്നണികളെ ഹൈജാക്ക് ചെയ്തേനെ. ആ അർഥത്തിൽ നോക്കുമ്പോൾ, വർഗീയ ശക്തികളിൽ നിന്ന് കേരളത്തെ രക്ഷിക്കയാണ് ഉമാ തോമസ് ചെയ്ത്.

കേരളത്തൽ ഏറ്റവും കൂടുതൽ മതേതര സ്വഭാവം പുലർത്തുന്ന കൊച്ചി നഗരത്തിന്റെ ഹൃദയത്തിൽ, അവസാനം ചർച്ചാ വിഷയം ആയത് വർഗീയത മാത്രമാണ്. ദിവസങ്ങളോളം ഈ മണ്ഡലത്തിൽ തമ്പടിച്ച മുഖ്യമന്ത്രി അവസാന ദിവസങ്ങളിൽ തന്റെ വികസന നേട്ടങ്ങളെകുറിച്ചൊന്നും വാ തുറക്കാതെ, വർഗീയതയിൽ മാത്രം കടിച്ചു തൂങ്ങിയത് എന്തുകൊണ്ടാണ്. തിരുവനന്തപുരത്തെയും വെണ്ണലയിലെയും പി.സി. ജോർജിന്റെ വിദ്വേഷ പ്രസംഗങ്ങളും ആലപ്പുഴയിലെ പോപ്പുലർഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യവും ഉയർത്തിയ വിവാദങ്ങളാണ് തൃക്കാക്കരയിൽ പ്രചരണത്തിന്റെ അവസാന നാളുകളെ വഴി തിരിച്ചുവിട്ടത്. സാമുദായിക ധ്രുവീകരണം അനുകൂലമാക്കാനുള്ള തന്ത്രം ഇടത്, വലത് മുന്നണികൾ പയറ്റി നീങ്ങുമ്പോഴാണ് പുതിയ വിവാദങ്ങൾ അരങ്ങു തകർത്തത്. നേതാക്കളുടെ പ്രസംഗങ്ങളിൽ നിന്ന് അടർത്തിയെടുത്ത വ്യാഖ്യാനങ്ങളും, ഇടത് സ്ഥാനാർത്ഥിക്കെതിരെ പ്രചരിച്ച വ്യാജ വീഡിയോയെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങളുമെല്ലാം ചേർന്ന് പ്രചരണം കുഴഞ്ഞുമറിഞ്ഞു. സെക്സും സ്റ്റണ്ടും, എല്ലാമുള്ള ഒരു മസാല സിനിമപോലെ ആയിപ്പോയി തൃക്കാക്കരയിലെ പ്രചാരണം.


പാഠം പഠിക്കാതെ ഇടതുപക്ഷം

തങ്ങൾക്ക് സ്വാധീനമില്ലാത്ത മേഖലകളിൽ കാലുറപ്പിക്കാനായി ഇടതുപക്ഷം എറണാകുളും ജില്ലയിൽ അടക്കം പല രാഷ്ട്രീയ പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. ചിലത് വിജയിച്ചു. പക്ഷേ അടുത്തകാലത്തായി അവർക്ക് പലതിലും കൈ പൊള്ളുകയാണ്.

2019 എറണാകുളം ഉപതെരെഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി വെറും 3673 വോട്ടിനാണ് ജയിച്ചു കേറിയത്. അന്ന് നല്ല മത്സരം കാഴ്ചവെച്ച മനുറോയിയെ മാറ്റി, എൽഡിഎഫ് ഒരു ജാതി സംഘടന നേതാവിനെ 2021 ലെ സംസ്ഥാന നിയമ സഭ തെരഞ്ഞെടുപ്പിൽ മത്സര രംഗത്ത് ഇറക്കി. ലത്തീൻ വോട്ടുകൾ നിർണായകം എന്നറിയപ്പെടുന്ന യുഡിഎഫ് കോട്ടയിൽ നേരിടാൻ ലത്തീൻ പള്ളി സംഘടന ആയ കെഎൽസിഎയുടെ നേതാവിനെ തന്നെ കൊണ്ടുവന്നു. എന്നിട്ട് എന്തായി എന്ന് നോക്കുക, 10,970 വോട്ടിന്റ് ഭൂരിപക്ഷത്തിൽ ഷാജി ജോർജ് എന്ന ലത്തീൻ സംഘടന നേതാവിനെ യുഡിഎഫിന്റെ ടി ജെ വിനോദ് മലർത്തിയടിച്ചു.

ഈ സമുദായ നേതാവിനെ പെയിന്റ് അടിച്ച് അവതരിപ്പിക്കാൻ ഇടതു നേതാക്കൾ കാണിച്ച മെയ്വഴക്കം ഗംഭീരമായിരുന്നു. അദ്ദേഹം അറിയപ്പെടുന്ന പുസ്തക പ്രസാധകൻ ആണെന്ന് വരെ പറഞ്ഞൊപ്പിച്ചു.വരാപ്പുഴ അതിരൂപതയുടെ അനുഗ്രഹാശിസുകളോടെ രംഗത്തിറക്കിയ ഷാജിയെ പക്ഷേ ജനം സ്വീകരിച്ചില്ല. സമാനമായ അനുഭവമാണ്, ഇപ്പോൾ തൃക്കാക്കരയിലും ഇടതുപക്ഷത്തിന് ഉണ്ടായിരിക്കുന്നത്. ജോ ജോസഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം വരെ സീറോ മലബാർ സഭയുടെ ഉന്നതരുടെ സാന്നിധ്യത്തിൽ ആയിരുന്നു. സുറിയാനി ക്രിസ്ത്യനികളുടെ അടക്കം വോട്ട് കൂട്ടത്തോടെ പോരുമെന്ന പ്രതീക്ഷയാണ് ഇവിടെ അസ്ഥാനത്തായത്.

സഭകക്കും ഇത് വലിയ തിരിച്ചടിയാണ്. അവർ വിചാരിച്ചാൽ കുഞ്ഞാടുകൾ പണ്ട് ചെയ്തത് പോലെ വരി വരി ആയി വന്ന് വോട്ട് ചെയ്യും എന്ന് ഇപ്പോഴും അവർ വിചാരിക്കുന്നത് അബദ്ധമാണെന്ന് ഈ മത്സരം തെളിയിക്കുന്നു. ഇന്ന് പണ്ടത്തെ പോലെ അല്ല. ഈ സാഷ്യൽ മീഡിയകാലത്ത് ജനം സ്വതന്ത്രമായി ചിന്തിക്കുന്നുവെന്നത് ആശ്വസാകരമാണ്.

ദിവസങ്ങൾ നീണ്ടു നിന്ന സസ്പെൻസുകൾക്ക് ഒടുവിലാണ് ജോ ജോസഫിലേക്ക് സിപിഎമ്മെത്തിയത്. നേരത്തെ സജീവ സിപിഎം പ്രവർത്തകനായ കെ എസ് അരുൺ കുമാർ സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹളാണ് ഉണ്ടായത്. ജില്ലാ കമ്മറ്റിയില അരുണിന്റെ പേരിനായിരുന്നു മുൻതൂക്കം. പലയിടത്തും ചുവരെഴുത്തുകളും തുടങ്ങിയിരുന്നു. ഒടുവിൽ മണ്ഡലത്തിലെ ക്രൈസ്തവ വോട്ടുകളടക്കം പരിഗണിച്ചാണ് പുതുമുഖ സ്ഥാനാർത്ഥിയെ സിപിഎം തീരുമാനിച്ചത്.

സിപിഎമ്മിന്റെ ചരിത്രത്തിൽ എവിടെയെങ്കിലും പാർട്ടി കമ്മിറ്റി ഓഫീസിന് പുറത്ത് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.സഭയുടെ ചിഹ്നമുള്ള ബാക്ക്‌ഡ്രോപ്പിന് മുന്നിൽ സഭയിലെ വൈദികനായ ഡയറക്ടറെയും കൂട്ടി പത്രസമ്മേളനം നടത്തിയാണ് ജോ ജോസഫിന്റെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചത്.മനഃപൂർവം ഈ സ്ഥാനാർത്ഥി സഭയുടേതാണെന്ന് വരുത്തിത്തീർക്കുകയായിരുന്നു സിപിഎഒം ലക്ഷ്യം. അപ്പോഴാണ് സഭയിൽ തന്നെയുള്ള ഒരു വിഭാഗം ഇതിനെതിരെ രംഗത്ത് വരികയും സഭയുടെ സ്ഥാനാർത്ഥിയല്ലെന്ന് നിലപാടെടുക്കുകയും ചെയ്തത്. ഇതോടെ താൻ എല്ലാവരുടെയും സ്ഥാനാർത്ഥിയാണെന്ന് ജോ ജോസഫും പറഞ്ഞു. പക്ഷേ കാര്യങ്ങൾ എല്ലാം വ്യക്തമായിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടായി മണിക്കൂറുകൾക്കകം ഈ സ്ഥാനാർത്ഥി എന്റെ സ്വന്തം പയ്യനാണൊണ്് പി സി ജോർജ് പറഞ്ഞു. എന്നെക്കണ്ട് കെട്ടിപ്പിടിച്ച് ഉമ്മ വച്ചിട്ടാണ് സ്ഥാനാർത്ഥിയാകാൻ എറണാകുളത്തേക്ക് പോയതെന്നാണ് അദ്ദേഹം പറഞ്ഞത്.

വാഴക്കാല സ്വദേശിയായ ഡോ. ജോ ജോസഫ് സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച ഹൃദ്രോഗ വിദഗ്ധനാണ്. 43 കാരനായ ജോ കോട്ടയം മെഡിക്കൽ കൊളജിൽ നിന്നാണ് എംബിബിഎസ് ബിരുദമെടുത്തത്. ഡോക്ടറെന്ന നിലയിൽ പ്രളയകാലത്ത് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. പക്ഷേ തൃക്കാക്കരയിൽ ഇതൊന്നുമല്ല, അദ്ദേഹത്തിന്റെ മതമാണ് ഹൈലൈറ്റ് ചെയ്യപ്പെട്ടത്. പക്ഷേ ആ തന്ത്രം പൊളിയുകയും ചെയതു.

പിണറായിസത്തിന് കനത്ത തിരിച്ചടി

മത്സരിച്ചത് ഡോ ജോ ജോസഫ് ആയിരുന്നെങ്കിലും തൃക്കാക്കരയിലെ യഥാർഥ സ്ഥാനാർത്ഥി മുഖ്യമന്ത്രി പിണറായി വിജയൻ ആയിരുന്നു. ഒരു മുഖ്യമന്ത്രിയും നാളിതുവരെ നടത്താത്ത പ്രചണ്ഡമായ പ്രചാരണം ആണ് പിണറായി, രണ്ടാഴ്ചയോളം ക്യാമ്പ് ചെയ്ത് തൃക്കാക്കരയിൽ നടത്തിയത്. ബൂത്തുതല യോഗത്തിൽ പോലും മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്തു. വ്യാപാരികളയെും, വ്യവസായികളെയും, കരപ്രമാണിമാരെയും, സ്ഥലത്തെ പ്രധാന പയ്യൻസിനെയുമൊക്കെ പിണറായി നേരിട്ടു കണ്ടു. മന്ത്രിമാരെയും എംഎൽഎമാരെയും തട്ടിയിട്ട് തൃക്കാക്കരയിലുടെ നടക്കാൻ വയ്യ എന്ന അവസ്ഥവന്നു. വീടുകൾ കയറി ഇറങ്ങുന്ന മന്ത്രിമാർ നാട്ടുകാരുടെ പരാതി, ഉദ്യോഗസ്ഥരെ വിളിച്ച് പറഞ്ഞ് ഓൺ ദ സ്പോട്ടിൽ തീർത്തു. ബാറുകാരും ക്വാറിക്കാരും പണം ഒഴുക്കി. എം സ്വരാജും പി രാജീവും തന്ത്രങ്ങൾ മെനഞ്ഞു. മറുഭാഗത്ത് കേരളത്തിലും കേന്ദ്രത്തിലും ഭരണം ഇല്ലാതായതോടെ ശോകമായിരുന്നു കോൺഗ്രസിന്റെ അവസ്ഥ. പോസ്റ്റർ അടിക്കാൻ പോലും പണമില്ലാത്ത അവസ്ഥ. പ്രചാരണത്തിൽ എൽ.ഡി.എഫ് മുന്നിട്ട് നിന്നു. പക്ഷേ ജനം ഒന്നും പരിഗണിച്ചില്ല. യുഡിഎഫിന്റെ പൊന്നാപുരം കോട്ട ഇളകിയില്ല.

ഇടതുപക്ഷത്തിന് ഭരണത്തുടർച്ച കൊടുത്ത പിണറായിസം എന്ന ആശയത്തിന്റെ അന്ത്യത്തിന്റെ തുടക്കമാണ് തൃക്കാക്കര തെരഞ്ഞെടുപ്പെന്നും പൊതുവെ വിലയിരുത്തലുകൾ ഉണ്ട്. കിറ്റ് അടക്കമുള്ള ക്ഷേമ കാര്യങ്ങളും, കരുത്തനായ ഭരണാധികാരിയെന്ന പ്രതിഛായയും, കൃത്യമായ സാമുദായിക സമവാക്യങ്ങളുമെല്ലാമായിരുന്നു പിണറായിസത്തിന്റെ കാതൽ. അത് കേരളത്തിൽ ആദ്യമായി പൊളിയുകയാണ്. അതുപോലെ 'മറുനാടൻ മലയാളി' നടത്തിയ സർവേയിൽ വ്യക്തമായത് രണ്ടാം പിണറായി സർക്കാറിനെ കുറിച്ച് അതിശക്തമായ ജനരോഷം ഉണ്ടെന്നതാണ്. ആ ഭരണവിരുദ്ധ വികാരമാണ് തൃക്കാക്കരയിൽ വോട്ടായതെന്ന് വ്യക്തം.

മുഖ്യമന്ത്രി മുതൽ സാധാരണ പ്രവർത്തകർ വരെ തൃക്കാക്കരയിൽ വോട്ടു ചോദിച്ചത് സിൽവർ ലൈൻ ബ്രാൻഡ് ഉയർത്തിക്കാട്ടിയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്കിടയിൽ പ്രധാന ചർച്ചയാക്കാതെ പ്രകടന പത്രികയിൽ കെ റെയിൽ ഒളിച്ച് കടത്തിയ സിപിഎം ഇതുവരെ വാദിച്ചതും തുടർ ഭരണം കെറെയിലിന് കൂടിയുള്ള അംഗീകാരമെന്നാണ്.എന്നാൽ കെറെയിൽ സജീവ ചർച്ചയും വിവാദവുമായ ശേഷം നേരിട്ട ആദ്യ ഹിതപരിശോധനാ ഫലം നെഗറ്റീവ് ആയത് സർക്കാരിനും പാർട്ടിക്കും തിരിച്ചടിയാണ്

തോറ്റാലും കെറെയിലിൽ നിന്നും പിന്തിരിയില്ല എന്ന് ആദ്യമെ സിപിഎം വ്യക്തമാക്കിയത് മുൻകൂർ ജാമ്യമായെങ്കിലും യുഡിഎഫിന് തൃക്കാക്കര ജയം തുടർ പ്രതിഷേധങ്ങൾക്ക് ഊർജ്ജം നൽകും.

ഗ്രാഫ് ഉയർത്തി വി ഡി സതീശൻ

സ്ഥാനാർത്ഥികൾ തമ്മിലുള്ള മത്സരം എന്നതിനപ്പുറം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള പോരാട്ടമായാണ് തൃക്കാക്കര പോര് വിലയിരുത്തപ്പെട്ടത്. തോറ്റാൽ അത് തന്റെ കുഴപ്പമാണ്, ജയിച്ചാൽ പക്ഷേ എല്ലാവരുടേതുമാണ് എന്ന് പറഞ്ഞ് കൃത്യമായി ഉത്തരവാദിത്വം ഏറ്റെടുത്തായിരുന്നു വി ഡി സതീശന്റെ നേതൃത്വം.
സതീശന്റെ ഹോം ഗ്രൗണ്ടിൽ തന്നെ നൂറ് തികക്കാനിറങ്ങിയ ക്യാപ്റ്റർ പക്ഷേ ഒടുവിൽ ക്ലീൻ ബൗൾഡാകുന്ന കാഴ്ചയാണ് കാണാനായത്.

വി ഡി സതീശൻ എന്ന പ്രതിപക്ഷ നേതാവിന്റെ ഗ്രാഫ് ഒറ്റയടിക്ക് ഉയർത്തിയ തെരഞ്ഞെടുപ്പാണ് ഇത്. തുടക്കം മുതൽ തന്നെ ഉരുളക്ക് ഉപ്പേരിപോലെ സിപിഎം നേതാവ് ഇ പി ജയരാജന് അടക്കം മറുപടി കൊടുത്ത് വി ഡി തെരഞ്ഞെടുപ്പ് ഗോദയിൽ തിളങ്ങിനിന്നു. ഒരോ വിവാദം ഉണ്ടാകുമ്പോഴും കൃത്യമായി മറുപടി നൽകാനും, യുഡിഎഫിന്റെ മുഴുവൻ നേതാക്കളെയും ഒരു ചരടിൽ കോർത്തിണക്കാനും സതീശനായി. ബെന്നി ബഹനാൻ അടക്കമുള്ള ഇടഞ്ഞു നിൽക്കുന്ന നേതാക്കളെ നേരിട്ട് കണ്ട് മണ്ഡലത്തിൽ പ്രചാരണത്തിന് എത്തിക്കാനും സതീശന് ആയി.

ഉമ്മൻ ചാണ്ടിക്ക് ശേഷം കോൺഗ്രസിനെ മൊത്തമായി ചലിപ്പിക്കാന കഴിയുന്ന നേതാവ് ആരാണെന്ന ചോദ്യത്തിനും ഇതോടെ ഉത്തരമായി. 'മറുനാടൻ മലയാളി' നടത്തിയ സർവേയിൽ കണ്ടത് കെ സുധാകരനെ വെട്ടിച്ച് കോൺഗ്രസിലെ ഏറ്റവും ജനപ്രിയ മുഖമായി സതീശൻ ഉയർന്നു വരുന്നു എന്നതാണ്. തൃക്കാക്കരക്കുശേഷം കോൺഗ്രസിലെ അനിഷേധ്യ നേതാവും സതീശൻ ഉയരുമെന്ന് ഉറപ്പാണ്.

ആവിയായത് കെ വി തോമസും ഡൊമിനിക്കും

കെവി തോമസ് ,എംബി മുരളീധരൻ, മണലൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു വിജയ് ഹരി....ഉപതെരഞ്ഞെടുപ്പ് കാലത്ത് തൃക്കാക്കരയിൽ കണ്ട ഉത്തരേന്ത്യൻ മോഡൽ കൂടുമാറ്റം കൊണ്ട് കയറിവരികയായിരുന്നു ഇടതുമുന്നണി. പക്ഷേ തൃക്കാക്കരയിൽ ഇതൊന്നും വോട്ടായില്ല. കെ വി തോമസിന്റെത് ശരിക്കും അവസരാവാദ രാഷ്ട്രീയമാണെന്ന് ജനം തിരിച്ചറിഞ്ഞു.

ഇപ്പോഴിതാ ഉമാ തോമസ് വിജയമുറപ്പിച്ച ഘട്ടത്തിൽ കെ.വി. തോമസിന്റെ വീടിന് മുന്നിൽ പടക്കം പൊട്ടിച്ചുമാണ് യു.ഡി.എഫ് പ്രവർത്തകർ വിജയം ആഘോഷിച്ചത്. തിരുത മീനുമായി എത്തിയ പ്രവർത്തകർ തോമസ് മാഷിന്റെ ചിത്രം കത്തിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് നടന്ന സിപിഎം. പാർട്ടി കോൺഗ്രസിൽ പാർട്ടി വിലക്കിയിട്ടും സെമിനാറിൽ പങ്കെടുത്തത് മുതൽ കെ.വി. തോമസ് പാർട്ടിയെ പിന്നിൽ നിന്ന് കുത്തുകയാണെന്ന വികാരമാണ് പ്രവർത്തകർക്ക്. കെ.വി. തോമസിന്റെ വരവ് ഇടത് മുന്നണിക്ക് ഒരു ഗുണവും തൃക്കാക്കരിയിൽ സമ്മാനിച്ചില്ലെന്നത് കൂടി തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുമ്പോൾ അത് ആഘോഷമാക്കുകയാണ് പ്രവർത്തകർ.

അതുപോലെ പാർട്ടിക്ക് അകത്തി നിന്ന് കുത്തിയ ഡൊമനിക്ക് പ്രസന്റേഷനെപ്പോലുള്ളവർക്കും ഈ റിക്കോർഡ് വിജയം കടുത്ത തിരിച്ചടിയാണ്. നേരത്തെ പി ടി തോമസിന് ലക്ഷങ്ങളുടെ കടമുണ്ടെന്ന് പറഞ്ഞ് ഇല്ലാത്ത പ്രചാരണം നടത്തിയ തൃക്കാക്കരയിലെ സീറ്റുമോഹിയായ ഡൊമനിക്ക് പറഞ്ഞത്, തൃക്കാക്കരയിൽ യുഡിഎഫിന്റെ ഭൂരിപക്ഷം കുറയുമെന്നായിരുന്നു. എന്നാൽ കാൽലക്ഷം വോട്ടിന്റെ മുകളിൽ പോവുന്ന ഈ വിജയം ജില്ലാ യുഡിഎഫ് കൺവീനർ കൂടിയായ ഡൊമിനിക്കിനുമുള്ള മറുപടിയാണ്.

യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളിൽ പോളിങ്ങ് കുറഞ്ഞുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനിടയിലാണ് ഡൊമനിക് പ്രസന്റേഷന്റെ പ്രതികരണം
''ഈ തെരഞ്ഞെടുപ്പ് കൊണ്ട് സർക്കാർ മാറുന്നില്ല. മറ്റ് രാഷ്ട്രീയ മാറ്റങ്ങളൊന്നും ഉണ്ടാവുന്നില്ല. അതിനാൽ തന്നെ പല വോട്ടർമാർക്കും വോട്ട് ചെയ്യാൻ താത്പര്യക്കുറവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണ മണ്ഡലത്തിൽ ട്വന്റി 20ക്കും വീ ഫോറിനും പതിനായിരത്തോളം വോട്ടുകൾ ലഭിച്ചിട്ടുണ്ട്. അവരൊന്നും തന്നെ ഈ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വന്നിട്ടില്ല,'' ഡൊമനിക് പ്രസന്റേഷൻ പറഞ്ഞു. പക്ഷേ ഈ റെക്കോർഡ് വിജയം അദ്ദേഹത്തിന്റെയും കണ്ണ് തള്ളിക്കുന്നതായിരുന്നു.


സതി ചെയ്യുന്ന സ്ത്രീകളാണോ വേണ്ടത്?

അതുപോലെ തന്നെ ഇത്തവണ പതിവ് ട്രാക്ക് മാറ്റിപ്പിടിച്ച് ഉമാ തോമസിനെ വ്യക്തിഹത്യ ചെയ്യുന്ന നിലയിലായിരുന്നു സൈബർ സഖാക്കളുടെ തുടക്കം മുതൽക്കുള്ള പ്രചാരണം. ഭർത്താവ് മരിച്ച് മാസങ്ങൾ കഴിയുന്നതിന് മുമ്പ് ഭാര്യ തെരഞ്ഞെടുപ്പിനിറങ്ങിയെന്നത് മുതൽ, കണ്ണീർ വോട്ടാക്കുന്നുവെന്ന് വരെ അവർ എഴുതി മറിച്ചു. പി ടി തോമസിനോടുള്ള സ്നേഹം വ്യക്തമാക്കുന്നതിന്റെ ഭാഗമായി ഒരു അഭിമുഖത്തിൽ
പി.ടി. തോമസിനായി ഭക്ഷണം മാറ്റിവെക്കാറുണ്ടെന്ന് പറഞ്ഞതിലും ഉമാ തോമസ് കടുത്ത സൈബർ ആക്രമണം നേരിട്ടു.

പി.ടി. തോമസിനായി ഭക്ഷണം മാറ്റിവെക്കുക എന്നത് തന്റെ സ്വകാര്യതയാണെന്നാണ് ഉമ പ്രതികരിച്ചത്. സൈബർ അധിക്ഷേപങ്ങൾ അവജ്ഞയോടെ തള്ളുന്നുവെന്നുയിരുന്നു അവർ പറഞ്ഞത്. 'ഞാൻ സ്ഥാനാർത്ഥിയായപ്പോൾ തന്നെ സ്ത്രീയെന്ന രീതിയിൽ ആക്ഷേപം കേട്ട് കഴിഞ്ഞു. അതിൽ നിന്ന് തന്നെ പലപ്പോഴും പണ്ട് ഭർത്താവ് മരിച്ചാൽ സ്ത്രീകൾ ചിതയിലേക്ക് ചാടും. ഇപ്പോൾ രാഷ്ട്രീയത്തിൽ ചാടിയിരിക്കുകയാണെന്നാണ് എൽ.ഡി.എഫ് പ്രചരിപ്പിച്ചിരിക്കുന്നത്. അത്തരം സ്ത്രീകൾ ഇവിടെ വേണ്ടേ? ചിതയിലേക്ക് ചാടേണ്ട സ്ത്രീകളാണോ ഇവിടെ വേണ്ടത് എന്നാണോ കരുതുന്നത്?സ്ത്രീകൾ മുൻപന്തിയിൽ വരരുതെന്ന നിലപാടാണ് എൽ.ഡി.എഫിലുള്ളതെങ്കിൽ തിരുത്തപ്പെടണം,' - ഇങ്ങനെയുള്ള ചുട്ട മറുപടിയാണ് ഉമ തോമസ് കൊടുത്തത്.

''തെരഞ്ഞെടുപ്പ് കാലത്തുടനീളം നടന്ന മറ്റൊരു ചർച്ച പിടിക്ക് ഭക്ഷണം കൊടുക്കുന്നതിനെക്കുറിച്ചാണ്. അതെന്റെ സ്വകാര്യതയാണ്. ആ ഭക്ഷണം ഏർപ്പാട് ചെയ്ത് തരാൻ ഞാൻ ആരോടും പറഞ്ഞിട്ടില്ല. എന്റെ പി.ടിക്ക് വേണ്ടി ഞാൻ ചെയ്യുന്ന കാര്യമാണ്. അതിൽ ഒരാളും ഇടപെടേണ്ട. അതിൽ ഇടപെടുന്നത് എനിക്ക് ഇഷ്ടവുമല്ല. പരാജയ ഭീതിയാണ് ഇതിന് പിന്നിൽ. അധ:പതിച്ച പ്രവർത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അവരോട് ലജ്ജ തോന്നുന്നു''- ഉമ തോമസ് പറഞ്ഞു.

ഈ രീതിയിൽ ചുട്ടമറുപടി കൊടുക്കാൻ കഴിയുന്നതും ഉമാ തോമസിന്റെ പ്രത്യേകതയാണ്. മറുഭാഗത്ത് ഡോ ജോ ജോസഫ് ആകട്ടെ തപ്പിയും തടഞ്ഞുമാണ് സംസാരിച്ചിരുന്നതും. ഇരു സ്ഥാനാർത്ഥികളെയും വ്യക്തിപരമായി വിലയിരുത്തിക്കൂടിയാണ് ജനം വോട്ടു ചെയ്യുന്നത്. 'മറുനാടൻ മലയാളി' നടത്തിയ സർവേയിലും, വ്യക്തിപരമായ മികവ് ഉമാ തോമസിന് ആണെന്നാണ് കൂടുതൽ പേരും വിലയിരുത്തിയത്.

ഇങ്ങനെ നോക്കുമ്പോൾ സമസ്തമേഖലകളിലും എൽ.ഡി.എഫിന്റെ നീക്കങ്ങൾ പിഴച്ചു പോവുകയാണ് ഉണ്ടായത്. സ്ഥാനാർത്ഥി തീരുമാനം മുതൽ കൊട്ടിക്കലാശം വരെ സ്ഥിരം ട്രാക്ക് മാറ്റിയായിരുന്നു സിപിഎം ചുവടുകൾ. സീറോ മലബാർ സഭയുമായുള്ള ധാരണകളും പാർട്ടി ചിഹ്നത്തിൽ പ്രൊഫഷണലിനെ സ്ഥാനാർത്ഥിയാക്കിയതും കൈപൊള്ളിയ പരീക്ഷണമായി. സിപിഎം നേതാവായ സ്ഥാനാർത്ഥി വന്നിരുന്നെങ്കിൽ ശക്തമായ രാഷ്ട്രീയമത്സരം സാധ്യമാകുമായിരുന്നു എന്ന എറണാകുളം ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായങ്ങളെ അവഗണിച്ച സംസ്ഥാന നേതൃത്വത്തിനും ഈ തോൽവി തൃക്കാക്കര പാഠം.

വാൽക്കഷ്ണം: തുടർച്ചയായി, എപ്പോഴൊക്കെ ലോകത്ത് എവിടെയാക്കെ, കമ്യൂണിസ്റ്റ് പാർട്ടികൾക്ക് അധികാരം കിട്ടിയിട്ടുണ്ടോ അവിടെയൊക്കെ ഭരണം ദുഷിച്ച് പോയിട്ടുണ്ട്. ഇന്ത്യയിൽ ബംഗാൾ തന്നെ ഒന്നാന്തരം ഉദാഹരണം. ഭരണത്തിൽ കാര്യമായ തിരുത്തലുകൾ വരുത്തിയില്ലെങ്കിൽ, ബംഗാൾ മോഡലാവാനുള്ള സാധ്യതകളും ഈ വൻ ഈ ഫലം സൂചിപ്പിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP