Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തൃക്കാക്കര ഉപതെരെഞ്ഞടുപ്പിൽ വിജയം ഉറപ്പെന്ന് സിപിഎം; 4000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് സി എൻ മോഹനൻ; ഭൂരിപക്ഷം കുറയുമെങ്കിലും ഉമ തോമസ് വിജയിക്കമെന്ന് ഡൊമിനിക് പ്രസന്റേഷനും; മുഖ്യമന്ത്രിയും മന്ത്രിമാരും വന്നുള്ള ഇളക്കി മറിക്കലിൽ കുറച്ചു വോട്ടു പോയേക്കുമെന്ന് യുഡിഎഫ്

തൃക്കാക്കര ഉപതെരെഞ്ഞടുപ്പിൽ വിജയം ഉറപ്പെന്ന് സിപിഎം; 4000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് സി എൻ മോഹനൻ; ഭൂരിപക്ഷം കുറയുമെങ്കിലും ഉമ തോമസ് വിജയിക്കമെന്ന് ഡൊമിനിക് പ്രസന്റേഷനും; മുഖ്യമന്ത്രിയും മന്ത്രിമാരും വന്നുള്ള ഇളക്കി മറിക്കലിൽ കുറച്ചു വോട്ടു പോയേക്കുമെന്ന് യുഡിഎഫ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പു ഫലം പുറത്തുവരാനിരിക്കെ അട്ടിമറി പ്രതീക്ഷിക്കാമെന്ന് സൂചനയുമായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് വിജയിക്കുമെന്ന ആത്മവിശ്വാസമാണ് എൽഡിഎഫ് പ്രകടിപ്പിക്കുന്നത്. 4000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് സി എൻ മോഹനൻ അവകാശപ്പെട്ടു. കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ എൽഡിഎഫിന് നേട്ടമുണ്ടാകും. നഗരസഭയിലും ലീഡ് കൂടും. പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷം ലഭിക്കുമെന്ന യുഡിഎഫിന്റെ കണക്ക് പൊട്ടത്തരമെന്ന് സി എൻ മോഹനൻ പറഞ്ഞു.

'പഴുതടച്ച സംഘടനാ പ്രവർത്തനമാണ് ഞങ്ങൾ ചെയ്തത്. സാധാരണ വോട്ടുചെയ്തവരുടെ പുനപരിശോധന ഞങ്ങൾ നടത്തും, അതിൽ വ്യക്തമായത് എൽഡിഎഫ് 4000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ്. പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷം ലഭിക്കുമെന്ന യുഡിഎഫിന്റെ കണക്ക് പൊട്ടത്തരമാണ്. മണ്ഡലത്തിന്റെ സവിശേഷത വച്ചുകൊണ്ട് കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ എൽ ഡി എഫിന് നേട്ടമുണ്ടാകും. നഗരസഭയിലും ലീഡ് കൂടും'- സി എൻ മോഹനൻ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

അതേസമയം തൃക്കാക്കര തെരെഞ്ഞെടുപ്പ് ഫലം പ്രതിപക്ഷ നേതാവിന്റെ ധാർഷ്ട്യത്തിനുള്ള മറുപടിയായിരിക്കുമെന്ന് മുൻ ഡിസിസി സെക്രട്ടറി എംബി മുരളീധരൻ പ്രതികരിച്ചു. കോൺഗ്രസിനോടുള്ള അതൃപ്തിയും അസ്വാരസ്യവും തെരെഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും മുൻ കോൺഗ്രസ് നേതാവ് എംബി മുരളീധരൻ വ്യക്തമാക്കി.

അതേസമയം തൃക്കാക്കരയിൽ ഭൂരിപക്ഷം കുറയുമെന്ന് തുറന്ന് പറഞ്ഞ് യുഡിഎഫും രംഗത്തെത്തി. എന്നാൽ ഉമ തന്നെ വിജയിക്കുമെന്നാണ് യുഡിഎഫ് നേതക്കൾ പറയുന്നത്. പ്രതിസന്ധിയുണ്ടെങ്കിലും യുഡിഎഫ് തന്നെ വിജയിക്കുമെന്നും യുഡിഎഫ് ജില്ലാ കൺവീനർ ഡൊമനിക് പ്രസന്റേഷൻ പറഞ്ഞു. യുഡിഎഫ് ശക്തി കേന്ദ്രങ്ങളിൽ പോളിങ് കുറഞ്ഞുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഭൂരിപക്ഷം കുറയുമെന്ന ഡൊമനിക് പ്രസന്റേഷന്റെ പ്രതികരണം.

'ഈ തിരഞ്ഞെടുപ്പ് കൊണ്ട് സർക്കാർ മാറുന്നില്ല. മറ്റു രാഷ്ട്രീയ മാറ്റങ്ങളൊന്നും ഉണ്ടാകുന്നില്ല എന്നത്കൊണ്ട് പലർക്കും വോട്ട് ചെയ്യാൻ താത്പര്യ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണ ട്വന്റി ട്വന്റിക്കും വിഫോറിനും പതിനായിരത്തോളം വോട്ടുകൾ ലഭിച്ചിട്ടുണ്ട്. അവരിൽ പലരും വോട്ട് ചെയ്യാൻ വന്നിട്ടില്ല' ഡൊമനിക് പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും വന്ന് ഒരു ഇളക്കൽ ഉണ്ടാക്കിയിട്ടുണ്ട്. അതിൽ കുറച്ചുവോട്ടുകൾ മറഞ്ഞാൽ പോലും 5000 മുതൽ എട്ടായിരം വോട്ടുകൾക്ക് മുകളിൽ യുഡിഎഫ് ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടപ്പള്ളി അടക്കം ആദ്യം എണ്ണുന്ന ബൂത്തുകളുടെ ഫലങ്ങൾ വച്ച് തന്നെ തൃക്കാക്കരയിൽ എന്തു സംഭവിക്കുമെന്നതിന്റെ ട്രെൻഡ് മനസ്സിലാക്കാനാകുമെന്നും യുഡിഎഫ് ജില്ലാ കൺവീനർ പറഞ്ഞു. 14329 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് 2021 പൊതുതിരഞ്ഞെടുപ്പിൽ പി.ടി.തോമസ് തൃക്കാക്കരയിൽ നിന്ന് ജയിച്ചത്. തൃക്കാക്കരയിൽ അന്തിമ കണക്ക് വന്നപ്പോൾ പോളിങ് 68.77 ശതമാനമാണ്. അപ്പോഴും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ 69.28 ശതമാനത്തിലേക്ക് എത്തിയില്ല.

1,96,805 വോട്ടർമാരിൽ 1,35,342 പേർ വോട്ടുചെയ്തു. പോളിങ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ താഴെ പോയത് ട്വന്റി 20 വോട്ടുകളിൽ ഒരു പങ്ക് ചെയ്യാതെ പോയതാണെന്ന വിലയിരുത്തലുമുണ്ട്. ട്വന്റി 20 സ്ഥാനാർത്ഥിയെ നിർത്താതെ മാറി നിന്നതിനാൽ കഴിഞ്ഞ തവണ അവർക്ക് വോട്ടുചെയ്ത ഒരു വിഭാഗം പോളിങ് സ്റ്റേഷനിലേക്ക് പോയില്ലെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. കഴിഞ്ഞ തവണ അരാഷ്ട്രീയ വാദികളായ ആളുകളുടെ പ്രതിഷേധ വോട്ടുകൾ ട്വന്റി 20-ക്ക് ലഭിച്ചിരുന്നു. ആ വോട്ടുകൾ ഇക്കുറി ബൂത്തിലേക്ക് എത്തിയില്ലെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.

കോർപ്പറേഷനിലെ യു.ഡി.എഫ്. കേന്ദ്രങ്ങളിൽ പോളിങ് കുറഞ്ഞു. അതേസമയം തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ പോളിങ് ഉയർന്നു. മണ്ഡലത്തിൽ ഏറ്റവും ഉയർന്ന പോളിങ് തൃക്കാക്കര, കൊല്ലംകുടിമുകൾ, ചളിക്കവട്ടം ബൂത്തുകളിലാണ്. കുറവ് പനമ്പിള്ളി നഗർ, ഇടപ്പള്ളി, കടവന്ത്ര ബൂത്തുകളിലും. യു.ഡി.എഫിന് ശക്തി കൂടുതലുള്ള നഗര ബൂത്തുകളിലാണ് പോളിങ് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പി.ടി. തോമസിന് ഏറെ തുണയായത് ഈ ബൂത്തുകളിലെ മുന്നേറ്റമായിരുന്നു. അതേസമയം നഗരത്തിലെ സിപിഎം. ശക്തികേന്ദ്രമായ ചളിക്കവട്ടം, വൈറ്റില, വെണ്ണല ഭാഗങ്ങളിലെ പോളിങ് ഉയർന്നിട്ടുമുണ്ട്. ഇത് സിപിഎമ്മിന്റെ ആത്മവിശ്വാസം ഉയർത്തുന്നുണ്ട്.

എന്നാൽ, നഗരത്തിലെ പോളിങ് കുറഞ്ഞ ബൂത്തുകളിൽ കോൺഗ്രസ് വോട്ടുകൾ വന്നിട്ടുണ്ടെന്നും സ്ഥലത്തില്ലാത്ത വോട്ടുകളാണ് പോളിങ് കുറയാൻ കാരണമെന്നും യു.ഡി.എഫ്. നേതാക്കൾ പറയുന്നു. തൃക്കാക്കര ഭാരതമാതാ കോളേജിലെ 112-ാം നമ്പർ ബൂത്തിലാണ് കൂടിയ പോളിങ്. ഇവിടെ ആകെയുള്ള 1338 വോട്ടർമാരിൽ 1021 പേർ വോട്ടുെചയ്തു. കോർപ്പറേഷൻ പരിധിയിലുള്ള ചളിക്കവട്ടം 41-ാം നമ്പർ ബൂത്തിൽ 1269 വോട്ടർമാരിൽ 996 വോട്ടർമാരും കാക്കനാട് കൊല്ലംകുടിമുകളിലെ 145-ാം നമ്പർ ബൂത്തിൽ 1249 വോട്ടർമാരിൽ 959 വോട്ടർമാരുമാണ് വോട്ട് ചെയ്തത്. കോർപ്പറേഷൻ പരിധിയിലുള്ള പനമ്പിള്ളി നഗർ 108-ാം നമ്പർ ബൂത്തിലാണ് ഏറ്റവും കുറവ് വോട്ടിങ് നടന്നത്. ആകെയുള്ള 626 വോട്ടർമാരിൽ 332 പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. ഇടപ്പള്ളി ഗവ. ഹൈസ്‌കൂളിലെ 17-ാം നമ്പർ ബൂത്തിൽ ആകെയുള്ള 621 വോട്ടർമാരിൽ 334 പേരും കടവന്ത്ര 92-ാം മ്പർ ബൂത്തിൽ ആകെയുള്ള 627 വോട്ടർമാരിൽ 334 പേരുമാണ് വോട്ട് രേഖപ്പെടുത്തിയത്.

നാളെ രാവിലെ എട്ട് മണിക്ക് എറണാകുളം മഹാരാജാസ് കോളജിലെ കൗണ്ടിങ് സെന്ററിൽ വോട്ടെണ്ണൽ തുടങ്ങും. എട്ടര മണിയോടെ ആദ്യ സൂചനകളും പന്ത്രണ്ട് മണിയോടെ അന്തിമഫലവും എത്തും. വൻ ജയപ്രതീക്ഷയിലാണ് മൂന്ന് മുന്നണികളിലെയും സ്ഥാനാർത്ഥികൾ. 239 ബൂത്തുകളിലായി 1,35,342 വോട്ടർമാർ രേഖപ്പെടുത്തിയ വോട്ടുകൾ എണ്ണിത്തീരുമ്പോൾ തൃക്കാക്കരയുടെ പുതിയ എംഎൽഎ ആരെന്ന് തെളിയും. എട്ട് മണിയോടെ സ്‌ട്രോങ് റൂം തുറക്കും. ആദ്യം എണ്ണുക പോസ്റ്റൽ ബാലറ്റുകളും സർവീസ് ബാലറ്റുകളും. പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ എണ്ണി തുടങ്ങും. ഒരു റൗണ്ടിൽ 21 വോട്ടിങ് മെഷീനുകൾ എണ്ണി തീർക്കും. അങ്ങിനെ പതിനൊന്ന് റൗണ്ടുകൾ പൂർത്തിയാകുന്നതോടെ ചിത്രം വ്യക്തമാകും തെളിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP