Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലാത്വിയൻ യുവതി ലിഗ സ്‌ക്രെമേന കൊലക്കേസ്: കണ്ടൽകാടിനുള്ളിൽ ചീഞ്ഞളിഞ്ഞ നിലയിൽ ഉടൽ വേർപെട്ട നിലയിൽ മൃതദേഹം കണ്ടതായി സാക്ഷി; മൊഴി നൽകിയത് പൊതുപ്രവർത്തകനായ പ്രദീപ്

ലാത്വിയൻ യുവതി ലിഗ സ്‌ക്രെമേന കൊലക്കേസ്: കണ്ടൽകാടിനുള്ളിൽ ചീഞ്ഞളിഞ്ഞ നിലയിൽ ഉടൽ വേർപെട്ട നിലയിൽ മൃതദേഹം കണ്ടതായി സാക്ഷി; മൊഴി നൽകിയത് പൊതുപ്രവർത്തകനായ പ്രദീപ്

അഡ്വ.പി.നാഗരാജ്

തിരുവനന്തപുരം: ലാത്വിയൻ യുവതി ലിഗ സ്‌ക്രെമേന കൊലക്കേസിൽ, തിരുവല്ലം ചെന്തിലാക്കരി കണ്ടൽകാടിനുള്ളിൽ ചീഞ്ഞളിഞ്ഞ നിലയിൽ ഉടൽ വേർപെട്ട നിലയിലാണ് മൃതദേഹം കണ്ടതെന്ന് തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതിയിൽ ഒന്നാം സാക്ഷിമൊഴി നൽകി. പൊതുപ്രവർത്തകനും തിരുവനന്തപുരം യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും വണ്ടിത്തടം ശാന്തിപുരം സ്വദേശിയുമായ പ്രദീപ് ആണ് സാക്ഷിമൊഴി നൽകിയത്. കോടതി നിർദ്ദേശപ്രകാരം മൃതദേഹം കിടന്ന രീതി സാക്ഷിക്കൂട്ടിനുള്ളിൽ നിന്ന് സാക്ഷി കാണിച്ചു മൊഴി നൽകി. രണ്ടു മരത്തിനിടയിലുള്ള വള്ളിപ്പടർപ്പിലാണ് മൃതശരീരം കണ്ടത്. വള്ളിയിൽ കുടുങ്ങി 3 അടി പൊക്കത്തിൽ വള്ളിയിൽ തൂങ്ങി ലോക്കായാണ് കിടന്നത്. വസ്ത്രങ്ങൾ മണ്ണിനോട് ചേർന്ന് കിടക്കുകയായിരുന്നു. കാലുൾപ്പെടെ വയർ ഭാഗം വരെ നിലത്ത് തൊട്ട നിലയിലായിരുന്നു. കഴുത്തിന് മുകൾഭാഗം വേറിട്ട് നിൽക്കുകയായിരുന്നു. പാന്റും കോട്ടും ആണ് ധരിച്ചിരുന്നതെന്നും പ്രദീപ് മൊഴി നൽകി.

തിരുവല്ലം പൊലീസിൽ താൻ മൊഴി കൊടുത്തിട്ടുണ്ട്. ആ പ്രഥമ വിവര മൊഴിയാണ് തന്നെ ഇപ്പോൾ കാണിച്ചതെന്നും അതിൽ കാണുന്ന ഒപ്പ് തന്റേതാണെന്നും പ്രദീപ് മൊഴി നൽകി. അസ്സൽ മൊഴി വിചാരണ കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണൻ പ്രോസിക്യൂഷൻ ഭാഗം മൂന്നാം രേഖയായി അക്കമിട്ട് മാർക്ക് ചെയ്ത് തെളിവിൽ സ്വീകരിച്ചു.

വിദേശ വനിതയെ മയക്കു മരുന്ന് ചേർത്ത സിഗരറ്റ് നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കാട്ടു വള്ളിയിൽ കെട്ടി തൂക്കിയ കേസാണ് തലസ്ഥാനത്തെ വിചാരണ കോടതിയിൽ പുരോഗമിക്കുന്നത്. വിഷ്ണു എന്ന തന്റെ സംഘടനയിലെ പ്രവർത്തകൻ ചെന്തിലാക്കരിയിൽ ഒരു ശവശരീരം കിടപ്പുണ്ടെന്ന് ഫോണിൽ പറഞ്ഞു. താൻ ഉടൻ പോയി മൃതശരീരം കണ്ട ശേഷം തിരുവല്ലം എസ് ഐയെ ഫോണിൽ വിളിച്ചു പറഞ്ഞു. എസ് ഐ വന്ന ശേഷം താനും അവിടെ ചെന്നു. ചതുപ്പുനിലത്തിൽ വള്ളിപ്പടർപ്പുകളും കാടും നിറഞ്ഞ സ്ഥലത്താണ് മൃതശരീരം കണ്ടത്. വീടുകളില്ലാത്ത ഒറ്റപ്പെട്ട പ്രദേശമാണ്. 50 മീറ്റർ മാറിയാണ് വീടുള്ളതെന്നും മൊഴി നൽകി.

അതേസമയം, ലിഗയുടെ സഹോദരി ഇഷ സ്‌ക്രെമേന ലിഗയുടെ വസ്ത്രങ്ങളടക്കം 5 തൊണ്ടി മുതലുകൾ തിരിച്ചറിഞ്ഞിരുന്നു. കേസിൽ രണ്ടാം സാക്ഷിയാണ് ഇഷ. മൃതദേഹം കണ്ടെത്തിയ ശേഷം പൊലീസ് നടത്തിയ ഇൻക്വസ്റ്റിൽ (പ്രേത വിചാരണ) കണ്ടെടുത്ത കൃത്യസമയം ലിഗ ധരിച്ചിരുന്ന വസ്ത്രങ്ങൾ, മൃതദേഹത്തിനരികിൽ കണ്ടെത്തിയ സിഗരറ്റ് ലൈറ്റർ, സിഗരറ്റ് കവർ എന്നിവ തിരിച്ചറിഞ്ഞ് മൊഴി നൽകി. വിചാരണ കോടതി ജഡ്ജി കെ.കെ.ബാലകൃഷ്ണൻ അവ പ്രോസിക്യൂഷൻ ഭാഗം ഒന്നു മുതൽ അഞ്ചു വരെയുള്ള തൊണ്ടി മുതലുകളായി അക്കമിട്ട് തെളിവിൽ സ്വീകരിച്ചു.

സഹോദരിയെ കാണാത്തതിനാൽ കണ്ടെത്തി തരണമെന്നാവശ്യപ്പെട്ട് പോത്തൻകോട് പൊലീസിൽ സമർപ്പിച്ച എഫ് ഐ ആറും എഫ് ഐ എസും ആണ് കോടതി മുമ്പാകെയുള്ളതെന്നും അതിൽ കാണുന്ന ഒപ്പ് തന്റേതാണെന്നും മൊഴി നൽകി. അവ ഒന്നും രണ്ടും രേഖകളായി കോടതി തെളിവിൽ സ്വീകരിച്ചു. പോത്തൻകോട് ആയുർവ്വേദ ഹോളിസ്റ്റിക് സെന്ററിൽ മാനസിക ചികിത്സക്കായെത്തിയ സഹോദരിയെ 2018 ഫെബ്രുവരി 14 മുതൽ കാണാതായി. പൊലീസിൽ നിന്നും നീതി ലഭിക്കാത്തതിനാൽ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചു. തുടർന്നാണ് 20-ാം തീയതി സഹോദരിയുടെ ചേതനയറ്റ ശരീരം പൊലീസ് വീണ്ടെടുത്തതെന്നും അവർ മൊഴി നൽകി.

അതേ സമയം സമൻസ് കൈപ്പറ്റിയിട്ടും ദൃക്‌സാക്ഷിയും നിർണ്ണായക മൊഴി നൽകേണ്ട ഒന്നാം സാക്ഷിയുമായ തിരുവല്ലം ശാന്തിപുരം സ്വദേശ.പ്രദീപ് കോടതിയിൽ ഹാജരായില്ല. ഒന്നാം സാക്ഷിയെ ഇന്ന് (വ്യാഴാഴ്ച) രാവിലെ 11 മണിക്ക് ഹാജരാക്കാൻ അന്വേഷണ സംഘത്തിന് കോടതി നിർദ്ദേശം നൽകി. ഒന്നാം സാക്ഷിയെ മൊഴി മാറ്റാൻ വധഭീഷണി മുഴക്കി ഭീഷണിപ്പെടുത്തിയതിന് തിരുവല്ലം പൊലീസ് മെയ് 27 ന് കേസെടുത്ത് അറസ്റ്റ് ചെയ്തു.

തിരുവല്ലം തിന വിള പുത്തൻ വീട്ടിൽ ജയപാലനെ (54) യാണ് തിരുവല്ലം പൊലീസ് പിടികൂടിയത്. ഇയാൾ പ്രതികളുടെ ബന്ധുവാണ്. പ്രദീപിന്റെ സുഹൃത്തുക്കളോട് ജൂൺ 1 ന് കേസ് വിളിക്കുമെന്നും പ്രതികളായവർക്കെതിരെ പൊലീസ് കുറ്റം കെട്ടിച്ചമച്ചതാണെന്ന് പറയണമെന്നും അല്ലാത്തപക്ഷം പ്രതികൾക്ക് ശിക്ഷ ലഭിച്ചാൽ സാക്ഷിയെ കൊല്ലുമെന്നും നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടുത്തിയെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

2018 മാർച്ച് 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലാത്വിയൻ യുവതി ലിഗയെ കഞ്ചാവ് ബീഡി (വൈറ്റ് ബീഡി) നൽകാമെന്ന് പ്രലോഭിപ്പിച്ച് കോവളം വാഴമുട്ടം ചെന്തിലാക്കരി കുറ്റിക്കാട്ടിൽ വഞ്ചിയിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ദാരുണമായി കൊലപ്പെടുത്തുകയായിരുന്നു. കൊലക്ക് ശേഷം പ്രതികൾ കാട്ടുവള്ളി കഴുത്തിൽ കുടുക്കി കെട്ടി തൂക്കി ആത്മഹത്യയാക്കി മാറ്റി സ്ഥലത്ത് നിന്നും മുങ്ങിയെന്നാണ് പ്രോസിക്യൂഷൻ കേസ്.

കോവളത്തെ ഒരു സ്ഥാപനത്തിൽ കെയർ ടെയ്ക്കർ ജോലിയുള്ള തിരുവല്ലം വെള്ളാർ വടക്കേ കൂനം തുരുത്തി വീട്ടിൽ ഉമേഷ് ( 28 ) , ഇയാളുടെ ബന്ധുവും സുഹൃത്തുമായ ടൂറിസ്റ്റ് ഗൈഡ് ഉദയകുമാർ ( 24 ) എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. ലിഗയുടെ ശരീരത്തിൽ കാണപ്പെട്ട കോട്ടിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും മറ്റു സാഹചര്യത്തെളിവുകളുമാണ് പ്രതികളിലേക്ക് അന്വേഷണം ചെന്നെത്തിയത്. പോത്തൻകോട് ആയുർവ്വേദ കേന്ദ്രത്തിൽ മാനസിക ചികിത്സക്കായെത്തിയ ലിഗ ആശ്രമ അധികൃതരുടെ കണ്ണു വെട്ടിച്ച് ബസ്സിൽ കയറി കോവളം തീരത്തെത്തുകയായിരുന്നു.

പ്രതികൾ ടൂറിസ്റ്റ് ഗൈഡുകളാണെന്ന് പരിചയപ്പെടുത്തി ലിഗയെ സമീപിക്കുകയായിരുന്നു. ടൂറിസ്റ്റ് കേന്ദ്രങ്ങൾ കാണിച്ചു തരാമെന്നും വൈറ്റ് ബീഡി ( കഞ്ചാവ് ) നൽകാമെന്നും വിശ്വസിപ്പിച്ച് മോട്ടോർ ഘടിപ്പിച്ച വഞ്ചിയിൽ കയറ്റി സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്ന ആളൊഴിഞ്ഞ കുറ്റിക്കാട്ടിൽ എത്തിക്കുകയായിരുന്നു. കഞ്ചാവ് ബീഡി നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു.

സ്ഥലത്തെ ക്രിമിനലുകളായ പ്രതികളെ ഭയന്ന് സ്ഥലവാസികൾ ആദ്യം മൊഴി നൽകാൻ തയ്യാറായിരുന്നില്ല. അതേ സമയം സഹോദരിയെ കാണാനില്ലെന്ന പരാതിയുമായി ചെന്ന ലിഗയുടെ സഹോദരിയെ തിരുവല്ലം പൊലീസ് പരിഹസിച്ച് മടക്കി അയച്ചു. ഉടൻ അന്വേഷിച്ചിരുന്നെങ്കിൽ ലിഗയെ ജീവനോടെയെങ്കിലും ലഭിക്കുമായിരുന്നു. അന്താരാഷ്ട്ര തലത്തിൽ ഹൈക്കമ്മീഷനും എംബസിയും ഉന്നത തലത്തിൽ ഇടപെട്ടതോടെയാണ് പരാതിക്ക് മേൽ കിടന്നുറങ്ങിയ തിരുവല്ലം പൊലീസിന് അനക്കം വച്ചത്.

ഒടുവിൽ ദിവസങ്ങൾ പഴകി കഴുത്തു വേർപെട്ട് കാട്ടു വള്ളി പടർപ്പിൽ ഉടൽ വേർപെട്ട് അഴുകിയ നിലയിലുള്ള ലിഗയുടെ ഭൗതിക ശരീരമാണ് പൊലീസ് കണ്ടെടുത്തത്. അനാശാസ്യം , ചീട്ടുകളി തുടങ്ങിയ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്ന സ്റ്റേഷനതിർത്തിക്കകമായ കുറ്റിക്കാടിനെപ്പറ്റിയും പ്രതികളുടെ നടത്തയെക്കുറിച്ചും കൃത്യമായി അറിയാവുന്ന തിരുവല്ലം പൊലീസ് ഉറക്കം നടിച്ചതാണ് വിദേശ വനിതയെ കണ്ടെത്താൻ വൈകിയത്. സ്റ്റേഷനതിർത്തിക്കകം ലിഗ ഉണ്ടായിട്ടും അന്വേഷിക്കാൻ മെനക്കെടാതെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനാന്ന് പൊലീസ് ധൃതി കാട്ടിയതെന്ന ആക്ഷേപവും ഉയർന്നിരുന്നു.

ലിഗയുടെ കൊലക്ക് ശേഷമാണ് ഉമേഷിനെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ പോക്‌സോ കോടതിയിൽ കോവളം പൊലീസ് കുറ്റപത്രം സമർപ്പിക്കാൻ തയ്യാറായത്. ഇതിൽ നിന്നു തന്നെ പ്രതികൾക്ക് പൊലീസിലുള്ള സ്വാധീനം വെളിവാകുന്നതാണ്. ആ കേസിൽ ഉമേഷ് ഹാജരാകാൻ നെയ്യാറ്റിൻകര പോക്‌സോ കോടതി ഉത്തരവിട്ടു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 366 , 376 എന്നിവയും പോക്‌സോ നിയമത്തിലെ 3 , 4 , 5 (1) , 6 എന്നീ വകുപ്പുകളും ചുമത്തിയാണ് കോവളം പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP